Read Time:15 Minute

ഇന്ന്  ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ്. ശാസ്ത്രം നൽകിയ ശുഭാപ്തി വിശ്വാസത്തിൽ നിന്നുകൊണ്ട് രാഷ്ട്രത്തെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അതിനായി പ്രവർത്തിക്കയും ചെയ്ത, ശാസ്ത്രം എല്ലാവരുടെയും ജീവിത വീക്ഷണമാകണമെന്നാഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.


കേൾക്കാം

ന്ന്  ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ്. സ്വാതന്ത്ര്യസമര നായകൻ, ആദ്യ പ്രധാനമന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ഔദ്യോഗികതലങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ധൈഷണിക രംഗത്ത് ഏറെ ഔന്നത്യം പുലർത്തിയ നെഹ്രു ആധുനികശാസ്ത്രം മാനവപുരോഗതിക്ക് നല്കിയ സംഭാവനകൾ തിരിച്ചറിയുകയും എങ്ങനെ അത് രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്താമെന്ന് ഉറക്കെ ചിന്തിക്കയും ചെയ്ത ഭരണാധികാരിയായിരുന്നു എന്ന് ഓര്‍മ്മിക്കുന്നത്  ഇന്നേറെ പ്രസക്തമാണ്. ശാസ്ത്രം നല്കിയ ശുഭാപ്തി വിശ്വാസത്തിൽ നിന്നുകൊണ്ട് രാഷ്ട്രത്തെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അതിനായി പ്രവർത്തിക്കയും ചെയ്ത അദ്ദേഹം ശാസ്ത്രം എല്ലാവരുടെയും ജീവിത വീക്ഷണമാകണമെന്നും ആഗ്രഹിച്ചു. ഇംഗ്ലീഷിൽ scientific temper (ശാസ്ത്രാവബോധം) എന്ന വാക്ക് തന്നെ സംഭാവന നല്കിയത് ജവഹർലാൽ നെഹ്രുവായിരുന്നല്ലോ.

നെഹ്‌റുവും സി.വി.രാമനും

ജീവിത സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിലൂടെ ശാസ്ത്രം നിത്യജീവിതത്തിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റം ഏവരും അനുഭവിക്കുന്നതാണ്, ബോധ്യവുമുണ്ട്. ശാസ്ത്രത്തിന്റെ ഉല്പന്നമായ സാങ്കേതിക വിദ്യകളെ നാം അതിവേഗം വാരി പുണരുന്നു. എന്നാൽ ശാസ്ത്രം മാനവരാശിയെ ഏതൊക്കെ വിധത്തിൽ സ്വാധീനിച്ചു എന്ന ബോധ്യം ഇനിയും വ്യാപകമല്ല. ഭക്ഷ്യോല്പാദനം വർധിപ്പിച്ചും പകർച്ച വ്യാധികൾ ഉന്മൂലനം ചെയ്തും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിഞ്ഞും മനുഷ്യന്റെ അതിജീവനശേഷി ഉയർത്തിയത് ആധുനിക ശാസ്ത്രമാണ്. (ഒരു നൂറ്റാണ്ടിനിടയിൽ മനുഷ്യായുസ്സ് ഇരട്ടിയിലേറെ വർധിച്ചു. എന്നിട്ടും അതിന് ഏറെ സഹായിച്ച വാക്സിനേഷനും ആധുനിക ചികിത്സാരീതിയും അപകടമാണെന്ന് പ്രചരിപ്പിക്കയും പണ്ട് കാലത്ത് മനുഷ്യൻ ഏറെക്കാലം ജീവിച്ചിരുന്നു എന്നെല്ലാമുള്ള അബദ്ധങ്ങൾ വിശ്വസിക്കയും ചെയ്യുന്ന ഏറെപ്പേരെ ഇന്നും നമ്മുടെയിടയിൽ കാണാം). പ്രകൃതി പ്രതിഭാസങ്ങളോരോന്നിനെയും കുറിച്ച് എന്തുകൊണ്ട്, എങ്ങനെ, എപ്പോൾ, എത്ര എന്നീ ചോദ്യങ്ങൾ ചോദിച്ച് അവയ്ക്കോരോന്നിനും കണ്ടെത്തിയ ഉത്തരങ്ങളും അതിലൂടെ രൂപപ്പെട്ട ജീവിതവീക്ഷണവുമാണ് ശാസ്ത്രത്തിന്റെ മുഖ്യ സംഭാവനകളിലൊന്ന്. ഏറെയുണ്ടായ നേട്ടങ്ങളോടൊപ്പം ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ ദുരുപയോഗം ചെയ്യുന്നത് വഴി മാനവരാശിക്ക് ദുരിതങ്ങളും(യുദ്ധം, പരിസ്ഥിതി നാശം) സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ശാസ്ത്രം ഒരു ജീവിത വീക്ഷണമാകുമ്പോഴാണ് ഇപ്പറഞ്ഞ വിപത്തുകളെയും നമുക്ക് തടയാനാവുന്നത്.

