Read Time:11 Minute

ഡോ.ബ്രിജേഷ്,

ജിയോളജി വിഭാഗം, എം.ഇ.എസ്. കോളേജ് പൊന്നാനി

വയനാടും നിലമ്പൂരും ഉണ്ടാക്കിയ നടുക്കം ചെറുതല്ല. ഒരു കാര്യം തീർച്ചയാണ്. ഇവിടങ്ങളിൽ സംഭവിച്ചത് മനുഷ്യ പ്രവൃത്തികൾക്കുകൂടി പങ്കുള്ള ഒരു പ്രകൃതി ദുരന്തമാണ്. 

മൂന്നാറില്‍ 2018 ല്‍ നടന്ന ഉരുള്‍പൊട്ടല്‍

കേരളത്തിന്റെ ഭൂപ്രകൃതിയും ഭൂഘടനയും.

ഒരു സംസ്ഥാനമാകെ മൂന്ന് തട്ടുകളായി സ്ഥിതി ചെയ്യുന്ന സവിശേഷ ഭൂപ്രകൃതിയാണ് നമ്മുടെ കൊച്ചു കേരളത്തിനുള്ളത്.ഏതാണ്ട് പൂർണ്ണമായും പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന മലനാട്, ചെറിയ കുന്നുകൾ ഉൾപ്പെടുന്ന ഇടനാട്, കായലും കടലും ഉൾപ്പെടുന്ന തീരപ്രദേശവും.ഈ കേരളമാകെ ആവിര്‍ഭവിച്ചത് പശ്ചിമഘട്ടത്തിന് ശേഷമാണ് എന്നു പറഞ്ഞാൽ അതാണ് ശരി. ഇന്ത്യ ഗോൻദ്വാനാലാന്റിൽ നിന്നും വേർപെട്ട് വടക്കോട്ടുള്ള പ്രയാണത്തിനിടയിലാണ് ഡെക്കാൻ ബസാൾട് ഭൂവൽക്കത്തിനു പുറത്തു വ്യാപകമായി പരക്കുന്നത്. ഇതിന്റെ തുടർച്ചയായി ഇന്ന് പശ്ചിമഘട്ടമായി കാണുന്ന പ്രദേശം ഉയരാൻ തുടങ്ങുകയും (uplift) അതോടൊപ്പം തന്നെ ഉയർന്ന ഭൂഭാഗത്തിന്റെ പടിഞ്ഞാറു വശം, വേർപെടാനും കടലിലേക്ക് ഇടിഞ്ഞു പോകാനും ആരംഭിച്ചു (rifting and downwarping). ഇതിന്റെ ഭാഗമായി കിഴക്കോട്ടൊഴുകിയിരുന്ന നദികളുടെ ഖാദന പ്രക്രിയകൾക്കു ആക്കം കൂടുകയും കിഴക്കൻ തീരത്തു ധാരാളം ഡെൽറ്റകൾ ഉണ്ടാവുകയും ചെയ്തു.പടിഞ്ഞാറൻ ഭാഗത്തെ പ്രക്രിയകൾ തുടർന്ന് കൊണ്ടിരുന്നു. കടൽ അവസാദങ്ങൾ നിക്ഷേപിക്കാനാരംഭിച്ചു.കിഴക്കോട്ടൊഴുകിയിരുന്ന നദികൾ ചിലതു വെള്ളച്ചാട്ടങ്ങൾക്കു രൂപം കൊടുത്തുകൊണ്ടു, പടിഞ്ഞാട്ട് ഒഴുകാൻ (river piracy) തുടങ്ങുകയും അപക്ഷയ പ്രക്രിയകൾ ആരംഭിക്കുകയും ചെയ്തു. (ഉദാ: ശരാവതിയിലെ ജോഗ് വെള്ളച്ചാട്ടം. ഭാരതപുഴപോലും, കിഴക്കോട്ട് ഒഴുകിയിരുന്ന, ഇന്നത്തെ അമരാവതി നദിയുടെ പ്രാഗ് രൂപമായ (Proto Amaravathi) ഒരു നദിയെ ഇത്തരത്തിൽ ദിശ മാറ്റിയതിൽ നിന്നും ഉണ്ടായതാണെന്ന ഒരു നിഗമനവും നിലവിലുണ്ട്‌). ഇതിനിടക്ക് ഭൂമിയാകെ മഞ്ഞു മൂടികിടന്ന കാലമുണ്ടായി. കടൽ കയറുകയും ഇറങ്ങുകയും ചെയ്തു. ഇങ്ങനെ ദശലക്ഷ കണക്കിന് വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമാണ് നമ്മൾ ഇന്ന് കാണുന്ന കേരളം.

