Read Time:61 Minute

പൊന്നപ്പൻ ദി ഏലിയൻ

ഡാറ്റയാണ് താരം ലേഖനത്തിന്റെ മൂന്നാംഭാഗം

തുറന്നു കിടക്കുന്ന അല്ലെങ്കിൽ തുറന്നു തന്നെ കിടക്കേണ്ട ഡാറ്റയെ പറ്റിയുള്ള ചർച്ചകളിലായിരുന്നല്ലോ നമ്മൾ. വെറുതേ ഒരിടത്ത് കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന ഡാറ്റയെ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നു മാത്രമല്ല ഒരുപാട് അസൌകര്യങ്ങൾ കൂടിയുണ്ട് എന്ന് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണ് ഈ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. ഇതൊക്കെ എന്നാണ് തിരിച്ചറിയാൻ  തുടങ്ങിയത് എന്ന് ചോദിച്ചാൽ അധികം സമയം ഒന്നുമായിട്ടില്ല എന്നു തന്നെ പറയാം.

1995-ലാണ് ഓപ്പൺ ഡാറ്റ എന്ന വാക്ക് ഒരു പക്ഷേ ഇന്നുപയോഗിക്കുന്ന അർത്ഥത്തിൽ ആദ്യമായി മുന്നോട്ടു വയ്ക്കപ്പെട്ടത്. ഭൂഭൌതികവും പരിസ്ഥിതിശാസ്ത്രപരവുമായ വിവരങ്ങൾ പങ്കു വയ്ക്കപ്പെടണം എന്ന അർത്ഥത്തിലാണ് ഒരു ശാ‍സ്ത്രജേണലിൽ ഈ വാക്ക് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. എന്നാൽ ഇതിനുമൊക്കെ എത്രയോ നാളുകൾക്ക് മുൻപ് 1942 ൽ തന്നെ അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞനായ റോബർട്ട് കിങ്ങ് മെർട്ടൻ  ഗവേഷണവിവരങ്ങൾ എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാക്കപ്പെടണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ റോബർട്ട് കിങ്ങ് മെർട്ടൻ ചെറിയ ആളായിരുന്നില്ല. ശാസ്ത്രത്തിന്റെ സാമൂഹ്യശാസ്ത്രം – Sociology of science എന്ന പഠനമേഖലയുടെ അടിസ്ഥാനരൂപങ്ങൾ വികസിപ്പിച്ചെടുത്തത് അദ്ദേഹമായിരുന്നു.  പിന്നീട്, കാര്യമായ ഒരു കാൽ‌വയ്പുണ്ടായത് 1957 ലാണ്. ശാസ്ത്രമേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ICSU (International Council for Science), ഭൂഭൌതിക മേഖലയിലെ വിവരങ്ങൾ സൂക്ഷിക്കാനും അവ വിതരണം ചെയ്യാനുമായി  ലോകഡാറ്റാസെന്റർ (World Data Centre) സൃഷ്ടിച്ചതോടെ ഗവേഷണ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സ്വതന്ത്രമായി ലഭ്യമാക്കുന്ന ആദ്യ പദ്ധതിയായി അതു മാറി. അതിനു ശേഷം ഓപ്പൺ ഡാറ്റ എന്ന കാഴ്ചപ്പാടിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിപ്പടുന്നത് 2003 ലാണ്. അമേരിക്കയിലെ “നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്” (NIH), ബ്രിട്ടനിലെ “ദ റോയൽ സൊസൈറ്റി” യൂറോപ്യൻ യൂണിയൻ എന്നിവർ 2003 ൽ ഡാറ്റ പങ്കുവയ്ക്കൽ നയങ്ങളും നിർദ്ദേശങ്ങളും പ്രഖ്യാപിച്ചു.

2004 ൽ 30-ഓളം OECD രാജ്യങ്ങളും ചൈന, ഇസ്രയേൽ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും  ചേർന്നു നടത്തിയ “Declaration on Access to Research Data From Public Funding” എന്ന പ്രഖ്യാപനം മറ്റൊരു വഴിത്തിരിവായിരുന്നു. ഇതിനെത്തുടർന്ന് 2004 മുതൽ 2007 വരെയുള്ള വർഷങ്ങളിൽ ഒട്ടേറേ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും സ്വതന്ത്ര ഏജൻസികളും ഗവണ്മെന്റുകളും ഒക്കെ അവരുടെ ഓപ്പൺ ഡാറ്റാ നയങ്ങൾ പ്രഖ്യാപിക്കുവാനും അതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളെ പറ്റി ചർച്ച ചെയ്യാനും തുടങ്ങി. ക്രീയേറ്റീവ് കോമൺസിന്റെ സയൻസ് കോമൺസ്, ഓപ്പൺ നോളഡ്ജ് ഫൌണ്ടേഷൻ നെറ്റ്വർക്കിന്റെ മാനിഫെസ്റ്റോ, വിവിധതരം സ്വതന്ത്ര വിജ്ഞാന ലൈസൻസുകൾ എന്നിവയും ഈ സമയത്ത് തന്നെ രൂപപ്പെടാൻ തുടങ്ങി.

ഓപ്പൺ ഡാറ്റയുടെ വ്യാപനം

2006 -2007 കാലയളവിൽ ഓപ്പൺ ഡാറ്റയ്ക്കു വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ വികസിത രാജ്യങ്ങളിൽ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിത്തുടങ്ങിയിരുന്നു. വിവിധ ഭരണകൂടങ്ങളും സംഘടനകളും തുറന്ന ഭരണകൂട ഡാറ്റയുടെ പ്രായോഗിക രൂപങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ ഈ കാലയളവിൽ നടത്തിത്തുടങ്ങി. 2007 ൽ കാലിഫോർണിയയിൽ വച്ചു നടന്ന ഓപ്പൺ ഡാറ്റ വർക്കിങ്ങ് കമ്മിറ്റി സമ്മേളനത്തിൽ നിന്നുരുത്തിരിഞ്ഞു വന്ന 8 തത്വങ്ങളാണ് ഇവയ്ക്കെല്ലാം അടിസ്ഥാനമായി നിലകൊണ്ടത്. (അനുബന്ധം:പട്ടിക 1) ഈ ആശയഘടന പിന്നീട് നിരന്തരമായി വികസിക്കുകയും കൂടുതൽ വ്യക്തതയാർന്നതായി മാറുകയും ചെയ്തു. 2011 ൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ “ഫെഡറൽ ചീഫ് ഇൻഫർമേഷൻ ഓഫീസർ” ആയ വിവേക് കുന്ദ്ര ഫെഡറൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള പത്തിന തത്വങ്ങൾ സൃഷ്ടിക്കുകയുണ്ടായി. (അനുബന്ധം:പട്ടിക 2) 2012 ൽ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൊതു മേഖല സുതാര്യതാ ബോർഡ് (Public Sector Transparency Board), പൊതു മേഖലയിൽ ഡാറ്റ പ്രസിദ്ധീകരിക്കുന്നതിന് ആധാരമായി മാറിയ പതിനാലിന പൊതു ഡാറ്റാ തത്വങ്ങളും സൃഷ്ടിക്കുകയുണ്ടായി (അനുബന്ധം:പട്ടിക 3) (അവ  പിന്നീട് പൊതുമാനകതത്വങ്ങൾ എന്ന ഉയർന്ന തലത്തിലേക്ക് മാറ്റുകയുണ്ടായി). ഇവയൊക്കെ പിന്നീടു വന്ന ഭരണകൂട / സാങ്കേതിക നയങ്ങൾക്ക് കൂടുതൽ സുഘടിതമായ ഒരടിത്തറ സൃഷ്ടിച്ചു.

അമേരിക്കൻ ഭരണകൂടം 2009 ൽ സൃഷ്ടിച്ച data.gov, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഡാറ്റ പോർട്ടലായ data.gov.uk എന്നിവയായിരുന്നു ആദ്യമായി പ്രായോഗിക രൂപത്തിൽ ഓപ്പൺ ഡാറ്റ പങ്കു വയ്ക്കുന്നതിനായി രൂപം കൊണ്ട ഡാറ്റ പോർട്ടലുകൾ. ഇതിനെ തുടർന്നോ ഇതോടൊപ്പമോ ലോകമൊട്ടാകെ പല തലങ്ങളിൽ ഓപ്പൺ ഡാറ്റാ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന വിവിധ സംഘടനകളും, ദേശീയ നയങ്ങളും, സാങ്കേതിക സംവിധാനങ്ങളും ഉണ്ടാകാൻ തുടങ്ങി.

2009  മുതൽ 2020 വരെയുള്ള ചുരുങ്ങിയ കാലയളവിൽ ലോകമൊട്ടാകെ നൂറു കണക്കിന് ഓപ്പൺ ഡാറ്റാ പട്ടികകൾ (open data catalogues) സൃഷ്ടിക്കപ്പെട്ടു. ഇത്തരം വിവരപ്പട്ടികകൾ സൃഷ്ടിക്കുന്നതിൽ ദേശീയ ഭരണകൂടങ്ങളും, തദ്ദേശ  ഭരണകൂടങ്ങളും, വിവിധ സന്നദ്ധ സംഘടനകളും, ബഹു രാഷ്ട്ര സമിതികളും, ഉൾപ്പെട്ടിരുന്നു. നൂതനമായ ഒട്ടനവധി നിയമ/സാങ്കേതിക വ്യവസ്ഥകൾ ഇതേത്തുടർന്നുണ്ടായി. തുറന്ന ഭരണകൂട – അനുമതിപത്രങ്ങൾ (open government licenses), ആയിരക്കണക്കിന് പുതിയ ആപ്ലിക്കേഷൻ നിർമ്മാണ സമ്പർക്കമുഖങ്ങൾ (application programming interfaces), ഹാക്കത്തോണുകൾ, സിവിക് ആപ്ലിക്കേഷൻ പ്രസ്ഥാനങ്ങൾ, ആഗോള മെറ്റാഡാറ്റ പ്രമാണങ്ങൾ (global metadata standards), പുതിയ സിവിക് സംരഭകർ (open startups), ഓപ്പൺ ഡാറ്റാ വിശകലന സാങ്കേതികത (open data analytics) എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.

