Read Time:18 Minute

 

കോവിഡ് 19 ന്റെ ഭീതിയില്‍ വിറങ്ങലിച്ചു നില്ക്കയാണ് ലോകം. ഒന്നും രണ്ടുംഘട്ടങ്ങളെ ശാസ്ത്രീയമായി പ്രതിരോധിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു നാം. എങ്കിലും മൂന്നാം ഘട്ടം അത്ര അനായാസമായിരിക്കില്ല എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഈ വിപത്തിനെ സങ്കീര്‍ണ്ണമാക്കാന്‍ മറ്റൊരു ഭീഷണി കൂടി ചൂണ്ടികാണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി സംഭവിച്ച അതിവൃഷ്ടിയും പ്രളയവും ഈ വര്‍ഷവും നമ്മെ ആവര്‍ത്തിക്കുമോ എന്നതായിരുന്നുവത്..കനത്ത മഴ ഈ വര്‍ഷവും സംഭവിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നത് യാഥാര്‍ത്ഥ്യമാകുകയാണ്. ദുരന്തങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഏറെ മുമ്പേ നാം തുടങ്ങിയിരുന്നു..‍ എന്നിട്ടും കാലവര്‍ഷക്കെടുതിയില്‍ കൂട്ടമരണങ്ങള്‍ കാണേണ്ടിവന്നിരിക്കുന്നു. ഇടുക്കിയിലെ ദുരന്തം കഴിഞ്‍വര്‍ഷത്തെ കവളപ്പാറയിലേതിനേക്കാള്‍ ഭീകരമാണ്. മഴ ഇനിയും നീണ്ടാല്‍ 2018 ആവര്‍ത്തിക്കുമോ എന്ന ഭീതിയും ഉയരുന്നു.

ഭൂകമ്പം,അഗ്നിപര്‍വ്വതം, സൈക്ലോണ്‍, പ്രളയം, കൊടും വരള്‍ച്ച..തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്നെല്ലാം മുക്തമായ നാടാണ് കേരളം എന്നാണ് നാം അടുത്ത കാലം വരെ ധരിച്ചിരുന്നത്. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മയില്‍ ഉണ്ടായ ആദ്യ മഹാ ദുരന്തം 2004 ലെ സുനാമിയായിരുന്നു. എന്നാല്‍ അതൊരു യാദൃശ്ചിക ദുരന്തമായേ കണക്കാക്കാന്‍ കഴിയുമായിരുന്നുള്ളു. പക്ഷേ 2017 ല്‍ ഓഖി,2018 ലും 2019 ലും പ്രളയം. ഇപ്പോള്‍ വീണ്ടും..ഇവയെല്ലാംനമ്മുടെ പഴയ ധാരണയെ തിരുത്തുന്നതാണ്. എന്ന് മാത്രമല്ല കേരളം പാരിസ്ഥിതികമായി അതീവ ദുര്‍ബലമായ ഒരു പ്രദേശമെന്ന് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതായത് ചെറിയ ശ്രദ്ധകുറവ് പോലും വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ വരുത്തിവെക്കാവുന്ന ഒരു പ്രദേശം..

സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കേരളത്തെ അന്യ നാട്ടുകാര്‍ക്ക് പ്രിയങ്കരമാക്കുന്നതും ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേര് വന്നതും.ഒരു ഭാഗത്ത് കടലും മറുഭാഗത്ത് മലനിരകളുമായി നിത്യ പച്ചപ്പോടെ നീണ്ടു മെലിഞ്ഞുകിടക്കുന്ന പ്രദേശം.വര്‍ഷം മുഴുവന്‍ ജലസാന്നിധ്യമുള്ള 44 നദികള്‍ .കടലുമായി ബന്ധപ്പെട്ട് കരയിലേക്ക് തള്ളികിടക്കുന്ന വിസ്തൃതമായ കായലുകള്‍. ചെറുതും വലുതുമായ നിരവധി കുളങ്ങള്‍.വര്‍ഷകാലത്ത് സമൃദ്ധമാകുന്ന അനേകം അരുവികള്‍.തീര പ്രദേശം വരെ എത്തുന്ന ചെറു കുന്നുകള്‍. അവയ്ക്കിടയിലുള്ള വിസ്തൃതമായ താഴ്വരകളിലെ വയല്‍പ്രദേശങ്ങളും പറമ്പുകളും. പുല്‍ച്ചെടികളും ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും വന്‍മരങ്ങളും ഇടതൂര്‍ന്ന് നില്ക്കുന്ന പച്ചപ്പുകള്‍. മലനിരകളിലെ സമദ്ധമായ നിത്യഹരിത വനങ്ങള്‍.തീര പ്രദേശത്തും പുഴയോരങ്ങളെ പച്ചപ്പിലാഴ്ത്തുന്ന കണ്ടല്‍ക്കാടുകള്‍.

കേരളത്തിന്റെ മൊത്തം ഭൂവിഭാഗങ്ങളിലുള്ള ജീവജാതികളുടെ എണ്ണവും വൈവിധ്യവും അതിശയിപ്പിക്കുന്നതാണ്. അതില്‍ തന്നെ പശ്ചമഘട്ട മലനിരകളിലെ ജൈവവൈവിധ്യം ലോകോത്തരമാണ്. കേരളത്തിന്റെ കാലാവസ്ഥാ സവിശേഷതയാണ് മറ്റൊന്ന്. വര്‍ഷം മുഴുവന്‍ താപനിലയില്‍ വലിയ അന്തരമില്ലായ്ക, ഏഴെട്ടുമാസക്കാലം ലഭിക്കുന്ന മഴ, അതില്‍ മൂന്ന് മാസം ലഭിക്കുന്നകാലവര്‍ഷത്തിലെ തീവ്ര മഴയുംപിന്നെ ഒരിടവേളകഴിഞ്ഞ് ലഭിക്കുന്ന സവിശേഷമായ തുലാ വര്‍ഷവും.

ഇപ്പറഞ്ഞ പാരിസ്ഥിതിക ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചുമാണുള്ളത്. ഏത് ഘടകവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസം വിശദീകരിക്കാനും വിവിധ പാരിസ്ഥിതിക ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ സ്പര്‍ശിക്കേണ്ടി വരും. ഒരുദാഹരണം നോക്കാം.കേരളത്തില്‍ ഒരു വര്‍ഷം ലഭിക്കുന്ന ശരാശരി മഴ 300 സെ മീ ആണ്. മലനാട്ടില്‍ അതിലും കൂടുതലാണ്. പെയ്യുന്ന മഴയില്‍ സിംഹഭാഗവും ലഭിക്കുന്നത് ജൂണ്‍-ജൂലായ്-ആഗസ്ത് മാസങ്ങളിലാണ്. അതില്‍ തന്നെ ചില ദിവസങ്ങളിലും.ചില ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. എന്തുകൊണ്ടാണ് ചെങ്കുത്തായ മലകളില്‍ പെയ്യുന്ന മഴവെള്ളം കുത്തിയൊലിച്ച് താഴേക്ക് ഒഴുകിയെത്തി എല്ലാ തവണയും പ്രളയമുണ്ടാകാത്തത്?‍ എന്തുകൊണ്ടാണ് നമ്മുടെ നദികളെല്ലാം പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്നത് ?. അവയിലെല്ലാം വര്‍ഷം മുഴുവന്‍ ജലം ലഭിക്കുന്നതെങ്ങിനെയാണ്?

മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന് എന്തുസംഭവിക്കുന്നുവെന്ന് മനസ്സിലാക്കിയാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി.

ഇനിപ്പറയുന്ന വസ്തുതകള്‍ ഈ ഉത്തരം തേടലിന് സഹായകമാകും.

