Read Time:12 Minute

കോവിഡ്കാലമല്ലേ? വായിക്കാനും ചിന്തിക്കാനും സമയമുണ്ട്. അങ്ങനെ വായിച്ചും ചിന്തിച്ചുമിരുന്നപ്പോൾ ഓർമയിലേക്ക് ഓടിവന്നു, ഫുള്ളര്‍. റിച്ചാർഡ് ബക്ക് മിന്‍സ്റ്റർ ഫുള്ളർ (Richard Buckminster Fuller). അദ്ദേഹം നമ്മുടെ ഭൂമിയെപ്പറ്റി, നമ്മുടെ ഭാവിയെപ്പറ്റിയും, ചിന്തിച്ച് എഴുതിയിരിക്കുന്ന ഗംഭീരമായ ഒരു ഗ്രന്ഥമുണ്ട്. ഓപ്പറേറ്റിങ് മാന്യുവല്‍ ഫോർ സ്പേസ്ഷിപ്പ് എര്‍ത്ത് (Operating Manual For Spaceship Earth). ആ പ്രതിഭാശാലി ആ മൗലികമായ രചനയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിന്തകളുടെ പുനർവായന ഇന്ന്, ഈ കോവിഡ് കാലത്ത്, ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു.

യുഎസ്എയില്‍ മസാച്യുസെറ്റ്സില്‍ 1895 ലാണ് ഫുള്ളർ ജനിച്ചത്. ആർക്കിടെക്റ്റ്, ഡിസൈനർ, ചിന്തകൻ, എഴുത്തുകാരൻ തുടങ്ങിയ അനേകം വിശേഷണങ്ങൾ നൽകാം ഫുള്ളറിന്. മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. ഗോളാകൃതിയിലുള്ള ജിയോഡെസിക് ഡോമുകൾ (Geodesicdomes) ആണ് ഫുള്ളറുടെ ഏറ്റവും പ്രശസ്തമായ ഒരു ഡിസൈൻ. മിലിറ്ററി റഡാര്‍ സ്റ്റേഷനുകൾ, താമസസ്ഥലങ്ങൾ, പ്രദർശന ഹാളുകൾ തുടങ്ങിയവ ഈ ഡിസൈനിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിസൗഹൃദ താമസസ്ഥലങ്ങൾ ഡിസൈൻ ചെയ്യുന്നതിലും ഫുള്ളർ വിദഗ്ധനായിരുന്നു.


ഒരു ഫ്യൂച്ചറിസ്റ്റായ അദ്ദേഹം 1970ല്‍ പ്രസിദ്ധീകരിച്ച ഓപ്പറേറ്റിങ് മാന്യുവല്‍ ഫോർ സ്പേസ്ഷിപ്പ് എര്‍ത്തിലെ ആശയങ്ങൾക്ക് ഇന്നാണ് കൂടുതൽ പ്രസക്തി. എന്താണ് ഫുള്ളറിന്റെ പ്രധാന ആശയങ്ങൾ? ഭൂമി ഒരു സ്പേസ്ഷിപ്പാണ്. അസാധാരണമായ ഭാവനയോടെ, കൃത്യതയോടെ ആണ് ആ കപ്പൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ഭാഗത്തും, ഒരു കാര്യത്തിലും, ഒരു പോരായ്മപോലുമില്ലാത്ത ഡിസൈൻ. ആ കപ്പല്‍ ഒരു അടഞ്ഞ കപ്പലാണ്. ക്ലോസ്ഡ് സിസ്റ്റം. പുറത്തു നിന്നും ഉള്ളിലേക്ക് വളരെ കുറച്ചു കാര്യങ്ങളേ എത്തുന്നുള്ളൂ. സൂര്യപ്രകാശമാണ് അങ്ങനെ എത്തുന്ന ഒരു വിഭവം. അതായത്, സോളാർ എനർജി. അങ്ങനെ അപൂർവ്വം ചിലതൊഴിച്ചാല്‍ മറ്റൊന്നും കപ്പലിലേക്ക് പുറത്തു നിന്നും കിട്ടുകയില്ല.

