Read Time:40 Minute

ടി ഗംഗാധരൻ 

മിസ്.അന്ന മോടയിൽ മാണിയുടെ ജന്മശതാബ്ദി വർഷമായിരുന്നു 2018. ഇന്ത്യന്‍ കാലാവസ്ഥാ ഉപകരണശാസ്ത്രത്തിന്റെ മാതാവായി കണക്കാക്കപ്പെടുന്ന അവരുടെ ജന്മശതാബ്ദി, ജന്മനാടായ കേരളത്തിൽ പോലും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കപ്പെട്ടോ  എന്ന കാര്യത്തിൽ സംശയമുണ്ട്.

അന്നാ മാണിയെ എപ്പോഴും പ്രശസ്ത ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞരില്‍ ഒരാളായി കണക്കാക്കാറുണ്ട്. എന്നാല്‍ ഈ യോഗ്യത ശ്രീമതി മാണിക്ക് പോലും സ്വീകാര്യമാവുമോ എന്ന്  സംശയമാണ്. കാരണം, ശാസ്ത്രത്തിൽ ലിംഗഭേദത്തിന് എന്തെങ്കിലും പങ്കുണ്ടെന്ന് അവര്‍ വിശ്വസിച്ചില്ല.

വ്യക്തി

1918 ഓഗസ്റ്റ് 23 ന് പഴയ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ഇടുക്കി ജില്ലയിലെ പിരുമേട്ടിലാണ് മിസ് അന്ന മാണി ജനിച്ചത്. തിരുവിതാംകൂർ സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ അറിയപ്പെടുന്ന സിവിൽ എഞ്ചിനീയറായിരുന്ന എം പി മാണിയുടെയും സ്‌കൂൾ അധ്യാപികയായിരുന്ന ശ്രീമതി.അന്നമ്മ മാണിയുടെയും എട്ട് കുട്ടികളിൽ ഏഴാമത്തെ ആളായിരുന്നു അവർ.

മാണി കുടുംബത്തിന്റെ ആസ്ഥാനം  ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍പെട്ട നെടുങ്ങാടപ്പള്ളി യിലാണെങ്കിലും പീരുമേടിനടുത്ത് ശ്രീ മാണിയുടെ ഉടമസ്ഥതയിലുള്ള ഏലവനം എസ്റ്റേറ്റിലെ അവരുടെ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു അന്ന ജനിച്ചത്.

കുട്ടിക്കാലം മുതൽ നല്ലൊരു വായനക്കാരിയായിരുന്നു അവൾ. വിലയേറിയ മറ്റു സമ്മാനങ്ങളേക്കാളും പുസ്തകങ്ങളെയും വിജ്ഞാനകോശങ്ങളെയും അവൾ ഇഷ്ടപ്പെട്ടു.

പ്രൈമറി സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ അടുത്തുള്ള മല്ലപ്പള്ളി വെസ്റ്റ് വൈ.എം.സി‌.എ ലൈബ്രറിയില്‍ ലഭ്യമായ എല്ലാ പുസ്തകങ്ങളും അവൾ വായിച്ചു കഴിഞ്ഞിരുന്നു. ശ്രീ. മാണിയുടെ അജ്ഞേയവാദസമീപനവും (Agnostic) യുക്തി യധിഷ്ടിതരീതികളും അന്നയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായിച്ചു.. ഗാന്ധിയൻ ആശയങ്ങളും അവരെ വളരെയധികം സ്വാധീനിച്ചു. ജീവിതത്തിലുടനീളം അന്ന ഖാദി വസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളു. ശാസ്ത്ര ഗവേഷണത്തിനായി ജീവിതം പൂർണ്ണമായും നീക്കിവച്ചിരുന്ന  അന്ന അവിവാഹിതയായി ക്കഴിഞ്ഞു.

തിരുവനന്തപുരത്തെ മഹാരാജാസ് സ്കൂൾ ഫോർ ഗേൾസ്, ആലുവയിലെ ക്രിസ്‌റ്റാവ മഹിലാളയം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു അന്നയുടെ  ഹൈസ്കൂള്‍വിദ്യാഭ്യാസം. മദ്രാസിൽ ആയിരുന്നു ഉന്നത വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം – വിമൻസ് ക്രിസ്ത്യൻ കോളേജിലും പ്രസിഡൻസി കോളേജിലും. പ്രസിഡൻസി കോളേജിൽനിന്ന് അവൾ ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും ബിഎസ്‌സി ഓണേഴ്സ് പാസ്സായി. തുടർന്ന് വിമൻസ് ക്രിസ്ത്യൻ കോളേജിൽ ഒരു വര്‍ഷം ഡമൊണ്‍സ്ട്രേറ്ററായി പ്രവർത്തിച്ചു.

1976 ൽ വിരമിച്ച ശേഷം  അന്ന മാണി ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (RRI)വിസിറ്റിംഗ് പ്രൊഫസർ ആയി ചേർന്നു മൂന്ന് വർഷം സേവനമനുഷ്ഠിച്ചു. സൗരവികിരണത്തിലും പവനോർജത്തിലും നടത്തിയ ഗവേഷണവേളയിൽ വർഷങ്ങളോളം രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ  സൗകര്യങ്ങൾ അവർ ഉപയോഗിച്ചിരുന്നു. ഈ രണ്ട് സർവേകളും നടത്തിയത് ബാംഗ്ലൂരിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ ഫീൽഡ് യൂണിറ്റിലാണ് .കാറ്റ്, സൗരവികിരണം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ നിര്‍മ്മിക്കുന്ന ബാംഗ്ലൂരിലെ ഒരു ചെറിയ സ്വകാര്യ സംരംഭത്തിന്റെ തലപ്പത്തും അവർ പ്രവര്‍ത്തിച്ചു. ഐ‌.എം‌.ഡി.യിൽ നിന്ന് വിരമിച്ച ശേഷം അവർ ബാംഗ്ലൂരിലെ കണ്ണിങ്ങാം റോഡിലെ റിട്രീറ്റ് അപ്പാർട്ട്‌മെന്റിലെ സ്വന്തം ഫ്ലാറ്റിൽ താമസിച്ചു വരവെ 1994 ൽ പക്ഷാഘാതം ഉണ്ടായി. തിരുവനന്തപുരത്തെ കുമാരപുരത്തും അന്ന മാണിക്ക് ഒരു വീടുണ്ടായിരുന്നു. സഹോദരി റെബേക്ക ചാണ്ടി (ചെല്ലമ്മ ചാണ്ടി), ഐ‌.എം‌.ഡി.യിലെ അവരുടെ സഹപ്രവർത്തകൻ ശ്രീ. ഉമ്മൻ ചാക്കോ എന്നിവർ അവിട്ടംറോഡ് റെസിഡൻഷ്യൽ അസോസിയേഷനിൽ അവരുടെ അയൽക്കാരായിരുന്നു.

