Read Time:21 Minute

അജിത് ഗോപി

സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏഴാമത്തെ അക്ഷയ ഊർജ സ്രോതസ്സുകളുടെ ഉപയോഗം സംബന്ധിച്ച് കേരളത്തിന്റെ നില വിശദീകരിക്കുന്നു. കെ.എസ്.ഇ.ബി. ലിമിറ്റഡുമായി ബന്ധപ്പെട്ടുള്ള അക്ഷയ ഊർജ പദ്ധതികൾ…അക്ഷയ ഊർജരംഗത്തെ പുതുസാങ്കേതികതകൾ…

2015-ൽ യു.എൻ. ജനറൽ അസംബ്ലി അംഗീകരിച്ച സുസ്ഥിര വികസനലക്ഷ്യങ്ങളിൽ (SDG) വളരെ ശ്രദ്ധേയമായതാണ് എല്ലാവർക്കും ഊർജലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഏഴാമത്തെ ലക്ഷ്യം (SDG 7). അക്ഷയ ഊർജസ്രാതസ്സുകളുടെ പ്രാധാന്യം പ്രത്യേകം എടുത്തു പറയുന്നുണ്ടിതിൽ1. അക്ഷയ ഊർജ സ്രോതസ്സുകളിൽ ഏറ്റവും പ്രാധാന്യം സൗരോർജത്തിനു തന്നെയാണ്. 2019-ൽ സൗരോർജവുമായി ബന്ധപ്പെട്ട ലോകവിപണിക്ക് 49% വർദ്ധനവാണുണ്ടായത്. 2019 അവസാനിക്കുമ്പോൾ ലോകത്ത് ആകെ 627 GW ശേഷിയുള്ള സൗരോർജ വൈദ്യുത നിലയങ്ങളാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ആകെ സ്ഥാപിതശേഷിയിൽ ചൈന മുന്നിൽ നിൽക്കുമ്പോൾ അമേരിക്ക, ജപ്പാൻ, ജർമ്മനി, എന്നീ രാജ്യങ്ങളെ പിൻതുടർന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 2019-ലെ മാത്രം ആഗോള സൗരോർജ വിപണി പരിശോധിക്കുമ്പോൾ തുടർച്ചയായി 7-ാം വർഷവും ഏഷ്യയാണ് മുന്നിൽ നിൽക്കുന്നത്. ഇതിൽ തന്നെ വിപണിയുടെ 26 ശതമാനവും ചൈന കരസ്ഥമാക്കുമ്പോൾ അമേരിക്കയ്ക്ക് പിന്നിലായി 9% പ്രാതിനിധ്യം ഇന്ത്യയ്ക്കുണ്ട്2.


ഇന്ത്യയിൽ സൗരോർജം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള നവീനവും പുതുക്കാവുന്നതുമായ ഊർജ സോതസ്സുകളുടെ മന്ത്രാലയം (MNRE-Minstry of New and Renewable Energy) 2010-ൽ ആവിഷ്‌ക്കരിച്ച ‘നാഷണൽ സോളാർ മിഷൻ’ 20 GW ഊർജോല്പാദനമാണ് രാജ്യത്ത് ലക്ഷ്യമിട്ടിരുന്നെങ്കിലും പിന്നീട്, 2015-ൽ ലക്ഷ്യം 100 GW ആക്കി ഉയർത്തിയിരുന്നു. 2022-ൽ അക്ഷയ ഊർജസ്രോതസ്സിൽ നിന്നും ആകെ 175 GW ഊർജമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 100 GW സൗരോർജത്തിൽ നിന്നും 60 GW പവനോർജത്തിൽ നിന്നും 10GW ജൈവോർജത്തിൽ നിന്നും 5 GW ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്നുമാണ് ഉൽപ്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കൂടാതെ കാലാവസ്ഥ വ്യതിയാനം നേരിടുന്നതിന്റെ ഭാഗമായി 2030-ൽ 450 GW വൈദ്യുതി അക്ഷയ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉല്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിട്ടുള്ളത്3.

