വിക്ടേഴ്സും എഡ്യുസാറ്റും സൈറ്റും 

പി.എം.സിദ്ധാര്‍ത്ഥന്‍

റിട്ടയര്‍ഡ് സയന്റിസ്റ്റ്, ഐ എസ് ആര്‍ ഒ

കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളുടെ പല ഉപയോഗങ്ങളില്‍ ഒന്നാണ് വിദൂര-വിദ്യാഭ്യാസം. നമ്മുടെ വിക്ടേഴ്സ് ചാനലിന്റെയും എഡ്യുസാറ്റിന്റെയും ഇവയ്ക്കെല്ലാം മുമ്പ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ സൈറ്റിന്റെയും ചരിത്രം പരിശോധിക്കാം

ഒരു വികസ്വര രാജ്യത്തിന് ബഹിരാകാശഗവേഷണം ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന പലരുമുണ്ട്. നമ്മുടെ സമൂഹത്തിന്റെയും മനുഷ്യന്റെയും പ്രശ്നഹരിഹാരങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനത്തില്‍ വരുത്താതെ നമുക്ക് രാജ്യത്തിനകത്തോ മറ്റ് രാജ്യങ്ങളുടെ ഇടയിലോ അര്‍ത്ഥവത്തായ ഒരു പങ്ക് നിര്‍വഹിക്കാനാകുകയില്ല. 

-ഡോ. വിക്രം സാരാഭായ്

1960കളില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ  ആശയങ്ങള്‍ മുന്നോട്ടുവെച്ചപ്പോള്‍ പലരും അതിന്റെ ആവശ്യകതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. അതിന്‌ വിക്രം സാരാഭായ് നല്‍കിയ മറുപടിയാണ് മുകളില്‍ ഉദ്ധരിച്ചത്. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന  കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളും ചുഴലിക്കാറ്റിനെക്കുറി്ച്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് അറിയിക്കുന്ന ഭൌമനിരീക്ഷണ ഉപഗ്രഹങ്ങളും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു. കേരള വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇത് ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിക്കുന്നു.

കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളുടെ പല ഉപയോഗങ്ങളില്‍ ഒന്നാണ് വിദൂര-വിദ്യാഭ്യാസം. വിക്ടേഴ്സ് ചാനലിന്റെയും എഡ്യുസാറ്റിന്റെയും ചരിത്രം പരിശോധിക്കാന്‍ തുനിഞ്ഞാല്‍ നമ്മള്‍ ആദ്യം ആര്‍തര്‍ സി ക്ലാര്‍ക്കിലും അതിലും പിന്നോട്ട് പോയാല്‍ കോണ്‍സ്റ്റാന്‍ടിന്‍ സിയോൾകോവ്സ്കിയിലും എത്തും. തത്ക്കാലം നമുക്ക് ആര്‍തര്‍ സി ക്ലാര്‍ക്ക് (Arthur C. Clarke) വരെ പോയാല്‍ മതി.

ആര്‍തര്‍ സി ക്ലാര്‍ക്ക് (Arthur C. Clarke)

ഭൂമിയില്‍ നിന്ന് ഉപഗ്രഹങ്ങളുടെ ഉയരം കൂടുംതോറും അതിന്റെ പരിക്രമണസമയം (period) കൂടി വരും, ഉപഗ്രഹം 36000 കിലോമീറ്റര്‍ ഉയരത്തിലാണെങ്കില്‍ (ക്യത്യമായിപ്പറഞ്ഞാല്‍ 35786 കി.മീ) അതിന്റെ പരിക്രമണ സമയം ഭൂമിയുടെ  സ്വയംഭ്രമണ സമയത്തിന് തുല്യമാണ്. അതായത് ഏകദേശം 24മണിക്കൂര്‍. ഇത്തരം ഉപഗ്രഹങ്ങളെ ഭൂസിംക്രണ ഉപഗ്രഹങ്ങള്‍ എന്ന് പറയുന്നു. ഭൂസിംക്രണ ഉപഗ്രഹങ്ങളുടെ ഓര്‍ബിറ്റിന്റെ  ആനതി (inclination) പൂജ്യം ആയാല്‍, അത് ഭൂമധ്യരേഖയ്ക്ക്  ഒത്ത മുകളിലായിരിക്കും. അവയുമായി നിരന്തരം (24X7) കമ്യൂണിക്കേഷന്‍ നടത്താം. ഈ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍  എന്ന് പറയുന്നു. ഇതാണ് 1940ല്‍ ആര്‍തര്‍ സി ക്ലാര്‍ക്ക് സിദ്ധാന്തിച്ചത്.   ഭൂസ്ഥിര ഓര്‍ബി്റ്റിനെ ക്ലാര്‍ക്ക് ഓര്‍ബിറ്റ് എന്നും പറയാറുണ്ട്.