ആദ്യമാദ്യം ദേശീയ ഭരണകൂട തലത്തിൽ നിന്നിരുന്ന ഓപ്പൺ ഡാറ്റ പട്ടികകൾ പിന്നീട് പ്രാദേശിക തലത്തിലേക്ക് താഴേക്കും, അന്തർദേശീയ കൂട്ടായ്മാ തലത്തിൽ, മുകളിലേക്കും വ്യാപിക്കുവാൻ തുടങ്ങി. യൂറോപ്യൻ കമ്മീഷനെ പോലെയുള്ള ബഹുരാജ്യ സമിതികൾ ഓപ്പൺ ഡാറ്റയ്ക്കു വേണ്ടി നിയമ നിർമ്മാണം നടത്തുന്നതിലും, രാജ്യാതിർത്തികൾക്കു പുറത്തേക്ക് അതിനെ കൊണ്ടു പോകുന്നതിലും ശ്രദ്ധ പതിപ്പിച്ചു. ഇതേത്തുടർന്ന് https://data.europa.eu/, https://data.world/, https://ourworldindata.org/ പോലുള്ള ഡാറ്റാ പോർട്ടലുകളും, ഓപ്പൺ ഗവണ്മെന്റ് പാർട്ട്നർഷിപ്പ് പോലുള്ള ബഹുരാജ്യ സമിതികളും ഉണ്ടായി (ഓപ്പൺ ഗവണ്മെന്റ് പാർട്ട്നർഷിപ്പിൽ ഇപ്പോൾ 78 ഓളം രാജ്യങ്ങളും 20 പ്രാദേശിക സംഘങ്ങളും അംഗങ്ങളാണ്). “ഓപ്പൺ നോളജ് ഫൗണ്ടേഷൻ”, “ഓപ്പൺ ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ട്”,” കോഡ് ഫോർ അമേരിക്ക” തുടങ്ങി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സന്നദ്ധ സംഘടനകളുമുണ്ട്.

ലോകമൊട്ടാകെ ഇതൊക്കെ നടക്കുമ്പോൾ ഇന്ത്യയും വെറുതേയിരിക്കുകയായിരുന്നില്ല. ഇന്ത്യയുടെ ദേശീയ പോർട്ടലായ india.gov.in ന്റേയും data.gov ന്റേയും ഗുണവശങ്ങൾ സ്വാംശീകരിച്ചു കൊണ്ട് 2012 ഒക്ടോബറിൽ https://data.gov.in/ എന്ന ഡാറ്റാ പോർട്ടൽ ഇന്ത്യ പുറത്തിറക്കി. 8,291ഡാറ്റാ പട്ടികകൾ (data categories) (2020 മേയ് മാസത്തിലെ കണക്ക്) ഇപ്പോൾ ഇതിൽ ലഭ്യമാണ്. 173 മന്ത്രാലയങ്ങൾ / വകുപ്പുകൾ ഇതിലേക്ക് ഡാറ്റ ലഭ്യമാക്കുന്നുണ്ട്. 29,845 ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകളും 2015 ദൃശ്യവൽക്കരണങ്ങളും ഉൾപ്പെടെ 389,909 ഡാറ്റാ ഉല്പന്നങ്ങൾ ഈ പോർട്ടലിൽ ലഭ്യമാണ്.  ദേശീയ ഓപ്പൺ ഡാറ്റാ നയങ്ങളുടെ അടിസ്ഥാനത്തിൽ ഹാക്കത്തോണുകളും, ഓപ്പൺ ഡാറ്റാ ആപ്ലിക്കേഷൻ മത്സരങ്ങളും മറ്റും ഇന്ത്യയിലും നടത്തുന്നുണ്ട്. 22 വകുപ്പുകളും 344 ഡാറ്റാ ഗണങ്ങളുമായി കേരളവും https://kerala.data.gov.in/ എന്ന സൈറ്റിലൂടെ ഓപ്പൺ ഡാറ്റാ പോർട്ടലുകളുടെ ലോകത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഭാരതീയ റിസർവ് ബാങ്ക്, ഇന്ത്യൻ കസ്റ്റംസ് വകുപ്പ്, ദേശീയ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, ആധാർ സേവനങ്ങൾ നൽകുന്ന uidai, കാലാവസ്ഥാവകുപ്പ്, ദേശീയ ഭവന-നഗരകാര്യ മന്ത്രാലയം തുടങ്ങി ഒട്ടനവധി സർക്കാർ ഏജൻസികളും ചില സംസ്ഥാനസർക്കാരുകളും ഓപ്പൺ ഡാറ്റാ പോർട്ടലുകൾ തുടങ്ങിയിട്ടുണ്ട്.  എന്നാൽ ഓപ്പൺ ഡാറ്റയിൽ അധിഷ്ഠിതമായ ആപ്ലിക്കേഷനുകളുടെ കാര്യത്തിൽ ഇന്ത്യ ഇനിയും ഒരുപാട് മുന്നേറുവാനുണ്ട്. അതു പോലെ സംസ്ഥാനങ്ങളെയും പ്രാദേശിക ഭരണകൂടങ്ങളേയും, സാങ്കേതിക സംഘങ്ങളും മറ്റും കേന്ദ്രീകൃതമായ രീതിയിൽ ഈ പ്രസ്ഥാനത്തിന്റെ കണ്ണികളാക്കാനും ശ്രമങ്ങളുണ്ടായിട്ടില്ല.

കേരള സര്‍ക്കാറിന്റെ ഓപ്പണ്‍ഡാറ്റ പോര്‍ട്ടല്‍ https://kerala.data.gov.in/

ഓപ്പൺ ഡാറ്റയുടെ പ്രായോഗികത 

വലുതും സങ്കീർണ്ണവുമായ ഒരു വലിയ ജലസംഭരണിയിൽ നിന്ന് നമുക്ക് കുറേ വെള്ളം കിട്ടിയാൽ നാമെന്തു ചെയ്യും? എന്തു ചെയ്യാൻ? കുടിക്കും, കുളിക്കും, കൃഷി ചെയ്യും, പാചകം ചെയ്യും, കളിസ്ഥലം നനയ്ക്കും, ഒരു പാടു വെള്ളം ബാക്കിയുണ്ടെങ്കിൽ വെള്ളം ചീറ്റി കളിക്കും അങ്ങിനെ പലതും ചെയ്യും. എന്നാൽ ആ വെള്ളം കുടിക്കാൻ അത് ഒരു ചെറിയ ഗ്ലാസ്സിലോ കിണ്ണത്തിലോ കിട്ടണം, കുളിക്കാൻ കുളിത്തൊട്ടി വേണം, കൃഷി ചെയ്യാനാണ് വെള്ളം വേണ്ടതെങ്കിൽ കൃഷിസ്ഥലത്തേക്ക് ചാലുകൾ വെട്ടണം, ചിലപ്പോൾ പമ്പു സെറ്റും വേണ്ടി വരും, പാചകം ചെയ്യാൻ പാത്രങ്ങൾ വേണം.  കളിസ്ഥലം നനയ്ക്കാനോ കളിക്കാനോ വല്ല വെള്ളക്കുഴലുകളും കിട്ടണം. ഏതാണ്ടിതേയവസ്ഥ തന്നെയാണ് ഡാറ്റയുടേതും. വലിയ ഡാറ്റാ വലിയ സംഭരണികളിൽ നിന്ന് നമുക്ക് കിട്ടാൻ പോകുന്നു. അതു കൊണ്ടെന്തു ചെയ്യും എന്നു ചോദിച്ചാൽ… ചെയ്യാനൊരുപാടുണ്ട്.

വിവര സാങ്കേതിക ഗവേഷണ / ഉപദേശക രംഗത്ത് ആഗോള പ്രശസ്തിയാർജ്ജിച്ച ഗാർട്ട്നർ എന്ന സ്ഥാപനം വിവര സാങ്കേതിക മേഖലയിലെ വ്യവസായികളോട് ഓപ്പൺ ഡാറ്റയെന്നത് നല്ല ഡോളറുകൾ തന്നെയാണെന്ന് പറഞ്ഞു. നമ്മുടെ പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും മുന്നിലും ഇതേ ഡോളറുകൾ അതിന്റെ വിവർത്തിത രൂപമായ വികസനമായി തന്നെ കണ്ടെത്താൻ കഴിയും.

പല തലത്തിലും ഓപ്പൺ ഡാറ്റയിൽ നിന്ന് മൂല്യമുൽപ്പാദിപ്പിക്കാം. വ്യക്തി എന്ന തലത്തിൽ, പൊതു സമൂഹമെന്ന തലത്തിൽ, അറിവിന്റെ തലത്തിൽ, സാമ്പത്തിക മേഖലയിൽ, സാമൂഹ്യ സാംസ്കാരിക മൂല്യ വർദ്ധനയ്ക്കായി, പൊതു ഭരണ സംവിധാനങ്ങളെ മെച്ചപ്പെടുത്താൻ, രാഷ്ട്രീയ ഘടനയ്ക്കുള്ളിൽ, അടിസ്ഥാന സൗകര്യ മേഖലകളിൽ, തൊഴിൽ മേഖലയിൽ, ക്രമസമാധാന മേഖലയിൽ, വികസന രൂപങ്ങൾ ക്രമീകരിക്കാൻ, വിനോദങ്ങൾക്കായി.. അങ്ങിനെ എണ്ണിയാൽ തീരാത്ത സാധ്യതകൾ. എന്നാൽ ഇവയോരോന്നും സൃഷ്ടിക്കാൻ അതിനു ചേരുന്ന ഉപകരണങ്ങൾ വേണം. ആ ഉപകരണങ്ങളെ പ്രയോഗിക്കാനറിയാവുന്ന പണിക്കാരും. ഓപ്പൺ ഡാറ്റ തുറന്നു കിട്ടിയപ്പോൾ തന്നെ അതുപയോഗിക്കാനും സമൂഹങ്ങൾ ശ്രമിച്ചു തുടങ്ങി.

സിവിക് ആപ്ലിക്കേഷനുകൾ 

2009 ൽ അമേരിക്കയിലെ ഒരു പൗരാവകാശ പ്രവർത്തകയും വിവര സാങ്കേതിക വിദഗ്ധയുമായ ജെന്നിഫർ പഹൽക്ക എന്ന വനിത, ഒരു സംരഭത്തിനു തുടക്കമിട്ടു. അവരുടെ തന്നെ വാക്കുകളിൽ ബാക്കി പറയാം.