പക്ഷാഘാതത്തിന് ശേഷം നടക്കാൻ പരസഹായം ആവശ്യമായതിനാൽ അവർ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാറി.  സഹോദരൻ കോര മാണിയും തിരുവനന്തപുരം പാളയത്ത് താമസിക്കുന്നുണ്ടായിരുന്നു. അവസാനത്തെ കുറച്ച് വർഷങ്ങൾ, മൂത്ത സഹോദരി ചെല്ലമ്മ ചാണ്ടിക്കൊപ്പം താമസിച്ചു. 2001 ഓഗസ്റ്റ് 16 ന് അന്ന മാണി അവരുടെ സഹോദരിയുടെ വസതിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചു. അവരുടെ ആഗ്രഹപ്രകാരം, ഒരു വിധത്തിലുള്ള മതാചാരങ്ങളുമില്ലാതെ മൃതദേഹം തിരുവനന്തപുരത്തെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കരിച്ചത്.

ശ്രീമതി അന്ന മണിയുടെ സഹപ്രവർത്തകർ അവരുടെ പ്രത്യേക സ്വഭാവരീതികളും മനോഭാവവും ഓർമ്മിച്ചെടുക്കുന്നത് ഇപ്രകാരമാണ്:

ഉറ്റ ചങ്ങാതിമാരെ കണ്ടുമുട്ടുമ്പോൾ സന്തോഷത്താൽ  പരിസരം മറന്നുള്ള അവരുടെ പൊട്ടിച്ചിരി പ്രശസ്തമായിരന്നു. ആളുകൾ കാര്യമില്ലാതെ സംസാരിക്കാന്‍ വരുന്നതിനെ അവര്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.അതിനാൽ തന്റെ ഓഫീസ് മുറിയിൽ അധിക കസേരകൾ സൂക്ഷിക്കുന്നത് അവർ സാധാരണയായി ഒഴിവാക്കിയിരുന്നു. ഗൗരവമുള്ള ചർച്ചകൾക്കായി  സന്ദർശകരുണ്ടാകുമ്പോഴെല്ലാം ചർച്ചാ മുറിയിലേക്ക് സന്ദര്‍ശനം മാറ്റുകയായിരുന്നു പതിവ്. ഒരു ടാസ്ക്ക് മാസ്റ്റർ എന്ന നിലയിൽ അവര്‍ പ്രശസ്തയായിരുന്നു. പണിയെടുത്താലൊന്നും മതിയാവാത്ത ശീലം. കീഴുദ്യോഗസ്ഥരുടെ കുടുംബകാര്യങ്ങൾ ജോലിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുമ്പോഴെല്ലാം, ‘കുടുംബം ഒരു ഭാരമാണ്’ എന്ന് അവർ പറയുമായിരുന്നു. എന്നാല്‍ സ്വന്തം വീട്ടിലെ സഹായികളായ സ്ത്രീകളോട് മനുഷ്യത്വത്തിലൂന്നിയാണ് എല്ലായ്പ്പോഴും സമീപിച്ചത്.മാന്യമായ ശമ്പള സ്കെയിൽ, വാർഷിക ഇൻക്രിമെന്റുകൾ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിൽ അവർ വളരെ ശ്രദ്ധാലുവായിരുന്നു.

ഒരുകാലത്ത്  അന്നാ മാണിയുടെ സഹപ്രവർത്തകനായിരുന്ന സി. രാധാകൃഷ്ണൻ എഴുതിയ ശാസ്ത്ര മലയാള നോവൽ ‘പുള്ളിപ്പുലിയും വെള്ളി നക്ഷത്രങ്ങളും’ ശാസ്ത്രജ്ഞ എന്ന നിലയില്‍ അന്നയുടെ പ്രത്യേകതകൾ വിവരിക്കുന്നുണ്ട്. നോവലിലെ നായക കഥാപാത്രമായ അപ്പു പറയുന്നു “ആ സ്ഥാപനത്തിന്റെ (IMD Instrumentation Division) ഡയറക്ടര്‍ ഒരു പെണ്‍കടുവയാണെന്ന് കേട്ടിട്ടുണ്ട്. സ്വന്തം  വിരല്‍ത്തുമ്പിലെ അനിഷേധ്യമായ ആജ്ഞാശക്തിയാൽ ഏതു പുരുഷ കേസരിയെയും അനായാസം നിയന്ത്രിക്കാൻ അവർക്ക് കഴിയുമത്രെ.

അവരെ സഹപ്രവർത്തകർ ഓർമ്മിച്ചെടുക്കുന്നു:

കർക്കശ ക്കാരിയായ ടീം ലീഡറും വിട്ടുവീഴ്ചയില്ലാത്ത ഗൈഡും. അവര്‍ കഴിവുറ്റ ഒരു നല്ല ഭരണാധികാരിയായിരുന്നു, കാര്യങ്ങള്‍ എങ്ങനെ നടത്തണമെന്ന് അവർക്ക് വ്യക്തമായി അറിയാം.

അന്നാമാണിയും സഹപ്രവര്‍ത്തകനും  – radiosonde എന്ന അന്തരീക്ഷമാപിനിയുമായി കടപ്പാട്  WMO

അവര്‍ തന്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന ഒരാളായിരുന്നു. ജോലി കഴിഞ്ഞാല്‍, പുസ്തകങ്ങൾ വായിക്കാനും സംഗീതം ആസ്വദിക്കാനുമാണ് അവര്‍ ഇഷ്ടപ്പെട്ടത്. ഫോട്ടോഗ്രാഫി, ട്രെക്കിംഗ്, പക്ഷിനിരീക്ഷണം എന്നിവയും അവരുടെ പ്രിയപ്പെട്ട ഹോബികളായിരുന്നു.

