ശാസ്ത്രബോധത്തിനായി നിലയുറപ്പിക്കാം

ആഗസ്ത്- 20 ദേശീയ തലത്തില്‍ ശാസ്ത്രാവബോധ ദിനമായി ആചരിക്കപ്പെടുകയാണ്. ഡോ.നരേന്ദ്ര ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഏഴുവര്‍ഷം മുമ്പ് ഇന്നേ ദിവസമാണ്. ആതുരസേവനത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും മുഴുകി ജീവിതം നയിച്ച അദ്ദേഹം ഒരപകടമായി ചിലര്‍ക്ക് തോന്നിയത് ഇനിപ്പറയുന്ന കാരണങ്ങളാലാണ്: ജീവിത പ്രശ്നങ്ങളെ ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തില്‍ സമീപിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു, അതിന് വിഘാതമാകുന്ന അന്ധവിശ്വാസങ്ങളുടെ അശാസ്ത്രീയതകള്‍ തുറന്നുകാട്ടി, ജനങ്ങളുടെ അജ്ഞത മുതലാക്കി വിവിധ തരത്തിലുള്ള ചൂഷണത്തിനു മുതിരുന്നവരെ കടിഞ്ഞാണിടാന്‍ നിയമ നിര്‍മ്മാണത്തിനായ് പ്രവ‍ർത്തിച്ചു. സമാനരീതിയില്‍ സമൂഹത്തില്‍ ഇടപെട്ട മൂന്ന് പ്രമുഖര്‍ കൂടി പിന്നീട് രാജ്യത്ത് വധിക്കപ്പെട്ടു – ഗ്രന്ഥകാരനും രാഷ്ട്രീയ നേതാവുമായിരുന്ന ഗോവിന്ദ പന്‍സാരെ, സാഹിത്യകാരനും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായിരുന്ന  പ്രൊ.എം എം കുല്‍ബര്‍ഗി, പത്ര പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ്. ഇവർ നാലു പേരുടെയും പൊതു പശ്ചാത്തലം അറിവും യുക്തിചിന്തയുമുപയോഗിച്ച് സാമൂഹ്യ ഇടപെടല്‍ നടത്തുന്നവര്‍ എന്നതാണ്.നീതിക്കും വിവേചനങ്ങള്‍ക്കുമെതിരെ നടക്കുന്ന സമരങ്ങളെ പോലെ അജ്ഞതക്ക് എതിരെ തൂലിക കൊണ്ട് നടത്തുന്ന സമരവും ഇന്ത്യയില്‍ അനുവദിക്കില്ല എന്ന നിലപാടാണ് ഇവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ശാസ്ത്ര സാങ്കേതിക പുരോഗതിയും ജനങ്ങളില്‍ വളരേണ്ട ശാസ്ത്രബോധവുമാണ് സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്ക് അനിവാര്യമെന്നു് ചിന്തിക്കയും ഭരണപരമായ നടപടികളിലൂടെ അതിന് അടിത്തറ സൃഷ്ടിക്കയും ചെയ്ത ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാട്ടിലാണിത്. ശാസ്ത്രബോധത്തിനായ് പ്രവര്‍ത്തിക്കുന്നത് പൗരന്റെ കടമയായി ഭരണഘടനയില്‍ തന്നെ എഴുതി ചേര്‍ത്ത രാഷ്ട്രത്തിലാണിത് സംഭവിക്കുന്നത്. ഭരണാധികാരികളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയോഗിക്കപ്പെടുന്ന അക്കാദമിക പണ്ഡിതര്‍ പോലും ശാസ്ത്രവിരുദ്ധത പറയുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിന്റെ പ്രതിഫലനം മാത്രമാണത്. അതായത്, കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ നാം സഞ്ചരിച്ചത് നെഹ്രുവില്‍നിന്ന് ധാബോല്‍ക്കറിനെ പോലുള്ളവര്‍ ‍ വധിക്കപ്പെടുന്ന കാലത്തിലേക്കാണ്. അഥവാ ഭരണതലത്തിലും പൊതുസമൂഹത്തിലും ഉള്ള ശാസ്ത്രബോധത്തിന്റെ കാര്യത്തില്‍ പിന്നോട്ടാണ്.

കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും സാമ്പത്തിക തകര്‍ച്ചയും അവയെല്ലാം ചേര്‍ന്ന് ദുരിത പൂരിതമാക്കിയ ജനജീവിതവും രാജ്യത്ത് ശാസ്ത്രബോധം വളര്‍ത്തുന്നത് എത്രത്തോളം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. അക്കാര്യം ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തുന്നതിനാണ് രാജ്യത്തെ ശാസ്ത്ര സംഘടനകള്‍ ആഗസ്ത് 20 ശാസ്ത്രാവബോധ ദിനമായി ആചരിക്കുന്നത്.എങ്ങനെയാണ് ശാസ്ത്രബോധം സമൂഹത്തില്‍ ഉണ്ടാവുക? വിശേഷിച്ച് ശാസ്ത്ര വിദ്യാഭ്യാസം നേടിയവര്‍ പോലും അന്ധവിശ്വാസങ്ങളുടെയും കപടശാസ്ത്രങ്ങളുടെയും പ്രചാരകരായും ആചാരസംരക്ഷകരായും രംഗത്ത് വരുന്ന ഇക്കാലത്ത്. ശാസ്ത്രബോധം എന്തെന്ന് വ്യക്തമാക്കികൊണ്ടേ അത് വിഭാവനം ചെയ്യാനാവൂ.

 

ശാസ്ത്രബോധം അഥവാ സയന്റിഫിക് ടെംപര്‍ എന്ന വാക്ക് ആദ്യം പ്രയോഗിച്ചത് ജവഹര്‍ലാല്‍ നെഹ്രുവാണ്. അദ്ദേഹം ശാസ്ത്രബോധത്തെ നിര്‍വചിച്ചത് ഇപ്രകാരമാണ്. ”സത്യത്തിനും പുത്തന്‍ അറിവുകള്‍ക്കുമായുള്ള നിരന്തര അന്വേഷണം, ആവര്‍ത്തിച്ചുള്ള പരീക്ഷണത്തിലൂടെ ശരിയെന്ന് ബോധ്യപ്പെട്ടവയല്ലാതെ ഒന്നിനെയും സ്വീകരിക്കില്ലെന്ന നിലപാട്,പുതിയ തെളിവുകളുടെ മുന്നില്‍ പഴയധാരണകളെ തിരുത്താനുള്ള സന്നദ്ധത,മനസ്സില്‍ മുന്നേയുറച്ച സിദ്ധാന്തങ്ങളെക്കാള്‍ നിരീക്ഷിക്കപ്പെട്ട വസ്തുതകളെ ആശ്രയിക്കാനുള്ള കഴിവ്, മാനസികമായ കടുത്ത അച്ചടക്കം -ഇവയാണ് ശാസ്ത്രബോധമുള്ള ഒരാള്‍ക്ക് വേണ്ട അത്യാവശ്യ ഘടകങ്ങള്‍ ” .അതായത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വസ്തുതകളുടെയും യുക്തിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട അറിവുകളെ മാത്രം ആശ്രയിക്കാനും അവയോട് പൊരുത്തപ്പെടാത്ത വിശ്വാസങ്ങളെയും ആചാരങ്ങളെയും ത്യജിക്കാനുമുള്ള കഴിവാണ് ശാസ്ത്രബോധം. എന്നാല്‍ അതിന് വിഘാതമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. ജനിച്ചനാള്‍ മുതല്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്ന വിശ്വാസങ്ങളും പൊതു സമൂഹത്തില്‍നിന്നും മാധ്യമങ്ങളില്‍ നിന്നും വിവിധ രീതിയില്‍ പകര്‍ന്നു കിട്ടുന്ന അറിവുകളും ചേർന്നാണ് ഓരോരുത്തരുടെയും ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത്. ഒപ്പം ജാതി-മതാടിസ്ഥാനത്തിലുള്ള സ്വത്വബോധവും നമ്മെ പിന്തുടരാം. അത്തരം ബോധ്യങ്ങളെ വൈകാരികമായി താലോലിച്ച് സംരക്ഷിക്കാനുള്ള പ്രവണത ഏവരിലും ശക്തമാണ്. എന്നാല്‍ അവ പലപ്പോഴും ശാസ്ത്രീയമാകണമെന്നില്ല.

ഏറ്റവും ശരിയായ അറിവുകള്‍ ലഭിക്കുന്നതിനും ഉള്ളിലുള്ള ധാരണകളുടെ ശരിതെറ്റുകള്‍ വിലയിരുത്താനും സഹായകമാകേണ്ടത് ശാസ്ത്ര വിദ്യാഭ്യാസമാണ്. പരമാവധി വിവരങ്ങള്‍ കുത്തി നിറച്ച് മത്സര പരീക്ഷകളിലെ സ്കോറിംഗിന് പ്രാപ്തമാക്കുന്നതില്‍ വിദ്യാഭ്യാസം ഊന്നുമ്പോള്‍ പ്രകൃതി പ്രതിഭാസങ്ങളില്‍ വിസ്മയം കൊള്ളാനും അവയെ മനസ്സിലാക്കാനുമുള്ള താല്പര്യം വളരുന്നില്ല എന്നുമാത്രമല്ല മരവിക്കപ്പെടുകയും ചെയ്യുന്നു.ഓരോ പ്രതിഭാസവും എന്തുകൊണ്ട് സംഭവിക്കുന്നുവെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ,ഒപ്പം അറിവുകള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കാനുള്ള അന്വേഷണബുദ്ധിയെ സൃഷ്ടിക്കലാണ് ശാസ്ത്രബോധത്തിന് ‍ അനിവാര്യമായിട്ടുള്ളത്. ‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതിയെ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ മറികടക്കാനാകണം. അതിനാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനവും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും യത്നിക്കുന്നത്.

ഭീതിയും ദുരിതവും വളര്‍ത്തുമ്പോഴും കോവിഡ് കാലം തിരിച്ചറിവിന്റെ കാലം കൂടിയാണ് നല്കിയതെന്ന് പറയാതിരിക്കാനാവില്ല. തികച്ചും പുതിയ ഒരു രോഗത്തെയും അതിന് കാരണമായ വൈറസിനെയും തുടക്കം മുതല്‍ നേരിട്ടത് ശാസ്ത്രം മാത്രമുപയോഗിച്ചാണ്. ശാസ്ത്രമെന്നാല്‍ സാങ്കേതിക വിദ്യയും മരുന്നും മാത്രമെന്ന് ധരിച്ചിട്ടുള്ള സമൂഹം ,രോഗത്തെ മനസ്സിലാക്കിയും ശാസ്ത്രീയ രീതികള്‍ അവലംബിച്ചും ആവശ്യങ്ങള്‍ക്കും പുതിയ വിവരങ്ങള്‍ക്കും അനുസരിച്ച്  ധാരണകളില്‍ അപ്പപ്പോള്‍ തിരുത്തലുകള്‍ വരുത്തിയും രോഗ പ്രതിരോധത്തില്‍ മുന്നേറികൊണ്ടിരിക്കയാണ്. ഒപ്പം  ശാസ്ത്രലോകം വിവിധ രാജ്യങ്ങളില്‍ വാക്സിനിലേക്ക് കുതിക്കുന്നതും നാം കേള്‍ക്കുന്നു. വീടുകളിലും പ്രദേശത്തും ഒറ്റപ്പെട്ട് കഴിയുമ്പോഴും സാങ്കേതികവിദ്യയിലൂടെ കൂട്ടായ്മകള്‍ തീര്‍ക്കുന്നു. ശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നല്ല അനുഭവിച്ചറിയലാണ് ഇവയെല്ലാം. അതിനാല്‍ ശാസ്ത്രത്തെ കുറിച്ചു പറയാനും ആഘോഷമാക്കാനും പറ്റിയ കാലമാണിത്.പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ രോഗത്തിന്റെ കണ്ണികള്‍ മുറിക്കുകയാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റൊരു ചങ്ങല ആ സ്ഥാനത്ത്  സ്ഥാപിക്കുമ്പോഴാണത് എളുപ്പമാകുക. ശാസ്ത്ര വിജ്ഞാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ചങ്ങല.ശാസ്ത്രത്തിന്റെ വിവിധ തലങ്ങള്‍ വിവിധരീതിയില്‍ പരിചയപ്പെട്ടു കൊണ്ട് അറിവിന്റെ മഹാചങ്ങലയില്‍ കണ്ണികളാകാനുള്ള ഒരു കാമ്പയിന്‍ ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക ഓണ്‍ലൈന്‍ മാഗസിനും ചേര്‍ന്ന് ആരംഭിക്കയാണ്. ധബോല്ക്കര്‍ വധം നടന്ന ആഗസ്ത് 20 മുതല്‍ നെഹ്രുവിൻ്റെ ജന്മദിനമായ  നവംബര്‍ 14 വരെ. SCIENCE IN ACTION 2020 എന്ന ഈ കാമ്പയിന്റെ വിശദാംശങ്ങള്‍ ലൂക്കയില്‍ പ്രത്യേകമായി നല്കുന്നുണ്ട്.

ശാസ്ത്രത്തെയും നാടിനെയും സ്നേഹിക്കുന്ന സര്‍വ്വരും ഈ കാമ്പയിനില്‍ വിവിധങ്ങളായ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തും സുഹൃത്തുക്കളെയും കുട്ടികളെയും പങ്കാളികളാക്കിയും സഹകരിക്കണമെന്ന് ആഭ്യര്‍ത്ഥിക്കുന്നു.

-ടി.കെ.ദേവരാജൻ

എഡിറ്റർ, ലൂക്ക


വിശദാംശങ്ങൾക്ക്


ബ്രോഷർ ഡൌൺലോഡ് ചെയ്യാം

3 thoughts on “ശാസ്ത്രബോധത്തിനായി നിലയുറപ്പിക്കാം

  1. ശാസ്ത്രചിന്തയെ പ്രചരിപ്പിക്കാൻ വ്യക്തി പ്രഭാവങ്ങളെ ഉപയോഗിക്കുന്നത് ശാസ്ത്രീയമല്ല. ശാസ്ത്രീയ ചിന്തകൾ അതിന്റെ പ്രയോഗം കൊണ്ട് തന്നെ അതിന്റെ ആവശ്യം ലോകത്തിന് മുൻപിൽ അനാവരണം ചെയ്യുന്നുണ്ട്. എന്ന് മാത്രമല്ല വ്യക്തിജീവിതം 90 % വും അനുകരണമാണ്, ഇത് മനുഷ്യന്റെ ഗതികേടാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ തന്നെ എല്ലാ വ്യക്തികളും അശാസ്ത്രീയമായ ജീവിതത്തിലൂടെ തന്നെയാണ് കടന്ന് പോകുന്നത് എന്നത് മനസ്സിലാക്കാവുന്നതാണ്. ഈ തിരിച്ചറിവ് ഉപയോഗപ്പെടുത്തി, ശാസ്ത്രം സംസാരിക്കുന്നവർ മറ്റൊരു കൂട്ടമാണ് എന്ന തോന്നലുണ്ടാക്കാൻ ഇടയാക്കാതിരിക്കുകയാണ് ശാസ്ത്രബോധം ജനങ്ങളിൽ പ്രചരിപ്പിക്കാൻ ഏറ്റവും ഫലവത്തായ മാർഗ്ഗം എന്ന് തോന്നുന്നു.

  2. പ്രിയപ്പെട്ട പത്രാധിപര്‍,
    താങ്കളുടെ എഡിറ്റോറിയല്‍ പകര്‍ത്തിയെഴുതുമ്പോഴോ മറ്റോ പറ്റിയ ഒരു പിശകാണെന്ന് തോന്നുന്നു. ചൂണ്ടിക്കാണിക്കട്ടെ. ശാസ്ത്രബോധം അഥവാ സയന്റിഫിക്ക് ടെമ്പര്‍ എന്നു തുടങ്ങുന്ന ഖണ്ഡികയുടെ രണ്ടാമത്തെ വരിയില്‍ നെഹറുവിന്റെ വാക്കുകള്‍ തുടങ്ങുന്നത് ഇങ്ങനെ .”അസത്യത്തിനും പുത്തന്‍ അറിവുകള്‍ക്കും” എന്നത് ശരിയാണോ എന്ന് പരിശോധിക്കുക. സത്യത്തിനും പുത്തന്‍ അറിവുകള്‍ക്കും എന്നായിരിക്കേണ്ടെ ?.

Leave a Reply