വെള്ളിമൂങ്ങ

പക്ഷിലോകത്തെ അധോലോകക്കാരായ മൂങ്ങകളെക്കുറിച്ച് അഭിലാഷ് രവീന്ദ്രൻ അവതരിപ്പിക്കുന്ന പംക്തിയിൽ വെള്ളിമൂങ്ങകളെക്കുറിച്ചു കേൾക്കാം.. പോഡ്കാസ്റ്റ് കേൾക്കാം..


ക്രൂരന്മാരും, ഞെട്ടിക്കുന്ന രൂപഘടനയുമുള്ള അധോലോക നായകരിലെ ആകാര സൗഷ്ഠവം തികഞ്ഞ ഒരു മമ്മൂട്ടിയാണ് കളപ്പുര കൂമനെന്നും പത്തായപ്പക്ഷിയെന്നും പേരുകളുള്ള നമ്മുടെ വെള്ളിമൂങ്ങ. ഒരു കാലത്ത് വെള്ളിമൂങ്ങ എന്നു കേൾക്കുമ്പോൾ നക്ഷത്ര ആമ, ഇരുതലമൂരി എന്നീ രണ്ടു പേരുകളും കൂടി നമുക്കൊക്കെ ഓർമ്മ വരുമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമവിരുദ്ധമായി കടത്തിയിരുന്ന മൂന്നു ജീവികളായിരുന്നു ഇവ. 1972 വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഗുരുതരമായ കുറ്റകൃ ത്യമായതിനാൽ ശിക്ഷയും ഉറപ്പായിത്തുടങ്ങിയതിനു ശേഷം ഈ പാവം ജീവികൾ അതിക്രമത്തിൽ നിന്നും രക്ഷപ്പെട്ടു തുടങ്ങിയെന്നു പറയാം.

2014 ൽ പുറത്തിറങ്ങിയ ബിജു മേനോൻ ചിത്രമായ വെള്ളിമൂങ്ങയിൽ ഒരു പാട്ടുണ്ട് –

‘അങ്ങേകാട്ടില് മൂളല് കേട്ടേ
ഇങ്ങേകാട്ടില് മൂളല് കേട്ടേ
കാറ്റല്ല, വണ്ടല്ല, മൂളുന്നതിമ്പത്തിൽ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ…’

കുട്ടികളും മുതിർന്നവരും ഒക്കെ ഒരേ പോലെ ആ പാട്ട് പാടി നടന്നിരുന്നു. പക്ഷേ ഒന്നാഴത്തിൽ പാടി നോക്കുമ്പോൾ വസ്തുതാപരമായി രണ്ടു ചെറിയ തെറ്റുകൾ അതിലുണ്ട് – ഒന്നാമതായി വെള്ളിമൂങ്ങ മൂളുകയോ കൂവുകയോ ഇല്ല. പ്രായമായ ഒരു ആസ്ത്മാ രോഗി കഷ്ടപ്പെട്ട് ശ്വസിക്കമ്പോൾ നെഞ്ചിൽ നിന്നുയരുന്ന ശബ്ദമില്ലേ, അതിൻ്റെ ഉച്ചസ്ഥായിലുള്ള ഒരു തരം നീണ്ട ഷ്രീ ഈ ഈ ഈ… ആണ് ഇവരുടെ കൂവൽ. ചിലപ്പോഴൊക്കെ ആഴത്തിലുള്ള ഹി..സ്സ്സ് എന്നൊരു ശബ്ദവും പുറപ്പെടുവിക്കാറുണ്ട്. രണ്ടാമതായി ഇവയുടെ കണ്ണുകൾ വെള്ളാരം കല്ലു പോലെ വെളുത്തിട്ടല്ല. കടുത്ത തവിട്ടു നിറത്തിലോ കറുത്ത നിറത്തിലോ ആണ്. (ഇനി ആ പാട്ടുകേൾക്കുമ്പോൾ ഇതു കൂടെ ഓർക്കണേ.!)

ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

വെള്ളി നിറത്തിൽ ഹൃദയാകൃതിയിലുള്ള മുഖഫലകമാണ് ഇവക്ക്. അതിൽ കൺപുരികങ്ങൾ ഒത്തുചേർന്ന് മൂക്കു പോലെ താഴേക്ക് വളർന്നു നിൽക്കുന്നു. അതിനും താഴെ വിളറിയ പിങ്ക് നിറത്തിൽ താഴേക്ക് കൂർത്ത കൊക്ക് കാണാം. ഇവയുടെ മുഖത്തെ ഓർക്കുമ്പോൾ വെളുത്ത നിറത്തിലുള്ള, ടാറ്റാ മോട്ടോർസിൻ്റെ ഐറിസ് എന്ന കുഞ്ഞൻ വാഹനത്തെ ഓർമ്മ വരും – അതിൻ്റെ വിളിപ്പേരും വെള്ളിമൂങ്ങയെന്നാണ്.

 

ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

ചന്തമുള്ള വെളുത്ത മുഖവും കഴുത്തും നെഞ്ചും ആണിവക്ക്. എന്നാൽ തലയുടെ പിൻഭാഗത്തും മുതുകും പുറവും ചിറകിൻ്റെ മുകൾ ഭാഗത്തും സ്വർണ്ണവർണ്ണത്തിൽ തവിട്ടു കലർന്ന് കറുത്ത പുള്ളികളോടെ കാണാം. വളരെ മനോഹരമായ ഒരു മൂങ്ങയാണിത്. സ്വർണ്ണ വർണ്ണമാർന്ന ഒരു മേൽപ്പുതപ്പും ചുറ്റിയിരിക്കുന്ന തല നരച്ച ഒരാളെ പോലെ തോന്നിയേക്കാം. പക്ഷേ ഇരപിടുത്തത്തിൻ്റെ കാര്യത്തിൽ വേറെ ലെവൽ ആണെന്നു മാത്രം. നേരത്തെ പറഞ്ഞ പാട്ടിൽ ഇങ്ങനെ കൂടി പറയുന്നുണ്ട്-

‘കൂരിരുട്ടായാലും കണ്ണുപിടിക്കും
എത്ര ചെറുതായാലും കണ്ടു പിടിക്കും
ചിറകടിയില്ലാതെ പാറിയണഞ്ഞവൻ
ചിക്കെന്ന് റാഞ്ചിയെടുത്തോണ്ടു പോവും.’