ഉപഗ്രഹങ്ങളുടെ ഗുണങ്ങള്‍

ഉപഗ്രഹങ്ങളുപയോഗിച്ചുള്ള കമ്യൂണിക്കേഷന് പല മേന്മകളുമുണ്ട്. വിദൂര വിദ്യാഭ്യാസത്തിന് സഹായകമാകുന്ന ചില വസ്തുതകകള്‍ മാത്രം നമുക്ക് നോക്കാം അവ ഇവയാണ്.

  1. പ്രകൃതിക്ഷോഭങ്ങള്‍‍ മുതലായവ ഉപഗ്രഹ കമ്യൂണിക്കേഷനെ ബാധിക്കില്ല.
  2. ഒരൊറ്റ  ഉപഗ്രഹമുപയോഗിച്ച് ഇന്ത്യയെപോലുള്ള ഒരു രാജ്യം മുഴുവന്‍ കവര്‍ ചെയ്യാം.
  3. പഠിതാക്കള്‍ക്ക് ഒരു പൊതുസ്ഥലത്തോ, സ്കൂളിലോഎത്തിച്ചേരാന്‍ സാധിക്കാത്ത മലമ്പ്രദേശങ്ങൾ (ഉത്തരപൂര്‍വ്വസംസ്ഥാനങ്ങള്‍) ദ്വീപസമൂഹങ്ങള്‍ (ഇന്ത്യയില്‍ ലക്ഷദ്വീപ് , അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഇന്തോനേഷ്യൻ  ദ്വീപുകള്‍) എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം.
  4. എത്ര സ്വീകരണികളും  (Recievers ഉദാ. DTH) ഉപയോഗിക്കാം.
  5. ഉയര്‍ന്ന ബാന്‍ഡ് വീതി. ഒരേസമയം വളരെ കൂടുതല്‍ പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യാന്‍ കഴിയും.

കാണുന്നതേ വിശ്വസിക്കാനാവൂ..! (Seeing is believing) 

1960 കളില്‍, ബഹിരാകാശയുഗം തുടങ്ങിയകാലത്ത് ഇന്ത്യക്ക് ബഹിരാകാശരംഗത്ത് പ്രവേശിക്കാനുള്ള ഒരു സാങ്കേതികവിദ്യയും ഉണ്ടായിരുന്നില്ല. 1964ലാണ് ആദ്യത്തെ ഭൂസ്ഥിര ഉപഗ്രഹം (അമേരിക്കയുടെ) പ്രവര്‍ത്തനക്ഷമമാക്കുന്നത്. ആ സ്ഥിതിയില്‍ മേല്‍പ്പറഞ്ഞ മേന്മകളെ വാക്കാല്‍ പറഞ്ഞതുകൊണ്ട് മാത്രം ഭരണാധികാരികള്‍ സ്വീകരിക്കുമായിരുന്നില്ല. അതിന്റെ ഒരു ഡെമോ (demonstration) തന്നെ വേണമായിരുന്നു. ഉപഗ്രഹപ്രക്ഷേപണ പരീക്ഷണം വളരെ ചെലവുള്ളതാണെന്നകാര്യം മറ്റാരേക്കാളും അറിയാവുന്നത് സാരാഭായിക്ക് തന്നെയായിരുന്നു. അതിനാല്‍ 1963-64 കാലഘട്ടം മുതല്‍ ഐക്യരാഷ്ട്രസഭയെയും, നാസയെയും, സോവിയറ്റ് യൂണിയനേയും ഫ്രാന്‍സിനെയും, കിട്ടാവുന്ന എല്ലാവരെയും ഇതുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹം അക്ഷീണ പരിശ്രമം തുടങ്ങിയിരുന്നു. മറുവശത്ത് ഇന്ത്യാ ഗവണ്‍മെന്റിന്റെ പൂര്‍ണപിന്തുണ ഉറപ്പിക്കുകയും വേണം. ആദ്യം  ജവഹര്‍ലാല്‍ നെഹ്റുവും പിന്നീട് ഇന്ദിരാഗാന്ധിയും അദ്ദേഹത്തിന് വേണ്ട സഹായവും സ്വാതന്ത്ര്യവും നല്‍കിയിരുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ തുടക്കം 

