Read Time:22 Minute

സമത മാത്യു
ഗവേഷക, സി‌എസ്‌ഐ‌ആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി

2021 മാർച്ചിൽ ലോകത്ത് മറ്റൊരിടത്തും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു സാർസ് കോവ്-2 വകഭേദം B.1.617 കണ്ടെത്തി. ഇന്ത്യയിൽ ഉടലെടുത്ത സാർസ് കോവ്-2ന്റെ ഈ വകഭേദത്തെക്കുറിച്ച് വിശദമായി വായിക്കാം.

എല്ലാ ജീവജാലങ്ങളിലും ഒരു ജനിതക വസ്തു ഉണ്ട്. അതിൽ ആ ജീവിയെ  സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ അടങ്ങിയിരിക്കുന്നു. കോവിഡ്-19ന് കാരണമാകുന്ന സാർസ് കോവ്-2 കൊറോണ വൈറസിന്റെ ജനിതക വസ്തു റൈബോ ന്യൂക്ലിക് ആസിഡ് അല്ലെങ്കിൽ RNA ആണ്. ഇത് വൈറസിന്റെ നിലനിൽപ്പിന് ആവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്നു. ജൈവവസ്തുവിന്‍റെ അടിസ്ഥാന ഘടകം (ഉദാ. കോശം) പെരുകുന്നതനുസരിച്ച്, അതിന്റെ ജനിതക വസ്തുക്കളും പലതവണ നിർമ്മിക്കപ്പെടുന്നു. ഇതോടൊപ്പം ഓരോ പകർപ്പിലും ജനിതക വസ്തുക്കളിൽ ചെറിയ മാറ്റങ്ങൾ വരാം. സാർസ് കോവ്-2 ൻ്റെ ജനിതക വസ്തുവിനും ഇത് ബാധകമാണ്. ഒരു രോഗിയിൽ തന്നെ ദശലക്ഷക്കണക്കിന് പകര്‍പ്പുകൾ ഉണ്ടാകുമെന്നതിനാൽ, വൈറസ് വേഗത്തിൽ പരിവർത്തനം ചെയ്യപ്പെടാം. ഈ മാറ്റങ്ങളെ മ്യൂട്ടേഷനുകൾ എന്ന് വിളിക്കുന്നു. 2019 മുതൽ സാർസ് കോവ്-2 ഇവിടെ പ്രചാരത്തിലാണ്. വൈറസ് എത്രത്തോളം വ്യാപകമായി പ്രചാരത്തിലായിരിക്കുന്നുവോ അത്രത്തോളം മാറ്റങ്ങൾ വൈറസ് ആർ‌എൻ‌എ നേടുന്നു.

ഇപ്പോൾ ഇക്കാര്യം എന്തുകൊണ്ട്  പ്രാധാന്യമർഹിക്കുന്നു?

സാർസ് കോവ്-2നെതിരെയുള്ള നമ്മുടെ പ്രതിരോധത്തിൽ അതിന്റെ ആർ‌എൻ‌എ സീക്വൻസിനെ (രാസ ഘടകങ്ങളുടെ ഒരു ശ്രേണി)   അടിസ്ഥാനമാക്കിയ നിരവധി രീതികൾ ഉപയോഗിക്കുന്നുണ്ട്.. രോഗനിർണയത്തിനായുള്ള ആർ‌ടി-പി‌സി‌ആർ‌ (RT-PCR) പരിശോധന മുതൽ‌,  വകഭേദങ്ങളുടെ ഭൂമിശാസ്ത്രപരമായ ഗതിനിർണ്ണയം അനുവദിക്കുന്ന സീക്വൻസിംഗ് (ജനിതക വസ്തുക്കളുടെ ഘടനയെ തിരിച്ചറിയുന്ന സാങ്കേതികവിദ്യ) തുടങ്ങി ആർ‌എൻ‌എ വാക്സിനുകൾ‌ രൂപകൽപ്പന ചെയ്യുന്നത് വരെ, വൈറസ് എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് മനസിലാക്കേണ്ടത് നിർ‌ണ്ണായകമാണ്. ഈ മ്യൂട്ടേഷനുകൾ (ആർ‌എൻ‌എയിലെ രാസമാറ്റങ്ങൾ) നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നതു വഴി വൈറസിനെ കൂടുതൽ മാരകമാക്കുകയോ കൂടുതൽ വേഗത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാക്കുകയോ ചെയ്യാം. നേരെമറിച്ച്, വൈറസിന്റെ തന്നെ ദുർബലമായ രൂപങ്ങളായ വൈറസ് വകഭേദങ്ങളും ചിലപ്പോൾ ഉത്ഭവിക്കാം.

