Read Time:16 Minute

‍ഡോ. കെ എം ഷെരീഫ്

കോവിഡ്  മഹാമാരിയുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രൈമറി തലം മുതൽ പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ ത്രിതീയ തലം വരെ ഓൺലൈൻ ക്ലാസ്സുകൾ നടത്തുകയും നടത്തിക്കുകയും ചെയ്യാനുള്ള കേരള സർക്കാരിന്റെ ഉത്തരവുകളും നിർദ്ദേശങ്ങളും ഒന്നിലധികം തരത്തിലുള്ള എതിർപ്പ് നേരിടുകയാണ്.  ഡിജിറ്റൽ സാങ്കേതിക വിദ്യ ലഭ്യമല്ലാത്ത വിദ്യാർത്ഥികളെ പറ്റിയുള്ള, തികച്ചും ന്യായമായ, ഉത്കണ്ഠയാണ് ഒരു വശത്ത്. ഓൺലൈൻ വിദ്യാഭ്യാസത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ ഉണ്ടാകുന്ന  അകൽച്ചയും സാങ്കേതികവിദ്യയുടെ തന്നെ പരിമിതികളും ബോധനശാസ്‌ത്രപരമായി തന്നെ അതിന്റെ ഫലപ്രാപ്തി സംശയാസ്പദമാക്കുന്നു എന്ന അഭിപ്രായമാണ് മറ്റൊന്ന്.  ഓൺലൈൻ വിദ്യാഭ്യാസത്തിലെ സാമൂഹികമായ ഒറ്റപ്പെടലും ദീർഘനേരം യന്ത്രങ്ങളുമായി മാത്രം ബന്ധപ്പെടുന്നത് കൊണ്ടുണ്ടാകുന്ന പിരിമുറുക്കവും വിദ്യാർത്ഥികൾ എന്ന നിലയിൽ സമൂഹത്തിൽ നിർണ്ണായകമായി ഇടപെടാനുള്ള ശേഷി വിദ്യാർത്ഥികളിൽ ഇല്ലാതാകും എന്ന ആശങ്കയാണ് മറ്റൊന്ന്.  യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉണ്ടാകുന്ന തൊഴിലില്ലായ്മയെ കുറിച്ചുള്ള വേവലായിയും കേൾക്കുന്നുണ്ട്. ഓൺലൈൻ അധ്യയനം കാലക്രമേണ അധ്യാപകരെ തന്നെ അപ്രസക്തമാക്കുന്ന അവസ്ഥയുണ്ടാക്കും എന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. കുരുക്കഴിച്ചു പരിശോധിക്കേണ്ട കാര്യങ്ങളാണ് ഇവയെല്ലാം.

Visage of corona days എന്ന ചിത്രകാരി ശ്രീജ പള്ളത്തിന്റെ ചിത്രപരമ്പരയില്‍ നിന്ന്

ഒന്നാമതായി ഡിജിറ്റൽ സാങ്കേതികവിദ്യ എല്ലാത്തിനുമുള്ള ഉത്തരമാണെന്നു വിവരമുള്ളവർ ആരും കരുതുകയില്ല. എന്നാൽ അതിന്റെ ആർക്കും കാണാവുന്ന പ്രയോജനങ്ങൾ തള്ളിക്കളയാൻ കഴിയുകയുമില്ല.  ഓൺലൈൻ ക്ലാസ്സുകൾ അതിന്റെ ഒരു സാധ്യത മാത്രമാണ്. സാമ്പ്രദായികമായ  ക്ലാസ്സുകൾക്കപ്പുറം  വിവരത്തിന്റെ വലിയൊരു ശേഖരമാണ് ഇന്റർനെറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിടുന്നത്. ക്ലാസ്സുകളിലൂടെ പഴകിക്കീറിയ ‘ഗുരുമുഖത്ത് നിന്ന് പഠിക്കൽ‘ നല്ലൊരളവ്‌ ഒഴിവാക്കി സ്വന്തമായി പഠന സാമഗ്രികൾ അന്വേഷിക്കാൻ കുറച്ചു മുതിർന്ന കുട്ടികൾക്കെങ്കിലും കഴിയും.  