Read Time:23 Minute

ജയന്ത് വി നാർലിക്കർ, സുധാകർ കുന്റെ, നരേന്ദ്ര ധാബോൽക്കർ, പ്രകാശ് ഘട് പാണ്ഡെ എന്നിവരെഴുതിയ പഠനലേഖനത്തിന്റെ മലയാള പരിഭാഷ

സാരാംശം

ജന്മസമയത്തെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷ പ്രവചനത്തിന്റെ സാധുത പരിശോധിക്കുന്ന ഒരു പരീക്ഷണം മഹാരാഷ്ട്രയിൽ നടത്തിയതിനെ സംബന്ധിച്ചാണ് ഈ ഗവേഷണക്കുറിപ്പ്. വളരെ സമർഥരായ 100 സ്‌കൂൾ വിദ്യാർഥികൾ (ഗ്രൂപ്പ് – എ) ബുദ്ധിമാന്ദ്യം സംഭവിച്ച 100 സ്‌കൂൾ വിദ്യാർഥികൾ (ഗ്രൂപ്പ് – ബി) എന്നിങ്ങനെ 200 പേരുടെ ജനനത്തെ സംബന്ധിച്ച വിശദാംശങ്ങൾ ആണ് ഈ പഠനത്തിന് ഉപയോഗിച്ചത്. ഈ വിവരങ്ങൾ അനുസരിച്ച് ഇവരുടെ ജനനസമയത്തെ ഗ്രഹനില തയ്യാറാക്കി. ഇവ പരസ്പരം ക്രമരഹിതമായി ഇടകലർത്തി. അതിനുശേഷം ജ്യോതിഷികളെ അവരുടെ പ്രവചനസിദ്ധിയെ പരിശോധനക്കുവിധേയമാക്കാൻ ക്ഷണിച്ചു. അൻപത്തിയൊന്ന് ജ്യോതിഷികൾ ഇതിൽ പങ്കെടുത്തു. ഓരോരുത്തർക്കും 40 ഗ്രഹനില വീതം അയച്ചുകൊടുത്തു. എന്നിട്ട് ഓരോ കുട്ടിയും ഏതുഗണത്തിൽപ്പെടുന്നതാണെന്ന് തിരിച്ചറിയാൻ ആവശ്യപ്പെട്ടു. ആദ്യം പരിശോധനയ്ക്കു തയ്യാറായ 51 പേരിൽ 27 പേർ അവരുടെ നിഗമനങ്ങൾ അയച്ചുതന്നു. ഈ വിവരങ്ങൾ ഒരു സാംഖിക പരിശോധനയ്ക്ക് (statistical analysis) വിധേയമാക്കിയപ്പോൾ ഒരു നാണയം ടോസ്സ് ചെയ്തുനോക്കി തീരുമാനം എടുക്കുന്നതിനും കുറച്ചു താഴെയായിട്ടുള്ള നിരക്കിലാണ് പ്രവചനം ശരിയായത്. 200 ഗ്രഹനിലകളുടേതായ മുഴുവൻ വിവരവും ഒരു ജ്യോതിഷസ്ഥാപനത്തിനു നൽകി. അവരുടെ പ്രവചനവും മെച്ചപ്പെട്ടതായിരുന്നില്ല. പരിമിതമായ അളവിലാണെങ്കിലും അർഥശങ്കയ്ക്കിടയില്ലാത്ത രീതികൾ അവലംബിച്ച ഈ പരിശോധന, ജ്യോതിഷത്തിന് യാതൊരു പ്രവചനശേഷിയുമില്ലെന്ന് സംശയരഹിതമായി സ്ഥാപിക്കുന്നു. ഈ പരിശോധനകൾ ഭാവി പരീക്ഷണങ്ങളിൽ ഏതൊക്കെ തരത്തിൽ വ്യാപിപ്പിക്കാമെന്നത് ഈ ഗവേഷണ പേപ്പർ ചർച്ചചെയ്യുന്നു.

