Read Time:8 Minute
അവന് ഷോക്ക് കൊടുക്കേണ്ട സമയം കഴിഞ്ഞു
“ഇനി ഷോക്ക് കൊടുക്കേണ്ടി വരും.

ഇങ്ങനെയൊക്കെ കേട്ടാൽ നമ്മുടെ മനസ്സിലേക്ക് വരുന്ന ഒരു ചിത്രം എന്താവും? മിക്കവാറും ഏതെങ്കിലും സിനിമയിൽ കണ്ട ഒരു സീൻ ആവും അല്ലേ? അതിൽ ഒരാളെ കുറച്ചുപേർ ചേർന്ന് ബലമായി പിടിച്ചുവെച്ച് തലയിൽ ചില യന്ത്രങ്ങൾ ഒക്കെ പിടിപ്പിച്ചിട്ട് കറണ്ട് അടിപ്പിക്കും. പിന്നീട് അയാളുടെ വായിൽ നിന്ന് നുരയും പതയും ഒക്കെ വരും…. സിനിമയിൽ ഇതൊക്കെ ചെയ്യുന്നത് മിക്കവാറും മോശമായി ചിത്രീകരിച്ച ആളുകളും ആവും. ഇങ്ങനെ സിനിമകളിലും മറ്റും തെറ്റായ രീതിയിൽ കണ്ട് നമ്മൾ ഒരുപാട് തെറ്റിദ്ധരിച്ച ഒരു ചികിത്സാ രീതിയാണ് ECT അഥവാ Electro Convulsive Therapy.

നമ്മുടെ നാട്ടിൽ മാത്രമല്ല, മറ്റു രാജ്യങ്ങളിലെ സിനിമകളിലും ഈ ചികിത്സയെ മിക്കവാറും തെറ്റായ രീതിയിലാണ് കാണിക്കുന്നത് എന്നാണ് അതിനെപ്പറ്റി പഠിച്ചിട്ടുള്ള ആളുകൾ പറയുന്നത്. കൂടുതൽ സിനിമകളിലും ECT ആളുകളുടെ പെരുമാറ്റം മാറ്റിയെടുക്കാനോ അവരെ ഉപദ്രവിക്കാനോ ഒക്കെ ഉപയോഗിക്കുന്നതായാണ് കാണിക്കുന്നത്. ചില സീരീസുകളിൽ ആളുകളുടെ ഓർമകളെ മായ്ചുകളയാനും ECT ഉപയോഗിക്കുന്നതായി കാണിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെ കാണുന്നതുകൊണ്ട് ആളുകളെ അവരുടെ അനുവാദമില്ലാതെ ഷോക്കടിപ്പിച്ച് വയ്യാതെയാക്കു യോ ഇല്ലാത്ത മാനസികരോഗം ഉണ്ടാക്കുകയോ ഒക്കെ ചെയ്യുന്ന പരിപാടിയാണിത് എന്നാണ് പലരുടെയും ധാരണ. എന്നാൽ എന്താണ് ശരിക്കും ഈ ECT എന്ന് നോക്കാം.

Electro Convulsive Therapy (ECT) ഒരു ചികിത്സാ പ്രക്രിയ ആണ്. സർജറി, വാക്സിനേഷൻ എന്നിവയെപ്പോലെ. രോഗിയുടെയോ വേണ്ടപ്പെട്ടവരുടെയോ അറിവോടെയും സമ്മതത്തോടെയും വേണ്ട മുൻകരുതലുകളൊക്കെ എടു ത്തുമാത്രം ചെയ്യുന്ന ഒരു കാര്യം. സർ ജറിയിലും മറ്റും ഉള്ളതുപോലെ അന സ്തേഷ്യ കൊടുത്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. ചില ഗുരുതരമായ മാനസിക രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി തലയോട്ടി വഴി തലച്ചോറിലേക്ക് വളരെ ചെറിയ ചാർജ് കടത്തി വിടുന്നതാണ് ലളിതമായി പറഞ്ഞാൽ ECT.

ECTയെ സംബന്ധിച്ച ഒരു വലിയ തെറ്റിദ്ധാരണ, അത് കടുത്ത വേദനയുണ്ടാക്കുന്ന ഒന്നാണെന്നതാണ്. എന്നാൽ അത് ശരിയല്ല. അനസ്തേഷ്യ കൊടുത്ത് ചെയ്യുന്നതായതുകൊണ്ട് രോഗിക്ക് ഒട്ടും വേദന ഉണ്ടാവില്ല. ഇത് ചെയ്താൽ ഓർമയ്ക്കും ബുദ്ധിയ്ക്കും തകരാറുണ്ടാവും എന്നൊരു തെറ്റിദ്ധാരണയും ചിലർക്ക് ഉണ്ട്. അതിനും ശാസ്ത്രീയമായ അടിസ്ഥാനമില്ല. ബുദ്ധിയെയോ നീണ്ടകാല ഓർമയേയോ ECT ഒരുതരത്തിലും ബാധിക്കില്ല.

ഡിപ്രഷൻ ഉൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയിൽ ECT ഉപയോഗിച്ചുവരുന്നുണ്ട്. വളരെ വേഗം ഫലം തരുന്ന ഒരു ചികിത്സാരീതികൂടിയാണ് ഇത്. മറ്റു മരുന്നുകൾ ഫലിക്കാതെ വരുന്ന സന്ദർഭങ്ങളിലും ECT ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ചില മരുന്നുകൾ കഴിക്കാൻ പാടില്ലാത്ത അവസ്ഥയിലുള്ള ഗർഭിണികളെ പോലെയുള്ളവർക്കും ECT പ്രയോജനപ്പെടുത്താറുണ്ട്.

ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറണമെങ്കിൽ സിനിമകളിലൂടെയും മറ്റും നമുക്ക് കിട്ടിയ തെറ്റായ അറിവുകളെ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. ശരീരം ഉള്ളതുകൊണ്ട് ശാരീരിക പ്രശ്നങ്ങൾ വരുന്നതുപോലെ മനസ്സുള്ളതു കൊണ്ട് മനസിക ബുദ്ധിമുട്ടുകൾ വരുന്നതിൽ പ്രയാസം തോന്നേണ്ടതില്ല. ഒരു പനി പോലെയോ ഡയബറ്റിസ് പോലെയോ കാണേണ്ട മാനസിക ബുദ്ധിമുട്ടുകളെ വലിയ പ്രശ്നമായി ചിത്രീകരിക്കുന്ന പ്രവണത മാറേണ്ടതുണ്ട്. “അവൻ/അവൾക്ക് കാൽമുട്ട് വേദനയാണ് നടുവേദനയാണ്” എന്ന് പറയും പോലെ ചെറിയ വിഷാദമുണ്ട്, മരുന്ന് കഴിക്കുന്നുണ്ട് എന്ന് പറയുന്നതിൽ ഒരു പ്രശ്നവും ഇല്ലെന്ന് നാം മനസ്സിലാക്കണം (പലരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു എന്നത് ആശാവഹമാണ്). പരിചയത്തിലുള്ള ഒരാളെ ഒരു സാധാരണ ക്ലിനിക്കിൽ കണ്ടാൽ അത് മറ്റുള്ളവരോട് പറയാൻ ആരും തിടുക്കം കൂട്ടാറില്ലെങ്കിലും ഒരാളെ സൈക്കിയാട്രിക് ക്ലിനിക്കിലോ സൈക്കോളജിസ്റ്റിന്റെ അടുത്തോ കണ്ടാൽ ആരോടേലും പറയുന്നത് വരെ സ്വസ്ഥത കിട്ടാത്തവരുണ്ട്. ഇത്തരത്തിലുള്ള കാഴ്ചപ്പാടുകൾ നമ്മുടെ ഇടയിൽ ഉണ്ടാവുന്നത് മാനസികാരോഗ്യത്തെയും മാനസിക രോഗങ്ങളെയും അവയ്ക്കുള്ള ചികിത്സാരീതികളെപ്പറ്റിയും ഒക്കെ നമുക്ക് പൊതുവിലുള്ള അറിവിന്റെ കുറവു കൊണ്ടാണ്. മറ്റു രോഗങ്ങൾ പോലെ ആർക്കും വരാവുന്നവയാണ് മാനസിക രോഗങ്ങൾ എന്നും അവയ്ക്ക് ചികിത്സ ഉണ്ടെന്നും എല്ലാ വരും അറിയേണ്ടതുണ്ട്. എല്ലാത്തിലും ഒരു പടി മുന്നേ ചിന്തിക്കാൻ കഴിവുള്ള നമ്മൾ മലയാളികൾക്ക് ഇത്തരം കാര്യങ്ങളെപ്പറ്റി ശരിയായ ധാരണകൾ മലയാളികൾക്ക് എളുപ്പം രൂപപ്പെടുത്താൻ കഴിയാവുന്നതേയുള്ളൂ.

കുട്ടികളിലും പലതരത്തിലുള്ള മാനസിക രോഗങ്ങളും മാനസിക പ്രയാസങ്ങളും കമ്ടുവരാറുണ്ട്. വിഷാദം (Depression),  ഇരിപ്പുറപ്പില്ലായ്മയും  ശ്രദ്ധക്കുറവും പ്രകടിപ്പിക്കുന്ന പെരുമാറ്റ വ്യതിയാനങ്ങൾ (Attention Deficit Hyperactivity Disorder – ADHD) തുടങ്ങിയ പല രോഗങ്ങളും കുട്ടികൾക്ക് വരാറുണ്ട്. ഇവയ്ക്കൊക്കെയും ഫലപ്രദമായ ചികിത്സയും ഉണ്ട്. പ്രശ്നങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ്, ശരിയായ ചികിത്സ നല്കിയാൽ ഇത്തരം അസുഖങ്ങൾ നിയന്ത്രിക്കാൻ കഴിയും. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്ക് കാണാം, നമ്മുടെ വീട്ടുകാരിൽ, അയൽവാ സികളിൽ, പരിചയത്തിലുള്ള പലരിൽ, പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ നമ്മളെ നിയന്ത്രിക്കുന്നതിന് പകരം നമുക്ക് അവയെ നിയന്ത്രിക്കാൻ കഴിയണം. അതിനുള്ള മാർഗങ്ങൾ തേടു ന്നത് ഒരിക്കലും ഒരാളുടെ ബലഹീനതയല്ല, മറിച്ചു അവരവർക്ക് തങ്ങളിലുള്ള പ്രത്യാശയും ധൈര്യവുമാണ്.


2023 ജനുവരി ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്

മാനസികാരോഗ്യം

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ലൂക്ക ഇതേവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം


ശാസ്ത്രകേരളം -ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസിക. വരിചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Happy
Happy
8 %
Sad
Sad
0 %
Excited
Excited
77 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
15 %

Leave a Reply

Previous post സസ്യങ്ങളും ക്വാണ്ടം കമ്പ്യൂട്ടിങ്ങും തമ്മിൽ എന്തു ബന്ധം ?
Next post പാർട്ടിക്കിൾ ആക്സിലറേറ്ററുകളുടെ ഭാവി
Close