Read Time:22 Minute

മനുഷ്യരാശിയുടെ നിറഭേദങ്ങൾ

ആഫ്രിക്കയിലെ സവാനകളിൽ വാസമുറപ്പിക്കുന്ന കാലം മുതലിങ്ങോട്ടു മനുഷ്യരുടെ തൊലിയുടെ നിറം പരിണമിച്ചതെങ്ങനെ? സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികൾ കുറഞ്ഞ പ്രദേശത്തു താമസിച്ച മനുഷ്യരുടെ തൊലിയുടെ നിറത്തിൽ വ്യത്യസമുണ്ടാവാനുള്ള കാരണങ്ങൾ, തൊലിയുടെ നിറത്തിനു പിന്നിലുള്ള ജനിതക കാര്യങ്ങളെയും അവയ്ക്കു കാരണമാകുന്ന ജീനുകൾ എന്നിവ വിശദീകരിക്കുന്ന ജനുവരി ലക്കം ശാസ്ത്രഗതിയിലെ ലേഖനം.

ചില ജനവിഭാഗങ്ങളുടെ ചർമ്മം ഇരുണ്ടിരിക്കുന്നത് സൂര്യന്റെ ചൂടു കൊണ്ടാണ് എന്നാണ് പഴമക്കാർ കരുതിയിരുന്നത്. അനുഭവത്തിൽ നിന്ന് കാണുന്നത്, തെക്കുള്ള ചൂടൻ രാജ്യങ്ങളിലേക്ക് എത്തുമ്പോൾ ജനങ്ങൾ കൂടുതൽ ഇരുണ്ടതായി മാറുന്നു. മറിച്ച് വടക്കോട്ട് സഞ്ചരിച്ചാൽ ഇംഗ്ലീഷുകാരെയും ജർമ്മൻകാരെയും ഫ്രഞ്ചുകാരെയും പോലെ ജനങ്ങൾ വെളുത്ത് വരുന്നത് കാണാം. എന്നിരുന്നാലും, ഭൂമധ്യരേഖയിലെ ചില മനുഷ്യർ സാവോ ദ്വീപിലെ പോലെ മിക്കവാറും വെളുത്തവരായിത്തന്നെ ജനിക്കുന്നു. പോർച്ചുഗീസുകാരാണ് ഈ ദ്വീപ് കോളനിവൽക്കരിച്ചത്. നൂറു വർഷം കഴിഞ്ഞിട്ടും അവരുടെ മക്കൾ ഇപ്പോഴും വെളുത്ത നിറമുള്ളവരാണ്. ഇക്കാരണങ്ങളാൽ, എന്റെ പ്രഭു ഡുവാർട്ടെ കരുതുന്നത് കറുപ്പ് നിറം സൂര്യന്റെ പ്രവർത്തനത്താൽ അല്ല മറിച്ച്, അത് ബീജത്തിന്റെ പ്രത്യേകതയാണെന്നാണ്.’ കോംഗോയിൽ പന്ത്രണ്ട് വർഷം ചെലവഴിച്ച ഡുവാർട്ടെ ലോപ്പസിന്റെ വിവരണം 1591-ൽ ഫിലിപ്പോ പിഗഫൈറ്റ പകർത്തിയെഴുതിയതിൽ നിന്ന്.

ഡുവാട്ടെ ലോപ്പസിന്റെ സാക്ഷ്യപത്രത്തിന്റെ തലക്കെട്ട് പേജ്

പതിനാറാം നൂറ്റാണ്ടിലെ മനുഷ്യരുടെ കാഴ്ചപ്പാടുകളായിരുന്നു ഇതൊക്കെ. നാനൂറിൽപരം വർഷങ്ങൾ കൊഴിഞ്ഞുവീണിട്ടും അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇന്നും കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. എങ്ങനെയാണ് തൊലിക്ക് ഇത്രയും വൈവിധ്യം രൂപപ്പെട്ടത്? പഴമക്കാർ വിശ്വസിച്ചിരുന്നതുപോലെ, ഭൂമധ്യരേഖയുടെ സമീപത്ത് വസിക്കുന്ന മനുഷ്യർ ഇരുണ്ടനിറമുള്ളവരായതിൽ സൂര്യന് ഒരു പങ്കുണ്ടായിരുന്നോ?

