Read Time:29 Minute

നമ്മുടെ സമകാലിക ലോകത്തിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആലോചനകളിൽ പ്രത്യക്ഷമായും പരോക്ഷമായും ഉയർന്നുകേൾക്കുന്ന ഒരു മുദ്രാവാക്യമാണ് ഈ ലേഖനത്തിന്റെ തലക്കെട്ടിലുള്ളത്: ‘എന്റെ ഡാറ്റ, എന്റെ അവകാശം’. പൊതുജനങ്ങളാൽ നിർമ്മിക്കപ്പെടുന്ന വിവരസഞ്ചയങ്ങളുപയോഗിച്ച് നിർമ്മിതബുദ്ധിയും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ മുഖേന വൻകിട ടെക് കമ്പനികൾ വലിയതോതിലുള്ള ലാഭം കൊയ്യുന്നു എന്ന തിരിച്ചറിവ് ആ മുദ്രാവാക്യത്തിലുണ്ട്. ആ വ്യവസ്ഥയോടുള്ള കലഹവുമുണ്ട്. ഇതിങ്ങനെ തുടർന്നാൽ പോരാ എന്ന നിലപാടുമുണ്ട്. അങ്ങനെയൊക്കെയിരിക്കിലും ‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്ന നിലപാടിന് കാതലായ പരിമിതികളുണ്ട്.

വ്യക്തിപരമായ ഡാറ്റ ഉടമസ്ഥതയിലൂന്നുന്ന ‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്നതിൽനിന്നും സാമൂഹികമായ ഡാറ്റ ഉടമസ്ഥത ലക്ഷ്യമിടുന്ന ‘നമ്മുടെ ഡാറ്റ, നമ്മുടെ അവകാശം’ എന്ന ആവശ്യത്തിലേക്ക് അടുക്കാൻ സാധിക്കുമെങ്കിൽ അത് ഇന്നത്തെ നിർമ്മിതബുദ്ധിലോകത്തെ ജനാധിപത്യവൽക്കരിക്കുന്നതിലേക്ക് ഒരു ചുവടുവെയ്പ്പാകും എന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്ന നിലപാടിന്റെ അഭൂതപൂർവ്വമായ പൊതുസ്വീകാര്യത മനസ്സിലാക്കാനുള്ള ഒരവസരം എനിക്കീയിടെയുണ്ടായി. ഞാൻ പ്രവർത്തിക്കുന്ന ബ്രിട്ടണിലെ സർവ്വകലാശാലയിൽ ‘ഡാറ്റയും ഭാവിയും’ എന്ന വിഷയത്തെ മുൻനിർത്തി അടുത്തിടെ ഒരു പൊതുപരിപാടി സംഘടിപ്പിക്കപ്പെട്ടു. അതിന്റെ സംഘാടകനായ പ്രഫസർ ആവേശത്തോടെ നാൽപ്പതോളം ആളുകൾ ഉൾപ്പെടുന്ന സദസ്സിലേക്കൊരു ചോദ്യം തൊടുത്തുവിട്ടു. ‘നിങ്ങളുടെ ആരോഗ്യവിവരങ്ങൾ സമ്പൂർണ്ണമായി നിങ്ങൾക്ക് ലഭ്യമാകണം എന്ന് നിങ്ങൾ കരുതുന്നുണ്ടോ?’. ചോദ്യം കേട്ടപാടെ ഞാനൊഴികെ എല്ലാവരും സംശയലേശമന്യേ കൈയുയർത്തി. രണ്ടാംവരിയിൽ ഇരുന്ന എന്നെ ‘നിങ്ങളെന്താണ് ഹേ ഇങ്ങനെയായിപ്പോയത്’ എന്നരീതിയിൽ അവജ്ഞയോടെ ആ പ്രഫസർ ഒന്ന് നോക്കി, അഥവാ എനിക്കങ്ങനെ തോന്നി. കൈയുയർത്താത്തതെന്തുകൊണ്ട് എന്ന ചോദ്യം ചോദിച്ചാൽ എന്റെ പക്കൽ ഉത്തരമുണ്ടായിരുന്നു. ആരോഗ്യവിവരങ്ങൾ മുഴുവൻ എനിക്ക് ലഭിച്ചാൽ ഞാനെന്താവും ചെയ്യുക; ഒരുപക്ഷെ അതിലടങ്ങിയിട്ടുള്ള എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ ഒന്ന് ഓടിച്ചുനോക്കുമായിരിക്കും. അതിൽ ചിലതെങ്കിലും കൂടിയോ കുറഞ്ഞോ നിൽക്കുന്നുണ്ടാവും, നടപ്പുരീതിവെച്ചു അതിന്റെ കാര്യകാരണങ്ങൾ ഗൂഗിളിൽ തിരയും. ഗൂഗിൾ അതിലേക്കുള്ള സാദ്ധ്യതകൾ ഒന്നൊന്നായി എന്റെ മുന്നിലേക്ക് വെയ്ക്കും. അതിൽ പലരീതിയിലുള്ള അസുഖങ്ങളുടെ പേരുകളുണ്ടാവും, മാറാരോഗങ്ങളുണ്ടാവും, അർബുദം പോലുമുണ്ടാവും. ഒരു തലവേദന വന്നാൽ അതിന്റെ വിശദാംശങ്ങൾ ചേർത്ത് ഗൂഗിളിൽ തിരഞ്ഞു മറവിരോഗത്തിന്റെ സാധ്യതയെക്കുറിച്ചോർത്ത് തലവേദന വർദ്ധിപ്പിച്ചു എം ആർ ഐ വരെ എടുക്കേണ്ടുന്ന അവസ്ഥയിൽ സ്വയമെത്തിക്കുന്ന യുക്തികൾ ഈ ഗൂഗിൾ കാലത്ത് ഒരു സാമൂഹികയാഥാർഥ്യമാണ്. എന്റെ വിവരങ്ങൾ എന്റെ ഡോക്ടറുടെ പരിഗണനയിൽ ഉണ്ടെന്നതുകൊണ്ടും അവർ ആത്മാർത്ഥമായും അനുയോജ്യമായും അതുപയോഗിച്ചുകൊള്ളും എന്നുള്ളതിലൂടെയും ലഭിക്കുന്ന മനസ്സമാധാനം നശിപ്പിക്കുന്ന ഒരു ആവശ്യമായി ഇവിടെ ‘എന്റെ ഡാറ്റ, എന്റെ അവകാശം’ പ്രവർത്തിക്കുന്നു! 

എല്ലാ തരത്തിലുള്ള ഡാറ്റയും നമ്മുടെ മനസ്സമാധാനം കെടുത്തിയെന്നുവരില്ല. അതെന്തുതന്നെയായാലും ഡാറ്റയിന്മേലുള്ള ഉടമസ്ഥാവകാശം നമുക്ക് ആകർഷണീയമായ തോന്നുന്നു എന്നതുകൊണ്ടുമാത്രം അത് അത്യന്താപേക്ഷിതമോ പര്യാപ്തമോ ആവുന്നില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 

ഗാർഡിയൻ പത്രത്തിന്റെ കുക്കി നോട്ടീസ്.

വിവരാധിഷ്ഠിത സാങ്കേതികവിദ്യയോടുള്ള നിയമപരമായ സമീപനങ്ങൾ 

ആഗോളമായിത്തന്നെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാങ്കേതികവിദ്യയിന്മേൽ നിയന്ത്രണമേർപ്പെടുത്തുന്ന ജി ഡി പി ആർ എന്ന നിയമം യൂറോപ്പിൽ നിലവിൽവന്നിട്ട് ഏഴുവർഷത്തോളമാകുന്നു. ജി ഡി പി ആർ എന്നാൽ സാമാന്യ വിവര സംരക്ഷണ നിയന്ത്രണങ്ങൾ (general data protection regulation). ഇവ വിവരസംരക്ഷണം എന്നതിനേക്കാൾ കുറച്ചുകൂടി വ്യാപ്തിയോടെ ഡാറ്റ സാങ്കേതികവിദ്യകൾക്കുമീതെ പൊതുവിൽ ഉള്ള ഒരു നിയന്ത്രണമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അങ്ങനെയുള്ള വ്യാഖ്യാനങ്ങളിലൂന്നി പാശ്ചാത്യലോകത്ത് ഏറെ കയ്യടിനേടിയ നിയമമാണിത്. 

യൂറോപ്പിൽ ജീവിക്കുന്ന ഒരാളോട് ജി ഡി പി ആർ വന്നതിലൂടെ തങ്ങളുടെ ഡിജിറ്റൽ ജീവിതത്തിൽ ഉണ്ടായ മാറ്റമെന്തെന്ന് ചോദിച്ചാൽ ഒരുപക്ഷെ കിട്ടുന്ന ഉത്തരം ഓരോ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴും അലോസരമുണ്ടാക്കിക്കൊണ്ടു പ്രത്യക്ഷപ്പെടുന്ന കുക്കികളെ സംബന്ധിച്ചുള്ളതായിരിക്കും. ജി ഡി പി ആർ വരുന്നതിന് മുമ്പ് നമ്മുടെ വിവരങ്ങൾ ശേഖരിക്കുന്ന കുക്കികൾ ബ്രൗസറിൽ നിക്ഷേപിക്കാൻ ഉപയോക്താവിന്റെ പ്രത്യക്ഷ അനുമതി ചോദിക്കേണ്ടിയിരുന്നില്ല. ജി ഡി പി ആർ വന്നതോടെ ചിലതരം കുക്കികൾക്ക് അത് ആവശ്യമായിവന്നു. എല്ലാ വെബ്സൈറ്റുകൾക്കും കൂടിചേർത്ത് ഒറ്റത്തവണയായി ‘അനുമതി നൽകില്ല’ എന്നോ ‘അനുമതി നൽകുന്നു’ എന്നോ പറയാനുള്ള സൗകര്യമില്ലാത്തതിനാൽ ഒരു ഉപയോക്താവ് ഓരോ തവണ ഒരു പുതിയ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴും ആ വെബ്സൈറ്റ് അയാളോട് അനുമതി ചോദിക്കേണ്ടുന്ന ആവശ്യം വന്നു. ഓൺലൈൻ ജീവിതത്തിൽ ഒരു കരടായി ഇങ്ങനെ ഇടയ്ക്കിടെ വരുന്ന കുക്കി ചോദ്യങ്ങൾ നിലനിൽക്കുന്നു. അങ്ങനെയിരിക്കെത്തന്നെ, വ്യക്തിഗതവിവരങ്ങൾ നൽകാതിരിക്കാനുള്ള അവകാശം ഉപയോക്താവിന് പ്രത്യക്ഷമായിത്തന്നെ ലഭിക്കുന്നതിലൂടെ വ്യക്തിഗത വിവരശേഖരണത്തിന്റെ വ്യാപ്തിയും ആഴവും ഒരുപക്ഷെ കുറഞ്ഞിട്ടുണ്ടാവാം. 

കുക്കികൾക്കുപുറമെ ഓരോ വ്യക്തിക്കും തന്നെ സംബന്ധിക്കുന്ന വിവരങ്ങൾക്കുമേലുള്ള അവകാശം സ്ഥാപിക്കുന്നതരത്തിലുള്ള പല ഘടകങ്ങളും ജി ഡി പി ആറിൽ ഉണ്ട്. ഇതിൽ സ്വന്തം വിവരങ്ങൾ ഒരു വിവരസേവനത്തിൽനിന്ന് ആരായാനുള്ള അവകാശം (right to access), സ്വന്തം വിവരങ്ങൾ മായ്ക്കാനായി ആവശ്യപ്പെടാനുള്ള അവകാശം (right to erasure), സ്വന്തം വിവരങ്ങളിൽ തിരുത്തുകൾ ആവശ്യപ്പെടാനുള്ള അവകാശം (right to rectification) എന്നിവയും പെടും. ചുരുക്കിപ്പറഞ്ഞാൽ ‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്ന തത്വത്തെ അധികരിച്ചുനിർമ്മിച്ച ഒരു നിയമമാണ് ജി ഡി പി ആർ എന്ന് പറഞ്ഞാൽ അതിശയോക്തിയുണ്ടാവില്ല. ജി ഡി പി ആറിൽ നിന്നും തന്റെ ഡാറ്റയിന്മേലുള്ള വ്യക്തിയുടെ പരമാധികാരം (data sovereignty) ഉറപ്പിക്കാൻ ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട് എന്ന് ഈയിടെ വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബെർണേഴ്‌സ്-ലീ പറയുകയുണ്ടായി. അദ്ദേഹമൂന്നിയത് ജി ഡി പി ആറിന്റെ പ്രയോഗികവശത്തിലെ അവ്യക്തതകളെക്കുറിച്ചാണ്. 

വിവരങ്ങൾക്കുമേൽ വ്യക്തികൾക്കുള്ള അവകാശത്തെ ഇത്രയേറെ പ്രാധാന്യത്തോടെ കാണുന്ന ഒരു നിയമം വരുമ്പോൾ സ്വാഭാവികമായും വിവരാധിഷ്ഠിത സാങ്കേതികവിദ്യ കമ്പനികൾക്ക് വലിയ ക്ഷീണമുണ്ടാവുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. പക്ഷെ, പൊതുവിൽ നോക്കിയാൽ ഡാറ്റ കമ്പനികളുടെ പ്രവർത്തനത്തിനെ കാതലായരീതിയിൽ ബാധിക്കുന്ന ഒന്നായി ഏഴു വർഷത്തോടടുക്കുന്ന ജി ഡി പി ആർ വിലയിരുത്തപ്പെട്ടിട്ടില്ല. ഈ കാലയളവിൽ വിവരാധിഷ്ഠിത കമ്പനികളുടെ ശക്തിയും ആ മേഖലയിലെ കുത്തകയും ഏറിയിട്ടുണ്ടെങ്കിലേ ഉള്ളു! ഇത് ‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്ന നിലപാടിന്റെ യുക്തിയിൽനിന്ന് നിർമ്മിച്ച നിയമത്തിന്റെ പ്രഹരശേഷി(യില്ലായ്മ)യെക്കുറിച്ചു പലതും നമ്മോട് പറയുന്നുണ്ട്. 

വിവരാധിഷ്ഠിത സാങ്കേതികവിദ്യയോടുള്ള ചെറുത്തുനിൽപ്പുകൾ 

രണ്ടുവർഷം മുമ്പ് ഡിജിറ്റൽ ശാക്തീകരണവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു ഫൗണ്ടേഷന്റെ ഒരു ചടങ്ങിൽ അതിൽ പങ്കെടുത്ത ഗിഗ് തൊഴിലാളികളുടെ ഒരു യൂണിയൻ നേതാവുമായി സംവദിക്കാനുള്ള അവസരം ലഭിച്ചു. ഇന്ത്യയിൽ ഊബർ മുതലായ ഗതാഗതരംഗത്ത് പ്രവർത്തിക്കുന്നതും സ്വിഗ്ഗി മുതലായ ഭക്ഷ്യരംഗത്തു പ്രവർത്തിക്കുന്നതുമായ നിർമ്മിതബുദ്ധി പ്ലാറ്റുഫോമുകളെ ചെറുക്കാനായി പ്രവർത്തിക്കുന്ന ഒരു യൂണിയന്റെ നേതാവായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് വിശ്രമസൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ടതും വേതനശോഷണവുമായി ബന്ധപ്പെട്ടതുമായ സമരങ്ങളിൽ നിരവധിയായ വിജയങ്ങൾ കൈവരിച്ചത് പരിപാടിയിൽ ആവേശത്തോടെ അവതരിപ്പിക്കപ്പെടുകയുണ്ടായി. ആ യൂണിയൻ സാങ്കേതികവിദ്യയുമായി ഏറ്റവും ചേർന്നുനിൽക്കുന്ന രീതിയിൽ ഉന്നയിച്ച ഒരു ആവശ്യം ഡ്രൈവർമാർക്ക് പ്ലാറ്റുഫോമുകളിൽനിന്നും അവരുടെ വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു. ഇത് പ്രത്യക്ഷമായിത്തന്നെ ‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്നതിലൂന്നിയുള്ളതാണെന്നുള്ളത് ഏറെ ശ്രദ്ധേയമായി തോന്നി. ഒരർത്ഥത്തിൽ ഇത് തൊഴിൽമേഖലയിലെ ഒരു ജി ഡി പി ആറിന് വേണ്ടിയുള്ള ആവശ്യമായിപ്പോലും വ്യാഖ്യാനിക്കാം.

നമുക്ക് ഒരു ചിന്താപരീക്ഷണം എന്നനിലയ്ക്ക് ഈ ആവശ്യം വിജയിക്കുന്ന ഒരു സാഹചര്യത്തെ സമീപിച്ചുനോക്കാവുന്നതാണ്. എല്ലാ ഡ്രൈവർമാർക്കും അവരെക്കുറിച്ചുള്ള തങ്ങളുടെപക്കലുള്ള വ്യക്തിഗത വിവരങ്ങൾ ഊബർ ലഭ്യമാക്കി എന്നിരിക്കട്ടെ. നേരത്തെ ആരോഗ്യവിവരങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് ഗൂഗിളിൽ തിരഞ്ഞുനോക്കാനുള്ള ഒരു അവസരമുണ്ടായിരുന്നതിൽനിന്നു വിഭിന്നമായി ഒരു പെൻ ഡ്രൈവിൽ നിരവധിയായ ഫോർമാറ്റുകളിൽ ലഭിക്കുന്ന തന്റെ ഡാറ്റ തൊഴിലാളിക്ക് ഒരു പൊതിയാത്തേങ്ങയായി അനുഭവപ്പെട്ടാൽ അത്ഭുതമുണ്ടാവില്ല. നിരവധിയാളുകളുടെ വിവരങ്ങളും മറ്റുമൊക്കെ ഒരുമിച്ചുശേഖരിച്ച്  ഊബറിന്റെ അൽഗോരിതത്തിന്റെ പ്രവർത്തനം മനസ്സിലാക്കാനൊക്കെ യൂണിയൻ തലത്തിൽ ശ്രമിക്കാമെങ്കിലും അത്തരം ഉദ്യമങ്ങൾ ദുഷ്കരമാകാനാണ് സാധ്യത. വിവരശേഖരങ്ങളിലൂടെ കുറെയേറെ പരതി ‘ഞാനടുത്തുണ്ടായിട്ടും ദൂരെയുള്ള മറ്റൊരാൾക്ക് നിങ്ങളെന്തിന് റൈഡ് നൽകി’ എന്നൊക്കെ അൽഗോരിതത്തിലെ വിവേചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ള തെളിവുകൾ സംഘടിപ്പിക്കാമെങ്കിലും അതിനൊന്നും ഉത്തരം പറയാൻ ഊബർ തയ്യാറായെന്നുവരില്ല. അങ്ങനെ നിർബന്ധിച്ചാൽ തന്നെയും അവർക്ക് ‘നിങ്ങളെക്കാൾ മറ്റൊരാൾ ആ റൈഡിനു അനുയോജ്യമാണെന്ന് നിരവധിയായ വിഷയങ്ങൾ പരിഗണിക്കുന്ന ഞങ്ങളുടെ അൽഗോരിതം തീരുമാനിച്ചു’ എന്നോ മറ്റോ പറഞ്ഞൊഴിയാം, അല്ലെങ്കിൽ ‘ഡാറ്റ തന്നതോടെ ഞങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു’ എന്നും അവകാശപ്പെടാം. 

തൊഴിലാളികളുടെ അധ്വാനത്തിന് ലഭിക്കുന്ന വേതനത്തിന്റെ ഒരു വലിയഭാഗം കമ്മീഷനായി കവർന്നെടുക്കുന്ന ഇത്തരം ലേബർ പ്ലാറ്റുഫോമുകളിൽ അന്തർലീനമായ ഘടനാപരമായ ചൂഷണത്തിനെ ചെറുക്കാനായി സ്വന്തം വിവരത്തിനുമേലുള്ള പരമാധികാരം സ്ഥാപിക്കുന്നതിലൂടെ കഴിയുമോ എന്നത് ഏറ്റവും കുറഞ്ഞരീതിയിൽ പറഞ്ഞാൽ സംശയമാണ്. തൊഴിലാളികളുടെ സാമ്പത്തിക-ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുക എന്ന രാഷ്ട്രീയലക്ഷ്യം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്ന നിലപാടിനോടൊപ്പം ഘടനാപരമായ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്.

‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്നതിനപ്പുറത്തേക്ക് 

ഡാറ്റയിന്മേലുള്ള വ്യക്തിഗത അവകാശം എന്ന നിലപാടിന്റെ പ്രഹരശേഷിക്കുമേൽ ഇത്രയേറെ ചോദ്യചിഹ്നങ്ങൾ ഉള്ളപ്പോൾ എങ്ങനെയാണ് അത് ഇത്രയേറെ ആകർഷകമായി നമുക്കനുഭവപ്പെടുന്നത്? ഇത് മനസ്സിലാക്കാൻ നമ്മൾ ഈ നിലപാടിന് പിന്നിലെ രാഷ്ട്രീയത്തിലേക്കെത്തിനോക്കേണ്ടിവരും. നമ്മെ ഒരു വ്യക്തിയായിമാത്രം കാണുന്ന ഒരു ‘ആഗോളസ്ഥാപനം’ വിപണിയാണ്. വിപണിയിൽ അധിഷ്ഠിതമായ മുതലാളിത്തവ്യവസ്ഥയിൽ ‘വ്യക്തി’ എന്നതിനുള്ള പ്രാമുഖ്യം മാർക്സ് പലതവണ പറഞ്ഞിട്ടുണ്ട്. മുതലാളിത്തത്തിലൂടെ വിപണിയുക്തികൾ നമ്മുടെജീവിതത്തിൽ ഏറെ സ്വാധീനമുറപ്പിച്ചിരിക്കുന്നതുകൊണ്ടുകൂടിയാണ് നമുക്ക് വിവരാധിഷ്ഠിത സാങ്കേതികഭീമന്മാർക്കെതിരെയുള്ള ചെറുത്തുനിൽപ്പിൽ വ്യക്തിഗത അവകാശങ്ങളടങ്ങുന്ന നിലപാടുകൾ ആകർഷകമായിത്തോന്നുന്നത്. വ്യക്തികേന്ദ്രീകൃത മുദ്രാവാക്യങ്ങൾക്ക് ഘടനാപരമായി തന്നെ വിവരാധിഷ്ഠിത സാങ്കേതികരംഗത്തെ മുതലാളിത്തപ്രവണതകളെ ചെറുക്കാനുള്ള ശേഷിയില്ല. അതിനാൽ അത്തരം നിലപാടുകൾ ആ രംഗത്തെ ശക്തികൾക്ക് പരോക്ഷമായി അനുകൂലമാവുകയും ചെയ്യുന്നു. ‘ഞങ്ങൾ ജി ഡി പി ആർ പാലിക്കുന്ന കമ്പനിയാണ്’ എന്നുപറയുന്നതിലൂടെ ഇത്തരം കമ്പനികൾക്ക് തങ്ങളുടെ പ്രവർത്തനത്തെ ന്യായീകരിക്കാനായി ഒരു നന്മയുടെ മുഖംമൂടി ലഭിക്കുന്നു!

വിവരശേഖരങ്ങൾക്ക് മേലുള്ള വ്യക്തിയുടെ അവകാശമല്ലെങ്കിൽ പിന്നെന്താണ് അഭികാമ്യം? അതിലേക്കായി, വ്യക്തി എന്നനിലയിൽനിന്നും സമൂഹം എന്ന നിലയിലേക്ക് നമുക്ക് മേൽപ്പറഞ്ഞ നിലപാടിനെ ഒന്ന് വിപുലീകരിച്ചു നോക്കിയാലോ? ഒരു സമൂഹം എന്ന നിലയിൽ നാം ഒന്നിച്ചു നമ്മുടെ വിവരശേഖരങ്ങൾ ആവശ്യപ്പെടുന്നു! അതുലഭിച്ചുകഴിഞ്ഞാൽ നമുക്ക് പ്രാദേശികഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലോ സഹകരണസംഘങ്ങളുടെ ആഭിമുഖ്യത്തിലോ ലാഭം എന്നതിനേക്കാൾ സമൂഹത്തിന്റെ നന്മ എന്നതിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ള വിവരാധിഷ്ഠിത ഉദ്യമങ്ങൾ തുടങ്ങാൻ സാധിച്ചേക്കും. ഊബർ, സ്വിഗ്ഗി പോലെയുള്ള പ്ലാറ്റുഫോമുകളുടെ അൽഗോരിതങ്ങൾ വളരെ ലളിതമാണ് എന്നതുകൂടി ഇവിടെ ഓർക്കേണ്ടതുണ്ട്; ഉപയോക്താവിനെ ഏറ്റവുമടുത്തുള്ള സേവനദാതാവുമായി ബന്ധപ്പെടുത്തുക എന്ന ലളിതപ്രവർത്തനമാണ് പലപ്പോഴും അൽഗോരിതം ചെയ്യുന്നത്. അവരുടെ പക്കലുള്ള ഏറ്റവും മൂല്യമുള്ള സംഗതി പ്രാദേശിക സേവനദാതാക്കളെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചുമുള്ള വിവരങ്ങളാണ്. വിവരങ്ങളെല്ലാം ഒരു സമൂഹം എന്ന നിലയിൽ നമുക്ക് ലഭ്യമായിക്കഴിഞ്ഞാൽ അതിലൂടെ അവരുടെ ലാഭകേന്ദ്രീകൃത ബിസിനസ് മാതൃകയ്ക്ക് പകരം സാമൂഹികകേന്ദ്രീകൃത ഉദ്യമങ്ങൾ തുടങ്ങാൻ സാധിക്കും. 

