Read Time:17 Minute

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. വെട്ടിത്തിളങ്ങുന്ന ശുക്രനെയും അതിനടുത്തായി ചൊവ്വയെയും ഈ വർഷം ജൂണിൽ നിരീക്ഷിക്കാനാകും.

സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ സൗരരാശികളെ ജൂണിൽ‍ നിരീക്ഷിക്കാം. വടക്ക്-പടിഞ്ഞാറുമുതല്‍ തെക്ക് കിഴക്കായാണ് ജൂണിൽ‍ സൂര്യപാത അഥവാ ക്രാന്തിവൃത്തം (Ecliptic) കാണപ്പെടുന്നത്. മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തിവൃത്തം

ക്രാന്തിവൃത്തം
ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം അഥവാ ക്രാന്തിവൃത്തം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വലയമാണ് രാശിചക്രം. രാശിചക്രത്തെ 30 ഡിഗ്രിവീതമുള്ള 12 ഭാഗങ്ങളാക്കി വിഭജിച്ച്, ഓരോ ഭാഗത്തിനും അവയിലുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

കര്‍ക്കിടകം (Cancer)

കര്‍ക്കിടക രാശി

പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 30° മുകളിലായാണ് ജൂണിലെ സന്ധ്യയ്ക്ക് കര്‍ക്കിടകം രാശി കാണാൻ കഴിയുന്നത്. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

ചിങ്ങം (Leo)

Leo Constellation ml

ശീർഷബിന്ദുവിൽ നിന്നും 10°-40° പടിഞ്ഞാറുമാറി ജൂണിൽ ചിങ്ങം രാശിയെ കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (Regulus / α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് വാൽഭാഗത്ത് കാണപ്പെടുന്ന ദെനെബോല (Denebola / β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. (ചിലർ റഗുലസിനെ മാത്രമായും മകം എന്നു വിളിക്കും.) നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം എന്ന ചാന്ദ്രഗണമാണ്. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രം രൂപപ്പെടുന്നു.

കന്നി (Virgo)

ചിങ്ങത്തിനും കിഴക്കു മാറി ജൂണിലെ സന്ധ്യക്ക് ഏതാണ്ട് മദ്ധ്യാകാശത്തായി കന്നിരാശി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര അഥവ ചിത്തിര.

തുലാം (Libra)

ജൂൺ മാസത്തിൽ തലക്ക് മുകളിൽ നിന്നും ഏകദേശം 10°-30° തെക്കു-കിഴക്കുമാറി കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് തുലാം രാശിയുടെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാൽ മഴക്കാറുള്ളപ്പോൾ തിരിച്ചറിയാൻ പ്രയാസമാണ്.

വൃശ്ചികം (Antares)

ജൂണിൽ സന്ധ്യയ്ക്ക് തെക്ക്-കിഴക്കെ ചക്രവാളത്തോടു ചേര്‍ന്ന് വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ് (Antares). ഇതൊരു ചുവപ്പ് ഭീമൻ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തിൽ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങൾ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം ചാന്ദ്രഗണം.

മറ്റു പ്രധാന താരാഗണങ്ങൾ

സപ്തര്‍ഷിമണ്ഡലം (Ursa Major)

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷിമണ്ഡലം (വലിയ കരടി / Big Bear / Big dipper). ജൂൺമാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കെ ചക്രവാളത്തിനു മുകളിൽ വടക്കെ ആകാശത്തിന്റെ മദ്ധ്യഭാഗത്തായി കാണപ്പെടുന്നു. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merkel), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Benetnasch) എന്നിവയാണ്.

  • സപ്തർഷികളിലെ പുലഹൻ, ക്രതു എന്നീ നക്ഷത്രങ്ങളെ ചേർത്ത് ഒരു രേഖ സങ്കല്പിച്ച് നീട്ടിയാൽ അത് ധ്രുവനക്ഷത്രത്തിൽ എത്തും.
  • അത്രി, പുലസ്ത്യൻ എന്നീ നക്ഷത്രങ്ങൾ യോജിപ്പിക്കുന്ന രേഖ തെക്കുപടിഞ്ഞാറ് ദിശയിൽ നീട്ടിയാൽ അത് ചിങ്ങത്തിലെ റെഗ്യുലസ് എന്ന നക്ഷത്രത്തിൽ എത്തും.
  • അംഗിരസ്-വസിഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും.