അസംഖ്യമായ നിറവ്യത്യാസമുള്ള മനുഷ്യരുടെ ത്വക്ക് എങ്ങനെയാണ് പരിണമിച്ചത്?

മനുഷ്യന്റെ നിറത്തിന്റെ പരിണാമചരിത്രം എഴുതുന്നതിനുമുമ്പ് തൊലിക്ക് നിറമുണ്ടാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാം. മനുഷ്യശരീരത്തിന്റെ ഏറ്റവും പുറമേയുള്ള ഒരു കവചമാണല്ലോ ത്വക്ക്. അതിന് മൂന്ന് പാളികളാണ് ഉള്ളത്. എപ്പിഡെർമിസ്, ഡെർമിസ്, ഹൈപോഡെർമിസ് എന്നിങ്ങനെ. ആദ്യത്തെ പാളിയായ എപ്പിഡെർമിസിന്റ ഏറ്റവും ഉള്ളിലുള്ള മെലാനോസൈറ്റ് എന്ന കോശങ്ങളാണ് ത്വക്കിന് നിറം കൊടുക്കുന്നത്. അവ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന രാസവസ്തുവാണ് നിറത്തിനു കാരണം. അങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന ഈ രാസവസ്തു മെലാനോസൈറ്റുകൾക്ക് അടുത്തുള്ള കെരാറ്റിനോസൈറ്റ് എന്ന മറ്റൊരിനം കോശത്തിലേക്ക് ചേക്കേറും. മെലാനിൻ ഉൽപാദിപ്പിക്കുന്ന മെലാനോസൈറ്റുകളുടെ എണ്ണം എല്ലാ മനുഷ്യരിലും ഏതാണ്ട് തുല്യമാണ്. പക്ഷേ, അവ ഉൽപാദിപ്പിക്കുന്ന മെലാനിലും അവയുടെ വിതരണത്തിലും മാറ്റം കൊണ്ടാണ് നിറത്തിൽ ഒരു വ്യത്യാസം നമുക്ക് തോന്നുന്നത്.