ആ നിലക്ക് തീർച്ചയായും അധ്യാപകരുടെ നിലനിൽപ് കുറച്ചൊക്കെ അപകടത്തിലാകുന്നുണ്ട്. അംഗനവാടിയിൽ പോകാൻ മാത്രം പ്രായമായ കുട്ടികൾക്ക് പോലും മൊബൈലിൽ വീഡിയോ കണ്ടു പരിചയമുണ്ടെങ്കിൽ ടീവിയിൽ കേൾക്കുന്ന/കാണുന്ന കഥ പറച്ചിലിനോട് കൃത്യമായി പ്രതികരിക്കാൻ കഴിയും എന്ന് ഈയിടെ വൈറലായ തങ്കുപൂച്ചയുടെ കഥക്ക് കൊച്ചുകുട്ടികളിൽ നിന്നുണ്ടായ പ്രതികരണം കാണിക്കുന്നു. ഒരു തരം വാശിയോടെ, ഹൈസ്‌കൂൾ ക്ലാസ്സുകളിൽ എത്തിയ കുട്ടികൾക്ക് പോലും വീട്ടിലുള്ള സ്മാർട് ഫോണിന്റെ ഉപയോഗം നിഷേധിക്കുന്ന രക്ഷിതാക്കൾ തന്നെയാണ് പ്രശ്നം എന്നാണു ഇത് കാണിക്കുന്നത്. നെറ്റിൽ തന്നെ പോയി കാർട്ടൂൺ വീഡിയോകളും മറ്റും കാണാൻ പ്രാപ്തരായ ഒരു പാട്  മൂന്നും നാലും വയസ്സുകാർ കേരളത്തിലുണ്ട്.  പാഠഭാഗങ്ങൾ പ്രീ പ്രൈമറി മുതൽ ത്രിതീയ തലം വരെ എല്ലാ വിഷയങ്ങളിലും വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിൽ നിർമ്മിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്. ബോറടിപ്പിക്കുന്ന പാഠങ്ങൾ തയ്യാറാക്കി അവതരിപ്പിച്ച ശേഷം കുട്ടികൾ ശ്രദ്ധിക്കുന്നില്ല എന്ന് പരാതി പറയുന്നത് വിദ്യാർത്ഥികളോടുള്ള അവഹേളനമാണ്. നാൽപത് മിനിറ്റിന്റെ, അല്ലെങ്കിൽ ഒരു  മണിക്കൂറിന്റെ ക്ലാസ് തന്നെ വേണം എന്ന് നിർബ്ബന്ധം പിടിക്കുന്നതിൽ അർത്ഥമില്ല. പത്ത് മിനിറ്റിന്റെയോ പതിനഞ്ചു മിനിറ്റിന്റെയോ, ഇടക്ക് ബ്രേക്ക് കൊടുത്തു കൊണ്ടുള്ള, നാല് ക്ലാസ്സായാൽ എന്താണ് കുഴപ്പം? സാധാരണ ക്ലാസ്സിൽ തന്നെ അവതരണം നന്നായില്ലെങ്കിൽ അദ്ധ്യാപകൻ എത്ര വലിയ പണ്ഡിതൻ ആയാലും വിദ്യാർത്ഥികൾ ശ്രദ്ധിക്കില്ല. അങ്ങനെ ശ്രദ്ധിക്കാത്ത ഒരു പാട് ക്ലാസ്സുകൾ ഇക്കാലത്തിനിടക്ക്‌  നടന്നിട്ടുണ്ട്. ഓൺലൈൻ ക്ലാസ്സാകുമ്പോൾ കുഞ്ഞുണ്ണി മാഷ് ചങ്ങമ്പുഴയുടെ വരികൾക്ക് തീർത്ത പാരഡിയിൽ പറഞ്ഞ പോലെ കഴിവില്ലാത്ത ലോകത്തിൽ തന്റെ കഴിവുകേട് എല്ലാവരും കണ്ടു പോകും എന്നതാണ് പല അധ്യാപകരുടേയും വേവലാതി.