ലോകമാകെ നടക്കുന്ന സൗരോർജ വിപ്ലവത്തിൽ കേരളവും അതിന്റെ സാധ്യതയനുസരിച്ചുള്ള പങ്ക് വഹിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങിയ പശ്ചാത്തലത്തിൽ സൗരോർജം പവനോർജം തുടങ്ങിയ കാർബൺരഹിത ഊർജ സ്രോതസ്സുകൾക്കും അവയുപയോഗിച്ചുള്ള ഊർജോല്പാദനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഊർജമിഷന്റെ ഭാഗമായി 2022-ഓടു കൂടി 1000 MW വൈദ്യുതി സരോർജത്തിൽ നിന്നും ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 500 MW കേരളത്തിന് ഏറ്റവും അനുയോജ്യമായ സോളാർ റൂഫ് ടോപ്പ് പദ്ധതികളിൽ നിന്നാണ് ലക്ഷ്യമിടുന്നത്. 200 MW പദ്ധതി Land-based പദ്ധതികളിൽ നിന്നും ലക്ഷ്യമിടുന്നു. ബാക്കി 300 MW ഫ്‌ളോട്ടിംഗ് സോളാർ പ്ലാന്റുകകളിൽ നിന്നും കൂടാതെ ഹൈവേ-ടോപ്പ് സോളാർ, കനാൽ-ടോപ്പ് സോളാർ തുടങ്ങിയ വ്യത്യസ്ഥ സാധ്യതകളിൽ നിന്നും ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് 4.

കേരളം ഒരു ട്രോപ്പിക്കൽ പ്രദേശമാണെങ്കിലും സോളാർ ഫോട്ടോ വോൾട്ടായിക് പദ്ധതികൾക്ക് (Solar PhotovoItaic Projects) അനുയോജ്യമായ സാഹചര്യമാണുള്ളത് എന്ന് സൗരോർജ സാധ്യതാപഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. തടസ്സമില്ലാതെ നേരിട്ടു ലഭിക്കുന്ന സൗരോർജ്ജ കിരണങ്ങളും (DNI- Direct Normal Irradiation) പ്രതിഫലിച്ചുവരുന്നതും ചിതറി വരുന്നതുമായ സൗരോർജ കിരണങ്ങളും (DHI- Diffused Horizontal Irradiation) സോളാർ ഫോട്ടോ വോൾട്ടായിക് പാനലുകൾ പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ട്രോപ്പിക്കൽ പ്രദേശങ്ങളുടെ സവിശേഷതയായ മേഘശകലങ്ങളിൽ നിന്ന് പ്രതിഫലിച്ചുവരുന്ന സൂര്യപ്രകാശവും വൈദ്യുതി ഉൽപ്പാദനത്തിനു പ്രയോജനപ്പെടും. പ്രതിദിനം ചതുരശ്ര മീറ്ററിന് 5.49 kWh ആണ് കേരളത്തിന്റെ ശരാശരി ഗ്ലോബൽ സോളാർ റേഡിയേഷൻ (GHI – Global Horizontal irradiance) 5. ഇത് നേരിട്ടുള്ള സോളാർ റേഡിയേഷന്റെയും (DNI) പ്രതിഫലിപ്പിക്കപ്പെട്ട സോളാർ റേഡിയേഷന്റെയും (DHI) ഏകദേശ സംയുക്തമാണ്.

കേരളത്തിനുതകുന്ന വൈദ്യുത ശൃംഖലയുമായി ബന്ധപ്പെടുത്തുന്ന സൗരോർജോല്പാദന മാർഗങ്ങൾ ഇനി പറയുന്നവയാണ്:

  1. മേൽക്കൂരയിൽ സ്ഥാപിക്കുന്ന സൗരോർജ നിലയങ്ങൾ (Solar Roof-top Plants).
  2. ജലോപരിതല സൗരോർജ്ജ നിലയങ്ങൾ (Floating Solar Plants).
  3. വൈദുതി ഗ്രിഡുമായി ബന്ധിപ്പിക്കാവുന്നതും അല്ലാത്തതുമായ സൗരോർജ/ അക്ഷയ ഊർജ മൈക്രോ ഗ്രിഡുകൾ (Grid Connected and Stand- alone Microgrids with Renewable Energy Sources)
  4. ഹൈവേകൾക്കും കാനാലുകൾക്കും മുകളിൽ സ്ഥാപിക്കാവുന്ന വൈദ്യുത നിലയങ്ങൾ
  5. കൃഷി സൗഹൃദ സൗരോർജ നിലയങ്ങൾ (Agri-Photovoltaic Projects)
  6. Pumped Storageന്റെ ഭാഗമായി സ്ഥാപിക്കാവുന്ന സൗരോർജ സംവിധാനങ്ങൾ.

