Read Time:21 Minute

ജിജോ പി ഉലഹന്നാന്‍

കോവിഡ്-19 ലോക്ക്ഡൗണുമായി കഴിയുന്ന സാഹചര്യം വന്നപ്പോൾ കുട്ടികളും അധ്യാപകരുമൊക്കെ നഷ്ട്ടപ്പെട്ട ദിനങ്ങൾ തിരിച്ചെടുക്കാൻ ഓൺലൈൻ മാർഗ്ഗങ്ങളിലേക്ക് മാറിയല്ലോ. വാട്സാപ്പ്, ടെലിഗ്രാം, യൂട്യൂബ്, സൂം, അങ്ങിനെ നീളുന്നു മാർഗ്ഗങ്ങൾ.  കുട്ടികൾ ഭൂരിഭാഗവും യൂട്യൂബ് ആണ് ഓൺലൈൻ ക്ലാസ്സ് റൂമിനേക്കാൾ തെരഞ്ഞെടുത്തത്. എന്നാൽ ഗൂഗിൾ കാസ്സ് റൂം എന്ന പ്ലാറ്റ്ഫോമിന് നമ്മുടെ പ്രത്യേക സാഹചര്യത്തിൽ പരിഗണന നൽകാവുന്നതാണ്. എല്ലാ കുട്ടികൾക്കും ലൈവ് ക്ലാസ്സിൽ പങ്കെടുക്കാനാവില്ല എന്നത് പരിഹരിക്കാനും, യൂട്യൂബും മറ്റ് പഠനോപാധികളും, ഓണ്‍ലൈൻ ടെസ്റ്റുകളും, മീറ്റിങ്ങുകളും ഇതിൽ ഒന്നിച്ച് ചേർക്കാം എന്നതാണ് കാരണം. അധ്യാപർക്ക് പോലും അവർ താമസിക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് ഡാറ്റ പ്രശ്നം ഉള്ളപ്പോൾ കുട്ടികളുടെ കാര്യം ഊഹിക്കാമല്ലോ. ലൈവായുള്ള ഓൺലൈൻ കാസ്സുകൾ നടത്തുക എല്ലാവരെയും പങ്കെടുക്കാൻ പറ്റിയ ഒന്നല്ല. മാത്രവുമല്ല നമ്മുടെ നാട്ടിൽ നിലവിൽ സ്കൂൾ, കോളേജ് തലങ്ങളിൽ വളരെ മികച്ച ഒരു ലേണിങ്ങ് പ്ലാറ്റ്ഫോം ലഭ്യവുമല്ല (സ്വകാര്യ ആപ്പുകൾ ഉണ്ടെങ്കിലും സാധാരണക്കാർക്ക് പ്രാപ്യമല്ല).

ഇതിൽ ചേർക്കാനായി വീഡിയോ എങ്ങിനെ ഉണ്ടാക്കുമെന്നത് ഒരു പ്രശ്നമാണ്. മൊബൈൽ ക്യാമറയിൽ റെക്കോർഡ് ചെയ്താൽ സൂപ്പറായി കിട്ടും. വീഡിയോ എഡിറ്റിങ്ങിനുള്ള സൗകര്യവും, കുറഞ്ഞ ബാൻഡ് വിഡ്ത്  മേഖലകളിൽ ഉള്ള കുട്ടികൾക്ക് റെൻഡറിങ് എന്നിവ പ്രശ്നമാണ്. ഇതിനൊരു പരിഹാരം സൂം പോലെയുള്ള ആപ്പുകളാണ്! പക്ഷേ ഇവ ഉപയോഗിക്കും മുന്നെ ഇത്തരം ആപ്പുകളുടെ സുരക്ഷ, പ്രവർത്തന സ്വീകാര്യത തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്.