കേരളത്തിൽ ഡിജിറ്റൽ അസമത്വം കാര്യമായ പ്രശ്നം തന്നെയാണ്.  ഈയിടെ പുറത്ത് വിട്ട കണക്കു പ്രകാരം രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൗകര്യങ്ങളില്ല.  ഇത് പക്ഷെ സാമൂഹിക നെറ്റ് വർക്കിങ്ങും പൊതു രാഷ്ട്രീയ-സാംസ്കാരിക അവബോധവും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ശക്തമായ കേരളത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നമല്ല.
വിഭവങ്ങൾ പങ്കു വെക്കുന്നതിലൂടെയും സർക്കാർ സഹായത്തോടെ വാർഡ് തലത്തിൽ തന്നെ സാമൂഹിക അകലം പാലിച്ചും  മറ്റു സുരക്ഷാ നടപടികൾ എടുത്തും പൊതുസ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് സൗകര്യം ഏർപ്പെടുത്താവുന്നതാണ്. ഫെയിസ്ബുക്കിൽ ഒരധ്യാപകൻ അഭിപ്രായപ്പെട്ട പോലെ അത്രയധികം ക്ലാസ്സുകൾ വാസ്തവത്തിൽ വേണ്ടാത്ത സ്ഥിതിക്ക് ഒരേ പാഠം രണ്ടു തവണ അടുത്തടുത്ത ദിവസങ്ങളിൽ ടീവി സംപ്രേഷണം ചെയ്യുകയാണെങ്കിൽ ആദ്യത്തെ ദിവസം കാണാത്തവർക്ക് അടുത്ത ദിവസം കാണാൻ കഴിയും. ടീവി ഇല്ലാത്തവർക്ക് ഉള്ള ക്ലാസ്സ്മേറ്റുകളുടെ വീട്ടിൽ നിന്ന് കാണാവുന്നതേയുള്ളൂ. ദാരിദ്ര്യം – ഭംഗിവാക്കാക്കി പറഞ്ഞാൽ വിഭവപരിമിതി – ഒരു കുറ്റമല്ലെന്നും, സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും, തങ്ങൾക്കും പഠനസൗകര്യം ഒരുക്കിത്തരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഉറച്ച ബോധം ഉള്ളവർക്ക് ഇതിൽ അപമാനം തോന്നേണ്ട കാര്യമില്ല.  ടി.വി. ക്ലാസ്സുകൾ നമ്മുടെ സാമ്പ്രദായിക ക്ലാസ്സുകൾ പോലെ ഏകപക്ഷീയമാണെന്ന കാര്യം പലരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ക്ലാസ്സെടുത്ത് വിദ്യാർത്ഥികൾക്ക് ഹോംവർക് കൊടുത്താൽ അധ്യാപകരുടെ ഉത്തരവാദിത്തം തീരുന്നില്ല. വിദ്യാർത്ഥികൾക്ക് സംശയ ദുരീകരണത്തിനും സംവാദത്തിനും ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെയുള്ള ക്ലാസ്സുകൾക്കേ കഴിയൂ. ടി.വി. ക്ലാസ്സുകളെക്കാൾ ബുദ്ധിമുട്ടാണിത് എന്ന് പറയേണ്ടതില്ല.  ബേസ്  മോഡൽ സ്മാർട് ഫോൺ ഉപയോഗിച്ചുള്ള പരിമിതമായ ഇടപെടൽ മതി എന്ന് വെച്ചാൽ തന്നെ ഇതിനു വേണ്ടി വരുന്ന ഡാറ്റാ ചാർജ് താങ്ങാൻ പല കുടുംബങ്ങൾക്കും കഴിയില്ല. താരതമ്യേന സമ്പന്നർ പഠിക്കുന്ന ചില അൺഎയിഡഡ് സ്‌കൂളുകളിലാണ് ഇപ്പോഴിത് ഫലപ്രദമായി നടക്കുന്നത്.  എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിന് ഇതിൽ ഇടപെടേണ്ടി വരും.