പൊതുജനമനസ്സിൽ പലപ്പോഴും ജ്യോതിഷത്തെ ജ്യോതിശ്ശാസ്ത്രവുമായി തെറ്റിദ്ധരിക്കാറുണ്ട്. രണ്ടുവിഷയങ്ങളിലും നക്ഷത്രങ്ങൾ, രാശികൾ, ഗ്രഹങ്ങൾ, സൂര്യൻ, ചന്ദ്രൻ എന്നിവയൊക്കെ പ്രതിപാദിക്കുന്നതിനാൽ രണ്ടിനേയും പ്രപഞ്ചത്തെ സംബന്ധിച്ച ശാസ്ത്രത്തിന്റെ ഭാഗമായി സാധാരണ കരുതാറുണ്ട്. ഉദാഹരണമായി 2001-ൽ യു.ജി.സി. സർവകലാശാലാ സിലബസ്സിന്റെ ഭാഗമായി വേദീയ ജ്യോതിഷം ആരംഭിക്കണമെന്ന് അറിയിപ്പുകൊടുത്തു.

ജ്യോതിഷം ഒരു ശാസ്ത്രമാണോ?

സൂക്ഷ്മപരിശോധനയിൽ ഇതിന്റെ ഉത്തരം ‘അല്ല’ എന്നാണ്. ശാസ്ത്രത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഏതുവിഷയവും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒന്നാമതായി അതിന്റെ അടിസ്ഥാനാശയങ്ങളും പരികല്പനകളും വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്നതും ആ വിജ്ഞാനശാഖയിൽ പ്രവർത്തിക്കുന്നവർക്ക് ഒരുപോലെയുമായിരിക്കണം. രണ്ടാമതായി ഇതിന്റെ അടിസ്ഥാന തത്വങ്ങളെ ആധാരമാക്കി ശരിയോ തെറ്റോ എന്ന് പരിശോധിച്ച് നിഗമനങ്ങളിലെത്താൻ കഴിയുന്നതുമാണ്. ഇക്കാര്യത്തിൽ പ്രവചനം ആരു നടത്തുന്നു എന്നതിന് പ്രാധാന്യം ഉണ്ടാകരുത്. ഒടുവിലായി, ഒരു അനുമാനം ശരിയാണോ തെറ്റാണോ എന്നുള്ള പരിശോധനകൾ നടക്കണം.

ഈ നിബന്ധനകൾ വച്ചു പരിശോധിക്കുമ്പോൾ ജ്യോതിഷം എല്ലായ്‌പ്പോഴും പരാജയപ്പെടുന്നു. ജാതകം എഴുതുന്നതുപോലുള്ള അടിസ്ഥാന കാര്യങ്ങളിൽത്തന്നെ വ്യത്യസ്തരീതികൾ നിലനിൽക്കുന്നു. ഒരേ ജാതകം തന്നെ രണ്ടു ജ്യോതിഷികൾ വ്യത്യസ്തരീതിയിൽ വ്യാഖ്യാനിക്കാറുണ്ട്. മിക്കപ്പോഴും പ്രവചനങ്ങൾ അവ്യക്തവും. തെറ്റോ ശരിയോ എന്ന് വിഛേദിക്കാൻ പറ്റാത്തതുമാകും.

ഇതൊക്കെയാണെങ്കിലും ജ്യോതിഷപ്രവചനങ്ങളിൽ വ്യക്തതയുള്ളവയെ സംബന്ധിച്ച് പാശ്ചാത്യനാടുകളിൽ പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ, ഒരാൾക്ക് എങ്ങനെ മുന്നോട്ടുപോകാം എന്നു മനസ്സിലാക്കാനായി രണ്ടുദാഹരണങ്ങൾ ഇവിടെ ചൂണ്ടിക്കാണിക്കുകയാണ്. ഒന്നാമത്തേത് വിവാഹവുമായി ബന്ധപ്പെട്ടതാണ്. ജാതകമടിസ്ഥാനമാക്കിയുള്ള വിവാഹപ്പൊരുത്തമുള്ളവർ തമ്മിലേ വിവാഹം കഴിക്കാവൂ എന്ന വിശ്വാസം. ഇന്ത്യയിൽ ഇതു സാധാരണമാണ്.