മേൽപ്പറഞ്ഞ സൗരോർജ സംവിധാനങ്ങളിൽ സോളാർ റൂഫ് ടോപ്പ് പ്രോജക്ടുകൾക്കും സോളാർ ഫ്‌ളോട്ടിംഗ് പ്രോജക്ടുകൾക്കും കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ വലിയ പ്രാധാന്യമാണുള്ളത്. കേരളത്തിൽ ഇത്തരം സൗരോർജ സംവിധാനങ്ങളുടെ പ്രസക്തിയെക്കുറിച്ച് ലഘുവായി സൂചിപ്പിക്കാം.

മേൽക്കൂരയിൽ സ്ഥാപിക്കുന്ന സൗരോർജ്ജ നിലയങ്ങൾ (Solar Roof-top Plants)

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്ഥാപിക്കപ്പെടുന്ന പോലെ വളരെ ഉയർന്ന ശേഷിയുള്ള മെഗാ സൗരോർജ പവ്വർ പ്ലാൻറുകളേക്കാൾ കേരളത്തിന് അനുയോജ്യമായിട്ടുള്ളത് മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ റൂഫ് ടോപ് പ്ലാന്റുകളാണ്. വീടുകളോടൊപ്പം സർക്കാർ-പ്രൈവറ്റ് ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളിലുമൊക്കെ നല്ല വെളിച്ചം ലഭിക്കുന്ന കെട്ടിട മേൽക്കൂരകൾ ആണെങ്കിൽ സോളാർ റൂഫ് ടോപ്പ് പ്ലാൻറുകൾ സ്ഥാപിക്കാവുന്നതാണ്.

വയനാട് ജില്ലയിലെ ബാണാസുരസാഗർ ഡാം റിസർവ്വോയറിൽ KSEB Ltd. 2016-ൽ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സോളാർ ഫ്‌ളോട്ടിംഗ് പ്രോജക്ട്

ജലോപരിതല സൗരോർജ്ജ നിലയങ്ങൾ (Floating Solar Plants)

വയനാട് ജില്ലയിലെ ബാണാസുരസാഗർ ഡാം റിസർവ്വോയറിൽ KSEB Ltd. 2016-ൽ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സോളാർ ഫ്‌ളോട്ടിംഗ് പ്രോജക്ടിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. 500 kWp ആണ് പ്രസ്തുത പദ്ധതിയുടെ സ്ഥാപിതശേഷി. പിന്നിട് 2017 മാർച്ചിൽ കായംകുളത്ത് NTPC 100 kWp ശേഷിയുള്ള ഒരു സോളാർ ഫ്‌ളോട്ടിംഗ് പ്രോജക്ട് സ്ഥാപിച്ചു. ലോകത്ത് ആദ്യത്തെ സമ്പൂർണ്ണ സോളാർ എയർപോർട്ട് പ്രോജക്ട് നടപ്പിലാക്കി മാതൃക കാട്ടിയ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ആകെ 452 kWp ശേഷിയുള്ള 2 സോളാർ ഫ്‌ളോട്ടിംഗ് സോളാർ പ്ലാന്റുകൾകൂടി സ്ഥാപിച്ചുകൊണ്ട് അവരുടെ സ്ഥാപിതശേഷി ആകെ 40 MW ആക്കി മാറ്റിയിട്ടുണ്ട്. നിരവധി ഡാമുകളും അവയോട് അനുബന്ധിച്ച റിസർവ്വോയറുകളും തടാകങ്ങളും കായലുകളും ഉള്ള കേരളത്തിൽ ഫ്‌ളോട്ടിംഗ് സോളാർ പ്രോജക്ടുകൾക്ക് നല്ല സാധ്യതയാണുള്ളത്; പ്രത്യേകിച്ചും വലിയ തോതിലുള്ള Land based സോളാർ പ്രോജക്ടുകൾക്ക് കേരളത്തിൽ പരിമിതികൾ ഉള്ളപ്പോൾ. ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾക്കായുള്ള റിസർവോയറുകളിൽ തന്നെ ഫ്‌ളോട്ടിംഗ് സോളാർ പദ്ധതികൾ സ്ഥാപിക്കുന്ന മാതൃകകൾ ഇന്ന് ലോകത്ത് ഉയർന്നു വന്നിട്ടുണ്ട്. നിലവിലുള്ള Power Evacuation സംവിധാനങ്ങൾ ശക്തിപ്പെടുത്തിയാണ് ഇത്തരം പദ്ധതികൾ പ്രവർത്തിക്കുന്നത്.