 • കാര്‍മേഘങ്ങള്‍ പശ്ചിമഘട്ടമലനിരകളില്‍‍ തടഞ്ഞ് മുകളിലേക്കുയരുമ്പോഴാണ് കാലവര്‍ഷം ലഭിക്കുന്നത്. അതിനാല്‍ അവിടെയാണ് കൂടുതല്‍മഴ ലഭിക്കുന്നത്.
 • വനനിബിഡമാണ് പശ്ചിമഘട്ടം. തുറസ്സായ സ്ഥലത്ത് പെയ്യുന്നതിന്റെ പലമടങ്ങ് സമയമെടുത്താണ് വനത്തില്‍ പെയ്യുന്ന മഴ ഭൂമിയിലേക്കിറങ്ങൂ. അതിനനുസൃതമായി കൂടുതല്‍ മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങും.‍
 • കാട്ടിലെ മണ്ണ് ചപ്പുചവറുകള്‍ ചീഞ്ഞ് സ്പോഞ്ചുപോലെയായതിനാല്‍ വെള്ളം വളരെയേറെ ആഗീരണം ചെയ്യുകയും സമയമെടുത്ത് അല്പാല്പമായി മണ്ണിനടിയിലേക്ക് വിട്ടു കൊടുക്കയും ചെയ്യും.
 • നല്ല വേനലിലും വനത്തിനുള്ളില്‍ സൂര്യപ്രകാശം പതിക്കാത്തതിനാല്‍ മണ്ണില്‍ നിന്നുള്ള നേരിട്ടുള്ളബാഷ്പീകരണം കുറവായിരിക്കും. വനത്തിലെ സസ്യങ്ങള്‍ നടത്തുന്നസ്വേദനം വഴിയുണ്ടാകുന്ന നീരാവി മിക്കവാറും അവിടെത്തന്നെ നേരിയമഴയായി ലഭിക്കയാണ് ചെയ്യുക.
 • സമൃദ്ധമായ സസ്യാവരണം പെയ്ത വെള്ളം താഴ്വാരങ്ങളിലേക്ക് അപ്പാടെ ഒഴുകുന്നതിനെ നിയന്ത്രിക്കുന്നു.
 • കുന്നുകള്‍ക്കുള്ളിലെ പാറക്കെട്ടുകള്‍ ജലസംഭരണികളായി പ്രവര്‍ത്തിക്കുന്നു.സംഭരിക്കപ്പെട്ട വെള്ളം അല്പാല്പമായി മണ്ണിനടിയിലൂടെ കിനിഞ്ഞ് നദികളിലേക്കെത്തുന്നു.
 • പുല്‍ച്ചെടികള്‍ മുതല്‍ വന്‍വൃക്ഷങ്ങള്‍ വരെയുള്ള സസ്യജാലങ്ങള്‍ മലകളിലെ മേല്‍മണ്ണിനെ ഒരൊറ്റപാളിയാക്കി മാറ്റി അതിനെ ഉള്‍ഭാഗത്തെ പാറക്കെട്ടുകളോട് ബന്ധിക്കുന്നു.
 • താഴ്വരകളിലെ പറമ്പുകളില്‍ പെയ്യുന്ന മഴ കുറെ ഭാഗം മണ്ണിനടിയിലേക്ക് ,ബാക്കി അരുവികളിലേക്കും കുളങ്ങളിലേക്കുംസമതലങ്ങളിലെ വയലുകളിലേക്കും.
 • മഴയില്‍ ‍വയലുകള്‍ വന്‍ ജലസംഭരണികളായി മാറി കുറെ ഭാഗം മണ്ണിനടിയിലേക്കും ബാക്കി അരുവികളിലൂടെ നദികളിലേക്കും വിട്ടു കൊടുക്കുന്നു.
 • കുറ്റിച്ചെടികളും കണ്ടലുമുള്ള പാര്‍ശ്വഭാഗങ്ങളും‍, മണലും ചരലും ചളിയും നിറഞ്ഞ അടി ഭാഗവും ഉള്ള പുഴകള്‍ താരതമ്യേന സ്ഥിരതയുള്ള ജലസംഭരണികള്‍ ആണ്.
 • ഒഴുകിയെത്തുന്ന പുഴവെള്ളത്തെ കടലിന്റെ സ്വഭാവത്തിനനുസൃതമായി കടലിനോട് ചേര്‍ക്കുന്നത് വിസ്തൃതമായ കായലുകളാണ്.