1971-ൽ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിൽ സമർപ്പിക്കപ്പെട്ട ഒരു പി.എച്ച്.ഡി തിസ്സീസ്സിൽ ബെർണി സിൽവെർമാൻ (Bernie Silverman) എന്ന ഗവേഷകവിദ്യാർഥി അവതരിപ്പിച്ച പരീക്ഷണം താഴെ കൊടുക്കുന്നു. സന്തോഷകരമായ വിവാഹജീവിതം നയിക്കുന്ന 2978 ദമ്പതികളെയും (ക്ലാസ് -എ) വിവാഹമോചനം നേടിയ അല്ലെങ്കിൽ വേർപിരിഞ്ഞു താമസിക്കുന്ന 478 ദമ്പതികളെയും അയാൾ പഠനവിധേയമാക്കി. ഇവരുടെ ജാതകങ്ങൾ ഉണ്ടാക്കി രണ്ട് ജ്യോതിഷികൾക്ക് നൽകി. ജ്യോതിഷവിധിപ്രകാരം വിവാഹപ്പൊരുത്തം എങ്ങനെ നിർണയിക്കണമെന്ന് പരസ്പരം ധാരണയുള്ള രണ്ടുപേർ ക്കാണ് ഇവ നൽകിയത്. അതേസമയം ഓരോ ജോഡി ജാതകവും മേൽപ്പറഞ്ഞ രണ്ടുക്ലാസ്സുകളിൽ ഏതിൽപ്പെടുന്നവരുടേതാണെന്നത് പറഞ്ഞിരുന്നില്ല. അവർ ജ്യോതിഷവിധിപ്രകാരം ജാതകങ്ങൾ ഏതു ക്ലാസ്സിൽപ്പെടുന്നവരുടേതാണെന്ന് തരംതിരിച്ചു. അതിനുശേഷം സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകളുടെ സഹായത്തിൽ ഇത് യാഥാർഥ്യവുമായി താരതമ്യം ചെയ്തു. രണ്ടുതരത്തിൽ (യാഥാർഥ്യമനുസരിച്ചും ജ്യോതിഷ പ്രകാരവും) നടത്തിയ വർഗീകരണവും തമ്മിൽ എടുത്തുപറയത്തക്ക പരസ്പരബന്ധം ഉണ്ടായിരുന്നില്ല. അതായത് ജ്യോതിഷപ്രകാരമുള്ള വിവാഹപ്പൊരുത്തമോ പൊരുത്തക്കേടോ യാഥാർഥ്യവുമായി യോജിച്ചുപോയില്ല.