ശാസ്ത്രജ്ഞ

ഭൗതികശാസ്ത്ര വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയായി 1940 ൽ അന്ന മാണിക്ക് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IlSc) പ്രവേശനം ലഭിച്ചു. പ്രൊഫ. സി. വി. രാമന്റെ കീഴിൽ, വജ്രങ്ങളുടെയും റൂബിയുടെയും സ്പെക്ട്രം ഘടന, ഫ്ലൂറസെൻസിന്റെ മിറർ ഇമേജ് സമമിതി  എന്നിവയെക്കുറിച്ച് 1940-45 കാലഘട്ടത്തിൽ ഗവേഷണം നടത്തി. ഈ പഠനങ്ങളെ അടിസ്ഥാനമാക്കി, സ്വന്തമായി അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ, മദ്രാസ് യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി. തീസിസ് സമർപ്പിക്കുകയും ചെയ്തു. പക്ഷേ ശാസ്ത്രത്തിൽ പിജി ബിരുദം ഇല്ലാത്തതിന്റെ സാങ്കേതികത ചൂണ്ടിക്കാട്ടി പിഎച്ച്ഡി നൽകാൻ കൂട്ടാക്കിയില്ല. സർവകലാശാലാ അധികൃതരുടെ ലിംഗവിവേചന സമീപനത്തിനുദാഹരണമായി പലരും ഈ സംഭവത്തെ നിരീക്ഷിച്ചിട്ടുണ്ട് ( BSc. ഓണേഴ്സ് അടിസ്ഥാനത്തിൽ PhD നൽകുന്ന പതിവുണ്ടായിരുന്നുവത്രെ). പക്ഷേ, അന്ന ഒരിക്കലും ഈ വിഷയം പിന്നെ ഒരിക്കലും എവിടെയും ഉന്നയിച്ചിട്ടില്ല. അവരുടെ പിഎച്ച്ഡി തീസിസ് ഇപ്പോഴും ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു.

സി.വി.രാമനും അന്നാമാണിയും – കുട്ടികള്‍ക്കായി തയ്യാറാക്കിയ Annas-Extraordinary-Experiments-with-Weather പുസ്തകത്തില്‍ നിന്നും കടപ്പാട് : prathambooks.org

PhD നൽകിയില്ലെങ്കിലും IISc യിലെ ഗവേഷണ പ്രവർത്തനങ്ങൾ പരിഗണിച്ച് 1945 ൽ മദ്രാസ് യൂണിവേഴ്സിറ്റി അന്ന മാണിക്ക് ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനായി മൂന്ന് വർഷത്തെ  സ്‌കോളർ‌ഷിപ്പ് നൽകി. ലണ്ടനിലെ പ്രശസ്തമായ ഇംപീരിയൽ കോളേജിൽ ഭൗതികശാസ്ത്രം പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും ഭൗതികശാസ്ത്രത്തിന് സ്കോളർഷിപ്പ് ലഭ്യമല്ലാത്തതിനാൽ കാലാവസ്ഥാ ഉപകരണ ശാസ്ത്രം തിരഞ്ഞെടുക്കാൻ അവര്‍ നിർബന്ധിതയായി. അങ്ങനെ അവർ ഹാരോയിലെ കാലാവസ്ഥാ കാര്യാലയത്തിൽ ചേർന്നു. ഇംഗ്ലണ്ടിലെയും സ്കോട്ട്‌ലൻഡിലെയും എല്ലാ കാലാവസ്ഥാ കേന്ദ്രങ്ങളും സന്ദർശിക്കാൻ  അന്നയ്ക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു. ടെഡിംഗ്ടണിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ സ്റ്റാൻഡേർഡുകളും സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയും സംബന്ധിച്ച് അവര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം ലഭിച്ചു. മറ്റൊരു മൂന്നുമാസം, ഇംഗ്ലണ്ടിൽ കാലാവസ്ഥാ ഉപകരണങ്ങളുണ്ടാക്കുന്ന എല്ലാ പ്രധാന ഫാക്ടറികളും അവർ സന്ദർശിച്ചു. അങ്ങനെ, മൂന്നുവർഷം നീണ്ട ഇംഗ്ലണ്ടിലെ സംഭവബഹുലമായ ഉന്നത പഠനം അന്ന മാണിയുടെ ജീവിതത്തിലും തൊഴിൽ പരിശീലനത്തിലും ഒരു വഴിത്തിരിവായി. വീണ്ടും, 1959 ൽ, ഡിജിറ്റൽ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ സ്വന്തം അറിവ്  നവീകരിക്കാനും ശക്തിപ്പെടുത്താനും അവര്‍ക്ക് അവസരം ലഭിച്ചു. ‘പോയിന്റ് ഫോർ പ്രോഗ്രാം’ എന്ന പദ്ധതി പ്രകാരം ആറുമാസം അമേരിക്കയിൽ ചെലവഴിക്കാനും അവിടുത്തെ വിവിധ കാലാവസ്ഥാ കേന്ദ്രങ്ങൾ സന്ദർശിക്കാനും അമേരിക്കയിൽ വ്യാപകമായി യാത്രചെയ്യാനും സാധിച്ചു.

