Read Time:9 Minute
CM Muraleedharan
സി.എം. മുരളീധരൻ

നെഹ്റു എന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ സംഭാവനകളെ, മൂല്യങ്ങളെ പരിശോധിക്കുകയാണ് ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം എന്ന പുസ്തകം. നെഹ്റുവിനെ മുന്‍നിര്‍ത്തി ഒരു കാലഘട്ടത്തെ  വായനക്കാരുടെ മുന്നിലവതരിപ്പിക്കുകയും അതിനെ ഇന്നത്തെ കാലത്തു നിന്നുകൊണ്ട് പുനര്‍വായിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് അദ്ദേഹം.


Nehruvian India - Punarvayanayude Rashtreeyam
നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം

 

നിലവിലുള്ള കേന്ദ്ര ഭരണകര്‍ത്താക്കള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന വ്യക്തിയാരാണ്? അതിശയകരമായി തോന്നിയേക്കാം, അതിപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയേയല്ല. വര്‍ഷങ്ങള്‍ക്കു മുമ്പേ ഓര്‍മയായി മാറിയ ഒരു വ്യക്തി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു. നെഹ്റുവിന്റെ ആശയഗതികള്‍ വേരോടെ ഈ മണ്ണില്‍ നിന്ന് പിഴുതെറിയാന്‍ അവര്‍ കഠിനശ്രമം നടത്തുന്നു. നെഹ്റു അടിത്തറ പാകിയ നയപരിപാടികള്‍ പൂര്‍ണമായും മാറ്റിപ്പണിയാനും നെഹ്റുവിന്റെ പേരുപോലും ഒരിടത്തും ഉച്ചരിക്കപ്പെടാതിരിക്കാനും  അവര്‍ ബദ്ധശ്രദ്ധരാണ്. ഹൈന്ദവ തീവ്രവാദത്താല്‍- അതിന്റെ കോടാലിക്കയ്യായ നാഥുറാം വിനായക് ഗോഡ്സെയാല്‍- നിശ്ശബ്ദമാക്കപ്പെട്ട രാഷ്ട്രപിതാവിനെ സ്വഛ് ഭാരത് പരസ്യങ്ങളിലെങ്കിലും ഉപയോഗിക്കാന്‍ അവര്‍ തയ്യാറാണ്. പക്ഷേ, നെഹ്റു? ഇല്ല; പാടില്ല!

നെഹ്റുമാര്‍ഗത്തോടുള്ള സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ എന്ന ലേഖനത്തിലൂടെ ഇക്കാര്യം രാമചന്ദ്രഗുഹ വ്യക്തമാക്കിയിട്ടുണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്  പുസ്തകം 97 ലക്കം 9). ഇവിടെ നെഹ്റു എന്നത് ഒരു വ്യക്തിയിലപ്പുറം ഒരു ആശയഗതിയുടെ ഐക്കണ്‍ ആണ്. യുക്തിബോധത്തിലും ശാസ്ത്രബോധത്തിലും ഊന്നുന്ന ഒരു ചിന്താഗതിയുടെ, ഒരു ലോകവീക്ഷണത്തിന്റെ ഐക്കണ്‍. ഈ ആശയഗതിയെ തകര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ അക്കാദമിക്‍ സ്ഥാപനങ്ങള്‍ക്കു നേരെയും പണ്ഡിതരുടെയും എഴുത്തുകാരുടെയും നേരെയും തീട്ടൂരങ്ങള്‍ ഉയരുന്നു. രാജ്യത്തെ ഉന്നത ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞെരിച്ചമര്‍ത്തപ്പെടുന്നു. ആവശ്യമായ പ്രവര്‍ത്തനഫണ്ട് ലഭ്യമാക്കാതെ, അക്കാദമിക്‍ സ്വാതന്ത്ര്യം ലഭ്യമാക്കാതെ, തെറ്റായ മുന്‍ഗണനകളുടെ പട്ടികകളിലൂടെ… പ്രത്യക്ഷവും പരോക്ഷവുമായ രീതികളിലൂടെ ഒരു നിശ്ശബ്ദ കൊലപാതകം.


വിജ്ഞാനത്തെയും യുക്തിബോധത്തേയും വെറുക്കുകയും അജ്ഞതയുടേയും  ഇരുട്ടിന്റേയും ലോകത്തെ പുല്‍കാന്‍ വെമ്പുകയും ചെയ്യുന്നവര്‍ക്ക് നെഹ്റു അനഭിമതനാവുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.



സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപം കൊണ്ട സര്‍ക്കാരിന്റെ എല്ലാ നയപരിപാടികളോടും യോജിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ, രാജ്യത്തിന്റെ സ്വാശ്രയത്വം വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍, ശാസ്ത്രസാങ്കേതികവിദ്യാ രംഗത്തെ ഊന്നല്‍, ആസൂത്രണത്തിലധിഷ്ഠിതമായ പദ്ധതികള്‍, സാമൂഹികനീതി ലക്ഷ്യം വെക്കുന്ന, പൌരന്മാരെ തുല്യരായി കണക്കാക്കുന്ന ഭരണഘടനാ മൂല്യങ്ങള്‍… നെഹ്റുവിന്റെ മാര്‍ഗങ്ങളില്‍ യോജിപ്പിന്റെ, പ്രത്യാശയുടെ തലങ്ങള്‍ ഏറെ.  ശാസ്ത്രവിജ്ഞാനത്തെയും അത് പ്രദാനം ചെയ്യുന്ന പ്രപഞ്ചവീക്ഷണത്തേയും മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു നെഹ്റു. സയന്റിഫിക്ക് ടെമ്പര്‍ എന്ന വാക്കുതന്നെ അദ്ദേഹം രൂപകല്‍പ്പന ചെയ്തു.

ടി.പി. കുഞ്ഞിക്കണ്ണൻ

നെഹ്റു എന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ സംഭാവനകളെ, മൂല്യങ്ങളെ പരിശോധിക്കുകയാണ് ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം എന്ന പുസ്തകം. നെഹ്റുവിനെ മുന്‍നിര്‍ത്തി ഒരു കാലഘട്ടത്തെ  വായനക്കാരുടെ മുന്നിലവതരിപ്പിക്കുകയും അതിനെ ഇന്നത്തെ കാലത്തു നിന്നുകൊണ്ട് പുനര്‍വായിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് അദ്ദേഹം. ശാസ്ത്രനയം, ആസൂത്രണം, ഭരണഘടനാമൂല്യങ്ങള്‍, വിദേശനയം തുടങ്ങിയ മേഖലകളെ മുന്‍നിര്‍ത്തിയാണ് പുസ്തകം വികസിപ്പിച്ചിട്ടുള്ളത്. നെഹ്റുവിയന്‍ ഇന്ത്യയെ പുനര്‍വായിക്കുക എന്നതിലൂടെ അക്കാലത്തേക്കുള്ള തിരിച്ചുപോക്കിനെയല്ല ലക്ഷ്യം വെക്കുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ആദ്യമേ പ്രസ്താവിക്കുന്നുണ്ട്. To be a Nehruvian Indian, does not mean that one must agree with all that Nehru said or did എന്ന രാമചന്ദ്ര ഗുഹയുടെ വിശകലനത്തോട് അരികുപറ്റിയാണ് ഗ്രന്ഥകാരന്‍ നീങ്ങുന്നത്.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നിരവധി പുസ്തകങ്ങളെയും രേഖകളെയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ്  പരാമൃഷ്ട പുസ്തകത്തിലെ വിശകലനങ്ങള്‍. നെഹ്റുവിന്റെ പുരോഗമന കാഴ്ചപ്പാടുകളെ അവയുടെ സമഗ്രതയില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ പരിമിതികളെ ചൂണ്ടിക്കാണിക്കാനും ഗ്രന്ഥകാരന്‍ തയ്യാറായിട്ടുണ്ട്. കാര്‍ഷിക വ്യാവസായിക ഉല്‍പ്പാദനം കൂടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനങ്ങളും വര്‍ധിക്കുകയും ചെയ്തെങ്കിലും അവയെ പ്രയോജനപ്പെടുത്തി സാധാരണ ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല.  അവസരങ്ങളെല്ലാം മുന്നോക്കക്കാരുടെയും സമ്പന്നരുടെയും കൈകളിലേക്കു പോയി. ഇതിനെ പ്രതിരോധിക്കാന്‍ നെഹ്റുവിയന്‍ ഇന്ത്യയില്‍ പരിപാടികളില്ലായിരുന്നു. മനസ്സിലെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ നെഹ്റുവിന് ഏറെയൊന്നും കഴിഞ്ഞില്ല- പുസ്തകം ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതാക്കളോടും അവരുടെ അഭിപ്രായങ്ങളോടും നെഹ്റു പുലര്‍ത്തിയിരുന്ന സമീപനം (ഏത് തിരക്കുകള്‍ക്കിടയിലും പാര്‍ലമെന്റില്‍ എ കെ ജി യുടെ പ്രസംഗം കേള്‍ക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ടായിരുന്നു പോലും), സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി കേരളത്തിലെ ജനാധിപത്യ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തീരുമാനമെടുത്ത സന്ദര്‍ഭത്തിലെ ആന്തരിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളുടെ കുറച്ചു വിശദാംശങ്ങള്‍ കൂടി ഉള്‍ച്ചേര്‍ക്കേണ്ടതുണ്ടായിരുന്നു എന്ന് തോന്നുന്നു. അവ വരും പതിപ്പുകളില്‍  പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

നെഹ്റുവിന്റെ നയങ്ങളെയും കാലഘട്ടത്തെയും വിമര്‍ശനാത്മകമായി സമീപിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ഇരുണ്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിന് മുന്‍കയ്യെടുത്ത ഗ്രന്ഥകാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

പുസ്തകം നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം
ഗ്രന്ഥകർത്താവ് പ്രൊഫ ടി പി കുഞ്ഞിക്കണ്ണന്‍
പ്രസിദ്ധീകരണം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വില 250

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും
Next post നെഹ്രുവും ശാസ്ത്രാവബോധവും
Close