ആഫ്രിക്കയിൽ നിന്നുള്ള തുടക്കം

ഇനി പരിണാമത്തിലേക്ക് തിരിച്ചുവരാം. ആഫ്രിക്കൻ ഭൂഖണ്ഡമാണല്ലോ മനുഷ്യരുടെ ജന്മഭൂമി. ഇവിടെയാണ് നമ്മളുൾപ്പെടുന്ന ഹോമോസാപ്പിയൻസ് എന്ന മനുഷ്യകുലം പരിണമിച്ചുണ്ടായത്. ഏതാണ്ട് ഒന്നരലക്ഷം മുതൽ ഒന്നേ മുക്കാൽ ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ആധുനിക മനുഷ്യനോട് ശരീരഘടനയിൽ സാമ്യത തോന്നിപ്പിക്കുന്ന ജീവികളെ ഫോസിൽ റെക്കോഡുകളിൽ കണ്ടുതുടങ്ങുന്നത്. ഹോമോസാപ്പിയൻസ് ഉൾപ്പെടുന്ന ഹോമോ ജീനസും ഈ നാട്ടിൽ നിന്നുതന്നെയാണ് മുളപൊട്ടിയത്. സാപ്പിയൻസ് രൂപമെടുക്കുമ്പോൾ എന്തായിരുന്നു അവരുടെ നിറം? ഇന്ന് ആഫ്രിക്കയിലെ ജന സമൂഹങ്ങളെപോലെ ഇരുണ്ടതായിരുന്നോ? അതെ, എന്ന് അനുമാനിക്കേണ്ടിവരും. പക്ഷേ, ഹോമോ ജീനസിലേ ആദ്യകാല ജീവികളുടെ തൊലി നേരിയ വെളുത്ത നിറമായിരുന്നു എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. മറ്റ് ആൾക്കുരങ്ങുകളെപോലെ ശരീരമാസകലം രോമാവൃതമായ ഒരു ഘട്ടം നമ്മുടെ പൂർവികർക്കും ഉണ്ടായിരുന്നു. മനുഷ്യരുടെ പൂർവികർ ആഫ്രിക്കയിലെ സാവന്നകളിൽ വാസമുറപ്പിക്കുന്നത് മുതൽ, ഏതാണ്ട് 20 ലക്ഷം വർഷങ്ങൾക്ക് ഇപ്പുറം മുതലാണ് രോമം കൊഴിഞ്ഞു തുടങ്ങുന്നത്. രോമം കുറഞ്ഞു തുടങ്ങിയപ്പോൾ പൂർവികരുടെ തൊലി ഇരുണ്ട നിറത്തിലേക്ക് പരിണമിച്ചെത്തി. എന്തുകൊണ്ടാണ് തൊലിയുടെ പ്രാരംഭത്തിലുള്ള നിറം അതിന് നിലനിർത്താൻ കഴിയാതെ പോയി ഇരുണ്ട നിറത്തിലേക്ക് അഭയം പ്രാപിച്ചത്? പ്രകൃതിനിർധാരണം വഴി ഒരു സവിശേഷത തിരഞ്ഞെടുക്കപ്പെടണമെങ്കിൽ അതുള്ള ജീവികളിൽ അതേ വർഗത്തിൽപ്പെടുന്ന മറ്റുള്ള ജീവികളിൽനിന്ന് കൂടുതൽ അതിജീവനസാധ്യതയും കൂടുതൽ സന്തതികൾക്ക് ജന്മംനൽകാനും കഴിയണം. അങ്ങനെയെങ്കിൽ ഇരുണ്ട നിറംകൊണ്ട് ലഭിക്കുന്ന എന്ത് സവിശേഷതയാണ് അതിജീവനസാധ്യത വർധിപ്പിക്കുന്നത്? സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് രശ്മികളുമായി (UV) തൊലി കൂടുതൽ നേരം സമ്പർക്കത്തിൽ എത്തിയാൽ അത് ത്വക്കിലെ കോശങ്ങൾക്ക് ക്ഷതമുണ്ടാക്കുകയും തൊലിപ്പുറത്ത് അർബുദംപോലുള്ള അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും.

ഇരുണ്ട നിറമുള്ള തൊലിയിൽ കൂടുതൽ മെലാനിൻ ഉണ്ടാകും. കൂടുതൽ മെലാനിൻ ഉള്ളതിനാൽ അത് സൂര്യപ്രകാശത്തിൽ നിന്ന് കോശങ്ങൾക്ക് ക്ഷതമുണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കും. അപ്പോൾ വെളുത്ത നിറമുള്ളവർക്ക് കൂടുതൽ അർബുദം ഉണ്ടാകാനുള്ള സാധ്യത ഉണ്ടാവുകയും ഇരുണ്ട നിറമുള്ളവർ കൂടുതൽ അതിജീവിക്കുകയും ചെയ്യും. ഇങ്ങനെയാണ് രോമം കൊഴിഞ്ഞുതുടങ്ങിയത് മുതൽ ഇരുണ്ട നിറം പരിണമിച്ചതെന്നും ഭൂമധ്യരേഖക്കടുത്ത് വസിക്കുന്നവർ കൂടുതൽ ഇരുണ്ടവരായിത്തീർന്നതും എന്നായിരുന്നു ഒരു കാലത്ത് കരുതിയിരുന്നത്. പക്ഷേ, അത് ശരിയല്ല എന്നാണ് ആധുനിക പഠനങ്ങൾ കാണിക്കുന്നത്! കാൻസർ ഉണ്ടായി അത് മരണത്തിലേക്ക് വലിച്ചിഴച്ചാൽത്തന്നെ അടുത്ത തലമുറയ്ക്ക് ജന്മം നൽകുന്നതിന് മുന്നേ മരണം സംഭവിക്കണം. ഇല്ലെങ്കിൽ അവരുടെ ജീനുകൾ അടുത്ത തലമുറയിലേക്ക് പോകുന്നത് തടുക്കാൻ കഴിയില്ല.