സിസ്റ്റം അടഞ്ഞതായതിനാൽ അതിലെ വിഭവങ്ങൾക്ക് പരിമിതിയുണ്ട്. പക്ഷേ കുറെ വിഭവങ്ങൾ ഉണ്ട് എന്നതിന് സംശയമില്ല. വായു, വെള്ളം, കരിങ്കല്ല്, മണ്ണ്, കൽക്കരി, പെട്രോളിയം, വിവിധതരം ഖനിജങ്ങൾ തുടങ്ങി അനേകം. പക്ഷേ അവയൊന്നും കൂടുന്നില്ല. പുതുക്കപ്പെടുന്നില്ല. ഭൂമിയിലെ കരിങ്കല്ല് തീർന്നാല്‍ തീർന്നു. പിന്നെ അത് ഒരിടത്തു നിന്നും ലഭിക്കില്ല. അത് പുതുക്കപ്പെടുകയില്ല. സൗരോർജ്ജം പക്ഷേ പുതുക്കപ്പെടും. നിരന്തരം ലഭിക്കും. എന്നാൽ സ്വർണമോ വെള്ളിയോ കല്‍ക്കരിയോ പെട്രോളിയമോ ഒന്നും പുതുക്കപ്പെടുന്നില്ല.

കപ്പലിന്റെ മാസ്റ്റർ ഡിസൈനർ എല്ലാം മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്. സൗരോർജം പുറത്തു നിന്നും ലഭിക്കുന്നു. പ്രകാശസംശ്ലേഷണം വഴി അത് ശേഖരിക്കപ്പെടുന്നു. പ്രകാശസംശ്ലേഷണം വഴി ഉണ്ടാകുന്ന പഞ്ചസാരയും സ്റ്റാര്‍ച്ചും മറ്റും ജീവികള്‍ക്കുള്ള ഭക്ഷണപദാർത്ഥങ്ങളായി മാറുന്നു. സൂര്യനിൽ നിന്നും വരുന്ന പ്രകാശത്തെ അരിച്ചു മാറ്റാന്‍ അരിപ്പ വരെ തയ്യാറാക്കി വെച്ചിട്ടുണ്ട് (ഓസോൺപാളി). മാരകമായ റേഡിയേഷനുകൾ അങ്ങനെ മാറ്റപ്പെടുന്നു. ബാക്കിമാത്രം കപ്പലിലേയ്ക്ക് എത്തുന്നു. അങ്ങനെ ജീവജാലത്തിന് കപ്പലിൽ ജീവിക്കാനാകുന്നു.

ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ! പക്ഷേ ഇത്ര ഗംഭീരമായി കുറ്റമറ്റ രീതിയിൽ തയാറാക്കി വച്ചിരിക്കുന്ന ഈ കപ്പലിന്റെ ഓപ്പറേഷൻ മാന്യുവൽ കപ്പലില്‍ ഇരിപ്പില്ല. വച്ചിട്ടില്ല. അതൊരു പ്രശ്നമാണ്. വെല്ലുവിളിയാണ്. അത് വെക്കാത്തത് മനപ്പൂര്‍വ്വം ആണോ? കപ്പലിലെ വിശേഷബുദ്ധിയുള്ള യാത്രക്കാരായ മനുഷ്യർ അത് കണ്ടെത്തട്ടെ എന്നാണോ? കണ്ടെത്തി, കപ്പലിനെ സംരക്ഷിക്കേണ്ട ചുമതല മനുഷ്യരിലായിരിക്കുന്നു!

ഇപ്പോൾ കപ്പല്‍ എവിടെയാണ്? അഥവാ കപ്പലിന്റെ അവസ്ഥയെന്താണ്? മുട്ടയിൽ നിന്ന് പുറത്തുവന്ന പക്ഷിക്കുഞ്ഞിന്റെ അവസ്ഥയാണെന്നാണ് ഫുള്ളർ പറയുന്നത്. മുട്ടയിലായിരുന്നപ്പോൾ ഒന്നും അറിയേണ്ടതില്ലായിരുന്നു. എന്താ കാരണം? വേണ്ടതൊക്കെ മുട്ടയില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാലിന്നോ? ‘പക്ഷിക്കുഞ്ഞിന്’ പറക്കമുറ്റി. താനേ പറക്കണം. ജീവിക്കാനുള്ളതൊക്കെ സ്വയം കണ്ടെത്തണം. കപ്പലില്‍ ജീവിതം ആരംഭിച്ച കാലത്ത് മനുഷ്യന്റെ അവസ്ഥ മുട്ടയിലെ കുഞ്ഞിന്റേതുപോലെ ആയിരുന്നു എന്ന്. വിഭവങ്ങൾ ഏറെ. ആവശ്യം കുറവും. അതിനാൽ വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും ജീവിക്കാനായി. എന്നാൽ ഇനി അത് നടപ്പില്ല. വിഭവശോഷണത്തിന്റെ വേഗത അവിശ്വസനീയമാംവണ്ണം വലുതായിരിക്കുന്നു. വിഭവങ്ങളിൽ ചിലതൊക്കെ ഉടൻതന്നെ പൂർണമായും അപ്രത്യക്ഷമാകാൻ പോകുന്നു. കപ്പലിന്റെ കാര്യം കഷ്ടത്തിലാകുമോ?