കഴിഞ്ഞ ഏതാനും ദശകങ്ങളായി കേരളത്തിന്റെ ഈ സവിശേഷഭൂപ്രകൃതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മലഞ്ചരിവുകള്‍ ‍കുടിയേറ്റ കേന്ദ്രങ്ങളായി.പശ്ചിമഘട്ട മലനിരകളുടെ‍ വലിയ ഭാഗത്തും സ്വാഭാവിക വനത്തിനു പകരം റബറും പറമ്പുകൃഷിയും തോട്ടവിളകളുമായി. കുന്നിടിക്കലും ക്വാറിയിംഗും പലരുടെയും പ്രധാന സാമ്പത്തിക സ്രോതസ്സായി. ഇടനാട്ടില്‍ കെട്ടിട നിര്‍മ്മാണത്തിനും മറ്റ് കൃഷികള്‍ക്കുമായി വയലുകള്‍ വ്യാപകമായി നികത്തപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മൊത്തം വയല്‍ വിസ്തൃതി പകുതിയായി കുറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ അധികരിച്ചതോടെ വയലുകളും വര്‍ഷകാലത്തെ നീരൊഴുക്കുകളും മുറിച്ചുള്ള റോഡുകള്‍ ധാരാളമായി നിര്‍മ്മിക്കപ്പെട്ടു. അനിയന്ത്രിതമായ മണല്‍ഖനനം പുഴകളെ ദുര്‍ബലമാക്കി. ഡാമുകള്‍ വന്നതോടെ വര്‍ഷകാല നീരൊഴുക്ക് കുറഞ്ഞിരുന്ന പുഴകളുടെ ഓരങ്ങള്‍ കയ്യേറ്റം ചെയ്യപ്പെട്ട് വിസ്തൃതി കുറഞ്ഞു. നഗരവികസനത്തിന്റെ ഭാഗമായി കായലോരങ്ങളും നികത്തപ്പെട്ടു.

ജനങ്ങളുടെ ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇപ്പറഞ്ഞതിനെല്ലാം നിമിത്തമായത്. അതും കേവലമായി സംഭവിച്ചതല്ല. പലതും കഴിഞ്ഞ മുപ്പത് വര്‍ഷമായി നടപ്പാക്കുന്ന നവലിബറല്‍നയങ്ങളുടെ സൃഷ്ടിയാണ്. നാടിന്റെ പുരോഗതിയെന്നാല്‍ സാമ്പത്തിക വളര്‍ച്ചയാണെന്ന സങ്കല്പത്തില്‍ ഒരുഭാഗത്ത് ക്രമം വിട്ടുള്ള ഉപഭോഗവും മറുഭാഗത്ത് വന്‍തോതിലുള്ള ഉല്പാദനവുമാണ് പ്രോത്സാഹിപ്പിക്കപ്പെട്ടത്. വ്യാപകമായ മലിനീകരണവും വന്‍ തോതിലുള്ള പ്രകതി ചൂഷണവുമായിരുന്നു ഫലം. പ്രകൃതിചൂഷണത്തിന്റെ ഭാഗമാണ് വനനശീകരണവും ഖനനവും ഭൂപ്രകൃതിയില്‍ വരുത്തുന്ന മാറ്റവും.