അർബുദം കാരണം ഒരു ജന വിഭാഗത്തിൽ പരിണാമം സൃഷ്ടിക്കാനാകുമോ? വളരെ ചെറിയ രീതിയിൽ കഴിഞ്ഞേക്കും, പക്ഷേ ഇന്ന് ആഫ്രിക്കയിലേക്ക് നോക്കിയാൽ ഭൂമധ്യരേഖയുടെ സമീപത്ത് വസിക്കുന്നവരിൽ എല്ലാം തന്നെ വളരെ ഇരുണ്ട നിറമാണുള്ളത്. അതായത്, ഇരുണ്ട നിറമെന്ന ഗുണം ആ ജനസമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ലഭിച്ചിട്ടുണ്ട്, ഇത്രയും തീവ്രമായ അളവിൽ അർബുദത്തിന് ഇത് സാധ്യമാകുക തന്നെ സന്ദേഹമുണ്ടാക്കുന്നതാണ്. പഠനങ്ങൾ വിരൽചൂണ്ടുന്നത് UV രശ്മികളുടെ സമ്പർക്കത്തിൽ വിഘടിച്ചുപോകുന്ന ഫോളേറ്റ് എന്ന വിറ്റാമിൻ സംരക്ഷിക്കുന്നതാണ് പരിണാമത്തിന് കാരണമായതെന്നാണ്. ഫോളേറ്റിന്റെ അളവ് കുറയുന്നത് സ്ത്രീകളുടെയും പുരുഷൻമാരുടെയും പ്രത്യുൽപാദന ക്ഷമതയെ ബാധിക്കും. ജനിതക വൈകല്യങ്ങളായിട്ടുള്ള സ്പൈന ബിഫിഡ, മസ്തിഷകത്തിന്റെയും തലയോട്ടിയുടെയും ഭാഗങ്ങൾ ഇല്ലാതെ ജനിക്കുന്ന അനെൻസ്ഫലി തുടങ്ങിയ അവസ്ഥകൾ ഇതിനാൽ ഉണ്ടാകാറുണ്ട്. ഫോളേറ്റിന്റെ കുറവ് പുരുഷന്മാർക്ക് ബീജത്തിന്റെ എണ്ണത്തിലും അതിന്റെ ചലന ശേഷിയിലും കാര്യമായ കുറവുണ്ടാക്കാറുണ്ട്. ഇരുണ്ട നിറമുള്ളവരിൽ ഫോളേറ്റ് വിഘടിക്കാതിരിക്കുകയും ഈ അവസ്ഥകളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതിനാൽ അവരുടെ അതിജീവന സാധ്യത കൂടുകയും അടുത്ത തലമുറയിൽ ഇരുണ്ട നിറമുള്ളവരുടെ എണ്ണം വർധിക്കുകയും ചെയ്യും. ഇതാണ് ആഫ്രിക്കൻ ജനത ഇരുണ്ടനിറമായതിനുള്ള കാരണം.

മനുഷ്യരുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ചിമ്പാൻസികളും ഗൊറില്ലകളും ആഫ്രിക്കയിലാണ് അധിവസിക്കുന്നത്, അതിനാൽ, മനുഷ്യർ ജന്മമെടുത്തതും ഈ മണ്ണിൽത്തന്നെയായിരിക്കും എന്ന് ആദ്യമായി അഭിപ്രായപ്പെടുന്നത് ചാൾസ് ഡാർവിനാണ്. ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ പഠനമുറിയിലെ മേശപ്പുറത്ത് മനുഷ്യ പൂർവികരുടെ ഒരു ഫോസിലുപോലുമുണ്ടായിരുന്നില്ല. എന്നിട്ടും ശരീര ഘടനയുടെ താരതമ്യപഠനത്തിനു മേലാണ് അന്നത്തെകാലത്ത് വിപ്ലവാത്മകമായ ആ കാഴ്ചപ്പാട് ഡാർവിൻ മുന്നോട്ട് വെയ്ക്കുന്നത്.

