Read Time:21 Minute

ലൂക്ക സംഘടിപ്പിക്കുന്ന Science In India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പര

”ഒരർത്ഥത്തിൽ ഞാൻ ഒരു ലോകപൗരൻതന്നെ എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ തോമസ് ജെഫേഴ്‌സൺ ഒരിക്കൽ പറഞ്ഞതുപോലെ ഏതൊരു പൗരന്റെയും പ്രധാന ചുമതല താൻ ജീവിക്കുന്ന രാജ്യത്തെ സർക്കാരിന് ഒരു ‘ശല്യ’മായിത്തീരുക എന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു.”- ജെ.ബി.എസ്. ഹാൽഡേൻ

ആധുനിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ ഏറ്റവും പ്രശസ്തനായ ‘കിറുക്ക’ന്മാരിൽ ഒരാളായിരുന്നു ജോൺ ബർഡോൺ സാന്റേഴ്‌സൺ JBS) ഹാൽഡേൻ; സ്വതന്ത്ര ചിന്താഗതിക്കാരൻ, അതിബുദ്ധിമാൻ, തമാശക്കാരൻ. സവിശേഷമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഓക്‌സ്‌ഫോർഡിൽ ഫിസിയോളജി പ്രൊഫസറായിരുന്ന സ്വപിതാവിന്റെ സഹായിയായാണ് അദ്ദേഹംതന്റെ ശാസ്ത്രപഠനം ആരംഭിക്കുന്നത്. കുട്ടിയായിരുന്ന കാലത്തുതന്നെ ഗിനിപന്നികളെ വളർത്തിക്കൊണ്ട് അദ്ദേഹം മെൻഡേലിയൻ ജനിതകശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ ഗ്രഹിച്ചു.

ജെ.ബി.എസ് ഹാൽഡേന്റെ പിതാവ് ജോൺ സ്കോട്ട് ഹാൽഡേൻ

തന്റെ ബാല്യകാലത്തെക്കുറിച്ച് ഹാൽഡേൻ ഇപ്രകാരം എഴുതുന്നു : ഏതെങ്കിലും മതാചാരങ്ങൾ അനുസരിച്ചല്ല ഞാനെന്റെ കുട്ടിക്കാലം ചെലവഴിച്ചത്. എന്റെ ഗൃഹാന്തരീക്ഷത്തിൽ വിശ്വാസത്തിന്റെ സ്ഥാനം ശാസ്ത്രത്തിനും തത്വശാസ്ത്രത്തിനുമായിരുന്നു. എന്റെ കാലഘട്ടത്തിന്റെ ചിന്താഗതികളുമായി സ്വതന്ത്രമായി ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. തന്മൂലം ഐൻസ്റ്റൈന്റെ ചിന്തകൾ എനിക്ക് അപരിചിതമായി തോന്നാറില്ല. ഫ്രോയിഡിയൻ ചിന്തകൾ എന്നെ ഞെട്ടിക്കാറുമില്ല. യുവാവായിരുന്നപ്പോൾ ഞാൻ യുദ്ധാനുഭവങ്ങളിലൂടെ കടന്നുപോയി. മനുഷ്യപ്രകൃതത്തിന്റെ പല വശങ്ങളും പഠിക്കാനും മനസ്സിലാക്കാനും അത് എനിക്ക് അവസരമുണ്ടാക്കിത്തന്നു. സാധാരണ ബുദ്ധിജീവികൾക്ക് ഇത്തരം അവസരങ്ങൾ ലഭിക്കാറില്ല. ഇന്ന് ഒരു ജീവശാസ്ത്രജ്ഞനെന്ന നിലയിൽ ലോകത്തെ അസാധാരണമെങ്കിലും തികച്ചും തെറ്റിദ്ധാരണാജനകം എന്നു പറയാനാവാത്ത ഒരു വീക്ഷണകോണിലൂടെയാണ് ഞാൻ കാണുന്നത്.