അവ്വപുരുഷന്‍ (Bootes)

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക്, ചിത്രയ്ക്കും അല്പം വടക്കു മാറി, അവ്വപുരുഷന്‍ (ബുവുട്ടിസ്) എന്ന താരാഗണത്തെ കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.

ലഘുലുബ്ധകൻ (Canis Minor)

പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 15° മുകളിൽ തിളക്കമേറിയ ഒരു നക്ഷത്രത്തെയും ഒപ്പം തിളക്കം കുറഞ്ഞ ഒരു നക്ഷത്രത്തെയും കാണാം. ഇവ ചേർന്നുണ്ടാകുന്ന നക്ഷത്രഗണമാണ് ലഘുലുബ്ധകൻ. ഇതിലെ തിളക്കമേറിയ നക്ഷത്രം പ്രോസിയോണും (Procyon) തിളക്കം കുറഞ്ഞ നക്ഷത്രം ഗൊമൈസയും (Gomeisa) ആണ്.

മഹിഷാസുരനും (Centaurus) ത്രിശങ്കുവും (Crux)

തെക്കന്‍ ചക്രവാളത്തിനു മുകളിലായി (ഏകദേശം 15°) തിളക്കമുള്ള രണ്ടു നക്ഷത്രങ്ങളെ കാണാവുന്നതാണ്. അവയിൽ കിഴക്കുഭാഗത്തുകാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ആൽഫാ സെന്റോറി അഥവ റിഗിൽ കെന്റ് (Rigil Kentarus/Alpha Centauri). ആൽഫാ സെന്റോറിക്ക് തൊട്ടുപടിഞ്ഞാറായി ഹദാര്‍ അഥവ ബീറ്റ സെന്റോറി (Hadar/Beta Centauri) എന്ന നക്ഷത്രം കാണാം. ഇവയുൾപ്പെടുന്ന നക്ഷത്രഗണമാണ് മഹിഷാസുരൻ (Centaurus). ആകാശഗംഗ ഈ താരാഗണത്തിലൂടെ കടന്നുപോകുന്നതായി കാണാൻ സാധിക്കും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തു സ്ഥിചെയ്യുന്ന ദൃശ്യ നക്ഷത്രമാണ് ആൽഫാ സെന്റോറി, തൊട്ടടുത്ത് രണ്ടാം സ്ഥാനത്തുള്ളത് ഹദാറും.

തെക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി നാലു നക്ഷത്രങ്ങൾ ചേർന്ന തെക്കൻകുരിശ് അഥവ ത്രിശങ്കു (Crux) എന്ന നക്ഷത്രഗണം കാണാം. ഇതിലെ കുത്തനെയുള്ള രണ്ട് നക്ഷത്രങ്ങൾ ചേർത്ത് ചക്രവാളത്തിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് ദക്ഷിണ ദിശ കാണിച്ചുതരും.

മറ്റുള്ളവ

  • വടക്ക്-കിഴക്ക് ആകാശത്തിൽ, ചക്രവാളത്തിൽനിന്നും ഏകദേശം 10° മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ (Vega). ലൈറ (Lyra) എന്ന താരാഗണത്തിന്റെ ഭാഗമാണിത്.
  • ശീർഷബിന്ദുവിൽ നിന്നും ഏകദേശം 30° തെക്കായി (ചക്രവാളത്തിൽ നിന്നും ഏകദേശം 60° ഉയരത്തിൽ) ചിത്രയ്ക്ക് തെക്കുപടിഞ്ഞാറി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തം (അത്തക്കാക്ക – Corvus).
  • വടക്കന്‍ ചക്രവാളത്തിന് തൊട്ട് മുകളിലായി ലഘുബാലു (Ursa Minor) എന്ന നക്ഷത്ര സമൂഹം കാണപ്പെടുന്നു. ഇതിന്റെ വാൽഭാഗത്ത് കാണുന്ന നക്ഷത്രമാണ് ധ്രുവൻ (Polaris).

ഗ്രഹങ്ങൾ

Venus-real color

ശുക്രൻ (Venus)

സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിലായി (ഏകദേശം 35° ഉയരത്തിൽ) വെട്ടിത്തിളങ്ങി നിൽക്കുന്ന ശുക്രനെ കാണാനാകും. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഏറെ പ്രഭയോടെ കാണാൻ കഴിയുന്ന ആകാശഗോളമാണ് ശുക്രൻ. മാസാദ്യത്തിൽ കർക്കിടകം രാശിയിലായിരിക്കുന്ന ശുക്രൻ മാസാവസാനത്തോടെ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചതും ഈ ഗ്രഹത്തെയാണ്.

ചൊവ്വ (Mars)

2023 ജൂൺമാസത്തിൽ ശുക്രന് മുകളിലായി ഇളം ഓറഞ്ച് നിറത്തിൽ കാണുന്ന നക്ഷത്രസമാനമായ വസ്തുവാണ് ചൊവ്വ. മാസാദ്യത്തിൽ കർക്കിടകം രാശിയിലായിരിക്കുന്ന ചൊവ്വ മാസാവസാനത്തോടെ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ജൂൺ 21ന് ശുക്രനും ചൊവ്വയും ഏറ്റവും അടുത്തടുത്തായി കാണാനാകും.

വ്യാഴം (Jupiter)

വ്യാഴം

2023 ജൂൺമാസം പുലർച്ചെ ഉദിക്കുന്ന വ്യാഴത്തെ കിഴക്കെ ചക്രവാളത്തിനു മുകളിലായി പുലർച്ചെ 4 മണിമുതൽ കാണാനാകും. മേടം രാശിയിലായാണ് സ്ഥാനം.

ശനി (Saturn)

2023 ജൂൺമാസം രാത്രി 12 മണിയോടെ കിഴക്കൻ ചക്രവാളത്തിൽ, (അല്പം തെക്കുമാറി) ശനിഗ്രഹം ഉദിച്ചുയരും. കുംഭം രാശിയിലാണ് ഇപ്പോൾ ശനിയുടെ സ്ഥാനം. പുലർച്ചെ 5 മണിയോടെ നോക്കുന്നവർക്ക് ശീർഷബിന്ദുവിൽ നിന്നും ഏകദേശം 25° തെക്ക്-തെക്കുകിഴക്ക് മാറി ശനിയെ കാണാം. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്ത വര്‍ഷം ഈ സമയത്തും കുംഭം രാശിയിൽ തന്നെയാണ് ശനി ഉണ്ടാവുക.

ബുധൻ (Mercury)

ഈ സമയം ബുധൻ സൗരസമീപമായതിനാൽ നിരീക്ഷണം അത്ര എളുപ്പമാകില്ല. പുലർച്ചെ 5.30ഓടെ കിഴക്കെ ചക്രവാളത്തോട് ചേർന്ന് (അല്പം വടക്കായി) ഇരുട്ടുള്ള ആകാശത്ത് ബുധനെ കാണാനാകും.


ജൂണിലെ ജ്യോതിശാസ്ത്ര വിശേഷങ്ങൾ ഒറ്റനോട്ടത്തിൽ

ജൂൺ 3ചൊവ്വയും M44 താരാവ്യൂഹവും സമ്മേളിക്കുന്നു. സന്ധ്യയ്ക്ക് നിരീക്ഷിക്കാം.
ജൂൺ 4പൗർണ്ണമി.
ജൂൺ 9ശനിയും ചന്ദ്രനും സമ്മേളിക്കുന്നു. ജൂൺ 10 അർദ്ധരാത്രിയ്ക്ക് ശേഷം മാത്രമെ കേരളത്തിൽ ദൃശ്യമാകുകയുള്ളു.
ജൂൺ 14വ്യാഴവും ചന്ദ്രനും സമ്മേളിക്കുന്നു. പുലർച്ചെ നിരീക്ഷിക്കാനാകും.
ജൂൺ 18അമാവാസി.
ജൂൺ 21ശുക്രനും ചൊവ്വയും ചന്ദ്രനും സമ്മേളിക്കുന്നു, സന്ധ്യയ്ക്ക് നിരീക്ഷിക്കാനാകും. സമരാത്രദിനം.

അന്താരാഷ്ട്ര ബഹിരാകാശനിലയം

International Space Station after undocking of STS-132
അന്താരാഷ്ട്രബഹിരാകാശ നിലയം | കടപ്പാട് – NASA/Crew of STS-132 [Public domain], via Wikimedia Commons

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • ജൂൺ15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).

Happy
Happy
70 %
Sad
Sad
5 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
5 %

One thought on “2023 – ജൂണിലെ ആകാശം

  1. തൃക്കേട്ട – Regulus എന്നാണ് നൽകിയിരിക്കുന്നത്. തിരുത്തുമല്ലോ.

Leave a Reply

Previous post പരിസര ദിനം – ടൂൾകിറ്റ് സ്വന്തമാക്കാം
Next post സെല്ലുലോയ്ഡ് എന്ന ആദ്യ പ്ലാസ്റ്റിക്
Close