ZOOM

വേഗത കുറഞ്ഞ സ്ഥലങ്ങളിൽ മികച്ച സേവനം നൽകുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സൂം തന്നെയാണ്. കാരണം അവർ ക്ലൗഡിലാണ് സേവനങ്ങൾ നൽകുന്നത്. ക്ലയന്റ് ആയി നിങ്ങളുടെ ലാപ്ടോപ്പിലും ഉണ്ടാവും. നേറ്റീവ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിനാലും, പീയർ നെറ്റ് വർക്ക് ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്ത് പ്രവർത്തിക്കുന്നതിനാലും ആർക്കും കുറഞ്ഞ ബാൻഡ്.വിഡ്തിലും സേവനം കിട്ടും. പക്ഷേ, നിങ്ങളുടെ ഡാറ്റ, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഒക്കെ അവരുടെ കൈവശമുണ്ടാവും. വിവാദങ്ങൾ വന്നതിനാൽ അവർ എൻഡ്-ടു-എൻഡ് എന്‍ക്രിപ്ഷൻ ഒക്കെ ഇപ്പോൾ കൊണ്ടു വന്നു. എന്നാലും അവർക്ക് നിങ്ങളൂടെ സിസ്റ്റത്തിൽ ഒരിടം കൊടുക്കേണ്ടി വരും. മൊബൈലിൽ ഇതത്ര വരില്ലാത്തതിനാൽ ഹോസ്റ്റ് ആയിരിക്കുന്നയാൾക്ക് കമ്പ്യൂട്ടറിൽ ഉള്ള എക്സ്പീരിയൻസ് ആയിരിക്കില്ല മൊബൈലിൽ. സൂമിന്റെ മീറ്റിങ്ങുകളിൽ ഹാക്കേഴ്സും, വൈകൃത സ്വഭാവക്കാരും നുഴഞ്ഞ് കയറിയത് ലോകം മുഴുവൻ അവർക്ക് നാണക്കേടൂണ്ടാക്കി.

ലോകത്തെമ്പാടുമുള്ളവർ പങ്കെടുക്കുന്ന ഒരു ലൈവ് സെഷൻ നമ്മൾ നടത്തുമ്പോൾ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഒന്നാമത് ഓരോ സ്ഥലത്തേയും Bandwidth, പിന്നെ സെക്യൂരിറ്റി, യൂസർ ഫ്രണ്ട്ലിനെസ്സ്, അങ്ങിനെ എല്ലാം അറിയണം. ചില സ്ഥലങ്ങളിൽ ഇന്റർനെറ്റിന് സെക്യൂരിറ്റി ഫിൽറ്ററുകളുണ്ടാവും. ചിലയിടങ്ങളിൽ ചില ആപ്പുകൾക്ക് വിലക്കുണ്ടാവും.

ജിറ്റ്സി മീറ്റ് (JITSI Meet)

സ്വകാര്യതയാണ് പങ്കെടുക്കുന്നവർ ഏറ്റവും മതിക്കുന്നതെങ്കിൽ ജിറ്റ്സി മീറ്റ് (JITSI Meet) എന്ന ആപ്പ് ഏറ്റവും മികച്ച ഒന്നാണ്. മികച്ച സുരക്ഷ, പീയർ-ടു-പീയർ നെറ്റ് വർക്കിന്റെ സ്വകാര്യത, ബ്രൗസറിൽ നിന്നുള്ള പ്രവർത്തനം ഒക്കെ ഇതിനുണ്ട്. പക്ഷേ, സൂമിന്റെ അപേക്ഷിച്ച് വളരെ കൂടിയ ബാൻഡ്.വിഡ്ത് വേണം. ജിറ്റ്സിയുടെ ബ്രൗസർ എക്സ്പീരിയൻസും അത്ര പോര, ജാവാസ്ക്രിപ്റ്റ് വെബ് ആപ്പ് നേറ്റീവ് ആപ്പായി പാക്ക് ചെയ്ത് ലഭ്യമാക്കൂന്നു എന്നുള്ള പ്രശ്നങ്ങളുമുണ്ട്. കസ്റ്റമൈസ് ചെയ്യാനും ചില്ലറ പ്രശ്നങ്ങളുണ്ട്.