1959ലോ 1960ലോ ആണെന്ന് തോന്നുന്നു ഇന്ത്യാ ഗവണ്‍മെന്റ് ഫ്രാന്‍സില്‍ നിന്നും ഒരു ചെറിയ ടെലിവിഷന്‍ ട്രാന്‍സ്മിറ്ററും അനുബന്ധ സംയോജിത  സ്വീകരണികളും (integrated recievers) ഇറക്കുമതി ചെയ്തിരുന്നു. ഈ സ്വീകരണികള്‍ ഉപയോഗിച്ച് ദൽഹിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി  80 ടെലിക്ലബുകള്‍ ഉണ്ടാക്കി. ദല്‍ഹിക്ക് തൊട്ടു പുറത്തു കഴിയുന്ന കൃഷിക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും  കൃഷിയെക്കുറിച്ചുള്ള പ്രൊഗ്രാമുകള്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ പ്രക്ഷേപണ പരീക്ഷണവും വിദൂര വിദ്യാഭ്യാസ (Distance Education) പരീക്ഷണവും. പിന്നീട് 1967 ല്‍ ഇത് പ്രസിദ്ധമായ കൃഷിദര്‍ശന്‍ പ്രോഗ്രാമായി ദൂരദര്‍ശന്‍ പ്രക്ഷേപണം നടത്താന്‍ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് വിക്രം സാരാഭായിയും സുഹൃത്തുക്കളും ഉപഗ്രഹം ഉപയോഗിച്ചുള്ള ഒരു വിദ്യാഭ്യാസ പരീക്ഷണം എന്ന ആശയം യുനെസ്ക്കോയെയും ഇന്ത്യ ഗവണ്‍മെന്റിനെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

സൈറ്റിലേക്ക് നയിച്ച വഴികള്‍

1969 ലാണ്  യു.എന്‍.ഡി.പി. നല്‍കിയ അഞ്ചുലക്ഷം ഡോളര്‍ ഉപയോഗിച്ച് അഹമ്മദാബാദില്‍ എസ്കസ് (ESCES:Experimental Satellite Communication Earth Station) എന്ന ഭൂകേന്ദ്രം സ്ഥാപിക്കുന്നത്. എസ്‌കസിന് വേണ്ടിയുള്ള എല്ലാ സാങ്കേതിക ഘടകങ്ങളും തിരഞ്ഞെടുത്ത് വാങ്ങിയത് അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ (ITU) ആയിരുന്നു. അങ്ങനെ അഹമ്മദബാദില്‍ അന്ന്  ഇന്ത്യയിലെ ഏറ്റവും വലിയ, 14 മീറ്റര്‍ വ്യാസമുള്ള ആന്റിനയും അതീവ മനോഹരമായ കെട്ടിടവും ഉയര്‍ന്നു. ഈ കെട്ടിടവും ആന്റിനയും പിന്നീട്  ഇന്ത്യന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ രംഗത്തെ പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്.

തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് കാണാന്‍ വിക്രം സാരാഭായ് ജീവിച്ചിരുന്നില്ല. 1971 ല്‍ അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് അന്തരിച്ചു. പ്രൊഫ. സതീഷ് ധവാന്റേയും, പ്രൊഫ. യശ്പാലിന്റെയും നേതൃത്വത്തിലാണ് പിന്നീട് ലോകപ്രശസ്തമായ ആ പരീക്ഷണം അരങ്ങേറിയത്.

വിക്രം സാരാഭായ്

രാഷ്ട്രീയ നേതൃത്വവും അന്താരാഷ്ട്രസഹകരണവും.

ശാസ്ത്രത്തോടും ശാസ്ത്രജ്ഞരോടും ജവഹര്‍ലാല്‍ നെഹ്റുവിനുണ്ടായിരുന്ന ബഹുമാനവും താത്പര്യവും ഇന്ദിരാഗാന്ധിയുടെ കാലത്തും തുടര്‍ന്നു. സൈറ്റ് പരീക്ഷണത്തില്‍ വളരെ തത്പരരായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അതിന്ന് എല്ലാവിധ പിന്തുണയും നല്‍കി. യുനെസ്കോ, യുനിസെഫ്, ഐ.ടി.യു, യു.എന്‍.ഡി.പി എന്നീ സംഘടനകള്‍ അകമഴിഞ്ഞ സഹായം ചെയ്തു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ല. ഇന്ത്യയില്‍ വളരെ പരിചിതനായിരുന്ന ഡോക്യുമെന്ററി നിര്‍മ്മാതാവും കനേഡിയന്‍ ഡോക്യുമെന്ററി സിനിമാരംഗത്തെ പ്രമുഖനുമായിരുന്ന ജെയിംസ് ബെവറിഡ്ജ് യുനെെസ്കോയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തി. യു.എന്‍.ഡി.പി.യുടെ  15ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായത്തോടെ സ്പേസ് അപ്ലിക്കേഷന്‍ സെന്ററിലും  (ഇപ്പോഴത്തെ 25-ാം നമ്പര്‍ കെട്ടിടത്തില്‍- ലേഖകന്റെ ലാബും മുറിയും അതേ കെട്ടിടത്തിലായിരുന്നു.) ബോംബെയിലുമായി  രണ്ട് അത്യാധുനിക സ്റ്റുഡിയോകളും ഗുജറാത്തിലെ ഖേഡാ  ജില്ലയിലെ പിജ് എന്ന ഗ്രാമത്തില്‍ ഒരു ടെലിവിഷന്‍ ട്രാന്‍സ്മിറ്റിംഗ് സ്റ്റേഷനും സ്ഥാപിച്ചു.