ശാസ്ത്രം ജീവിത വീക്ഷണമാകുന്ന അവസ്ഥയെയാണ് നെഹ്റു scientific temper എന്നു വിളിച്ചത്. അതിനെ കുറിച്ചദ്ദേഹം പറഞ്ഞതിങ്ങനെയാണ്.

“പുതിയ അറിവുകൾക്കും സത്യത്തിനും വേണ്ടിയുള്ള സാഹസികവും വിമർശനാത്മകവുമായ അന്വേഷണം,ആവർത്തിച്ച പരിശോധനയിലൂടെയും പരീക്ഷണത്തിലൂടെയുമേ ഏത് കാര്യവും ബോധ്യപ്പെടു എന്ന നിലപാട്,പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻധാരണകളെ തിരുത്താനുള്ള സന്നദ്ധത, മനസ്സിൽ സങ്കല്പിച്ച സിദ്ധാന്തങ്ങളെക്കാൾ നിരീക്ഷിക്കപ്പെട്ട വസ്തുതകളെയാണ് ആശ്രയിക്കേണ്ടത് എന്ന തിരിച്ചറിവ് ഇവയെല്ലാണ് ശാസ്ത്രാവബോധത്തിന്റെ അടിത്തറ.ശാസ്ത്രത്തിന്റെ പ്രയോഗത്തിന് മാത്രമല്ല, ജീവിത പ്രശ്നങ്ങളെ പരിഹരിക്കാനും വേണ്ടത് ഈ കാഴ്ചപ്പാട് ആണ്”.