വൈദ്യുതശൃംഖലയുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതരം നിരവധി സൗരോർജവൈദ്യുത നിലയങ്ങൾ (Off-grid / Stand-alone PV Power plants) കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ആവാസ സങ്കേതങ്ങൾക്കുള്ള സൗരോർജ മൈക്രോഗ്രിഡുകൾ ഈ കാറ്റഗറിയിൽ പെടുന്നു. ബാറ്ററി സംഭരണശേഷിയോടു കൂടിയുള്ള ശൃഖല ബന്ധിതമല്ലാത്ത സൗരോർജ പവർ പ്ലാന്റുകൾ നഗരപ്രദേശങ്ങളിലും ഗുണഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ശൃഖല ബന്ധിതമായതും എന്നാൽ ചെറിയ രീതിയിലുള്ള ബാറ്ററി സംഭരണ ശേഷിയോടു കൂടിയതുമായ സൗരോർജ പവർ പ്ലാന്റുകളും (Hybrid PV Power Plants) ഇപ്പോൾ സാധ്യമാണ്. കെട്ടിടങ്ങളുമായി സമഗ്രമായി സംയോജിപ്പിച്ച സൗരോർജ സംവിധാനങ്ങൾ (BlPV – Building Integrated PV) കേരളത്തിൽ കണ്ടു വരുന്നില്ലെങ്കിലും ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ഇതേ സമയം സൗരോർജ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയ്ക്ക് ആഗോളതലത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സൗരോർജ പാനലുകളുടെ ഘടനയിലും സാങ്കേതിക വിദ്യയിലും കഴിഞ്ഞ ഒരു ദശകത്തിൽ ഗുണപരമായ ഒരു കുതിച്ചു ചാട്ടം തന്നെ സംഭവിച്ചിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായി വിപണിയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് ക്രിസ്റ്റലൈൻ സിലിക്കൺ സരോർജ മോഡ്യൂളുകളാണ്. തൊണ്ണൂറുകളിൽ മോണോ സിലിക്കൺ സരോർജ മോഡ്യൂളുകളാണ് കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. എളുപ്പമുള്ള നിർമാണ പ്രക്രിയയും വ്യാപകമായ ലഭ്യതയും പോളി ക്രിസ്റ്റലൈൻ സോളാർ മോഡ്യൂളുകളെ സൗരോർജ സംവിധാനങ്ങളിൽ സർവസാധാരണമാക്കി. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി മോണോ ക്രിസ്റ്റലൈൻ സൗരോർജ മോഡ്യൂളുകൾ സ്വാഭാവികമായ ഉയർന്ന ദക്ഷതകൊണ്ടും വീണ്ടും ദക്ഷത കൂട്ടാനുള്ള പുതിയ സാങ്കേതിക വിദ്യകളിലൂടെയും അവയുടെ പൊതുസ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

ഈയിടെ ആഗോള വിപണിയിൽ സജീവ ശ്രദ്ധയാകർഷിച്ച ചില സൗരോർജ മോഡ്യൂൾ സാങ്കേതിക വിദ്യകളെക്കുറിച്ചാണ് ഇനി പ്രതിപാദിക്കുന്നത്.

1. PERC സൗരോർജ മോഡ്യൂളുകൾ: സൗരോർജ PERC (Passivated Emmiter & Rear Collector) സാങ്കേതിക വിദ്യയുള്ള ക്രിസ്റ്റലൈൻ സൗരോർജ മോഡ്യൂളുകളിൽ പുറകുവശത്തായി കൂടുതൽ സൗരോർജ കിരണങ്ങളെ ആഗീരണം ചെയ്യുന്നതിനായി ഒരു Dielectric Passivation Film ഉപയോഗിക്കുന്നുണ്ട്. ഈ രീതിയിൽ സാധാരണ സൗരോർജ മോഡ്യൂളുകളെപ്പോലെ മുൻവശത്ത് സൗരോർജം ആഗീരണം ചെയ്യുന്നതിനോടൊപ്പം പുറകുവശത്തുകൂടി പ്രതിഫലിക്കപ്പെട്ടതും ചിതറിയതുമായ കിരണങ്ങളെക്കൂടി ആഗിരണം ചെയ്യുന്നു. ഇതു വഴി കൂടുതൽ ഊർജോല്പാദനം സാധ്യമാകുന്നു.