നാമിതുവരെ ഇവിടെ പരിഗണിച്ചത് തൊഴിൽ പ്ലാറ്റുഫോമുകളെയാണ്. ഇന്ന് നിർമ്മിതബുദ്ധി എന്ന വർഗ്ഗീകരണത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ചാറ്റ് ജി പി ടി പോലെയുള്ള സാങ്കേതികവിദ്യകളുടെ കാര്യത്തിലും ഇതേ യുക്തി ഉപയോഗിക്കാവുന്നതാണ്. അത്തരം സേവനങ്ങളുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ ഒരു രൂപരേഖ പൊതുമണ്ഡലത്തിൽ ലഭ്യമാണ്; പൊതുഗവേഷണഫണ്ടിങ്ങിലൂടെ സർവ്വകലാശാലകൾ അടങ്ങുന്ന സ്ഥാപനങ്ങൾ വികസിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യകൾ തന്നെയാണ് ചാറ്റ് ജി പി ടി മുതൽ ഡീപ്സീക് വരെയുള്ള വിവരസേവനങ്ങൾ ഉപയോഗിക്കുന്നത്. അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനമായ ഭീമമായ വിവരശേഖരങ്ങൾ ആഗോളസമൂഹം നിർമ്മിച്ചതാണ് എന്നത് നിസ്സംശയമായി പറയാം. ഇവിടെ ഒരു ആഗോളസമൂഹം എന്നനിലയിൽ വിവരാവകാശം സ്ഥാപിച്ചെടുക്കാനായാൽ എല്ലാരാജ്യങ്ങളും പങ്കാളികളാകുന്ന ഒരു ആഗോള വിവരശേഖര ഫൗണ്ടേഷന് രൂപം നൽകാനായേക്കും, അതിലൂടെ എല്ലാവരോടും പ്രതിബദ്ധതയുള്ള ഒരു വിവരസേവന പ്രവർത്തനമാതൃകയ്ക്കും! വാണിജ്യേതരലക്ഷ്യങ്ങളുള്ള വിവരാധിഷ്ഠിത സേവനങ്ങളാണ് ഇന്നും നിലനിൽക്കുന്ന വിക്കിപ്പീഡിയയെക്കുറിച്ചൊക്കെ ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്.

അതൊക്കെ ഒരു ഉട്ടോപ്പിയൻ സങ്കൽപ്പമാണെന്ന് ഒരുപക്ഷെ തോന്നിയേക്കാം, അതിൽ ശരിയുണ്ടുതാനും, നിലവിലെ സമ്പദ്‌വ്യവസ്ഥയോ രാഷ്ട്രീയകാലാവസ്ഥയോ ഇതിനൊന്നും അനുകൂലമല്ല. പക്ഷെ, വ്യക്തിഗത അവകാശങ്ങളിലേക്ക് പോകുന്ന ശ്രദ്ധയെ കുറച്ചുകൂടി വിപുലീകരിച്ചു ഒരു പ്രാദേശിക ഐക്യദാർഢ്യം രൂപപ്പെടുത്തിയെടുത്താൽ അത് ക്രമേണ വിപുലീകരിക്കാൻ സാധിച്ചേക്കും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയായിപ്രവർത്തിക്കാൻ സഹകരണസംഘങ്ങളും ഭരണകൂടങ്ങളും തയ്യാറാവുന്ന അവസ്ഥയെത്തിയാൽ തുറന്നുകിട്ടുന്ന സാദ്ധ്യതകൾ വളരെ വലുതായേക്കും. 

ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

സസൂക്ഷ്മം

സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗട്ട്-ബ്രെയിൻ ആക്സിസ് : മസ്തിഷ്ക ആരോഗ്യത്തിലേക്കുള്ള താക്കോൽ
Next post സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഒരു എത്തിനോട്ടം – Kerala Science Slam
Close