കുട്ടികള്‍ക്കായി തയ്യാറാക്കിയ Annas-Extraordinary-Experiments-with-Weather പുസ്തകത്തില്‍ നിന്നും കടപ്പാട് : prathambooks.org

കരിയർ

ഇംഗ്ലണ്ടിലെ ഉന്നത പഠനത്തിനുശേഷം, 1948 ൽ  അന്ന മാണി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയിലെ സ്വാതന്ത്ര്യാനന്തര അന്തരീക്ഷം ശാസ്ത്രീയ ഗവേഷണങ്ങളും ശാസ്ത്ര സ്ഥാപനങ്ങളുടെ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പരിഗണന നല്കപ്പെട്ട കാലമായിരുന്നു അത്. ഇൻസ്ട്രുമെന്റെെഷന്‍ വിഭാഗത്തിൽ മെറ്റീരിയോളജിസ്റ്റ് ഗ്രേഡ് -2 ആയി പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിൽ ചേർന്നു. ഇന്ത്യൻ കാലാവസ്ഥാ ഉപകരണശാസ്ത്ര രംഗത്തെ കുലപതിയും തുടക്കക്കാരനുമായിരുന്ന  എസ്.പി.വെങ്കടേശ്വരനായിരുന്നു അന്ന് ഈ വിഭാഗത്തിന്റെ തലവൻ. ഒരു മികച്ച ദേശീയവാദിയെന്ന നിലയിൽ കാലാവസ്ഥാ ഉപകരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്നതിനുള്ള ഒരു ബൃഹദ്പദ്ധതി അദ്ദേഹം ആവിഷ്കരിച്ചിരുന്നു. ഇതിനായി, വിവിധ കാലാവസ്ഥാ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഒരു സമ്പൂർണ്ണ ടൂൾ റൂം, വർക്ക് ഷോപ്പ് എന്നിവ അദ്ദേഹം സ്ഥാപിച്ചിരുന്നു. ഈ ഘട്ടത്തിലാണ്  അന്ന മാണി അവിടെ ചേർന്നത്.

നിലവിലുള്ള എല്ലാ കാലാവസ്ഥാ  ഉപകരണങ്ങളുടെയും രൂപകൽപ്പന പുന:പരിശോധിക്കുക എന്നതായിരുന്നു  അന്ന മാണിയുടെ ആദ്യ ദൗത്യം. പ്രധാനപ്പെട്ട എല്ലാ ഉപകരണങ്ങളും യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന കാലമായിരുന്നു അത്. എല്ലാ ഉപകരണങ്ങളുടെയും രൂപകൽപ്പനയിലെ ഗുണനിലവാരം ഉയർത്തുകയും ശ്രീ വെങ്കിടേശ്വരൻ വിഭാവനം ചെയ്തതുപോലെ തദ്ദേശീയമായി നിർമ്മിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ആശയം. ഊർജ്ജസ്വലരായ 120 സഹപ്രവർത്തകരടങ്ങുന്ന ഒരു ടീമിന്റെ പിന്തുണയോടെ ഡിസൈനുകൾ നവീകരിക്കാനും അവ പൂനെ വർക്ക്‌ഷോപ്പിൽ നിർമ്മിക്കാനുമുള്ള കഠിന ശ്രമം അവര്‍ ആരംഭിച്ചു. മെച്ചപ്പെട്ട കൃത്യതയോടെ സ്വയം രേഖപ്പെടുത്തുന്ന (Self Recording) ഉപകരണങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു എല്ലാ പുതിയ ഡിസൈനുകളുടെയും ലക്ഷ്യം. അന്നാ മാണിയുടെ “തെറ്റായ അളവുകളേക്കാൾ നല്ലത് അളവുകളൊന്നും തന്നെ ഇല്ലാതിരിക്കുന്നതാണ്” (No measurement is better than wrong measurement) എന്ന സമീപനം പ്രശസ്‌തമായിരുന്നു. അവര്‍ എല്ലായ്പോഴും കൃത്യതയ്ക്കും സൂക്ഷമതയ്ക്കും വേണ്ടി നിര്‍ബന്ധം പിടിച്ചു. നൂറോളം വ്യത്യസ്ത ഉപകരണങ്ങളുടെ മെച്ചപ്പെട്ട പതിപ്പുകൾ ടീം നിർമ്മിച്ചു. 1953 ൽ അവർ ഇൻസ്ട്രുമെന്റേഷൻ ഡിവിഷന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്തു.

അന്താരാഷ്ട്ര ജിയോഫിസിക്കൽ വർഷത്തിൽ (1957-58) സൗരവികിരണം അളക്കുന്നതിനായി ഇന്ത്യയിൽ 35 സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കാൻ അവർ നേതൃത്വം നൽകി. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് മെറ്റീരിയോളജി ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ് (ഐ‌.എ‌.എം‌.പി) ചെയർമാനായിരുന്ന കെ ആർ രാമനാഥന്റെ പ്രചോദനത്തിൽ ആയിരുന്നു അത്. റേഡിയേഷൻ അളക്കാനുള്ള ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായി അന്നാ മാണി തന്നെ മുൻകൈയെടുത്തു.

കാലാവസ്ഥാ അളവുപകരണങ്ങളുടെ മാനദണ്ഡീകരണം(Standardisation) അവര്‍ ശ്രദ്ധ പതിപ്പിച്ച പ്രധാന ദൗത്യമായിരുന്നു. മറ്റ് രാജ്യങ്ങൾ മെട്രിക് സമ്പ്രദായത്തിലേക്ക് മാറുന്നതിനു മുമ്പുതന്നെ അന്നാ മാണി ഇന്ത്യയിൽ ഇതു നടപ്പാക്കി. മുഴുവൻ ഉപകരണങ്ങളുടെയും രൂപകൽപ്പന, നിർമ്മാണം, കാലിബ്രേഷൻ എന്നിവ ഉൾപ്പെടെയുള്ള ഭഗീരഥപ്രയത്നം ഇതിനാവശ്യമായിരുന്നു.

1960 ൽ അവര്‍ ഓസോൺ പഠനത്തിൽ ഏർപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ ഓസോൺ കവചത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിന് ഏകദേശം ഒരു പതിറ്റാണ്ട് മുമ്പായിരുന്നു ഇത്. ഈ ആവശ്യത്തിനായി, മിസ് മാണിയുടെ ടീം ഇന്ത്യൻ ‘ഓസോൺ‌സോണ്ടെ’ രൂപകൽപ്പന ചെയ്യാനുള്ള ചുമതല ഏറ്റെടുത്തു. അവരുടെ സഹപ്രവർത്തകരായ ഡോ. സി. ശ്രീധരൻ, ജി. വേണുഗോപാൽ എന്നിവർ ഉപകരണം രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഓസോൺ അളക്കുന്നതിൽ നൽകിയ സംഭാവനകളെത്തുടർന്ന് അന്നാ മാണി ഇന്റർനാഷണൽ ഓസോൺ കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു..

ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ (ISI) ,കാലാവസ്ഥാ ഉപകരണങ്ങൾക്കായി വിവിധ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നതിനുള്ള ഒരു കമ്മിറ്റിയുടെ ചെയർമാനായി അന്നാ മാണിയെ നിയോഗിച്ചു. 1963 ൽ ഇസ്‌റോയുടെ തുമ്പ സ്റ്റേഷൻ സ്ഥാപിച്ചപ്പോൾ വിക്രം സാരാഭായിയുടെ അഭ്യർഥന മാനിച്ച് തുമ്പയിൽ ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അവർ സ്ഥാപിച്ചു. 1966 ൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഇൻസ്ട്രുമെന്റ്സ്) ആയി അന്നാ മാണി ചുമതലയേറ്റു. 1976 ൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി വിരമിച്ചു.

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവരുടെ ഭരണകാലത്ത് ആർ‌.ആർ‌.ഐ കാമ്പസിലും ബാംഗ്ലൂരിനടുത്തുള്ള നന്തി ഹിൽ‌സിലും എം‌.എം വേവ് ടെലിസ്‌കോപ്പ് സ്ഥാപിക്കാൻ ഒരു ടീമിനെ നയിക്കുകയായിരുന്നു ശ്രീമതി അന്നയുടെ പ്രധാന ജോലി. ഈ കാലയളവിൽ, സൗരവികിരണം അളക്കുന്ന ഉപകരണങ്ങളുടെ പുതിയ രൂപകൽപ്പന പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകി. ദേശീയ-അന്തർ‌ദ്ദേശീയ ജേണലുകളിൽ‌ നിരവധി ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അവർ രചിച്ചിട്ടുണ്ട്. അവരുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ സൗരവികിരണം (രണ്ട് വാല്യങ്ങൾ), പവനോർജ്ജ വിഭവങ്ങൾ (നാല് വാല്യങ്ങൾ) എന്നിവയാണ്. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷകരുടെ പാഠപുസ്തകങ്ങളുടെ ഒരു പരമ്പര പ്രസിദ്ധീകരിക്കുന്ന പ്രക്രിയയിൽ അവർ പങ്കാളിയായിരുന്നെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങൾ കാരണം അവര്‍ക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ‌

അന്താരാഷ്ട്ര തലത്തിൽ

Anna Mani in Payeme, Switzerland, 1956. World Meteorological Organization  കടപ്പാട്:  scroll.in

അന്താരാഷ്ട്ര തലത്തിലും അന്നാ മാണി തന്റെ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. 1960 കളിൽ, CIMO ഉപദേശക വർക്കിംഗ് ഗ്രൂപ്പിലെ അംഗമായും WMO / ICSU ജോയിന്റ് ഓർഗനൈസിംഗ് കമ്മിറ്റിയുടെ റേഡിയേഷൻ അഡ്വൈസറി ഗ്രൂപ്പ്, അന്തരീക്ഷ വൈദ്യുതിയും മഴയും സംബന്ധിച്ച CIMO വർക്കിംഗ് ഗ്രൂപ്പ്, റേഡിയേഷൻ ക്ലൈമറ്റോളജിയിലെ COSAMC വർക്കിംഗ് ഗ്രൂപ്പ് എന്നിവയിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1967-ൽ WMO വിന്റെ കാലാവസ്ഥാ ഉപകരണങ്ങളും നിരീക്ഷണ രീതികളും സംബന്ധിച്ച ഗൈഡ് പരിഷ്കരിക്കുന്നതിനായി അവർ പ്രവർത്തിച്ചു. 1975 ൽ റേഡിയേഷനിൽ അന്താരാഷ്ട്ര വിദഗ്ധയായി ഈജിപ്ത് സന്ദർശിച്ചു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, അമേരിക്കൻ മെറ്റീരിയോളജിക്കൽ സൊസൈറ്റി, അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ, റോയൽ മെറ്റീരിയോളജിക്കൽ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയേഴ്സ്, ഇന്റർനാഷണൽ സോളാർ എനർജി സൊസൈറ്റി എന്നിവയിലും അവര്‍ അംഗമായിരുന്നു.

അന്ന മാണി ഏറ്റെടുത്ത വലിയ വെല്ലുവിളികളുള്ള  ജോലിയായിരുന്നു പ്രാദേശിക- അന്തർദേശീയ തലങ്ങളിലെ കാലാവസ്ഥാ ഉപകരണങ്ങളുടെ താരതമ്യം (Instrument comparison and calibration).
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ റേഡിയേഷൻ അളവുപകരണങ്ങളുടെ പ്രാദേശിക താരതമ്യം അവർ സംഘടിപ്പിച്ച രീതി കാലാവസ്ഥാ നിരീക്ഷകർക്കിടയിൽ ഒരു ഇതിഹാസമാണ്. റേഡിയേഷനെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാൻ എന്ന നിലയിൽ, രണ്ട് രാജ്യങ്ങളിലെ പൂനെ, ടോക്കിയോ എന്നീ പ്രാദേശിക കേന്ദ്രങ്ങൾ അടിസ്ഥാനമാക്കി പൈർഹെലിയോമീറ്ററുകളുടെ(Pyreheliometers) അന്തർദ്ദേശീയ-പ്രാദേശിക താരതമ്യത്തിനായി അവര്‍ശ്രമിച്ചു. പല അവികസിതരാജ്യങ്ങളിലെയും പ്രതിനിധികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം അന്തര്‍ദേശീയ താരതമ്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ സഹപ്രവർത്തകനും കാലാവസ്ഥാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിൽ തന്റെ വലം കൈയുമായിരുന്ന ശ്രീ. ഉമ്മൻ ചാക്കോയെ സിയോൾ, ഹോങ്കോംഗ്, സൈഗോൺ, ബാങ്കോക്ക്, കൊളമ്പോ എന്നിവിടങ്ങളിലേക്ക് അയച്ചു. അവിടുത്തെ പ്രാദേശിക ഉപകരണ യൂണിറ്റുകളുമായി താരമ്യപ്പെടുത്തി അളവുപകരണങ്ങള്‍ക്ക് കൂടുതല്‍ കൃത്യത വരുത്തലായിരുന്നു ലക്ഷ്യം.

