Read Time:9 Minute

ഡിസംബര്‍ 26 കേരളം സവിശേഷമായ ഒരു ദൃശ്യാനുഭവത്തിന് സാക്ഷ്യം വഹിക്കും. ആകാശത്ത് മാത്രമല്ല  ഭൂമിയിലും! വടക്കന്‍ ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണ്ണതോതില്‍ അനുഭവപ്പെടുമ്പോള്‍ മറ്റെല്ലായിടത്തും തൊണ്ണൂറ് ശതമാനം വരെയുള്ള ഭാഗിക ഗ്രഹണമാവുമത്.

ഈ അടുത്ത ദശകങ്ങളിലൊന്നും കേരളത്തിന് ഈ സൗഭാഗ്യം കൈ വന്നിട്ടില്ല. ഇതോടൊപ്പം തന്നെ ആഹ്ലാദം പകരുന്നതാണ് വലയഗ്രഹണം നിരീക്ഷിക്കാന്‍ കേരളത്തില്‍ വ്യാപകമായി നടക്കുന്ന ഒരുക്കങ്ങള്‍.  ഗ്രഹണം സുരക്ഷിതമായി നിരീക്ഷിക്കാനുള്ള സൗരകണ്ണടകള്‍ തയ്യാറാക്കിയും ഗ്രഹണത്തിന്റെ ശാസ്ത്രം വിശദീകരിച്ചുള്ള ക്ലാസ്സുകള്‍ വ്യാപകമായി എടുത്തും നടത്തുന്ന ഒരുക്കങ്ങള്‍ കാണുമ്പോള്‍ ഗ്രഹണം ഉത്സവമാക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധം വലിയ വിഭാഗം ജനങ്ങള്‍ തയ്യാറാകുമെന്നുവേണം കരുതാന്‍. 

സാമൂഹ്യ പുരോഗതിയാണ്  വികസനത്തിന്റെ സൂചികയെങ്കില്‍ കേരളത്തിലെ ഏറ്റവും വികസിത സംസ്ഥാനം കേരളമാണെന്ന് നിസ്സംശയം പറയാം. അത്തരമൊരു നിലയിലേക്ക് കേരളത്തെ നയിച്ചത് നവോത്ഥാനകാലം മുതല്‍ ഇവിടെ പ്രസരിച്ച യുക്തിചിന്തയും സാമൂഹ്യബോധവുമാണ്. വിദ്യാഭ്യാസത്തിലൂടെ കൈവരിച്ച ശാസ്ത്രവിജ്ഞാനം ശാസ്ത്രബോധമായി പരിണമിച്ചതിലൂടെയാണ് ജീവിതത്തിന്റെ വിവിധതുറകളില്‍ ശക്തമായി നിലകൊണ്ട പലഅന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കയ്യൊഴിഞ്ഞ് പുരോഗമനപരമായ ഒരുജീവിതശൈലി നാം വാര്‍ത്തെടുത്തത്. കേരളത്തിന്റെ ഉയര്‍ന്ന ആരോഗ്യ -ക്ഷേമ സൂചികകള്‍ ഇതിന്റെ വ്യക്തമായ തെളിവുകളാണ്. 

വിദ്യാഭ്യാസത്തിലൂടെ ലഭ്യമായ ശാസ്ത്രവിജ്ഞാനത്തെ ശാസ്ത്രബോധമായി പരിണമിപ്പിക്കുന്ന പ്രവര്‍ത്തനം മുമ്പ് കേരളത്തില്‍ മുഖ്യമായും നടന്നത് വിദ്യാലയങ്ങളിലൂടെയോ പാഠപുസ്കങ്ങളിലൂടെയോ ആയിരുന്നില്ല. വായനശാലകള്‍, കലാസാംസ്കാരിക സംഘങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, പത്രമാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ നടന്ന അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനമായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ ഇവ പിന്നോട്ട് പോവുകയോ അവയുടെ പ്രവര്‍ത്തന സ്വഭാവം മാറുകയോ ചെയ്തു.ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഭാഗമായി വന്ന ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളും സമൂഹത്തിന്റെ പൊതുബോധം സൃഷ്ടിക്കുന്നതില്‍ മറ്റെല്ലാത്തിനേക്കാളും മുമ്പിലായി. എന്നാല്‍ ശാസ്ത്രബോധം പ്രസരിപ്പിക്കാനല്ല , അതിനെ നിഷേധിക്കാനാണ്  ഇത്തരം മാധ്യമങ്ങള്‍ കൂടുതല്‍ ഇതുവരെ യത്നിച്ചത്. അഥവാ ശാസ്ത്ര നിഷേധികളാണ് അവയെ കൂടുതല്‍ ഉപയോഗപ്പെടുത്തിയത്.

പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശാസ്ത്രവിദ്യാഭ്യാസം നേടുന്നവരുടെ ശതമാനത്തിലും കേരളം ഏറെ മുന്നിലാണ്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും നിരവധിയായി. എന്നിട്ടും വിദ്യാഭ്യാസം സിദ്ധിച്ച തലമുറ പോലും പ്രാചീന വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും വക്താക്കളായി രംഗത്ത് വരികയാണ്. ശാസ്ത്രം എന്നത് ക്ലാസ്സ് മുറിയില്‍ തുടങ്ങി പരീക്ഷാ ഹാളില്‍ അവസാനിക്കുമ്പോള്‍ പഴയകാലവിശ്വാസങ്ങള്‍ ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ആവര്‍ത്തിക്കപ്പെട്ട് ജീവിതത്തിന്റെ  ശൈലിയും വീക്ഷണവുമായി മാറുന്ന വിചിത്രമായ അവസ്ഥയാണ് നാട്ടിലുള്ളത്. വിശ്വാസത്തിന്റെ പുറത്ത് ശാസ്ത്രത്തെ കെട്ടിവെച്ചുള്ള കപടശാസ്ത്ര നിര്‍മ്മിതിയിലൂടെയും അതിന്റെ പ്രചരണത്തിലൂടെയുമാണ് പലരും തങ്ങളുടെ ശാസ്ത്രപാണ്ഡിത്യം പ്രകടിപ്പിക്കുന്നത്.