ക്ലാസ്സുകൾ ഓൺലൈൻ ആയി, കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ വിദൂരരീതിയിൽ മാത്രമായി, പരിമിതപ്പെടുന്നത് വിദ്യാർത്ഥികളുടെ സാമൂഹിക ഇടപെടൽ ശേഷിയെ ബാധിക്കും എന്നത് ശരിയാണ്. പക്ഷെ ഇപ്പോഴിത് ഏർപ്പെടുത്തിയിരിക്കുന്നത് ഗുരുതരമായ ഒരടിയന്തര പരിസ്ഥിതി നേരിടാനാണ്. ഈ ഘട്ടം പിന്നിട്ടു കഴിഞ്ഞാൽ വിദ്യാർത്ഥികൾ സ്‌കൂളിലേക്കും കോളേജിലേക്കും മടങ്ങിപ്പോയേക്കാം. പക്ഷെ ഓൺലൈൻ ക്ലാസുകൾ പൂർണമായി ഉപേക്ഷിക്കാൻ കഴിയില്ല. അവയുടെ സാധ്യത അത്ര വലുതാണ്. മാത്രമല്ല, സ്‌കൂളിലോ കോളേജിലോ പഴയ ക്ലാസ്സുകളിൽ ഇരുന്നാൽ പോലും ഇനി അവരുടെ പഠനത്തിന്റെ വലിയ ഭാഗം നടക്കാൻ പോകുന്നത് ഇന്റർനെറ്റ് തുറന്നിടുന്ന വിശാല ലോകത്താണ്.  പഴയ കാലത്തേക്കുള്ള മടക്കയാത്ര അസാധ്യമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ വിചക്ഷണനായ റ്റോമസ് കാര്യുതേഴ്സിന്റെ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്:  (വിദ്യാർത്ഥികൾക്ക്)  സ്വന്തം ആവശ്യം  കൂടുതൽ, കൂടുതൽ  ഇല്ലാതാക്കുന്ന ആളാണ് അധ്യാപകൻ (A teacher is one who makes himself progressively unnecessary). മറ്റൊരു തരത്തിൽ പറഞ്ഞാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ കൂടുതൽ സ്വാശ്രയശീലം ഉണ്ടാക്കി കൊടുത്ത് പിൻമാറുന്ന ആളാണ് അദ്ധ്യാപകൻ.  അതിനു പകരം എന്നെന്നും തന്നിലുള്ള ആശ്രിതത്വം നിലനിർത്തുന്ന അധ്യാപകരെയാണ് ഇന്ന് കാണുന്നത്.  ആ നിലക്ക് നോക്കിയാൽ ഇന്നുള്ള അധ്യാപകരുടെ എണ്ണം ആവശ്യത്തിലും അധികമാണ്. ഒരു പക്ഷെ ആഴ്ചയിൽ മൂന്നു ദിവസത്തെ ക്ലാസ്സൊക്കെയേ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളൂ. അതിനു പകരം അഞ്ചും ആറും ദിവസം ക്ലാസ്സിൽ ഇരിക്കാനാണ് അവർ നിര്‍ബന്ധിക്കപ്പെടുന്നത്.  അധ്യാപകരാകാൻ യോഗ്യത നേടിയവരുടെ തൊഴിലില്ലായ്മയിലേക്ക് ഇത് നയിക്കും എന്ന ധാരണ, പക്ഷെ അസ്ഥാനത്താണ്.  വിവിധ മേഖലകളിലെ ഗവേഷണവും സർവ്വേയും, പ്രാദേശിക വികസന പ്രവർത്തനങ്ങളുടെ നേതൃത്വം തുടങ്ങി എത്രയോ ജോലികൾ അവരെ കാത്തിരിക്കുകയാണ്. അത്തരം ജോലികളെ സാമൂഹിക ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിജ്ഞാബദ്ധമായ ഒരു സർക്കാർ ഉണ്ടാവണമെന്നത് പക്ഷെ നിർബന്ധമാണ് . അധ്യാപകരായി തുടരുന്നവർ തന്നെ പഴയ രീതിയിലുള്ള ക്ലാസ്റൂം