രണ്ടാമത്തെ ഉദാഹരണം ജനനസമയത്തെ ഗ്രഹനില വ്യക്തിത്വം, പെരുമാറ്റം, സ്വഭാവം, ജീവിതത്തിലെ ഉയർച്ച താഴ്ചകൾ എന്നതിനെയൊക്കെ ബാധിക്കും എന്ന ജ്യോതിഷികളുടെ അവകാശവാദം പരിശോധിക്കാനായി കാൾസൺ നടത്തിയ പരീക്ഷണമാണ്. അദ്ദേഹം അവലംബിച്ചത് റീൗയഹല യഹശിറ എന്ന രീതിയാണ്. ഇതിൽ പഠനത്തിനായെടുത്ത മുഴുവൻ പേരുടെയും ജനനസമയത്തെ ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ പ്രവചനം നടത്താൻ ജ്യോതിഷികളെ ക്ഷണിച്ചു. പഠനത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും മൂന്നുവീതം പ്രവചനങ്ങൾ നൽകി. അതിൽ ഒന്ന് അവരുടെ യഥാർഥ ഗ്രഹനിലയുടെ അടിസ്ഥാനത്തിലുള്ളതും മറ്റു രണ്ടെണ്ണം മറ്റുള്ളവരുടേതിൽ നിന്നും ക്രമമൊന്നും നോക്കാതെ എടുത്തതുമായിരുന്നു. എന്നിട്ട് ഓരോരുത്തരും ഇതിന് സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കിട്ടു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ടെസ്റ്റിൽ ഇതിന്റെ വ്യത്യസ്തമായ ഒരു രൂപമായ ‘കാലിഫോർണിയ പേഴ്‌സണാലിറ്റി ഇൻവെന്ററി (CPI) ഉപയോഗിച്ചു. ഇതിൽ ഓരോ ജ്യോതിഷിക്കും ഒരു ഗ്രഹനിലയും മൂന്ന് CPI  യും നൽകി. ഇതിൽ ഒരു ഇജക ഗ്രഹനിലയുമായി ബന്ധപ്പെട്ടതും മറ്റു രണ്ടെണ്ണം സാമ്പിളുകളിൽ നിന്ന് ക്രമരഹിതമായി തെരഞ്ഞെടുത്തതുമായിരുന്നു. ജ്യോതിഷികളോട് ഇവ ഗ്രഹനിലയുമായി എത്രത്തോളം യോജിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യാൻ പറഞ്ഞു.
ആദ്യപരീക്ഷണത്തിൽ ഗ്രഹനിലയും വ്യക്തിത്വവും തമ്മിൽ പരസ്പരബന്ധം ഒന്നുമില്ലെങ്കിൽ യഥാർഥ ഗ്രഹനിലയനുസരിച്ചുള്ള വ്യാഖ്യാനങ്ങളിൽ മൂന്നിലൊന്ന് നമ്പർ 1 ആയി തെരഞ്ഞെടുക്കപ്പെടണം. ജ്യോതിഷികൾ അവകാശപ്പെട്ടതനുസരിച്ചാണെങ്കിൽ യഥാർഥ വ്യാഖ്യാനങ്ങളിൽ പകുതിയും ശരിയാവണം. യാദൃച്ഛികമായി (chance) സംഭവിക്കാവുന്നതിൽ നിന്നും രണ്ടര സിഗ്മ വരെ വ്യതിയാനമാണ് പരീക്ഷണം ചെയ്യുന്നവർ അനുവദിച്ചത്. അതിൽ കൂടുതൽ വ്യതിയാനം ഉണ്ടായാൽ ജ്യോതിഷികളുടെ പ്രവചനം ശരിയാകുന്നുവെന്ന വാദത്തിനു പിന്തുണയാകും. പഠനത്തിൽ പങ്കെടുക്കുന്ന വ്യക്തികളോ പരീക്ഷണം നടത്തുന്ന ആളോ അവർ കാണുന്നതെന്താണെന്ന് അറിയാത്ത വിധത്തിലുള്ള (double – blind) ടെസ്റ്റാണ്. എല്ലാ ഗ്രഹനിലകളും ആരുടേതെന്നറിയാത്ത വിധത്തിൽ കോഡു ചെയ്തശേഷമാണ് നൽകിയത്. വിശദവിവരങ്ങൾ റഫറൻസ് 1, 2 ൽ നൽകിയിട്ടുണ്ട്. പരീക്ഷണഫലം ചുരുക്കത്തിൽ ഇതായിരുന്നു. ശരിയായ വ്യാഖ്യാനം ലഭിക്കാനുള്ള സംഭാവ്യത 0.337 ആയിരുന്നു. ഇതിൽ 0.052 ന്റെ പിശകും വരാം. ഇത് 1/3 ന് വളരെ അടുത്താണ്. ഈയൊരു പശ്ചാത്തലത്തിൽ പൂനെ പരീക്ഷണത്തിന്റെ കാര്യത്തിലേക്കുവരാം.