2020 ഡിസംബറിൽ ഇന്ത്യയിലെ വിവിധ ശാസ്ത്രവിഭാഗങ്ങൾ ഒത്തുചേർന്ന് ഇന്ത്യൻ  സാർസ് കോവ്-2 കൺസോർഷ്യം ഓൺ ജീനോമിക്സ് (INSACOG) സ്ഥാപിച്ചു, ഇത് സാർസ് കോവ്-2 ആർ‌എൻ‌എ സീക്വൻസിംഗിലൂടെ വേരിയന്റ്റ്സ് ഓഫ് കൺസേൺ (VOC) അതായത് ആശങ്ക ഉളവാക്കുന്ന വേരിയന്റുകൾ തിരിച്ചറിയാൻ ലക്ഷ്യമിടുന്നു. സാർസ് കോവ്-2 ആർ‌എൻ‌എയുടെ സീക്വൻസിംഗ് ഒരു പ്രത്യേക വകഭേദത്തിന്റെ വ്യാപനത്തിന്റെ ഭൂപടം നിർമ്മിക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ദക്ഷിണേന്ത്യയിലെ 303 വൈറൽ സാമ്പിളുകളിൽ നിന്ന് 2020 സെപ്റ്റംബറിൽ നടത്തിയ ഒരു സീക്വൻസിംഗ് അധിഷ്ഠിത പഠനത്തിലൂടെ ഒരു സൈറ്റിൽ നിന്ന് വൈറൽ ട്രാൻസ്മിഷൻ ആരംഭിച്ച് അത് എങ്ങനെ വ്യാപിച്ചുവെന്ന് കാണാൻ കഴിയും. ഇത്തരത്തിലുള്ള വൈറസ് ഇന്ത്യയിൽ മാത്രമായി കാണപ്പെടുന്ന ഒരു വകഭേദമാണെന്നും ഈ പഠനം തെളിയിക്കുന്നു. ഈ തരം  വൈറസ് മറ്റെവിടെയെങ്കിലും നിലവിലുള്ള വൈറൽ തരങ്ങളേക്കാൾ അധിക അപകടമുണ്ടാക്കുമെന്ന് പഠനം പ്രതീക്ഷിക്കുന്നില്ല. 2020 മുതൽ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വൈറൽ സാമ്പിളുകളിൽ നിന്നുള്ള ഡാറ്റ ക്രമപ്പെടുത്തുന്നതിൽ ഗവേഷകർ പങ്കെടുത്തുവരുന്നു. വ്യാപനം നിർണ്ണയിക്കുന്നതിനു പുറമേ, വൈറസിനായി ഒരു തരം വംശാവലി (family tree) വരയ്ക്കാനും ഗവേഷകരെ ഈ വിവരശേഖരണം  സഹായിച്ചിട്ടുണ്ട്. വൈറൽ സാമ്പിളുകളുടെ ഈ വംശാവലി വുഹാനിൽ ആദ്യം തിരിച്ചറിഞ്ഞവയെ അപേക്ഷിച്ച് ഇന്നത്തെ വകഭേദങ്ങൾ എത്രത്തോളം സമാനവും വ്യത്യസ്തവുമാണെന്ന് വെളിപ്പെടുത്തുന്നു.

