Home » പംക്തികൾ » പുസ്തക പരിചയം » ദ ഓക്സ്ഫോർഡ് ബുക്ക് ഓഫ് മോഡേൺ സയൻസ്

ദ ഓക്സ്ഫോർഡ് ബുക്ക് ഓഫ് മോഡേൺ സയൻസ്

പ്രസിദ്ധ ജനതിക ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ റിച്ചാർഡ് ഡാക്കിൻസ് എഡിറ്റ് ചെയ്ത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ദ ഓക്സ്ഫോർഡ് ബുക്ക് ഓഫ് മോഡേൺ സയൻസ് (Richard Dawkins: The Oxford Book of Modern Science Writing: Oxford University Press: New York : 2009: പേജ് 419 വില രൂപ 295). ശാസ്ത്രകുതികകൾക്കും വിജ്ഞാനദാഹികൾക്കും ശാസ്ത്രസാഹിത്യ വിരുന്നായനുഭവപ്പെടുമെന്ന് അതിശയോക്തികൂടാതെ പറയാൻ കഴിയും.

the oxford book of modern science writing - Book Cover

പ്രശസ്ത ശാസ്ത്രജ്ഞരുടെ ലേഖനങ്ങളിൽ നിന്നും ഗ്രന്ഥങ്ങളിൽ നിന്നും തെരഞ്ഞടുത്ത ഭാഗങ്ങളും ലേഖകരെക്കുറിച്ചുള്ള ഡാകിൻസിന്റെ പഠനക്കുറിപ്പുകളും ചേർത്താണ് നാനൂറിലേറെ പേജുവരുന്ന ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ നൂറുവർഷക്കാലത്തെ ശാസ്ത്ര സാഹിത്യ കൃതികളിൽ നിന്നുള്ള ഭാഗങ്ങളാണ് പുസ്തകത്തിൽ ചേർത്തിട്ടുള്ളത്.

ശാസ്തജ്ഞർ പഠിക്കുന്നതെന്ത്, അവർ ആരാണ്, അവർ ചിന്തിക്കുന്നതെന്ത്, അവരെ ആനന്ദിപ്പിക്കുന്നതെന്ത് ( What Scientists Study, Who Scientists Are, What Scientists Think, What Scientists Delight in) എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ച് 83 ലേഖനങ്ങളാണ് അപൂർവ്വതകളേറെയുള്ള ഈ കൃതിയിൽ ചേർത്തിട്ടുള്ളത്. ജെയിംസ് ജീൻസ്, എഡ്ഡിംഗ്ടൺ, സി. പി. സ്നോ, റോബർട്ട് ഓപ്പൻ ഹീമർ, ജെയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക്, ജൂലിയൻ ഹക്സിലി, കാൾ സാഗൻ, ആൽബർട്ട് ഐൻസ്റ്റൈൻ, എർവിൻ ഷോർഡിംഗർ, സ്റ്റീഫൻ ഹോക്കിങ്, റോജർ പെൻ റോസ് തുടങ്ങി നമുക്കേറെ പരിചിതരായ ശാസ്ത്രകാരന്മാരുടെ എപ്പോഴും പ്രസക്തങ്ങളായ ലേഖന ഭാഗങ്ങളും നിരീക്ഷണങ്ങളും ഒരിക്കൽ കൂടി വായിച്ചാസ്വദിക്കാനും ശാസ്ത്രജ്ഞരുടെ ലോകവീക്ഷണങ്ങളിലുള്ള വൈവിദ്ധ്യവും ബഹുസ്വരതവും മനസ്സിലാക്കാനും പുസ്തകപ്രേമികളെ സഹായിക്കുന്ന ഇത്തരത്തിലൊരു കൃതി മറ്റാരും തയ്യാറാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഉദാഹരണത്തിന് മതവിശ്വാസത്തേയും ദൈവാസ്തിത്വത്തേയും സംബന്ധിച്ച് ഫ്രാൻസിസ് കോളിൻസും ഡാക്കിൻസും തുടക്കം കുറിച്ചിട്ടുള്ള സംവാദത്തിന്റെ പശ്ചാത്തലത്തിൽ 1930 ൽ ന്യൂയോർക്ക് ടൈംസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഐൻസ്റ്റൈനിന്റെ മതവും ശാസ്ത്രവും (Religion and Science) എന്ന ലേഖനത്തിലെ പ്രസക്തഭാഗം പുനരുദ്ധരിച്ചിട്ടുള്ളത് ഈ വിഷയത്തിൽ ആശയവ്യക്തത നേടാൻ നമ്മെ തീർച്ചയായും സഹായിക്കും. അതുപോലെ ശാസ്ത്ര സാങ്കേതിക വിപ്ലവത്തിനു നേതൃത്വം കൊടുത്ത ജെയിംസ് വാട്ട്സൺ, പ്രാൻസിസ് ക്രിക്ക് തുടങ്ങിവരെ ഏറെ സ്വാധീനിക്കയും പിൽക്കാല ഗവേഷണങ്ങൾക്ക് പ്രചോദനമാവുകയും ചെയ്ത എർവിൻ ഷ്രോഡിംഗറുടെ എന്താണ് ജീവൻ (What is life) എന്ന ചെറുതെങ്കിലും ചരിത്രം സൃഷ്ടിച്ച കൃതിയിൽ നിന്നുള്ള ഭാഗങ്ങളും ഇവിടെ വായിച്ചാസ്വദിക്കാൻ ഒരിക്കൽ കൂടി അവസരം ലഭിക്കുന്നു.