ഇതുമായി താരതമ്യം ചെയ്താൽ സൂം വളരെ നന്നായി ഒപ്റ്റിമൈസ് ചെയ്ത നേറ്റീവ് ആപ്പ് ലഭ്യമാക്കുന്നതിനാൽ കുറഞ്ഞ Bandwidth-ൽ സാധാരണ യൂസർക്ക് നല്ല ഇന്റർഫേസും വീഡിയോ കോൺഫറൻസിങ്ങും സൂം ലഭ്യമാക്കുന്നു. എന്നാൽ ജിറ്റ്സി ഇൻസ്റ്റാൾ ചെയ്യാതെ ഇന്റർനെറ്റ് ബ്രൗസറിൽ നിന്ന് ഉപയോഗിക്കാമെന്നതും, അനോണിമസ് ആയി മീറ്റിങ്ങുകളിൽ പങ്കെടുക്കാമെന്നതും ഒരു സൗകര്യങ്ങളാണ്.

ബ്ലൂജീൻസ് (BlueJeans)

സൂമിന്റെ അതേ അനുഭവം തരുന്ന മറ്റൊരാപ്പാണ് ബ്ലൂജീൻസ് (BlueJeans). ഡോൾബി ഓഡിയൊ നൽകുന്ന ബ്ലൂജീൻസിന്റെ ശബ്ദ മികവ് മറ്റൊരാപ്പിനും നൽകാനാവില്ല. എന്നാലിവടെയും ഡാറ്റ അധികമെന്ന പ്രശ്നം. എന്നാൽ പങ്കെടുക്കുന്നവർ ഭൂരിഭാഗവും വീഡിയോ ഓണാക്കാറില്ലെന്നതിനാൽ ബ്ലൂജീൻസ് നല്ലൊരു ഓപ്ഷനാണ്. മികച്ച ഇന്റർഫേസ്, എഴുതാൻ വൈറ്റ്ബോർഡ്, റെക്കോർഡിങ്ങ് എന്നീ സൗകര്യങ്ങളെല്ലാം ബ്ലൂജീൻസ് നൽകുന്നു. ക്രിഷ്, അളഗു എന്നീ രണ്ട് ഇന്ത്യാക്കാർ ചേർന്ന് ഏകദേശം ആറു മാസം കൊണ്ട് വികസിപ്പിച്ചതാണീ അപ്പ്!

ഇനി സ്വന്തമായി ഒരു ആപ്പോ, സെർവറോ വേണമെങ്കിൽ ജിറ്റ്സി ഒരു പത്ത് മിനുട്ട് കൊണ്ട് സെർവറിൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തനക്ഷമമാക്കാം. വെബ്.ആർടിസി എന്ന 2018-ൽ പുറത്തിറങ്ങിയ ഓപ്പൺ സോഴ്സ് പ്രോജക്ട് ഉപയോഗിച്ച് ആർക്കും ഒരു ആപ്പ് ഉണ്ടാക്കാവുന്നതേയുള്ളു. ഇപ്പോൾ, ജിറ്റ്സി, സൂം, ബ്ലൂജീൻസ് ഇവയൊക്കെ ഈ പ്രോജക്ട് ആണ് ഉപയോഗിക്കുന്നത്. ഡൗൺലോഡ്സും, നേറ്റീവ് ആപ്പുകളും ഇല്ലാതെ മാനേജ് ചെയ്യാൻ ഇത് വഴി സാധിക്കും. ഇതിനെ ബേസ് ചെയ്തൊരു മികച്ച പ്രോഡക്ട് ഉണ്ടാക്കാൻ അല്പം കഷ്ടപ്പെടേണ്ടി വരും. കാരണം ഇതിൽ കമ്പ്രഷൻ സ്റ്റാക്കുകൾ വിളക്കിച്ചേർക്കുക എന്നത് അല്ലം ശ്രമകരമാണ്. ജിറ്റ്സിയാവട്ടെ DTLS SRTP എൻക്രിപ്ഷൻ കൂടി ചേർക്കുന്നതിനാൽ ബാൻഡ്.വിഡ്ത് തിന്നു തീർക്കും.

