കേൾക്കാം
പുസ്തകത്തിന്റെ രചയിതാവായ സിൽവിയ ന്യൂസിലാൻഡുകാരിയാണ്. ആ നാട്ടിലെ ആദിവാസി വിഭാഗമായ മയോരി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ഇടയിൽ അധ്യാപികയായിരുന്നു. അവിടെ പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാഷാ പഠനത്തെ സംബന്ധിച്ച ഉൾക്കാഴ്ച നൽകുന്ന ഈ പുസ്തകം രചിച്ചത്.
ഭാഷാ അധ്യാപകരെ സംബന്ധിച്ചെടുത്തോളം ഏറെ പ്രസക്തമാണ് ഈ പുസ്തകം.വായന എഴുത്ത്, സർഗ്ഗാത്മകത എന്നിവയെ ക്കുറിച്ച് കൃത്യമായ നിരീക്ഷണങ്ങൾ ഈ പുസ്തകത്തിൻറെ പ്രത്യേകതയാണ്. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ കേന്ദ്രീകരിച്ചാണ് രചയിതാവിന്റെ അനുഭവങ്ങളെങ്കിലും ഭാഷാപഠനത്തിൽ ഏത് ക്ലാസിലും പുലർത്തേണ്ട രീതി ശാസ്ത്രത്തിന് മാർഗനിർദേശം നൽകുന്നുണ്ട് പുസ്തകം.
ഈ പുസ്തകം മുന്നോട്ടുവെയ്ക്കുന്ന പ്രധാനപ്പെട്ട ആശയങ്ങളിലൊന്ന്, ജൈവ വായനയാണ്. ഏറെ കുട്ടികൾക്കും വായനയോട് വേണ്ടത്ര ആഭിമുഖ്യം ഉണ്ടാകാറില്ല. ഇതിനൊരു കാരണം അധ്യാപകരുടെ താൽപര്യത്തിനനുസരിച്ചാണ് കുട്ടികൾ വായിക്കുന്നത് എന്നുള്ളതാണ്. ഒരു കുട്ടിക്ക് വായിക്കാനുള്ള അവസരം കുട്ടിയുടെ താത്പര്യം പരിഗണിച്ച് ഒരുക്കി കൊടുക്കണം. വായനയിലേക്ക് കുട്ടിയുടെ വഴി സ്വാഭാവികമായി വളർന്നു വികസിക്കണം. ഇത്തരം വായനയെയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. ജൈവ വായന എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.
അധ്യാപകർ തയ്യാറാക്കുന്ന പുസ്തകത്തിൽ നിന്നല്ല കുട്ടികൾ വായന തുടങ്ങേണ്ടത്. കുട്ടികൾ തയ്യാറാക്കുന്ന പുസ്തകം തന്നെ അധ്യാപകർക്ക് ഉപയോഗിക്കാൻ കഴിയണം. ഈ ആശയങ്ങളിന്ന് നമ്മുടെ ക്ലാസ് മുറികൾക്ക് അന്യമല്ല, എങ്കിലും വേണ്ടത്ര പ്രയോഗിക്കപ്പെടുന്നില്ല. ഒരു കുട്ടിയെ വായന എത്രത്തോളം സ്വാധീനിക്കുമോ അതിലേറെ അവൻറെ ആദ്യകാല വായനയും അവനെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ കുട്ടികൾ ഉണ്ടാക്കുന്ന പുസ്തകങ്ങൾ തന്നെ അവരുടെ ഏറ്റവും നല്ല വായന സാമഗ്രികളാവണമെന്ന് സിൽവിയ ആസ്റ്റൺ വാർനർ നിർദ്ദേശിക്കുന്നു.
ചെറിയ കുട്ടികളെ വായന അഭ്യസിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്നും കുട്ടികളുടെ ഉൾക്കാഴ്ച വികസിപ്പിക്കുന്നതിനുള്ള ചിത്രങ്ങൾ ഈ വേളയിൽ ഉപയോഗിക്കേണ്ടതുണ്ടെന്നും ഉദാഹരണ സഹിതം പുസ്തകം പഠിപ്പിക്കും. മുതിർന്നവർ കാണിക്കുന്ന ചിത്രങ്ങൾ കുട്ടികൾ കൗതുകത്തോടെ കാണും. അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ സ്വന്തമായി ശീർഷകങ്ങൾ കണ്ടെത്തുന്നതിന് അവർക്ക്ഏറെ താല്പര്യം ഉണ്ട്. ഇത്തരം ശീർഷങ്ങളാണ് അടിസ്ഥാന പദസമ്പത്ത് എന്ന പുസ്തകം വിശേഷിപ്പിക്കുന്നത്. കുട്ടികൾ ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന വാക്കുകൾക്ക് അവൻറെ ജീവിതവുമായി ബന്ധമുണ്ടാകും. സ്വാഭാവികമായി ഉയർന്ന വരുന്ന ക്രമവും ഇതിനുണ്ടായിരിക്കും.
കുട്ടികളുടെ മനസ്സിൽ നിന്നും വരുന്ന ആശയങ്ങെളെ നല്ലതെന്നോ ചീത്തയെന്നോ തരംതിരിക്കാതെ ഈ അധ്യാപിക ഉപയോഗപ്പെടുത്തി. അവർക്ക് പരിചിതമായതും അവരെ സംബന്ധിച്ചതുമായ വാക്കുകളാണ് ആദ്യമായി ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് വായനാ താല്പര്യം സ്വാഭാവികമായി വളർന്നുവന്നു .വിരസത ഇല്ലാതെ ആഹ്ലാദത്തോടെ അവർ വായനയിൽ മുഴുകിയതായി എഴുത്തുകാരിയുടെ അനുഭവങ്ങൾ പറഞ്ഞു തരുന്നു.
വേണ്ടവിധം കൃത്യമായി തെരഞ്ഞെടുത്ത വാക്കുകൾ വലിയ കടലാസിൽ എഴുതി കുട്ടികൾക്ക് വായിക്കാൻ നൽകിയായിരുന്നു ഒരു രീതി. അത വായനയിലൂടെ ഉറപ്പിച്ച വാക്കുകൾ കുട്ടികൾ പിന്നീട് അവരുടെ വർത്തമാനത്തിൽ ഉപയോഗപ്പെടുത്തി. സംഭാഷണത്തിൽ ഉപയോഗപ്പെടുത്തിയ വാക്കുകൾ സർഗാത്മ രചനകളിൽ അവർ ഉപയോഗിക്കുന്നതായും കണ്ടെത്തി .ഇതൊക്കെ ക്ലാസ്മുറിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളാണ്.
കുട്ടികളുടെ വായനയുടെ കാര്യത്തിൽ മാതൃഭാഷയ്ക്കാണ് ഈ അധ്യാപിക പ്രാധാന്യം കൊടുത്തത്. പരിചിതമായ അന്തരീക്ഷത്തിലെ വാക്കുകൾ അവരുടെ വികാരത്തിന് യോജിച്ചവിധം തിട്ടപ്പെടുത്തി. ഇതിലൂടെ വായന പുരോഗമിക്കുെമെന്നതിന്റെ അടിസ്ഥാനത്തിലാണ് സിൽവിയ പ്രവർത്തനങ്ങൾ ക്രമീകരിച്ചത്. സ്വാഭാവികമായി വികസിച്ചുവരുന്ന വായന കുട്ടികളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുന്നതായി ആ ക്ലാസ് മുറികൾ നമുക്ക് തെളിവാകുന്നു.
വായനയുമായി ബന്ധപ്പെട്ട ക്ലാസ്മുറി അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുത്തുകാരി കണ്ടെത്തിയ നിഗമനങ്ങൾ ഇങ്ങനെയാണ്. വായനയെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ചില അടിസ്ഥാന പദസമ്പത്ത് ഉണ്ടായിരിക്കും. ഈ വാക്കുകളെ ഉപയോഗപ്പെടുത്തിയാണ് കുട്ടികളെ വായനയിലേക്ക് നയിക്കേണ്ടത്. ഓരോ കുട്ടിയുടേയും അടിസ്ഥാന പദസമ്പത്തിന് പ്രാദേശികവും വർഗ്ഗപരമായ മാറ്റങ്ങളുണ്ടാകും. കുട്ടികൾ സ്വന്തമായി ഉപയോഗിക്കുന്ന വാക്കുകൾ ശക്തങ്ങളായിരിക്കും എല്ലാ കുട്ടികൾക്കും അവരുടേതായ ഒരു നിലവാരം ഉണ്ട്. ആ നിലവാരം തിരിച്ചറിഞ്ഞ് അവരെ പഠനത്തിെന്റെ ഭാഗമാക്കുകയാണ് വേണ്ടത്.