യു.എന്‍.ഡി.പി, റിച്ചാര്‍ഡ് നിക്കോള്‍സണ്‍ എന്ന സാങ്കേതിക വിദഗ്തന്റെ സേവനവും ഇന്ത്യക്ക് നല്‍കി. നിക്കോള്‍സണ്‍ സൈറ്റ്  പ്രോഗ്രാമിന്റെ സിരാകേന്ദ്രമായ സ്പേസ് അപ്ലിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു.

പ്രൊഫ. യശ്പാല്‍ സൈറ്റിന്റെ സാങ്കേതി വശങ്ങള്‍ ഇന്ദിരാഗാന്ധിക്ക് പറഞ്ഞുകൊടുക്കുന്നു ഫോട്ടോ കടപ്പാട് Subhash Joshi & P.M.Sidharthan

ആത്മനിര്‍ഭര്‍ അന്നേ തുടങ്ങി

മേല്‍പ്പറഞ്ഞ ഭൂകേന്ദ്രവും (earth station) സ്റ്റുഡിയോയും പിജ് പ്രക്ഷേപണ സ്റ്റേഷനും ഒഴികെ സൈറ്റിന് വേണ്ടതെല്ലാം ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ സ്വയം ഡിസൈന്‍ ചെയ്തു. 2400 ഗ്രാമങ്ങളിലായിരുന്നു സ്വീകരണികളും ടെലിവിഷനും സ്ഥാപിക്കേണ്ടിയിരുന്നത്. ഓരോ സ്വീകരണിക്കും വേണ്ട 3 മീറ്റര്‍ വ്യാസമുള്ള ആന്റിന , അത്യാധുനിക ഇലക്ട്രോണിക് സിസ്റ്റം എന്നിവ ഐ.ആസ്‍.ആര്‍.ഒയിലെ എഞ്ചിനിയര്‍മാര്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചിരുന്നു.  (കോഴികളെ അടച്ചു വെക്കാനുപയോഗിക്കുന്ന കൂടുകളോടുള്ള സാമ്യത കാരണം ഈ ആന്റിന ചിക്കന്‍ മെഷ്  ആന്റിന എന്നാണ് അറിയപ്പെടാറ്). ടെലിവിഷന്‍ സെറ്റുകൾ ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു. അതായത് “മെയ്ക്ക് ഇൻ   ഇന്‍ഡ്യ” – അന്ന് തന്നെ തുടങ്ങിയിരുന്നു.

ഉപഗ്രഹം : 1975 ല്‍ ഇന്ത്യക്ക് സ്വന്തം കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണ കമ്യൂണിക്കേഷന്‍ ഉപഗ്രഹമായിരുന്ന  ആപ്പിള്‍ (APPLE) 1981 ലായിരുന്നു വിക്ഷേപിച്ചത്. അതിനാല്‍ സൈറ്റ് പരീക്ഷണത്തിന് അപ്ലിക്കേഷന്‍ ടെക്നോളജി സാറ്റലൈറ്റ് -6 ( ATS – 6) എന്ന ഭൂ സിംക്രണ ഉപഗ്രഹം നാസ വിട്ടുനല്‍കി. അമേരിക്കക്ക് മുകളില്‍ 94o പടിഞ്ഞാറ് ഉള്ള ഉപഗ്രഹത്തെ ഇന്ത്യക്ക് പടിഞ്ഞാറായി 34o കിഴക്കിലേക്ക് മാറ്റി .