കസ്റ്റമർ എക്സ്പീരിയൻസും സെക്യൂരിറ്റിയും തമ്മിലൊരു ബലാബലം ഉണ്ടാവുമ്പോൾ നമ്മുടേത് പോലൊരു നാട്ടിൽ ഇന്റർനെറ്റ് സ്പീഡിനു മുന്തിയ പരിഗണന നൽകേണ്ടി വരുന്നു. വിപിഎൻ പോലുള്ള സൗകര്യങ്ങൾ, ചില രാജ്യങ്ങളിൽ പല ആപ്പുകൾക്കുമുള്ള നിയന്ത്രണങ്ങൾ ഇവയൊക്കെ ഒരു ആപ്പ് സെലക്ട് ചെയ്യുമ്പോൾ പരിഗണിക്കേണ്ടതുണ്ട്.

ഒരു മികച്ച സിസ്റ്റം കീപ്പ് ചെയ്യണമെങ്കിൽ നല്ല പണച്ചെലവുമുണ്ട്. അവിടെയാണ് സൂം അവരുടെ സൗജന്യ സേവനത്തിലൂടെ നൂറ് പേർക്ക് വരെ 45 മിനുട്ട് നീളുന്ന സേവനം സൗജന്യമായി നൽകിയത്. ഇതിൽ ആളുകളുടെ പ്രൈവസി, ഹാക്കിങ്ങ്, വ്യക്തിഗത ഡാറ്റാ വില്പന എന്നിങ്ങനെ പല ആരോപണങ്ങൾ നേരിടേണ്ടി വന്നതോടെ പരുങ്ങലിലായ സൂം ഇപ്പോൾ എൻക്രിപ്ഷൻ ഒക്കെ ഏർപ്പാടാക്കി വന്നിട്ടുണ്ട്. എങ്കിലും ഒരു സീംലെസ്സ് അനുഭവത്തിന് ഗൂഗിൾ മീറ്റ് അനുയോജ്യമാണ്. അതു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് സ്കൈപ്പും. സ്ക്രീൻ ഷെയറിങ്ങ് ഓപ്ഷൻ ഇതിലുണ്ട്.

ഗൂഗിൾ ഹാങ്ങൗട്ട് (Google Hangout)

ഗൂഗിൾ ഹാങ്ങൗട്ട് (Google Hangout) – 25 പേരിൽ താഴെയുള്ള ഗ്രൂപ്പിന് വളരെ കുറഞ്ഞ ഡാറ്റ ഉപയോഗത്തിൽ മികച്ച ഗ്രൂപ്പ് കോൺഫറൻസിങ്ങ് അനുഭവം തരുന്ന ഒരു ആപ്പാണിത്. സ്ക്രീൻ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. റെക്കോർഡ് ചെയ്യാനുള്ള സൗകര്യമില്ല.