ഈ ആശയം വർഷങ്ങൾക്കുശേഷം ഫോസിൽ തെളുവുകളും DNA പഠനങ്ങളും ശരിവെച്ചു. ഏതാണ്ട് അൻപതിനായിരം മുതൽ എൺപതിനായിരം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽനിന്ന് പുറത്തേക്ക് പോയ ഏതാനും ചിലർ ലോകത്തിന്റെ നാനാകോണുകളിലേക്ക് ചേക്കേറി. ഇന്ന് ആഫ്രിക്കയുടെ പുറത്ത് കാണുന്ന മനുഷ്യർ ഏതാനും കുറച്ച് മനുഷ്യരുടെ പിന്മുറക്കാരായതു കൊണ്ടുതന്നെ, ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ ജനിതകത്തിലും അതുപോലെ തന്നെ ബാഹ്യരൂപങ്ങളിലും വൈവിധ്യമുള്ളത്. നിറത്തിന്റെ കാര്യത്തിലും മറ്റൊന്നല്ല. ഉദാഹരണത്തിന്, വേട്ടയാടി ഭക്ഷണം കണ്ടെത്തുന്ന ബോട്സ്വാനയിലെ ഖോയ്സാൻ ഗോത്രങ്ങൾ താരതമ്യേന നേരിയ വെളുത്ത നിറമുള്ളവരാണ്. പക്ഷേ, കിഴക്കൻ ആഫ്രിക്കയിലെ നിലോ സഹാറൻ ഭാഷ സംസാരിക്കുന്നവരാക്കട്ടെ ഭൂമിയിലെ തന്നെ ഏറ്റവും ഇരുണ്ട നിറമുള്ളവരും.

ആഫ്രിക്കയിൽ നിന്ന് അജ്ഞാത ദേശങ്ങളിലേക്ക് പുറപ്പെട്ടുപോയവർ ഭൂമധ്യരേഖയിൽ നിന്ന് അകന്ന് പോകുന്നതുവഴിയും സൂര്യപ്രകാശത്തിൽ UV രശ്മികളുടെ അളവ് കുറഞ്ഞ പ്രദേശങ്ങളിലുള്ള ആവാസവും പ്രകാശത്തിന്റെ സാന്നിധ്യത്താൽ ത്വക്കിൽ നിർമ്മിക്കുന്ന വിറ്റാമിൻ ഡി യുടെ ഉൽപാദനം തടസപ്പെട്ടു. ആഫ്രിക്കയിലുള്ളവരെ പോലെ ഇരുണ്ട നിറമുള്ളവരായിരുന്നു ആ കുടിയേറ്റക്കാർ. വിറ്റാമിൻ ഡി യുടെ അഭാവം എല്ലുകളിൽ ഉള്ള വൈകല്യങ്ങളും വേദനക്കും കാരണമാകുന്ന റിക്കറ്റ്സ് എന്ന അവസ്ഥക്ക് വഴിതെളിക്കും. അതുകൂടാതെ ഗർഭാസ്ഥവസ്ഥയിൽ വിറ്റാമിൻ ഡി യുടെ കുറവ് വളർന്നുകൊണ്ടിരിക്കുന്ന കുട്ടിയുടെ എല്ലുകളുടെ വളർച്ചയെ ബാധിക്കും. ഈ കാരണങ്ങൾ ആഫ്രിക്കയിൽ വെച്ച് ഇരുണ്ട നിറം പരിണാമത്തിലൂടെ ലഭിച്ച മനുഷ്യർ യൂറോപ്പ് പോലുള്ള UV കുറവുള്ള ദേശത്തേക്ക് എത്തപ്പെട്ടപ്പോൾ വെളുത്ത നിറമുള്ളവരായി തീർന്നു. പക്ഷേ, നമ്മൾ ഇന്ന് കാണുന്ന യൂറോപ്പിലെ വെളുത്ത നിറമുള്ളവർ യൂറോപ്യൻ കുടിയേറ്റം നടന്ന ഉടനെ സംഭവിച്ചതല്ല. ഈ കാണുന്ന നിറവ്യത്യാസം കൂടുതൽ ജനങ്ങളിൽ കണ്ടുതുടങ്ങുന്നത് പതിനോരായിരം മുതൽ പത്തൊൻപതിനായിരം വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്!

