Read Time:25 Minute

മാധ്യമങ്ങളെക്കുറിച്ചുള്ള ചില സാമാന്യവിഷയങ്ങളാണ് ഈ ലേഖനത്തിന്റെ വിഷയം. എന്തിരുന്നാലും അടുത്തിടെയുള്ള ഒരു സംഭവത്തിൽ നിന്നും തുടങ്ങാം. അടുത്തിടെ കർണാടകത്തിൽ ഒരു മണ്ണിടിച്ചിലിൽ ഒരു മലയാളി യുവാവിനെ കാണാതാകുകയുണ്ടായി. കാണാതായി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ തന്നെ അയാൾ ഒഴുക്കിൽ പെട്ടുകാണും എന്ന് ഏതാണ്ടൊക്കെ സ്ഥിതീകരിച്ചു. ഒരു മനുഷ്യന്റെ സ്വാഭാവികബുദ്ധിയിൽ വെള്ളത്തിൽപെട്ടയാളെ ഏതാനും മണിക്കൂറുകൾക്ക് ശേഷം ജീവനോടെ കിട്ടാൻ വളരെ നേരിയ സാധ്യത മാത്രമേയുള്ളു. പക്ഷെ അതിന് ശേഷവും പത്തുദിവസത്തോളം മലയാളത്തിലെ ടെലിവിഷൻ മാധ്യമങ്ങൾ അയാൾ ജീവനോടെയുണ്ടാവുമെന്ന് ‘അടുത്ത മണിക്കൂർ നിർണ്ണായകം’ എന്ന് നിരന്തരം ഫ്ലാഷ് ചെയ്തും നമ്മെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. അതിൽ ഒരു മാധ്യമം യുവാവിനെ തിരയാൻ പോയ ചങ്ങാടം എന്ന പേരിൽ ഒരു നിർമ്മിതബുദ്ധി ചിത്രവും ഉപയോഗിച്ച് മണിക്കൂറുകളോളം സ്ക്രീൻ നിറച്ചു (ചിത്രം ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്). ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നും സാമൂഹികപ്രതിബദ്ധതയിൽ വേരുറച്ചു പ്രവർത്തിക്കുന്നു എന്നും നാം കരുതുന്ന മാധ്യമങ്ങൾ എന്തിന് നമ്മെ ഇങ്ങനെ കബളിപ്പിക്കുന്നു? എന്തിനാണവർ അനാവശ്യമായി പ്രതീക്ഷയും ആകാംഷയും നമ്മുടെ മനസ്സിൽ കുത്തിനിറയ്ക്കുന്നത്? മേൽപ്പറഞ്ഞത് പോലെയുള്ള സംഭവങ്ങൾ വേറെയുമുണ്ട്. 2023ലും 2024ലും കൊല്ലത്തുനിന്ന് ഓരോ പെൺകുട്ടികൾ കാണാതായപ്പോഴും മാധ്യമങ്ങൾ സമാന്തര അന്വേഷണം നടത്തുന്നു എന്ന രീതിയിൽ ഒരു ദിവസം മുഴുവൻ ‘ബ്രേക്കിങ് ന്യൂസ്’ എന്ന പേരിൽ പ്രസക്തവും അപ്രസക്തവുമായ ദൃശ്യങ്ങൾ കാണിച്ചു. സ്വന്തമായി സൃഷ്‌ടിച്ച ഇത്തരം ആഖ്യാനങ്ങളുടെ  പേരിൽ പൊലീസുകാരോട് ഓരോന്ന് ചോദിച്ചു അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും അവരെ സമ്മർദത്തിൽ ആക്കുകയും ചെയ്തു.

ജനസാമാന്യത്തിന്റെ ആഗ്രഹപ്രകാരമാണോ ഇങ്ങനെയൊക്കെ അവർ പ്രവർത്തിക്കുന്നത്? ആരാണ് ഇവരോടിങ്ങനെ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നത്?

എന്തിന് വേണ്ടി മാധ്യമങ്ങൾ ഇത് ചെയ്യുന്നു എന്ന് നാം ഒന്ന് ചിന്തിച്ചാൽ തന്നെ ഉത്തരം കിട്ടും. അവരെ ഇതൊക്കെ ചെയ്യിക്കുന്നത് അവരുടെ സാമ്പത്തിക താൽപര്യങ്ങളാണ്, അതിൽ നിന്നും ഉണ്ടാവുന്ന സമ്മർദങ്ങളാണ്. സാമൂഹികപ്രതിബദ്ധതയും ജനാധിപത്യബോധവും ഇങ്ങനെ പ്രവർത്തിക്കാൻ അവരെ അനുവദിക്കില്ല എന്നതും വ്യക്തമാണ്.

സാമ്പത്തികതാൽപര്യങ്ങൾ നിരന്തരമായി മാധ്യമങ്ങളെ സാമൂഹികവിഷയങ്ങളിൽ പിന്തിരിപ്പൻ എന്നോ അപഹാസ്യമെന്നോ തോന്നുന്ന പ്രവർത്തനരീതികളിലേക്ക് നയിക്കുന്നു എന്ന് മനസ്സിലാക്കാൻ പല മാധ്യമഗവേഷകരും ശ്രമിച്ചിട്ടുണ്ട്. അവയിൽ ശ്രദ്ധേയമായ ഡാളസ് സ്മൈത്ത് (Dallas Smythe) എന്ന ഗവേഷകന്റെ ‘പ്രേക്ഷക ചരക്ക്’ (audience commodity) എന്ന സിദ്ധാന്തത്തിലൂടെ ഇതിനോടൊപ്പം ചേർത്തിട്ടുള്ള ചിത്രത്തിന്റെ സഹായത്തോടെ ഒന്ന് കണ്ണോടിക്കാം.

ഒരു ചാനൽ എങ്ങനെയാണ് കാശുണ്ടാക്കുന്നത്? ഇന്നത്തെ മലയാളം വാർത്താചാനലുകൾ എല്ലാം തന്നെ ഫ്രീ-ടു-എയർ ആണ്, അതായത് വരിസംഖ്യ ഈടാക്കാത്തവയാണ്. അതുകൊണ്ടു തന്നെ അവയുടെ വരുമാനം പൂർണ്ണമായും പരസ്യങ്ങളിലൂടെയാണ്. എങ്ങനെയാണ് പരസ്യങ്ങളുടെ വില നിർണ്ണയിക്കുന്നത് എന്നത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒരു ചാനലിന് കൂടുതൽ പ്രേക്ഷകരുണ്ടെങ്കിൽ അവർക്ക് കൂടുതൽ വിലയ്ക്ക് പരസ്യ-സ്ലോട്ടുകൾ വിൽക്കാൻ സാധിക്കും. കേരളത്തിലെ മുഖ്യധാരാ ചാനലുകളും പത്രങ്ങളും പരസ്യത്തിനായി ഈടാക്കുന്നത് അത്രയൊന്നും പ്രേക്ഷകരില്ലാത്ത മാധ്യമങ്ങളെക്കാൾ ഏറെ കൂടുതലാണെന്ന് കാണാം. ഡാളസ് സ്മൈത്ത് ഇതിനെ കാണുന്നത് ‘പ്രേക്ഷക ചരക്കി’ന്റെ വിൽപ്പന എന്ന നിലയ്ക്കാണ്. അതായത്, നാമുൾപ്പെടുന്ന പ്രേക്ഷകരുടെ സഞ്ചയത്തെ പരസ്യദാതാക്കൾക്ക് മുന്നിലേക്ക് വിൽപ്പനയ്ക്ക് വെയ്ക്കുന്നു. ‘നിങ്ങൾ എന്റെ ചാനലിൽ പരസ്യം ചെയ്‌താൽ കൂടുതൽ പ്രേക്ഷകർ കാണും’ എന്ന് പറയാനാണ് ഓരോ ചാനലിനും താൽപര്യം. കൂടുതൽ പ്രേക്ഷകർ ഉണ്ടെങ്കിൽ കൂടുതൽ പണം പരസ്യദാതാക്കളിൽ നിന്നും ഈടാക്കാം. ഇതിനെ ഇടതുവശത്തെ പ്രക്രിയയായി ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

പരസ്യദാതാക്കളിൽ നിന്നും കൂടുതൽ വരുമാനം കണ്ടെത്തണമെങ്കിൽ പ്രേക്ഷകർ വേണമല്ലോ. അതിനായി പ്രോഗ്രാമുകൾ നിർമ്മിക്കണം. അതിലേക്കായി ആർട്ടിസ്റ്റുകളെയും റിപ്പോർട്ടർമാരെയും ചുമതലപ്പെടുത്തി അവർക്ക് വേതനം നൽകേണ്ടതുണ്ട്. ഈ പ്രക്രിയ ചിത്രത്തിന്റെ വലതുവശത്ത് കാണാം. ഇടതുവശത്ത് പരസ്യദാതാക്കളിൽ നിന്നും കിട്ടുന്ന വരുമാനം റിപ്പോർട്ടർമാർക്ക് നൽകേണ്ടതിനേക്കാൾ എത്രയോ ഉയർന്നു നിൽക്കേണ്ടതുണ്ട്, എന്നാലേ അതിൽ നിന്ന് ചാനൽ നടത്തിപ്പ് ചിലവും കിഴിച്ചാൽ ലാഭം കിട്ടുകയുള്ളു.

ഈ രണ്ടു പ്രക്രിയകളും പ്രത്യേകം പ്രത്യേകം കാണിച്ചിട്ടുണ്ടങ്കിലും ഇവയിൽ പ്രധാനം ഇടതുവശത്തെ പ്രേക്ഷകരുടെ എണ്ണം തന്നെ. കാരണം അതാണ് ചാനൽ വിൽപ്പനയ്ക്ക് വെയ്ക്കുന്ന ചരക്ക്. അതിലൂടെയാണ് ചാനലിന്റെ സാമ്പത്തികതാൽപര്യം നടപ്പിലാവുന്നത്. അത് വർദ്ധിപ്പിക്കുന്ന രീതിയിൽ ആവണം എല്ലാം പ്രവർത്തിക്കാൻ. കൂടാതെ പരസ്യദാതാക്കളെ പിണക്കുകയും ചെയ്യരുത്; ‘പ്രേക്ഷക ചരക്ക്’ ഉണ്ടാക്കിവെച്ചിട്ട് അത് വാങ്ങാൻ ആളില്ലെങ്കിൽ എന്തുകാര്യം. നാം ഇവിടെ ചാനലിന്റെ കാര്യമാണ് പറഞ്ഞതെങ്കിലും പത്രത്തിന്റെ കാര്യവും സമാനമാണ്. എൺപതുകളിലെ മലയാളസിനിമയിൽ ആർക്കും കിട്ടാത്ത വാർത്ത ‘നിർമ്മിച്ചു നടപ്പിലാക്കുന്ന’ പത്രാധിപരെ കണ്ടതും, തൊണ്ണൂറുകളിലെ സിനിമകളിൽ സത്യസന്ധരായ റിപ്പോർട്ടർമാരുടെ സ്‌റ്റോറികൾ പരസ്യതാത്പര്യങ്ങൾ മുൻനിർത്തി തമസ്കരിക്കുന്ന പത്രാധിപരെ കണ്ടതും ഓർക്കുക. ഇവയെയൊക്കെ അന്നത്തെ സിനിമകൾ ‘പാപങ്ങൾ’ എന്ന നിലയിലാണ് അവതരിപ്പിച്ചത്. പക്ഷെ, പരസ്യങ്ങളെ ആശ്രയിച്ചു കഴിയുന്ന മാധ്യമങ്ങളിൽ ഉള്ള സ്വാഭാവികമായ താൽപര്യങ്ങളാണ് ഇത്തരം പാപങ്ങൾ.

പത്രങ്ങളിൽ നിന്നും ചാനലുകളിലേക്ക് എത്തുമ്പോൾ ഈ ‘പ്രേക്ഷക ചരക്ക്’ യുക്തിക്ക് വരുന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. നാം വീട്ടിൽ ഒരു പത്രം വരുത്തുന്നു എങ്കിൽ അതാവും നിത്യവും വായിക്കുക, വായനശാലകളിൽ പോകുന്നവർ കൂടുതൽ പത്രങ്ങൾ പതിവായി വായിച്ചേക്കാം. എന്തിരുന്നാലും പത്രത്തിന്റെ കാര്യത്തിൽ ഒരു ‘സ്ഥിരത’ ഉണ്ട്. ‘ഇന്ന് മറ്റേ പത്രത്തിൽ നല്ല വാർത്ത ഉണ്ടോ?’ എന്ന് ഓരോ ദിവസവും നാം അന്വേഷിക്കാറില്ലല്ലോ. അതുകൊണ്ട് തന്നെ പത്രങ്ങൾക്ക് വരിക്കാരെ തുടരാൻ പ്രേരിപ്പിക്കാൻ – ‘പ്രേക്ഷക ചരക്ക്’ നിലനിർത്താൻ – ദീർഘകാലടിസ്ഥാനത്തിൽ അവരെ തൃപ്തിപ്പെടുത്തിയാൽ മതിയാകും. എന്നാൽ ചാനലിന്റെ കാര്യത്തിൽ അതല്ല സ്ഥിതി. ചാനൽ കാണുന്ന നമ്മുടെ കയ്യിൽ റിമോട്ട് ഉണ്ട്. ഏതു നിമിഷവും ചാനൽ മാറ്റാം. അതുകൊണ്ട് ഓരോ നിമിഷവും പ്രേക്ഷകരെ തൃപ്തിപ്പെടുത്തണം, അവരെ ചാനൽ മാറ്റുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തണം.

ഇതിനായി രണ്ടു മാർഗ്ഗങ്ങളെങ്കിലും ഉണ്ട്: (1) ആദ്യം വാർത്ത എത്തിക്കുക, (2) വ്യത്യസ്തമായ വാർത്ത എത്തിക്കുക.

ആദ്യം വാർത്ത പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള വ്യഗ്രത ‘എക്സ്ക്ലൂസീവ്’ കഥകൾ കണ്ടെത്താനുള്ള പരക്കം പാച്ചിലിലേക്ക് നയിക്കുമ്പോൾ രോഗാതുരനായ പ്രശസ്തവ്യക്തി മരിച്ചു എന്ന പോലെയുള്ള വ്യാജ വാർത്ത നിർമ്മിക്കപ്പെടും. ‘ഇനിയെങ്ങാനും മരിച്ചിട്ടുണ്ടെങ്കിൽ നാം ആദ്യം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്’ എന്നതാണ് ഇവിടെ ചിന്ത. 2024 ൽ നോം ചോംസ്കി മരിച്ചു എന്നും 2023 ൽ ടി എസ് രാജു എന്ന മലയാളനടൻ മരിച്ചു എന്ന വാർത്ത പരന്നതും ഓർക്കുക – ഇവർ രണ്ടുപേരും ഇന്നും ജീവനോടെ ഇരിക്കുന്നു. മാധ്യമപ്രവർത്തകനായ കലവൂർ രവികുമാർ മരണശയ്യയിൽ കിടക്കുന്ന ഒരെഴുത്തുകാരന്റെ പിറകെയുള്ള മാധ്യമങ്ങളുടെ ഇത്തരം പരക്കം പാച്ചിലുമായി ബന്ധപ്പെട്ട സ്വന്തം അനുഭവം അടിസ്ഥാനപ്പെടുത്തി ‘സ്വ ലേ’ എന്ന സിനിമയുടെ തിരക്കഥ രചിക്കുകയുണ്ടായി. വായനക്കാരിൽ ചിലരെങ്കിലും ആ ചിത്രം ഓർക്കുന്നുണ്ടാവും, അതിലെ ലേഖകന്റെ കഥാപാത്രം അനുഭവിക്കുന്ന (അഥവാ സാമ്പത്തിക താൽപര്യങ്ങൾ അയാളിൽ അടിച്ചേൽപ്പിക്കുന്ന) വേദനയും.

വ്യത്യസ്തമായ വാർത്ത എത്തിക്കുക എന്ന മാർഗം ഞാൻ നേരത്തെ സൂചിപ്പിച്ചെങ്കിലും അങ്ങനെ ഒരു സാധ്യത സാധാരണഗതിയിൽ വളരെ നേർത്തതാണ്. ഒരു സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു ചാനലിന് വ്യത്യസ്ത സ്ഥലത്ത് ക്യാമറ വെച്ച് ദൃശ്യങ്ങൾ കാണിക്കാം. ഉദാഹരണത്തിന്, തെങ്ങുകയറ്റം അറിയാവുന്ന ക്യാമറമാനെ വള്ളംകളി റിപ്പോർട്ടിങ്ങിന് വിടാം. പക്ഷെ, അതിനൊക്കെ സ്വാഭാവികമായും പരിമിതികളുണ്ട്. ഈ ലേഖനത്തിൽ ആദ്യം പരാമർശിച്ച സംഭവത്തിലേക്ക് വരികയാണെങ്കിൽ കർണാടകത്തിലെ രക്ഷാപ്രവർത്തനം ചങ്ങാടത്തിൽ നടക്കുമ്പോഴും ചങ്ങാടം കാണുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്താൻ ഒരു ചാനലിനും കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ വ്യത്യസ്ത വാർത്ത കൊടുക്കാനുള്ള വ്യഗ്രത ഒരു റിപ്പോർട്ടറെ എത്തിച്ചത് നിർമ്മിതബുദ്ധി ചിത്ര നിർമ്മാണത്തിലേക്കാവണം. അങ്ങനെ മറ്റുചാനലുകൾ എല്ലാം തന്നെ പുഴയുടെ ഒഴുക്ക് ദൃശ്യങ്ങളിൽ കാണിച്ചു രക്ഷാപ്രവർത്തനം വിവരിക്കുമ്പോൾ നമ്മുടെ നിർമ്മിതബുദ്ധി-ചാനലുകാരൻ അതാ ചങ്ങാടത്തിന്റെ (AI) ദൃശ്യം കാണിക്കുന്നു. ചാനലുകൾ മാറ്റി മാറ്റി കാണുന്ന പ്രേക്ഷകർക്ക് വിരസദൃശ്യങ്ങളിൽ നിന്നും ഒരു മോചനം സമ്മാനിക്കുന്ന ചാനൽ എന്തായാലും ആകർഷകമായിരിക്കും. ഈ AI കാലത്ത് ഇനിയങ്ങോട്ട് ഇങ്ങനെയുള്ള വ്യത്യസ്ത വാർത്താനിർമ്മിതി നാം വരും നാളുകളിൽ ധാരാളമായി കാണേണ്ടതാണ്, ദൗർഭാഗ്യവശാൽ.

‘പ്രേക്ഷക ചരക്ക്’ എന്ന സിദ്ധാന്തം സൂചിപ്പിക്കുന്നത് പരസ്യവരുമാനം പ്രധാന വരുമാനസ്രോതസ്സാവുന്ന മാധ്യമങ്ങളിൽ സ്വാഭാവികമായും വലതുപക്ഷമൂല്യങ്ങൾ കുടിയേറുന്നു എന്നതും കൂടിയാണ്. പ്രേക്ഷകരെ നിരന്തരം ആകർഷിക്കാൻ ഇക്കിളിപ്പെടുത്തുന്നതും കൃത്രിമമായി ആശ്ചര്യപ്പെടുത്തുന്നതുമായ വാർത്ത കൊടുക്കാനുള്ള പ്രേരണ, പരസ്യദാതാക്കളെ പിണക്കാതിരിക്കാനുള്ള ശുഷ്‌കാന്തി എന്നതൊക്കെ ഈ വലതുപക്ഷപ്രേരണയുടെ വിവിധഭാവങ്ങൾ തന്നെ. പരസ്യങ്ങൾ നൽകുന്നതിൽ പ്രധാനമായും വലിയ ലാഭമുണ്ടാക്കുന്ന കുത്തക കമ്പനികൾ ഉണ്ടാവുമെന്നതിനാൽ കുത്തക കമ്പനികളോടുള്ള ഒരു മൃദുനിലപാട് സ്വാഭാവികമായും വന്നുചേരുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നിരവധിയായി നടക്കുന്ന അമിതചികിത്സയിലൂടെ ഉണ്ടാവുന്ന പ്രശ്നങ്ങളും ചികിത്സാപിഴവുകളും പരസ്യതാൽപര്യങ്ങൾ മുൻനിർത്തി കുഴിച്ചുമൂടുന്ന പരസ്യാധിഷ്ഠിത മാധ്യമങ്ങൾക്ക് പ്രേക്ഷക-ആകർഷണീയത മൂലം സർക്കാർ ആശുപത്രികളിലെ ചെറിയ പിഴവുകൾ ഊത്തിപ്പെരുപ്പിച്ചു കാണിക്കാൻ വലിയ ശ്രദ്ധയാണ്. പല മേഖലകളിലും വിപണിശക്തികളുടെ വീറുറ്റ ഏജന്റുമാരായിപ്പോലും മാധ്യമങ്ങൾ പ്രവർത്തിക്കുന്നതായി തോന്നും. ഇക്കിളിപ്പെടുത്തുന്നതും ആകർഷണീയമായതുമായ വാർത്തകളെ തത്സമയ റിപ്പോർട്ടിങ്ങിലൂടെ അവതരിപ്പിക്കുന്ന മാധ്യമങ്ങൾ വർത്തകളെക്കുറിച്ചു ചിന്തിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതേയില്ല. കേസരി ബാലകൃഷ്ണപിള്ള മാധ്യമധർമ്മം എന്ന നിലയിൽ മുന്നോട്ടുവെച്ച ഒരു ചിന്ത വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ‘എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു’ എന്ന് ചിന്തിപ്പിക്കാൻ മാധ്യമങ്ങൾ ശ്രദ്ധ പുലർത്തണം എന്നതായിരുന്നു – വാർത്തകളെ ചരിത്രവൽക്കരിക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണ് അദ്ദേഹം വിരൽചൂണ്ടിയത്. പരസ്യവരുമാന പ്രേരണ മൂലം മാധ്യമങ്ങൾ ഓരോ നിമിഷവും എന്ത് സംഭവിച്ചു എന്ന് മാത്രം കാണിക്കുമ്പോൾ വാർത്തയുടെ ചരിത്രം പോയിട്ട് സന്ദർഭം മനസ്സിലാക്കാൻ പോലും സാധ്യമല്ലാത്ത സ്ഥിതി വരുന്നു. കഴിഞ്ഞ ദിവസം എന്തുസംഭവിച്ചു എന്ന് പോലും ഓർമ്മയില്ലാത്ത രീതിയിലേക്ക് മാധ്യമങ്ങളെ ഈ യുക്തികൾ എത്തിക്കുന്നത് നാം നിരന്തരം കാണുന്നുണ്ട്. ഒരു ജനപ്രതിനിധിയോട് അദ്ദേഹം തലേന്ന് പറഞ്ഞ വസ്തുതാവിരുദ്ധമായ കാര്യം ചൂണ്ടിക്കാണിക്കാൻ മടിക്കുന്ന മാധ്യമങ്ങൾ അടുത്ത അപ്പക്കഷണത്തിനായി മൈക്കുമായി പിറ്റേന്ന് പിറകെ കൂടുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ചിന്തിക്കുന്ന ഒരു ജനതയുടെ ചിന്താശേഷി കൂടിയാണ് ക്രമേണ ചോർത്തിക്കളയപ്പെടുന്നത്. പൊതുമണ്ഡലത്തിലെ ചർച്ചയെ നിരന്തരം ഉപരിപ്ലവമാക്കുന്നതിലൂടെ ഇടതുപക്ഷം വിലമതിക്കുന്ന പൊതുസംവാദം (public discourse) എന്ന ആശയം കൂടിയാണ് ക്രമേണ അപ്രത്യക്ഷമാകുന്നത്. ‘ഉപരിപ്ലവത്വം’ ഒരു ജീവിതമൂല്യമായി സമൂഹത്തിൽ വേരുറപ്പിക്കപ്പെടുന്നു.