B.1.617 വകഭേദം

2021 മാർച്ചിൽ ലോകത്ത് മറ്റൊരിടത്തും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു സാർസ് കോവ്-2 വകഭേദം INSACOG കണ്ടെത്തി. ഇതിന്റെ സാർസ് കോവ്-2 ആർ‌എൻ‌എ ശ്രേണിയിൽ രണ്ട് ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായിരുന്നു. ഇത്  സൂക്ഷ്മ നിരീക്ഷണം ആവശ്യമുള്ള ഒന്നാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ ഉടലെടുത്ത സാർസ് കോവ്-2ന്റെ ഈ  വകഭേദത്തെ ഉപവിഭാഗത്തിന്റെ പേരിടൽ മാനദണ്ഡമനുസരിച്ച്, അതായത്, അതിന്റെ വംശാവലിയനുസരിച്ച് ഇപ്പോൾ B.1.617 എന്ന് വിളിക്കുന്നു. (മുമ്പ് ഡബിൾ മ്യൂട്ടന്റ് എന്ന തെറ്റായ പേര് ഉണ്ടായിരുന്നു). ഈ മാറ്റങ്ങൾ വൈറസ് വഹിക്കുന്ന ഒരു പ്രോട്ടീനെ നേരിട്ട് ബാധിക്കുന്നു, ഇത് സ്പൈക്ക് പ്രോട്ടീൻ എന്നറിയപ്പെടുന്നു, ഇത് റിസപ്റ്റർ പ്രോട്ടീൻ എന്ന് വിളിക്കുന്ന ‘പൂട്ടുകളിൽ’ ഉറപ്പിച്ച് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ വൈറസ് ഉപയോഗിക്കുന്ന ‘താക്കോല്‍’ പോലെയാണ്. അതിനാൽ വാക്സിൻ വികസനത്തിനും ചികിത്സാ മരുന്ന് വികസനത്തിനും സ്പൈക്ക് പ്രോട്ടീൻ വളരെ പ്രധാനമാണ്. സ്പൈക്ക് പ്രോട്ടീനെ ബാധിക്കുന്ന ആർ‌എൻ‌എയിലെ ഏത് മാറ്റവും വൈറസ് വ്യാപനം എങ്ങനെ പുരോഗമിക്കുന്നുവെന്നും മനുഷ്യ രോഗപ്രതിരോധ ശേഷി വൈറസിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും തീരുമാനിച്ചേക്കാം. സ്‌പൈക്ക് പ്രോട്ടീനിലെ ചില മാറ്റങ്ങൾ ഇതിനെ മികച്ച ‘താക്കോല്‍’ ആക്കും, അങ്ങനെ വൈറസിനെ കൂടുതൽ ആക്രമണകാരിയാക്കുകയും ശക്തമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. മനുഷ്യന്റെ രോഗപ്രതിരോധവ്യവസ്ഥ സ്പൈക്കിനെ ഒരു ആക്രമണകാരിയുടെ സ്വഭാവമായി തിരിച്ചറിയുകയും ആന്റിബോഡികൾ എന്ന് വിളിക്കുന്ന പോരാട്ട തന്മാത്രകളെ ഉയർത്തുകയും ചെയ്യുന്നു. ഈ ആന്റിബോഡികൾ സ്പൈക്ക് പ്രോട്ടീനിൽ ഉറച്ചുനിൽക്കുകയും ‘താക്കോല്‍’ പ്രവർത്തനരഹിതമാക്കുകയും വൈറസ് അണുബാധയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

സാർസ് കോവ്-2 നെതിരെയുള്ള വാക്സിൻ വികസനത്തിൽ സ്പൈക്കിന്റെ ഈ സ്വഭാവമാണ് ഉപയോഗപ്പെടുത്തുന്നത്. ചുരുക്കത്തിൽ, വൈറസ് ഇല്ലാതെ, ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ സ്പൈക്ക് പ്രോട്ടീൻ മാത്രം കടത്തി വിട്ടാൽ ശരീരം അതിനെ ഒരു ആക്രമണകാരിയായി കരുതുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ഈ ആക്രമണകാരിയുടെ ഒരു ‘മെമ്മറി’ അഥവാ ഓർമ്മ ഉണ്ടാക്കുന്നതിനും അടുത്ത തവണ അതേ ആക്രമണകാരി വരുമ്പോൾ പൊരുതാനും ഇത് ശരീരത്തെ തയ്യാറാക്കും. അതുകൊണ്ടാണ് ഒരു വാക്സിൻ എടുക്കുമ്പോൾ, നമുക്ക് നേരിയ  അസ്വസ്ഥത അനുഭവപ്പെടുന്നത്. ഈ സമയത്ത് നമ്മുടെ ശരീരം പോരാടാനും ഒരു മെമ്മറി സൃഷ്ടിക്കാനും പഠിക്കുന്നു. ഇതിലൂടെ

യഥാർത്ഥ അണുബാധ സംഭവിക്കുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ശരീരം നന്നായി തയ്യാറാകുന്നു. വാക്സിനുകൾ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യുന്നതിനായി സ്പൈക്ക് പ്രോട്ടീന്റെ സ്വഭാവവിശേഷങ്ങൾ വിശകലനം ചെയ്യാൻ ഗവേഷകർ തുടർച്ചയായി ശ്രമിക്കുന്നു.

ബി.1.617 ൽ ആകെ 15 പുതിയ മ്യൂട്ടേഷനുകൾ ഉണ്ട്, അവയിൽ ആറെണ്ണം സ്പൈക്ക് പ്രോട്ടീനിലെ മാറ്റങ്ങളിലേക്ക് നയിക്കുന്നു. ഇവ രോഗബാധയെ വർദ്ധിപ്പിക്കാനും വൈറസ് വേഗത്തിൽ എണ്ണത്തില്‍ പെരുകാനും ഇടയാക്കും. ഈ മാറ്റങ്ങൾ ഒന്നിച്ച് വൈറസിന്റെ പകർച്ചവ്യാധി വർദ്ധിപ്പിക്കാം, അതായത്, ഒരു മനുഷ്യനിൽ നിന്ന് മറ്റൊരാളിലേക്ക്  പടരാനുള്ള അതിന്റെ കഴിവ് വർദ്ധിപ്പിക്കും. ബി.1.617 ആർ‌എൻ‌എ ശ്രേണിയിലെ ഒരു മാറ്റം സ്പൈക്ക് പ്രോട്ടീനിൽ ആന്റിബോഡികളിൽ നിന്ന് ഒഴിഞ്ഞു മാറാൻ വേണ്ട മാറ്റം (L452R എന്ന് വിളിക്കുന്ന) വരുത്തുന്നു. ഈ മാറ്റം മനുഷ്യകോശങ്ങളിലേക്ക് എളുപ്പം കടക്കാൻ വൈറസിനെ കഴിവുള്ളതാക്കുന്നു. ഇതെങ്ങനെയെന്നു വെച്ചാൽ  ഇപ്പോൾ ‘താക്കോല്‍’ അല്ലെങ്കിൽ സ്പൈക്ക് പ്രോട്ടീൻ മനുഷ്യ കോശങ്ങളുടെ പൂട്ടുകൾക്ക് നന്നായി യോജിക്കുന്നു. രണ്ടാമത്തെ മാറ്റം (E484Q എന്ന് വിളിക്കുന്ന) ആർ‌എൻ‌എ സീക്വൻസിലെ ഒരു ഭാഗത്താണ്. ഈ മാറ്റം വൈറസിന്  നമ്മുടെ പ്രതിരോധത്തെ മറി കടക്കാനുള്ള കഴിവും മനുഷ്യ കോശങ്ങളിലേക്ക് സ്പൈക്ക് പ്രോട്ടീനെ കൂടുതൽ നന്നായി ബന്ധിപ്പിക്കുന്നതും ആക്കുന്നു. L452R മാറ്റം മാത്രമുള്ള വേരിയന്റുകളേക്കാൾ രോഗപ്രതിരോധത്തെ മറികടക്കാൻ ഈ വേരിയന്റിനെ ഇത് കൂടുതൽ പ്രാപ്തമാക്കുന്നു. സമീപഭാവിയിൽ ബി.1.617 വേരിയൻറ് എത്രത്തോളം നാശമുണ്ടാകുമെന്ന് മനസിലാക്കാൻ വേണ്ടത്ര പഠനങ്ങൾ ഇനിയും നടന്നിട്ടില്ല.

ഇൻ‌സാക്കോഗിന്റെ ശ്രമങ്ങളിലൂടെ ബി.1.617 വേരിയൻറ് കണ്ടെത്തിയ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വേരിയൻറ് ഇപ്പോൾ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെങ്കിലും പ്രബലമായ വൈറസ് തരങ്ങളിൽ ഒന്നാണെന്ന് കാണാൻ കഴിയും. സാർസ് കോവ്-2 ന്റെ ഈ വകഭേദമാണ് ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമായതെന്നും വിദഗ്ദ്ധർ അനുമാനിക്കുന്നു. മാർച്ചിൽ മഹാരാഷ്ട്രയിൽ വർദ്ധിച്ചുവന്ന വേരിയന്റായി ആദ്യമായി കണ്ടെത്തിയ ബി.1.617 വേരിയൻറ് കുറഞ്ഞത് പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഏപ്രിൽ പകുതി വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തിനധികം, യുഎസ്, യുകെ, ജർമ്മനി, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ കുറഞ്ഞത് 11 രാജ്യങ്ങളിലെങ്കിലും ഈ വേരിയൻറ് എത്തിക്കഴിഞ്ഞിരിക്കുന്നു. 2021 ഏപ്രിൽ 19 ലെ കണക്കുപ്രകാരം യുകെയിൽ ബി.1.617 വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

