Sun. Jul 5th, 2020

LUCA

Online Science portal by KSSP

ഓൺലൈൻ അധിഷ്ഠിത പഠനം പ്രയോജനപ്പെടണമെങ്കില്‍

ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രം തീരുന്നതല്ല പ്രതിസന്ധികള്‍. സങ്കേതിക പ്രശ്നമേ , അതും ഭാഗികമായി, അവസാനിക്കുന്നുള്ളൂ. യഥാർഥ പ്രശ്നം ആരംഭിച്ചിട്ടേയുള്ളൂ. അക്കാദമിക പ്രശ്നം, അറിവ് നിർമാണത്തിന്റെ ഫലപ്രാപ്തിയുടെ പ്രശ്നം ഒരു പരിധിയോളം നിലനിൽക്കുകയാണ്‌. എന്തൊക്കെയാണവ?

ഡോ. പി.വി. പുരുഷോത്തമൻ

ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രം തീരുന്നതല്ല പ്രതിസന്ധികള്‍. സങ്കേതിക പ്രശ്നമേ അവസാനിക്കുന്നുള്ളൂ, അതും ഭാഗികമായി. യഥാർഥ പ്രശ്നം ആരംഭിച്ചിട്ടേയുള്ളൂ. അക്കാദമിക പ്രശ്നം, അറിവ് നിർമാണത്തിന്റെ ഫലപ്രാപ്തിയുടെ പ്രശ്നം എന്നിവ ഒരു പരിധിയോളം നിലനിൽക്കുകയാണ്‌. എന്തൊക്കെയാണവ?

1. തുടക്കത്തിൽ ഇതൊരു ക്രൈസിസ് മാനേജ്മെന്റ് മാത്രമായിരുന്നു. കുട്ടികളെ പിടിച്ചിരുത്തുക എന്ന ഘട്ടം കഴിഞ്ഞു. കൊറോണ പെട്ടെന്നൊന്നും പിൻവാങ്ങാനിടയില്ല. മാസങ്ങളോളം ഈ നില തുടരാനാണ് സാധ്യത. അതുകൊണ്ട് കാര്യങ്ങളെ ഗൗരവത്തിൽ കാണണം. അടുത്തടുത്ത ക്ലാസുകൾ തമ്മിൽ പരസ്പരബന്ധം വേണം. പാഠ്യപദ്ധതി ലക്ഷ്യങ്ങൾ, പാഠപുസ്തക ഉള്ളടക്കം എന്നിവയുമായി ഓരോ എപ്പിസോഡിനെയും കൃത്യമായി ബന്ധപ്പെടുത്തണം.

2. മുമ്പ് അധ്യാപകർ പാഠ്യപദ്ധതി ലക്ഷ്യങ്ങൾ , പാഠപുസ്തക ഉള്ളടക്കം എന്നിവ അടിസ്ഥാനമാക്കിയാണ് കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകിയിരുന്നത്. ഇപ്പോൾ, നിർഭാഗ്യവശാൽ പ്രക്ഷേപണ പാഠങ്ങളെ അടിസ്ഥാനമാക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു. പ്രക്ഷേപണ പാഠം ദുർബലമായാൽ കുട്ടികളുമായി താഴെത്തട്ടിൽ മൊബൈൽ വഴി ബന്ധപ്പെടുന്ന അധ്യാപകരും ദുർബലരാവും. പ്രതിഭാശാലികൾ അതിനെ മറികടക്കും എന്നത് വാസ്തവം. പക്ഷെ ഭൂരിപക്ഷം അധ്യാപകരുടെയും സ്ഥിതി അതല്ല. അതുകൊണ്ട് മുകൾത്തട്ടിൽ ക്ലാസ് ആസൂത്രണം ചെയ്യുന്നവർ കുട്ടികളെ മാത്രം കണ്ടാൽ പോരാ. നിങ്ങളാൽ നിരായുധരാക്കപ്പെടുന്ന ഫീൽഡ് അധ്യാപകരെയും കാണണം.

3 . ഇതിനുള്ള പോംവഴി ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും വേർതിരിച്ച് ആസൂത്രണം ചെയ്യുക എന്നതാണ്. ഓൺലൈൻ വഴി ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നൽകാവുന്നത് എന്ത്, അധ്യാപകര്‍ക്ക് താഴെ തട്ടിൽ പ്രാദേശിക അംശങ്ങൾ കൂട്ടിച്ചേർത്ത് നൽകാവുന്നത് എന്ത് എന്ന വേർതിരിവ് വേണം. അത് അധ്യാപകരെ മുൻകൂട്ടി അറിയിക്കണം. വീട്ടിൽ നടക്കേണ്ട തുടർപ്രവർത്തനം നിർണയിച്ച് നൽകാനുള്ള അവസരം ഫീൽഡ് അധ്യാപകർക്ക് നൽകണം. ( ശ്രീ. ടി.പി. കലാധരൻ ഇക്കാര്യം ഒരു പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.)