ചൂതാട്ടകേന്ദ്രം നടത്തിയിരുന്ന ആളിന്റെ മകനായിരുന്നു രാംഗി. അവൻ വളരെ കുറച്ചു നാമപദങ്ങൾ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുള്ളൂ. ഒരുദിവസം ടീച്ചറിനോട് അവൻ പറഞ്ഞ വാക്കുകൾ ഉപയോഗപ്പെടുത്തിയാണ് അവന്റെ പദസമ്പത്ത് വികസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. വാക്യമിങ്ങനെ “ഫയർ എഞ്ചിനിൽ പോലീസ് വന്ന് എന്നെ ജയിലിൽ കൊണ്ടു പോകും എന്നിട്ട് കശാപ്പു കത്തികൊണ്ട് വെട്ടി കൊന്ന് കെട്ടിത്തൂക്കും..ഈ അനുഭവത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് പോലീസ് . കശാപ്പുകാരൻ , കത്തി ,കൊല , ജയിൽ, കൈ, ഫയർ എൻജിൻ എന്നീ വാക്കുകളാണ് സിൽവിയ ടീച്ചർ അവനു നൽകിയത് .ചില വാക്കുകൾ പഠിക്കാൻ മാസങ്ങളോളമെടുത്ത് അവൻ നാല് മിനിറ്റ് കൊണ്ട് ഈ വാക്കുകൾ പഠിക്കുകയും പിന്നീട് നല്ലൊരു വായനക്കാരനാവുകയും ചെയ്തുവെന്ന അനുഭവം പുസ്തകം വിവരിക്കുന്നുണ്ട്.
ഇങ്ങനെ കുട്ടികൾക്ക് പരിചിതമായ വാക്കുകളെയാണ് ടീച്ചർ ക്ലാസ് മുറിയിൽ ഉപയോഗപ്പെടുത്തിയത് .കുട്ടികളുടേതായ വാക്കുകൾ എന്നാണ് അവയെ വിശേഷിപ്പിച്ചത്. ഈ വാക്കുകൾക്ക് കുട്ടികളുമായി വൈകാരികമായ അടുപ്പമുണ്ട് .കുട്ടികളുമായി നന്നായി ഇടപെട്ട് അവരുടേതായ വാക്കുകൾ കണ്ടെത്തി അവരെ പഠിപ്പിക്കാൻ തുടങ്ങുകയാണുവേണ്ടത്. ഈ വാക്കുകളെ സർഗാത്മ വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്താം. ക്ലാസ് മുറിയിൽ അവരുടേതായ വാക്കുകൾ അവരെക്കൊണ്ട് പറയിക്കലും സർഗാത്മക പ്രവർത്തനമായി കണ്ടു.
കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് സ്വാഭാവികമായ രീതിയിൽ രചന നടത്തുന്നതിനെയാണ് പുസ്തകം ജൈവ രചന കൊണ്ട് വിവരിക്കുന്നത്. പണം കൊടുത്തു വാങ്ങുന്ന പുസ്തകങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ സർഗ്ഗാത്മകമായ പ്രവർത്തനം നടത്താൻ ആവുകയില്ല. എന്നാൽ സ്വന്തം ഭാഷയിൽ കുട്ടികൾ എഴുതിയ പുസ്തകങ്ങളണ് ഈ സർഗാത്മക പ്രവർത്തിക്കുചിതം എന്ന് ഈ അധ്യാപിക തന്റെ ക്ലാസ് റൂം അനുഭവങ്ങളിലൂടെ നമുക്ക് പറഞ്ഞു തരുന്നു. കുട്ടികളുെടെ രചനകൾ സ്വീകരിക്കുമ്പോൾ അതിലെ ഉള്ളടക്കം നോക്കി വിമർശിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തരുതെന്നും പുസ്തകം പറയുന്നു. സ്കൂളിനോട് വെറുപ്പാണ് എന്നോ വീട് കത്തിച്ചുകളയും എന്നൊക്കെ എഴുതുന്നത് വായിക്കേണ്ടി വരും. എല്ലാം തുറന്നുപറയാനുള്ള അവൻറെ സ്വാതന്ത്ര്യത്തിനാണ് അംഗീകാരം നൽകേണ്ടത്. അവൻറെ തന്നെ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയായ വ്യക്തിത്വവികസനത്തിന് സഹായകമാകുമെന്നാണ് ടീച്ചർ ചൂണ്ടിക്കാണിക്കുന്നത്.