“സാങ്കേതിക രൂപകൽപ്പനാ മേഖലകളിലെ വലിയ താരങ്ങളെ അവരുടെ ഒരു വർഷത്തെ ജോലികളിൽ നിന്നൊക്കെ അടർത്തിയെടുത്ത് മറ്റൊരു മേഖലയിൽ ജോലി ചെയ്യാൻ ക്ഷണിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അതും അവർ ഏറ്റവും കൂടുതൽ വെറുത്തേക്കാവുന്ന ഒരു മേഖലയിൽ! ഞങ്ങൾ അവരെ ഗവൺമെന്റിനു വേണ്ടി പണിയെടുപ്പിക്കുന്നു. അതാണ് “കോഡ് ഫോർ അമേരിക്ക” എന്ന പദ്ധതി. ബുദ്ധിജീവികളുടെ സമാധാന സേനയെന്നൊക്കെ പറയാവുന്ന ഒരു പ്രവർത്തനമാണിത്. എല്ലാ കൊല്ലവും കുറച്ചാളുകളെ ഞങ്ങൾ തിരഞ്ഞെടുക്കും. എന്നിട്ട് അവരെ സിറ്റി ഭരണകൂടങ്ങളോടൊപ്പം പ്രവർത്തിക്കാൻ നിയോഗിക്കും. മൂന്നാം ലോകത്തിലേക്കയക്കുന്നതിനു പകരം സിറ്റി ഹാളുകളിലെ വന്യതകളിലേക്ക് അവരെ ഞങ്ങൾ പറഞ്ഞു വിടും. അവിടെ അവർ ഗംഭീരങ്ങളായ ആപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ തുടങ്ങും. സർക്കാർ ജീവനക്കാരോടൊപ്പം പ്രവർത്തിക്കും. ശരിക്കും അവർ ചെയ്യുന്നത് ഇന്നത്തെ സാങ്കേതികവിദ്യകളുടെ സാധ്യതകൾ ചൂണ്ടിക്കാട്ടുകയാണ്. ”

ജെന്നിഫർ പഹൽക്ക

ജെന്നിഫറും സംഘാംഗങ്ങളും ഉപയോഗിച്ച രീതി വളരെ ലളിതമായിരുന്നു. അവർ ഗവണ്മെന്റ് ഡാറ്റ ഉപയോഗിച്ച് വളരെ ചിലവു കുറഞ്ഞ ചെറിയ ചെറിയ വെബ്/മൊബൈൽ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ തുടങ്ങി. രണ്ടോ മൂന്നോ ദിവസത്തെ കോഡിങ്ങ് അധ്വാനം മാത്രം വേണ്ടി വരുന്ന രസമുള്ള ആപ്ലിക്കേഷനുകൾ. ഒരു പക്ഷേ അതൊരു സുനാമി സൈറനെ ദത്തെടുക്കാൻ സാമൂഹ്യസേവകരെ സഹായിക്കുന്ന ആപ്ലിക്കേഷനായിരിക്കും. അല്ലെങ്കിൽ സിറ്റിയിലെ സ്ക്കൂളുകളെ ഓൺലൈൻ ആയി കാണാൻ സഹായിക്കുന്ന മറ്റൊരു ആപ്പ് ആയിരിക്കും അതുമല്ലെങ്കിൽ  ഒരപകടസമയത്ത് ഏറ്റവും അടുത്തുള്ള ഡോക്ടറെ കണ്ടെത്താനുള്ള ഒരു ആപ്ലിക്കേഷൻ. ഇത്തരം ആപ്പുകളുടെ ഒരു സൗകര്യം. അത് മറ്റൊരാവശ്യത്തിനായി മറ്റൊരു സ്ഥലത്ത് പെട്ടെന്ന് രൂപം മാറ്റി എടുക്കാൻ സാധിക്കുന്നവയായിരിക്കും എന്നതാണ്. പൊതുവേ ഇത്തരത്തിലെ മൊബൈൽ / വെബ് ആപ്ലിക്കേഷനുകളെ “സിവിക് ആപ്പുകൾ” എന്നാണ് പറയുന്നത്.

ഇത്തരം സിവിക് ആപ്പുകളുടെ പ്രസക്തി നിലനിൽക്കുന്ന സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചു കൂടി കൃത്യമാകും. പണ്ടൊക്കെ ഒരു പൊതു ഭരണ സംവിധാനത്തിനു വേണ്ടിയുണ്ടാക്കുന്ന ആപ്ലിക്കേഷൻസെല്ലാം അത്യാവശ്യം വലുതും അതിലുമത്യാവശ്യം പണച്ചിലവുള്ളതുമായിരുന്നു. ഇത്തരത്തിലുള്ള ആപ്ലിക്കേഷൻസ് പലപ്പോഴും ഉണ്ടായി വരുമ്പോ അവസാന ഉപഭോക്താവിന്റെ (end user)  താല്പര്യങ്ങൾക്കു ചേരാത്തതോ ചിലപ്പോ തികച്ചും വിരുദ്ധമോ തന്നെ ആവാറുമുണ്ടായിരുന്നു.  ഭരണകൂട സംവിധാനങ്ങളുടെ ഉൽപ്പന്നങ്ങൾക്കുണ്ടായിരുന്ന എല്ലാ പൊതു പ്രശ്നങ്ങൾക്കും പുറമേ, അവ ഉപയോഗിക്കുന്ന ഡാറ്റ, അവർ തന്നെ കണ്ടു പിടിക്കേണ്ടി വരുന്നുണ്ട് എന്ന വലിയൊരു പരിമിതിയും അവയ്ക്കുണ്ടായിരുന്നു.-  മറ്റു ഉൽപ്പന്ന ദാതാക്കളുടെ സംവിധാനങ്ങളെ ഈ ഡാറ്റയ്ക്കായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. അതായത് അടുത്ത വീട്ടിലെ ഗോപാലൻ ചേട്ടന്റെ പറമ്പിൽ ഇഷ്ടം പോലെ ചക്ക തറയിൽ വീണ് പുഴുത്തു പോയാലും ഇപ്പുറത്തെ വാസുദേവന്റെ അടുക്കളയിൽ ചക്കപ്പുഴുക്കുണ്ടാക്കാൻ ചന്തയിൽ നിന്ന് വാങ്ങേണ്ടി വരുന്നു എന്നു പറയുന്നതു പോലെ.

എന്നാൽ ഓപ്പൺ ഡാറ്റ വന്നതിനു ശേഷം മുൻപുണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നമായ ഡാറ്റ എളുപ്പം കിട്ടാൻ തുടങ്ങി. അവയുപയോഗിച്ച് “എളുപ്പത്തിൽ”, “ചെറിയ രീതിയിൽ”, എന്നാൽ “പരസ്പര ബന്ധിതമായി”, “ചിലവു കുറഞ്ഞ രീതിയിൽ” ആപ്ലിക്കേഷൻസ് ഉണ്ടാക്കാൻ കഴിയുമ്പോൾ അവയ്ക്കുണ്ടാകുന്ന ഗുണപരത കൂടുകയും ചെയ്യും.

ഇനി, സാങ്കേതികമായി എന്തു കൊണ്ട് മൊബൈൽ / വെബ് ആപ്ലിക്കേഷൻസ് പ്രസക്തമാകുമെന്ന് നോക്കാം. ലോകത്ത് ഇന്ന് ലഭ്യമായതിൽ വച്ച് താരതമ്യേന ചിലവു കുറഞ്ഞതും എന്നാൽ വ്യാപകമായതുമായ ഒരു സാങ്കേതിക മേഖലയാണ് വെബ്/മൊബൈൽ രംഗം. ഇന്ത്യയിൽ പോലും ഏതാണ്ട് ഒരാൾക്ക് ഒരു മൊബൈൽ എന്ന സാഹചര്യം ഉരുത്തിരിയുകയാണ്. ഇവയിൽ ഏറിയ പങ്കും പുതു തലമുറ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ വിഭാഗങ്ങളിലുള്ളവയും! ഇത് വളരെ എളുപ്പത്തിൽ ലഭ്യമായ ഒരു പൊതു സംവിധാനം (public infrastructure) ആണ്. ചിലവു കുറഞ്ഞ രീതിയിൽ ആപ്ലിക്കേഷൻസ് സൃഷ്ടിക്കാനുള്ള കഴിവും ഇത്തരം മൊബൈൽ സാങ്കേതികവിദ്യകളുടെ സവിശേഷതയിൽ പെടുന്നു. മൊബൈൽ സംവിധാനങ്ങൾക്കുള്ള മറ്റൊരു പ്രത്യേകത അതിന്റെ അടിസ്ഥാന സ്വഭാവം തന്നെയായ പരസ്പരബന്ധിതത്വം ആണ്. നമ്മൾ ഒരു പുതിയ ആപ്ലിക്കേഷൻ ഉണ്ടാക്കുകയാണെങ്കിൽ അത് സ്വാഭാവികമായി തന്നെ പങ്കു വയ്ക്കപ്പെടും. അതിന്റെ തന്നെ മറ്റു ക്ലോണുകളുമായോ അല്ലെങ്കിൽ മറ്റു ഡാറ്റാ ഉറവിടങ്ങളുമായോ  സമാന സ്വഭാവമുള്ള ആപ്ലിക്കേഷനുകളുമായോ അതിന് എളുപ്പത്തിൽ സംസാരിക്കാൻ കഴിയും.

മറ്റൊരു പ്രധാന നേട്ടം – ചെറിയ ആപ്പുകൾ, അവയുടെ പ്രസക്തി നഷ്ടപ്പെടുമ്പോൾ വളരെയെളുപ്പം അറ്റകുറ്റപ്പണി ചെയ്യാനോ, മാറ്റിയെടുക്കാനോ, ഉപേക്ഷിക്കാനോ (repair, replace or dispose) കഴിയും. അപ്പോഴും അവ സ്ഥിതി ചെയ്യുന്ന ആ വലിയ ചട്ടക്കൂട് നിലനിർത്താനും കഴിയും. അതായത് ഒരു ശരീരത്തിൽ കോശങ്ങൾ വളരുകയും വിഭജിക്കപ്പെടുകയും ചിലപ്പോൾ മരണപ്പെടുകയും ചെയ്യുമ്പോഴും ആ ശരീരം അതിന്റെ ധർമ്മങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലാതെ സ്ഥിതി ചെയ്യുന്ന പോലെ ( ഉദാഹരണത്തിനോട് ചേർന്നു നിന്നു തന്നെ പറയട്ടെ.. ഒരു ഇതര പ്രവാഹം (alternate flow) പോലെ ശരീരത്തിൽ അന്യ വസ്തുക്കളുടേയോ അന്യ ജീവികളുടേയോ കടന്നു കയറ്റം മൂലം അസുഖങ്ങൾ ഉണ്ടാകാം. ചില അനിഷ്ട സാഹചര്യങ്ങളിൽ കോശങ്ങൾക്കു തന്നെ മദം പൊട്ടി ക്യാൻസറുകളുമുണ്ടാകാം. ശരീരത്തിന്റെ കാര്യത്തിലും, സിവിക് വ്യൂഹങ്ങളുടെ കാര്യത്തിലും ഇവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ അവയൊന്നും ജൈവിക വളർച്ച എന്ന മികച്ച വികസന രൂപത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല )

ഇത്തരത്തിലുള്ള സിവിക് ആപ്ലിക്കേഷനുകൾ അവയുടെ ഗഹനമായ ലാളിത്യം കൊണ്ടു തന്നെ വളരെ പെട്ടെന്ന് വ്യാപകമാകാൻ തുടങ്ങി. സിറ്റി ആപ്പുകൾ എന്ന രൂപത്തിൽ ഒരു നഗര / ഗ്രാമ സംവിധാനത്തിനാവശ്യമായ ആപ്ലിക്കേഷനുകളുടെ കൂട്ടങ്ങൾ രൂപപ്പെടാൻ തുടങ്ങി. അവയെല്ലാം ഉള്ളടക്കത്തിൽ തികച്ചും ഗ്രാമീണമായിരിക്കുമ്പോഴും പുനരുപയോഗത്തിലും പരസ്പരബന്ധങ്ങളിലും ദേശീയമോ അന്തർദേശീയമോ ആയ തലങ്ങളുൾക്കൊള്ളാറുണ്ട്.  ഉദാഹരണത്തിന്, ഇപ്പോൾ കോവിഡ്-19 ട്രാക്ക്  ചെയ്യാനുപയോഗിക്കുന്ന ഒട്ടുമിക്ക ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഈ തരത്തിൽ പെടുന്നതാണ്. ഒരേ കോഡ് ബേസ് ഉപയോഗിച്ച് പല സമൂഹങ്ങളിൽ കൊറോണവ്യാപനം നിരീക്ഷിക്കുന്ന ഒരു ശൈലിയാണ് അവ പിന്തുടരുന്നത് .

വിവിധ ആപ്ലിക്കേഷൻ നിർമ്മാണ സമ്പർക്കമുഖങ്ങളുടെ (API) കൂട്ടിച്ചേർക്കലുകളിലൂടെ രൂപീകരിക്കുന്ന “മാഷ്അപ്പുകൾ” ഇത്തരം സിറ്റി ആപ്പുകളുടെ പ്രയോഗ സാധ്യതകൾ പലമടങ്ങ് വലുതാക്കി. ഒരുദാഹരണം പറയുകയാണെങ്കിൽ പോലീസ് വകുപ്പിൽ നിന്നുള്ള വിവരങ്ങളുടെ എപിഐ യും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഏപിഐ യും, സാമൂഹ്യ ക്ഷേമ വകുപ്പിൽ നിന്നുള്ള ഏപിഐ യും കൂട്ടിച്ചേർത്തുണ്ടാക്കുന്ന മാഷ്അപ്പ് ഉപയോഗിച്ച് കുറ്റകൃത്യങ്ങളുടെ സാമൂഹ്യമാനങ്ങൾ / കാരണങ്ങൾ ഒരു പക്ഷേ കൃത്യമായി തന്നെ പരിശോധിക്കാനും വേണ്ട പദ്ധതികൾ ആവിഷ്ക്കരിക്കാനും സാധിക്കും. പൊതുസമൂഹവുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ മേഖലകളിലും ഇത്തരം കുഞ്ഞ് കുഞ്ഞ് ആപ്ലിക്കേഷനുകൾ നാമൊട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാക്കും.

എന്നാൽ കയ്യിൽ കിട്ടിയ ഓപ്പൺ ഡാറ്റയുമെടുത്ത് ഇത്തരം ആപ്ലിക്കേഷനുകളുണ്ടാക്കാൻ എടുത്ത് ചാടുന്നത് ബുദ്ധിയാണോ? അതു പോലെ ആരാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്? അമേരിക്കയുടേയും യു.കെയുടേയും ബെൽജിയത്തിന്റേയും നോർവ്വെയുടേയും യൂറോപ്യൻ യൂണിയന്റേയും കാര്യങ്ങൾ അവിടെ നിൽക്കട്ടെ, നമുക്ക് ഇന്ത്യയിലേക്ക് വരാം. അതിനു മുന്നേ കെനിയയിലേക്കൊന്ന് പോകാം.

ഇന്ത്യയ്ക്കു പഠിക്കാൻ കെനിയയുടെ പാഠം

2011 ജൂലൈയിലാണ് കെനിയയുടെ ഓപ്പൺ ഡാറ്റ പോർട്ടലായ https://www.opendata.go.ke/  തുടങ്ങിയത്. എന്നാൽ സബ് സഹാറൻ ആഫ്രിക്കയിലെ ആദ്യത്തെ ഓപ്പൺ ഡാറ്റയെന്നും വിപ്ലവകരമായ സുതാര്യതയെന്നുമൊക്കെ പുകഴ്ത്തപ്പെട്ട ആ വിവരസംഭരണിക്ക് കുറേ കൊല്ലങ്ങൾ കഴിഞ്ഞിട്ടും വലിയ വിപ്ലവമൊന്നും കൊണ്ടു വരാനൊത്തില്ല. എന്നു മാത്രമല്ല, ഓപ്പൺ ഡാറ്റ പ്രവർത്തകർക്കിടയിൽ അത്യാവശ്യം ചീത്തപ്പേര് കേൾപ്പിച്ചു തുടങ്ങുകയും ചെയ്തു. ഇതിന് പല കാരണങ്ങളുള്ളതായി പറയപ്പെടുന്നു. 2010ൽ പുതുക്കിയ കെനിയൻ ഭരണഘടനയുണ്ടാക്കുന്ന ആശയക്കുഴപ്പം, കൊളോണിയൽ കാലം മുതലേ നിലനിന്നു പോരുന്ന ഉദ്യോഗസ്ഥ തലത്തിലെ രഹസ്യാത്മകത തുടങ്ങി കെനിയക്കു മാത്രം ബാധകമായ ചില കാരണങ്ങളുണ്ട്. എന്നാൽ, മറ്റൊരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഓപ്പൺ ഡാറ്റ നടപ്പിലാക്കുവാൻ കാണിച്ച അനാവശ്യമായ തിടുക്കമാണ്. “തുറന്ന ഭരണകൂടം, വാചകമടിയിൽ വളരെ എളുപ്പമാണ്” എന്നാണ് ഗ്രെഗ് ബ്രൗൺ എന്ന വിശകലന വിദഗ്ധൻ (analyst) കെനിയയെ ചൂണ്ടിക്കാണിച്ച് പറയുന്നത്. ഓപ്പൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും കെനിയയുടെ പോർട്ടൽ സ്ഥാപിക്കാൻ രൂപീകരിച്ച കർമ്മ സമിതിയിലെ അംഗവുമായ ജെയീഷ് ഭല്ല പറയുന്നത് ഇത്തരം ഒരു ഡാറ്റ പോർട്ടൽ സ്ഥാപിക്കുന്നതിനു മുന്നേ കുറച്ചു കൂടി സാകല്യേനയുള്ള നടപടിക്രമങ്ങൾ (inclusive process) രൂപീകരിച്ചിരിക്കണമെന്നാണ്. വിവിധ ഉപയോക്താക്കളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പരിപാടിയായിരുന്നു വേണ്ടിയിരുന്നത്. പൊതു സമൂഹം, സാങ്കേതിക വിദഗ്ദർ, നയരൂപകർത്താക്കൾ, വിവിധ സന്നദ്ധ സംഘടനാപ്രവർത്തകരും പൗരാവകാശ പ്രവർത്തകരും, അക്കാദമിക വിദഗ്ദർ തുടങ്ങി ഒട്ടനവധി ആൾക്കാരെ ഓപ്പൺ ഡാറ്റയിലേക്കും തുറന്ന ഭരണകൂടത്തിലേക്കും കൊണ്ടു വരണം. ഇതിനും പുറമേ, സഹായകരമായ ഒരു നിയമ ഘടനയും സാങ്കേതിക സൗകര്യങ്ങളും ഓപ്പൺ ഡാറ്റയ്ക്ക് വേണ്ടിയുണ്ടാവണം. കെനിയയുടെ കാര്യത്തിൽ 2010 ന് മുൻപ് വിവരാവകാശ നിയമം ഉണ്ടായിരുന്നില്ല. പുതിയ ഭരണഘടന വിവരാവകാശം തത്വത്തിൽ അംഗീകരിക്കുന്നുണ്ടെങ്കിലും അത് നിയമമാക്കപ്പെട്ടിട്ടുമില്ല. എന്നാൽ കെനിയയുടെ കാര്യം തീരെ പോക്കാണെന്നു പറയാനാവില്ല. ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട്. വിവരാവകാശം ഉടനേ നിയമമാകും, “കോഡ് ഫോർ കെനിയ”, “ഡാറ്റാ ബൂട്ട് ക്യാമ്പ്” തുടങ്ങിയ പ്രവർത്തനങ്ങൾ (ഇതിനെല്ലാം ലോകബാങ്കിന്റെ കാരുണ്യത്താൽ പൈസയ്ക്ക് ബുദ്ധിമുട്ടില്ല) കെനിയൻ സമൂഹത്തെ ഓപ്പൺ ഡാറ്റയിലേക്ക് അടുപ്പിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുമുണ്ട്.

ഇന്ത്യയുടെ ദേശീയ ഡാറ്റ പോർട്ടല്‍ https://data.gov.in/

ഇന്ത്യയിൽ ചെയ്യേണ്ടതെന്ത്?