നമുക്ക് എന്തുചെയ്യാൻ കഴിയും

വേരിയന്റ്റ്സ് ഓഫ് കൺസേൺ (VOC) അഥവാ ആശങ്ക ഉളവാക്കുന്ന വേരിയന്റുകൾ രാജ്യത്തിന്റെ ആരോഗ്യ വ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും, മാസ്‌ക്ക്, അകലം പാലിക്കൽ, വായുസഞ്ചാരമിലാത്ത സ്ഥലങ്ങളിൽ ഒത്തുചേരൽ ഒഴിവാക്കൽ, 3 ടി (ടെസ്റ്റ്, ട്രേസ്, ട്രീറ്റ്), മറ്റ് അടിസ്ഥാന മുൻകരുതലുകളും ഇപ്പോഴും എല്ലാ തരത്തിലുമുള്ള സാർസ് കോവ്-2 വൈറസിനെതിരെ പ്രതിരോധ തന്ത്രങ്ങളായി തുടരുന്നു. സാർസ് കോവ്-2 ന്റെ വായു വഴിയുള്ള  പ്രസരണം സംബന്ധിച്ച ഒരു സമീപകാല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധർ N-95 അല്ലെങ്കിൽ N-99 മാസ്കുകൾ ശക്തമായി ശുപാർശ ചെയ്യുന്നു. കൂടാതെ കെട്ടിടങ്ങളിലെ ശരിയായ വായുസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഒത്തുചേരലുകൾ ഒഴിവാക്കുക, ഒപ്പം മാസ്‌ക്ക് ധരിക്കുകയും ചെയ്യുക, N-95 മാസ്കുകൾ പുനരുപയോഗിക്കുക (കഴുകാതെ), സർജിക്കൽ മാസ്കുകളുടെ/തുണി മാസ്കുകളുടെ കാര്യത്തിൽ ഇരട്ട മാസ്‌ക്ക് ധരിക്കുക എന്നിവയും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മാസ്ക് ധരിക്കുന്ന മര്യാദകൾ എല്ലായ്പ്പോഴും പരിശീലിക്കേണ്ടതുണ്ട്, ഒരു മാസ്ക് മൂക്കിനും വായയ്ക്കും മുകളിലായി എത്രത്തോളം നന്നായി മൂടുന്നുവെന്നത് അനുസരിച്ച് മാത്രമേ ഫലപ്രദമാകൂ. (പരിക്കുകളിൽ നിന്ന് പരിരക്ഷിക്കുന്ന കാര്യത്തിൽ കൈയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഹെൽമെറ്ററ്റും തലയിൽ ധരിച്ച ഹെൽമെറ്ററ്റും തമ്മിൽ ഏത് എത്രത്തോളം  വ്യത്യാസമുണ്ടെന്ന് ചിന്തിക്കുക).