ഗൂഗിൾ ഹാങ്ങൗട്ട് മീറ്റ് (Google Hangout Meet) – 100 പേർ മുതൽ മുകളിലോട്ടുള്ള ഗ്രൂപ്പുകളിൽ ഉപയോഗിക്കാവുന്ന, വളരെ കുറഞ്ഞ ഡാറ്റ ഉപയോഗത്തിൽ മികച്ച ഗ്രൂപ്പ് കോൺഫറൻസിങ്ങ് അനുഭവം തരുന്ന ഒരു ആപ്പാണിത്. സ്ക്രീൻ ഷെയർ ചെയ്യാനുള്ള ഓപ്ഷനുള്ള ഈ അപ്പ പക്ഷേ, ഗൂഗിൾ കോർപ്പൊറേറ്റ് സേവനമായ ജിസ്യൂട്ടിന്റെ ഭാഗമാണ്. ഗൂഗിൾ കലണ്ടറിലും മറ്റും മീറ്റുകൾ ഷെഡ്യൂൾ ചെയ്ത് സ്ഥാപനത്തിലുള്ളവരുമൊക്കെയായി മീറ്റിങ്ങുകൾ നേരത്തെ പ്ലാൻ ചെയ്ത് വയ്ക്കാം എന്നത് ഇതിന്റെ ഗുണമാണ്. ജിസ്യൂട്ട് ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിന്റെ സേവനം സൗജന്യമായി ലഭിക്കും. കൂടാതെ, ഗൂഗിൾ ക്ലാസ്സ്.റൂം ആപ്പിൽ ഇത് ഇന്റഗ്രേറ്റ് ചെയ്യാനുമാവും. 250 പേർക്ക് വരെ മീറ്റ് ചെയ്യാവുന്ന രീതിയിൽ ഇതിന്റെ സേവനം ലഭ്യമാക്കുമെന്ന് ഗൂഗിൾ അനൗൺസ് ചെയ്തതാണ് ലേറ്റ്സ്റ്റ് വാർത്ത! മൈക്രോസോഫ്റ്റ് സ്കൈപ്പും, ഫേസ്ബുക്ക് മെസഞ്ചറും മുന്നോട്ട് വച്ച സേവനങ്ങളെ മറികടക്കുകയാണ് ലക്ഷ്യം എന്നത് വ്യക്തം.

ഫേസ്ബുക്ക് മെസഞ്ചർ റൂംസ് (Facebook Messenger Rooms)

സൂമിനു പറ്റിയ അബദ്ധം മുതലെടുത്ത് ഫേസ്ബുക്ക് ഏപ്രിൽ 24 2020 മുതൽ അവതരിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ്ങ് ആപ്പാണ് മെസഞ്ചർ റൂംസ്. 50 പേർക്ക് ഒരേ സമയം വെബ് കോൺഫറൻസിങ്ങ് സാധിക്കുന്ന ഇതിന്റെ ആപ്പ് ഈ വരുന്ന ദിവസങ്ങളിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. ഫേസ്ബുക്ക് അക്കൗണ്ടില്ലാത്തവർക്കും ഇത് ഉപയോഗിക്കാനാവുമെന്ന് പറയപ്പെടുന്നു. നിലവിൽ ഫേസ്ബുക്ക് മെസഞ്ചർ തുറന്ന് വീഡിയോ കോൾ നടത്തിയാൽ 50 പേരെ വരെ ചേർത്ത് സംസാരിക്കാം. നല്ല വീഡിയോ, ഓഡിയോ ക്ലാരിറ്റി ഇത് ഉണ്ടെൻ ഞാൻ നടത്ത്യ ടെസ്റ്റ് കോളൂകളിൽ നിന്ന് മനസ്സിലായി. അവരുടെ മറ്റ് ആപ്പുകളായ വാട്സാപ്പ്, ഇൻസ്റ്റഗ്രാം, പോർട്ടൽ എന്നിവടങ്ങളിലെല്ലാം ഫേസ്ബുക്ക് ആപ്പിനൊപ്പം എന്ന പോലെ മെസഞ്ചർ റൂംസും ഭാവിയിൽ ചേർക്കപ്പെടൂമെന്നത് അവർക്ക് കൂടുതൽ വിസിബിലിറ്റിയും, സ്വീകാര്യതയും നൽകാനിടയുണ്ട്. എന്നാലിതിൽ എൻഡ്-ടു-എൻഡ് എൻ.ക്രിപ്ഷൻ ഉണ്ടാവില്ലാ എന്നതൊരു ന്യൂനതയായിരിക്കും,

സിസ്കോ വെബെക്സ് (Cisco Webex)  – കമ്പനികൾക്കും മറ്റും വീഡിയോ കോൺഫറൻസിങ്ങ് സേവനം നൽകാനായി സിസ്കോ നൽകുന്ന ഒരു ഉൽപ്പന്നമാണിത്. നല്ല ഇന്റർഫേസ് ഒക്കെയുണ്ടെങ്കിലും പല കാര്യങ്ങളും കസ്റ്റമൈസ് ചെയ്യാൻ എല്ലാവർക്കും എളുപ്പത്തിൽ കഴിയണമെന്നില്ല.