അതായത്, മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് പുറപ്പെട്ടതിനുശേഷം വെളുത്ത നിറം ജനസമൂഹത്തിൽ കൂടുതലായി കണ്ടുതുടങ്ങാൻ ഏതാണ്ട് അൻപത്തിനായിരത്തിലധികം സംവത്സരങ്ങൾ കാത്തിരിക്കേണ്ടിവന്നു.

എന്തുകൊണ്ടായിരിക്കും ഇതിന് ഇത്രയും കാലതാമസം?

ഭൂമിയിൽ ജീവിച്ച് മണ്ണടിഞ്ഞ, മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും ചെയ്യാൻ കഴിയാത്ത ഒരു പ്രവൃത്തിയായിരുന്നു അതിന് കാരണം. കൃഷി! വേട്ടയാടിനടന്നവർ എന്ന നിലയിൽ നമ്മുടെ ഭക്ഷണത്തിൽ പ്രത്യേകിച്ച് മത്സ്യം, മാംസം എന്നിവയിൽ നിന്ന് വിറ്റാമിൻ ഡി സമ്പന്നമായിരുന്നു. എന്നാൽ, കൃഷിരീതികൾ വികസിപ്പിച്ചതിനുശേഷം ധാന്യങ്ങൾ ഒരു പ്രധാന ഭക്ഷണ ഘടകമായി മാറി. അതിനാൽ, വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടായി. അത് ത്വക്കിൽ പ്രകാശസംശ്ലേഷണം വഴി വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ കഴിവുള്ള വെളുത്തനിറമുള്ള ജനവിഭാഗങ്ങൾക്ക് കാരണമായി. തെക്കേ ഏഷ്യ വഴി സഞ്ചരിച്ച ജനക്കൂട്ടങ്ങളാകട്ടെ മലേഷ്യയിലും ഓസ്ട്രേലിയയിലും എത്തി. ഇവ ഭൂമധ്യരേഖയോട് അടുത്ത് കിടക്കുന്ന ഇടങ്ങളായതു കൊണ്ട് അവരിൽ പൂർവികരുടെ ഇരുണ്ട നിറം തന്നെ നിലനിന്നു. SLC24A5, SLC45A2, MC1R, TYR, TYRP1, OCA2 എന്നീ ജീനുകളിൽ ഉൾപ്പെടുന്ന ഇളംചർമ്മവുമായി ബന്ധപ്പെട്ട ജനിതക വകഭേദങ്ങൾ യൂറോപ്യൻ, ഏഷ്യൻ ജനസംഖ്യയിൽ പോസിറ്റീവ് തിരഞ്ഞെടുപ്പിന്റെ ശക്തമായ തെളിവുകൾ കാണിക്കുന്നു.\