വാക്സിനേഷന്റെ പ്രാധാന്യം

വാക്സിനേഷൻ ഈ വൈറസിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആത്യന്തിക കവചമായിരിക്കും. യോഗ്യതയുള്ള എല്ലാവരും അത് ചെയ്യണം. സ്വാഭാവിക പ്രതിരോധശേഷി, അതായത്, ഒരു വൈറൽ അണുബാധയിൽ നിന്നുള്ള പ്രതിരോധശേഷി ഏതാനും മാസങ്ങൾ മാത്രമേ നിലനിൽക്കൂ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ശുപാർശകൾ അനുസരിച്ച് ബൂസ്റ്ററുകളുള്ള കുത്തിവയ്പ്പുകൾ യഥാർത്ഥ അണുബാധയ്‌ക്കെതിരെ ശക്തമായ പ്രതികരണം നൽകാൻ ശരീരത്തെ അനുവദിക്കുന്നു. ഇത് നേരിയ ലക്ഷണങ്ങളിലേക്ക് നയിക്കുകയും മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ഇസ്രായേലിൽ സാർസ് കോവ്-2 ന്റെ വേരിയന്റ്റ്സ് ഓഫ് കൺസേൺനെതിരെയും വാക്സിനുകൾ ഫലപ്രദമാണെന്ന് കണ്ടിരുന്നു. 2020 ഏപ്രിൽ 18  മുതൽ, ഇസ്രായേലിൽ പരസ്യമായി മാസ്ക് ധരിക്കേണ്ട ആവശ്യമില്ല, കാരണം രാജ്യത്തെ ജനസംഖ്യയുടെ 60% ത്തിനും രണ്ട് ഡോസ് വാക്സിനേഷൻ നൽകിയ ശേഷം മൊത്തം കേസുകളുടെ എണ്ണം രണ്ട് അക്ക സംഖ്യയായി കുറഞ്ഞു. 18 വയസ്സിനു മുകളിലുള്ള എല്ലാവരേയും 2021 മെയ് 1 മുതൽ ഷോട്ടുകൾക്ക് യോഗ്യരാക്കുമെന്ന് ഏപ്രിൽ 19 ന് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട് മാസങ്ങൾക്കുള്ളിൽ, പ്രതിരോധശേഷി കുറയുന്നതിനാൽ വീണ്ടും അണുബാധ സാധ്യമാണെന്ന് വ്യക്തമായി. രണ്ട് ഡോസ് വാക്സിനുകൾക്ക് ശേഷവും, വ്യക്തികൾ മാസ്‌ക്ക് ധരിക്കുകയും മുൻകരുതലുകളും പാലിക്കക്കുകയും വേണം, കാരണം  കോവിഡ് -19 ന്റെ ഗുരുതരമായ ഫലങ്ങളിൽ നിന്ന് വ്യക്തിപരമായി സംരക്ഷിക്കപ്പെടുമെങ്കിലും, വൈറസ് പടരുന്നത് തടയാൻ ഇത് മാത്രമാണ് ഒരു വഴി.

അതേസമയം, സാർസ് കോവ്-2 ന്റെ തന്നെ പുതിയ പകർച്ചവ്യാധികളെയും സാധ്യതകളെയും രാജ്യത്തെ അറിയിക്കാൻ ഇൻ‌സാക്കോഗ് (INSACOG) പോലുള്ള സംരംഭങ്ങൾക്ക് സാർസ് കോവ്-2 വൈറൽ ജനിതകവസ്തുക്കളുടെ സ്വീക്വൻസിംഗ് വർദ്ധിപ്പിക്കേണ്ടതുണ്ട്,. നിലവിൽ, രാജ്യത്തെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള പോസിറ്റീവ് സാമ്പിളുകളുടെ 5 ശതമാനം  സ്വീക്വൻസ് ചെയ്യാൻ INSACOG ലക്ഷ്യമിടുന്നു. ബി.1.617ന്റും സമാനമായ വേരിയന്റുകളും INSACOG പോലുള്ള സംരംഭങ്ങളുടെ ശ്രമങ്ങളുടെ ആവശ്യകതയെ ശക്തിപ്പെടുത്തുന്നു.


ലേഖിക ദില്ലിയിലെ സി‌എസ്‌ഐ‌ആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്. സമതമാത്യുവിന്റെ ലേഖികയുടെ ട്വിറ്റർ . ബ്ലോഗ്പോസ്റ്റ് : GenomeConnect ൽ വന്ന ലേഖനം


റഫറൻസുകൾ:

