Read Time:10 Minute

dr shilpa vs

ഡോ. ശില്പ വി എസ്

സൈക്യാട്രിസ്റ്റ് , സർക്കാർ മാനസികാരോഗ്യ കേന്ദ്രം. കോഴിക്കോട്.

“കുട്ടികളിൽ ആത്മഹത്യാപ്രവണത കാണാറില്ല , അല്ലെങ്കിൽ അങ്ങനെയൊന്നും സംഭവിക്കില്ല “എന്ന ചിന്ത തെറ്റാണ്. മുതിർന്നവരെ പോലെ കുട്ടികളിലും ആത്മഹത്യകൾ കാണാറുണ്ട്.  നമ്മളറിയുന്ന ആത്മഹത്യ ചെയ്ത കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ആത്മഹത്യാപ്രവണതയുള്ളവരും, അതിനു ശ്രമിച്ചു പരാജയപെട്ടവരും എന്ന് മനസിലാക്കണം . അതുകൊണ്ട് തന്നെ ഈ വിഷയം ഒരു കാരണവശാലും നിസ്സാരമായി തള്ളിക്കളയരുത്.

കുട്ടികളിലും ആത്മഹത്യ – കാരണങ്ങൾ

മുതിർന്നവരുടെ കാര്യത്തിൽ എന്ന പോലെ കുട്ടികളിലും ആത്മഹത്യയ്ക്ക് കാരണം പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക കാര്യം മാത്രം എന്ന് ചൂണ്ടിക്കാണിക്കാൻ കഴിയാറില്ല, പല കാര്യങ്ങളുടെ സങ്കിർണ്ണമായ ഇടപെടലുകൾ കാണാൻ കഴിയും. അതുകൊണ്ടു തന്നെ ആത്മഹത്യകൾ തടയണമെങ്കിൽ ഇക്കാര്യങ്ങളിൽ ഓരോന്നിലും എന്തെല്ലാം ചെയ്യണം എന്നു തീരുമാനിക്കണം .

ഓരോ കുട്ടിയും വ്യത്യസ്തൻ/വ്യത്യസ്തയാണ് . അവരുടെ സാമൂഹികസാഹചര്യങ്ങളും വൈകാരിക അവസ്ഥകളും വ്യത്യസ്തമാണ്. അത് കൊണ്ട് താരതമ്യം ചെയ്‌യരുത് . “ഇതൊരു മതിയായ കാരണമാണോ?” എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. കുട്ടിയുടെ മാനസിക-സാമൂഹിക പരിസരം മനസ്സിലാക്കുക എന്നതാണ് പ്രധാനം.

ചില സാഹചര്യങ്ങളിൽ വളരുന്ന കുഞ്ഞുങ്ങൾക്ക് മാനസിക സമ്മർദ്ദം കൂടുതലാണ്. ഉദാഹരണത്തിന് സാമ്പത്തികമായ പ്രശ്നങ്ങൾ ഉള്ള കുടുംബങ്ങളിൽ ഉള്ളവർ, സ്ഥിരമായി പ്രശ്നങ്ങളുള്ള കുടുംബങ്ങളിൽ നിന്നുമുള്ളവർ, ശാരീകവും , മാനസികവും, ലൈംഗികവുമായ പീഡനങ്ങൾ ഉണ്ടായിട്ടുള്ളവർ, ലഹരിക്കടിമപെട്ട മാതാപിതാക്കൾ, മാതാപിതാക്കളിൽ ആർക്കെങ്കിലും മാനസികരോഗമുള്ളവർ, മാതാപിതാക്കളിൽ ആരെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവർ, ശാരീരികമായോ മാനസികമായോ ഏതെങ്കിലും ബുദ്ധിമുട്ടുള്ളവർ, കുടുംബത്തിലാരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കിക്കുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുള്ളവർ, ലഹരിയുപയോഗിക്കുന്ന കുഞ്ഞുങ്ങൾ തുടങ്ങിയവർ (പ്രത്യേകിച്ചും കൗമാരപ്രായക്കാർ). ഇവയോരോന്നും പ്രത്യേകം പ്രത്യേകം കാരണങ്ങൾ ആയേക്കാമെങ്കിലും, ഇവ പലപ്പോഴും തമ്മിൽ തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നവയുമാണ്. മാത്രമല്ല അവയുണ്ടാക്കുന്ന സാമൂഹികമായ ഒറ്റപ്പെടുത്തലും അപമാനവും അപകട സാധ്യത വർധിപ്പിക്കും .