കാലാവസ്ഥാ ഗവേഷണത്തിലെ സംഭാവനകൾ

അന്നാ മാണിയുടെ സംഭാവനകൾ ഏറെയാണെങ്കിലും അവയില്‍ മുഖ്യമായത് കാലാവസ്ഥാ നിരീക്ഷണത്തിലും അളവുകളിലും വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ ആണ്. കാലാവസ്ഥാ ഉപകരണങ്ങളുടെ രൂപകല്പന, നിര്‍മ്മാണം, താരതമ്യം, കൃത്യതാനിർണ്ണയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ശാസ്ത്രശാഖയില്‍ ഇന്ത്യയെ സ്വയം പര്യാപ്തയാക്കി എന്നതാണ് അന്ന മാണിയുടെ ഏറ്റവും വലിയ സംഭാവന. കാലാവസ്ഥാ അളവുപകരണങ്ങളെ മുഴുവന്‍ മെട്രിക് സിസ്റ്റത്തിലേക്ക് മാറ്റാനായതാണ് മറ്റൊരു പ്രധാന സംഭാവന. വലിയ ഗവേഷണവും പരീക്ഷണങ്ങളും വേണ്ട മേഖലയായിരുന്നു ഇത്. സ്ത്രീകളോടുള്ള വിവേചനമായി തനിക്ക് നേരിട്ട അനുഭവം അവര്‍ ഡോ. താബയുമായുള്ള പ്രശസ്തമായഅഭിമുഖത്തിൽ എടുത്തുപറഞ്ഞത് ഒറ്റകാര്യമാണ്.

കടലിലെ കാലവസ്ഥാ ഗവേഷണത്തിനായി സജ്ജീകരിക്കപ്പെട്ട ഇന്ത്യന്‍ നേവിയുടെ കപ്പലില്‍ അവരെ കയറാന്‍ അനുവദിച്ചില്ല എന്നതാണത്. നാവികസേനയുടെ കപ്പലില്‍ അന്ന് സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നു.

പരിസ്ഥിതി ഗവേഷണരംഗത്തെ സംഭാവനകൾ

അന്നാ മാണിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും പരിസ്ഥിയുമായി, വിശേഷിച്ച് അന്തരീക്ഷപഠനവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് ഏവരും അംഗീകരിക്കും. പരിസ്ഥിതിരംഗത്തെ അവരുടെ സംഭാവനകൾ പ്രത്യേകമായി പരിഗണിച്ചാല്‍ മൂന്ന് പ്രധാനമേഖലകളിലേക്കാണ് അവരുടെ ഗവേഷണം വ്യാപിച്ചത് എന്നു കാണാം. ഓസോണ്‍പഠനം, സൗരവികിരണങ്ങളെകുറിച്ചുള്ള പഠനം, പവനോര്‍ജ്ജ സാധ്യതകളെ കുറിച്ചുള്ള ഗവേഷണം എന്നിവയാണവ.

ഓസോണിനെക്കുറിച്ചുള്ള പഠനങ്ങൾ

അൾട്രാവയലറ്റ് കിരണങ്ങൾആഗിരണം ചെയ്യുന്നതിൽ ഓസോണിന്റെ പങ്ക് മുമ്പേ തന്നെ തിരിച്ചറിഞ്ഞിരുന്നു.അന്റാര്‍ട്ടിക്കയുടെ മുകളിലെ ഓസൊണ്‍ ശോഷണം തിരിച്ചറിഞ്ഞതും അത് സംബന്ധമായ അന്തരാഷ്ട്ര ചര്‍ച്ചകള്‍ ആരംഭിച്ചതും 1980 ല്‍ മാത്രമാണ്. തുടർന്ന്, പ്രശ്നത്തിന്റെ ലഘൂകരണത്തിനും നിയന്ത്രണത്തിനുമായി ഓസോൺ കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ അതിനും മുമ്പേ തന്നെ ഓസോൺ പഠനങ്ങളുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യത്തില്‍  അന്നാ മാണിയുടെ സംഭാവന വളരെ വലുതാണ്.

വാസ്തവത്തിൽ, ഒരു അന്താരാഷ്ട്ര പരിപാടിയുടെ (ഡോബ്സന്റെ പഠനം) ഭാഗമായി 1928-29 കാലഘട്ടത്തിൽ തന്നെ ഇന്ത്യയിൽ ഓസോൺ അളവ് പഠനങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ തുടർച്ചയായ ഓസോൺ നിരീക്ഷണത്തിനായുള്ള ഡോബ്സൺ സ്പെക്ട്രോമീറ്റർ 1940 ൽ ലഭ്യമാക്കി. ഓസോൺ നിരീക്ഷണത്തിൽ ഇന്ത്യയിലെ തുടക്കക്കാരനായ കെ. ആർ. രാമനാഥന്റെ നേതൃത്വത്തിൽ കൊടൈക്കനാലിൽ നിർദ്ദിഷ്ട പഠനങ്ങൾക്കും അളവുകൾക്കുമായി ഒരു പദ്ധതി ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്തെ ഇടവേളയ്ക്കുശേഷം പഠനം തുടർന്നു. 1948 ൽ ഐ‌.എം‌.ഡി.യിൽ നിന്ന് വിരമിച്ച ശേഷം രാമനാഥൻ PRL അഹമ്മദാബാദിന്റെ ഡയറക്ടറായി ചുമതലയേൽക്കുകയും 1951 ൽ ഓസോൺ പഠനം പുനരാരംഭിക്കുകയും ചെയ്തു. കൊടൈക്കനാലിനു പുറമേ അഹമ്മദാബാദിൽ ഒരു കേന്ദ്രം സ്ഥാപിക്കുകയും പിന്നീട് ശ്രീനഗറിലും ന്യൂഡൽഹിയിലും രണ്ട് കേന്ദ്രങ്ങൾ കൂടി ചേർക്കുകയും ചെയ്തു. 1960 ൽ രാമനാഥന്‍ താന്‍ നടത്തിയിരുന്ന ഓസോണ്‍ പഠനം IMDയെ ഏല്‍പിച്ചു. നല്ല ഒരു ടീമുമായി ഇക്കാര്യത്തിൽ തന്റേതായ രീതിയില്‍ മുന്നോട്ട് പോകാനുള്ള ദൗത്യം അന്നാ മാണിയാണ് ഏറ്റെടുത്തത്.