 മാനവസംസ്കാരത്തിന്റെ പ്രാഥമിക ദശയില്‍ ഗ്രഹണം പോലുള്ള ആകാശ പ്രതിഭാസങ്ങള്‍ മനുഷ്യരില്‍ ഭീതി വിതച്ചത് സ്വാഭാവികമാണ്. നഗ്നനേത്രങ്ങള്‍കൊണ്ട്  മാത്രം വാനനിരീക്ഷണം സാധ്യമായിരുന്ന കാലത്ത് തന്നെ സൂര്യഗ്രഹണം ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതുകൊണ്ടെന്നും ചന്ദ്രഗ്രഹണം ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണെന്നും മനസ്സിലാക്കിയിരുന്നു. അതും വര്‍ത്തമാനയുഗം (CE) ആരംഭിക്കുന്നതിനും മുമ്പേ തന്നെ. അതിനുശേഷം ഒന്നരസഹസ്രാബ്ദം പിന്നിട്ടതിനു ശേഷമാണ് ടെലസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം തുടങ്ങിയത്. ഭൂമിയിലും ബഹിരാകാശത്തും സ്ഥാപിച്ച ടെസ്കോപ്പുകള്‍ ഇന്ന് ദൃശ്യപ്രകാശത്തെ മാത്രമല്ല മറ്റെല്ലാ വിദ്യുത് കാന്തിക തരംഗങ്ങളെയും  പ്രപഞ്ചവിജ്ഞാനം തേടുന്നതിനായി ഉപയോഗപ്പെടുത്തികൊണ്ടിരിക്കയാണ്. ആധുനിക ഭൗതികശാസ്ത്രം അതിനാവശ്യമായ ഉള്‍ക്കാഴ്ച നല്കുകയും ചെയ്യുന്നു.അതോടൊപ്പമാണ് വിവിധരാജ്യങ്ങള്‍ നടത്തുന്ന ബഹിരാകാശ പര്യവേക്ഷണങ്ങള്‍.ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിനടന്നു. ചൊവ്വയില്‍ വാഹനമിറക്കിയോടിച്ചു. മറ്റ് ഗ്രഹങ്ങളില്‍ മിക്കതിനെയും നാമയച്ച വാഹനങ്ങള്‍ ചുറ്റി നിരീക്ഷിച്ച് വിവരങ്ങള്‍ അയച്ചുതന്നു. അങ്ങിനെ പ്രപഞ്ചവിജ്ഞാനം വാനോളം ഉയര്‍ന്ന ഇക്കാലത്ത് , ചന്ദ്രയാനും മംഗാള്‍യാനും വിക്ഷേപിച്ച് അത്തരം മുന്നേറ്റത്തിനൊപ്പം നിന്ന ഇന്ത്യയിലെ ഏറ്റവും പുരോഗതി പ്രാപിച്ച സംസ്ഥാനത്ത് , ഗ്രഹണം സൂര്യനെ രാഹുവും കേതുവും വിഴുങ്ങുന്നതാണെന്ന സങ്കല്പത്തിലൂന്നി , ഗ്രഹണസമയം ജനലും വാതിലുമടച്ച്  ഭക്ഷണം കഴിക്കാതെയും മലമൂത്രവിസര്‍ജനം നടത്താതെയും വീട്ടില്‍ ചടഞ്ഞുകൂടുന്നവരുണ്ടെങ്കില്‍ അത് ലജ്ജാകരമാണ്. ഗ്രഹണസമയത്ത് സൂര്യനില്‍നിന്ന് വരുന്ന വിഷരശ്മികളിലും അപ്പോഴത്തെ പ്രകാശശോഷിപ്പില്‍ പെരുകുന്ന സൂക്ഷ്മാണുക്കളിലും ഗവേഷണം നടത്തുന്ന കപടശാസ്ത്രജ്ഞര്‍ മാധ്യമങ്ങളിലൂടെ രംഗം കയ്യടക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. അറിവിന്റെ വെളിച്ചം വിതറി അബദ്ധവിശ്വാസങ്ങളില്‍ നിന്നും വിധിവിശ്വാസത്തില്‍ നിന്നും മോചിപ്പിക്കുന്നതിനു പകരം വിശ്വാസസംരക്ഷണം എന്ന പരിപാവന ലക്ഷ്യം ഏറ്റെടുത്തിട്ടുള്ള രാഷ്ട്രീയ സാമൂഹ്യസംഘടനകള്‍ ആണ് പൊതുരംഗത്ത് ഏറെയും എന്നതിനാല്‍ അത്തരം പ്രചണങ്ങള്‍ക്ക് എളുപ്പം പ്രചാരം കിട്ടും. 

കേരളം നേരിടുന്ന പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്നങ്ങളെ ശാസ്ത്രത്തിന്റെ രീതിയും ശാസ്ത്രം ആര്‍ജിച്ച  അറിവും ഉപയോഗിച്ചാണ് നേരിടേണ്ടത്.. ജനങ്ങളിലാകെ ശാസ്ത്രതാല്പര്യം വളര്‍ത്തി കൊണ്ടേ അത് സാധ്യമാകൂ. ഏതു തരം വിശ്വാസങ്ങളെയും  ശാസ്ത്രദൃഷ്ഠ്യാ പരശോധിക്കാന്‍ വരും തലമുറയെ പ്രാപ്തമാക്കല്‍ അതിന്റെ ഭാഗമാണ്. എല്ലാത്തിനുമുപരിയായി ശാസ്ത്രത്തെയും കപടശാസ്ത്രങ്ങളെയും തിരിച്ചറിയാന്‍ കഴിവും  നേടണം. ഇതിെല്ലാമുള്ള അവസരമായി വലയഗ്രഹണത്തെ കാണണം.

ഗ്രഹണത്തിന്റെ ശാസ്ത്രം പഠിപ്പിച്ചും ഗ്രഹണ നിരീക്ഷണം ഉത്സവമാക്കിയും നടത്തുന്ന  ഈ ശ്രമങ്ങളില്‍ ലൂക്കയും പങ്കാളിയാവുകയാണ്.

ടി.കെ.ദേവരാജൻ
എഡിറ്റർ, ലൂക്ക


ഗ്രഹണം – സൂര്യഗ്രഹണം സ്‌പെഷ്യൽ പേജ്‌

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Previous post ഗ്രഹണം പതിവുചോദ്യങ്ങൾ
Next post വിക്ഷേപണത്തില്‍ അര സെഞ്ച്വറി തികയ്ക്കാന്‍ പി എസ് എല്‍ വി സി 48
Close