Read Time:8 Minute

നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് മലിനീകരണമാണല്ലോ. തെരുവോരങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതുകാണുമ്പോൾ ഇക്കാര്യത്തിലുള്ള ഉത്കണ്ഠ പ്രകടിപ്പിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. ഈ മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നതിൽ നമുക്കോരോരുത്തർക്കും പങ്കുണ്ട്, അത് പരിഹരിക്കേണ്ടത് നമ്മു ടെയും ഉത്തരവാദിത്തമാണ് എന്നത് നമ്മുടെ പൊതുബോധമായി മാറണം.
കേന്ദ്രസർക്കാർ 2016 ഏപ്രിൽ 8 ന് വിജ്ഞാപനം ചെയ്ത ഖര മാലിന്യപരിപാലന ചട്ടങ്ങളിൽ, മാലിന്യം ഉൽപാദിപ്പിക്കുന്നവരുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ചുമതലകളും, മാലിന്യസംസ്‌കരണ ഉപാധികൾക്കുവേണ്ട മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നു.

കേന്ദ്രചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി 2018 സെപ്റ്റംബർ 13 ന് കേരള സർക്കാർ മാലിന്യപരിപാലനനയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. നയത്തിന്റെ ലക്ഷ്യങ്ങളും അത് നേടാനാവശ്യമായ തന്ത്രങ്ങളും, മാലിന്യം ഉൽപാദിപ്പിക്കുന്നവരുടെയും തദ്ദേശഭരണസ്ഥാപനങ്ങളു ടെയും മറ്റ് സ്ഥാപനങ്ങളുടെയും ചുമതലകളും ഇതിൽ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ശേഷിവികസനത്തിനുള്ള പരിശീലനം, അവബോധ നിർമിതിക്കും ശീലങ്ങൾ മാറ്റുന്നതിനും ആവശ്യമായ വിദ്യാഭ്യാസ ത്തിന്റെ ഭാഗമായുള്ള ക്യാമ്പയിൻ, ഗ്രീൻ പ്രോട്ടോക്കോൾ, ലിംഗസമത്വ വീക്ഷണം, മോണിറ്ററിങ്ങും വിലയിരുത്തലും, ഗവേഷണം തുടങ്ങിയ കാര്യങ്ങളും വിശദമായിത്തന്നെ പ്രതിപാദിക്കുന്നു.
മാലിന്യം ഒരു വിഭവമായി പരിഗണിക്കും, കുറവ് വരുത്തുക-പുനരുപയോഗിക്കുക-പുനഃചക്രണം ചെയ്യുക എന്നീ തത്വങ്ങൾ ഉൾക്കൊള്ളും, മലിനീകരിക്കുന്നവർ അത് പരിഹരിക്കുന്നതിനുള്ള ചെലവ് വഹിക്കും, മാലിന്യപരിപാലനം അത് ഉൽപാദിപ്പിക്കുന്നവന്റെ ഉത്തരവാദിത്തം എന്നിവയാണ് നമ്മുടെ മാലിന്യപരിപാലന നയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിച്ചിട്ടുള്ളത്.