ജെ.ബി.എസ്. ഹാൽഡേൻ

അരോഗദൃഢഗാത്രനായ ഹാൽഡേൻ തന്റെ ശരീരത്തെ അത്യന്തം അപകടകരമായ പല പരീക്ഷണങ്ങൾക്കും ഉപയോഗപ്പെടുത്തിയിരുന്നു. അത് അദ്ദേഹത്തിന്റെ കുടുംബപാരമ്പര്യത്തിൽപ്പെട്ട ഒരു സ്വഭാവമായിരുന്നത്രെ. ഒരിക്കൽ അദ്ദേഹം കുറേയേറെ ഹൈഡ്രോക്ലോറിക് അമ്ലം അകത്താക്കി. മസിലുകളുടെ പ്രവർത്തനത്തെ ഹൈഡ്രോക്ലോറിക് അമ്ലം എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തലായിരുന്നു ഉദ്ദേശം! മറ്റൊരിക്കൽ അദ്ദേഹം കഠിനമായ വ്യായാമത്തിൽ മുഴുകിക്കൊണ്ട് ശ്വാസകോശത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് മർദം അളന്നുനോക്കുകയുണ്ടായി.

പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ ജനറ്റിക്‌സും ബയോമെട്രിയും പഠിപ്പിക്കാൻ ആരംഭിച്ചു. ജനസംഖ്യാജനിതകശാസ്ത്രത്തിന്റെ മൂന്ന് സ്ഥാപകരിൽ ഒരാളായാണ് ഹാൽഡേൻ അറിയപ്പെടുന്നത്. ആർ.എ. ഫിഷർ, സീവാൾ റൈറ്റ് എന്നിവരാണ് മറ്റു രണ്ടുപേർ. ജനിതക സങ്കല്പങ്ങൾ ഉപയോഗിച്ച്, പ്രകൃതി നിർധാരണത്തെ ഗണിതീയ ഭാഷയിൽ നിർവചിക്കുന്നതിലായിരുന്നു ഹാൽഡേൻ ഏറ്റവും സ്തുത്യർഹമായ സംഭാവനകൾ നൽകിയത്. ഇത് മെൻഡലിന്റെ ജനിതകശാസ്ത്രവും ഡാർവിന്റെ പരിണാമസിദ്ധാന്തവും തമ്മിലുള്ള പുതിയൊരു സമന്വയത്തിനു വഴിയൊരുക്കി. ഇതാണ് ആധുനിക ജീവശാസ്ത്രത്തിന് അസ്തിവാരം പാകിയത്. ജനിതകശാസ്ത്രത്തിനു പുറമേ ജീവശാസ്ത്രം, രസതന്ത്രം, ഗണിതം തുടങ്ങിയ മേഖലകളിലും ഹാൽഡേൻ ഗവേഷണപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഇതുകൂടാതെ അദ്ദേഹം ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ധാരാളം ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു.

1924-ൽ ഹാൽഡേൻ പിൽക്കാലത്ത് പ്രസദ്ധമായിത്തീർന്ന ഒരു സാഹിത്യകൃതി രചിക്കുകയുണ്ടായി. Daedalus എന്നു പേരുള്ള ഈ ഗ്രന്ഥത്തിലാണ് ലൈംഗികമായി ബന്ധപ്പെടാതെ, ഗർഭധാരണം കൂടാതെ, ടെസ്റ്റ് ട്യൂബ് ശിശുക്കളെ ഉൽപാദിപ്പിക്കാനാവും എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. തികച്ചും സ്‌തോഭജനകമായ ഒരു ശാസ്ത്രകല്പിതകഥയായാണ് ഈ ഗ്രന്ഥം അക്കാലത്ത് പരിഗണിക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ട് കരുതിവച്ചിട്ടുള്ള ഭാവിവിസ്‌ഫോടനങ്ങളുടെ ശരിയായ രുചി പകർന്നുതന്ന ഏറെ പ്രശസ്തമായ ഗ്രന്ഥങ്ങളിലൊന്നായിത്തീർന്നു Daedalus. ആൽഡസ് ഹക്‌സ്‌ലിയുടെ പ്രശസ്തമായ Brave New world (1932) (1932) എന്ന ഗ്രന്ഥത്തിന് പ്രചോദനമായിത്തീർന്നത് ഹാൽഡേന്റെ ഗ്രന്ഥമാണ്. ടെസ്റ്റ് ട്യൂബ് ശിശുക്കൾ മാത്രമടങ്ങുന്ന ഒരു സമൂഹത്തിന്റെ വികൃതരൂപമാണ് ആ ഗ്രന്ഥത്തിൽ വരച്ചുകാണിക്കുന്നത്.