പൂനെ പരീക്ഷണം

ഉചിതമായ ഒരു പരീക്ഷണത്തിന്റെ രൂപരേഖ ഉണ്ടാക്കുമ്പോൾ അതിന്റെ ഫലം വ്യാഖ്യാനിക്കുന്നതിൽ അവ്യക്തത ഉണ്ടാകരുതെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. കാൾസന്റെ പരീക്ഷണത്തെ സംബന്ധിച്ചുണ്ടായിരുന്ന ഒരു പ്രശ്‌നം ഒരാളുടെ വ്യക്തിത്വം വായിച്ചെടുക്കുന്ന കാര്യത്തിലുണ്ടായ അവ്യക്തതയാണ്. കാൾസന്റെ പരീക്ഷണത്തിനിടയിൽ ബോധ്യപ്പെട്ട ഒരു കാര്യം പലപ്പോഴും വ്യക്തികൾക്ക് സ്വന്തം CPI പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്നതാണ്. വിവാഹപ്പൊരുത്തത്തെ സംബന്ധിച്ച സിൽവെർമാൻ രീതി മെച്ചപ്പെട്ടതാണ്. പക്ഷേ ഇന്ത്യയുടെ കാര്യത്തിൽ ദാമ്പത്യബന്ധങ്ങൾ തകരുന്നതിന്റെ നിരക്ക് കുറവായതിനാൽ ആവശ്യത്തിനുവേണ്ട സാമ്പിൾ ശേഖരിക്കുക എന്നത് ബുദ്ധിമുട്ടാണ്. നമുക്ക് ഈ വിഷയങ്ങളിലേക്ക് ഒടുവിൽ തിരിച്ചുവരാം.

ഞങ്ങളുടെ പരീക്ഷണത്തിൽ ഞങ്ങൾ വ്യത്യസ്തമായ, അതേസമയം വ്യക്തമായ ഒരു മാനദണ്ഡമാണെടുത്തത്. അതായത് ഒരാൾ ബുദ്ധിപരമായി മിടുക്കനാണോ അതോ മന്ദബുദ്ധിയാണോ എന്നതായിരുന്നു അത്. ഈ വ്യത്യാസം ജാതകത്തിൽ നിന്ന് തിരിച്ചറിയാൻ കഴിയുമെന്ന് ജ്യോതിഷികൾ അവകാശപ്പെടുന്നു. അതിനാൽ ഞങ്ങൾ സ്‌കൂൾ വിദ്യാർഥികളിൽ നിന്ന് 200 കേസുകൾ തെരഞ്ഞെടുത്തു. മേൽപ്പറഞ്ഞ ഓരോ വിഭാഗത്തിൽ നിന്നും 100 വീതം. അധ്യാപകർ സാക്ഷ്യപ്പെടുത്തിയ സ്‌കൂൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ബുദ്ധിപരമായി മിടുക്കരായ 100 പേരെ തെരഞ്ഞെടുത്തത്. അവർക്ക് ഗ്രൂപ്പ് – എ എന്ന് പേരുനൽകി. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള സ്‌പെഷ്യൽ സ്‌കൂളിൽ നിന്നും 100 പേരെ ചേർത്ത് ഗ്രൂപ്പ് – ബിയും ഉണ്ടാക്കി. ജാതകം എഴുതാനാവശ്യമായ ജനനം സംബന്ധിച്ച സാക്ഷ്യപ്പെടുത്തിയ വസ്തുതകൾ അവരുടെ രക്ഷാകർത്താക്കളിൽ നിന്നും ശേഖരിച്ചു. ഇതിനുവേണ്ട ഫീൽഡ്‌വർക്ക് നടത്തിയത് സത്താറയിലെ അന്ധശ്രാദ്ധ നിർമൂലൻ സമിതിക്കാരാണ്.
അടുത്ത ജോലി ഇവരുടെ ജാതകം തയ്യാറാക്കുക എന്നതായിരുന്നു. കുറേക്കാലം ജ്യോതിഷിയായി പ്രവർത്തിച്ച ഞങ്ങളിലൊരാൾതന്നെ (പ്രകാശ് ഘട് പാണ്ഡെ) സ്റ്റാന്റേർഡ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ ജോലി ചെയ്തത്.