മൈക്രോസോഫ്റ്റ് ടീംസ് (Microsopft Teams) – കോർപ്പറേറ്റ് കമ്മ്യൂണിക്കേഷന്റെ മറ്റൊരു രൂപം. കോവിഡ് കാലത്ത് ഈ ആപ്പ് സേവനം സൗജന്യമാണെന്നത് വാർത്തയായിരുന്നു.

ദിക്ഷ (DIKSHA) – നാഷണൽ കൗൺസിൽ ഫോർ ടീച്ചർ ഏജ്യൂക്കേഷൻ നൽകുന്ന ഒരു ടീച്ചിങ്ങ് പ്ലാറ്റ്ഫോം ആയ ദിക്ഷ. എന്നാലിതിലും നന്നായി കോവിഡ്-19 കാലത്ത് തോന്നിയത് നാഷണൽ ഡിജിറ്റൽ ലൈബ്രറി (NDL) വഹിയുള്ള ക്ലാസ്സുകളാണ്.

ബിഗ് ബ്ലൂ ബട്ടൻ (BigBlueButton) – മൂഡിൽ ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റവുമായി ഇന്റഗ്രേറ്റ് ചെയ്യാവുന്ന ഇതും നല്ലൊരു ആപ്പാണെങ്കിലും, ലേണിങ്ങ് കർവ്, Bandwidth എന്നിവ പ്രശ്നമാണ്. ഗോടുമീറ്റിങ്ങ് എന്നൊരാപ്പും നിലവിലുണ്ട്.

ഫേസ്ബുക്ക് വർക്പ്ലേസ് (Facebook Workplace): ബിസിനസ്സ് കമ്മ്യൂണിക്കേഷനായി ഒരു ഫേസ്ബുക്ക് എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ വീഡിയോ കോൺഫറൻസിങ്ങ് ആപ്ലിക്കേഷനാണിത്.  ജിസ്യൂട്ട്, സെയിൽസ്ഫോഴ്സ്, ഓഫീസ് 365, ഡ്രോപ്ബോക്സ്, സർവെമങ്കി പോലുള്ള കോളാബൊറേഷൻ ടൂളുകളുമായി ലിങ്ക് ചെയ്യാവുന്ന ഇതിന്റെ ഫ്രീ വേർഷൻ കിട്ടണമെങ്കിലും ബിസിനസ്സ് ഇമെയിൽ വേണം.

സ്ലാക്ക് (Slack), സ്കൈപ്പ് (Skype) ഫോർ ബിസിനസ്സ് എന്നിവയും മീറ്റിങ്ങുകൾക്ക് ഉപകരിക്കുമെങ്കിലും ഉദ്ദേശങ്ങൾ വ്യത്യസ്തങ്ങളാണ്.

ഓഡിയോ മാത്രം: ഓഡിയോ ലെക്ചർ മാത്രം മതിയെങ്കിൽ ഓൺലൈൻ റേഡിയോകൾ, പോഡ്കാസ്റ്റുകൾ എന്നിവ മികച്ച മാധ്യമങ്ങളാണ്. ഒരു ഇന്റർനെറ്റ് റേഡിയോ, പോഡ്കാസ്റ്റ് ചാനൽ എന്നിവ ഡൊമൈൻ സ്വന്തമായുള്ള ആർക്കും തുടങ്ങാം. കോപ്പിറൈറ്റ് ഇല്ലാത്ത കാര്യങ്ങളേ ഷെയർ ചെയ്യുന്നുള്ളൂ എങ്കിൽ, നിസാര ചെലവിൽ ഇത് പ്രവർത്തിപ്പിക്കാം.