ഇന്ത്യൻ ഓസോൺ‌സോണ്ടെ  അന്ന മാണിയുടെ മസ്തിഷ്കത്തിലുദിച്ച ആശയമായിരുന്നു. 1962 ൽ, അന്നയുടെ ടീം രൂപകൽപ്പന ചെയ്തതായിരുന്നു ആദ്യത്തെ ഇന്ത്യൻ ബലൂൺ ലോഡഡ് ഇലക്ട്രോകെമിക്കൽ ഓസോൺ‌സോണ്ടെ. 1970 ൽ പൂനെയിൽ സ്ഥാപിച്ച ആദ്യത്തെ തദ്ദേശീയ ഉപരിതല ഓസോൺ റെക്കോർഡറും അവർ രൂപകൽപ്പന ചെയ്തു. അങ്ങനെ, പൂനെ ഇന്ത്യയിലെ ഓസോൺ അളവിനും പഠനത്തിനുമുള്ള ഏകോപന കേന്ദ്രമായി. അതിനുശേഷം ന്യൂഡൽഹി, പൂനെ, തിരുവനന്തപുരം (തുമ്പ) എന്നിവിടങ്ങളിലും തുടർച്ചയായ അളവുകൾ എടുത്തിട്ടുണ്ട്. യൂറോപ്പിലെയും യു‌ .എസ്‌.എ.യിലെയും നിർമ്മാതാക്കളാരും ഈ അതിസൂക്ഷ്മ ഉപകരണത്തിന്റെ ഘടകങ്ങളുടെയും വ്യത്യസ്ത ഡിസൈൻ‌ പാരാമീറ്ററുകളുടെയും രഹസ്യങ്ങൾ‌ വെളിപ്പെടുത്താൻ‌ തയാറാകാത്തതിനാൽ‌ ഒരു തദ്ദേശീയ ഓസോൺ‌സോണ്ടെ രൂപകൽപ്പന ചെയ്യുന്നത് അക്കാലത്ത് ശ്രമകരമായിരുന്നു. അതിനാൽ എല്ലാ ഘടകങ്ങളും, പ്രത്യേകിച്ചും സെൻസറുകൾ, ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യണം, വികസിപ്പിക്കണം, പരീക്ഷിക്കണം, നിർമ്മിക്കണം. 1976 ൽ അഹമ്മദാബാദിലെ ഫിസിക്കല്‍ ലാബോറട്ടറിയില്‍ ആദ്യ റോക്കറ്റ് ലോഡഡ് മൾട്ടി-കെമിക്കൽ യുവി ഫോട്ടോമീറ്റർ ഓസോൺ‌സോണ്ടെ യൂണിറ്റ് സ്ഥാപിച്ചു

ഈ നിരന്തരമായ ശ്രമങ്ങളെല്ലാം ലോക ഓസോൺ പഠനങ്ങളുടെ നേതൃത്വത്തിൽ അന്നാ മാണിയെ കൊണ്ടുവന്നു. ഓസോൺ കമ്മീഷന്റെ സജീവ അംഗമായി അവര്‍ നാമനിർദേശം ചെയ്യപ്പെട്ടു. 1987 ൽ ഓസോൺ പഠനത്തിലെ സംഭാവനകൾക്ക് INSA രാമനാഥൻ മെഡൽ അവര്‍ക്ക് ലഭിച്ചു. മുപ്പതുവർഷമായി ഓസോൺ അളവിലും ഗവേഷണത്തിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ഇന്റർനാഷണൽ ഓസോൺ കമ്മീഷന്റെ പ്രത്യേക പരാമര്‍ശവും അവർ നേടി.

സൗരവികിരണത്തെക്കുറിച്ചുള്ള പഠനങ്ങൾ

1970 കളിൽ തന്നെ സൗരോർജ്ജം ഭാവിയിലെ ഊർജ്ജമായി കണക്കാക്കി ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് ഈ രംഗത്ത് ഇന്ത്യയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ തയ്യാറാക്കാൻ ശ്രമിച്ചിരുന്നു. ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് അധിക സ്രോതസ്സുകൾക്കായി ഒരു കമ്മീഷൻ രൂപീകരിച്ചു. DST ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM) യുടെ ഒരു ഫീൽഡ് യൂണിറ്റ് ഇതിനായി ബാംഗ്ലൂരിൽ സ്ഥാപിച്ചു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി സഹകരിച്ച് ഇന്ത്യയുടെ സൗരോർജ്ജ സാധ്യതകൾ പരിശോധിക്കാനുള്ള പദ്ധതിയെ അവർ നയിച്ചു. IMD യിൽ നിന്ന് വിരമിച്ച ശേഷം രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന  അന്ന മാണിക്ക് ഐ‌ഐ‌ടി‌എമ്മിന്റെ ബാംഗ്ലൂർ ഫീൽഡ് യൂണിറ്റിൽ ഈ അഭിമാനകരമായ പ്രോജക്ടിന് നേതൃത്വം നൽകാനുള്ള ചുമതല നൽകി. ഇന്ത്യയിൽ സൗരവികിരണം അളക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നതിന് എസ്. രംഗരാജൻ, എം.എസ്. സ്വാമിനാഥന്‍ എന്നിവരുള്‍പ്പെട്ട ശാസ്ത്രജ്ഞരുടെ ഒരു ടീമിന് അവര്‍ നേതൃത്വം നല്കിയിരുന്നു. ഇതിനായി പ്രത്യേക ഉപകരണങ്ങൾ രൂപകൽപ്പനയും ചെയ്തിരുന്നു.. 1980 ൽ ഇന്ത്യയിലെ സൗരവികിരണത്തിന്റെ ഹാൻഡ്‌ബുക്ക് റിപ്പോർട്ടിന്റെ ആദ്യ വാല്യം നിർമ്മിക്കാൻ, ലഭ്യമായ പ്രസിദ്ധീകരിക്കാത്ത എല്ലാ ഡാറ്റകളും അവർ ഐ‌എം‌ഡിയുമായി സംയോജിപ്പിക്കുകയും വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി,കവറേജ് വർദ്ധിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ 145 ഓളം നിരീക്ഷണാലയങ്ങളിൽ നിന്ന് ടീമിന് കൂടുതൽ ഡാറ്റ ലഭ്യമാക്കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, റിപ്പോർട്ടിന്റെ രണ്ടാം വാല്യം, അതായത് “ഇന്ത്യയ്ക്ക് മുകളിലുള്ള സൗരവികിരണം “1981 ൽ തയ്യാറാക്കി. ഈ റിപ്പോർട്ടുകൾ ഇന്ത്യയിലെ സൗരവികിരണ പഠനങ്ങളുടെ ബൈബിളായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഇത് സൗരോർജ്ജ വൈദ്യുതി ഉൽ‌പാദന സംവിധാനങ്ങൾ വലിയ തോതിൽ സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു.