4. ഫീൽഡ് അധ്യാപകർക്കും ഉത്തരവാദിത്തങ്ങൾ ഉണ്ട്. അവർ എല്ലാ വിഭാഗം കുട്ടികളെയും പരിഗണിക്കണം. ഗ്രൂപ്പിൽ, പൊതുവിൽ നൽകുന്ന പ്രവർത്തനങ്ങൾ എല്ലാ കുട്ടികൾക്കും യോജിച്ചതാവില്ല. അത് മുൻകൂട്ടി കണ്ട് ചില വ്യക്തിഗത പ്രവർത്തനങ്ങൾ തയ്യാറാക്കണം. അവ അവർക്കു മാത്രമായി നൽകണം.

5. കുട്ടികൾക്ക് എത്ര പ്രവർത്തനം ഏറ്റെടുക്കാനാവും എന്നതും പ്രസക്തമാണ്. രക്ഷിതാവേ കുടെയുള്ളൂ , അതും ചിലർക്കു മാത്രം എന്ന ഓർമ വേണം. എന്നാൽ കരിക്കുലം ലക്ഷ്യങ്ങൾ വിടാനും പാടില്ല. ഉണ്ടായില്ലാ വെടി വെച്ച് നേരം കളയരുത്.

6. പ്രവർത്തനങ്ങൾ കൊടുത്താൽ പോരാ. ഡിജിറ്റൽ ഡിവൈഡിനപ്പുറവും വിടവുകൾ ഉണ്ട്. അതിലൊന്ന് രക്ഷിതാവിന് നൽകാനാവുന്ന പിന്തുണയിലുള്ള വ്യത്യാസമാണ്. പ്രയാസങ്ങൾ എല്ലാം തന്നെ ഗ്രൂപ്പിൽ പറയണം എന്നില്ല. വീട്ടിൽ ചെന്ന് സംസാരിച്ചാലേ / ഫോണിൽ സ്വകാര്യമായി ചോദിച്ചാലേ ചില കാര്യങ്ങൾ അറിയൂ.

7. ടി.വി. വഴി കേന്ദ്രീകൃതമായ പ്രക്ഷേപണം കേൾപ്പിക്കാനേ ആവൂ. താഴെ തട്ടിലുള്ള ഇടപെടൽ നടക്കണമെങ്കിൽ മൊബൈൽ വേണം. ക്ലാസ് കാണാനും ഇന്ററാക്ഷൻ നടത്താനും കഴിയുമ്പോഴേ ഈ സംവിധാനം ഒരു പരിധി വരെയെങ്കിലും ഫലപ്രദമാവൂ. പറ്റാവുന്നത് ചെയ്യണം. (ഇക്കാര്യം ശ്രീ. പി. പ്രേമചന്ദ്രൻ ഒരു ഓൺലൈൻ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.)

8. താഴെ തട്ടിൽ വളരെയധികം കുട്ടികൾ പൊതുകേന്ദ്രങ്ങളിൽ ഇരുന്ന് ക്ലാസ് കാണുന്നുണ്ട്. കോളനികളിലെയും മറ്റും കുട്ടികള്‍ക്ക് വീട്ടിലെത്തിയാൽ കിട്ടാവുന്ന പഠന പിന്തുണയ്ക്ക് പരിമിതിയുണ്ട്. അധ്യാപകർ, പി.ടി.എ. അംഗങ്ങൾ, വിദ്യാസമ്പന്നരായ യുവജനങ്ങൾ എന്നിവരിൽ ആരുടെയെങ്കിലും പിന്തുണ ഇവർക്ക് കേന്ദ്രത്തിൽ തന്നെ കിട്ടണം. വെറും മേൽനോട്ടം പോരാ. പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെയും എസ്. എസ്. കെ. യുടെയും നേതൃത്വത്തിൽ ഇക്കാര്യം ആസൂത്രണം ചെയ്യണം.


ലൂക്കയില്‍ പ്രസിദ്ധീകരിച്ച അനുബന്ധലേഖനങ്ങള്‍

  1. ഓൺലൈൻ ക്ലാസ്സുകൾ – ചില കുറിപ്പുകൾ
  2. വിദ്യാഭ്യാസം: കൊറോണ നല്‍കുന്ന പാഠങ്ങള്‍
  3. വിക്ടേഴ്സും എഡ്യുസാറ്റും സൈറ്റും 
  4. ഓൺലൈന്‍ ക്ലാസ്സും, വീഡിയൊ കോൺഫറൻസിങ്ങ് ആപ്പുകളും
%d bloggers like this: