“രഹസ്യമോ പരസ്യമോ?”

പൊന്നപ്പൻ ദി ഏലിയൻ

ഡാറ്റയാണ് താരം ലേഖനത്തിന്റെ രണ്ടാം ഭാഗം – “രഹസ്യമോ പരസ്യമോ?”

എമ്മാ വാട്സൺ, ടോം ഹാങ്ക്സ് എന്നിവർ പ്രധാനറോളുകളിൽ അഭിനയിച്ച ഒരു ഹോളിവുഡ് ത്രില്ലർ മൂവിയാണ് “ദ സർക്കിൾ“. നിൽക്ക് നിൽക്ക്.. ചാടിയെഴുന്നേറ്റ് നെറ്റ്ഫ്ലിക്സോ ആമസോൺ പ്രൈമോ ഒന്നും തപ്പണ്ട. ഒരു സാധാരണ സിനിമയാണ്. പ്രതീക്ഷയുടെ അമിതഭാരവുമായി പോയി കാണേണ്ട കാര്യമൊന്നുമില്ല. പക്ഷേ, അതിലെ കഥാപരിസരം നമുക്ക് അല്പം ഉപകാരപ്പെടുന്നതാണ്. ലോകം മുഴുവൻ തങ്ങളുടെ ക്യാമറക്കണ്ണുകളിലൂടെ കാണാൻ കെല്പുള്ള ഒരു ഭീമാകാരനായ ഒരു ഡാറ്റാ കമ്പനിയുടെ ഉള്ളിലേക്ക് എത്തപ്പെടുന്ന മേയ് ഹോളണ്ട് എന്ന ഒരു പെൺകുട്ടിയുടെ കഥയാണത്. എങ്ങാനും സിനിമ കാണാൻ ഉദ്ദേശിക്കുന്നവരുണ്ടെങ്കിൽ അവർക്ക് വേണ്ടി ഞാൻ കഥ ഒളിപ്പിച്ചു വയ്ക്കാം. പകരം അതിലെ രണ്ടേ രണ്ട് വാചകങ്ങൾ മാത്രം ഇവിടെ കുറിക്കാം. പ്രധാനകഥാപാത്രമായ മേയ് ഹോളണ്ട് തന്നെ ആത്മാർത്ഥമായി വിശ്വസിച്ചു കൊണ്ടു പറയുന്ന രണ്ട് വാചകങ്ങൾ.

“Secrets are lies..” – “രഹസ്യങ്ങൾ നുണകളാണ്.”

“Knowledge is a basic human right”  – “അറിവ് ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്.”

ഈ രണ്ട് വാചകങ്ങളും ആ സിനിമയിൽ ഒരു വേദിയിൽ വച്ച് ഒരു വാചകത്തിന്റെ തുടർച്ചയായി ചേർത്തുചേർത്ത് പറയുന്നവയാണ്. വായിക്കുന്നവരോടുള്ള എന്റെ ചോദ്യം നിങ്ങൾ ഈ വാചകങ്ങളോട് യോജിക്കുന്നവരാണോ എന്നാണ്.

ഉവ്വ് എന്ന് ഉത്തരം പറഞ്ഞാലും ഇല്ല എന്ന് ഉത്തരം പറഞ്ഞാലും നിങ്ങൾ തോൽക്കും. കാരണം ഈ രണ്ട് വാചകങ്ങളും രണ്ട് അർത്ഥതലങ്ങൾ പേറുന്ന രണ്ട് വ്യതിരിക്തങ്ങളായ ആശയങ്ങളാണ്.

അപ്പോൾ അത് ഒരുമിച്ച് പറയുന്നതിന്റെ ഗുട്ടൻസ് എന്താണ്? അതാണ് ഡാറ്റാകുത്തകകളുടെ കുശാഗ്രബുദ്ധി. കൃത്യമായി പറഞ്ഞാൽ “Rhetorical fallacy”, “False dichotomy” എന്ന കുയുക്തികളുടെ (fallacy) അതിഗംഭീരമായ ഒരു ഉപയോഗമാണ് മുകളിൽ കാണുന്ന രണ്ട് വാചകങ്ങളുടെ ഒരേ സമയത്തുള്ള അവതരണം. റിട്ടറിക്കൽ ഫാലസി എന്നു പറയുമ്പോൾ ഒരു വസ്തുതയെ അല്ലെങ്കിൽ പൊതുവായി അംഗീകരിക്കപ്പെടുന്ന ആശയത്തെ അവതരിപ്പിക്കുന്നതു വഴി ഒരു നുണയെ അല്ലെങ്കിൽ ദുരുദ്ദേശത്തെ വെള്ള പൂശി എടുക്കുന്ന പരിപാടിയാണ്.  ഫാൾസ് ഡൈക്കൊട്ടമി എന്ന് വച്ചാൽ എന്തിനേയും വെളുപ്പോ കറുപ്പോ ആയി മാത്രം കാണുന്ന പരിപാടിയും. അതായത് ഒന്നുകിൽ നിങ്ങൾ എല്ലാം തുറന്നു പറയുന്ന ഒരു സത്യസന്ധ/സത്യസന്ധൻ/സത്യസന്ധർ.. അല്ലെങ്കിൽ എന്തോ ഒളിപ്പിക്കാനുള്ള കള്ളി/കള്ളൻ/കള്ളർ എന്ന വാദം.

സങ്കടത്തോടെ പറയട്ടെ.. നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയെ ഈ കുയുക്തികളിലൂടെ (കുയുക്തികൾ എന്നു പറയുമ്പോ ഇത് മാത്രമല്ല.. ഇത്തരത്തിൽ ഒട്ടനവധി കുയുക്തികളുണ്ട്.. ) ഒതുക്കിയെടുക്കാൻ നമുക്ക് ചുറ്റുമുള്ള സ്ഥാപിതതാല്പര്യങ്ങൾക്ക് കഴിയാറുണ്ട്.

അപ്പോൾ നേരത്തേ പറഞ്ഞ രണ്ട് വാചകങ്ങളിലേക്ക് നമുക്ക് തിരിച്ചു വരാം. ആദ്യം രഹസ്യങ്ങൾ നുണകളോ നിയമവിരുദ്ധമായ കാര്യങ്ങളോ ആണോ എന്ന് നോക്കാം. 

ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞാൽ, രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള അവകാശം ഏതൊരു പുരോഗമന സമൂഹത്തിലേയും വ്യക്തികൾക്ക് ഉണ്ട്. എന്നാൽ “രഹസ്യം” എന്നു പറഞ്ഞതിന്റെ നിർവ്വചനം ഒരല്പം ട്രിക്കി ആണ്. നിങ്ങളുടെ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരു കൊലപാതകിയെ പറ്റിയുള്ള രഹസ്യം പുറത്തു പറയാത്തതിന് നിങ്ങൾക്ക് ഈ ഒഴിവുകഴിവ് പറയാൻ പറ്റുമോ? അല്ലെങ്കിൽ നിങ്ങൾക്ക് കൊറോണ വന്നിട്ട് അത് ഒളിപ്പിച്ചു പിടിച്ച് നിങ്ങളുടെ റൂട്ട്മാപ്പ് എന്റെ സ്വകാര്യതയാണ് എന്ന് പറയുന്നത് ശരിയാവുമോ? ഇതൊക്കെ പ്രത്യേകം പ്രത്യേകം തന്നെ പരിശോധിക്കണം. റൂട്ട് മാപ്പ്  എന്ന ഒരു ചെറിയ കാര്യം തന്നെ എടുത്ത് നോക്കുക. കൊറോണ വന്ന ഒരാളിന്റെ റൂട്ട് മാപ്പ്, കൊറോണ വരാത്ത ഒരാളിന്റെ റൂട്ട്മാപ്പ് എന്നിവ നിയമത്തിന്റേയും ധാർമ്മികതയുടേയും കാഴ്ചപ്പാടിൽ രണ്ടാണ്. അവിടെ റൂട്ട് മാപ്പ് എന്ന വിവരം അല്ല, പകരം എന്താണ് ആ വിവരത്തിന്റെ സാഹചര്യം (context) എന്നതാണ് പ്രസക്തം. ചില രഹസ്യങ്ങൾ പരസ്യമാക്കാൻ സമൂഹത്തിനോ നിയമവ്യവസ്ഥയ്ക്കോ ഒരു വ്യക്തിയെ നിർബന്ധിക്കാൻ കഴിയും.  എന്നിരുന്നാൽ കൂടിയും രഹസ്യം സൂക്ഷിച്ചതിന്റെ പേരിൽ സാധരണഗതിയിൽ ഒരു നിയമവ്യവസ്ഥയും  ഒരു വ്യക്തിയേയും ശിക്ഷിക്കുമെന്ന് പറയാനാവില്ല. ശിക്ഷ വല്ലതും വരുമെങ്കിൽ അത് കള്ളം പറഞ്ഞതിനോ, നിയമവിരുദ്ധമായ ഒരു കാര്യത്തിന് കൂട്ടു നിന്നതിനോ, അപകടകരമായ ഒരു സാഹചര്യം ഒരുക്കിയതിനോ ഒക്കെയായിരിക്കും .

ഇവ എല്ലാം ഒന്നു തന്നെയല്ലേ എന്ന് തോന്നാമെങ്കിലും ഒരിക്കലും അല്ല. രഹസ്യം സൂക്ഷിക്കുക എന്നത് ഒരിക്കലും നുണ പറയുന്നതോ, ഗൂഢാലോചന നടത്തുന്നതോ ഒന്നുമല്ല. രഹസ്യങ്ങൾ മനുഷ്യാവകാശങ്ങളാണ് (തീർച്ചയായും ചില പരിധികൾ ഉണ്ട്).

രഹസ്യങ്ങൾ പലതരത്തിലുണ്ട്. 

 1. വ്യക്തിപരമായ രഹസ്യങ്ങൾ (ഇതിൽ തന്നെ പല വിഭാഗങ്ങളുണ്ട് – ആഗ്രഹങ്ങളെ പറ്റിയുള്ള രഹസ്യങ്ങൾ, ആവശ്യങ്ങളെ പറ്റിയുള്ള രഹസ്യങ്ങൾ, ശാരീരിക-മാനസിക-സാമ്പത്തിക-സാമൂഹിക അവസ്ഥകളെ പറ്റിയുള്ള രഹസ്യങ്ങൾ, വ്യക്തിബന്ധങ്ങളെ പറ്റിയുള്ള രഹസ്യങ്ങൾ, മറ്റുള്ളവരെ പറ്റിയുള്ള രഹസ്യങ്ങൾ, അറിവുകളെ സംബന്ധിച്ച രഹസ്യങ്ങൾ അങ്ങനെയൊരുപാടെണ്ണം)
 2. ഔദ്യോഗിക രഹസ്യങ്ങൾ
 3. സ്ഥാപനങ്ങളുടേയും സമൂഹങ്ങളുടേയും സാമ്പത്തിക/കച്ചവട രഹസ്യങ്ങൾ (വേണമെങ്കിൽ ഇവയെ ഔദ്യോഗിക രഹസ്യങ്ങളുടെ കൂട്ടത്തിലും കൂട്ടാം)
 4. സൈനികരഹസ്യങ്ങൾ (ഔദ്യോഗിക രഹസ്യങ്ങളാണ്. എന്നിരുന്നാലും വളരെ ഗൗരവസ്വഭാവമുള്ള രഹസ്യങ്ങളാണിവ)
 5. വ്യക്തികളുടേയോ സമൂഹങ്ങളുടേയോ ആരോഗ്യത്തെ പറ്റിയുള്ള രഹസ്യങ്ങൾ.
 6. ഗവേഷണ രഹസ്യങ്ങൾ

ഇങ്ങനെ തരംതിരിക്കൽ തുടങ്ങിയാൽ ഒട്ടനവധി കാര്യങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗം രഹസ്യങ്ങളും നിയമപരമായ പരിരക്ഷ തന്നെയുള്ളവയാണ്. അതിന് പ്രത്യേകിച്ച് കാരണങ്ങളും ഉണ്ട്. അറിവ് മനുഷ്യാവകാശമാണ് എന്ന പൊതു തത്വം വച്ച് നിയമസാധുതയുള്ള രഹസ്യങ്ങളെ പരസ്യമാക്കാൻ കഴിയില്ല. അത് മണ്ടത്തരമായിരിക്കും. ആത്മഹത്യാപരം തന്നെയായിരിക്കും.

അപ്പോൾ അറിവ് മനുഷ്യാവകാശം അല്ലേ?

വീണ്ടും ദേ കുഴപ്പം പിടിച്ച ചോദ്യം വരുന്നു. തീർച്ചയായും അറിവ് മനുഷ്യരുടെ അവകാശം തന്നെയാണ്. അറിവ് ഒരു വ്യക്തിയുടെ, സമൂഹങ്ങളുടെ, മനുഷ്യരാശിയുടെ തന്നെ നിലനില്പിനും പുരോഗതിക്കും വളരെ അത്യാവശ്യമാണ്. പലപ്പോഴും അറിവിന്റെ നിഷേധം ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതിന് തന്നെ തുല്യമാണ്. ഒരു സിനിമാ തീയേറ്ററിൽ കയറുന്ന ഒരാളിനോട് എമർജൻസി എക്സിറ്റ് എവിടെ എന്ന് പറയാതിരിക്കുന്നത് മുതൽ ഒരു സമൂഹത്തിനോട് അവരുടെ ആരോഗ്യപ്രശ്നങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്നതും, ഒരു പ്രത്യേക സാമൂഹ്യവിഭാഗത്തിന് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കുന്നതും, ഒരു ശാസ്ത്രസമൂഹത്തിനെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നതും ഒക്കെ ഇത്തരത്തിലുള്ള അറിവിന്റെ നിഷേധം ആണ്. ഈ അറിവുകൾ മനുഷ്യരിലേക്ക് എത്തപ്പെട്ടേ പറ്റൂ.

അപ്പോൾ രഹസ്യങ്ങൾ അറിവുകൾ അല്ലെന്നാണോ? 

വീണ്ടും പണി തരികയാണല്ലോ.. രഹസ്യങ്ങൾ അറിവുകൾ തന്നെയാണ്. എന്നാൽ രഹസ്യങ്ങൾക്ക് വളരെ നിയന്ത്രിതമായ ഒരു ഓഡിയൻസ് മാത്രമേ ഉള്ളൂ.

അതെന്താ ഒരു പുതിയ ആശയം? ഓഡിയൻസ് എന്നു പറഞ്ഞാൽ?

അതെ. അതൊരു പ്രധാന ആശയമാണ്. അറിവിന് ഒരു ഓഡിയൻസ് (ഗുണഭോക്താക്കൾ, സ്വീകരിക്കുന്നവർ എന്നൊക്കെ പറയാം) ഉണ്ട്. ആരാണ് ഗുണഭോക്താക്കൾ എന്നതിനനുസരിച്ചാണ് അറിവിന്റെ വിതരണം നടക്കുന്നത്. വളരെ ലളിതമായ ഒരുദാഹരണം പറയാം. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞൻ അല്ലെങ്കിൽ കുഞ്ഞത്തി നമ്മുടെ വീട്ടിൽ ഉണ്ടെന്നിരിക്കട്ടെ. അവർക്ക്, എട്ടാം ക്ലാസ്സിലെ പാഠപുസ്തകം നമ്മൾ ലഭ്യമാക്കുമോ? സാധ്യത കുറവാണ്. കൊടുക്കാൻ തോന്നിയാലും കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അതെന്താ? എട്ടാം ക്ലാസ്സിലും അറിവ് തന്നെയല്ലേ? അതെ. തീർച്ചയായും അറിവ് തന്നെയാണ്. പക്ഷേ ആ അറിവ് ലഭിക്കാനുള്ള പാകത നമ്മുടെ ഒന്നാം ക്ലാസ്സുകാർക്ക് ആയിട്ടില്ല. അതു പോലെ നമ്മുടെ വീട്ടിലെ ഒരു താക്കോൽ സൂക്ഷിക്കുന്ന ഇടം നമുക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിട്ടിടാൻ പറ്റില്ല. എന്നാൽ അത് ഒരു പക്ഷേ അത് നമ്മുടെ ഏറ്റവും അടുപ്പമുള്ള അയൽക്കാർക്ക് അറിയുന്നുണ്ടാവും. ഇതു പോലെ തന്നെ വിവിധ തലത്തിലെ അറിവുകൾക്ക് അതിന്റേതായ ഗുണഭോക്തൃ സമൂഹങ്ങൾ ഉണ്ടാവും. ആ സമൂഹങ്ങളെ നിർവ്വചിക്കുന്നത് ആ അറിവിന്റെ കൈവശാവകാശം ഉള്ളവരാ‍യിരിക്കും. ഇവിടെയാണ് മറ്റൊരു പ്രധാന തർക്കം ഉണ്ടാവുന്നത്. ആരാണ് ആ അവകാശി? ചങ്ങമ്പുഴയുടെ വാഴക്കുലയിൽ പറയുന്ന പോലെ, വാഴ നട്ട മലയപ്പുലയനാണോ, ഭൂമിയുടെ ജന്മിയായ തമ്പ്രാനാണോ അറിവെന്ന വാഴക്കുല വെട്ടേണ്ടത്? അറിവ് വാഴക്കുല തന്നെയാണ്.  ഉപഭോഗ വസ്തുവാണ്. ഗുണമുള്ളതാണ്. വിറ്റാൽ കാശു കിട്ടും. തിന്നാൽ ആരോഗ്യം വയ്ക്കും. അടർത്തിയെടുത്ത് കൂട്ടുകാർക്കും നാട്ടുകാർക്കും വിതരണം ചെയ്യാം. ഉപ്പേരിയുമുണ്ടാക്കാം, ഉണക്കിപ്പൊടിക്കുകയും ആവാം. ഈ അറിവ് അത്ര പെട്ടെന്നൊന്നും നമ്മുടെ ജന്മിമാർ മലയപ്പുലയന്മാർക്ക് കൈകാര്യം ചെയ്യാൻ കൊടുക്കാൻ തയ്യാറാവില്ല. വ്യക്തികളും സമൂഹങ്ങളും ആവുന്ന മലയപ്പുലയന്മാർ അതിനു വേണ്ടി വാദങ്ങൾ ഉന്നയിക്കുകയും കരയുകയും കയർക്കുകയും ചെയ്യും.  ഇതാണ് അടിസ്ഥാനപരമായി വിജ്ഞാ‍നസ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെ പശ്ചാത്തലം.

ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു തരംതിരിക്കലിലേക്ക് പോവാം. നമ്മൾ ഈ അറിവ്, ജ്ഞാനം, വിജ്ഞാനം എന്നൊക്കെ ഘോരഘോരം  പറയുന്നുണ്ടല്ലോ. എന്താണ് അറിവിന്റെ ഘടന? അറിവ് ഒരു വാഴക്കുലയാണെന്നൊക്കെ പറഞ്ഞല്ലോ. അപ്പോൾ ഈ വാഴപ്പഴം എന്തായിട്ട് വരും? അറിവിന്റെ കുഞ്ഞോ? പഴത്തൊലിയെന്താണ്?

ശരി, വാഴക്കുല എന്ന ഉദാഹരണം ഉപയോഗിച്ച് പരിപൂർണ്ണമായും വിശദീകരിക്കാൻ കഴിയണമെന്നില്ലെങ്കിലും അറിവ് എന്ന വിപുലമായ ആശയത്തിന് പല തലങ്ങൾ ഉണ്ട് എന്ന കാര്യം ചൂണ്ടിക്കാണിക്കാൻ അതിനു കഴിയും എന്ന് എനിക്ക് തോന്നുന്നു. അറിവ്, വിവരം, വിജ്ഞാനം, ജ്ഞാനം എന്നിങ്ങനെയൊക്കെ പറയുന്ന എല്ലാ കാര്യങ്ങളും ഒന്നാണെന്ന് തോന്നുമെങ്കിലും അറിവിന്റെ വിവിധ ഘടകങ്ങൾക്ക് വിവിധ ഫോർമാറ്റുകളും സ്വഭാവസവിശേഷതകളും ഉണ്ട് എന്ന് പറയാം. അടിസ്ഥാനപരമായി അറിവ് നിർമ്മിക്കുന്നത് ഡാറ്റയാണ്. അതിന് ഗുണവും മണവും ഒന്നുമില്ല. അത് ഒരു പൂർണ്ണമായ അർത്ഥം തരുന്ന ഒരു സംഗതിയുമല്ല. ഉദാഹരണത്തിന് “വാഴ”, “കുല”, “പഴം”, “അൻപത്” എന്നതൊക്കെ ഡാറ്റയാണ്. ഈ ഡാറ്റ ഒരു വസ്തുതയാണ്. ഒരു context ഇല്ലാത്ത വസ്തുത. അതു കൊണ്ട് തന്നെ വെറുതേ ഈ ഡാറ്റ കിട്ടിയതു കൊണ്ട് നമുക്കൊന്നും ചെയ്യാനാവില്ല. എന്നാൽ ചിലതരം ഡാറ്റ – Data in context എന്ന രീതിയിൽ ഉണ്ടാവാം. “വാഴക്കുലയിൽ അൻപത് പഴമുണ്ട്” എന്നത് ഇത്തരം ഡാറ്റയാണ്. അർത്ഥമുണ്ട്. പക്ഷേ വലിയ ഗുണമില്ല. എന്നാൽ “മലയപ്പുലയൻ നട്ടു വളർത്തിയ വാഴയിലെ കുലയിൽ അൻപത് പഴമുണ്ട്” എന്നത് മലയപ്പുലയനും ജന്മിക്കും വളരെ പ്രധാനപ്പെട്ട വിവരമാണ്. അതായത് ഒന്നോ അതിലധികമോ വ്യക്തികൾക്ക് ഏതെങ്കിലും തരത്തിൽ പ്രസക്തമാകുന്ന ഒരു ഡാറ്റാക്കൂട്ടം ആണത്. അതിനെ പറയുന്ന പേരാണ് “Information” – മലയാളത്തിൽ വേണമെങ്കിൽ “വിവരം” എന്ന് പറയാം. ഇത്തരത്തിലുള്ള വിവരങ്ങളെ അവയുടെ പ്രസക്തിയും പ്രയോഗസാധ്യതയും ഉൾക്കൊണ്ട് കൊണ്ട് അനുഭവത്തിലൂടെയോ, കൂടിച്ചേരലുകളിലൂടെയോ ബൗദ്ധികമായി ഉൾക്കൊള്ളുന്നതിനെ വിജ്ഞാനം (knowledge) എന്നു പറയും. (ചിലപ്പോൾ ജ്ഞാനം എന്നും പറയും. പക്ഷേ വേറേ ചില സഹചര്യങ്ങളിൽ ജ്ഞാനത്തെ wisdom എന്ന ആശയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതു കൊണ്ട് നമുക്ക് knowledge-നെ വിജ്ഞാനം എന്നു തന്നെ പറയാം). ഇത്തരം വിജ്ഞാനം തന്നെ Tacit (വ്യക്തികളുടെ മനസ്സിലുള്ളത്), Explicit (രേഖപ്പെടുത്തിയത്) എന്ന രീതിയിൽ ഉണ്ടാവും.

ഇത്തരം ഡാറ്റയും, അതു ചേർന്ന വിവരവും, അവ സൃഷ്ടിക്കുന്ന വിജ്ഞാനവുമെല്ലാം അത് സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് / സിസ്റ്റത്തിന്, പുതിയ അറിവ് (അതായത് ഇപ്പോൾ നിലനിൽപ്പില്ലാത്ത അറിവ്) സൃഷ്ടിക്കാനുള്ള കഴിവ് ഉണ്ടാക്കിയേക്കാം. അതിനെയാണ് പൊതുവേ നമ്മൾ wisdom (ജ്ഞാനം) എന്ന് പറയുന്നത്. എന്നാൽ ഡാറ്റാ വിജ്ഞാനീയത്തിന്റെ സാങ്കേതിക പദാവലിയിൽ ഈ വാക്ക് അങ്ങിനെ ഉപയോഗിക്കാറില്ല. അതിന് പകരം ഇതേ സാഹചര്യം വിശദീകരിക്കാൻ Intelligence എന്ന വാക്കാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്

ഇതിൽ തീർച്ചയായും ജ്ഞാനത്തിനും വിജ്ഞാനത്തിനും വിവരത്തിനുമുള്ള ഗുണഭോക്താക്കളെ തിരിച്ചറിയാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നമ്മുടെ മുന്നിൽ കാലങ്ങളായി ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതു കൊണ്ടു തന്നെ വിജ്ഞാനസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെയെല്ലാം ചർച്ചകൾക്ക് കൃത്യമായ അടിത്തറകൾ സൃഷ്ടിക്കപ്പെടുന്നുണ്ടായിരുന്നു. ഒരു വിവരം (information) അല്ലെങ്കിൽ വിജ്ഞാനം (knowledge) ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഒരു സമൂഹത്തിന് അപകടകരമാണോ സഹായകരമാണോ എന്നറിയാൻ വലിയ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. കാരണം അവയുടെ ഘടനയിൽ തന്നെ അതിന്റെ ലക്ഷ്യവും ഉൾച്ചേർന്നിട്ടുണ്ട്. എന്നാൽ ഡാറ്റയുടെ കാര്യത്തിൽ അങ്ങിനെയല്ല. ഡാറ്റ നിർഗ്ഗുണപരബ്രഹ്മമാണ്. ഒരു ലക്ഷ്യവും ചൂണ്ടുകോലുകളും ഉടലിലണിയാത്തവൻ. കൈവശപ്പെടുത്തുന്നവരുടെ മിടുക്കിനനുസരിച്ച് അതിന്റെ സാധ്യതകളും അപകടങ്ങളും വിടർന്നു വരും. വെറും മണ്ണിൽ നിന്ന് രമ്യഹർമ്മ്യങ്ങൾ പൊന്തി വരുന്നതു പോലെ ഡാറ്റ വിവരവും വിജ്ഞാനവും സൃഷ്ടിക്കും. ബുദ്ധിയെ facilitate ചെയ്യും.

ഡാറ്റയുടെ വിനിമയ ചരിത്രം

കുറച്ചു നാളുകൾക്കു മുൻപ് വരെ, ഈ ഡാറ്റ എന്ന ആശയം – കുറച്ചു നാളുകൾക്കു മുൻപത്തെ ഭാഷയിൽ തന്നെ പറഞ്ഞാൽ “അറിവ്” – പരിപൂർണ്ണമായും ചിലരുടെ കുത്തകയായിരുന്നു. ഭരണകൂടങ്ങളുടെ, അല്ലെങ്കിൽ സർവ്വകലാശാലകളുടെ, അതുമല്ലെങ്കിൽ വൻ കിട കോർപ്പറേറ്റ് ഏജൻസികളുടെ – അങ്ങിനെയങ്ങിനെ. അവർ ഇതിനെയുപയോഗിച്ച് അവരുടെ നിർമ്മിതികളുണ്ടാക്കി. ആ നിർമ്മിതികളുപയോഗിച്ച് അധികാരം സൃഷ്ടിച്ചു, അധികാരം നേരായും നേരല്ലാതെയുമുപയോഗിച്ച്, വലിയ വലിയ ഘടനകളുണ്ടാക്കി. ദോഷം പറയരുത് അത്തരം ഘടനകളിലൂടെ “പുരോഗതി” എന്ന വലിയൊരാശയം സൃഷ്ടിച്ചു. നല്ലതു പറയരുത് – ജനസാമാന്യത്തെ പലപ്പോഴും ചവിട്ടിത്തേക്കുകയും ചെയ്തു,

എന്നാൽ ഭാഗികമായെങ്കിലും ഡാറ്റ പങ്കു വയ്ക്കാനും ചില ശ്രമങ്ങൾ നടന്നിരുന്നു. ഭൂപടങ്ങളായും, ജനസംഖ്യാ കണക്കുകളായും, ഗസറ്റ് വിവരങ്ങളായും, വാണിജ്യ വിവരങ്ങളായും മറ്റും ചില തന്ത്ര പ്രധാന വിവരങ്ങൾ ചിലർക്കായി പങ്കു വയ്ക്കപ്പെട്ടിരുന്നു. വായനശാലകളും ആർക്കൈവുകളും മറ്റും അറിവു കേന്ദ്രങ്ങളായി മാത്രമല്ല കുറേയേറെ വിവര കേന്ദ്രങ്ങളായും നിലനിന്നു.

ഈ കൂട്ടത്തിൽ ഏറ്റവും എടുത്തു പറയേണ്ട ഒരു കൂട്ടരായിരുന്നു. ഭരണകൂടങ്ങൾ – അരാജകത്വത്തിൽ നിന്നും വികസിക്കുന്ന ഒരു സാമൂഹ്യ ക്രമമുണ്ടാക്കാൻ, ചരിത്രം സൃഷ്ടിച്ച ഒരൊന്നൊന്നര ശേഷിയുള്ള ഒരുപകരണം! പല രൂപത്തിലും ഭാവത്തിലും അവരുണ്ടായിരുന്നുവെങ്കിലും, പൊതുവായി ഇവർക്കെല്ലാമുണ്ടായിരുന്ന ഒരു സ്വഭാവം “ഡാറ്റ” യുടെ അവകാശമായിരുന്നു. പാലങ്ങൾ പണിയാനും പാലുവിപ്ലവമുണ്ടാക്കാനും യുദ്ധങ്ങൾ സംഘടിപ്പിക്കാനും അങ്ങിനെ പലതിനും ഈ ഡാറ്റ ഗവൺ‌മെന്റുകളെ സഹായിച്ചു.

ഭരണകൂടങ്ങളുടെ ദിത്വഭാവത്തിൽ ഒന്ന് അതിനെ ഭരിച്ചിരുന്ന രാഷ്ട്രീയ സംവിധാനമായിരുന്നു. മറ്റൊന്ന് അതിന്റെ തന്നെ ഉദ്യോഗസ്ഥ സംവിധാനവും. ഇതിൽ ആദ്യത്തെ ഭാവം വിപ്ലവങ്ങളിലൂടെ കടന്നു പോകുകയും തുടർച്ചയായി പരീക്ഷിക്കപ്പെടുകയും ചെയ്തു കൊണ്ടേയിരുന്നു. എന്നാൽ രണ്ടാമത്തെ ഭാവമായ ഉദ്യോഗസ്ഥ സംവിധാനം അഥവാ ബ്യൂറോക്രസി നെയ്യു തിന്നു കൊഴുക്കുന്ന മൂരിക്കുട്ടനെ പോലെ പ്രത്യേകിച്ച് വിപ്ലവങ്ങളൊന്നുമേശാതെ വളർന്നു കൊണ്ടേയിരുന്നു. പ്രശസ്തമായ ഒരു സംഭാഷണ ശകലം (Jennifer Pahlka) കടമെടുത്ത്  പറഞ്ഞാൽ ഇപ്പോൾ “ഭരണകൂടം ഒരു വലിയ സമുദ്രം പോലെയാണ്. രാഷ്ട്രീയം അതിനു മുകളിലെ വെറും ആറിഞ്ച് പാളിയും”. ആ ആറിഞ്ച്  വെണ്ണപ്പാടയ്ക്ക് താഴെയുള്ളത് അതി വിപുലമായ ഒരു ഉദ്യോഗസ്ഥാധിപത്യമാണ്. ഡാറ്റ എന്ന പരബ്രഹ്മത്തിനെ ശരിക്കും വിഗ്രഹവൽക്കരിച്ച് കൂട്ടിലിട്ടിരിക്കുന്നത് ഈ സംവിധാനമാണ്.

എന്നാൽ ഡാറ്റ വലുതാകാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾക്ക് ഒരൽപ്പം വ്യതിയാനമുണ്ടാവാൻ തുടങ്ങി. ഈ ഡാറ്റയെ ഒതുക്കിപ്പിടിച്ച് സമൂഹത്തെ ചലിപ്പിക്കുവാനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങൾക്ക് അത്ര പ്രതികരണമുണ്ടാകാതെയാകാൻ തുടങ്ങി. വണ്ടിയുടെ ഭാരം കൂടുന്നതു മൂലം എന്തോ ഒരു എഞ്ചിൻ വലിവ്!. ഭരണകൂടങ്ങൾക്ക് പുറത്ത്, ഡാറ്റ അതിന്റെ തനി സ്വരൂപം കാട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നു. പുതിയ സാങ്കേതിക വിദ്യകൾ, പുതിയ ഉൽപ്പന്നങ്ങൾ, പുതിയ സേവന മേഖലകൾ !. അവയൊക്കെ ഉപഭോക്തൃ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. എന്നാൽ പൊതു (സിവിക്) സംവിധാനങ്ങളുടെയും ജനോപകാര പ്രവർത്തനങ്ങളുടേയും ഏതാണ്ട് കുത്തക ഗവണ്മെന്റുകൾ കയ്യടക്കി വയ്ക്കുന്നിടത്ത് ഈ വേഗത പോരാതെയായി. ഇത് അടിസ്ഥാന സംവിധാനങ്ങളുടെ വികസനത്തെ ബാധിക്കുകയും പുരോഗതി പതിവിലുമേറെ വക്രീകരിക്കപ്പെടാനും തുടങ്ങി. ഇത് പ്രകടമായി വെളിവാക്കപ്പെട്ടു തുടങ്ങിയത് ഒരു വിധം പുരോഗതി കൈവരിച്ച സമൂഹങ്ങളിലായിരുന്നു. ഇതിന്റെ അപകടങ്ങൾ എളുപ്പം മനസ്സിലാക്കിയതും അവിടങ്ങളിലുള്ളവർ തന്നെയായിരുന്നു.

അപകടങ്ങൾ എന്നു വച്ചാൽ?

മാറിയ കാലത്ത് ഇത്തരം ഭരണകൂട സംവിധാനങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിടാൻ തുടങ്ങിയ ചില പ്രശ്നങ്ങൾ താഴെപ്പറയുന്നവയായിരുന്നു

 1. കൂടിയ വലിപ്പം
 2. കേന്ദ്രീകൃത സ്വഭാവം (വികേന്ദ്രീകരിക്കപ്പെടാനുള്ള കഴിവില്ലായ്മ)
 3. ഉയർന്ന ചിലവ്
 4. വഹനീയത്വ (portability) പ്രശ്നങ്ങൾ
 5. പുതിയ സാങ്കേതിക വിദ്യകൾക്കനുസരിച്ച് പുതുക്കപ്പെടാൻ കഴിയാതെയാവുക
 6. പരിപാലിക്കാനുള്ള ചെലവും ബുദ്ധിമുട്ടും
 7. സുതാര്യതയില്ലായ്മ അതിനാൽ തന്നെയുള്ള കാര്യശേഷിക്കുറവ്
 8. കാലം കഴിയുന്ന സംവിധാനങ്ങളെ അഴിച്ചു പണിയാനോ അല്ലെങ്കിൽ ഉപേക്ഷിക്കാനോ കഴിയാതെ വരിക
 9. സമൂഹത്തിന്റെ താഴേക്കിടയിലേക്ക് സംവിധാനങ്ങളെ വിന്യസിക്കാനുള്ള സാങ്കേതികത്വമില്ലായ്മ
 10. പുതിയ ഉൽപ്പന്നങ്ങൾക്കു വേണ്ട വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കേണ്ട ബാധ്യത
 11. സാങ്കേതിക വൈദഗ്ധ്യമുള്ള മനുഷ്യ വിഭവ ശേഷി സംഘടിപ്പിക്കാനെടുക്കുന്ന കാലതാമസം.

ഈ പ്രശ്നങ്ങൾ ആന്തരികമായി ഭരണകൂടങ്ങളെ വലയ്ക്കാൻ തുടങ്ങിയ കാലത്തു തന്നെ ഡാറ്റയുടെ ജനാധിപത്യത്തെ പറ്റിയുള്ള പൊതുധാരണകൾ പുറം ലോകത്തും ശക്തമായി. വിവരാവകാശ പ്രവർത്തനങ്ങൾ, “ഓപ്പൺ സോഴ്സ്” പ്രസ്ഥാനങ്ങൾ, സ്വതന്ത്ര സോഫ്റ്റ്വെയർ, വിവരാധിഷ്ഠിത ചാരപ്രവർത്തനങ്ങളെ പറ്റിയുള്ള വെളിപ്പെടുത്തലുകൾ, കരുതൽ സംഘങ്ങളുടെ (whistle blowing groups) പ്രവർത്തനങ്ങൾ, സാങ്കേതിക സാമൂഹ്യ ശൃംഖലകളുടെ (social networks) പ്രചാരം, വിക്കിപ്പീഡിയ പോലുള്ള നൂതനവും കാര്യക്ഷമവുമായ അറിവു പങ്കു വയ്ക്കൽ ജനാധിപത്യരൂപങ്ങൾ, വിക്കി സോഫ്റ്റ്‌വെയർ പോലുള്ള ലളിതമായ ഉള്ളടക്ക നിയന്ത്രണ സോഫ്റ്റ്‌വെയറുകളുടെ വ്യാപനം തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഡാറ്റയുടെ കുത്തകവൽക്കരണത്തിനെതിരേയുള്ള മുദ്രാവാക്യങ്ങളായി മാറി.  സാമൂഹ്യ നൂതനാശയ രൂപീകരണം (social innovation) എന്ന ഒരു പുതു തലമുറ സംരഭകത്വ രൂപവും ഇതോടൊപ്പം വളർന്നു വരാൻ തുടങ്ങി. പൊതു ഡാറ്റ തുറക്കുന്നതിനെ പറ്റി ആവശ്യങ്ങൾ കൂടി വരുന്നതിനോടൊപ്പം, ഇതേ സാങ്കേതികയുപയോഗിച്ച് വ്യക്തി തലത്തിൽ ഡാറ്റ മോഷ്ടിക്കപ്പെടുന്നതിനെ പറ്റിയും ചർച്ചകളുണ്ടായി. പൊതു ഡാറ്റ എന്ന സമീപനത്തിൽ വ്യക്തി കേന്ദ്രീകൃത ഡാറ്റയുടെ സ്ഥാനത്തെ പറ്റി പല കാഴ്ചപ്പാടുകളും രൂപപ്പെട്ടു വരികയും ചെയ്തു

മാറ്റത്തിന് അധിക നാൾ കാത്തു നിൽക്കാനാവില്ലായിരുന്നു. തുറന്ന (ഭരണകൂട) ഡാറ്റ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിനു പകുതിക്കു വച്ച് മെല്ലെ കണ്ണു തുറക്കാൻ തുടങ്ങി. 

അതെങ്ങിനെയാണെന്നോ,  പിന്നെ പറഞ്ഞു തരാം … (തുടരും)


 

ഡാറ്റയാണ് താരം ലേഖനപരമ്പര
1 ഡാറ്റയാണ് താരം ഭാഗം 1
2 രഹസ്യമോ ? പരസ്യമോ ? ഭാഗം 2
3 ഡാറ്റയുടെ ജനാധിപത്യം ഭാഗം 3

അനുബന്ധ ലേഖനം

സ്വകാര്യത സ്വ -കാര്യമാണോ?

Leave a Reply