2. Half-Cut സൗരോർജ മോഡ്യൂളുകൾ: സോളാർ സെല്ലുകളെ രണ്ടായി വിഭജിച്ച് സൗരോർജ മോഡ്യൂളുകളിൽ ഉൾപ്പെടുത്തുന്ന രീതിയാണ് Half-Cut സൗരോർജ മോഡ്യൂളുകളിൽ കാണുന്നത്. ഈ സംവിധാനം വഴി ഊർജ നഷ്ടം കുറവാകുകയും കൂടുതൽ ഊർജം പ്രസ്തുത സൗരോർജ സ്രോതസ്സ് വഴി ലഭ്യമാവുകയും ചെയ്യുന്നു. ഇത്തരം വിഭജിത സോളാർ സെല്ലുകൾ ഉപയോഗിക്കുന്നതുവഴി ഈടുറ്റ സൗരോർജ മോഡ്യൂളുകൾ കടുതൽ ഊർജ ലഭ്യതയോടുകൂടി ലഭ്യമാവുന്നതാണ്.

3. Bifacial സൗരോർജ മോഡ്യൂളുകൾ: Bifacial സൗരോർജ മോഡ്യൂളുകളിൽ സോളാർ പാനലിന്റെ ഇരുവശത്തും ഊർജോല്പാദനം നടക്കുന്നു. കൂടാതെ സാധാരണ Monofficial സൗരോർജ്ജ മോഡ്യൂളുകളെ അപേക്ഷിച്ച് Bifacial സൗരോർജ മോഡ്യൂളുകൾ 15% മുതൽ 20% വരെ ഊർജോല്പാദനക്ഷമത ഉള്ളവയാണ് 6.
സൗരോർജ cell-കളുടെയും സോളാർ മോഡ്യൂളുകളുടെയും ഗവേഷണ രംഗത്തും കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. ഇവയിൽ ശ്രദ്ധേയമായവ താഴെ ഹ്രസ്വമായി പ്രതിപാദിക്കുന്നു.

  1.  Hetero Junction Technology (HJT): വിവിധതരം സാങ്കേതികവിദ്യകളിലുള്ള സൗരോർജ സെല്ലുകൾ ഒരു സാൻഡ് വിച്ചിലുള്ളതുപോലെ ഉപയോഗിക്കുന്ന രീതിയാണിത്. രണ്ട് Thin film സിലിക്കോൺ സൗരോർജ സെല്ലുകൾക്കിടയിൽ ഒരു ക്രിസ്റ്റലൈൻ സിലിക്കോൺ സൗരോർജ സെൽ വയ്ക്കുന്ന രീതിയാണ് HJT സാങ്കേതിക വിദ്യയിൽ സാധാരണയായി കണ്ടുവരുന്നത്. ഉയർന്ന ദക്ഷതയിൽ സൗരോർജ മോഡ്യൂളുകൾ പ്രവർത്തിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
  2. Pervoskite സോളാർ സെല്ലുകൾ: ജൈവവും അജൈവവുമായ പദാർത്ഥങ്ങൾ കൊണ്ടാണ് Perovskite സോളാർ സെല്ലുകളുടെ നിർമ്മിതി. ഇത്തരം സോളാർസെല്ലുകൾ ഘനം കുറഞ്ഞവയും 25 ശതമാനത്തിലധികം ദക്ഷതയുള്ളവയുമാണ്. നിരവധി ഗവേഷണങ്ങൾ ഈ രംഗത്തു നടക്കുന്നുണ്ട്.
  3. Dye-sensitied സോളാർ സെല്ലുകൾ (DSSC): ഉയർന്ന ദക്ഷതയുള്ള Thin-film സോളാർ സെല്ലുകളാണ് Dye-sensi-tied സോളാർ സെല്ലുകൾ (DSSC). സാധാരണ സിലിക്കൺ സെൽ സോളാർ മോഡ്യൂളുകളെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതൽ സൗരോർജത്തെ ആഗിരണം ചെയ്യാൻ കഴിയുമെന്ന സവിശേഷതയുണ്ടെങ്കിലും ചില പ്രയോഗിക പരിമിതികൾ ഇനിയും ഗവേഷണത്തിലൂടെ പരിഹരിക്കപ്പെടേണ്ടതുണ്ട് 7.