ചുറ്റുപാടുകളിലെ പ്രശ്നങ്ങൾ ഏതുമാകട്ടെ, അവ പരിഹരിക്കാൻ ശാസ്ത്രത്തിന്റെ രീതിയാണ് പ്രയോഗിക്കാനാകുക. ശാസ്ത്രത്തിന്റെ രീതിയെ നമുക്ക് നാലുഘട്ടങ്ങളായി തിരിക്കാം. ഒന്നാമത്തെ ഘട്ടത്തിൽ പ്രശ്നത്തെ തിരിച്ചറിയലാണ്. നിരീക്ഷണവും വിവരശേഖരണവും, അളന്നു തിട്ടപ്പെടുത്തൽ, വിവരങ്ങളെ തരംതിരിക്കൽ ഇവയെല്ലാമാണ് ഈ ഘട്ടത്തിൽ. തുടർന്ന് ഇതിലൂടെ ലഭിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിൽ ചില അനുമാനങ്ങൾ മുമ്പോട്ട് വയ്ക്കുന്നു. അത് പരിശോധിക്കാൻ ആവശ്യമായ പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ തയ്യാറാക്കുന്നു. പുറമേയുള്ള ഘടകങ്ങൾ സ്വാധീനിക്കില്ലെന്ന് ഉറപ്പ് വരുത്തി ആവർത്തിച്ച് നടത്തുന്ന പരീക്ഷണങ്ങളിലൂടെ അനുമാനത്തിന്റെ സാധുത തെളിയുകയോ തിരസ്കരിക്കയോ ചെയ്യും. ഈ വിധം തെളിയിക്കപ്പെട്ട അനുമാനങ്ങളാണ് ശാസ്ത്ര സിദ്ധാന്തങ്ങൾ. തെളിയിക്കപ്പെട്ടില്ല എങ്കിൽ കൂടുതൽ വിരങ്ങൾ ശേഖരിച്ച് പുതിയ അനുമാനം മുമ്പോട്ട് വയ്ക്കുന്നു. പരീക്ഷിക്കുന്നു. ഒരിക്കൽ ശരിയെന്ന് കണ്ടെത്തിയ ചില സിദ്ധാന്തങ്ങൾ പുതിയ വിവരങ്ങളുടെ സാഹചര്യത്തിൽ പിന്നീട് അനുയോജ്യമല്ല എന്ന് വരാം. അപ്പോൾ ഇതേ രീതിയിൽ വീണ്ടും അവ പരിഷ്കരിക്കപ്പെടുന്നു. ഈ വിധം നിരന്തരം പരിഷ്കരിച്ച് ശരിയിൽ നിന്ന് കൂടുതൽ ശരിയിലേക്ക് പോകുകയാണ് ശാസ്ത്രം ചെയ്യുക. മാനവരാശിയുടെ ഏറ്റവും കരുത്തുള്ള ആയുധമായി ശാസ്ത്രം മാറിയത് അതുകൊണ്ടാണ്. പ്രപഞ്ചത്തെ ക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാട് വികസിച്ച് മഹാ വിസ്ഫോടന സിദ്ധാന്തം വരെ എത്തിയത് ഈ പ്രക്രിയയിലൂടെയാണ്. 

1956 ൽ ഐ.ഐ.ടി. ഖരക്പൂരിൽ നടന്ന പ്രഥമ ബിരുദദാന ചടങ്ങിൽ ജവഹർലാൽ നെഹ്‌റു സംസാരിക്കുന്നു. | കടപ്പാട് ദി ഹിന്ദു ആർക്കൈവ്‌

ശാസ്ത്രം ഓരോ വ്യക്തിയുടെയും ചിന്തയിലും പ്രവർത്തനത്തിലും വഴികാട്ടിയാകണമെന്നാണ് നെഹ്രു ആഗ്രഹിച്ചത്. രണ്ടു നൂറ്റാണ്ടിലേറെ നീണ്ട കൊളോണിയൽ ചൂഷണത്താൽ തകർന്ന നമ്മുടെ രാജ്യത്തെ പുനരുദ്ധരിക്കാൻ ശാസ്ത്രത്തിനാണ് കഴിയുക എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു,

” വിശക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അതല്ലാതെ മറ്റൊരു സത്യമില്ല. അവർക്ക് ഭക്ഷണം വേണം. വിശക്കുന്നവന് ദൈവം എന്നതിന് വലിയ അർത്ഥമില്ല. ഇന്ത്യയെപ്പോലെ പട്ടിണി നടമാടുന്ന ഒരു രാജ്യത്ത് ദൈവം, ആത്യന്തിക സത്യം തുടങ്ങിയ വലിയകാര്യങ്ങൾ പറയുന്നത് ഒരു തമാശയാണ് . നമുക്കവർക്ക് ഭക്ഷണം നല്കാനാവണം. വസ്ത്രം, പാർപ്പിടം , വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നു എന്നുറപ്പ് വരുത്തണം. അത് സാധ്യമായതിനുശേഷം നമുക്ക് തത്വചിന്തയിലേക്കും ദൈവത്തിലേക്കും തിരിയാം. അതിനാൽ ശാസ്ത്രം ഈ രീതിയിലാണ് ചിന്തിക്കയും പ്രവർത്തിക്കയും ചെയ്യുന്നത്. കൂടുതൽ വിശാലമായി കാര്യങ്ങളെ ആസൂത്രണം ചെയ്യേണ്ടതും അതിനാലാണ് ”