അതിനുശേഷം ഓരോരുത്തർക്കും ഓരോ കോഡു നമ്പർ നൽകി. അത് ഉപയോഗിച്ചാൽ മാത്രമാണ് അത് ആരുടേതെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നത്. പരീക്ഷണം ചെയ്യുന്ന ആൾക്കോ പരീക്ഷണത്തിൽ പങ്കാളിയാകുന്ന ആൾക്കോ കോഡ് നമ്പറിൽ നിന്ന് ആളെ തിരിച്ചറിയാൻ കഴിയാത്ത ഒരു തരം റീൗയഹല യഹശിറ രീതി ആയിരുന്നു ഇത്. ഇത്തരത്തിൽ ലഭിച്ച ഡേറ്റ കോഡുചെയ്ത് പൂനെ സർവകലാശാലയുടെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചു.
ഇതേസമയം തന്നെ 2008 മെയ് 12ന് പൂനെയിൽ നടത്തിയ പത്രസമ്മേളനത്തിലൂടെ ജ്യോതിഷികളായി പ്രാക്ടീസ് ചെയ്യുന്നവരെ ഈ പരീക്ഷണത്തിൽ പങ്കാളികളാകാൻ ക്ഷണിച്ചു. ഇതിന്റെ വിശദാംശങ്ങളും അവരെ അറിയിച്ചു. പരീക്ഷണത്തിന് തയ്യാറാകുന്ന ഓരോരുത്തർക്കും 200 കേസുകളിൽ നിന്ന് 40 വീതം birth chart ജനനസമയം സംബന്ധിച്ച രേഖകളും നൽകും. അവർ ഒരു നിശ്ചിത സമയത്തിനകം ഓരോ കേസുകളും ഗ്രൂപ്പ് -എയിൽപ്പെടുന്നതോ ഗ്രൂപ്പ് – ബിയിൽ പ്പെടുന്നതോ എന്ന് തിരിച്ചറിഞ്ഞ് അത് ഞങ്ങളെ അറിയിക്കണം. ആദ്യത്തെ സെറ്റിനായി പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ സ്റ്റാമ്പ് ഒട്ടിച്ച ഒരു കവർ അയച്ചുതരണമെന്നു പറഞ്ഞിരുന്നു. ഇതുകൂടാതെ തന്നെ ജ്യോതിഷികളുടെ സംഘങ്ങൾക്ക് സ്ഥാപനമെന്ന നിലയിലും പങ്കെടുക്കാമെന്നു പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അവർക്ക് 200 കേസുകൾ പരിഗണനക്കു നൽകാമെന്നും ഏറ്റിരുന്നു.

സ്റ്റാറ്റിസ്റ്റിക്കൽ പരീക്ഷണത്തിന്റെ സ്വഭാവം ലളിതമായിരുന്നു. താരതമ്യത്തിനായി രണ്ട് പരികൽപ്പനകൾ നൽകും. ഒന്നാമത്തെ പരികൽപ്പന ആയ H0 എന്താണെന്നുവച്ചാൽ ഗ്രൂപ്പ് എയിൽ നിന്നോ ബിയിൽ നിന്നോ ഉള്ള തെരഞ്ഞെടുപ്പ് ഒരു നാണയം ടോസ്സുചെയ്തപോലെ ഓരോ കേസിനും 50 ശതമാനം സാധ്യതയാണ് എന്നതാണ്. രണ്ടാമത്തെ പരികൽപ്പന എന്നത് ഫലജ്യോതിഷപ്രകാരം തെരഞ്ഞെടുപ്പ് ശരിയാകാൻ 50 ശതമാനത്തിലധികം സാധ്യതയുണ്ടെന്നതാണ്. ആദ്യത്തെ പരികൽപ്പന തള്ളി രണ്ടാമത്തെ എടുക്കണമെങ്കിൽ ശരിയാകലിന്റെ നിരക്ക് H0 യിലെ ശരാശരിയേക്കാൾ 2.32 സിഗ്മയെങ്കിലും കൂടുതലായിരിക്കണം. ഇത്തരം ഒരു നിബന്ധന വച്ചാൽ ആദ്യത്തെ പരികൽപ്പന തെറ്റായ രീതിയിൽ തള്ളിക്കളയാനുള്ള സംഭാവ്യത ഒരു ശതമാനത്തിലധികമാവില്ല. അതായത് 40 പേരുടെ കേസ് എടുക്കുകയാണെങ്കിൽ 28 പേരുടെ കാര്യത്തിലെങ്കിലും പ്രവചനം ശരിയായാൽ മാത്രമേ ആദ്യത്തെ പരികൽപ്പന തള്ളി രണ്ടാമത്തേത് സ്വീകരിക്കാൻ കഴിയൂ. സ്ഥാപനങ്ങളുടെ കാര്യത്തിൽ 200 കേസുകൾ എടുക്കുമ്പോൾ 117 കേസുകളെങ്കിലും ശരിയാകണം.