ഇങ്ങനെയാണ് നിജസ്ഥിതിയെങ്കിലും, ആഫ്രിക്കയിൽ ഇപ്പോൾ താരതമ്യേന വെളുത്ത ജനങ്ങൾ ഉണ്ട്. എന്തുകൊണ്ടാണ് ആഫ്രിക്ക പോലെ UV കൂടുതലുള്ള നാടുകളിൽ താരതമ്യേന വെളുത്ത നിറമുള്ളവർ കാണപ്പെടുന്നത്? ഇതിനുള്ള ഉത്തരം വളരെ നിസാരമാണ്. ആധുനിക DNA പഠനങ്ങളിൽ നിന്ന് അനായാസം കണ്ടത്താവുന്നതേയുള്ളൂ. ദക്ഷിണാഫ്രിക്കയിലെ ഖോയ്സാൻ ഗോത്രങ്ങൾ, കിഴക്കൻ ആഫ്രിക്കയിലെ ആഫ്രോ-ഏഷ്യാറ്റിക്ക് സമൂഹങ്ങൾ തുടങ്ങിയവരിലാണ് ഇത് കാണപ്പെടുന്നത്. മൂവായിരം മുതൽ ഒൻപതിനായിരം വർഷങ്ങൾക്ക് മുമ്പ് നേരിയ വെളുത്ത നിറത്തിനുള്ള SLC24A5 എന്ന ജീനിന്റെ ജനിതക വകഭേദങ്ങൾ (അല്ലീലുകൾ) മിഡിൽ ഈസ്റ്റ് വഴി കിഴക്കൻ ആഫ്രിക്കയിൽ എത്തി. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ ആഫ്രിക്കയിലെ കൃഷിക്കാർ വഴി അത് ദക്ഷിണാഫ്രിക്കയിലേക്കെത്തി. വെളുത്ത നിറവുമായി ബന്ധപ്പെട്ട SLC24A5 എന്ന ജീനിന്റെ rs1426654 എന്ന വകഭേദം (അല്ലീൽ) പ്രകൃതി നിർധാരണം കാരണം എല്ലാ യൂറോപ്യന്മാരിലും എത്തപ്പെട്ടു. സമീപകാല പഠനങ്ങൾ കാണിക്കുന്നത് ഈ SLC24A5 അല്ലീൽ ആഫ്രിക്കക്കാരുടെ വെളുത്ത ചർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഉയർന്ന തോതിലുള്ള ആഫ്രോ ഏഷ്യാറ്റിക് വംശ പരമ്പരയുള്ള കിഴക്കൻ ആഫ്രിക്കകാരിൽ rs1426654 കണ്ടെത്താൻ കഴിയും. ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഒരു യുറേഷ്യൻ സ്രോതസ്സിൽ നിന്നായിരിക്കാം ഇത് കടന്നുവന്നിട്ടുള്ളത്. കൂടാതെ, ഈ രണ്ട് വംശങ്ങൾ തമ്മിലുള്ള മിശ്രിതത്തിന് ശേഷം കിഴക്കൻ ആഫ്രിക്കയിൽ SLC24A5 പ്രകൃതി നിർധാരണത്തിനു വിധയമായിട്ടുണ്ടാകാം. ഭൂമധ്യരേഖയിൽ വസിക്കുന്ന ആഫ്രിക്കൻ വംശജരെ അപേക്ഷിച്ച് ബോട്സ്വാനയിൽ നിന്നുള്ള ഖോയ്സാനിൽ ഈ അല്ലീൽ മിതമായ ആവൃത്തിയിലാണ്. ഇത് കൂടാതെ OCA2, HERC2 തുടങ്ങിയ ജീനുകളുടെ ചില വകഭേദങ്ങളും ആഫ്രിക്കക്കാരിലെ നിറവുമായി ബന്ധപ്പെട്ടതാണ്.

References
  1. 1. Lucock MD. The evolution of human skin pigmentation: A changing medley of vitamins, genetic variability, and UV radiation during human expansion. Am J Biol Anthropol. 2023 Feb;180(2):252-271. doi: 10.1002/ajpa.24564. Epub 2022 Jun 25. PMID: 36790744; PMCID: PMC10083917.
  2. 2. Feng Y, McQuillan MA, Tishkoff SA. Evolutionary genetics of skin pigmentation in African populations. Hum Mol Genet. 2021;30(R1):R88- R97. doi:10.1093/hmg/ddab007.
  3. 3. Crawford, N.G., Kelly, D.E., Hansen, M.E.B., Beltrame, M.H., Fan, S., Bowman, S.L., Jewett, E., Ranciaro, A., Thompson, S., Lo, Y. et al. (2017) Loci associated with skin pigmentation identified in African populations. Science, 358, eaan8433.
  4. 4. Lin M, Siford RL, Martin AR, et al. Rapid evolution of a skin-lightening allele in southern African KhoeSan. Proc Natl Acad Sci USA. 2018;115(52):13324-13329. doi:10.1073/pnas.1801948115.
  5. 5. Rocha, J. The Evolutionary History of Human Skin Pigmentation. J Mol Evol 88, 77-87 (2020). https:// doi.org/10.1007/s00239-019-09902-7

വീഡിയോ കാണാം – വംശം, ജാതി എന്നിവയുടെ ഉത്ഭവം

അനുബന്ധ വായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Mapping the Darkness – ഉറക്കത്തിന്റെ രഹസ്യങ്ങൾ
Next post ഈ ഭൂമിയിലെ ജീവൻ
Close