യൂജെനിക്‌സ് അഥവാ സദ്‌വർഗശാസ്ത്രം എന്ന ശാസ്ത്രശാഖ നിലവിൽ വരാനുള്ള സാധ്യതയെക്കുറിച്ച് ആദ്യമായി പ്രവചിച്ചത് ഹാൽഡേനായിരുന്നു. പക്ഷേ പിൽക്കാലത്ത് അദ്ദേഹം യൂജെനിക്‌സിന്റെ ശക്തനായ വിമർശകനായി മാറി. ‘മനുഷ്യസ്വാതന്ത്ര്യത്തിന്റെ അക്രമാസക്തരായ ശത്രുക്കൾ’ ജനിതകസിദ്ധാന്തങ്ങൾ വികൃതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രയോജനപ്പെടുത്തി വരുന്നതായി ആക്ഷേപിച്ചിരുന്നു.

1926-ൽ ഹാൽഡേൻ ഡെയ്‌ലി എക്‌സ്പ്രസ്സ് പത്രത്തിൽ റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന ചാർലോട്ടി ബർഗസ് എന്ന യുവതിയെ വിവാഹം ചെയ്തു. പിൽക്കാലത്ത് അവർ വേർപിരിയുകയും ഹാൽഡേൻ ഹെലൻ സ്പുർവേ എന്ന ജീവശാസ്ത്രജ്ഞയെ വിവാഹം കഴിക്കുകയും ചെയ്തു.

മനുഷ്യസമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചുള്ള ചിന്തകളിൽ ഹാൽഡേൻ എല്ലായ്‌പ്പോഴും അതീവതൽപരനായിരുന്നു. ഓക്‌സ്‌ഫോർഡിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ പുരോഗമനാശയങ്ങളോടും ഇടതുപക്ഷത്തോടും ആഭിമുഖ്യം പുലർത്തിയിരുന്ന അദ്ദേഹം 1942-ൽ ഔപചാരികമായിത്തന്നെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. പിൽക്കാലത്ത് അദ്ദേഹം Daily Worker എന്ന പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് ചെയർമാനായി. ഈ പത്രത്തിൽ, ശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ചുള്ള 300 ഓളം ലേഖനങ്ങൾ അദ്ദേഹം എഴുതുകയുണ്ടായി. ഇവയിൽ പലതും രാഷ്ട്രീയാഭിപ്രായങ്ങൾ സമന്വയിപ്പിച്ചുകൊണ്ടാണ് രചിക്കപ്പെട്ടിരുന്നത്.

താൻ അനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും ലഭിക്കണം എന്ന വിശ്വാസമാണ് ഹാൽഡേനെ ഒരു സോഷ്യലിസ്റ്റാക്കിത്തീർത്തത്. പിൽക്കാലത്ത് സോവിയറ്റ് യൂണിയനിലെ ചില സംഭവവികാസങ്ങൾ (മെൻഡൽ വിരുദ്ധ നിലപാടുകൾ വച്ചു പുലർത്തിയിരുന്ന ലൈസെങ്കോയുടെ വളർച്ച, സ്റ്റാലിന്റെ കുറ്റകൃത്യങ്ങൾ) പാർട്ടിയുമായി തെറ്റിപ്പിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പക്ഷേ അപ്പോഴും അദ്ദേഹം ലൈസെങ്കോയെയും സ്റ്റാലിനെയും ഭാഗികമായി പിൻതുണച്ചിരുന്നുവത്രേ.