അധ്യയനത്തിനു പുറമേ  വിദ്യാർത്ഥികൾക്കുള്ള നൂതനമായ പഠനസാമഗ്രികൾ നിർമ്മിക്കുന്നതുൾപ്പെടെ ബോധനശാസ്ത്രത്തെ നവീകരിക്കുന്ന സമഗ്രമായ പദ്ധതികളിൽ ഏർപ്പെടുക കൂടി ചെയ്യേണ്ടി വരും. ഭക്ഷ്യക്ഷാമം ലോകത്തെ തുറിച്ചു നോക്കുന്ന വർത്തമാന പരിതസ്ഥിതിയിൽ കുറച്ചു കാലം മുമ്പ് ചൈനയിൽ ചെയ്ത പോലെ അധ്യാപകരെ പോലെ ബൗദ്ധികമായ ജോലി ചെയ്യുന്നവർ മുഴുവൻ ദിവസം ഒരു മണിക്കൂറെങ്കിലും കൃഷിയിൽ ഏർപ്പെടുന്നതും നല്ലതാണ്.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വീകരണവും പ്രയോഗവും വ്യാപകമാകുമ്പോൾ ടെക്നോക്രാറ്റുകളുടെ പുതിയ അധികാരിവർഗ്ഗം വളർന്നു വരുന്നതിനെതിരെ അധ്യാപകരും രക്ഷിതാക്കളും ജാഗ്രതയോടെ ഇരിക്കേണ്ടതും ആവശ്യമാണ്.
ഡിജിറ്റൽ സാങ്കേതികവിദ്യ ഒരു സംഭവമാണെന്ന് പ്രചരിപ്പിക്കുന്ന പുരോഹിതവർഗ്ഗം ഇപ്പോൾ തന്നെയുണ്ട്. വേണ്ടിവന്നാൽ ഗൂഗിൾ മീറ്റിങ് പോലുള്ള പ്ലാറ്റ്ഫോം പോലുമില്ലാതെ സുപരിചിതവും ഉപയോഗത്തിൽ താരതമ്യേന ലളിതവുമായ വാട്സാപ്പിലൂടെ പോലും നടത്താവുന്നതാണ് ഓൺലൈൻ ക്ലാസ്സുകൾ.  സെക്കണ്ടറിതലം മുതലെങ്കിലും അനാവശ്യമായ സ്കൂൾചിട്ട ഒഴിവാക്കി പഠിതാക്കൾക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം നൽകാവുന്നതാണ്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ,വലിയ വിലയില്ലാത്ത സാധാരണ സ്മാർട്ട്ഫോൺ ഉണ്ടായാൽ മതി.  അധ്യാപകർക്ക് സ്വന്തം സ്മാർട്ട്ഫോണിൽ ചെറിയ, ലളിതമായ അവതരണങ്ങൾ തയ്യാറാക്കി നേരത്തേ തന്നെ വിദ്യാർത്ഥികൾക്ക് അയച്ചു കൊടുക്കാം. അവ ഒരിക്കലോ ആവർത്തിച്ചോ കേട്ട ശേഷം എല്ലാ വിദ്യാർത്ഥികളേയും ഒന്നിച്ചോ, ഗ്രൂപ്പുകളായി തിരിച്ചോ,  വോയ്സ് ഗ്രൂപ്പ് ചാറ്റിൽ പങ്കെടുപ്പിച്ച് സംശയങ്ങൾ ദൂരികരിക്കാനും ആശയങ്ങൾ പങ്ക് വെക്കാനും അധ്യാപകരുടെ അവതരണത്തെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകാനും കഴിയും. ഇത് നടക്കണമെങ്കിൽ സാമ്പ്രദായികമായ അദ്ധ്യാപക-വിദ്യാർത്ഥി ബന്ധം ജനാധിപത്യപരമായി അഴിച്ചു പണിയേണ്ടി വരും എന്ന് മാത്രം.


ലൂക്ക പ്രസിദ്ധീകരിച്ച മറ്റുലേഖനങ്ങള്‍, വീഡിയോകള്‍

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒരുപാട് ഓർമ്മപ്പെടുത്തലുകളുമായി സമുദ്ര ദിനം.
Next post ജെസീക്ക മേയ്ർ – കോവിഡ്19 മാറ്റിമറിച്ച ഭൂമിയില്‍ തിരികെയെത്തിയപ്പോള്‍