അപ്ലിക്കേഷന്‍ ടെക്നോളജി സാറ്റലൈറ്റ് -6 ( ATS – 6) ഉപഗ്രഹം കടപ്പാട് : SAC/ISRO 

തയ്യാറെടുപ്പ് :  1975 ആഗസ്റ്റ് മാസമാകുമ്പോഴേക്കും    മധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ , കര്‍ണാടക, ആന്ധ്ര, ഒഡീഷ എന്നീ ആറു സംസ്ഥാനങ്ങളിലായി 2400 ഗ്രാമങ്ങളില്‍ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്ര സാങ്കേതിക വിദഗ്തരുടെ മേല്‍നോട്ടത്തില്‍ സ്വീകരണികളും  ടെലിവിഷനും സ്ഥാപിച്ചു. സഹായത്തിനായി ആയിരത്തിലധികം സഹായികളെ കോണ്‍ട്രാക്റ്റില്‍ നിയമിച്ചു.  ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്ര സാങ്കേതിക വിദഗ്ധരും സഹായികളുമായിരുന്നു പരീക്ഷണത്തിന്റെ ജീവനാഡി. ഏറ്റവും കാഠിന്യം സഹിച്ചവരും അവരായിരുന്നു. ആറ് സംസ്ഥാനങ്ങളിലെ ഏറ്റവും പിന്നോക്ക ഗ്രാമങ്ങളായിരുന്നു അവ. പല ഗ്രാമങ്ങളും വൈദ്യുതീകരിച്ചവ ആയിരുന്നില്ല. സ്വീകരണിയും ടെലിവിഷനും പ്രവര്‍ത്തിപ്പിച്ചത് ഓട്ടോമൊബൈല്‍ ബാറ്ററി കൊണ്ടായിരുന്നു. വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങളിലെ നിത്യജീവിതം ഊഹിക്കാമല്ലോ ?. താമസിക്കാന്‍ ഹോട്ടലുകള്‍ ഉണ്ടായിരുന്നില്ല. പകരം സ്കൂളോ താത്കാലിക വീടോ ആയിരുന്നു. പല ഗ്രാമങ്ങളിലും റോഡുകള്‍ ഉണ്ടായിരുന്നില്ല.  കക്കൂസ് സര്‍വസാധാരണമല്ലായിരുന്നു. നല്ല ഭക്ഷണവും ശുദ്ധജലവും എങ്ങനെകിട്ടിയെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. സാങ്കേതിക ഉപകരണങ്ങളുടെ സ്ഥാപനം, മെയിന്റെനന്‍സ്, എല്ലാ ദിവസവും പ്രവര്‍ത്തിപ്പിക്കല്‍, ഗ്രാമമുഖ്യന്റെയും അനുയായികളുടെയും സഹായം ഉറപ്പുവരുത്തല്‍, വിവിധ ജാതി മതസ്ഥര്‍ക്ക് പ്രോഗ്രാമുകള്‍ ഒന്നിച്ചിരുന്ന് കാണാനുള്ള സാധ്യത ഉറപ്പുവരുത്തല്‍, കൂടാതെ  അഡ്മിനിസ്ട്രേറ്റീവ് ജോലികളും അവര്‍തന്നെ ചെയ്തു. ഇത് ഒന്നും രണ്ടും ദിവസമല്ല. വര്‍ഷം മുഴുവന്‍ 365 ദിവസവും ചെയ്യണമായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാനാണ് ISRO ദൃഢനിശ്ചയം ചെയ്തിരുന്നത്.

സൈറ്റ് നടവ്വ ഗ്രാമങ്ങള്‍ – ക്ലസ്റ്ററുകള്‍

അതേസമയം ബോംബെയിലെയും അഹമ്മദാബാദിലെയും സ്റ്റുഡിയോകളില്‍ ഗ്രാമീണജീവിതവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ കൃഷി പ്രൊഗ്രാമുകളും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിപാടികളും തയ്യാറാക്കിക്കൊണ്ടിരുന്നു. ആറ് ഭാഷകളിൽ പ്രോഗ്രാമുകൾ തയ്യാറാക്കണം. അക്കാലത്ത് വീഡിയോ ടേപ്പുകള്‍ മാത്രമേ  ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കുക. പ്രശസ്ത സിനിമ സംവിധായകന്‍ ശ്യാം ബെനഗല്‍ അരഡസനോളം പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചു. (രാജസ്ഥാനിൽ  സൈറ്റിനായി  ചെയ്ത പ്രോഗ്രാമുകളിൽ അഭിനയിച്ച ഗ്രാമീണരും കുട്ടികളും, പിന്നീട്,  പരേതയായ പ്രശസ്ത  നടി സ്മിത പാടീലിനോടൊപ്പം  ശ്യാം ബെനഗലിന്റെ “ചരൺദാസ് ചോർ ” എന്ന സിനിമയിൽ  അഭിനയിച്ചിരുന്നു.)

ശ്യാം ബെനഗല്‍

സൈറ്റ് പ്രോഗ്രാം തുടങ്ങുന്നു

1975 ആഗസ്റ്റ് 1ാം തിയ്യതി, മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ  സൈറ്റ് പ്രോഗ്രാം തുടങ്ങി, വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയും പൊതുനങ്ങള്‍ക്ക് വൈകുന്നേരവുമായിരുന്നു പരിപാടികള്‍. 50,000 അധ്യാപകര്‍ക്ക് റീ- ട്രെയ്നിംഗ് കൊടുക്കാനും സൈറ്റിലൂടെ കഴിഞ്ഞു. ടെലിവിഷന്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവശങ്ങള്‍ പഠിക്കാന്‍ സോഷ്യല്‍ സയിന്റിസ്റ്റുമാരും ഉണ്ടായിരുന്നു. ഉപഗ്രഹകമ്യൂണിക്കേഷന്റെ ബാലപാഠങ്ങള്‍ ISRO പഠിച്ചത് സൈറ്റിലൂടെയായിരുന്നു – വിലപ്പെട്ട പാഠങ്ങള്‍. മറ്റൊരു എടുത്തുപറയത്തക്ക അനുഭവമായിരുന്നു ഗ്രാമീണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രൊഗ്രാം നിര്‍മ്മിക്കല്‍.