പശ്ചിമഘട്ടത്തിന്റെ ഉയര്‍ച്ചകള്‍ | കടപ്പാട് : .researchgate.net

 

ശിലകളുടെ സ്വഭാവം

ആർക്കിയൻ, പ്രൊട്ടറോസോയിക് കാലഘട്ടത്തിൽ രൂപകൊണ്ട ശിലകളാണ് ഇന്ന് നമ്മൾ കാണുന്ന ഒട്ടു മിക്ക ‘കരിങ്കല്ല് ‘കളും. പ്രായം കുറഞ്ഞ അന്തർവേധ ശിലകൾ (dyke), കളിമണ്ണ് നിക്ഷേപങ്ങൾ, ചുണ്ണാമ്പ്കല്ലു നിക്ഷേപം, പിന്നെ ഈ കരിങ്കല്ലിൽ നിന്നും രൂപം കൊണ്ട laterite അഥവാ ചെങ്കല്ലും. ഈ ചെങ്കല്ലിന്റെ സ്വഭാവമാകട്ടെ, അതിന്റെ പൂർവ്വരൂപത്തിന് അനുസരിച്ചുമാണ്.

ഉരുൾപൊട്ടൽ – വിവിധതരം

മലഞ്ചരിവുകൾക്കു ഉണ്ടാകുന്ന തകർച്ചയും (slope failure), അതിന്റെ തുടർച്ചയായി കല്ലും മണ്ണും മറ്റും ഇതിലൂടെ താഴേക്കു പതിക്കുന്നതുമാണ് ഉരുൾ പൊട്ടൽ എന്ന്‌ അറിയപ്പെടുന്നത്. ഇത് പ്രധാനമായും 3 തരത്തിലാണ്‌ ഉള്ളത്.

  1. ഫ്‌ളോ (flow)
  2. സ്ലൈഡ് / സ്ലംപ് ( slide/ slump)
  3. ഫാൾ (fall)

1. FLOW:പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു ചരിവിന്റെ മുകളിൽ നിന്നും ഇളകിയ വസ്തുക്കൾ ഒന്നാകെ താഴോട്ടു ഒഴുകുന്ന പ്രക്രിയയാണ് ഇത്. മണ്ണ് മാത്രം ഉള്ളപ്പോൾ ഇതിനെ ഏർത് ഫ്‌ളോ എന്നും, എല്ലാം കൂടി ഒഴുകുമ്പോൾ ഡെബ്രിസ് ഫ്‌ളോ (Debris flow) എന്നും പറയുന്നു.

2. SLIDE/SLUMP

നിയതമായ ഒരു പ്രതലത്തിലൂടെ വസ്തുക്കൾ താഴോട്ടു തെന്നി നീങ്ങുന്നതിനെ സ്ലൈഡ് അല്ലെങ്കിൽ ട്രാൻസ്ലേഷണൽ സ്ലൈഡ് (translational slide) എന്നാണ് വിളിക്കുന്നത്. ഈ നീക്കം വക്രാകൃതിയിലാണ് എങ്കിൽ ഇതിനെ rotational slide അല്ലെങ്കിൽ സ്ലംപ് എന്നു പറയുന്നു.

3. FALLപാറകളും മറ്റും ഉയരത്തു നിന്നും താഴേക്ക് വീഴുന്ന പ്രക്രിയയാണ് ഇത്. റോക്ക് ഫാൾ, ഡെബ്രിസ് ഫാൾ, ടോപ്പിൾ എന്നിങ്ങനെ വേറെ വേറെ പേരിലും ചെറിയ വ്യത്യാസം ഉള്ള ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നുണ്ട്.