 1. Banu S, Jolly B, Mukherjee P, Singh P, Khan S, Zaveri L, Shambhavi S, Gaur N, Reddy S, Kaveri K, Srinivasan S, Gopal DR, Siva AB, Thangaraj K, Tallapaka KB, Mishra RK, Scaria V, Sowpati DT. A Distinct Phylogenetic Cluster of Indian Severe Acute Respiratory Syndrome Coronavirus 2 Isolates. Open Forum Infect Dis. 2020 Sep 18;7(11):ofaa434. doi: 10.1093/ofid/ofaa434. PMID: 33200080; PMCID: PMC7543508.
 2. https://pib.gov.in/PressReleaseIframePage.aspx?PRID=1707177
 3. https://cov-lineages.org/lineages/lineage_B.1.617.html
 4. Huang, Y., Yang, C., Xu, Xf. et al. Structural and functional properties of SARS-CoV-2 spike protein: potential antivirus drug development for COVID-19. Acta Pharmacol Sin 41, 1141–1149 (2020). https://doi.org/10.1038/s41401-020-0485-4
 5. Sikora M, von Bülow S, Blanc FEC, Gecht M, Covino R, Hummer G (2021) Computational epitope map of SARS-CoV-2 spike protein. PLoS Comput Biol 17(4): e1008790. https://doi.org/10.1371/journal.pcbi.1008790.
 6. Transmission, infectivity, and antibody neutralization of an emerging SARS-CoV-2 variant in California carrying a L452R spike protein mutation. Xianding Deng, Miguel A Garcia-Knight, Mir M. Khalid, Venice Servellita, Candace Wang, Mary Kate Morris, Alicia Sotomayor-González, Dustin R Glasner, Kevin R Reyes, Amelia S. Gliwa, Nikitha P. Reddy, Claudia Sanchez San Martin, Scot Federman, Jing Cheng, Joanna Balcerek, Jordan Taylor, Jessica A Streithorst, Steve Miller, G. Renuka Kumar, Bharath Sreekumar, Pei-Yi Chen, Ursula Schulze-Gahmen, Taha Y. Taha, Jennifer Hayashi, Camille R. Simoneau, Sarah McMahon, Peter V. Lidsky, Yinghong Xiao, Peera Hemarajata, Nicole M. Green, Alex Espinosa, Chantha Kath, Monica Haw, John Bell, Jill K. Hacker, Carl Hanson, Debra A. Wadford, Carlos Anaya, Donna Ferguson, Liana F. Lareau, Phillip A. Frankino, Haridha Shivram, Stacia K. Wyman, Melanie Ott, Raul Andino, Charles Y. Chiu. doi: https://doi.org/10.1101/2021.03.07.21252647.
 7. An emerging SARS-CoV-2 mutant evading cellular immunity and increasing viral infectivity. Chihiro Motozono, Mako Toyoda, Jiri Zahradnik, Terumasa Ikeda, Akatsuki Saito, Toong Seng Tan, Isaac Ngare, Hesham Nasser, Izumi Kimura, Keiya Uriu, Yusuke Kosugi, Shiho Torii, Akiko Yonekawa, Nobuyuki Shimono, Yoji Nagasaki, Rumi Minami, Takashi Toya, Noritaka Sekiya, Takasuke Fukuhara, Yoshiharu Matsuura, Gideon Schreiber, The Genotype to Phenotype Japan (G2P-Japan) consortium, So Nakagawa, Takamasa Ueno, Kei Sato. bioRxiv 2021.04.02.438288; doi: https://doi.org/10.1101/2021.04.02.438288.
 8. B.1.617 Lineage Report. Alaa Abdel Latif, Julia L. Mullen, Manar Alkuzweny, Ginger Tsueng, Marco Cano, Emily Haag, Jerry Zhou, Mark Zeller, Nate Matteson, Chunlei Wu, Kristian G. Andersen, Andrew I. Su, Karthik Gangavarapu, Laura D. Hughes, and the Center for Viral Systems Biology. outbreak.info, (available at https://outbreak.info/situation-reports?pango=B.1.617&loc=IND&loc=GBR&loc=USA&selected=IND). Accessed 17 April 2021.
 9. https://www.forbes.com/sites/williamhaseltine/2021/04/12/an-indian-sars-cov-2-variant-lands-in-california-more-danger-ahead/?sh=334052573b29
 10. https://www.cogconsortium.uk/
 11. Greenhalgh T, Jimenez JL, Prather KA, Tufekci Z, Fisman D, Schooley R. Ten scientific reasons in support of airborne transmission of SARS-CoV-2. Lancet. 2021 Apr 15:S0140-6736(21)00869-2. doi: 10.1016/S0140-6736(21)00869-2. Epub ahead of print. PMID: 33865497.
 12. BNT162b2 Vaccination Effectively Prevents the Rapid Rise of SARS-CoV-2 Variant B.1.1.7 in high risk populations in Israel. A. Munitz, M. Yechezkel, Y. Dickstein, D. Yamin, M. Gerlic. Open AccessPublished:April 17, 2021DOI:https://doi.org/10.1016/j.xcrm.2021

മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൗരോർജരംഗത്തെ സാധ്യതകൾ
Next post കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക്
Close