Richard Dawkins
റിച്ചാർ‍ഡ് ഡോക്കിംഗ്സ്

ശാസ്ത്രീയ ലോകവീക്ഷണം കരുപ്പിടിപ്പിക്കാൻ വലിയ പങ്കുവഹിച്ച കാൾ സാഗന്റെ ദി ഡെമൺ ഹണ്ടട് വേൾഡ് (The Demon Hunted World), പ്രപഞ്ച വിജ്ഞാനത്തെ സംബന്ധിച്ച ക്ലാസിക്ക് കൃതികളായ ആർതർ എഡിംഗ്ടന്റെ ദി എക്സാപാൻഡിങ്ങ് യൂണിവേഴ്സ് (The Expanding Universe) സ്റ്റീഫൻ ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (A Brief History of Time) ജനിതകത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളടങ്ങിയ മാറ്റ് റിഡ് ലിയുടെ ജീനോം (Genome) തുടങ്ങി അമൂല്യങ്ങളായ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നും എടുത്തു ചേർത്തിട്ടുള്ള ഭാഗങ്ങൾ ശാസ്ത്രചിന്തയിൽ ആകൃഷ്ടരായവരെ ആകർഷിക്കയും പ്രചോദിപ്പിക്കയും ചെയ്യും. നമുക്ക് ചിരപരിചയമുള്ള ശാസ്ത്രജ്ഞർക്ക് പുറമെ പലരേയും സംബന്ധിച്ചിടത്തോളം ഇതിനകം അടുത്തറിയാനും വായിച്ചാസ്വാദിക്കാനും കഴിയാതെ പോയിട്ടുള്ള ഇയാൻ സ്റ്റൂവർട്ട്, പോൾ ഡേവീസ്, ബ്രിയാൻ ഗ്രീൻ ലൂയിസ് വാൽ പോർട്ട്, ഡേവിഡ് ലാക് തുടങ്ങിയ ശാസ്ത്രജ്ഞരേയും പരിചയപ്പെടാനുള്ള അവസരവും വായനക്കാർക്ക് ഡോക്കിൻസ് നൽകുന്നുണ്ട്. ഗ്രന്ഥത്തിലെ ഏറ്റവും മനോഹരവും കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയിട്ടുള്ളതുമായ ലേഖനം നോബൽ സമ്മാന ജേതാവായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എസ്. ചന്ദ്രശേഖറിന്റെ സത്യവും സൌന്ദര്യവും ( The Truth and Beauty) എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്.

അലസമായ വായനക്കായോ വെറും കൌതുകത്തിനായി മറിച്ചു നോക്കി മാറ്റിവക്കേണ്ട കൃതിയോ അല്ലിത്. ശാസ്ത്രകുതുകികളും ശാസ്ത്രപ്രചാരകരും സ്വന്തമായിട്ടോ നിരന്തരം സന്ദർശിക്കുന്ന ലൈബറികളിലോ വാങ്ങി സൂക്ഷിച്ച് ആവർത്തിച്ചു വായിക്കേണ്ട വിലപ്പെട്ട കൃതിയാണിത്. ഉള്ളടക്കത്തിന്റെ മൂല്യവും പുസ്തകവലിപ്പവും കണക്കിലെടുക്കുമ്പോൽ താരതമ്യേന കുറഞ്ഞ വിലക്ക് പുസ്തകത്തിന്റെ പേപ്പർ ബാക്ക് എഡിഷൻ വാങ്ങാനാവും.

Check Also

മദാം മാരി ക്യൂറി- ജീവിതവും ലോകവും‍

മേരി ക്യൂറി എന്ന മന്യയുടെ ജീവിതകഥ പലരായി മലയാളത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍  ശ്രീ പി എം സിദ്ധാര്‍ത്ഥന്‍ എഴുതിയ 'മദാം മാരി ക്യൂറി- ജീവിതവും ലോകവും‍' എന്ന പുതിയ പുസ്തകം  ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മുമ്പ് കേട്ട പലതിന്റെയും വിശദാംശങ്ങള്‍, മുമ്പ് കേള്‍ക്കാത്ത ചില കാര്യങ്ങള്‍ എന്നിവയെല്ലാം ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കും.... സി.എം. മുരളീധരൻ എഴുതുന്നു...

Leave a Reply

%d bloggers like this: