Read Time:15 Minute

ഇന്ന് രാജ്യം അടിയന്തിരമായി അവശ്യപ്പെടുന്നത് ശാസ്ത്രബോധവും അതിന്റെ ഭാഗമായുണ്ടാകുന്ന  ജനാധിപത്യമനോഭാവവും കൈമുതലായുള്ള പൗരജനങ്ങളെയും ഒരു നേതൃനിരയെയുമാണ്.

ഫെബ്രുവരി 28. ഇന്ന് ദേശീയ ശാസ്ത്രദിനമാണ്. ശാസ്ത്രവിഷയത്തില്‍ ആദ്യമായി ഒരു നൊബേല്‍ പുരസ്കാരം ഇന്ത്യക്കാരന് ലഭിക്കുന്നത് സി വി രാമനിലൂടെയാണ്. അദ്ദേഹത്തിന്റെ   കണ്ടു പിടുത്തം -രാമന്‍ ഇഫക്ട്- പ്രസിദ്ധീകൃതമായ ദിവസം എന്ന നിലയിലാണ് ഫെബ്രുവരി 28 ഇതിനായി തെരെഞ്ഞെടുത്തത്. 1987 മുതല്‍ നാം ഇത് മുടങ്ങാതെ ആചരിക്കുന്നു. ഓരോ വര്‍ഷവും ഒരു തീം ആചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കാറുണ്ട്. ഇത്തവണത്തേത്  വനിതകള്‍ ശാസ്ത്രംഗത്ത് എന്നതാണ്. അത് സംബന്ധമായ ചില ലേഖനങ്ങള്‍ ലൂക്കയില്‍ വന്നു കഴിഞ്ഞു. വനിതാ ദിനമായ മാര്‍ച്ച് 8 വരെ അത് തുടരും.

ഈ ദിനാചരണത്തിന് മറ്റ് ചില പ്രധാന ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. ജീവിതത്തിന്റെ വഴികാട്ടിയായി ശാസ്ത്രബോധത്തെ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണിതില്‍ പ്രധാനം. വ്യക്തിയും സമൂഹവും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുവാന്‍  ശാസ്ത്രത്തിന്റെ രീതിയാണ് ഏറ്റവും ഉത്തമം എന്ന് തിരിച്ചറിയാനാണത്. അതിനായി മാനവരാശി നാളിതുവരെ നേടിയ പുരോഗതിയില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും വഹിച്ച പങ്കിനെ ജനങ്ങളുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരണം. രാജ്യത്തിന്റെ സമഗ്രവികസനത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യകളും ഏത് വിധം ഇനിപ്രയോജനപ്പെടണം എന്ന ആലോചന ഉയരണം.

ശാസ്ത്രവിജ്ഞാനം സാമാന്യ ജനങ്ങളിലേക്ക് പകരാന്‍ ശാസ്ത്രപ്രചാരകരെ പ്രേരിപ്പിക്കലും ദേശീയ ശാസ്ത്രദിനത്തിന്റെ ശലക്ഷ്യമാണ്.എന്നാലിത്  ഈ ദിനത്തില്‍ മാത്രമായി നടക്കേണ്ടതല്ല. ഇക്കാര്യങ്ങള്‍ സമൂഹത്തില്‍ നിരന്തരം നടക്കുകയും ഇത്തരം അവസരങ്ങളില്‍ പുതിയ കുതിപ്പ് നല്കുകയുമാണ് വേണ്ടത്.

ജാതി, മതം ,വിശ്വാസങ്ങള്‍,  ആചാരങ്ങള്‍ ഇവയില്‍ ബന്ധിതമായിക്കിടന്നിട്ടും നമ്മുടെ രാജ്യത്തിന്  സ്വാതന്ത്ര്യാനന്തരം ഏറെ മുന്നോട്ട് പോകാനായതില്‍ ആദ്യ പ്രധാനമന്ത്രിയുടെ വികസന വീക്ഷണത്തിന് വലിയ പങ്കാണുള്ളത്. അതിന്റെ അടിത്തറയാകട്ടെ ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും. കൃഷിയും വ്യവസായവും ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ നവീകരിച്ചും  പൊതുമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിച്ചും ആണ് നാം മുന്നേറിയത്. ഒപ്പം ശാസ്ത്ര സാങ്കേതിക പുരോഗതി മുന്നില്‍ക്കണ്ട് നിരവധി ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കപ്പെട്ടു. എന്നാല്‍ അത് കൊണ്ടു മാത്രമായില്ല, രാ‍ജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ ശാസ്ത്രബോധം ആര്‍ജിക്കുന്ന ജനത കൂടി ഉണ്ടാകണമെന്ന്  അദ്ദേഹം പറഞ്ഞു.

ശാസ്ത്രബോധം വളര്‍ത്തുക എന്നത് ഓരോ പൗരന്റെയും ചുമതലയായി നമ്മുടെ ഭരണഘടന കാണുന്നു. ഈ വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് 1976 ലാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന അതിന്റെ ആദ്യരൂപത്തില്‍തന്നെ ശാസ്ത്രബോധം ഒരു മൂല്യമായി ഉള്‍ക്കൊണ്ടതായി കാണാം. ജാതി മത വര്‍ണ ലിംഗഭേദമില്ലാതെയുള്ള പൗരാവകാശങ്ങളും ജനങ്ങളുടെ നാമത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഭരണഘടനയുടെ ആമുഖവുമെല്ലാം അതിന്റെ സൂചനകളാണ്.

എന്നാല്‍ ആദ്യ പ്രധാനമന്ത്രിയും ഭരണഘടനയും വിഭാവനം ചെയ്ത ശാസ്ത്രബോധം ഇന്ത്യയില്‍ വളര്‍ന്നോ എന്ന ചോദ്യത്തിന്റെ മറുപടി അസ്വസ്ഥതയുണ്ടാക്കുന്നതാണ്.ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയിലൂടെ അതിന് ഉത്തരം തേടുമ്പോള്‍ മറ്റ്  എന്ത് വികാരമാണ് ശാസ്ത്രജ്ഞരുടെയും ശാസ്ത്ര അധ്യാപകരുടെയും ശാസ്ത്ര പ്രചാരകരുടെയും മനസ്സില്‍ സൃഷ്ടിക്കപ്പെടുക?

ആഗോളതാപനം വന്‍ഭീഷണിയായി വളരുമ്പോഴും അത് പരിഗണിക്കാതെ കേവല സാമ്പത്തികവളര്‍ച്ച മാത്രം  ചര്‍ച്ചചെയ്യുന്നു. രാജ്യപുരോഗതിക്കായി ജനങ്ങളുടെ പണം സമാഹരിച്ച് നിര്‍മ്മിക്കപ്പെട്ട സ്ഥാപനങ്ങള്‍ എല്ലാം തന്നെ കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നു. പകരം സര്‍ക്കാര്‍  മുന്‍കയ്യില്‍ ക്ഷേത്രങ്ങളും പ്രതിമകളും പണിയുന്നു. മിത്തുകളും കെട്ടുകഥകളും ചരിത്രമായി വ്യാഖ്യാനിക്കുന്ന വ്യക്തികളെ ശാസ്ത്ര-ചരിത്ര ഗവേഷണസ്ഥാപനങ്ങള്‍ ഏല്‍പിക്കുന്നു. മതവിശ്വാസങ്ങളും അവയുടെ ഭാഗമായി നിലനില്ക്കുന്ന ആചാരങ്ങളും ശാസ്ത്രമാണെന്ന് സ്ഥാപിക്കാനുള്ള ഗവേഷണ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. അടിസ്ഥാനഗവേഷണത്തിനായി നീക്കിവെക്കേണ്ട സര്‍ക്കാര്‍ഫണ്ട് അതിനായി വിനിയോഗിക്കുന്നു.  രാജ്യത്തെ പൗരത്വ നിര്‍ണ്ണയത്തിനും സ്വൈര്യജീവിതത്തിനും എല്ലാം മതം ഒരു നിബന്ധനയാകുന്ന തലം വരെ മതവിദ്വേഷം ഔദ്യോഗിക തലത്തില്‍ വളര്‍ന്നിരിക്കുന്നു.

ഇതെന്തുകൊണ്ട് എന്ന് രാജ്യം ഭരിക്കുന്ന നേതാക്കളുടെ  പ്രവൃത്തികള്‍ മാത്രമല്ല, പ്രസ്താവനകളും അഭിപ്രായങ്ങളും വിളിച്ചോതുന്നുണ്ട്. ശാസ്ത്രത്തെയും രാജ്യപുരോഗതിയെയും തലതിരിഞ്ഞ് വീക്ഷിക്കുന്ന ഒരു ദര്‍ശനമാണവരെ നയിക്കുന്നത്. പക്ഷേ ഉയര്‍ത്തേണ്ടുന്ന ചോദ്യം നെഹ്രുവിനെപോലുള്ള ഒരു രാഷ്ട്രനേതാവിന് പിന്‍ഗാമിയായി ഇത്തരക്കാര്‍ ഉയര്‍ന്നു വന്നതെന്തുകൊണ്ടെന്നാണ്.
അവിടെയാണ് ജന്ത്യന്‍ ജനതയില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള ശ്രമത്തില്‍ നാം ഒട്ടുമേ മുന്നേറിയില്ല എന്ന് വ്യക്തമാകുന്നത്.ശാസ്ത്രവും സാങ്കേതികവിദ്യയും ഏറെ ഉയരത്തിലെത്തിയിട്ടും ശാസ്ത്രമാണ് ജീവിതത്തിന്റെ വഴികാട്ടിയാകേണ്ടതെന്ന തിരിച്ചറിവ് സമൂഹത്തിലുണ്ടായില്ല. അതിനുള്ള ശ്രമം തുടക്കത്തിലേ ഉണ്ടായില്ല!മുമ്പ് സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ വലിയ വിഭാഗത്തിന് ഈ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ എണ്ണവും ഏറെ കുറഞ്ഞിരിക്കുന്നു.   പലതിലും വ്യത്യസ്തത പുലര്‍ത്തുന്ന കേരളം പോലും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എവിടെയാണ് പിഴവ് പറ്റിയത്? ശാസ്ത്രം മുഖ്യമായും അഭ്യസിക്കപ്പെടുന്നത് ഔപചാരിക വിദ്യാഭ്യാസത്തിലൂടെയാണ്. എന്തുകൊണ്ടാണ് വിദ്യാഭ്യാസം പൊതുവിലും ശാസ്ത്രവിദ്യാഭ്യാസം വിശേഷിച്ചും ശാസ്ത്രബോധമുള്ളവരെ സൃഷ്ടിക്കാന്‍ പര്യാപ്തമാകാത്തത്? പഠനവിഷയങ്ങള്‍ കുത്തിനിറച്ചതിനാല്‍  ആസ്വദിച്ച് പഠിക്കാന്‍ അവസരമില്ലാതാക്കിയ സിലബസുകള്‍ ആണോ കാരണം? അതോ ഏത് വിവരവും വിരല്‍തൊട്ടാല്‍ മുമ്പിലെത്തുന്ന ഇക്കാലത്തും ഓര്‍മ്മശക്തിയെ മാത്രം അളക്കുന്ന മത്സര പരീക്ഷകളോ? പ്രവര്‍ത്തനങ്ങളിലൂടെയും വിമര്‍ശനാന്മക വിലയിരുത്തലിലൂടെയും ശാസ്ത്രം അഭ്യസിക്കാന്‍ സഹായിക്കുന്നതിന്  പകരം പുസ്തകത്തിലുള്ളത് കൊത്തിവിതറാന്‍ മാത്രം തയ്യാറാവുന്ന അധ്യാപകരോ?

ശാസ്ത്രബോധനത്തിന്‍ അനൗപചാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പങ്കുണ്ട്.കേരളം അതിന് നല്ല ഉദാഹരണമാണ്. എന്നാല്‍ അതിലൂടെയും ശാസ്ത്രബോധം സൃഷ്ടിക്കപ്പെട്ടോ?
അല്ലെങ്കില്‍ മുമ്പോട്ട് വന്ന നമ്മള്‍ തന്നെ എങ്ങിനെ പിന്നോട്ട് പോയി? കമ്പോള സാധ്യതക്കായി എന്തും പ്രചരിപ്പിക്കാനും വെള്ളിവെളിച്ചത്തില്‍ നിര്‍ത്താനും തയ്യാറാകുന്ന മാധ്യമങ്ങളാണോ കാരണം? അതെയോ ദീര്‍ഘവീക്ഷണമില്ലാതെ താത്കാലിക ലാഭത്തിനായ് മതവികാരങ്ങളെയും വിശ്വാസങ്ങളെയും വിഭാഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികളോ? അതുമല്ല ശാസ്ത്രബോധത്തിന്റെ വെളിച്ചം കിട്ടിയവര്‍ അടുത്തതലമുറക്ക് അത് നല്കാനുള്ള പ്രവര്‍ത്തനത്തില്‍ വിമുഖത കാട്ടുന്നതോ?

എന്തായാലും ഇന്ന് രാജ്യം അടിയന്തിരമായി അവശ്യപ്പെടുന്നത് ശാസ്ത്രബോധവും അതിന്റെ ഭാഗമായുണ്ടാകുന്ന  ജനാധിപത്യമനോഭാവവും കൈമുതലായുള്ള പൗരജനങ്ങളെയും ഒരു നേതൃനിരയെയുമാണ്. പക്ഷേ എങ്ങിനെയാണത് രൂപപ്പെടുക?ശാസ്ത്രബോധം എന്ത് എന്നതിന് കൃത്യമായ ധാരണ പലര്‍ക്കുമില്ല എന്നതാണ് പ്രധാന പ്രശ്നം. ചിലര്‍ക്കത് കേവലമായ ശാസ്ത്ര വിജ്ഞാനമാണ്. മറ്റ് ചിലര്‍ക്ക് അത് മതത്തിന്റെയും ദൈവസങ്കല്പത്തിന്റെയും നിഷേധമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളെയും തിരസ്കരിക്കല്‍ മാത്രമാണ്  വേറൊരു കൂട്ടര്‍ക്ക്. ശാസ്ത്രത്തിന്റെ രീതി പ്രയോഗിക്കാന്‍ ശീലിച്ചാല്‍ ശാസ്ത്രബോധമാകും എന്ന് വാദിക്കുന്നവരുമുണ്ട്.അതല്ല സാമൂഹ്യ പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹരിക്കാനും ശ്രമിക്കലാണ് ശാസ്ത്രബോധം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇതെല്ലാം ശാസ്ത്രബോധത്തിന്റെ വിവിധ വശങ്ങളാണ്. ശാസ്ത്രബോധം വളരുന്നതിലൂടെയാണ് ഇതിലോരോന്നിലേക്കും നാം എത്തിച്ചേരുന്നത്.എന്നാല്‍ ശാസ്ത്രബോധത്തെ ആവിധം നിര്‍വചിക്കുന്നത്  അതിന്റെ സമഗ്രതയെ , ശേഷിയെ ലഘൂകരിക്കലാണ്.

ശാസ്ത്രബോധത്തിന്റെ കാതല്‍ എന്നത് രണ്ട് കാര്യങ്ങളാണ്. ചുറ്റുപാടിനെ മനസ്സിലാക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ശാസ്ത്രത്തിന്റെതാണെന്ന ബോധ്യം. പരമ്പരാഗതമായി കൊണ്ടുനടക്കുന്ന  ധാരണകളെ ശാസ്ത്രീയമായ അറിവുകള്‍ വെച്ച് പരിശോധിക്കാനും തിരുത്താനും ആവശ്യമെങ്കില്‍ തിരസ്കരിക്കാനുമുള്ള കഴിവ്. ഇത് രണ്ടുമാണ് ഇന്ന് മിക്കയിടത്തും അന്യമായിട്ടുള്ളത്. വികസനരംഗത്തും പരിസ്ഥിതിരംഗത്തും ഗുരുതരമായ പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള്‍ അതിനെ അഭിസംബോധനചെയ്യാത്തത് അതിനാലാണ്. ജീവിതശൈലിയിലും ഉപഭോഗത്തിലും ശാസ്ത്രത്തെക്കാള്‍ പൊതുബോധത്തിന് അനായാസം വഴിപ്പെടുന്നതും അതുകൊണ്ട് തന്നെ. ശാസ്ത്രം പഠിപ്പിക്കുന്നവര്‍ അതിനെ നിഷേധിക്കുന്ന വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നതും വിമര്‍ശനങ്ങള്‍ക്കും  ഭിന്നാഭിപ്രായങ്ങള്‍ക്കും ചെവികൊടുക്കാതെ അതിനോട് അസഹിഷ്ണുത പുലര്‍ത്തുന്നതുമെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങള്‍ തന്നെ.

ജനങ്ങളുടെ സാമാന്യബോധം സൃഷ്ടിക്കപ്പെടുന്നതില്‍ പരമ്പരാാഗതമായി കിട്ടിയ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കുമാണ്  വലിയ പങ്ക്. മാധ്യമങ്ങളും കേട്ടുകേള്‍വികളുമാണ് പിന്നെ സ്വാധീനം വഹിക്കുന്നത്. നിലവിലുള്ള വിദ്യാഭ്യാസരീതികള്‍ക്ക് ഈ പരമ്പരാഗത ധാരണകളെയും മൂല്യങ്ങളെയും മുറിച്ചു കടക്കാനാവുന്നില്ല.
ശാസ്ത്ര പ്രചാരകരുടെ ഒറ്റ തിരിഞ്ഞുള്ള അനൗപചാരിക ശ്രമങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ കാര്യമായ അനുരണനവും സൃഷ്ടിക്കാനാകുന്നില്ല.അവയെയാണ് നാം മറികടക്കേണ്ടത്. ശാസ്ത്രമാണ് ജീവിതത്തിന്റെ വഴികാട്ടിയാകേണ്ടതെന്ന ബോധം വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കാനാവണം . പഠിച്ചകാര്യങ്ങളെ ജീവിതത്തില്‍-വിശ്വാസത്തിലും പ്രയോഗത്തിലും-എങ്ങിനെ ബന്ധിപ്പിക്കാമെന്ന് പരിശീലനം നേടണം.അതെങ്ങിനെ എന്ന്  വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം. ശാസ്ത്ര പ്രചരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി മാധ്യമരംഗത്തും പൊതുവേദികളിലും ദൃശ്യമാവണം.പുതിയ ആശയസംവേദന രീതികളും പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കണം.

ഈ ദേശീയ ശാസ്ത്രദിനത്തിലും തുടര്‍ന്നും അത്തരം വിഷയങ്ങള്‍ കൂടി ചര്‍ചെയ്യപ്പെട്ടിരുന്നെങ്കില്‍.

ടി കെ ദേവരാജന്‍

എഡിറ്റര്‍, ലൂക്ക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രരംഗത്തെ വനിതകളും മെറ്റിൽഡാ ഇഫക്റ്റും
Next post ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം
Close