Read Time:9 Minute

ഡോ.കെ.പി.അരവിന്ദൻ

ഇ.ഒ വിൽസൺ എന്ന പ്രസിദ്ധ ജന്തുശാസ്തജ്ഞൻ ഈ ആഴ്ച്ച തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നിര്യാതനായി. ജന്തുശാസ്ത്രത്തിൽ തന്നെ ഉറുമ്പുകളുടെ പഠനത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. 1971 ൽ.  പ്രസിദ്ധീകരിച്ച പ്രാണി സമൂഹങ്ങൾ (The Insect Societies) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടെ പ്രാണി ശാസ്ത്രജ്ഞൻ,  ഉറുമ്പു ശാസ്ത്രജ്ഞൻ (myrmecologist) എന്നീ നിലകളിൽ ഇ.ഒ വിൽസൺ അക്കാദമിക വൃത്തങ്ങളിൽ വലിയ അംഗീകാരം നേടി. പ്രാണികൾ വിശിഷ്യാ ഉറുമ്പുകളുടെ സാമൂഹ്യ ജീവിതമായിരുന്നു വിൽസന്റെ ഗവേഷണ വിഷയം. അവയുടെ ജീവിതക്രമം, പ്രത്യേകിച്ചും ത്യാഗശീലം (Altruism) പോലുള്ള സ്വഭാവഗുണങ്ങൾ ജനിതകപരമായി നിർണയിക്കപ്പെടുന്നതാണെന്നും അതെങ്ങിനെ പരിണാമപരമായി വിശദീകരിക്കാമെന്നും അദ്ദേഹം കണ്ടെത്തി.

1975ൽ Sociobiology: The New Synthesis എന്ന ഗ്രന്ഥത്തിലൂടെ  മറ്റു ജീവികളിലെ സാമൂഹ്യ ജീവിതത്തിന്റെ ജനിതക – പരിണാമ അടിത്തറയെ പറ്റി നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. 27 അദ്ധ്യായങ്ങളുള്ള പുസ്തകത്തിൽ 26 അദ്ധ്യായങ്ങളും പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ ഇരുപത്തിഏഴാമത്തെ അദ്ധ്യായം മനുഷ്യൻ്റെ സ്വഭാവഗുണങ്ങളും സാമൂഹ്യജീവിതവും ഇതേ നിയമങ്ങളാൽ ബന്ധിതമാക്കപ്പെട്ടു കിടക്കുന്നു എന്നു സമർത്ഥിക്കുന്നതായിരുന്നു. ഇത് വലിയ വിവാദമാവാൻ അധിക സമയം എടുത്തില്ല. പരിണാമജീവശാസ്ത്ര രംഗത്തും സമൂഹ്യശാസ്ത്രരംഗത്തും പ്രവർത്തിക്കുന്ന  നിരവധി പേർ പുതിയ ശാസ്ത്രശാഖയെന്ന് അവകാശപ്പെടുന്ന  ‘സോഷ്യോബയോളജി’ക്കെതിരെ രംഗത്തു വന്നു.

ജൈവശാസ്ത്രജ്ഞരുടെ പ്രധാന എതിർപ്പ് സാമൂഹ്യജീവിതമുള്ള പ്രാണികൾക്കപ്പൃറം തെളിവുകൾ കുറഞ്ഞു കുറഞ്ഞു വരുന്നെന്നും മനുഷ്യനിലെത്തുമ്പോഴേക്ക് വാദങ്ങൾക്ക് തെളിവുകൾ ഒട്ടുമേ ഇല്ലെന്നതുമായിരുന്നു. ‘കൂട്ടം തിരഞ്ഞെടുക്കൽ’ (group selection) എന്ന ആശയം മുന്നോട്ട് വെച്ചതും വ്യാപകമായ എതിർപ്പിന് ഇടയാക്കി. ഡാർവിന്റെ സിദ്ധാന്തമനുസരിച്ച് വ്യക്തികളുടെ തലത്തിലാണ് പ്രകൃതിയുടെ തെരഞ്ഞെടുപ്പ് (പ്രകൃതി നിർധാരണം; Natural selection) പ്രവർത്തിക്കുന്നത്. എന്നാൽ സാമൂഹ്യ ജീവിതമുള്ള ചില പ്രാണികളിൽ ‘ത്യാഗശീലം (Altruism) പോലുള്ള ഗുണങ്ങൾക്ക് കാരണം അവനവനു ദോഷം ചെയ്തുപോലും ബന്ധുക്കൾക്ക് ഗുണം ചെയ്യുന്ന സ്വഭാവങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നത് കൊണ്ടാണെന്ന് കണ്ടിട്ടുണ്ട്. ചില വ്യക്തികൾക്ക് ഒരു ജോഡിയും ചിലർക്ക് രണ്ട് ജോഡിയും ക്രോമോസോമുകളുള്ള (Haplodiploid) ജീവികളിൽ ഇതു കൊണ്ട് സമൂഹത്തിനുള്ള ഗുണം ഗണിതപരമായി വിശദീകരിക്കാവുന്നതുമാണ്.  Kin selection എന്നറിയപ്പെടുന്ന ഈ പ്രക്രിയ എല്ലാവരും അംഗീകരിക്കുന്നതുമാണ്.  എന്നാൽ സമാനമായ രീതിയിൽ മറ്റു ജീവികളിലും വ്യക്തികൾ എന്നതിലുപരി group selection നടക്കുന്നുവെന്ന അഭിപ്രായം പൊതുവിൽ അംഗീകരിക്കപ്പെട്ടില്ല.

മനുഷ്യനിലെ സ്വഭാവഗുണങ്ങൾക്കും ബുദ്ധിശക്തി പോലുള്ള ഗുണങ്ങൾക്കും പിന്നിൽ ജനിതകം പോലെ തന്നെയോ അതിലധികമോ സംസ്കാരത്തിനു പങ്കുണ്ടെന്നും അത് നിഷേധിക്കുന്ന നിലപാടുകളാണ് സോഷ്യോബയോളജിയുടേതെന്നുമാണ് സാമൂഹ്യശാസ്ത്രജ്ഞർ പലരും അഭിപ്രായപ്പെട്ടത്. ഐ.ക്യു വിവാദവും അതിൻ്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന പ്രകൃതി – സംസ്കാര  (Nature – Nurture) തർക്കവും കെട്ടടങ്ങാത്ത കാലത്ത് പ്രകൃതിയുടെ പക്ഷം പിടിക്കുന്ന നിലപാടുകളായിരുന്നു വിൽസണും കൂട്ടരും പൊതുവേ സ്വീകരിച്ചത്.

സ്റ്റീഫൻ ജെ ഗൂൾഡ്

വിൽസൺ ജോലി ചെയ്തിരുന്ന ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ തന്നെ പ്രസിദ്ധ പാലിയോൺടോളജിസ്റ്റും പരിണാമ ചിന്തകനും എഴുത്തുകാരനുമായ സ്റ്റീഫൻ ജെ ഗൂൾഡും, അവിടെ തന്നെ പരിണാമ ശാസ്ത്രജ്ഞനായ റിച്ചാർഡ് ല്യുവോൺടിനും സോഷ്യോബയോളജിക്കെതിരെ രാഷ്ട്രീയ വിമർശനവുമായി രംഗത്തു വന്നു. മനുഷ്യർ തമ്മിലുള്ള സാമ്പത്തിക വർഗ്ഗ വ്യത്യാസങ്ങളും ഉച്ചനീചത്വങ്ങളുമെല്ലാം ജീനുകളിൽ ആലേഖനം ചെയ്യപ്പെട്ടതും പരിണാമത്താൽ തെരഞ്ഞടുക്കപ്പെട്ടതുമാണെന്ന വാദം യാതൊരു തെളിവുമില്ലാത്തതാണെന്നും സാമൂഹ്യമാറ്റത്തെ ചെറുക്കുന്ന വലതുപക്ഷ അജൻഡകളെ സഹായിക്കുന്നതുമാണെന്നവർ വാദിച്ചു.

45 വർഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ സോഷ്യോബയോളജി എന്ന പുസ്തകത്തിൻ്റെ പ്രധാന ഫലം ബയോളജിയുടെ സാമൂഹ്യ – രാഷ്ട്രീയ മാനങ്ങൾ ആഴത്തിലുള്ള ചർച്ചയ്ക്കു വിധേയമാക്കി എന്നതാണ്. എന്നാൽ അതിൻ്റെ ഉള്ളടക്കത്തിന് തെളിവുകളുടെ കടുത്ത അഭാവത്തിൽ ഒട്ടും തന്നെ മുന്നോട്ടു പോവാനായില്ല. അക്കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോഷ്യോബയോളജി എന്ന പദം പോലും ഉപേക്ഷിക്കപ്പെട്ടു. പുതിയ വേഷത്തിൽ ഈ ആശയങ്ങളിൽ പലതും ‘പരിണാമിക മനശാസ്ത്രം’ (Evolutionary psychology) എന്ന ലേബലിൽ പുനരവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മറക്കുന്നില്ല. സോഷ്യോബയോളജിയുടെ പോലെ തന്നെ പ്രായോഗിക തെളിവുകളുടെ അഭാവം ഇതിനെയും ബാധിക്കുന്നുണ്ട്.

മാത്രമല്ല, കഴിഞ്ഞ ഇരുപതു വർഷത്തെ പഠനങ്ങളുടെ ഫലമായി തലച്ചോറിന്റെ പ്രവർത്തനത്തെ പറ്റിയും ജീനുകളുടെ പ്രവർത്തനത്തെ പറ്റിയുമൊക്കെയുള്ള അറിവുകളിൽ ഒരു മഹാവിസ്ഫോടനം തന്നെ നടന്നിട്ടുണ്ട്. മെൻഡലിന്റെ പയറുചെടികളിലെന്ന പോലെ ലളിതമായല്ല മനുഷ്യമസ്തിഷ്കം പ്രവർത്തിക്കുന്നതെന്ന് ഇന്ന് നമുക്കറിയാം. ജീനുകൾ പണിതു തീർക്കുന്ന ചില പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിലും അനേക രീതിയിൽ വികസിക്കാനും പ്രവർത്തിക്കാനും കഴിവുള്ളതാണ് നമ്മുടെ തലച്ചോറും ബുദ്ധിയുമെല്ലാം. ജനിച്ചു വീഴുന്നതിനോ അതിനു മുൻപോ തുടങ്ങുന്ന പുറം സ്വാധീനങ്ങളും എപ്പിജനിതകമായ മാറ്റങ്ങളും സാംസ്കാരിക സ്വാധീനങ്ങളുമെല്ലാം നാം അന്തിമമായി ആരായിത്തീരുന്നു എന്ന് നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അതു പോലെ മനുഷ്യ വിഭാഗങ്ങൾ തമ്മിലോ ആണും പെണ്ണും തമ്മിലോ ഒക്കെ കഴിവുകളിൽ ഉണ്ടെന്നു പറഞ്ഞിരുന്ന വ്യത്യാസങ്ങൾ തെറ്റായ നിഗമനങ്ങളും പലപ്പോഴും രാഷ്ട്രീയ മുൻവിധികളാൽ സ്വാധീനിച്ച് കള്ളം പറഞ്ഞുണ്ടാക്കിയതാണെന്നും ഇന്നറിയാം.

ഇ.ഒ വിൽസൺ പ്രാണിശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്നും ആദരിക്കപ്പെടും. അതിനപ്പുറം അദ്ദേഹം ഒരു വിവാദപുരുഷൻ മാത്രമാണ്.


അനുബന്ധ വായനയ്ക്ക്

  1. അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ
  2. Scientific Racism- വേർതിരിവിന്റെ കപടശാസ്ത്രം
  3. മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ
  4. സ്റ്റീഫന്‍ ജയ്ഗോള്‍ഡിന്റെ ജ്ഞാനശാസ്ത്ര സമീപനങ്ങള്‍ – ഒരാമുഖം

Happy
Happy
40 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

One thought on “ഉറുമ്പിൽ നിന്ന് മനുഷ്യനിലേക്ക് – സോഷ്യോബയോളജി എന്ന വിവാദശാസ്ത്രം

Leave a Reply

Previous post കോസ്മിക് കലണ്ടർ
Next post ലിയോണാർഡ് ധൂമകേതു – കേരളത്തിൽനിന്നുള്ള ചിത്രങ്ങൾ
Close