ഹാൽഡേന്റെ ലൈസെങ്കോയുടെ ആശയങ്ങളോടുള്ള ആഭിമുഖ്യത്തെ പരിഹസിക്കുന്ന കാർട്ടൂൺ കടപ്പാട് വിക്കിപീഡിയ wellcomeimages.org

അന്ന് നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ഹാൽഡേൻ പ്രകടിപ്പിച്ചിരുന്ന അഭിപ്രായങ്ങൾ ഇന്നും അത്യന്തം പ്രസക്തമാണ്. ഒരിക്കൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു : ”നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം കുട്ടികളോട് തികച്ചും അന്യായമാണ് ചെയ്യുന്നത്. കാരണം അവരിൽ ഭൂരിഭാഗം പേർക്കും ന്യായമായ അവസരം ലഭിക്കുന്നില്ല. പിന്നെ യഥാർത്ഥത്തിൽ അവർക്കാർക്കുംതന്നെ ശാസ്ത്രസത്യത്തെ മനുഷ്യന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള്ള പരിശീലനം ലഭിക്കുന്നേയില്ല. ശാസ്ത്രപഠനം ആരംഭിക്കേണ്ടത് വിശ്രമത്തിലോ ചലനത്തിലോ കഴിയുന്ന സാങ്കൽപികവസ്തുക്കളിൽ നിന്നല്ല, മറിച്ച് മനുഷ്യശരീരത്തിൽ നിന്നാണ്. ഞാൻ മൂന്നാമത്തെ വയസ്സിൽ അങ്ങനെയാണ് ശാസ്ത്രം പഠിച്ചുതുടങ്ങിയത്.”

‘ശരിയായ വലിപ്പത്തെക്കുറിച്ച്’ (on Being the right size) എന്ന പ്രബന്ധത്തിൽ ജീവികളുടെ വലിപ്പവും അവയുടെ ശരീരാവയവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം രസകരമായി പ്രതിപാദിക്കുന്നുണ്ട്. വളരെ ചെറിയ പ്രാണികളുടെ ശരീരത്തിൽ ഓക്‌സിജൻ വഹിക്കുന്ന രക്തപ്രവാഹമില്ല. അവയുടെ കോശങ്ങൾക്ക് പരിമിതമായ തോതിൽ ആവശ്യമായ ഓക്‌സിജൻ വായുവിൽ നിന്ന് ലളിതമായ ‘ഡിഫ്യൂഷൻ’ വഴി അവയുടെ ശരീരത്തിന് വലിച്ചെടുക്കാൻ കഴിയും. പക്ഷേ ശരീരവലിപ്പമുള്ള മൃഗങ്ങൾക്ക് അവയുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കോശങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനുള്ള സങ്കീർണമായ പമ്പിങ് സംവിധാനങ്ങൾ ചുമന്നുനടന്നേ തീരൂ! 1937-ൽ അദ്ദേഹം My Friend Mr.Leaky എന്നൊരു ഗ്രന്ഥം രചിച്ചു. ഹാൽഡേൻ കുട്ടികൾക്കുവേണ്ടി രചിച്ച ഏക പുസ്തകം ഇതാണെന്നു തോന്നുന്നു. പക്ഷേ അദ്ദേഹം സൃഷ്ടിച്ച ലീക്കി എന്ന മാന്ത്രികൻ എക്കാലവും കുട്ടികൾക്ക് പ്രിയങ്കരനായിത്തീർന്നു. ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് കുട്ടികളുടെ കത്തുകൾ ലഭിച്ചുകൊണ്ടിരുന്നു!

ഹാൽഡേൻ അതിപ്രഗൽഭനായ ഒരു ശാസ്ത്രപ്രചാരകനായിരുന്നു. അസാധാരണമാം വിധം ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സങ്കീർണ്ണമായ ആശയങ്ങൾ പോലും അവയുടെ അർത്ഥം ചോർന്നു പോകാത്ത വിധത്തിൽ പ്രതിപാദിക്കാനുള്ള സവിശേഷമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, പ്രക്ഷേപണങ്ങൾ എന്നിവയ്ക്ക് വലിയ പ്രചാരം ലഭിച്ചു. ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും പ്രശസ്തരായ ശാസ്ത്രപ്രചാരകരിൽ ഒരാൾ എന്ന സ്ഥാനം അദ്ദേഹം കൈവരിച്ചു അദ്ദേഹം കൽക്കരിഖനിത്തൊഴിലാളികളെ ഫോസിലുകൾ കണ്ടെത്താൻ പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത കാര്യം പ്രസിദ്ധമാണ്. ഫോസിൽ കണ്ടെത്തുന്ന ഖനിത്തൊഴിലാളികൾക്ക് 10 പൗണ്ട് സമ്മാനവും നൽകിയിരുന്നു അദ്ദേഹം!