കുട്ടികൾ എഴുതുമ്പോൾ ടീച്ചറുടെ ശ്രദ്ധയ്ക്ക് വളരെ പ്രാധാന്യമാണുള്ളത്. വാക്കുകളുടെ അകലവും വ്യാകരണവും നോക്കണം. ആവശ്യമായ പ്രോത്സാഹനങ്ങളും തിരുത്തലുകളും നൽകണം. കുട്ടികളുടെ അരികത്തു ചെന്നിരുന്ന് തിരുത്തുന്നതാണ് നല്ലത്. ഒറ്റനോട്ടത്തിൽ എല്ലാം കാണുന്നതിന് അധ്യാപകർ പരിശീലിക്കുകയും വേണം. എഴുന്നതിനിടയിൽ കുട്ടികൾ ധാരാളം സംസാരിക്കും അതിൻറെ ശബ്ദം അവഗണിച്ചുകൊണ്ട് അധ്യാപകർ പ്രവർത്തിക്കണമെന്നും ടീച്ചർ ഓർമിപ്പിക്കുന്നു
അത് തെറ്റാണ് ഇത് തെറ്റാണ് എന്ന് പറഞ്ഞു ഈ അധ്യാപിക ക്ലാസ്മുറിയിൽ കുട്ടിയെ വിമർശിക്കുന്നില്ല. അവൻ എഴുതിയ തെറ്റിൽ വെട്ടും ഇട്ടിരുന്നില്ല. അത് മായ്ച്ചുകളഞ്ഞ് പുതിയത് എഴുതാൻ അവനെ സഹായിക്കുകയാണ് ചെയ്തത്. അവൻറെ അക്ഷരത്തെറ്റിനെക്കുറിച്ച് ഈ അധ്യാപിക വാചാലയായില്ല. നമ്മുടെ ഒരു കൂട്ടുകാരൻ വികാരത്തോടെ എഴുതിയ ഒരു കത്ത് നാം വായിക്കുമ്പോൾ അതിലെ അക്ഷരത്തെറ്റ് നാം കാര്യമാക്കാറുണ്ടോ എന്ന ചോദ്യമാണ് ഇവിടെ എഴുത്തുകാരി സൂചിപ്പിക്കുന്നത്. അതു പോലെ തന്നെയാണ് കുട്ടികളുടെ രചനയും പരിഗണിക്കേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.
ക്ലാസ് മുറിയിൽ ഓരോ കുട്ടികൾക്കും അവരുടെ രചന വായിക്കുന്നതിനുള്ള അവസരം നൽകിയിരുന്നു. അതിനിടയിൽ ചർച്ച. മറ്റുള്ളവരുടെ രചനകൾവായിക്കുന്നതിനും അവസരമൊരുക്കിയിരുന്നു. കുട്ടികളെ അവരുടെ താൽപര്യത്തിന് വിട്ടുകൊണ്ട് അവരുടെ ഗുണദോഷങ്ങൾ ഒന്നും പറയാതെ നിരീക്ഷകയായി ഇവിടെ അധ്യാപിക പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.
പുതിയ സ്കൂളിലേക്ക് ഒരു എത്തിനോട്ടം എന്ന ഭാഗത്തോട് കൂടിയാണ് ഈ പുസ്തക മവസാനിക്കുന്നത്. ജോലി രാജി വെച്ച് ഈ വിദ്യാലയത്തിൽ നിന്ന് പോയതിനുശേഷം സിൽവിയ ടീച്ചർ സ്കൂളിലേക്ക് വന്നു കാണുന്ന കാഴ്ചകൾ അവരെ വല്ലാതെ വിഷമിപ്പിക്കുന്നു.
നമ്മുടെ പല വിദ്യാലയങ്ങളിലും വ്യക്തികൾ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അവർക്ക് ശേഷം ഇല്ലാതാകുന്ന നിരവധി അനുഭവങ്ങൾ നമുക്കു മുണ്ട് . സ്കൂളിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനത്തെ കൂട്ടായ ഒരു സാംസ്കാരിക പ്രവർത്തനമാകാത്ത എല്ലാ വിദ്യാലയങ്ങളിലും സംഭവിക്കുന്ന ദുരന്തമാണിത്. പുതിയ സ്കൂളിൽ മയോരി ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല .ഇറക്കുമതി ചെയ്ത പുസ്തകം വായിക്കാനാകാതെ അവരവിടം വിട്ടിരുന്നു !!
വെറും അറുപത്തിനാല് പേജിൽ ഒതുങ്ങുന്ന ഈ പുസ്തകം വായിക്കുന്ന ഏതൊരു അധ്യാപകനും അധ്യാപികയ്ക്കും അധ്യാപനത്തിന്റെ പുതിയ ആകാശമിത് കാട്ടിത്തരും. ടീച്ചർ വായിക്കാത്ത ടീച്ചർ ആയുധമില്ലാത്ത പോരാളിയാണ്.
മൊഴിമാറ്റം. എം.കെ. മൊയ്തീൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അരവിന്ദ് ഗുപ്ത പുസ്തകം പരിചയപ്പെടുത്തുന്നു- വീഡിയോ കാണാം