ജ്യോതിഷികളുടെ പ്രതികരണം

ഈ ടെസ്റ്റുകൾക്കുവേണ്ട ചട്ടക്കൂട് പ്രസിദ്ധീകരിച്ചപ്പോൾ ജ്യോതിഷികളുടെ പ്രതികരണം വിവിധ രീതികളിലായിരുന്നു. ചിലർ ഈ വെല്ലുവിളി ഏറ്റെടുക്കാൻ സമ്മതിച്ചും, ചിലർ ഈ ടെസ്റ്റുമായി പ്രസക്തി ഇല്ലാത്ത ചില പുതിയ നിബന്ധനകൾ മുന്നോട്ടുവച്ചും, മറ്റുചിലരാകട്ടെ ജ്യോതിഷികളുടെ സമൂഹം ഇത് ബോയ്‌കോട്ടു ചെയ്യണമെന്ന ആഹ്വാനമിറക്കി. ഞങ്ങൾ നിരവധി ജ്യോതിഷികളെ നേരിട്ട് കണ്ടു. ഒരു സെമിനാറിൽ പങ്കെടുത്ത് ടെസ്റ്റിന്റെ രീതിയെക്കുറിച്ചും ഇതിൽ കൃത്രിമം നടക്കാതിരിക്കാൻ വേണ്ടിയെടുക്കുന്ന മുൻകരുതലുകളെക്കുറിച്ചും വിശദീകരിച്ചു. ജ്യോതിഷികൾ തങ്ങളുടെ വിഷയം ശാസ്ത്രമാണ് എന്ന് അവകാശപ്പെടണമെങ്കിൽ ഇത്തരം ടെസ്റ്റുകൾക്ക് വിധേയമാകണമെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടി. പൊതുവെ അവരുടെ പ്രതികരണം അനുകൂലമായിരുന്നുവെങ്കിലും ചില പ്രമുഖ ജ്യോതിഷികൾ പരിശോധനയിൽ നിന്ന് അകന്നുനിന്നു.

ഒടുവിൽ 51 ജ്യോതിഷികൾ സ്റ്റാമ്പ് ഒട്ടിച്ച കവറുകൾ അയച്ചുതരികയും അവർക്ക് വിവരങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. അതിൽ 27 പേർ മാത്രം ഉത്തരങ്ങൾ അയച്ചുതന്നു. ഇത് കയ്യിലുള്ള ഡേറ്റയുമായി ഒത്തുനോക്കി. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഒരു ജ്യോതിഷി 40ൽ 24 എണ്ണം ശരിയാക്കി. എന്നാൽ ഇത് ആദ്യ പരികൽ പ്പനയെ തള്ളി രണ്ടാമത്തേതിനെ സ്വീകരിക്കുവാൻ വേണ്ട മിനിമത്തേക്കാൾ കുറവായിരുന്നു. 27 പേരുടെയും കൂടി ശരാശരി 17.25 ആയിരുന്നു. ഇത് ആദ്യപരികൽപ്പനപ്രകാരം പ്രതീക്ഷിക്കുന്ന 20നേക്കാൾ കുറവായിരുന്നു. ഇനി, സ്ഥാപനങ്ങളുടെ പങ്കാളിത്തം പരിശോധിക്കുകയാണെങ്കിൽ രണ്ടുകൂട്ടർ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉത്തരങ്ങൾ അയച്ചുതന്നത് ഒരു കൂട്ടർ മാത്രമാണ്. അവരുടെ വിജയനിരക്ക് 200-ൽ 102 എന്നതായിരുന്നു. ഇത് മിനിമം വേണ്ട 117ലേക്കാളും കുറേ താഴെയാണ്.

