Read Time:4 Minute
2016 ഒക്ടോബർ ലക്കത്തിൽ ഡാലി ഡേവിസ് യുറീക്കയിൽ എഴുതിയ കുറിപ്പ്. അവതരണം : ആഭ ലാൽ

കേൾക്കൂ..


നമ്മൾ കുറച്ചു മുമ്പ് വരെ സിനിമയെടുക്കാൻ ഉപയോഗിച്ചിരുന്ന ഫിലിം അഥവാ സെല്ലുലോയ്ഡ് ആണ് ആദ്യത്തെ മനുഷ്യ നിർമിത പ്ലാസ്റ്റിക് – തെർമോസെറ്റിങ്ങ് പ്ലാസ്റ്റിക്. 

എന്തിനാണ് അത് കണ്ടുപിടിച്ചതെന്നറിയാമാ? ആനകളെ രക്ഷിക്കാൻ!

വിക്ടോറിയൻ കാലത്തെ ഒരു പ്രധാന വിനോദമായിരുന്നു ബില്യാഡ് കളി. അതിനു വേണ്ട കൊച്ചു പന്തുകൾ ഉണ്ടാക്കിയിരുന്നത് ആനക്കൊമ്പ് കൊണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ആനക്കൊമ്പിനും വിനോദത്തിനും മറ്റുമായി ആനകളെ വേട്ടയാടിയതിനാൽ ആഫ്രിക്കയിലും ഇന്ത്യയിലും ആനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ആനക്കൊമ്പ് ക്ഷാമം രൂക്ഷമായി. അപ്പോൾ ന്യൂയോർക്കിലെ ബില്യാർഡ് പന്ത് നിർമാതാക്കൾ എന്തു ചെയ്തെന്നോ, ഒരു സമ്മാനമങ്ങ് പ്രഖ്യാപിച്ചു. ആനക്കൊമ്പിനു പകരം അതേപോലെ തന്നെ ബില്യാർഡ് കളിക്കാൻ പറ്റുന്ന പന്തുണ്ടാക്കാനുള്ള വസ്തു ഉണ്ടാക്കുന്ന ആൾക്ക് പതിനായിരം ഡോളർ സമ്മാനം.

 ഈ മത്സരത്തിൽ വിജയിച്ചത് ജോൺ വെസ്ലി ഹയോഫും (John Wesley Hyoff) അയാളുടെ ചേട്ടൻ ഇസാഹും (Isaiah) ആയിരുന്നു. ഈ സമ്മാനത്തുക ആരും അവർക്ക് കൊടുത്തില്ല കേട്ടോ. പക്ഷേ, സെല്ലുലോസ് നൈട്രേറ്റും (cellulose Infire) കർപ്പൂരവും (camphor) ഉപയോഗിച്ച് ഈ ചേട്ടാനിയന്മാർ നിർമിച്ച സെല്ലുല്ലോയ്ഡ് ലോകത്തെ മാറ്റി മറിച്ചു.

John Wesley Hyatt’s Celluloid billiard ball, National Museum of American History, Smithsonian Institution. Photo by NMAH, Smithsonian Institution

വളരെ മിനുസമുള്ളതും ചൂടാക്കിയാൽ ഇഷ്ടപ്രകാരം രൂപപ്പെടുത്താവുന്നതുമായ സെല്ലുലോയ്ഡ് ബില്യാർഡ് പന്തുകൾ ഉണ്ടാക്കാൻ മാത്രമല്ല, സിനിമ പിടിക്കാനും ഫോട്ടോ എടുക്കാനുമുള്ള ഫിലിം റോളുകൾ ഉണ്ടാക്കാനും, മുടി ചീകാനുള്ള ചീപ്പുണ്ടാക്കാനും, തുടങ്ങി അലമാരകൾ, സംഗീതോപകരണങ്ങൾ വരെ വ്യത്യസ്തങ്ങളായ സാധനങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ചില സാധനങ്ങൾ ഉണ്ടാക്കാനായി മാത്രം കൊല്ലപ്പെടാൻ ഇടയുള്ള ആനകളേയും മറ്റ് മൃഗങ്ങളേയും മരങ്ങളേയും രക്ഷപ്പെടുത്തിയ മിടുക്കിയാണു സെല്ലുലോയ്ഡ്. 1860 -കളിൽ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ പ്ലാസ്റ്റിക് ആണ് സെല്ലുലോയ്ഡ്. പിന്നീട് ഏകദേശം 40 വർഷം കഴിഞ്ഞാണു ബേക് ലൈറ്റ് എന്ന മറ്റൊരു പ്ലാസ്റ്റിക് മനുഷ്യൻ കണ്ടുപിടിക്കുന്നത്.

ഇന്ന് നമ്മുടെ പരിസ്ഥിതിയെ ആകെ തകിടം മറിക്കാൻ കഴിവുള്ള പ്ലാസ്റ്റിക്കുകളുടെ മുൻഗാമിയെ മനുഷ്യർ ഉണ്ടാക്കിയത് പ്രകൃതിയെയും മൃഗങ്ങളെയും രക്ഷിക്കാനായിരുന്നു. അതേ പ്ലാസ്റ്റിക്കാണ് ഇന്ന് ആനക്കുട്ടികളുടെയും മറ്റുമൃഗങ്ങളുടെയും വയറ്റിൽ എത്തുന്നതും അവയുടെ മരണത്തിനുപോലും കാരണമാകുന്നതും. പ്രകൃതി ചൂഷണത്തെ ഒരു പരിധി വരെ തടയാനിടയാക്കിയ പ്ലാസ്റ്റിക് വിനാശകാരിയായത് അതിനെ വിവേകപൂർവ്വമല്ലാതെ അമിതമായി ഉപയോഗിച്ചതുകൊണ്ടാണ്.  പ്ലാസ്റ്റിക്  കരുതലോടെമാത്രമേ ഉപയോഗിക്കൂ എന്നാണ് നാമെല്ലാം ചേർന്ന് തീരുമാനിക്കേണ്ടത്..

Happy
Happy
22 %
Sad
Sad
14 %
Excited
Excited
45 %
Sleepy
Sleepy
2 %
Angry
Angry
0 %
Surprise
Surprise
18 %

One thought on “സെല്ലുലോയ്ഡ് എന്ന ആദ്യ പ്ലാസ്റ്റിക്

  1. “ഈ മത്സരത്തിൽ വിജയിച്ചത് ജോൺ വെസ്ലി ഹയോഫും (John Wesley Hyoff)”.
    പക്ഷെ ആ ബോർഡിൽ കാണുന്നത് John Wesley “Hyatt” എന്നാണല്ലോ.
    എതാണ് ശരി?

Leave a Reply

Previous post 2023 – ജൂണിലെ ആകാശം
Next post സാങ്കേതിക വിദ്യയുടെ വിവേചന ഭാഷ
Close