വിൻഡ് എനർജി റിസോഴ്സ് സർവേ

ഇന്ത്യയിൽ ഊർജ്ജോൽപാദനത്തിനായി കാറ്റിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള ആശയം 1981-ൽ തന്നെ ആവിഷ്കൃതമായിരുന്നു. പവനോർജ്ജ ഡാറ്റയുടെ ആദ്യ വാല്യം 1983 ലാണ് തയ്യാറാക്കിയത്. നാഷണൽ വിൻഡ് എനർജി റിസോഴ്സസ് അസസ്മെന്റ് പ്രോഗ്രാം 1985 ന്റെ ചുമതല അന്ന മാണിയുടെ നേതൃത്വത്തിൽ 13 അംഗ ടീമിനെ ചുമതലപ്പെടുത്തി. ഒരു പ്രോജക്ട് രൂപത്തിൽ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ (DNES), ഐ‌ഐ‌ടി‌എമ്മിന്റെ ഫീൽ‌ഡ് യൂണിറ്റിന്റെ സഹായത്തോടെ ആയിരുന്നു അത്. ആദ്യഘട്ടത്തിലെ സർവേയില്‍ തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു, പിന്നീട് മറ്റ് ചില സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയ്ക്കുള്ള വിൻഡ് എനർജി റിസോഴ്‌സ് സർവേയുടെ ആദ്യ വാല്യം 1990 ൽ പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തിൽ ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട് എന്നിവ ഉൾപ്പെടുന്നു. സർവേ റിപ്പോർട്ടിന്റെ രണ്ടാം വാല്യം 1992 ലും പ്രസിദ്ധീകരിച്ചു. ഈ പ്രക്രിയ പവനോര്‍ജസര്‍വേയുടെ നാലാം വാള്യം പ്രസിദ്ധീകരിക്കുന്നതുവരെ തുടർന്നു.. സർവേയുടെ രീതിശാസ്ത്രം രൂപകൽപ്പന ചെയ്യുക, കാറ്റ് നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, റെക്കോർഡ് സമയപരിധിക്കുള്ളിൽ ഡാറ്റ വിശകലനം ചെയ്യുക, വ്യാഖ്യാനിക്കുക എന്നിവയായിരുന്നു ടീമിന്റെ ചുമതലകൾ. 23 സ്റ്റേഷനുകളിൽ നിന്ന് ആരംഭിച്ച്, നിരീക്ഷണ കേന്ദ്രങ്ങൾ 50 ആയും പിന്നീട് 600 ആയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിപ്പിക്കുക എന്നതായിരുന്നു പരിപാടി . വൈദ്യുതി ഗ്രിഡുകളിലേക്കുള്ള സാമീപ്യവും കാറ്റാടിപ്പാടങ്ങൾക്ക് അനുയോജ്യമായ ഭൂമിയുടെ ലഭ്യതയും കണക്കിലെടുത്തായിരുന്നു സർവേ. പഠനം കഴിഞ്ഞയുടനെ തന്നെ 9 സംസ്ഥാനങ്ങളില്‍ 13 കാറ്റാടി ഫാമുകൾ സ്ഥാപിച്ചാണ് പഠനത്തിന്റെ ഫലപ്രാപ്തി തെളിയിച്ചത്.

കടപ്പാട് : gramho.com

ഉപസംഹാരം

മിസ് അന്നാ മാണിയുടെ ജീവിതം പൂർണ്ണമായും ശാസ്ത്ര ഗവേഷണത്തിനായി സമർപ്പിതമായിരുന്നു.  താൻ ഇടപെട്ട പ്രവർത്തന മേഖലകളിലെല്ലാം അടിമുടി മാറ്റങ്ങൾ വരുത്താൻ അവർക്ക് സാധിച്ചു. ഇന്ത്യയിലെ കാലാവസ്ഥാ ഉപകരണ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് അവർ നേതൃത്വം നൽകി. ഇന്ത്യൻ മെറ്റീരിയോളജി ഇൻസ്ട്രുമെന്റേഷന്റെ മാതാവ് എന്ന് അവരെ വിളിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. ഓസോൺ പഠനങ്ങൾ, സോളാർ എനർജി റേഡിയേഷൻ സർവേ, പവനോർജ്ജ സർവേ എന്നിവ അതുവരെയുള്ള പാതയില്‍ നിന്ന് വേറിട്ടുള്ള ശ്രമങ്ങളായിരുന്നു. ഇതിന്റെ ഫലം ഇന്നത്തെ തലമുറ കൊയ്യുന്നു. എന്നിട്ടും, അന്നാ മാണിയുടെ സംഭാവനകളെ ഇപ്പോഴത്തെ തലമുറ വേണ്ടത്ര അറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വസ്തുത.


അന്നാമാണിയെക്കുറിച്ചുള്ള Weathering Heights- Anna Mani എന്ന ഡോക്യുമെന്ററി കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ഭൂമി എന്ന സ്പേസ്ഷിപ്പ്
Next post നാം മറന്ന അന്നാ മാണി
Close