സൈറ്റിന്റെ പരിപാടി ഗ്രാമത്തില്‍ പ്രദര്‍ശിപ്പിക്കുന്നു കടപ്പാട് : SAC/ISRO 

സൈറ്റിന്റ വിജയം ലോകമാകെ അംഗീകരിച്ചു. ലോകത്തെ ആദ്യത്തെ ഏറ്റവും വലിയ (massive) പരീക്ഷണമായിരുന്നു അത്. സൈറ്റിന് മുമ്പും പിന്നീടും അത്തരമൊരു പരീക്ഷണം ലോകത്ത് എവിടെയും നടന്നിട്ടില്ല. എന്തായിരുന്നു ആ വിജയത്തിന്റെ രഹസ്യം?. ഒന്ന് ചുറുചുറുക്കുള്ള, അര്‍പ്പണബോധമുള്ള ചെറുപ്പക്കാരായ സാങ്കേതിക വിദഗ്തര്‍ – ശരാശരി പ്രായം മുപ്പതിന് താഴെ. അനുഭവസമ്പന്നരായ, സ്വഭാവത്തിലും പെരുമാറ്റത്തിലും സദ്ഗുണസമ്പന്നരായ നേതൃത്വം. വെല്ലുവിളികളെ നേരിടാന്‍ എല്ലാവിധത്തിലും തയ്യാറായ ടീം. അവരുടെ നേതൃത്വത്തില്‍  നടന്ന ഈ പരീക്ഷണം വിജയിച്ചില്ലെങ്കിലേ അതഭുതപ്പെടേണ്ടതായിട്ടുള്ളൂ. സൈറ്റ് സമയത്ത് വാര്‍ത്തെടുത്ത സമയനിഷ്ഠയും അര്‍പ്പണബോധവും നല്ലൊരു പരിധിവരെ പിന്നീടും ISRO പുലര്‍ത്തിപ്പോന്നു. സൈറ്റിന് നേതൃത്വം കൊടുത്തതിന് പ്രൊഫ. യശ്പാലിന് മാര്‍ക്കോണി പുരസ്കാരം ലഭിച്ചു.

കൂട്ടത്തില്‍ ഒരുകാര്യം കൂടി. ഭൂസ്ഥിര ഓര്‍ബിറ്റിന്റെ സൈദ്ധാന്തികന്‍ ആര്‍തര്‍ സി ക്ലാര്‍ക്ക് 1975 ല്‍ ശ്രീലങ്കയില്‍ സ്ഥിരതാമസമാക്കിയുരുന്നു. സൈറ്റിന്റെ ഒരു സ്വീകരണിയും ടി.വിയും ISRO ശ്രീലങ്കയിലെ ക്ലാര്‍ക്കിന്റെ വസതിയിലും സ്ഥാപിച്ചുകൊടുത്തിരുന്നു  .

ഇടവേളയില്‍…

1892  നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യ ഏഷ്യന്‍ഗെയിംസിന് ആതിഥേയത്വം വഹിച്ചു. ഇന്ത്യക്കാര്‍ക്കും ഗെയിംസ് ആസ്വദിക്കാനെന്ന പേരില്‍ കളര്‍ ടെലിവിഷന്‍ പ്രക്ഷേപണം തുടങ്ങാന്‍ കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ്  മിനിസ്ട്രി തീരുമാനിച്ചു. (ശ്രീമതി ഇന്ദിരാഗാന്ധി വിദേശപര്യടനത്തിലായിരുന്ന സമയത്ത്, ഇനിയും കുറച്ച് കാലം ഇന്ത്യയില്‍ ബ്ലാക്ക് &വൈറ്റ് ടെലിവിഷന്‍ മതി എന്ന അവരുടെ കാഴ്ച്ചപ്പാടിനെ മറികടന്ന്,  ഇന്‍ഫോര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയും സീനിയറുമായിരുന്ന വസന്ത് സാഠേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുകയായിരുന്നു എന്ന് പറഞ്ഞു കേള്‍ക്കുകയുണ്ടായി). 50,000 എന്ന് ആദ്യം തീരുമാനിച്ചുവെങ്കിലും പിന്നീട് 1ലക്ഷം കളര്‍ ടിവി സെറ്റുകള്‍ ഇറക്കുമതി ചെയ്തു. 190% ഇറക്കുമതി ചുങ്കം കൊടുക്കാന്‍ വാങ്ങുന്നവര്‍ തയ്യാറായി! ദുബായ്, സിംഗപ്പൂര്‍, ഹോംങ്കോങ്ങ്, എന്നിവിടങ്ങളിലെ കളര്‍ ടിവി വില്‍ക്കുന്ന കടകള്‍ കാലിയായിപ്പോയെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതോടെ ഇന്ത്യയില്‍ ടെലിവിഷന്‍ മാര്‍ക്കറ്റ് വലിയ തോതില്‍ വളര്‍ന്നു. ടി.വി.ട്രാന്‍സ്മിഷന്‍ ടവറുകള്‍  35ല്‍ നിന്ന് 1982ല്‍ 100 ആയും 1990 ല്‍ 400ലധികമായും വര്‍ധിച്ചു.  1999ല്‍ ഡിജിറ്റല്‍ പ്രക്ഷേപണവും തുടങ്ങി.