 ഈ ഒരു കാഴ്ചപ്പാടോടെയാണ് സ്വതന്ത്രഭാരതത്തെ സ്വാശ്രയ പാതയിലൂടെ കെട്ടിപ്പടുക്കാൻ അദ്ദേഹം യത്നിച്ചത്. ഇതിനായി പാട്രിക് ബ്ളാക്കെറ്റ്, ജെ ബി എസ് ഹാൽഡയിൻ, ജെ ഡി ബർണൽ എന്നീ ഉന്നതരായ ബ്രീട്ടീഷ് ശാസ്ത്രജ്ഞരുമായി അടുത്ത സൗഹൃദം പുലർത്തുകയും അവരെ നമ്മുടെ രാഷ്ട്ര നിർമ്മാണത്തിൽ സഹകരിപ്പിക്കയും ചെയ്തു. നിരായുധീകരണം സംബന്ധിച്ച നെഹ്രുവിന്റെ കാഴ്ചപ്പാടിനെ ഏറെ സ്വാധീനിച്ച വ്യക്തി പാട്രിക് ബ്ലാക്കെറ്റ് ആണത്രെ. ഹാൽഡയിൻ ഇന്ത്യയെ പ്രവർത്തനരംഗമായി തെരഞ്ഞെടുക്കുക മാത്രമല്ല , ഒടുവിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കയും ചെയ്തു.

1957 നീൽസ്‌ബോറും നെഹ്‌റുവും – ഡെൻമാർക്കിലെ ആറ്റോമിക് റിസർച്ച് സെന്ററിൽ |കടപ്പാട്: ദി ഹിന്ദു ആർക്കൈവ്‌

സി വി രാമൻ, , മഹലാനോബിസ്, വിക്രം സാരാഭായ്, ഹോമി ഭാബ,സതീഷ്ധവാൻ, നളിനി രഞ്ജൻ സർക്കാർ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞരുടെ ഒരു നിര തന്നെ നെഹ്രുവിന്റെ നേതൃത്വത്തിൽ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളായി. മലയാളിയായ കെ വി ജാനകി അമ്മാളും അക്കൂട്ടത്തിൽപ്പെടും. CSIR( Council of Scientific and Industrial Research) നെ കൂടുതൽ കാര്യക്ഷമമാക്കി. Indian National Committee for Space Research (INCOSPAR-1962;ISROയുടെ മുൻഗാമി), IIT കൾ(1961) തുടങ്ങി അമ്പതോളം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളാണ് നെഹ്രുവിന്റെ ഭരണകാലത്ത് ആരംഭിച്ചത്. രാജ്യത്തിന്റെ മൊത്തം ദേശീയ വരുമാനത്തിന്റെ ഒരു ശതമാനമെങ്കിലും ശാസ്ത്ര ഗവേഷണത്തിനായി നീക്കിവെക്കണമെന്ന് അദ്ദേഹം വിഭാവനം ചെയ്തു.

നെഹ്രുവിന് ശേഷമുള്ള അഞ്ച് ദശകത്തിനിടയിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് നാം അതിവേഗം മുന്നേറി. ഭക്ഷ്യരംഗത്ത് സ്വയം പര്യാപ്തത നേടി. ബഹിരാകാശ രംഗത്തും ആണവ സാങ്കേതിക വിദ്യയിലും നാം വികസിത രാജ്യങ്ങൾക്കൊപ്പമാണിന്ന്. ചികിത്സാ രംഗത്ത് ഒറ്റ വാക്സിൻ കൊണ്ട് അഞ്ച് മാരകരോഗങ്ങളെ തുരത്താനാവുന്ന പെന്റാവാലന്റ് വാക്സിനും നല്കാൻ നമുക്കാവുന്നു. ഈ നേട്ടങ്ങളുടെയെല്ലാം അടിത്തറ സൃഷ്ടിക്കപ്പെട്ടത് പണ്ഡിറ്റ് നെഹ്രുവിന്റെ നേതൃത്വത്തിലാണ്.