ഈ വരികൾ അക്ഷരംപ്രതി ശരിയാണ്. വളരെ ചെറിയ നൊച്ചെലിയടക്കമുള്ള സസ്തനികളാണ് (Rodents) വെള്ളിമൂങ്ങകളുടെ മുഖ്യാഹാരം. സാറ്റലൈറ്റ് ഡിഷ് പോലെ അകത്തേക്കു കുഴിഞ്ഞ മുഖഫലകം ശബ്ദവീചികളെ മികച്ച രീതിയിൽ തന്നെ ചെവിയിലെത്തിക്കും. അതു കൊണ്ടു തന്നെ രാത്രിയിലെ വളരെച്ചെറിയ അനക്കങ്ങളും ശബ്ദങ്ങളും ഇവക്ക് കേൾക്കാൻ കഴിയും. കൂടാതെ ഇരുട്ടിൽ അത്യുഗ്രൻ കാഴ്ചശക്തി കൂടിയാകുമ്പോൾ രാത്രികളിലെ വേട്ടക്കാരിലെ ഏറ്റവും സമർത്ഥരായി വെള്ളിമൂങ്ങകർ മാറുന്നു. രാത്രിയിലെ കാഴ്ചശക്തിയെന്നു പറയുമ്പോൾ കണ്ണിൻ്റെ സവിശേഷ ഘടന കൊണ്ട് ഇവർക്ക് രാത്രി കാണാൻ വളരെ കുറവ് വെളിച്ചം മതിയെന്നാണ് മനസ്സിലാക്കേണ്ടത്. ശബ്ദമില്ലാതെ പറക്കാനുള്ള കഴിവാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 36 സെൻറീമീറ്ററോളം വലുപ്പം വരുന്ന ഒരു മൂങ്ങ പറന്നിറങ്ങി മുതുകിൽ നഖങ്ങളാഴ്ത്തുമ്പോൾ മാത്രമാണ് ഇരയായ ഒരെലിയോ മറ്റേതെങ്കിലും സസ്തനിയോ അതറിയുക തന്നെ. തൂവലുകളുടെ അരികുകളിലുള്ള നേർത്തതും പതുപതുത്തതുമായ നാരുകളാണ് വായുവിൻ്റെ ഘർഷണം പരമാവധി കുറച്ച് ശബ്ദം ഏറെക്കുറെ ഇല്ലാതാക്കുന്നത്. പോരാതെ ഏതാനും ചില ചിറകടികളിൽ വായുവിലുയരാനും (Lift) അതിനു ശേഷം കുറച്ചു ദൂരം ഭൂനിരപ്പിനോടു ചേർന്ന് തെന്നി നീങ്ങാനും (Glide) ഇവക്ക് കഴിവുണ്ട്. ഇരയെ നഖങ്ങളിൽ കോർത്തെടുക്കുന്നതിനു പകരം കൊത്തിക്കൊണ്ടു പോകാറുമുണ്ട് ഇക്കൂട്ടർ.

ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

ധ്രുവപ്രദേശങ്ങളും ഹിമാലയത്തിനു വടക്കു കുറച്ചു സ്ഥലങ്ങളും ചില മരുഭൂമികളുമൊഴിച്ചാൽ ലോകമെമ്പാടും കാണാൻ കഴിയുന്ന ഒരു പക്ഷിയാണ് വെള്ളിമൂങ്ങ അഥവാ ബാൺ ഔൾ. ബാൺ ഔൾ എന്നതിനു കളപ്പുര മൂങ്ങയെന്ന് അർത്ഥം കണ്ടെത്താം. ധാന്യപ്പുരകളോടു ചേർന്ന് മരപ്പൊത്തുകളിലും വീടിൻ്റെ മച്ചിൻ മുകളിലുമാണിവ കൂടുവക്കുക. (കളപ്പുരക്കൂമൻ/പത്തായപ്പക്ഷി എന്നു പേരു വന്നതിനു കാരണമിതാവാം. അവിടങ്ങളിൽ പ്രിയ ഭക്ഷണമായ എലികളെ ധാരാളമായി കിട്ടുമല്ലോ.) ധാന്യ കൃഷിയിടങ്ങളിലെ എലി ശല്യത്തിനൊരു സ്വാഭാവിക പരിഹാരമായതുകൊണ്ട് വെള്ളിമൂങ്ങക്ക് കർഷക മിത്രമെന്നും ഒരു പേരുണ്ട്.

ലക്ഷദ്വീപിലെ രസകരമായ ഒരു സംഭവം പറയാം. ഭീകരമായ എലി ശല്യം കാരണം അന്നാട്ടുകാർ പല പല മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടു നിരാശരായി ഇരിക്കയാണ്. പൂച്ചകളെ ദ്വീപിൽ വിട്ടപ്പോൾ എലികളെല്ലാം തെങ്ങിൻ മുകളിൽ തമ്പടിക്കാൻ തുടങ്ങി. സ്വാഭാവികമായും തേങ്ങകളുടെ കഥ കഴിഞ്ഞെന്ന് പറയേണ്ടതില്ലല്ലോ! ഒടുവിൽ കാർഷിക വകുപ്പും ഗവേഷകരും ചേർന്ന് 2018ൽ അവിടെ 3 ജോടി വെള്ളിമൂങ്ങകളെ തുറന്നു വിട്ടു. ഇഷ്ടം പോലെ എലികളെ ആസ്വദിച്ച് ഭക്ഷിച്ച് അവ ദ്വീപിൽ കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവ സ്വാഭാവിക പ്രജനനം നടത്തുകയും അടുത്ത ദ്വീപുകളിലേക്ക് പറക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന് നിരീക്ഷകർ പറയുന്നു. പക്ഷേ എലിയേക്കാൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാവുന്ന മറ്റൊരാഹാരത്തിൽ ഇവ ആകൃഷ്ടരാകുന്നുവെന്ന് ഇടക്കാലത്ത് അവിടെ ഗവേഷണ സംബന്ധമായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് നിരീക്ഷിച്ചിട്ടുണ്ട് – ഞണ്ടുകൾ. ഇവ തുപ്പിക്കളയുന്ന ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങളിൽ (regurgitating/pellets) ഞണ്ടുകളുടെ ശരീരഭാഗങ്ങൾ കണ്ടിട്ടുണ്ടത്രേ!

ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

നിങ്ങൾ രാത്രിയിൽ സ്ട്രീറ്റ് ലൈറ്റിൻ്റെയോ വാഹനത്തിൻ്റെ ഹെഡ് ലൈറ്റിൻ്റെയോ വെളിച്ചത്തിൽ കാണുന്ന വലുതും ആശ്ചര്യമാം വിധം നിശ്ശബ്ദമായി പറക്കുകയും ചെയ്യുന്ന വെളുത്ത പക്ഷി വെള്ളിമൂങ്ങയാവാനാണ് സാധ്യത. ഇന്ത്യയിൽ രണ്ടു തരം വെള്ളിമൂങ്ങകളുണ്ട്. ടൈറ്റോനിഡേ (Titonidae) കുടുംബത്തിൽ പെടുന്ന ഇവ ടൈറ്റോ ആൽബ (Tyto alba stertens) എന്ന വെള്ളിമൂങ്ങയും ടൈറ്റോ ആൽബ ഡെറോപ്സ്റ്റോർഫി (Tyto alba deroepstorffi) എന്ന ആൻഡമാൻ വെള്ളിമൂങ്ങയുമാണ്. ഇവ ആൻഡമാൻ ദ്വീപസമൂഹങ്ങളിൽ മാത്രം കാണപ്പെടുന്നു. സാധാരണ വെള്ളിമൂങ്ങയെ അപേക്ഷിച്ച് ഒരൽപം ഇരുണ്ടതും കരുത്താർന്നതും ആണിത്.

വെള്ളിമൂങ്ങകൾ ഒരു തവണ മുട്ടയിട്ടാൽ മൂന്നോ നാലോ മുതൽ ഏഴുവരെ ഒക്കെ കുഞ്ഞുങ്ങൾ വിരിയാറുണ്ട്. അമ്മ മൂങ്ങ സ്ഥിരമായി അടയിരിക്കുകയും ആഴ്ചകൾ വ്യത്യാസത്തിൽ മുട്ടകൾ വിരിയുകയും ചെയ്യുന്നു. അച്ഛൻ മൂങ്ങ രാത്രിമുഴുവൻ ഇര പിടിച്ച് പ്രിയതമയെയും മക്കളെയും ഊട്ടുന്നു. കൂടുവക്കുന്ന സ്ഥലം തന്നെയായിരിക്കും മിക്കപ്പോഴും പകലത്തെ ഒളിയിടവും. മിക്കവാറും ജീവിതകാലത്ത് ഒരേ ഒരു ഇണയെ മാത്രം വരിക്കുന്ന ഇവ ഇര തേടുന്നതും ഏറെക്കുറെ ഒരേ സ്ഥലത്തു തന്നെ ആയിരിക്കും.

ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

തെക്കു കിഴക്കേ ഏഷ്യയിലെ മന്ത്രവാദത്തിലും അനുബന്ധ അന്ധവിശ്വാസങ്ങളിലും വെള്ളിമൂങ്ങക്ക് വലിയ സ്ഥാനങ്ങൾ കൽപിച്ചു നൽകിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ ലക്ഷമീദേവിയുടെ വാഹനമായ വെള്ളിമൂങ്ങയെ വീട്ടിൽ വളർത്തിയാൽ ഐശ്വര്യം കൈവരുമെന്ന മണ്ടൻ അന്ധവിശ്വാസം കൊണ്ട് കുറെയധികം വെള്ളിമൂങ്ങകൾ കൂടിനകത്തായിപ്പോയിട്ടുണ്ട്. അതേ പോലെ വടക്കേയിന്ത്യയിൽ ദീപാവലിക്ക് വെള്ളിമൂങ്ങയെ കാണുന്നത് ഐശ്വര്യദായകമായി വിശ്വസിക്കുന്നതു കൊണ്ടും കൂടെ ആളുകൾ ഇവയെ പിടിക്കാനും കൂട്ടിലാക്കാനും ശ്രമിക്കാറുണ്ടത്രേ. വടക്കു കിഴക്കേ ഇന്ത്യയിലാകട്ടെ മൂങ്ങ ബലി പോലും നിലവിലുണ്ട്. വന്യ ജീവി സംരക്ഷണ നിയമത്തിന് സ്തുതി, ഈ പാവം പക്ഷികളെ ഇത്തരം ദ്രോഹങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ഇനിയുള്ള കാലം നിയമങ്ങളും പാലകരും രക്ഷിക്കുമാറാകട്ടെ.

ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

ഓടിട്ട വീടുകളും മച്ചിൻ പുറങ്ങളും ചുമർപ്പൊത്തുകളും ഇല്ലാതാവുന്നതുകൊണ്ട് ഈ മൂങ്ങകൾ ഈയിടെയായി കോൺക്രീറ്റ് വീടുകളുടെ സൺ ഷെയ്ഡുകളും പാരപ്പറ്റുകളും ഒക്കെ വാസസ്ഥലമാക്കി തുടങ്ങിയിട്ടുണ്ട്. (Adaptation) കുഞ്ഞുങ്ങൾ വിരിയുന്ന കാലത്ത് രാത്രി മുഴുവൻ നീളുന്ന സ്ക്രീ….ച്ച് എന്ന സംഗീത പരിപാടി ഒരൽപം അരോചകമാണെങ്കിലും ഈയധോലോകക്കാർ വീട്ടിലുണ്ടെങ്കിൽ എലി ശല്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ടി വരില്ല. നാട്ടിലെ എലികളെ മുഴുവൻ തുരത്തുന്നതിൻ്റെ ക്വട്ടേഷൻ മുഴുവനായി പൂച്ചക്ക് ഏൽപിച്ചു കൊടുക്കുന്നത് ശരിയല്ല. നമ്മളാരും കാണാതെ, അറിയാതെ കാണാമറയത്ത് മറഞ്ഞിരുന്ന് പോരാടുന്ന ഈ അധോലോക നായകനും ആ ക്രെഡിറ്റ് ഒരൽപം കൊടുക്കുക തന്നെ വേണം. അന്ധവിശ്വാസങ്ങളുടെ കാര്യത്തിലായാലും തനതായ ഒട്ടനവധി സവിശേഷതകളാലും പക്ഷി ലോകത്തെ പ്രസിദ്ധരായ അധോലോക കുടുംബം തന്നെയാണ് നമ്മുടെ ചുള്ളൻ വെള്ളി മൂങ്ങകൾ.

വെള്ളിമൂങ്ങയുടെ ശബ്ദം കേൾക്കാം

ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

പോഡ്കാസ്റ്റ് കേൾക്കാം


മറ്റു ലേഖനങ്ങളും പോഡ്കാസ്റ്റുകളും

Leave a Reply