Read Time:15 Minute
[author title=”ഡോ.കെ.പി.വിപിൻ ചന്ദ്രൻ” image=”https://luca.co.in/wp-content/uploads/2019/09/vipin-chandra.jpg”]അസിസ്റ്റന്റ് പ്രൊഫസര്‍, സാമ്പത്തിക ശാസ്ത്രവിഭാഗം, കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളജ്, കണ്ണൂര്‍ [/author]

വികേന്ദ്രീകൃത ആസൂത്രണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സുസ്ഥിര ദുരന്തനിവാരണ മാതൃകയാണ് കേരളത്തിന് ആവശ്യം.

[dropcap]കേ[/dropcap]രളം വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള സംസ്ഥാനമായി മാറികൊണ്ടിരിക്കുന്നു. ഒരു പ്രദേശത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ജനസാന്ദ്രതയുമാണ് പ്രകൃതിദുരന്തസാധ്യതയ്ക്ക് ആധാരമായ ഘടകങ്ങളായി പരിഗണിക്കുന്നത്. സുസ്ഥിരതയെ തുണയ്ക്കാത്ത ഭൂവിനിയോഗം, വാസയോഗ്യമാണെന്ന് വിശ്വസിക്കുന്ന ഇടങ്ങളിലേക്കുള്ള കുടിയേറ്റം, ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രാദേശികതലത്തിലെ പ്രകടമായ വെളിപ്പെടലുകള്‍ എന്നിവയിലൂടെ കേരളം നാള്‍ക്കുനാൾ പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശമായി മാറിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളം അനുഭവിച്ച രണ്ട് പ്രളയങ്ങളും ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തവും. 2011 ലെ സെന്‍സസ് പ്രകാരം ദേശീയ ശരാശരിയേക്കാള്‍ രണ്ടു മടങ്ങിലധികം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയാക്കും. അതിനൊപ്പം യാതൊരു നിയന്ത്രണവുമില്ലാതെ ഇന്നും തുടര്‍ന്നു പോകുന്ന നിർമാണ പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളു. ശാസ്ത്രീയവും ചിട്ടയോടു കൂടിയതുമായ ആസൂത്രണത്തിന് ദുരന്തത്തിന്റെ തീവ്രതയും അതിന്റെ ആവര്‍ത്തനവും കുറയ്ക്കാന്‍ കഴിയും എന്നത് വസ്തുതയാണ്.

Source : Kerala Post Disaster Needs Assessment Report– Sector-wise Summary of Disaster Effects (Damage and Loss)

പ്രളയാനന്തര കേരളത്തില്‍ നാം ചര്‍ച്ചചെയ്യുന്നത് പ്രളയ നഷ്ടങ്ങളുടെ സാമ്പത്തിക വശങ്ങളാണ്. എന്നാല്‍ സാമ്പത്തികേതര ഘടകമായ ജൈവവൈവിധ്യത്തിന്റെ നഷ്ടത്തെക്കുറിച്ച് നാം പലപ്പോഴും വിസ്മരിക്കുന്നു. അടിക്കടിയുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുന്നു.

ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും അതിജീവന ശക്തിയുള്ള ജനതയാണ് കേരളജനത. തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയത്തെ കേരളജനത ഒറ്റക്കെട്ടായാണ് നേരിട്ടത്. കേരളത്തിലെ ജനതയുടെ കൂട്ടായ്മയാണ് പ്രളയാനന്തര കേരളത്തില്‍ പ്രകടമായത്. ഐക്യരാഷ്ട്രസംഘടനപോലും കേരളത്തിന്റെ സ്വന്തം സൈന്യമായി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിന്ന് ഈ വര്‍ഷത്തെ പ്രളയത്തിലേക്കുള്ള പ്രയാണത്തില്‍ കേരള ജനത സ്വായത്തമാക്കിയത് ഒരു ദുരന്തത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്ന ദുരന്തലഘൂകരണ പാഠമാണ്. മലപ്പുറം ജില്ലയിലെ കവളപ്പാറയിലെയും വയനാട്ടിലെ പുത്തുമലയിലെയും ദുരന്തങ്ങളെ ഒഴിവാക്കി പരിഗണിച്ചാല്‍ ഈ വര്‍ഷത്തെ വന്‍പ്രളയത്തിലും പരമാവധി ആള്‍നാശം കുറയ്ക്കാന്‍ സാധിച്ചത് സംസ്ഥാന സര്‍ക്കാരിന്റെയും ദുരന്തനിവാരണ സേനയുടെയും സമയോചിതമായ ഇടപെടലുകളിലൂടെയാണ്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ രണ്ടുഘട്ടമായ പ്രവര്‍ത്തനം ആവശ്യമാണ്. ഒന്നാമത്തേത് ദേശീയ-സംസ്ഥാന തലത്തില്‍ നടപ്പാക്കേണ്ടവയും, രണ്ടാമത്തേത് വ്യക്തിഗതവും സാമൂഹികവുമായ തലങ്ങളില്‍ നടപ്പിലാക്കേണ്ടവയുമാണ്. [box type=”info” align=”” class=”” width=””]1990 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തെ ഐക്യരാഷ്ട്രസംഘടന ലോകദുരന്ത ലഘൂകരണദശകമായി ആചരിച്ചിരുന്നു.[/box] ഇതിന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും മുന്നറിയിപ്പു നല്‍കുന്നതിനുമുള്‍പ്പെടെ ദുരന്തനിവാരണത്തിന്റെ വിവിധ വശങ്ങള്‍ പരിഗണിച്ച് ബൃഹത്തായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇതേതുടര്‍ന്നാണ് ദുരന്തങ്ങള്‍ക്ക് മുമ്പും ദുരന്തസമയത്തും അതിനു ശേഷവും സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ വ്യക്തതയുണ്ടായതും ദുരന്തനിവാരണ വകുപ്പുകള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും രൂപീകൃതമായതും. 2005-ലെ ദുരന്തനിവാരണ നിയമം ദുരന്തലഘൂകരണ മേഖലയിലെ ഒരു സുപ്രധാനമായ ചുവടുവയ്പ്പാണ്. ഇതിലൂടെ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴുള്ള പ്രതികരണം മാത്രമല്ല ദുരന്തങ്ങള്‍ക്കെതിരെ തയ്യാറെടുക്കല്‍, മുന്‍കരുതല്‍, ലഘൂകരണം, അവയുടെ നിവാരണം, പുനര്‍ധിവാസത്തിലേക്കും പുനർനിര്‍മ്മാണത്തിലേക്കുമുള്ള തയ്യാറെടുപ്പ് തുടങ്ങിയ എല്ലാ ഘടകങ്ങളെയും സമന്വയിപ്പിച്ച് മുന്‍കൈയെടുക്കാനുള്ള ഒരു സമഗ്രനിയമമാണിത്.

ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവൃത്തികളെ പ്രധാനമായും ദുരന്തത്തിനുമുമ്പുള്ളവയെന്നും, ദുരന്തത്തിനു ശേഷമുള്ളവയെന്നും രണ്ടായി തരംതിരിക്കാം. ദുരന്തത്തിനുമുമ്പുള്ള പ്രവര്‍ത്തനങ്ങളെ നിവാരണം, ലഘൂകരണം, തയ്യാറെടുപ്പ് എന്നിങ്ങനെ വിഭജിക്കാം. ദുരന്തസമയത്തെ അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുരന്തഘട്ട പ്രതികരണമായി പരിഗണിക്കുന്നു. ദുരന്തത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങൾ രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരുജ്ജീവനം, പുനരധിവാസം, പുനര്‍നിര്‍മ്മാണം, ഗവേഷണം എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ചേര്‍ന്നതായിരിക്കണം. ഈ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെങ്കിലും ഭരണകൂടത്തിന്റെ നേതൃത്വത്തിലൂള്ള കൂട്ടായ ഉത്തരവാദിത്തമാണ് പ്രധാനമായത്. ദുരന്തം ലഘൂകരിക്കാന്‍ മഴയുടെ തീവ്രതയും ദൈര്‍ഘ്യവും മുന്‍കൂട്ടി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസിലാക്കാനുള്ള സജ്ജീകരണങ്ങൾ കാലാവസ്ഥാ പഠനകേന്ദ്രത്തില്‍ സ്ഥാപിക്കുകയും ഇവ അപഗ്രഥിച്ച് മുന്‍കൂട്ടി പ്രവചനം നടത്താനുമായാല്‍ ദുരന്തലഘൂകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഭൗമപരമായ സാധ്യതാ നിര്‍ണ്ണയത്തിന്റെ ആദ്യപടിയായി ഭൂപ്രകൃതി,  നീര്‍ച്ചാലുകള്‍, കൃഷിരീതികള്‍, കെട്ടിടങ്ങള്‍, ഭൂവിനിയോഗം, ലഭിക്കുന്ന മഴ എന്നിവ ഓരോന്നിനെ പറ്റിയുമുള്ള വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഭൂപടം തയ്യാറാക്കുകയും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ മാപ്പിംഗ് തയ്യാറാക്കുകയും വേണം. ഇതിനൊപ്പം ആഴത്തില്‍ വേരിറങ്ങുന്ന മരങ്ങള്‍ വച്ചുപിടിപ്പിച്ച് ഭൂതല ചെരിവുകള്‍ ബലപ്പെടുത്തുക, വനവല്‍ക്കരണം ത്വരിതപ്പെടുത്തുക, മെച്ചപ്പെട്ട ജലനിര്‍ഗമന മാര്‍ഗങ്ങള്‍ നടപ്പിലാക്കുക തുടങ്ങി ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് അനുയോജ്യമായ പരിസ്ഥിതി സൗഹൃദ നടപടികള്‍ സ്വീകരിച്ചാല്‍ പ്രളയദുരന്തത്തിന്റെ തീവ്രത ലഘൂകരിക്കാന്‍ സാധിക്കും.

ഒരു പ്രദേശത്ത് ദുരന്തമുണ്ടായാല്‍ അതിന്റെ ദുരിതമനുഭവിക്കുന്നത് തദ്ദേശീയരായ ജനങ്ങളാണ്. ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളും, ശേഷമുണ്ടാകുന്ന ആഘാതങ്ങളും ലഘൂകരിക്കുന്നതിനായി പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പങ്കാളിത്താധിഷ്ഠിത ദുരന്ത തീവ്രത അപഗ്രഥനം നടത്തുകയും, ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയും, ദുരന്തലഘൂകരണ നടപടികളിലൂടെ ദുരന്തതീവ്രത കുറയ്ക്കാൻ ശ്രമിക്കുകയും വേണം.  സാമൂഹ്യാധിഷ്ഠിതമായ ദുരന്തനിവാരണ പദ്ധതികളില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെയുള്ള ജനങ്ങളുടെ ശാക്തീകരണം, ദുരന്തനിവാരണത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുക വഴി ഇതിന്റെയെല്ലാം പൂര്‍ണ ഉടമസ്ഥാവകാശം ജനങ്ങള്‍ക്കുള്ളതാണെന്നും അങ്ങനെ സുസ്ഥിര വികസനത്തിലെത്തിച്ചേരാമെന്നും ഉറപ്പു നല്‍കുന്നു. ദുരന്തനിവാരണ മേഖലയില്‍ വൈദഗ്ധ്യം നേടിയവരുടെ മാര്‍ഗനിര്‍ദ്ദേശത്തോടെ ശാസ്ത്രീയ അടിസ്ഥാനത്തില്‍ അപകടസാധ്യതകളെ വിലയിരുത്തുകയും അതിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയുമാണ് പ്രാദേശിക ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. ആശയരൂപീകരണം, ആസൂത്രണ നിര്‍വ്വഹണം, വിലയിരുത്തല്‍ എന്നിവയിലൂടെ ജനസമൂഹത്തെ ദുരന്ത നിവാരണത്തിന് സജ്ജരാക്കുകയെന്നതാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഒരു മുഖ്യചുമതല.