ഇവയൊന്നും ഇല്ലെങ്കിലും കൂടി വിഷാദരോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. നീണ്ടു നിൽക്കുന്ന വിഷാദം, മുൻപ് ചെയ്ത കാര്യങ്ങളിൽ താല്പര്യം കാണിക്കാതിരിക്കൽ, അകാരണമായ ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ വിഷാദത്തിന്റെ ലക്ഷണങ്ങൾ ആവാം . പെരുമാറ്റത്തിൽ ഉണ്ടാവുന്ന വ്യതാസങ്ങൾ, കരച്ചിൽ, പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരിക്കുക , ഭാവിയെ കുറിച്ച് പ്രതീക്ഷകൾ ഇല്ല എന്ന് പ്രകടിപ്പിക്കുക, മരണത്തെ കുറിച്ച് സംസാരിക്കുക, പ്രിയപ്പെട്ട വസ്തുക്കൾ മറ്റുള്ളവർക്ക് നൽകുക, ആത്മഹത്യാകുറിപ്പുകൾ എഴുതുക (എഴുത്തുകളായോ, സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയോ, ഇ മെയിൽ ആയോ ഏതെങ്കിലും വിധത്തിൽ ), ഉൾ വലിഞ്ഞ പോലെ കാണപ്പെടുക ,പതിവില്ലാത്ത ദേഷ്യം എന്നിവയും ശ്രദ്ധിക്കണം . ഒരിക്കലും ഈ ലക്ഷണങ്ങൾ അവഗണികരുത്. ചില വ്യക്തിത്വ വൈകല്യങ്ങളും ആത്മഹത്യാപ്രവണത ഉണ്ടാക്കാറുണ്ട്.

മേൽപ്പറഞ്ഞ പട്ടിക പൂർണ്ണമല്ല . ഏതു തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളും കുട്ടികളുടെ മാനസിക സമ്മർദ്ദം കൂടാനുള്ള കാരണങ്ങൾ ആവാറുണ്ട് . അത് ടീച്ചര്‍മാരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. തുടർച്ചയായി ഉണ്ടാകുന്ന തലവേദന, വയറുവേദന, ഛർദ്ദി, ഇടയ്ക്കിടയ്ക്ക് തലക്കറങ്ങി വീഴുകയോ അപസ്മാരം പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്യുക തുടങ്ങിയവ ചിലപ്പോൾ മാനസികസമർദ്ദത്തിന്റെ ലക്ഷണങ്ങളാകാം.

ഇവ മാത്രമല്ല തുടർച്ചയായ പരിശോധനകളിൽ മറ്റു കാരണങ്ങൾ കണ്ടെത്താൻ കഴിയാത്ത ശാരീരികരോഗ ലക്ഷണങ്ങൾ ഏതെങ്കിലുമുണ്ടെങ്കില്‍ അത് മാനസികരോഗമാകാനുള്ള സാധ്യത അന്വേഷിക്കണം.

കുട്ടികളിലും ആത്മഹത്യ – പരിഹാരമാർഗ്ഗങ്ങൾ

ദൃഢമായ കുടുംബബന്ധങ്ങളും, സൗഹൃദങ്ങളും, അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഊഷ്മളമായ ഇടപെടലുകളും ഒരു പരിധി വരെ കുട്ടികളുടെ സമ്മർദ്ദം കുറയ്ക്കുകയും, ആത്മഹത്യകൾ തടയുകയും ചെയ്‌യാറുണ്ട്. ഇവയെ സംരക്ഷണഘടകങ്ങൾ എന്നും പറയാം . എന്നാൽ വിഷാദരോഗത്തിന് ഇതൊന്നും പോര. ശരിയായ വിദഗ്ദ്ധ ചികിത്സ തന്നെ ആവശ്യമാണ് . മരുന്നുകളും സൈക്കോതെറാപ്പിയുമാണ് ചികിത്സകൾ.

സ്കൂളിലോ വീട്ടിലോ ഉണ്ടാവുന്ന എന്തെങ്കിലും പ്രത്യേകസംഭവങ്ങളോ, അപമാനമോ, സൗഹൃദത്തിലും പ്രണയത്തിലും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളോ ഒക്കെ മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം . മേല്പറഞ്ഞ പോലെയുള്ള സാഹചര്യങ്ങൾ കാരണം സമ്മർദ്ദം കൂടുതലും , സംരക്ഷണഘടകങ്ങൾ കുറവും ആണെങ്കിൽ ചിലപ്പോൾ ആത്മഹത്യകൾ ഉണ്ടാകാം .ഏതു തരത്തിലുള്ള ആത്മഹത്യാസൂചനകളും ഗൗരവമായി തന്നെയെടുക്കണം. അതുപോലെ തന്നെയാണ് ആത്മഹത്യാശ്രമങ്ങളും. അവ എത്ര നിസ്സാരം എന്ന് തോന്നിപ്പിക്കുന്നതാണെങ്കിൽ കൂടി . “വെറുതെ പറയുന്നതാണ്, ഒന്നും ചെയ്യില്ല” എന്നു കരുതരുത് . മറ്റൊരു സൂചന നൽകാതെ അവർ ആത്മഹത്യ ചെയ്തേക്കാം . ഇനി ആത്മഹത്യ ചെയ്യാൻ ഉദ്ദേശ്യം ഇല്ലെങ്കിൽ കൂടി അത്തരം സൂചനകൾ അർത്ഥമാക്കുന്നത് ആ വ്യക്തിക്ക് സഹായമോ, പിന്തുണയോ , വിദഗ്ദ്ധചികിത്സായോ ആവശ്യമായേക്കാം എന്നതാണ്. ഇതിൽ ഏതാണെങ്കിലും സംഗതി ഗുരുതരമാണല്ലോ.
മറ്റാരെങ്കിലും ആത്മഹത്യ ചെയ്ത കാര്യമോ, ശ്രമിച്ച കാര്യമോ വിശദാംശങ്ങളോടു കൂടി വർണ്ണിക്കുന്നത് ഒഴിവാക്കണം . ചില കുട്ടികളിലെങ്കിലും അത് പ്രേരണ ഉണ്ടാക്കിയേക്കാം .
ആത്മഹത്യയെക്കുറിച്ചു സംസാരിച്ചാൽ താൻ ഒറ്റപെടുമോ എന്ന ഭയം കാരണം കുട്ടികൾ തുറന്നു പറയാതിരിക്കാം. അതു കൊണ്ടു തന്നെ അവർക്കു കാര്യങ്ങൾ തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ടീച്ചർമാരും രക്ഷിതാക്കളും ചെയ്യേണ്ടത് . കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ഒഴിവാക്കുക . “ധൈര്യമില്ലാത്തതു കൊണ്ടാണ് “, “ഭീരുത്വം ആണ് “, “മരിക്കുന്നതു തന്നെയാണ് നല്ലത് …” എന്നിങ്ങനെയുള്ള പരാമർശങ്ങൾ പൊതുവിൽ ഒഴിവാക്കണം. അങ്ങനെ സംസാരിക്കുന്ന ഒരാളോട് സ്വന്തം പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഒരാളും ഇഷ്ടപെടില്ലല്ലോ, കുട്ടികൾ പ്രത്യേകിച്ചും. സ്കൂളുകൾ കേന്ദ്രികരിച്ചു മാനസികാരോഗ്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്ന പരിപാടികൾ , പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോട് പറയാം, എങ്ങനെ അവരെ സമീപിക്കാം എന്നിവയെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കൽ എന്നിവ സംഘടിപ്പിക്കാവുന്നതാണ്. പറയുന്ന കാര്യങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തും എന്നും കുറ്റബോധം തോന്നേണ്ടതില്ല എന്നും ഈ പരിപാടികളിൽ പ്രത്യേകം പറയാൻ ശ്രമിക്കണം. ഇതെല്ലാം സഹായം സ്വീകരിക്കാനുള്ള പ്രവണത വർധിപ്പിക്കും

ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഉടൻ വിദഗ്ധസഹായം ഉറപ്പാക്കണം . കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുകയും വേണം. കുട്ടിയെ സഹായിക്കാൻ അത്യാവശ്യമായവർ അല്ലാതെ മറ്റാരോടും കാര്യങ്ങൾ വെളിപ്പെടുത്തരുത് എന്നർത്ഥം.  ഇതിനോടൊപ്പം തന്നെ കുട്ടിയെ ശ്രദ്ധിക്കുകയും, അപകടകരമായ വസ്തുക്കൾ ലഭ്യമല്ല എന്നുറപ്പു വരുത്തുകയും വേണം .
സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ പൂർണമായി പരിഷ്കരിക്കാൻ കഴിഞ്ഞെന്നു വരില്ലെങ്കിലും , കഴിയാവുന്നവ പരിഹരിക്കാനും ഇതോടൊപ്പം ശ്രമിക്കണം. വിദഗ്ധചികിത്സ നൽകുന്നത് പോലെ തന്നെ പ്രധാനമാണ് ഇതും എന്നോർക്കുക.

കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയത്

Happy
Happy
0 %
Sad
Sad
40 %
Excited
Excited
20 %
Sleepy
Sleepy
20 %
Angry
Angry
20 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT)
Next post ഓൺലൈൻ അധിഷ്ഠിത പഠനം പ്രയോജനപ്പെടണമെങ്കില്‍
Close