സംസ്ഥാനത്തെ പൊതുമേഖലയിലെ വൈദ്യുതി ഉല്പാദന-വിതരണ സ്ഥാപനമായ KSEB Ltd ന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പുരപ്പുറ സൗരോർജ പദ്ധതിയായ ‘സൗര സോളാർ റൂഫ് ടോപ് പദ്ധതി’ ഈ മേഖലയിലെ രാജ്യത്തെ ശ്രദ്ധേയമായ പ്രോജക്ടാണ്. അക്ഷയ ഊർജ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ പവ്വർ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ അനെർട്ടും സംസ്ഥാന ഊർജമിഷനു കീഴിലുള്ള ഈ പദ്ധതിയിൽ കൈകോർക്കുന്നുണ്ട്. ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ധനസഹായവുമുണ്ട്. വീടുകളിൽ സ്ഥാപിക്കുന്ന സോളാർ റൂഫ് ടോപ്പ് പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ആദ്യത്തെ സൗരോർജ ‘സ്വതന്ത്ര ഊർജോല്പാദക’ (IPP-Independent Power Producer) പ്രോജക്ടായ കുഴൽമന്ദം 2 MW സോളാർ പ്രോജക്ട് സ്ഥാപിച്ചത് അനെർട്ടാണ്8.

കേരളത്തിന്റെ ഊർജരംഗത്ത് സാരോർജം നിർണ്ണായകമായ സ്വാധീനമാണ് ചെലുത്താൻ പോകുന്നത്. ശക്തമായ പ്രാദേശികാസൂത്രണവും വിദഗ്ദ്ധമായ ഗ്രിഡ് മാനേജ്‌മെന്റും ഊർജ പ്രവചന (Energy Forecasting) സംവിധാനവും ഇതിന് ആവശ്യമാണ്. ഊർജ രംഗത്തെ സ്വാധീനിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളായ വിർച്വൽ പവർ പ്ലാന്റുകളും (VPP-Virtual Power Plants), ബ്ലോക്ക് ചെയിൻ (Block Chain) ഉൾപ്പടെയുള്ള ആധുനിക സങ്കേതങ്ങളും വികേന്ദ്രീകൃത ഊർജ സ്രാതസ്സുകളുടെ (Distributed Energy Resources) ഫലവത്തായ വിന്യാസത്തിന് ആവശ്യമാണ്. കേരളത്തിലെ വളരെ ശക്തമായ വികേന്ദ്രീകൃത ഭരണസംവിധാനം ഇതിനു തികച്ചും അനുയോജ്യമാണ്. സൗരോർജ രംഗത്തെ മേൽപ്പറഞ്ഞ ഇടപെടലുകൾ വഴി കേരളത്തിന്റെ ഊർജ രംഗത്തെ സ്വയംപര്യാപ്തതയിലെത്തിക്കാനും കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പ്രവർത്തനങ്ങളിൽ കേരളത്തിന്റേതായ സംഭാവന ചെയ്യാനും കഴിയുമെന്ന് പ്രതീക്ഷിക്കാം.


സൂചിക:

  1. Gielen et al; 2019: ‘The role of renewable energy in the global energy transformation’
    Energy Strategy Reviews (Vol 24, April 2019. Pages 38-50)
  2. REN21: Global Status Report 2020
  3. Ministry of New and Renewable Energy (mnre.gov.in)
  4. Kerla State Electricity Board Ltd. (www.kseb.in)
  5. www.nrel.gov
  6. www.solarpowerworldonline.com
  7. www.pv-magazine.com
  8. www.anert.gov.in

2021- ഏപ്രിൽ ലക്കം ശാസ്ത്രഗതിയിൽ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ച ലേഖനം. ശാസ്ത്രഗതി ഇപ്പോൾ ഓൺലൈനായി വരിചേരാം.



പ്രി-പബ്ലിക്കേഷൻ പുസ്തകം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Next post നിരന്തരം രൂപം മാറുന്ന ശത്രു : വകഭേദം വന്ന കോവിഡ് വൈറസിന്റെ ആവിർഭാവം ഇന്ത്യയിൽ
Close