ഫുള്ളറിന്റെ ചിന്തകളെപ്പറ്റി ഒന്നു സൂചിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. നമ്മുടെ ഈ കുഞ്ഞു കപ്പലിൽ നാം മാത്രമല്ലല്ലോ യാത്രക്കാർ. നാം ഇവിടെ ഉണ്ടാകും മുൻപ് തന്നെ ഇവിടെ യാത്രക്കാരായവരാണ് മറ്റുള്ളവരെല്ലാം. കൊറോണക്കുടുംബക്കാര്‍ ഉള്‍പ്പെടെ. മൈക്രോബുകള്‍ ‘മൈക്രോസ്കോപ്പിക്’ ആകാം. അത്ര ചെറിയവ. സ്വന്തമായി ഒരു കോശം പോലുമില്ലാത്തവയാണ് വൈറസുകൾ. അങ്ങനെയുള്ള കൊറോണവൈറസുകൾ വന്നാണ് ഈ കപ്പലിലെ ഭരണക്കാരായ മനുഷ്യരെ വിറപ്പിച്ചിരിക്കുന്നത്. മറ്റു ജീവികൾക്കൊന്നും കൊറോണപ്പേടിയില്ല. മനുഷ്യനോ? സൂപ്പർകമ്പ്യൂട്ടറുകളും മിസൈലുകളും നൂറുകണക്കിന് ‘ആപ്പു’കളും ‘പാര’കളും ഒക്കെ പിടിച്ചു കൊണ്ട് അമേരിക്കക്കാരനും ചൈനാക്കാരനും മുതൽ ഇന്ത്യക്കാരൻ വരെ നിന്ന് വിറയ്ക്കുന്നു. അനേകർ മരിച്ചു വീഴുന്നു. ഷെയർ പ്രൈസുകൾ തല കുത്തുന്നു. ജഗജാലവീരന്മാർ വരെ പേടിച്ചു വീട്ടിലിരിക്കാൻ തയ്യാറായിരിക്കുന്നു. ഇത്തിരിപ്പോരമുള്ള, കണ്ണുകൊണ്ട് കാണാൻ വയ്യാത്ത, മൈക്രോബുകളായ കൊറോണകളെ പേടിച്ച് മനുഷ്യരെല്ലാം മാസ്ക് ധരിക്കാന്‍ തയ്യാറായിരിക്കുന്നു.

ഇങ്ങനെയൊരു ഭീകരാവസ്ഥ ഈ ഭൂമിക്കപ്പലില്‍ ഉണ്ടാകുമെന്ന് ഫ്യൂച്ചറിസ്റ്റായ ഫുള്ളർ പോലും പ്രവചിച്ചിരുന്നില്ല. മനുഷ്യന്റെ ശക്തി ഇത്രയേ ഉള്ളൂ എന്ന് മൈക്രോബുകൾ കാണിച്ചു തന്നിരിക്കുകയാണ്. അതാകുന്നു കൊറോണക്കാലത്തിന്റെ സവിശേഷത. കൂടുതൽ കളിച്ചാൽ കപ്പലിൽ നിങ്ങൾ ഇല്ലാതാകും എന്ന് വൈറസുകൾ കാണിച്ചു തന്നിരിക്കുന്നു.

ഇതല്ലേ വിവേകം ആര്‍ജ്ജിക്കേണ്ട സമയം? സ്വര്‍ണം വാങ്ങി ലോക്കറില്‍ സൂക്ഷിച്ചാലൊന്നും ഫലമില്ല. ജീവൻ പോയാൽ പിന്നെ സ്വർണ്ണവും ഇരുമ്പുമൊക്കെ ഒരു പോലെയാണ്! പക്ഷേ മനുഷ്യരെന്ന ജന്തുക്കൾ കൊറോണക്കാലത്ത് ലോകമെങ്ങും സ്വർണം വാങ്ങി കൂട്ടുകയായിരുന്നു. കണ്ടില്ലേ സ്വർണ്ണത്തിന്റെ വില വാണം പോലെ ഉയരുന്നത്. സ്വര്‍ണം കുഴച്ചെടുക്കലാണ് ഭൂമിയുടെ മുഖത്ത് ഭീകരമായ ഗർത്തങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും വൃത്തികെട്ട പണിയെന്ന് ആർക്കും ഓർമ്മയില്ല. കപ്പലിന്റെ അടിമാന്തലാണ് സ്വർണ നിർമ്മാണം എന്ന്. ഈ കൊറോണക്കാലത്ത് ലോകത്തെ മനുഷ്യരിൽ പോസിറ്റീവായ മാറ്റങ്ങൾ എന്തെങ്കിലുമൊക്കെ ഉണ്ടായോ? പഠിക്കേണ്ട വിഷയമാണത്. ജാതിചിന്ത കുറഞ്ഞോ? നവോത്ഥാനമൂല്യങ്ങൾ കൂടുതലായി സ്വാംശീകരിച്ചോ? രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിലുള്ള പോര് കുറഞ്ഞോ? സ്ത്രീപീഡനം ഇല്ലാതായോ? ശാസ്ത്രബോധം കൂടിയോ? ആയുധങ്ങളുടെ നിർമ്മാണവും വാങ്ങലും കുറയ്ക്കാൻ രാജ്യങ്ങൾ തയ്യാറായോ? എന്തൊരു കഷ്ടം! കൊറോണക്കാലത്ത് അതിര്‍ത്തിത്തര്‍ക്കങ്ങള്‍ വരെ ഉണ്ടായിരിക്കുന്നു.