ഇന്ത്യ കെനിയയല്ല. നമുക്ക് നല്ല ഒന്നാന്തരം ഒരു ഭരണഘടനയുണ്ട്. വിവരാവകാശ നിയമം 2005 മുതൽ പ്രാബല്യത്തിലുണ്ട്. അത്യാവശ്യം നല്ല ഒരു ദേശീയ പോർട്ടലുണ്ട്. 2012 ൽ ദേശീയ ഡാറ്റ പോർട്ടലുണ്ടാക്കി. 3500 ഡാറ്റ ഗണങ്ങളുമായി (data sets) തുടങ്ങിയ പോർട്ടൽ ഇപ്പോൾ 8,291 ഡാറ്റ പട്ടികകളിലായി 390062ൽ പരം ഡാറ്റ ഗണങ്ങളിൽ എത്തി നിൽക്കുന്നു. അതി വിശാലമായ മൊബൈൽ ശൃംഖലകൾ ഇന്ത്യയ്ക്കുണ്ട്. രണ്ടര ലക്ഷത്തോളം ഗ്രാമങ്ങളെ പരസ്പരം ബന്ധിച്ച് ഒരു ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ഇന്ത്യയ്ക്കുണ്ട്. ഇങ്ങനെ നോക്കിയാൽ ഇന്ത്യയുടെ ഓപ്പൺ ഡാറ്റാ ഭാവി വളരെ ശോഭനമാണ്. എന്നാൽ ഇന്ത്യയിൽ ഇന്ന് കാണാനില്ലാത്തത് (അല്ലെങ്കിൽ ഒളിച്ചിരിക്കുന്നത്) ഓപ്പൺ ഡാറ്റ ഉപയോഗിക്കുന്നവരുടെ ഒരു സമൂഹമാണ്. ഇത്രയ്ക്ക് ബജറ്റ് പിന്തുണ ഉള്ള, ഇന്ത്യയുടെ ഓപ്പൺ ഡാറ്റ പോർട്ടലിൽ എണ്ണം പറഞ്ഞുള്ളത് 30 ആപ്പ്. അതിൽ തന്നെ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നത് വെറും 13 എണ്ണം. അതിൽ തന്നെ 12 ആപ്പുകളിൽ ആയി ആകെ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 1600 ന് താഴെ. (എല്ലാം ആപ്പിലേയും  കൂടി കൂട്ടിയിട്ടാണേ !!). “പോസ്റ്റ് ഇൻഫോ” എന്ന ഒരേയൊരു ആപ്പിനു മാത്രമാണ് 71000-നടുത്ത് ഉപഭോക്താക്കൾ ഉള്ളത്. പാമ്പിനെ തവള പിടിക്കുന്നു എന്നൊക്കെ പറയുന്ന തരികിട ഗെയിമുകൾക്ക് പോലും അഞ്ചും പത്തും ലക്ഷം ഉപയോക്താക്കൾ ഉള്ള സമയത്താണിതെന്ന് ആലോചിക്കണം. ലോകമൊട്ടാകെ ഇതു വരെ ലക്ഷക്കണക്കിന് ഡാറ്റാ പട്ടികകളിലായി കോടിക്കണക്കിന് ഡാറ്റാ ഗണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രാൻസിലെ ഓപ്പൺ ഡാറ്റാ പോർട്ടലിൽ (http://www.data.gouv.fr/) പ്രസിദ്ധീകരിച്ചിരിക്കുന്നത് 34 721 പൊതുഡാറ്റാ ഗണങ്ങളാണ്. അമേരിക്കൻ data.gov പട്ടികയിൽ മാത്രം ഇത് 211,552 ആണ്. ഓസ്ട്രേലിയൻ ഡാറ്റ പോർട്ടലിൽ ഇത് 91006 (യു.കെയിലും അമേരിക്കൻ ഐക്യനാടുകളിലുമുള്ള ഒട്ടനവധി തദ്ദേശ സ്ഥാപനങ്ങളും സർവ്വകലാശാലകളും പങ്കു വയ്ക്കുന്ന ഡാറ്റാ ഗണങ്ങൾ ലക്ഷക്കണക്കിനാണ്. ഇതിനൊക്കെ പുറമേ https://www.kaggle.com/, https://data.world/ തുടങ്ങിയ സ്വകാര്യ സംരംഭങ്ങളും പതിനായിരക്കണക്കിന് പൊതുഡാറ്റാഗണങ്ങളും അതിലുമെത്രയോ ഇരട്ടി പൊതു നോട്ടുബുക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയൊക്കെത്തന്നെ നമ്മുക്ക് കൂടി ലഭിക്കുന്ന അറിവിന്റെ ഖനികളാണ്. പൊതുസമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന വിവിധ പദ്ധതികളിലും ഓപ്പൺ ഗവണ്മെന്റ് എന്നറിയപ്പെടുന്ന പുതിയ ഭരണനിർവ്വഹണരീതിയിലും സമ്പത്തുല്പാദിപ്പിക്കുന്ന പ്രവർത്തനങ്ങളിലും (Economic transactions), തീരുമാനമെടുക്കൽ പ്രക്രിയകളിലും(Decision making), ദുരന്തനിവാരണഘട്ടങ്ങളിലും (Disaster management), ശാസ്ത്രഗവേഷണ മേഖലയിലും (Research & Development programs), വിദ്യാഭ്യാസപ്രവർത്തനങ്ങളിലും (Pedagogy) എന്തിന് വിനോദമേഖലയിൽ (Entertainment & Recreation) പോലും ഈ അറിവുകളെ ഗംഭീരമായി ഉപയോഗപ്പെടുത്താൻ കഴിയും. ആലോചിക്കേണ്ടത് ഇത്ര മാത്രം. നാം അത് ചെയ്യുന്നുണ്ടോ? ശരിയാണ് – കയ്യിൽ കിട്ടുന്ന പൊതു ഡാറ്റയിൽ വലിയൊരു പങ്കിനെ ഓപ്പൺ ഡാറ്റയാക്കി പബ്ലിഷ് ചെയ്യൻ നമുക്ക് കഴിയുന്നുണ്ട്. എന്നാൽ ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ, ഒരു ഗോഡൌണിൽ സൂക്ഷിക്കപ്പെടുന്ന ലക്ഷക്കണക്കിന് ടൺ അരിയേയും ഗോതമ്പിനേയും പോലെ അത് അർത്ഥശൂന്യമാണ്.. അത് വെറുതേ ആരും ഉപയോഗിച്ചു തുടങ്ങുകയുമില്ല. ഉപയോക്താക്കളുടെ ഒരു സമൂഹം സൃഷ്ടിക്കാൻ ബോധപൂർവ്വമായ ഒരു ലോജിസ്റ്റിക്സ് പ്ലാൻ ഉണ്ടാക്കപ്പെടണം. ലഭ്യമാകുന്ന ഡാറ്റാസെറ്റുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതു മുതൽ, ഉപയോക്തൃ സമൂഹത്തിനെ തയ്യാറെടുപ്പിക്കുന്നതു വരെയുള്ള കാര്യങ്ങൾക്കായി ഒരു ബൌദ്ധിക ചട്ടക്കൂട് (shared cognitive framework) അതത് സമൂഹങ്ങൾ സൃഷ്ടിക്കേണ്ടതാണ്.

അതിന്റെ അർത്ഥം, കെനിയയിൽ കാണാത്ത അതേ സാകല്യ പ്രക്രിയകൾ (inclusive processes) ഇവിടെയും കാണുന്നില്ല എന്നതാണ്. നമ്മുടെ പൊതു സമൂഹമോ, സാങ്കേതിക വിദഗ്ധരോ, കോർപ്പറേറ്റ് സമൂഹമോ, ഫെഡറൽ ഭരണ വ്യൂഹത്തിലെ നയരൂപീകരണ സമൂഹമോ, സംസ്ഥാനങ്ങളോ ഒന്നും ഇതിനെ പറ്റി അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ ഇതിന്റെ പ്രസക്തി മനസ്സിലാക്കുന്നില്ല. വികസിത രാജ്യങ്ങളിൽ സംഭവിച്ചതു പോലെ ഡാറ്റ സ്വതന്ത്രമാക്കേണ്ടതിനെ പറ്റിയുള്ള ചിന്തകളും അവയുടെ ഉപയുക്തതയെപ്പറ്റിയുള്ള ചിന്തകളും നമ്മുടെ അക്കാദമിക/ബുദ്ധിജീവി മണ്ഡലങ്ങളിൽ വരേണ്ട സാഹചര്യമില്ലായിരുന്നു എന്നത് ശരി. പക്ഷേ, ഇനി വൈകുന്നത് ശരിയല്ല. നമ്മൾ വിവരാവകാശത്തിൽ എത്തിക്കഴിഞ്ഞു. “ഇൻഫർമേഷൻ എന്ന വിവര”ത്തിന് മനുഷ്യാവകാശ പരമായും, ഘടനാവ്യതിയാനങ്ങളെ തുറന്നു കാട്ടുന്ന രൂപത്തിലും ശക്തിയുണ്ടെങ്കിൽ “ഡാറ്റ എന്ന വിവര”ത്തിന് ഘടനകളെ കൂടുതൽ ബലവത്താക്കാനും കൂടുതൽ നല്ല ഘടനകളുണ്ടാക്കാനും കഴിവുണ്ട്. ഭരണകൂടത്തിന്റെ അടുത്ത ചുവട് അവിടെ വച്ചേ മതിയാകൂ.

ഇന്ത്യ Open Government Data – OGD Overview കടപ്പാട് meity.gov.in/open-data

ആര്? എങ്ങിനെ? എപ്പോൾ?

ഇപ്പോൾ സംഭവിക്കേണ്ടത് വ്യാപകമായ ഒരു ആശയ പ്രചരണം ആണ്. ഓപ്പൺ ഡാറ്റയെ പറ്റി, അതിന്റെ ഗുണങ്ങളെ പറ്റി, സാധ്യതകളെ പറ്റി, അതു കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങളെ പറ്റി ഒക്കെ അറിയേണ്ടവർ അറിയണം. ആദ്യം അറിയേണ്ടത് അക്കാദമിക സമൂഹവും ഭരണകൂടങ്ങളും ആസൂത്രകരും. അവർ നയങ്ങളും കാര്യപരിപാടികളും തയ്യാറാക്കണം. സാങ്കേതിക-സാമ്പത്തിക ലോകങ്ങൾ കാൽക്കീഴിൽ പതുങ്ങിക്കിടക്കുന്ന സ്വർണ്ണഖനികൾ കാണണം. അതിന്റെ അളവെടുക്കണം. തൽസ്ഥിതി പഠനങ്ങൾ, അവലോകന റിപ്പോർട്ടുകൾ, സാമ്പത്തിക സാധ്യതാ കണക്കുകൾ, ഘടനാസൂത്രണം, മുന്നൊരുക്കങ്ങൾ, പ്രൊജക്ട് പ്ലാനുകൾ അങ്ങിനെയങ്ങനെ. പൗരാവകാശ പ്രവർത്തകർ ലേഖനങ്ങളെഴുതിയും സന്നദ്ധസംഘടനകളുണ്ടാക്കിയും “കോഡ് ഫോർ ഇന്ത്യ”യോ “കോഡ് ഫോർ തിരുവനന്തപുര”മോ “കോഡ് ഫോർ കാട്ടാക്കട”യോ ഒക്കെ രൂപീകരിച്ചും ചിതറിക്കിടക്കുന്ന മാനവശേഷിയെ ഒരുമിപ്പിക്കണം. വിവരാവകാശ പ്രവർത്തകർ കൂടുതൽ തുറന്ന ഡാറ്റയ്ക്കായി പ്രക്ഷോഭങ്ങളൊരുക്കണം. സർവ്വകലാശാലകൾ തുറന്ന ഭരണത്തിന്റെ സാധ്യതകളേയും പ്രശ്നങ്ങളേയും പറ്റി തർക്കിക്കുകയും തല പുകയ്ക്കുകയും വേണം. അങ്ങിനെ എത്രയോ കാര്യങ്ങൾ.