ഇതുവരെയുള്ള നഗരമാലിന്യസംസ്‌കരണശ്രമങ്ങളുടെയും ശുചിത്വമിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഹരിതകേരള മിഷനും നടത്തിക്കൊണ്ടിരിക്കുന്ന ഉറവിടമാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെയും ഫലമായി ഏതാനും വർഷങ്ങളിലൂടെ കേരള സമൂഹത്തിൽ മാലിന്യസംസ്‌കരണം മലിനീകരിക്കുന്നവന്റെ ഉത്തരവാദിത്തമാണെന്ന പൊതുബോധം രൂപപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ് ഖരമാലിന്യസംസ്‌കരണത്തിന് ആധുനികരീതി യിലുള്ള അഞ്ച് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിക്കൊണ്ട് 2018 ജൂൺ 11 ന് തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരവ് GO(Ms)N0.82/2018/LSGD പുറപ്പെടുവിച്ചത്.
പ്രസ്തുത ഉത്തരവിലൂടെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ 7 ജില്ലകളിൽ പ്ലാന്റുകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയത്. ഇതിൽ തിരുവനന്തപുരം ജില്ലയിലെ പദ്ധതി പ്രദേശമായ പെരിങ്ങമലയിലെ ജനങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് പ്ലാന്റ് കോവളം തുറമുഖ സൈറ്റിലേക്ക് മാറ്റാൻ തീരുമാനിക്കുകയുണ്ടായി. ഉത്തരവുപ്രകാരം ‘വേസ്റ്റ് ടു എനർജി’ പ്ലാന്റുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് കരാർ നൽകുന്നതിനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണെന്ന് മനസ്സിലാക്കുന്നു. കോഴിക്കോട് കോർപ്പറേഷനും ഫറോക്ക്, കൊയിലാണ്ടി, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളും ഒളവണ്ണ, കടലുണ്ടി, കുന്നമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന കോഴിക്കോട് ക്ലസ്റ്ററിനുവേണ്ടി സർക്കാരിനെ പ്രതിനിധീകരിച്ച് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (ഗടകഉഇ) മാനേജിംഗ് ഡയറക്ടറും ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാരും മലബാർ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ‘വേസ്റ്റ് ടു എനർജി പ്ലാന്റ്’ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുവാൻ 2019 സെപ്തംബർ 4 ന് കരാർ ഉണ്ടാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് പ്ലാന്റ് സ്ഥാപിക്കാൻ 2016 ഫെബ്രുവരിയിൽ തന്നെ കരാർ കിട്ടിയിരുന്ന ജി.ജെ.എക്കോ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, നിബന്ധനകൾ പ്രകാരമുള്ള രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അവരുമായുള്ള കരാർ റദ്ദ് ചെയ്യാൻ കൊച്ചി മുനിസിപ്പൽ കോർപ്പറേഷന് നിർദേശം നൽകികൊണ്ട് 2020 ഏപ്രിൽ 30 ന് കേരള സർക്കാർ ഉത്തരവ് G.O.(Rt)No.805/2020/LSGD പുറപ്പെടു വിച്ചിരിക്കുകയാണ്.

എല്ലാ ജില്ലകളിലും ‘വേസ്റ്റ് ടു എനർജി പ്ലാന്റു’കൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നാണ് മനസ്സിലാക്കുന്നത്. ഈ നയം തിരുത്തണമെന്നും സംസ്ഥാനത്തിന് അനുയോജ്യമോ പ്രായോഗികമോ അല്ലാത്ത വേസ്റ്റ് ടു എനർജി പദ്ധതികൾ നടപ്പാക്കാനുള്ള നടപടികൾ ഉപേക്ഷിക്കണമെന്നും കേരള ശാസ്ത്രസാഹിത്യപരിഷത്ത് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കേരളത്തിൽ ഖര മാലിന്യസംസ്‌കരണത്തിനായി ‘വേസ്റ്റ് ടു എനർജി’ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുപകരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുൻകയ്യിൽ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികളാണ് കേരള സർക്കാർ സ്വീകരിക്കേണ്ടതെന്ന ആവശ്യം കേരള സമൂഹത്തിൽനിന്ന് ഉയർന്നുവരേണ്ടതുണ്ട്.

ലഘുലേഖ പരിഷത്ത് വിക്കിയിൽ വായിക്കാം


എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ലഘുലേഖ വായിക്കാം (ക്ലിക്ക് ചെയ്യുക)


എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല – പ്രൊഫ.പി.കെ.രവീന്ദ്രൻ സംസാരിക്കുന്നു

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നിരീക്ഷണവും താരതമ്യവും
Next post പ്രളയപാഠങ്ങള്‍
Close