ഇതിൽനിന്നും കാണുന്നത് ജ്യോതിഷികളുടെ പ്രവചനത്തിന്റെ വിജയനിരക്ക് ഒരു നാണയം ടോസ്സുചെയ്ത് അനുമാനത്തിലെത്തുന്നതിനേക്കാൾ മെച്ചമായിരുന്നില്ലെന്നാണ്.

ഉപസംഹാരം

ജ്യോതിഷികൾക്ക് വ്യാഖ്യാനത്തിലെ ധാരണപ്പിശകുകളൊന്നും ചൂണ്ടിക്കാണിക്കാൻ സാധിക്കാത്ത നല്ലൊരു ചോദ്യമാണ് ഈ പരീക്ഷണത്തിൽ ഞങ്ങൾ ചോദിച്ചത്. ഒരു നാണയം ടോസ്സുചെയ്തു നേടാൻ കഴിയുന്ന 50 ശതമാനത്തേക്കാൾ താഴെ കാര്യങ്ങൾ ഒത്തുവന്നാൽ പോലും പല ജ്യോതിഷികളും അത് വലിയ നേട്ടമായി ഉയർത്തിക്കാട്ടാറുണ്ട്. 70 ശതമാനമെങ്കിലും ശരിയായാൽ മാത്രമേ പ്രവചനം വിജയമായി എന്നുപറയാൻ കഴിയൂ എന്ന് ഞങ്ങൾക്ക് വിശദീകരിക്കേണ്ടിവന്നു.
ജ്യോതിഷ പ്രവചനങ്ങളുടെ പൊള്ളത്തരം ഈ പഠനം തുറന്നുകാണിച്ചു. പക്ഷേ, ഉറച്ച വിശ്വാസികൾ പലരും അവരുടെ മനസ്സുമാറ്റില്ല. എങ്കിലും ജ്യോതിഷ പ്രവചനവുമായി ബന്ധപ്പെട്ട പല രാജ്യങ്ങളും ഇത്തരം ഇരട്ട കണ്ണുകെട്ടൽ(double blind) പരീക്ഷണങ്ങൾക്കു വിധേയമാക്കുന്നത് നന്നായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട സംഗതി സിൽവെർമാൻ എന്ന ഗവേഷകൻ പരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. വിവാഹങ്ങളുടെ നല്ലൊരു എണ്ണവും തീരുമാനിക്കപ്പെടുന്നതോ (വിലക്കപ്പെടുന്നതോ) തലക്കുറികളുടെ പൊരുത്തം നോക്കിയാണെന്നതിനാൽ ഈ സംഗതിയുടെ സാംഖിക വിശകലനം പ്രയോജനപ്രദമായിരിക്കും. ഇതിന് വേണ്ടത്ര ഡേറ്റ സംഘടിപ്പിക്കുക എളുപ്പമായിരിക്കില്ല; പക്ഷേ അത് പ്രയോജനകരമായ ഒരു യത്‌നമായിരിക്കുമെന്ന് തീർച്ചയാണ്.

കൃതജ്ഞത

ഈ പരീക്ഷണം നടത്താൻ വേണ്ട പശ്ചാത്തല സൗകര്യം തന്ന് സഹായിച്ച പൂനെ സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ്, പൂനെയിലെ തന്നെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് എന്നിവയ്ക്ക് നന്ദി.


(പരിഭാഷ – ഡോ. എൻ.ഷാജി)

ലേഖനം : Current Science ൽ 2009 മാർച്ച് 10 ന് പ്രസിദ്ധീകരിച്ചത്, (Vol. 96, No. 5), pp. 641-643. ഡൗൺലോഡ് ചെയ്യാം

റഫറൻസ്

  1. Silverman, B., J.Psychol, 1971, 77, 141-149
  2. Silverman, B., J.Psychol 1974, 87, 89-95
  3. Carlson, S., Nature, 1985, 318, 419-425

അധികവായനയ്ക്ക്

  1. An Indian Test of Indian Astrology – Jayant V. Narlikar

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജെ.ബി.എസ്. ഹാൽഡേൻ
Next post എത്രകിളിയുടെ പാട്ടറിയാം ?
Close