ലോകത്തെ ഈ അടിയന്തരാവസ്ഥയിലെങ്കിലും ശാസ്ത്രബോധം പകരുന്ന വിവേകം പ്രദർശിപ്പിക്കണം. നാമെല്ലാം ഒരേ കപ്പലിലാണെന്ന ബോധം. അവിടെ വലിയവനും ചെറിയവനും ഇല്ല. മനുഷ്യനും മൈക്രോബും സമം സമം. ജീവികളെല്ലാം ഭൂമി എന്ന കപ്പലിലെ വെറും യാത്രക്കാർ. പരിണാമത്തിന്റെ പലഘട്ടങ്ങളിൽ ഈ കപ്പലിൽ രൂപപ്പെട്ടവർ. ദൗർഭാഗ്യവശാൽ മനുഷ്യനെന്ന, വിശേഷബുദ്ധിയുണ്ടെന്നു കരുതുന്ന, ജന്തുക്കളായിപ്പോയിരിക്കുന്നു ഈ കപ്പലിന്റെ ഭാവി നിശ്ചയിക്കുന്നവർ. അവിടെ ഞാനും നീയുമില്ല. ജാതിയും മതവും ദേശവും രാജ്യവും ഇല്ല. മാനുഷ്യരെല്ലാരുമൊന്നുപോലെ. മാവേലി നാടുവാണകാലത്തെപ്പോലെ. അതാണ് കൊറോണ വൈറസിന്റെ മനോഭാവം. ഏതു മനുഷ്യനെയും കയറിപ്പിടിക്കും! തികഞ്ഞ സമത്വം.

അതെ; അങ്ങനെയുള്ള ഭീഷണി നിലനിൽക്കുന്ന ഈ ഘട്ടത്തിൽ ഭൂമിക്കപ്പലിനെ നിലനിര്‍ത്താന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. അതാണ് ഫുള്ളറിന്റെ ചിന്തയുടെയും പ്രസക്തി. ശാസ്ത്രബോധം നൽകേണ്ട വിവേകപൂർണ്ണമായ ചിന്ത. മനോഭാവം. അതിന് നമുക്ക് അല്പം കൂടി നന്നാകാം. നന്നാകാനുണ്ട്. നന്നാകേണ്ടേ?
അനന്തമായ സ്പേസിലൂടെ അലസം സഞ്ചരിക്കുന്ന ഈ ഭൂമി എന്ന കപ്പലിലെ പ്രിയപ്പെട്ട യാത്രക്കാരേ സംഘടിക്കുവിന്‍! നിങ്ങൾക്ക് നഷ്ടപ്പെടാനുള്ളത്, നിങ്ങൾ നഷ്ടപ്പെടുത്തേണ്ടത്, സങ്കുചിതത്വം. നേടേണ്ടത് ഒരു സ്വർഗ്ഗരാജ്യം. ഈ ഭൂമിക്കപ്പലില്‍ത്തന്നെ ഒരു സ്വർഗ്ഗം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഭൂമി എന്ന സ്പേസ്ഷിപ്പ്

  1. Many thanks Sir. All stories very educative and all the thrilling effects in it make it a full entertainment reading very worthy.

Leave a Reply

Previous post പ്രീസ്കൂൾ – ഔപചാരിക ഘടനയുടെ ഭാഗമാകുമ്പോൾ
Next post അന്നാ മാണി- ഇന്ത്യന്‍ കാലാവസ്ഥാ ശാസ്ത്രത്തിലെ മുന്നണി പോരാളി
Close