അങ്ങനെ മൂലധനബന്ധിതമായ ഒരു പരസ്യാധിഷ്ഠിത വലതുപക്ഷ മാധ്യമലോകത്ത് നിന്നാണ് നാം പലപ്പോഴും സ്വതന്ത്ര-നിഷ്പക്ഷ റിപ്പോർട്ടിങ് പ്രതീക്ഷിക്കുന്നത്! ടെലിവിഷൻ, റിമോട്ട്, നിർമ്മിതബുദ്ധി എന്നീ സാങ്കേതികവിദ്യകൾ ഈ മൂലധനപ്രേരണയുമായി പ്രതിപ്രവർത്തിച്ചു പരസ്യാധിഷ്ഠിത മാധ്യമങ്ങളുടെ വലതുയുക്തിയെ ശക്തിപ്പെടുത്തുന്നത് കാണുമ്പോൾ ഇനി വരാനിരിക്കുന്നതെന്തന്ന ചിന്ത നമ്മെ ആശങ്കപ്പെടുത്തിയേക്കും. ഈ പംക്തിയുടെ അടുത്തലക്കത്തിൽ നിർമ്മിതബുദ്ധി കേന്ദ്രീകൃതമായ സമൂഹമാധ്യമങ്ങളിലേക്ക് നമുക്ക് ശ്രദ്ധതിരിക്കാം.

സസൂക്ഷ്മം – പംക്തി ഇതുവരെ

സസൂക്ഷ്മം

സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹോളറീന പരിഷദി – പാലക്കാട് ചുരത്തിൽനിന്ന് കുടകപ്പാല ഇനത്തിലെ പുതിയ സസ്യം
Next post ദിശയില്ലാത്ത സഞ്ചാരം! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 9
Close