ഇതിൽ തന്നെ ഏറ്റവും പ്രധാനമായ ഒന്ന് ദേശീയവും പ്രാദേശികവുമായ ഡിജിറ്റൽ അജൻഡകൾ രൂപീകരിക്കുക എന്നതാണ്. സമൂഹത്തിലൊട്ടാകെ, ഒരേ പോലെ തുറന്ന ഭരണവ്യവസ്ഥയുടെ ഗുണഫലങ്ങൾ എത്തിക്കാനുള്ള ഒരു നിലമൊരുക്കൽ – നിലവിലെ ഡിജിറ്റൽ ഡിവൈഡ് കണ്ടെത്തി അവിടങ്ങളിൽ പാലങ്ങൾ പണിയുക (ഇപ്പോഴും ഇന്റ്ർനെറ്റ് എന്നോ കംപ്യൂട്ടർ എന്നോ കേട്ടിട്ടു പോലുമില്ലാത്തവർക്കും ഓപ്പൺ ഡാറ്റയും അതിന്റെ സേവനങ്ങളും കിട്ടേണ്ടതുണ്ട്), സാമൂഹ്യമായ അടിസ്ഥാന സൗകര്യങ്ങൾ രൂപപ്പെടുത്തിയെടുക്കുക, ദീർഘകാലത്തേക്ക് വേണ്ട സാങ്കേതിക ക്ഷമത കൈവരിക്കുക, താഴേത്തട്ടു വരെയെത്തുന്ന അറിവു പാതകൾ (knowledge paths) സൃഷ്ടിക്കുക, ഡാറ്റയുടെ ഗുണനിലവാരം നിരന്തരമായി ഉയർത്തുന്നതിനുള്ള സംവിധാനങ്ങളുണ്ടാക്കുക എന്നു തുടങ്ങി, മറ്റു ലോകങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള മാർഗ്ഗങ്ങൾ വരെ രൂപീകരിക്കാനുള്ള ഒരു പ്രവർത്തനമാവണമിത്. ഒരേ സമയം നയപരവും അതോടൊപ്പം സാങ്കേതികവുമായ ഒരു ഭാവം അതിനുണ്ടാവണം. ഓപ്പൺ ഡാറ്റ ഉപയോഗിക്കുവാനുള്ള സാങ്കേതികവും ഭരണനിർവ്വഹണപരവുമായ ചട്ടക്കൂടുകൾ ഇതിനെത്തുടർന്ന് രൂപീകരിക്കേണ്ടതുമുണ്ട്. നല്ല കാര്യമെന്താന്നു വച്ചാൽ ഇതൊന്നും നമ്മൾ ശൂന്യതയിൽ നിന്ന് വെറുതേ കെട്ടിപ്പൊക്കേണ്ട – മുൻമാതൃകകൾ ഒട്ടനവധി നമുക്കുണ്ട്. പങ്കാളിത്ത ജനാധിപത്യത്തിന്റെ വിഭവശേഷിയുപയോഗിക്കുക എന്ന ഒരു കാര്യം മാത്രം നാം ശ്രദ്ധിച്ചാൽ മതി.

ഇവയൊന്നും നിലനിൽക്കുന്ന ഇ-ഭരണ സംവിധാനങ്ങളെ ഒരു രാത്രി കൊണ്ടു മാറ്റുവാനുള്ളതല്ല. പകരം. നിലവിലുള്ള വ്യവസ്ഥകളിൽ കുഴലുകളും കണ്ണികളും (pipes and connectors) ഘടിപ്പിച്ച് ഡാറ്റയുടേയും അതുൽപ്പാദിപ്പിക്കുന്ന മൂല്യത്തിന്റേയും ചാലകത വർദ്ധിപ്പിക്കാനായിരിക്കണം ആദ്യ ശ്രമങ്ങൾ നടക്കേണ്ടത്.

ആരോഗ്യ ശുചീകരണ മേഖല, ഗതാഗത മേഖല, ഊർജ്ജോല്പാദനവും വിതരണവും, നിയമ നിർമ്മാണം, പോലീസിംഗും കുറ്റകൃത്യ നിയന്ത്രണ സംവിധാനങ്ങളും, നീതിന്യായ ഘടനകൾ, വിദ്യാഭ്യാസം, ഭൂവിനിയോഗം, വിനോദ സഞ്ചാരം, പൊതു വിവര സംവിധാനങ്ങൾ, പൗര സേവന മേഖലകൾ,   മാനവശേഷി വിനിയോഗം, നഗരാസൂത്രണം, വാണിജ്യ വ്യവസായ മേഖലകൾ, കാർഷികമേഖല, പരിസ്ഥിതി സംരക്ഷണം, നീർത്തടാധിഷ്ഠിത വികസനം, ലിംഗസമത്വം, പൊതു സ്ഥലങ്ങളുടേയും ദേശീയ പാർക്കുകളുടേയും സംരക്ഷണം, സാമ്പത്തിക ആസൂത്രണം, തിരഞ്ഞെടുപ്പ് മേഖല, സർവ്വേ സംവിധാനങ്ങൾ, സഹകരണ സംഘങ്ങൾ, ക്ഷേമ പദ്ധതികൾ, പൊതുവായ പദ്ധതി നടത്തിപ്പ് (general project management), സാമൂഹ്യമായ കണക്കുനോക്കലുകൾ (social auditing), ആവലാതി പരിഹാര സംവിധാനങ്ങൾ (grievance management systems), ഗ്രന്ഥശാലകൾ, കുടുംബശ്രീകൾ, ഗ്രാമസഭകൾ,  മാധ്യമങ്ങൾ, മനുഷ്യാവകാശ പദ്ധതികൾ, കാര്യക്ഷമമായ വിഭവ വിതരണം അതിൽ തന്നെ പ്രത്യേകിച്ച് ജലവിനിയോഗം, സംരഭക പദ്ധതികൾ, നൂതനാശയ പരിപാലനം (innovation management) അങ്ങിനെ കഴിയുന്നിടങ്ങളിലെല്ലാം ചുരുങ്ങിയത് ഒന്നോ രണ്ടോ സിവിക് ആപ്ലിക്കേഷൻ എങ്കിലും രൂപീകരിക്കാനും ലാഭകരമായ രീതിയിൽ അതു വിതരണം ചെയ്യാനും ശ്രമങ്ങളുണ്ടാവണം. ഇതിനാവശ്യമായ വിഭവ സമാഹരണവും, തലച്ചോറു പുകച്ചിലുകളുമെല്ലാം നമ്മുടെ ദൈനം ദിന ചർച്ചകളിലെ വിരുന്നുകാരുമാവണം. ഇത്തരം ചെറിയ പ്രേരണകളിൽ നിന്നും പിച്ച വയ്ക്കലുകളിൽ നിന്നും തുടങ്ങാവുന്ന ഒരു ശൃംഖലാ പ്രവർത്തനം, സാമൂഹ്യക്രമങ്ങളെയാകെ ഒന്നടങ്കം മാറ്റുന്ന ഒരു വിവര ഉപയുക്തതാ വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യത്തിൽ ചുരുങ്ങിയ പക്ഷം എനിക്കെങ്കിലും സംശയമില്ല

കഴിഞ്ഞിട്ടില്ല.. ഇനിയും തുടരും..

അനുബന്ധം

പട്ടിക 1. ഓപ്പൺ ഗവണ്മെന്റ് ഡാറ്റ തത്വങ്ങൾ

ഗവണ്മെന്റ് ഡാറ്റ, ഓപ്പൺ അഥവാ തുറന്നതാണെന്ന് കരുതപ്പെടണമെങ്കിൽ അവ താഴെപ്പറയുന്ന തത്വങ്ങൾക്ക് വിധേയമായി പൊതു ഉപയോഗത്തിന് ലഭ്യമാക്കിയിരിക്കണം

1. പൂർണ്ണം: എല്ലാ പൊതു ഡാറ്റയും ലഭ്യമായിരിക്കണം. പൊതു ഡാറ്റ എന്നതു കൊണ്ടുദ്ദേശിക്കുന്നത് സാധുതയുള്ള സ്വകാര്യത, സുരക്ഷിതത്വം, പ്രത്യേക അവകാശങ്ങൾ എന്നിവയാൽ നിയന്ത്രിതമാവാത്ത ഡാറ്റ എന്നാണ്
2. പ്രാഥമികം: ഡാറ്റ അതിന്റെ ഉത്ഭവസ്ഥാനങ്ങളിൽ നിന്നു തന്നെ ശേഖരിക്കപ്പെട്ടവയും, കഴിയാവുന്നിടത്തോളം ചെറുകണങ്ങളാക്കപ്പെട്ടവയും (granularity), കൂട്ടിച്ചേർക്കപ്പെട്ടവയോ രൂപമാറ്റം സംഭവിച്ചവയോ ആകാത്തതുമായിരിക്കണം.
3. കാലോചിതം: ഡാറ്റ അതിന്റെ മൂല്യനഷ്ടമൊഴിവാക്കുന്നതിനായി കഴിയുന്നത്ര വേഗത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കണം
5. പ്രാപ്യം: ഡാറ്റ വിപുലമായ ആവശ്യങ്ങൾക്ക് ഉപയുക്തമായ രീതിയിൽ വിപുലമായ ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കണം
6. യന്ത്രങ്ങളാൽ പ്രവർത്തിതമാക്കപ്പെടാനുള്ള ഗുണം: ഡാറ്റ  അനൈശ്ചികമായ രീതിയിൽ ഉപയോഗിക്കുവാൻ കഴിയത്തക്ക വിധം ഘടനാഗുണമുള്ളതായിരിക്കണം
7. വിവേചനമില്ലാത്തത്: ഡാറ്റ പ്രത്യേക രജിസ്ട്രേഷനോ മറ്റോ ആവശ്യമില്ലാതെ തന്നെ എല്ലാവർക്കും ലഭ്യമാകേണ്ടതാണ്.
8. ഉടമസ്ഥാവകാശമില്ലാത്തത്: ഡാറ്റ ഏതെങ്കിലും പ്രത്യേക അസ്തിത്വങ്ങൾക്ക് (വ്യക്തികൾ, സ്ഥാപനങ്ങൾ, സമൂഹങ്ങൾ തുടങ്ങിയവ) നിയന്ത്രണമില്ലാത്ത രൂപങ്ങളിൽ (formats) പ്രസിദ്ധീകരിക്കപ്പെട്ടിരിക്കണം
9. അനുമതി രഹിതം: ഡാറ്റ ഏതെങ്കിലും തരത്തിലുള്ള പകർപ്പവകാശ നിയന്ത്രണങ്ങളോ (copyrights), കുത്തകാവകാശമോ (patents), സംരക്ഷിത വ്യാപാരമുദ്രകളോ (trademarks), വ്യാപാര രഹസ്യ നിയന്ത്രണങ്ങളോ ഉള്ളവയായിരിക്കരുത്. ന്യായമായ സ്വകാര്യത, സുരക്ഷിതത്വം, പ്രത്യേക അവകാശങ്ങൾ എന്നിവ അനുവദിക്കാം.
ഉറവിടം: http://resource.org/8_principles.html, 2007 ഡിസംബറിൽ സ്വീകരിക്കപ്പെട്ടത്, സ്വതന്ത്ര പരിഭാഷ