കാരണങ്ങൾ

  • ചരിവുകളുടെ സംതുലനാവസ്ഥയ്ക്ക് മാറ്റം വരുന്നതാണ് ഏറ്റവും പ്രധാന കാരണം. ചരിവിന്റെ മുകൾഭാഗത്ത് ഭാരം കൂടുന്നതോ, അടിഭാഗത്തെ വസ്തുക്കൾ നീക്കം ചെയ്യപ്പെടുന്നതോ ഇതിനു വഴിവെയ്ക്കും.
  • നല്ല കനത്തിൽ മേല്‍മണ്ണ് ഉള്ള പ്രദേശങ്ങളിലെ ചരിവുകളിൽ വെള്ളം ഊർന്നിറങ്ങി, ആ പ്രദേശമാകെ താഴേക്ക് നീങ്ങുന്നതാണ് മിക്കപ്പോഴും സംഭവിക്കുന്നത്. മഴയാണ് മിക്കവാറും തുടക്കം കുറിക്കുന്ന പ്രേരകശക്തിയായി( Trigger) ആയി പ്രവർത്തിക്കുന്നത്. മണ്ണിലെ കളിമണ്ണിന്റെ അംശം ഒരു പ്രധാന ഘടകമാണ്. ഒരു പരിധിക്ക് അപ്പുറം ജലം നിറഞ്ഞാൽ കളിമണ്ണ് പാളി താഴേക്ക് പതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇതാകട്ടെ നിയന്ത്രിക്കുന്നത്, ആ പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ  പ്രത്യേകതകളുമാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടലുകള്‍ നടന്ന പൂത്തുമലയിലും കവളപാറയിലും ഒരേതരം ശിലകളാണ്: പെനിൻസുലാർ നയിസ് (gneiss) എന്നാണ് ഇതു് അറിയപെടുന്നത്.