മലിനീകരണം ഖര-ദ്രാവക രൂപത്തിലെങ്കില്‍ അതിന്റെ ആഘാതം അവിടെയോ അതിനേക്കാള്‍ കുറച്ചുകൂടി വിസ്തൃതമായ പ്രദേശത്തോ ആയി പരിമിതപ്പെടാം. എന്നാല്‍ വായുമലിനീകരണത്തിന്റെ ആഘാതം വളരെ വിസ്തൃതമായ പ്രദേശത്തും ചിലപ്പോള്‍ ഭൂലോകത്താകെയുമാണ്. ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ധിച്ച ഉപയോഗപ്പെടുത്തല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കുന്നു.ഈ വര്‍ധനവിന്റെ ഫലമായുണ്ടാകുന്ന ആഗോളതാപനം മാനവരാശിയുടെ നിലനില്പ് തന്നെ അപകടത്തിലാക്കാന്‍ പോന്ന പരിസ്ഥിതിപ്രശ്നമാണ്. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനമാണ് അതിന്റെ ആദ്യ ആഘാതം. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അതി തീവ്രമഴയും കൊടും വരള്‍ച്ചയും മിതശീതോഷ്ണമേഖലയിലെ അതിശൈത്യവുംക്രമം തെറ്റുന്ന കൊടുങ്കാറ്റുകളും ധ്രുവപ്രദേശങ്ങളിലെ ഹിമപാളികളിലെ ശോഷണവുമെല്ലാം ആഗോള താപനത്തിന്റെ ആഘാതങ്ങളാണ്.

ഈ വിധം ഉണ്ടാകുന്ന അതി തീവ്രമഴയാണ് പ്രളയത്തിന്റെ ആദ്യകാരണം. പശ്ചിമഘട്ടത്തിലെ വനങ്ങള്‍ ശോഷിച്ചപ്പോള്‍ അതിന്റെ ജലസംഭരണശേഷിയും കുറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ മഴയിലും കുന്നുകള്‍ സംഭരിക്കാതെ വെള്ളം ഒഴുകിപോയിരുന്നു. എന്നാല്‍ നാം നിര്‍മ്മിച്ച ഡാമുകള്‍ ബദല്‍ ജല സംഭരണികളായിപ്രവര്‍ത്തിച്ചു.എന്നാല്‍ മഴ പരിധി വിടുമ്പോള്‍ ഡാമുകള്‍ മുമ്പേ നിറയുന്നു. വീണ്ടും അപ്രതീക്ഷിതമായി മഴകനക്കുമ്പോള്‍ പുതുതായി എത്തുന്ന വെള്ളം മുഴുവന്‍ ഒഴുക്കി കളയേണ്ടിവരുന്നു. മൂന്നും നാലും ദിവസം തുടര്‍‍ച്ചയായി പെയ്തവെള്ളമാകെയൊലിച്ചു പുഴകളിലേക്കെത്തുമ്പോള്‍ വീതികുറഞ്ഞുപോയ പോയ പുഴകള്‍ നിറഞ്ഞ് നാട്ടിലേക്കൊഴുകും. ദുര്‍ബലമായ തീരങ്ങളെ തള്ളിമാറ്റി അവ പുതിയ വഴികള്‍ തേടും.

താഴ്വാരങ്ങളിലും സമതലങ്ങളിലും പെയ്ത വെള്ളം സംഭരിക്കാന്‍ വയലുകള്‍ കുറവേ ഉള്ളു. പുഴകളിലേക്കുള്ള നീര്‍വഴികള്‍ അടയ്ക്കപെട്ടിരിക്കയാണ്. പുഴയോര നഗരങ്ങള്‍ വെള്ളത്തിലാകുന്നത് അങ്ങിനെയാണ്. വിസ്തൃതി കുറഞ്ഞുപോയ കായലുകള്‍ക്കും വെള്ളം സ്വീകരിക്കാന്‍ പരിധിയുണ്ട്. കേരളം പ്രളയത്തിലാകുന്നത് ഇങ്ങിനെയാണ്.
വന്‍വൃക്ഷങ്ങളുടെ അഭാവവും ശിഥിലമായ സസ്യാവരണവും ക്വാറിയിംഗിനു വേണ്ടിയുള്ള സ്ഫോടനങ്ങളും അകപ്പാറയുമായുള്ള മേല്‍ഭൂഭാഗത്തിന്റെ ബന്ധം ദുര്‍ബലമാക്കി. ഇടത്തരം സസ്യങ്ങളും ക്വാറികളും പുറംതട്ടിലെ ജലസംഭരണം അധികമാക്കി. കൂട്ട മരണങ്ങള്‍ക്കിടയാക്കിയ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഏറിവരുന്നത് ആ വിധമാണ്.