1956 ൽ ആഗ്രയിൽ വെച്ചു നടന്ന 43-മത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ നെഹ്‌റു സംസാരിക്കുന്നു | കടപ്പാട്: photodivision.gov.in

എന്നാൽ നെഹ്രു മുന്നോട്ട് വെച്ച ശാസ്ത്രാവബോധത്തിന്റെ കാര്യത്തിൽ രാജ്യം ഏറെ പിന്നോട്ട് പോയിരിക്കുന്നു. അന്ധവിശ്വാസങ്ങൾ പലതും തിരിച്ചുവരുന്നു. ശാസ്ത്ര വിരുദ്ധതയും കപടശാസ്ത്രങ്ങളും പൊതുബോധത്തിൽ വലിയതോതിൽ സ്വാധീനം ചെലുത്തുന്നു. ശാസ്ത്രചിന്തക്കും യുക്തി ബോധത്തിനും വേണ്ടി നിലകൊള്ളുന്നവർ അക്രമണത്തിനും മരണത്തിനുമിരയാവുന്നു. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിനു പകരം മിത്തുകളും വിശ്വാസങ്ങളും യാഥാർത്ഥ്യമാണെന്ന് സ്ഥാപിക്കാനുള്ള ഗവേഷണങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്നു. ശാസ്ത്രപുരോഗതിക്കും ശാസ്ത്രീയ ചിന്തകള്‍ക്കും വേണ്ടി നിലകൊള്ളേണ്ട ഭരണഘടനാസ്ഥാനങ്ങളിലിരിക്കുന്നവരും സംവിധാനങ്ങളും പരസ്യമായി തന്നെ ശാസ്ത്രത്തെയും ശാസ്ത്രീയ ധാരണകളെയും തള്ളിക്കളയുന്നു. തെളിലുകളില്ലാത്ത വിശ്വാസങ്ങളെ തീരുമാനങ്ങള്‍ക്ക് ആധാരമാക്കാമെന്ന്  അഭിപ്രായപ്പെടുന്നു. ഇന്ത്യ കൈവരിച്ച ശാസ്ത പുരോഗതി പിന്നോട്ടടിപ്പിക്കാൻ പോന്ന കാര്യങ്ങളാണിവ. 

ചിലസാങ്കേതിക രംഗങ്ങളില്‍ ഉണ്ടാകുന്ന മുന്നേറ്റം മാത്രമല്ല രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി. ചരിത്രത്തെ വിലയിരുത്തുമ്പോള്‍, വര്‍ത്തമാന പ്രശ്നങ്ങളെ അഭിസംബോധനചെയ്യുമ്പോള്‍, ഭാവിയിലേക്ക് ആസൂത്രണം നടക്കുമ്പോള്‍ ശാസ്ത്രത്തിന്റെ രീതിയും ശാസ്ത്രവിജ്ഞാനവുമാണ് പ്രയോഗിക്കുന്നത് എന്ന  തലത്തിലേക്ക് ഭരണസംവിധാനങ്ങളും ജനങ്ങളും വളരുമ്പോഴാണ് രാജ്യം ശാസ്ത്രത്തിന്റെ പാതയില്‍ കുതിക്കുക. ഈ സ്ഥിതിയാണ് ഇന്ന് നഷ്ടമായികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ആളും ആദ്യപ്രധാനമന്ത്രിയുമായ നെഹ്രുവിന്റെ ശാസ്ത്ര ചിന്തകളും പാരമ്പര്യവും സമൂഹത്തിൽ സജീവ ചർച്ചാ വിഷയമാകേണ്ടതുണ്ട്.

ടി കെ ദേവരാജൻ

എഡിറ്റർ, ലൂക്ക

Happy
Happy
65 %
Sad
Sad
2 %
Excited
Excited
30 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
2 %

Leave a Reply

Nehruvian India - Punarvayanayude Rashtreeyam Previous post വീണ്ടും വായിക്കാം നെഹ്റുവിനെ; ഒരു കാലഘട്ടത്തെയും
Next post 2023 നവംബറിലെ ആകാശം
Close