പ്രാദേശിക മുന്‍ഗണനകള്‍ക്കനുസരിച്ച് തീരുമാനങ്ങളെടുക്കാനും, ദുരന്തങ്ങള്‍ക്ക് ശേഷം ജനങ്ങളെയും, ആ ഭൂവിഭാഗത്തെയും പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനും, ദുരന്തങ്ങള്‍ക്കെതിരെ ജനതയെ സജ്ജരാക്കി സുസ്ഥിരവികസനം സാധ്യമാക്കാനും സാമൂഹ്യാധിഷ്ഠിതമായ ദുരന്തനിവാരണ പദ്ധതിയിലൂടെ സാധിക്കും. വിഭവഭൂപടം, സാമൂഹ്യഭൂപടം, അപകട സാധ്യതാഭൂപടം, ദുരിതാശ്വാസ കേന്ദ്രങ്ങളും അവിടേയ്ക്ക് എത്തിച്ചേരാനുള്ള വഴികളും ഉള്‍പ്പെടുത്തി ഭൂപടം തയ്യാറാക്കല്‍, പ്രദേശത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളുടെ മുന്‍ഗണനാക്രമം തയ്യാറാക്കല്‍, പ്രശ്‌നവിശകലനം തുടങ്ങിയവ സാമൂഹ്യാധിഷ്ഠിത ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 

[box type=”note” align=”” class=”” width=””]പ്രകൃതിദുരന്തസാധ്യതകൾ പരിഗണിച്ച് ദേശീയതലത്തിലും, സംസ്ഥാനതലത്തിലും ആവശ്യമെങ്കില്‍ പ്രാദേശിക തലത്തിലും മുന്നറിയിപ്പ് സംവിധാനങ്ങള്‍ സജ്ജമാക്കണം.[/box] ദുരന്ത സാധ്യതകളും, മുന്നൊരുക്കങ്ങളും പ്രാദേശിക തലത്തില്‍ തന്നെ വിശദമായി പഠിച്ച് ജനങ്ങളെയും ഭരണാധികാരികളെയും ബോധ്യപ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. കേന്ദ്രീകൃതമായി ലഭ്യമാകുന്ന പ്രവചനങ്ങള്‍ക്കനുസരിച്ച് ഉചിതമായ മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങൾക്കുള്ള പങ്ക് പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതിനൊപ്പം ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാതെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാനുള്ള ശക്തമായ ഇടപെടലുകളാണ് ദുരന്തനിവാരണ പദ്ധതിയില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ടത്. അസാധാരണമായ ദുരന്തം നേരിടുന്നതിന് വ്യക്തിയും അവരുള്‍പ്പെടുന്ന സമൂഹവും ശാരീരികവും മാനസികവുമായി തയ്യാറാവേണ്ടതുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും ദുരന്ത നിവാരണ പ്രക്രിയയില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാനുണ്ട്.

അടിക്കടിയായി കേരളത്തിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യനേട്ടത്തിനു പിന്നില്‍ അതാത് പ്രദേശത്തെ ജനങ്ങളുടെ അറിവിനെയും കഴിവിനെയും കൂട്ടിയിണക്കിയ ശാസ്ത്രീയ രീതിയിലുള്ള സാമൂഹ്യാധിഷ്ഠിതമായ ദുരന്തസാധ്യതാ നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതിനു വേണ്ടി വികേന്ദ്രീകൃത ആസൂത്രണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സുസ്ഥിര ദുരന്തനിവാരണ മാതൃകയാണ് കേരളത്തിന് ആവശ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
33 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രളയാനന്തര പരിസ്ഥിതി ചിന്തകൾ
Next post കാര്‍ബണ്‍ – ഒരു ദിവസം ഒരുമൂലകം
Close