തുടര്‍ച്ചയായുണ്ടാകുന്ന പ്രളയം നമുക്ക് നല്കുന്ന പാഠം ഇതാണ്. പാരിസ്ഥിതികമായ തിരിച്ചറിവില്ലാതെ നടത്തിയ വികസനവും ഉപഭോഗശീലവുമാണ് തുടര്‍ച്ചയായി സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം.

ജീവിത പുരോഗതി നമുക്ക് കൂടിയേ തീരൂ. അതിന് പ്രകൃതിയിലുള്ള ഇടപെടല്‍ അനിവാര്യമാണ്. അത്തരം ഇടപെടലുകളുടെ ചരിത്രം കൂടിയാണ് മാനവചരിത്രം. എന്നാല്‍ അത് പ്രകൃതിയെ തിരിച്ചറിഞ്ഞുകൊണ്ടാവണം. അതിന്റെ സവിശേഷതകള്‍ മനസ്സിലാക്കിയാവണം. പ്രകൃതിയിലെ ഇടപെടലുകളില്‍ ആവുന്നതും അരുതാത്തതും നിയന്ത്രിതമായി മാത്രം ആകാവുന്നവയുമുണ്ട്. പ്രകൃതിവിഭവങ്ങളില്‍‍ തീര്‍ന്നു പോകുന്നവയും ആവര്‍ത്തിച്ചുണ്ടാകുന്നവയും അക്ഷയമായവയുമുണ്ട്. അക്ഷയമായവ നമുക്ക് യഥേഷ്ടം ഉപയോഗിക്കാം. ആവര്‍ത്തിച്ചുണ്ടാകുന്നവ, ഉണ്ടാകുന്ന വേഗതയില്‍ ഉപയോഗിക്കാം. തീര്‍ന്നുപോകുന്നവ ഉപയോഗിക്കുമ്പോള്‍ ,പകരം ഉപയോഗിക്കാവുന്നവ‍ കണ്ടെത്താനുള്ള സാധ്യതയും അതിനായെടുക്കുന്ന കാലവും പരിഗണിക്കണം.

ആവശ്യങ്ങളെയും നാം തരം തിരിക്കണം. അത്യാവശ്യമേത്, ആവശ്യമെന്ത്, ധൂര്‍ത്തേത് എന്നിങ്ങനെ.ചിലര്‍ ധൂര്‍ത്തരായി ജീവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അത്യാവശ്യ കാര്യങ്ങളാണ് നിഷേധിക്കുന്നത്. ചിലപ്പോള്‍ വരും തലമുറയോട് തന്നെയാണത് ചെയ്യുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും ,വരുതലമുറയുടെയും സമൂഹത്തിലെ മുഴുവന്‍ പേരുടെയും ആവശ്യങ്ങളും പരിഗണിച്ചുള്ള വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസന മാതൃകകള്‍ വാര്‍ത്തെടുത്തേ പ്രകതിദുരന്തങ്ങളെ പ്രതിരോധിക്കാനാവൂ. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ പ്രളയവും നമുക്ക് നല്കുന്ന പാഠവും അത് തന്നെ. മഴതിമിര്‍ക്കുമ്പോള്‍ മാത്രമല്ല, വികസനം ആഘോഷിക്കപ്പെടുന്ന സമയത്തും നാമത് ഓര്‍ക്കണം.

ടി.കെ.ദേവരാജന്‍

എഡിറ്റര്‍, ലൂക്ക സയന്‍സ് മാഗസിന്‍


ലൂക്ക ലേഖനങ്ങള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Previous post എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല
Next post ജൈവസാങ്കേതികവിദ്യാ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾ
Close