കേരളത്തിലെ സാഹചര്യങ്ങൾ

  • അത്യാവശ്യം ഉയരവും ചരിവുമുള്ള മലനിരകൾ, വർഷകാലത്തെ മഴ, അരുവികൾ, ചിലതരം കൃഷി രീതികൾ കൊണ്ട് കൂടുതലായി ഇളകുന്ന മണ്ണ്‌, ഖനനം, ക്വാറികൾ എന്നിവ കൊണ്ട് ഉണ്ടാകുന്ന കമ്പനങ്ങൾ, ചരിവുകളിൽ ഉണ്ടാക്കുന്ന നിർമ്മിതികൾ എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങൾ, ഓരോ പ്രദേശത്തും വ്യത്യസ്‌ത അളവിൽ കേരളത്തിൽ ഉണ്ട്. കേരളത്തിന്റെ ജലഗോപുരം എന്നു പശ്ചിമഘട്ടത്തെ വിളിക്കാൻ പ്രാപ്തമാക്കുന്ന, വനങ്ങൾ ഉള്ളതും ഇല്ലാത്തതുമായ മലനിരകൾ, ഇടനാട്ടിലെ കുന്നുകൾ എന്നിവയാണ് ഉരുള്‍പൊട്ടലിന്റെയും പ്രാരംഭ സ്ഥാനങ്ങൾ. ഇവിടങ്ങളിലെ ചരിവുകൾ വിവിധ കാരണങ്ങളാൽ അസ്ഥിരപ്പെടുന്നതാണ് മുഖ്യ കാരണം.
  • നിർമ്മാണം, കൃഷി, ഖനനം എന്നിവ വഴി ഇളകിനിൽക്കുന്ന മണ്ണും പാറയും മഴയുടെ വരവോടെ വിവിധ രൂപത്തിൽ താഴോട്ടു പതിക്കുന്നതാണ് ഉരുൾപൊട്ടൽ. മിക്കവാറും നദികളുടെ തുടക്കവും ഇവിടങ്ങളിലാണ്. വനപ്രദേശങ്ങളിലും, ആഴത്തിൽ മേല്‍മണ്ണിന്റെ സാന്നിധ്യം ഉള്ളയിടങ്ങളിലും മഴവെള്ളം ഭൂഗർഭ ജലമായി കൂടി ശേഖരിക്കപ്പെടുന്നു. അല്ലാത്ത പ്രദേശങ്ങളിൽ ഇത് സ്വാഭാവികമായി രൂപം കൊണ്ട ചാലുകളിലൂടെ താഴേക്കു ഒഴുകും. ഈ ചാലുകൾ തടസ്സപെട്ടാൽ, മഴയുടെ തോതിനനുസരിച്ചു ഉരുൾപൊട്ടൽ സാധ്യതയും വർധിക്കുന്നു. വനപ്രദേശങ്ങളിലെ കൂടുതൽ വേരുപടലമുള്ള മരങ്ങൾ മുറിച്ചുമാറ്റി നാണ്യവിളകൾ കൃഷി ചെയ്യാൻ ആരംഭിക്കുമ്പോൾ, മണ്ണ് കൂടുതലായി ഇളകുകയും, സാഹചര്യം ഒത്തു വരുമ്പോൾ താഴേക്ക് ഒഴുകുകയോ പതിക്കുകയോ ചെയ്യുന്നു. ഇങ്ങനെ മണ്ണും പാറയും ഇളകാനുള്ള മറ്റൊരു കാരണമാണ് ഖനനം. സ്‌ഫോടനം കൊണ്ടുള്ള കമ്പനങ്ങൾ, ദുർബലമായ പാറയും മണ്ണും താഴേക്കു പതിക്കാനുള്ള മുന്നൊരുക്കങ്ങളായി വർത്തിക്കുന്നു. അപ്പപ്പോൾ തന്നെ താഴേക്കു പതിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ഇതിനെ ഖനനത്തിന്റെ പ്രത്യാഘാതമായി കണക്കാക്കാതിരിക്കാനാവില്ല. ചരിവുകളെ വേണ്ടത്ര മനസ്സിലാക്കാതെ നടത്തുന്ന നിർമാണങ്ങൾ, ഇതിനായി നടത്തുന്ന പൈലിങ് പോലുള്ള പ്രവൃത്തികൾ എന്നിവയും ചരിവുകളെ ദുര്‍ബലപ്പെടുത്തുകയും ഉരുള്‍പൊട്ടലിന്‍റെ വിവിധ രൂപങ്ങൾക്കു വഴിവെക്കുകയും ചെയ്യുന്നു.
കടപ്പാട് : കേരള മണ്ണ് ജല സംരക്ഷണ വകുപ്പ്

കാലാവസ്ഥാ വ്യതിയാന പശ്ചാത്തലം

സാധാരണ നിലയിൽ മഴ പെയ്തിരുന്ന കാലത്തും കേരളത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് ഭൂവിനിയോഗത്തിൽ വന്ന കാര്യമായ മാറ്റവും കാലാവസ്‌ഥാ വ്യതിയാനം കൊണ്ടുള്ള മഴയിലെ വ്യത്യാസവും വലിയ ആശങ്കയുണ്ടാക്കുന്നതാണ്. കാലാവസ്‌ഥാ വ്യതിയാനം വരുത്തിവെയ്ക്കുന്ന ദുരന്തങ്ങളും അവ ലഘൂകരിക്കാൻ അവലംബിക്കേണ്ട മാർഗ്ഗങ്ങളും സംബന്ധിച്ച വലിയ ചർച്ചകൾ ഉയർന്നു വരേണ്ട സന്ദർഭം കൂടിയാണിത്.

അതുകൊണ്ടു തന്നെ ഉരുൾപൊട്ടലുകളെ കുറിച്ചുള്ള പഠനങ്ങൾക്കൊപ്പം ഈ രണ്ടു ഘടകങ്ങൾ കൂടി പരിഗണിച്ചു വേണം നവകേരള നിർമ്മാണം സാധ്യമാക്കേണ്ടത്.

ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളുടെ മാപ്പ്
Happy
Happy
40 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
60 %

Leave a Reply

Previous post മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്‍ക്കും?
Next post ഉരുൾപൊട്ടിയിടത്തെ രക്ഷാപ്രവർത്തനം
Close