 

പട്ടിക 2. ഫെഡറൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി വിവേക് കുന്ദ്ര സമർപ്പിച്ച പത്തിന പരിപാടി
1. സമഗ്രമായ (end to end) ഡിജിറ്റൽ നടപടിക്രമങ്ങൾ രൂപീകരിക്കുക: വ്യൂഹങ്ങൾ തമ്മിലെ ഡാറ്റാ വിതരണം സ്വയം പ്രേരിതമാക്കുക. ഇത് ഉത്പാദന ക്ഷമത, ഡാറ്റയുടെ സമഗ്രത, ഡാറ്റാ വിതരണത്തിലെ വേഗത എന്നിവ വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ്.  സുതാര്യത വർദ്ധിപ്പിക്കുന്നതിനായി സ്വാധീനശക്തിയേറിയ / കളിമാറ്റുന്ന (game changing) സാങ്കേതിക വിദ്യകളിൽ മൂലധനനിക്ഷേപം നടത്തുക
2. ഒരിക്കൽ സൃഷ്ടിക്കുക, പതിവായി ഉപയോഗിക്കുക: പുനരുപയോഗം ലക്ഷ്യമാക്കുക, ചിലവു കുറയ്ക്കുവാനും, സംവിധാനങ്ങളേയും നടപടിക്രമങ്ങളേയും സുഘടിതമാക്കുവാനും, തെറ്റുകൾ ഒഴിവാക്കുവാനും സഹകരണം ഉറപ്പുവരുത്താനും വേണ്ടി പ്ലാറ്റ്ഫോമുകളെ പങ്കുവയ്ക്കുക എന്നിവ ലക്ഷ്യമിട്ട് സാങ്കേതിക സംവിധാനങ്ങളെ രൂപകൽപ്പന ചെയ്യുക
3. ഡാറ്റയുടെ സ്വർണ്ണ ഖനികളെ ഉപയുക്തമാക്കുക:  ആധികാരിക ഉറവിടങ്ങളിൽ നിന്ന് ഡാറ്റയെ നേരിട്ട് ലഭ്യമാക്കുക. ഇത് ഡാറ്റയുടെ ഗുണപരത കൂട്ടാനും, കുറഞ്ഞ നടപടിക്രമങ്ങൾ ഉറപ്പു വരുത്താനും, ഡാറ്റയുടെ സമഗ്രത സംരക്ഷിക്കുവാനും സഹായകരമാണ്
4. യന്ത്രങ്ങളാൽ വായിക്കപ്പെടാവുന്ന ഡാറ്റ പ്രസിദ്ധീകരിക്കുക. അതോടൊപ്പം മൂന്നാം കക്ഷികളുണ്ടാക്കുന്ന ആപ്ലിക്കേഷനുകൾ പ്രോത്സാഹിപ്പിക്കുക. പൊതു സമൂഹത്തിന് എളുപ്പത്തിൽ വിശകലനം ചെയ്യാനും, ദൃശ്യചിത്രണം ചെയ്യാനും, ഭരണകൂട വിവരങ്ങൾ ഉപയോഗിക്കാനും വേണ്ടി, ഡാറ്റയെ യന്ത്രവായനയ്ക്ക് കഴിയും വിധം പ്രസിദ്ധീകരിക്കുക.
5. പൊതുവായ ഡാറ്റാ പ്രമാണങ്ങൾ  ഉപയോഗിക്കുക: ഡാറ്റയുടെ പ്രവാഹത്തിനെ എളുപ്പമാക്കാനും വ്യൂഹ സങ്കീർണ്ണത കുറയ്ക്കാനും വേണ്ടീ ഏകതാനവും വ്യതിരിക്തവുമായ തിരിച്ചറിയൽ ഘടകങ്ങളും, ഡാറ്റാ പ്രമാണങ്ങളും സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുക
6. ഡാറ്റയെ മുൻകൂറായി സാധുതാ പരിശോധനയ്ക്കു വിധേയമാക്കുക: ശേഖരിക്കുമ്പോഴും രേഖപ്പെടുത്തുന്ന സമയത്തും ഡാറ്റയുടെ തെറ്റുതിരുത്തൽ നടത്തുക. തെറ്റായ ഡാറ്റ വ്യൂഹത്തിനകത്തേക്ക് കടക്കാതെ ഇപ്രകാരം സൂക്ഷിക്കണം.
7. ഡാറ്റയെ അപ്പപ്പോൾ തന്നെ പ്രസിദ്ധീകരിക്കുകയും ഭാവി ഉപയോഗത്തിനായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുക:  ഡാറ്റയെ അതിന്റെ പ്രസക്തിയും ഉപയുക്തതയും വർദ്ധിപ്പിക്കുന്നതിനായി കഴിയുന്നിടത്തോളം പെട്ടെന്നു തന്നെ  പ്രസിദ്ധീകരിക്കുകയും അതേ സമയം തന്നെ ഡാറ്റയുടെ ഭാവി ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുക
8. ചുമട് കുറയ്ക്കുക: ഡാറ്റ ഒരിക്കൽ സംഭരിക്കുകയും പതിവായി ഉപയോഗിക്കുകയും ചെയ്യുക. ചിലവു കുറയ്ക്കാനും അമിതഭാരം ഇല്ലാതാക്കാനും കാര്യക്ഷമതയും ഏകതാനതയും വർദ്ധിപ്പിക്കാനുമായി നിലനിൽക്കുന്ന ഡാറ്റാ ഗണങ്ങളിൽ നിന്ന് ഡാറ്റ ശേഖരിക്കുക
9. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുക: പൊതു സമൂഹത്തിന്റെ വിശ്വാസം, പങ്കാളിത്തം, സ്വകാര്യതാ സംരക്ഷണം, ദേശീയ സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന രീതിയിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുക. തുറന്ന ഭരണകൂടം എന്നത് കരുതലില്ലാത്ത ഭരണകൂടം എന്നല്ല.
10. തുല്യമായ ലഭ്യത ഉറപ്പുവരുത്തുക, ഉപഭോക്തൃ പ്രതികരണം സ്വീകരിക്കുക: സഹകരണം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ഉപയോക്താക്കൾക്കും ഡാറ്റയുടെ പൊതുവായ ഒരു ദൃശ്യം ലഭ്യമാക്കുക. വിലയേറിയതും അർത്ഥപൂർണ്ണവുമായ ഡാറ്റാ ഗണങ്ങൾ കണ്ടെത്തുവാനും, മുൻഗണനാക്രമങ്ങൾ സൃഷ്ടിക്കാനും, ഭാവി ആസൂത്രണവും നടപടിക്രമങ്ങളും തുടർച്ചയായി ചലിപ്പിക്കുവാനുമായി ഉപഭോക്തൃ പ്രതികരണം സ്വീകരിക്കുക.
ഉറവിടം: https://www.govinfo.gov/content/pkg/CHRG-112hhrg71984/html/CHRG-112hhrg71984.htm സ്വതന്ത്ര പരിഭാഷ

 