ഹൈദരാബാദിലെ ECILല്‍‍ ടെലിവിഷന്‍ അസംബിള്‍ ചെയ്യുന്നു കടപ്പാട് : SAC/ISRO 

അത്യാധുനിക കംപ്രഷന്‍ / മോഡുലേഷന്‍ സാങ്കേതിക വിദ്യകള്‍ കൂടി വന്നതോടെ മുമ്പ് ഒരു ചാനല്‍ മാത്രം പ്രക്ഷേപണം ചെയ്യാന്‍ കഴിഞ്ഞിരുന്ന സാറ്റലൈറ്റിന്റെ ഒരു ട്രാന്‍സ്പോൺടറില്‍ കൂടി 16 ഹൈഡഫനിഷന്‍ പ്രോഗ്രാമുകളോ  (ചാനല്‍) 32 സ്റ്റാന്‍ഡേര്‍ഡ് ഡഫനിഷന്‍ ടെലിവിഷൻ ചാനലുകളോ  പ്രക്ഷേപണം ചെയ്യാമെന്നായി. എന്നാല്‍ നൂറു കണക്കിന് ചാനലുകള്‍ ഉണ്ടായപ്പഴും 1% പോലും വിദ്യാഭ്യാസ ചാനലുകള്‍ ഇല്ലായിരുന്നു. സയന്‍സ്, കാലാവസ്ഥ, വിദ്യാഭ്യാസം എന്നിവക്കായി അര്‍പ്പിത ചാനലുകല്‍ (dedicated channels) ഒന്നും തന്നെ ഇല്ലായിരുന്നു. ടെലിവിഷന്‍ കച്ചവടസിനിമയുടെയും സോപ്പ് – ഓപ്പറയുടേയും ഭൃത്യനായി അധപതിച്ചു.

അഹമ്മദാബാദിലെ എക്സ്പരിമെന്റല്‍ ഭൂകേന്ദ്രം കടപ്പാട് : SAC/ISRO

ഖേ‍ഡ കമ്മ്യൂണിക്കേഷന്‍ മുതല്‍ എഡ്യൂസാറ്റ് വരെ

അഹമ്മദാബാദിലെ സ്റ്റുഡിയോയും ഖേഡജില്ല (ഗുജറാത്ത്) യിലെ പിജ് ഗ്രാമത്തില്‍ സ്ഥാപിച്ച ട്രാന്‍സ്മിറ്ററും പ്രവര്‍ത്തന നിരതമായിരുന്നതിനാല്‍ ISRO, ഖേഡാ കമ്യൂണിക്കേഷന്‍ പ്രൊജക്ട് എന്ന പേരില്‍ ഖേഡാ ജില്ലയിലെ ചില ഗ്രാമങ്ങള്‍ക്കായി കൃഷി വിദ്യാഭ്യാസ സ്ത്രീ ഉന്നമന പ്രോഗ്രാമുകള്‍ തുടര്‍ന്നു. 1989ല്‍ ഖേഡാ കമ്യൂണിക്കേഷന്‍ പ്രൊജക്ടിനെ  ടെലി-വിദ്യാഭ്യാസം സമ്പൂര്‍ണമായി നടപ്പാക്കാനുദ്ദേശിച്ച് ഡെവലപ്‌മെന്റൽ എഡ്യുക്കേഷണല്‍ കമ്യൂണിക്കേഷന്‍ യൂണിറ്റ് (DECU) എന്ന സ്വതന്ത്രയൂണിറ്റാക്കി മാറ്റി. ഇതിന്റെ’  ഒരു പടി കൂടി  മുന്നോട്ട് എന്ന നിലയില്‍ 2004ൽ    എഡ്യുസാറ്റ് വിക്ഷേപിച്ചു. (ബോക്സ് കാണുക) വിദ്യാഭ്യാസത്തിനായി പൂര്‍ണ്ണമായും അര്‍പ്പിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യത്തെ ഉപഗ്രഹമാണ് എഡ്യുസാറ്റ്. ഇതുപയോഗിച്ച് നടത്തുന്ന ടെലി-എഡ്യൂക്കേഷൻ , ടെലി-മെഡിസിൻ  (Tele- Education & Tele Medicine)  പ്രോഗ്രാമുകളെ എഡ്യുസാറ്റ് പ്രോഗ്രാമുകള്‍ എന്ന് പൊതുവേ പറയുന്നു. മിക്ക സംസ്ഥാനങ്ങളിലും സ്റ്റേറ്റ് എഡ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഈ പ്രോഗ്രാമുകള്‍ നടത്തുന്നത്.

ഉപകരണമുപയോഗിച്ചുള്ള വിദ്യാഭ്യാസം എങ്ങനെ ?

വിക്ടേഴ്സ് 

സാറ്റലൈറ്റിലൂടെ ഏത് പ്രോഗ്രാമും പ്രക്ഷേപണം ചെയ്യാന്‍ ചിത്രത്തില്‍ കാണിച്ചതുപോലെയുള്ള സംവിധാനം വേണം. ഇങ്ങനെ സാറ്റലൈറ്റ് വഴിയോ , (കേബിള്‍ വഴിയോ) പ്രക്ഷേപണം ചെയ്യുന്ന നിശ്ചിത ബാന്‍ഡ് വീതി ഉപയോഗിക്കുന്ന സിഗ്നലുകളെ നാം സാധാരണയായി ചാനല്‍ എന്ന് പറയുന്നു. എഡ്യുസാറ്റ് പ്രോഗ്രാമിന്റെ ഭാഗമാണ് 2006ല്‍ വിക്‌ടേഴ്‌സ്   (Versatile ICT Enabled Resource for Students)  ചാനൽ തുടങ്ങിയത്.  വിക്ടേഴ്സ് ചാനലിലും റിസീവ് ഓണ്‍ലിയും ഇന്‍ററാക്ടീവും ആയ രണ്ടു തരം ടെര്‍മിനലുകള്‍ ഉണ്ട്.


എഡ്യുസാറ്റ്

ISRO യുടെ ജിസാറ്റ് ശ്രേണിയില്‍  ജിസാറ്റ് 3 ആയിരുന്നു എഡ്യുസാറ്റ് ഉപഗ്രഹം. 24 ട്രാന്‍സ് പോൺ ടറുകള്‍ ഉള്ള ഈ ഉപഗ്രഹം ഒരു മികച്ച കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ആയിരുന്നു. 2004 സെപ്റ്റംബര്‍ 20 ന് ഇന്ത്യയുടെതന്നെ ജി.എസ്.എല്‍.വി ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. സ്ഥാനം ഭൂസ്ഥിര ഓര്‍ബിറ്റില്‍ 74O കിഴക്ക്.  2010ല്‍ ജീവിതകാലം അവസാനിച്ചു. എഡ്യുസാറ്റ് ഉപയോഗിച്ചിരുന്ന ചാനലുകളെ ഇപ്പോള്‍ ഇന്‍സാറ്റ് -4 സി.ആര്‍, . ഇന്‍സാറ്റ് 3എ, ഇന്‍സാറ്റ് 3സി, ജിസാറ്റ് -18 എ എന്നീ ഉപഗ്രഹങ്ങളുടെ ട്രാന്‍സ് പോൺ ടറുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഒരു ഭൂകേന്ദ്രത്തില്‍ നിന്ന് പ്രോഗ്രാമുകള്‍ സ്വീകരിച്ച് അവയില്‍ ആവശ്യത്തിനുമാറ്റം  വരുത്തി ഭൂമിയിലേക്ക് പ്രക്ഷേപണം ചെയ്യുന്ന 35 മെഗാ  ഹെട്സ് ബാന്‍ഡ് വീതിയുള്ള ഉപകരണമാണ് ട്രാന്‍സ്മിറ്റര്‍ റെസ്പോണ്ടര്‍  എന്നതിന്റെ ചുരുക്കപ്പപേരായ  ട്രാന്‍സ് പോൺ ടറുകള്‍. ഉപഗ്രഹ  കമ്മ്യൂണിക്കേഷനും  പ്രക്ഷേപണത്തിനും S,C,X, Ku,K,Ka എന്നീ റേഡിയോ ആവൃത്തി ബാന്‍ഡുകള്‍ ഉപോഗിക്കുന്നു.


Leave a Reply