 

1957-ൽ ഹാൽഡേൻ ഇന്ത്യയിലേക്ക് താമസം മാറ്റി. ഇംഗ്ലീഷ്-ഫ്രഞ്ച് ശക്തികൾ നടത്തിയ സൂയസ് ആക്രമണത്തോടുള്ള പ്രതിഷേധമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു ഘടകം. ഒപ്പം ജനിതകശാസ്ത്രം, ബയോമെട്രി തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നതിന് ഇന്ത്യയിൽ ലഭ്യമായ പുതിയ സൗകര്യങ്ങളും അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. ഏതായാലും പ്രശസ്തനായ പി.സി. മഹാലനോബിസ്സിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (കടക) ജോലിയിൽ പ്രവേശിച്ചു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിക്കുന്നത് ഇപ്രകാരമാണ്. ”ഈ സ്ഥാപനത്തോട് എനിക്ക് ഏറെ കടപ്പാടുണ്ട്. പക്ഷേ ഏറ്റവും വലിയ കടപ്പാട്, എന്നെക്കാൾ ചെറുപ്പക്കാരായ നിരവധി ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിന് ഈ സ്ഥാപനം നൽകിയ അവസരത്തോടാണ്. ഈ ചെറുപ്പക്കാർ ശാസ്ത്രഗവേഷണത്തിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കെൽപുള്ളവരാണ്.”

1962-ൽ ഭുവനേശ്വരിൽ പുതിയൊരു ജെനറ്റിക് ആന്റ് ബയോമെട്രി ലബോറട്ടറി ആരംഭിക്കുന്നതിനായി ഹാൽഡേൻ അവിടേക്ക് താമസം മാറ്റി. ജീവശാസ്ത്രത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഗവേഷണപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം തന്റെ ശിഷ്യരെ നിരന്തരം പ്രോത്സാഹിപ്പിച്ചു പോന്നു. വസ്തുതകൾ ശേഖരിക്കുന്നതിനും സാംഖ്യികമായ വിശ്ലേഷ ണങ്ങൾ പ്രയോജനപ്പെടുത്തു ന്നതിനും അദ്ദേഹം അവരെ പ്രേരിപ്പിച്ചുപോന്നു. അദ്ദേഹം തന്റെ ശിഷ്യരെ ഏൽപിച്ച ചില ഗവേഷണപ്രവർത്തനങ്ങൾ നോക്കുക : പാടങ്ങളിൽ മണ്ണിരകൾ നീക്കം ചെയ്യുന്ന മണ്ണിന്റെ അളവ് തിട്ടപ്പെടുത്തൽ, ഒരേ സ്പീഷിസിൽപ്പെട്ട പൂക്കളുടെ ഇതളുകളിൽ വരുന്ന എണ്ണവ്യത്യാസം കണക്കാക്കൽ, ഒരേ നെൽകൃഷി നിലത്തിൽ ഒരൊറ്റ ഇനം വിത്തിനു പകരം പലയിനം വിത്തുകൾ നട്ടാൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ജെ.ബി.എസ് ഹാൽഡേൻ (ഇരിക്കുന്നത്) ഇറ്റാലിയൻ ജനതകശാസ്ത്രജ്ഞനായ Marcello Siniscalco ക്ക് ഒപ്പം 1964ൽ ആന്ധ്രപ്രദേശിൽ നിന്നുള്ള ഫോട്ടോ

ഇന്ത്യയിലെ ജീവശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഹാൽഡേൻ നൽകിയ സംഭാവനകൾ തികച്ചും മഹത്തരമാണ്. ഒരിക്കൽ ഇന്ത്യൻ സർവകലാശാലകളുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം ഇപ്രകാരം വിലപിക്കുകയുണ്ടായി. ”ജീവശാസ്ത്രവിഷയങ്ങളിലുള്ള ഏതെങ്കിലും കോഴ്‌സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾ ഗണിതവും, സാംഖ്യികവുമൊക്കെ പഠിക്കുന്ന ഏർപ്പാട് നേരത്തേതന്നെ അവസാനിപ്പിക്കണം എന്നതാണ് ഇവിടത്തെ സമ്പ്രദായം! ഇതിനർത്ഥം ജീവശാസ്ത്രബിരുദധാരികൾക്ക് നമ്മുടെ കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകൾക്ക് പ്രയോജനപ്രദമായ മിക്ക ഗവേഷണപ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കേണ്ടിവരുന്നു എന്നാണ്.”