ഒരു പ്രായോഗിക സമീപനം

വീഡിയോ ലെക്ചർ തയ്യാറക്കാൻ സൂം ആപ്പിൽ സ്വയം സ്ലൈഡുകൾ ഇട്ട് ഷെയർ ചെയ്ത് റെക്കോർഡ് ചെയ്ത് ലെക്ചറുകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യാം. ലൈവ് ക്ലാസ്സ് ചെയ്യുന്നില്ലെങ്കിൽ, ഇത് പഠിപ്പിക്കുന്ന കുട്ടികൾ ഗൂഗിൾ ക്ലാസ് റൂമിൽ ചേർത്തും, ടെലിഗ്രാം ഗ്രൂപ്പ് വഴിയും ഒക്കെ പങ്ക് വക്കാം. മറ്റാരുമായും മീറ്റ് ചെയ്യാത്തതിനാൽ സൂമിന്റെ പ്രൈവസി പ്രശ്നങ്ങൾ ഒഴിവാക്കാനായതിനൊപ്പം, അവരുടെ മികച്ച വീഡിയോ റെക്കോർഡിങ്ങ് + കമ്പ്രഷൻ ടെക്നിക്ക് വച്ച് 30 മിനുട്ടിന്റെ വീഡിയോ ഒക്കെ ഒരു എഡിറ്ററിന്റെയും സഹായമില്ലാതെ കുറഞ്ഞ സൈസിൽ നല്ല റസലൂഷനിൽ കിട്ടും. ലാപ്പ്ടോപ്പ് ക്യാമറയും മൈക്കും വച്ച് നല്ല വീഡിയോ ഉണ്ടാക്കാം. മൊബൈൽ ക്യാമറയ്ക്ക് ഇതിലും നല്ല വീഡിയോ ഉണ്ടാക്കാൻ കഴിയുമെങ്കിലും, പ്രസൻസ്റ്റേഷൻ, സ്ക്രീൻ ഷെയറിങ്ങ് എന്നിവ പ്രയാസമാണെന്ന് മാത്രമല്ല, വീഡിയോ സൈസ് മാനേജ് ചെയ്യാൻ വളരെ പ്രയാസമാണ്.

ഇനി മൊബൈൽ, ഐപാഡ്,  ലാപ്ടോപ്പ് എന്നിവയൊക്കെ വച്ച് വീഡിയോ ലെക്ചറുകൾ തയ്യാറാക്കാൻ സ്ക്രീൻ റെക്കോർഡർ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാവുന്നതാണ്. അത്തരം ഒരെണ്ണമാണ് ഓപ്പൺ ബ്രോഡ്കാസ്റ്റ് സ്റ്റുഡിയോ (Obs Studio) എന്നത്. തീർത്തും ഫ്രീ ആയ ഈ സോഫ്റ്റ്വെയർ വളരെ വേഗം പഠിച്ചെടുത്ത് മികച്ച വീഡിയോ ലെക്ചറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കാം. സൂം പോലെ മീറ്റിങ്ങ് തീരുന്നത് വരെ കാത്തിരിക്കുകയും, റെക്കോർഡിങ്ങ് സമയത്ത് ഇന്റർനെറ്റ് ആവശ്യമില്ല എന്നതും, വളരെ വേഗം വീഡിയോ സേവ് ആകുമെന്നതുമൊക്കെ ഇതിന്റെ മികച്ച കാര്യങ്ങളാണ്. ഇതിന് നിങ്ങളുടെ സ്ക്രീനിൽ പ്ലേ ചെയ്യുന്ന സ്ലൈഡുകൾ, ആനിമേഷൻ, നോട്ടുകൾ എന്തുമാവട്ടെ, എല്ലാം കാപ്ചർ ചെയ്യാൻ സാധിക്കും. എങ്കിലും സൂം തരുന്നത് പോലെ കമ്പ്രസ്സ് ചെയ്ത വീഡിയോ കിട്ടില്ല. അതിനു വേറെ ടൂളുകൾ ഉപയോഗിക്കേണ്ടി വരും. വീഡിയോ എഡിറ്റിങ്ങിന് പറ്റിയ വേറൊരു മാർഗ്ഗമാണ് ഓപ്പൻ ഷോട്ട് (Open Shot).