പട്ടിക 3. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൊതു ഡാറ്റാ തത്വങ്ങൾ
1. പൊതു ഡാറ്റാ നയവും അതിന്റെ പ്രയോഗവും ഡാറ്റയിൽ താല്പര്യമുള്ളവയും അത് ഉപയോഗിക്കുന്നവയുമായ പൊതുസമൂഹത്തിന്റേയും വ്യവസായങ്ങളുടേയും ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും നയിക്കപ്പെടുന്നത്. ഏത് ഡാറ്റ, എപ്പോൾ, എന്ത് രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടണമെന്നുൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ തത്വം ബാധകമാണ്.
2. പൊതു ഡാറ്റ, പുനരുപയോഗത്തിന് സാധ്യമായ, യന്ത്രവായനക്കുതകുന്ന രീതിയിലായിരിക്കും പ്രസിദ്ധീകരിക്കപ്പെടുക
3. പൊതു ഡാറ്റ, വ്യാവസായികാവശ്യങ്ങൾക്കുൾപ്പെടെയുള്ള സ്വതന്ത്രമായ പുനരുപയോഗത്തിന് സാധ്യമാകുന്ന രീതിയിൽ ഓപ്പൺ ലൈസൻസ് ഉപയോഗിച്ചായിരിക്കും പ്രസിദ്ധീകരിക്കുക
4. പബ്ലിക് ഡാറ്റ തുറന്ന പ്രമാണങ്ങൾ ഉപയുക്തമാക്കിയായിരിക്കും പ്രസിദ്ധീകരിക്കുക, വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ (W3C) സാങ്കേതിക നിർദ്ദേശങ്ങൾ (ബാധകമായവ) അനുസരിക്കുകയും ചെയ്യും
5. വ്യത്യസ്ഥ വകുപ്പുകളിൽ നിന്നും ഒരേ വിഷയത്തിൽ പ്രസിദ്ധീകരിക്കുന്ന പൊതു ഡാറ്റ, ഒരേ, പ്രമാണ രൂപങ്ങളും ഒരേ നിർവ്വചനങ്ങളും ഉപയോഗിക്കും
6. ഗവൺമെന്റിന്റെ തന്നെ സ്വന്തം വെബ്സൈറ്റുകളിൽ അടങ്ങിയിരിക്കുന്ന പൊതു ഡാറ്റ, പുനരുപയോഗം ചെയ്യാവുന്ന രൂപത്തിൽ പ്രസിദ്ധീകരിക്കും
7. പൊതു ഡാറ്റ കാലോചിതവും പരമാവധി ചെറുകണങ്ങളാക്കപ്പെട്ടതുമായിരിക്കും
8. ഡാറ്റ എത്രയും പെട്ടെന്ന് പ്രസിദ്ധീകരിച്ച ശേഷം പരസ്പര ബന്ധിത ഡാറ്റാ രൂപങ്ങളുൾപ്പെടെയുള്ള തുറന്ന പ്രമാണ രൂപങ്ങളിലാണോ അവ നിലനിൽക്കുന്നതെന്ന് ഉറപ്പു വരുത്തും
9. നിയമപ്രകാരമുള്ള ഏതു രീതിയിൽ ഉപയോഗിക്കാനുമായി പൊതു ഡാറ്റ സ്വതന്ത്രമായി ലഭ്യമായിരിക്കും
10. അപേക്ഷിക്കുകയോ, രെജിസ്റ്റർ ചെയ്യുകയോ, വ്യക്തിവിവരങ്ങൾ സമർപ്പിക്കുകയോ ചെയ്യാതെ തന്നെ പൊതു ഡാറ്റ ലഭ്യമാവും
11 തങ്ങളുടെ പൊതു ഡാറ്റയുടെ പുനരുപയോഗം പൊതു സ്ഥാപനങ്ങൾ സക്രിയമായി പ്രോത്സാഹിപ്പിക്കണം
12 പൊതു സ്ഥാപനങ്ങൾ തങ്ങളുടെ കൈവശമുള്ള ഡാറ്റയുടെ സ്ഥിതി വിവരക്കണക്കുകൾ സൂക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയും വേണം
13. പൊതു സ്ഥാപനങ്ങൾ അവരുടെ കയ്യിലുള്ള ഡാറ്റാ ഗണങ്ങളുടെ പ്രസക്തമായ മെറ്റാ ഡാറ്റ പ്രസിദ്ധീകരിക്കുകയും ഇത് ഒരേയൊരു ഓൺലൈൻ ലഭ്യത കേന്ദ്രത്തിലൂടെ കിട്ടുകയും വേണം; അതോടൊപ്പം പ്രസിദ്ധീകൃത രൂപത്തിന്റെ ഉൽപ്പത്തിയേയും ഡാറ്റയുടേ അർത്ഥത്തേയും വിശദമാക്കുന്ന സഹായക വിവരണങ്ങളും പ്രസിദ്ധീകരിക്കണം.
ഉറവിടം: https://www.gov.uk/government/publications/open-standards-principles/open-standards-principles സ്വതന്ത്ര പരിഭാഷ

 

ജെന്നിഫർ പഹൽക്കയെ പറ്റി

അമേരിക്കയിലെ ഭരണസംവിധാനത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ രൂപീകരിച്ച വെബ് / മൊബൈൽ ടെക്നോളജി മേഖലയിലെ വിദദ്ധരുടെ സംഘടനയായ “കോഡ് ഫോർ അമേരിക്ക”യുടെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ജെന്നിഫർ പഹൽക്ക. ഗെയിമിങ്ങ് സാങ്കേതികതാ മേഖലയിലും ജെന്നിഫർ പ്രശസ്തയാണ്. വെബ് 2.0 സമ്മേളനങ്ങളുടെ സഹ-ചെയർപേഴ്സണും ജനറൽ മാനേജരുമാണ്.

ബെത്ത് നോവെക്കിനെ പറ്റി

പ്രസിഡന്റ് ഒബാമയുടെ “ഓപ്പൺ ഗവണ്മെന്റ് ഇനിഷ്യേറ്റീവ്” രൂപം കൊണ്ടപ്പോൾ, അതിൽ നേതൃപരമായ സ്ഥാനം വഹിച്ചിരുന്നത് ബെത്ത് നോവെക്ക് എന്ന വനിതയായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ “ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ ഫോർ ഓപ്പൺ ഗവണ്മെന്റ്” എന്ന സ്ഥാനമായിരുന്നു അവരുടേത്. സാങ്കേതിക വിദ്യയിലും ഭരണകൂട നവീകരണത്തിലും വിദഗ്ദയായ ബെത്ത് നോവെക്കിന്റെ സേവനങ്ങൾ 2011 മുതൽ ബ്രിട്ടീഷ് ഭരണകൂടവും ഉപയോഗിച്ചു വരുന്നു.

ഡാറ്റയാണ് താരം ലേഖനപരമ്പര
1 ഡാറ്റയാണ് താരം ഭാഗം 1
2 രഹസ്യമോ ? പരസ്യമോ ? ഭാഗം 2
3 ഡാറ്റയുടെ ജനാധിപത്യം ഭാഗം 3

അവലംബം

  1. സിവിക് കോമൺസ്:  http://wiki.civiccommons.org/
  2. യു എൻ ഡാറ്റ: http://data.un.org/
  3. ഓപ്പൺ സിറ്റി: http://opencityapps.org/
  4. യൂറോപ്യൻ യൂണിയൻ ഓപ്പൺ ഡാറ്റാ പോർട്ടൽ:  https://data.europa.eu/
  5. ഇന്ത്യയുടെ ഡാറ്റ പോർട്ടൽ: https://data.gov.in/ 
  6. അമേരിക്കയുടെ ഡാറ്റ പോർട്ടൽ: https://www.data.gov/
  7. ബ്രിട്ടീഷ് ഡാറ്റ പോർട്ടൽ: https://data.gov.uk/
  8. ഇന്ത്യയിലെ ആദ്യത്തെ ഗവണ്മെന്റ് പ്രായോജക ഹാക്കത്തോൺ- വാർത്ത : http://techpresident.com/news/wegov/23706/indias-first-government-sponsored-hackathon-seeks-feedback-national-economic-plan
  9. ടെഡ് സംഭാഷണങ്ങൾ, ബെത്ത് നോവക്ക്:  https://www.ted.com/talks/beth_noveck_demand_a_more_open_source_government.html
  10. ടെഡ് സംഭാഷണങ്ങൾ, ജെന്നിഫർ പഹൽക്ക:  https://www.ted.com/talks/jennifer_pahlka_coding_a_better_government
  11. ഇന്ത്യയുടെ ഡാറ്റ പോർട്ടലിനെ പറ്റിയുള്ള വാർത്ത http://www.governancenow.com/news/regular-story/rti-may-become-passe-mine-open-data-information
  12. ഓപ്പൺ ഡാറ്റയെ പറ്റൊ കാർട്ട്ലീൻ യാൻസന്റെ പ്രബന്ധം:
  13. പുതു തലമുറ വിവരാവകാശം, സ്റ്റീവ് വുഡ് – ബ്ലോഗ് ലേഖനം.
  14. ഓപ്പൺ ഗവൺമെന്റ് പാർട്ട്ണർഷിപ്പ്: https://www.opengovpartnership.org/
  15. കർണ്ണാടക ലേണിങ്ങ് പാർട്ട്ണർഷിപ്പ്: https://klp.org.in/
  16. ഓപ്പൺ ഗവണ്മെന്റ് ഡാറ്റ, ജോഷ്വ ടോബറെർ: https://opengovdata.io/
  17. ഓപ്പൺ ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ട്: https://theodi.org/
  18. ഗ്ലോബൽ ഓപ്പൺ ഡാറ്റ ഇനിഷ്യേറ്റീവ്: https://globalopendatainitiative.org/
  19. ഓപ്പൺ ഡാറ്റ ഫൗണ്ടേഷൻ: http://www.odaf.org/
  20. സിവിക് കോമൺസ്:  http://wiki.civiccommons.org/Civic_Software/
  21. ഗ്രേറ്റർ പോർട്ട്ലാന്റിനു വേണ്ടിയുള്ള സിവിക് ആപ്പുകൾ:  http://civicapps.org/
  22. കോഡ് ഫോർ അമേരിക്ക : https://www.codeforamerica.org/
  23. ചിക്കാഗോ ഡിജിറ്റൽ, ഓപ്പൺ ഡാറ്റ ആപ്പുകൾ: https://digital.cityofchicago.org/index.php/open-data-applications/
  24. യൂറോപ്പിന്റെ ഡിജിറ്റൽ അജണ്ട: https://ec.europa.eu/digital-single-market/en
  25. ഫ്രാൻസിലെ ഡാറ്റ പോർട്ടൽ: https://www.data.gouv.fr/en/
  26. ബെൽജിയത്തിലെ ഡാറ്റ പോർട്ടൽ: https://data.gov.be/en
  27. കെനിയയുടെ ഡാറ്റ പോർട്ടലിനെ പറ്റി ഗ്രെഗ് ബ്രൗണിന്റെ ലേഖനം  https://blog.openingparliament.org/post/63629369190/why-kenyas-open-data-portal-is-failing-and-why
  28. ഓപ്പൺ കെനിയ, കെനിയൻ ഡാറ്റ പോർട്ടൽ: http://www.opendata.go.ke/
  29. ജലവിനിയോഗ പദ്ധതികളെപ്പറ്റിയുള്ള ഒരു ഇന്ത്യൻ ഡാറ്റപോർട്ടൽ https://www.indiawaterportal.org/data-apps/
  30. ഓപ്പൺ ഡാറ്റയുടെ പ്രയോഗികവശങ്ങളെപ്പറ്റിയുള്ള ഒരു പഠനം. Open data work: understanding open data usage from a practice lens : https://journals.sagepub.com/doi/full/10.1177/0020852317753068
  31. കെഗിൾ എന്ന സ്വകാര്യ ഡാറ്റാപോർട്ടൽ. https://www.kaggle.com/
  32. ഡാറ്റ.വേൾഡ് എന്ന മറ്റൊരു സ്വകാര്യ ഡാറ്റാപോർട്ടൽ https://data.world/
  33. ദേശീയ ഓപ്പൺ ഡാറ്റ പോർട്ടലുകളുടെ ഗുണനിലവാരത്തിനെ പറ്റിയുള്ള ഒരു പഠനം. Evaluating the Quality of Open Data Portals on the National Level : (Renata Máchová1 and Martin Lněnička)
  34. ഗവണ്മെന്റ് ഓപ്പൺ ഡാറ്റ പോർട്ടലുകളുടെ ഒരു താരതമ്യപഠനം. Evaluation of Open Data Government Sites: A Comparative Study : JAYANTA KR NAYEK
  35. സയൻസ് കോമൺസ് : https://web.archive.org/web/20110102213802/http://sciencecommons.org/
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 17
Next post ജി.പി.തല്‍വാറും ജനന നിയന്ത്രണ വാക്സിനും
Close