മറ്റൊരവസരത്തിൽ അദ്ദേഹം പറഞ്ഞു : ഇവിടത്തെ പ്രൊഫസർമാർ രാഷ്ട്രീയത്തെ ഒഴിവാക്കുകയാണ് പതിവ്. എങ്കിലും രാഷ്ട്രീയം പ്രൊഫസർമാരെ ഒഴിവാക്കുന്നില്ല!

തന്റെ മഹത്തരമായ സംഭാവനകൾ ഹാൽഡേന് നിരവധി ബഹുമതികൾ നേടിക്കൊടുത്തു. 1932-ൽ അദ്ദേഹം റോയൽ സൊസൈറ്റിയിലെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1953-ൽ റോയൽ സൊസൈറ്റി അദ്ദേഹത്തെ ഡാർവിൻ മെഡൽ നൽകി ആദരിച്ചു. ഫ്രഞ്ച് ഗവൺമെന്റ്  അദ്ദേഹത്തിന് Legion of Honour എന്ന ബഹുമതിയും Accademia Nazionale dei Lincei  ഫെൽട്രിനെല്ലി പുരസ്‌കാരവും (1961) നൽകുകയുണ്ടായി. 1932-36 കാലഘട്ടത്തിൽ അദ്ദേഹം ജെനറ്റിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

മരിക്കുന്നതിന് അൽപകാലം മുമ്പ്, തന്നെ ബാധിച്ചിരിക്കുന്ന മാരകമായ കാൻസർ രോഗത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കവിത പ്രസിദ്ധമാണ്. അതിലെ ചില ഭാഗങ്ങളുടെ ഏകദേശവിവർത്തനം നോക്കൂ.

എപ്പോഴും നർമം കലർന്ന ധിക്കാരത്തോടെ ധീരവും ഫലപ്രദവുമായ ജീവിതം നയിച്ച ഹാൽഡേന്റെ ഈ കവിത അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കിടയിലെല്ലാം പ്രചരിച്ചിരുന്നു.

1964 ഡിസംബർ ഒന്നിന് നിര്യാതനായി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് മൃതദേഹം കാക്കിനടയിലെ രംഗരായ മെഡിക്കൽ കോളേജിലേക്ക് ദാനം ചെയ്യപ്പെട്ടു. അദ്ദേഹം തന്റെ വിൽപത്രത്തിൽ ഇതു സംബന്ധിച്ച് ഇപ്രകാരം എഴുതിയിരുന്നു.

”എന്റെ ജീവിതകാലത്ത് എന്റെ ഈ ശരീരം പല ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്റെ മരണത്തിനുശേഷം, ഞാൻ നിലനിന്നാലും ഇല്ലെങ്കിലും, എനിക്കിതുകൊണ്ട് പ്രയോജനമൊന്നുമില്ല. അതുകൊണ്ട് ഇത് മറ്റുള്ളവർക്ക് പ്രയോജനപ്പെടണം എന്നു ഞാൻ ആഗ്രഹിക്കുന്നു…”


ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പ്രസിദ്ധീകരിച്ച അരവിന്ദ് ഗുപ്ത രചിച്ച അഗ്നിസ്ഫുലംഗങ്ങൾ – മുൻപെ നടന്ന ഭാരതീയ ശാസ്ത്രപ്രതിഭകൾ പുസ്തകത്തിൽ നിന്നും. വിവ. കെ.കെ.കൃഷ്ണകുമാർ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ജെ.ബി.എസ്. ഹാൽഡേൻ

Leave a Reply

Previous post ഇലക്ട്രോണിക്സ് സർക്യൂട്ടുകളില്ലാത്ത റോബോട്ട്
Next post ജ്യോതിഷത്തിന്റെ സാധുത, ഒരു സ്റ്റാറ്റിസ്റ്റിക്കൽ പരിശോധന
Close