വോയിസ് മികച്ച രീതിയിൽ എഡിറ്റ് ചെയ്ത് നല്ല ക്വാളിറ്റിയിൽ അപ്ലോഡ് ചെയ്താൽ ആർക്കും ഒരു ഓൺലൈൻ ടീച്ചറാവാം. എന്നാൽ നന്നായി സ്ക്രിപ്റ്റ് ചെയ്തിട്ട് ഒരു മിനുട്ടിൽ 40-50 വാക്കുകൾ എന്ന വേഗതയിൽ സംസാരിക്കുന്നത് ലെക്ചർ മികച്ചതാക്കും. അതു പോലെ റെക്കോഡ് ചെയ്യുമ്പോൾ വെളുത്തതോ മറ്റോ ആയ ഒറ്റ നിറത്തിലുള്ള ഒരു ഭിത്തി പശ്ചാത്തലത്തിൽ വരുന്നത് വീഡിയോ കൂടുതൽ നന്നാക്കും. ധരിക്കുന്ന വേഷം മോറെ പാറ്റേൺ (Moire Pattern) ഉണ്ടാക്കാത്ത തരത്തിൽ ഉള്ളതും, പശ്ചാത്തലത്തിൽ നിന്നും വേറിട്ട് നിൽക്കുന്നതുമാകാൻ ശ്രദ്ധിക്കുക. സ്റ്റ്രൈപ്സ് ഉള്ള വേഷം ഒഴിവാക്കി ഒറ്റ നിറം ആകുന്നത് നന്നായിരിക്കും.

ഇനി വളരെ ലളിതമായ രീതിയിൽ ഒരു ലെക്ചർ ചെയ്യാൻ, പവർ പൊയിന്റ്/ ഗൂഗിൾ സ്ലൈഡ്സ്/ ലിബ്രെ ഓഫീസ് ഇമ്പ്രസ്സ്/ ആപ്പിൾ കീനോട്ട് എന്നിവയിൽ ഏതാണോ നിങ്ങൾക്കുള്ളത്, അതിൽ ലെക്ചർ പ്രസന്റേഷൻ തയ്യാറാക്കിയിട്ട് അതിൽ സ്വന്തം ശബ്ദത്തിലുള്ള ഒരു വിവരണം ചേർത്ത് വാട്സാപ്പിലോ, ടെലിഗ്രാമിലോ, അല്ലെങ്കിൽ സ്ലൈഡ്ഷെയർ വഴിയോ മറ്റുള്ളവർക്ക് അയച്ച് കൊടുക്കാം. ഓൺലൈൻ ക്ലാസ്സ് വേണമെങ്കിൽ ഗൂഗിൾ മീറ്റ് ഉപയോഗിക്കാം. കുട്ടികൾക്ക് സ്വന്തം ഫോണിൽ ഒരു ആപ് ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ഇതിൽ എളുപ്പം ചേരാം. ഡാറ്റ കുറച്ചേ എടുക്കൂ. ഗൂഗിൾ ക്ലാസ് റൂമിനും ഇത് പോലെ ആപ്പ് ഉണ്ട്.

എല്ലാത്തിനുമുപരി നൂറ് ശതമാനം കുട്ടികളെയും ഓൺലൈൻ ക്ലാസ്സിലെത്തിക്കാനാവില്ല എന്നതായിരിക്കും അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം!

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 2
Next post കോവിഡും കേരളവും: പ്രതിസന്ധിയും അതിജീവനവും
Close