ശാസ്ത്രബോധമെന്ന ബോധം

Vaisakhan Thampi
വൈശാഖൻ തമ്പി

സാമാന്യബോധത്തിൽ നിന്ന് ശാസ്ത്രബോധത്തിലേക്കുള്ള മാറ്റം എത്രത്തോളം ശ്രമകരമാവും? ശാസ്ത്രബോധം ഒരു ജീവിതരീതിയായി കൂടെയുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വൈശാഖൻതമ്പി 2021 ഫെബ്രുവരി മാസം ശാസ്ത്രഗതി മാസികയിൽ എഴുതിയ ലേഖനം

മലയാളികൾ ട്രോൾ തമാശയുണ്ടാക്കി ആസ്വദിക്കുന്ന വിഷയങ്ങളിൽ മുൻപന്തിയിലുള്ള ഒന്നാണ് ദക്ഷിണേന്ത്യൻ മസാലാ സിനിമകളിലെ ആക്ഷൻ രംഗങ്ങൾ. അണിയറക്കാർ ഗൗരവകരമായി എടുത്തിരിക്കുന്ന മിക്ക രംഗങ്ങളും പൊതുവിൽ തമാശയായിട്ടാണ് നമുക്ക് തോന്നുക. നടൻ ബാലകൃഷ്ണ ഓടുന്ന ട്രെയിനിനെ പിടിച്ചുനിർത്തുന്നതും രജനികാന്ത് പാഞ്ഞുവരുന്ന വെടിയുണ്ടയെ കത്തികൊണ്ട് രണ്ടായി കീറുന്നതും ഗൗരവത്തോടെ കണ്ടിരിക്കുന്നതെങ്ങനെ! അതൊക്കെ തീർത്തും അസംഭവ്യമെന്നും അതുകൊണ്ട് തന്നെ അസംബന്ധമെന്നും നമുക്കറിയാം, അല്ലേ?

പക്ഷേ ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്; അത്തരം കാഴ്ചകളെ എന്തടിസ്ഥാനത്തിലാണ് അസംഭവ്യം എന്ന് നമ്മൾ വിലയിരുത്തുന്നത്? തീർച്ചയായും കണിശമായ ശാസ്ത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ ആ അസംഭവ്യത നമുക്ക് തെളിയിക്കാനാവും. ഓടിവരുന്ന ട്രെയിനിന്റെ മാസ്സും (ദ്രവ്യമാനം) പ്രവേഗവും കണക്കിലെടുക്കുമ്പോൾ അതിനുള്ള ഗതികോർജവും, നടന്റെ ശരീരപേശികൾക്ക് സാധ്യമായ പ്രതിരോധബലവും, ട്രെയിനിന്റെയും മനുഷ്യശരീരത്തിന്റെയും ഇലാസ്തികഗുണങ്ങളും ഒക്കെ അപഗ്രഥിച്ച് ട്രെയിനിനെ പിടിച്ചുനിർത്തൽ അസാധ്യം എന്ന നിഗമനത്തിൽ എത്താനാവും. പക്ഷേ അത്തരം വിശകലനങ്ങൾ നടത്താനുള്ള അക്കാദമികജ്ഞാനമുള്ളവർ മാത്രമല്ലല്ലോ ആ നിഗമനത്തിൽ എത്തുന്നത്. അവിടെ പ്രവർത്തിക്കുന്നത് പ്രകൃതിയിലെ സ്വാഭാവിക നടപ്പുരീതികളെക്കുറിച്ചും കാര്യകാരണബന്ധങ്ങളെക്കുറിച്ചുമുള്ള നമ്മുടെ ചില ധാരണകളാണ്. അത് നമ്മുടെ ബോധത്തിന്റെ ഭാഗമാകുന്നു. അത് തൊട്ടുകാണിക്കാനോ, ചൂണ്ടിക്കാണിക്കാനോ സാധ്യമല്ല. അത് എവിടന്ന്, എപ്പോൾ കിട്ടിയെന്ന് പറയാനാകില്ല. അത് എവിടിരിക്കുന്നു എന്ന് പറയാനാകില്ല. മസ്തിഷ്‌കകോശങ്ങളുടെ കൂടിച്ചേർന്ന പ്രവർത്തനത്തിലൂടെ ഉരുത്തിരിയുന്ന ഒരു ഗുണവിശേഷമാണ് (emergent property) ബോധം എന്ന് മാത്രമേ നമുക്കിന്ന് അറിയൂ.

കലാബോധം, നർമബോധം, ചരിത്രബോധം എന്നിങ്ങനെ പലതരം ബോധങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കാറുണ്ട്. പണ്ട്, കായൽപ്പരപ്പിന്റെ ഭംഗി ചൂണ്ടിക്കാണിച്ചപ്പോൾ ‘ഇതിലിപ്പോ എന്താ? കുറേ വെള്ളം കെട്ടിക്കിടക്കുന്നു!’ എന്ന് പ്രതികരിച്ച സുഹൃത്തിനെ പറ്റി ഒരാൾ പരാതി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്ത് വിനിമയം ചെയ്താലാണ് താൻ കാണുന്ന കാഴ്ചയുടെ ആസ്വാദ്യത മറ്റേയാളെ ബോധ്യപ്പെടുത്താനാവുക എന്നോർത്ത് അദ്ദേഹം കുഴഞ്ഞുപോയത്രേ. ഇപ്പറഞ്ഞ ബോധങ്ങൾക്കെല്ലാം ഈ പ്രശ്‌നമുണ്ട്. അതുപോലൊരു ബോധത്തെ പറ്റിയാണ് നാം സംസാരിച്ചു വരുന്നത്, ശാസ്ത്രബോധം.

പറഞ്ഞുതുടങ്ങിയ സിനിമാതമാശയുടെ ഉദാഹരണത്തിൽ നാം ബോധത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും പറഞ്ഞിരുന്നു. പക്ഷേ ശാസ്ത്രബോധത്തെ അതേ രൂപത്തിൽ അവിടേക്ക് കൊണ്ടുവരുന്നതിന് മുൻപ് ഒരു കടമ്പ കൂടിയുണ്ട്. പ്രയോഗത്തിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാകുന്ന വിധത്തിൽ, അതുമായി ഇഴചേർന്ന് നിൽക്കുന്ന സാമാന്യബോധത്തിൽ നിന്ന് അതിനെ വേർതിരിക്കുക. സിനിമാരംഗത്തിലെ സംഭവ്യത വിലയിരുത്തുന്നതിലായാലും, രോഗചികിത്സയെപ്പറ്റി അഭിപ്രായം പറയുന്നതിലായാലും നാം സാമാന്യബോധത്തിന്റെ സഹായമാണ് തേടുന്നത്. കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയുന്നതിനായി ഓസ്‌ട്രേലിയയിൽ നടത്തപ്പെട്ട ഒരു സർവേയിൽ, ‘കാലാവസ്ഥാമാറ്റം നടക്കുന്നില്ല’ എന്നഭിപ്രായപ്പെട്ട ആളുകളിൽ നല്ലൊരു പങ്കും അതിന് ന്യായമായി പറഞ്ഞത് ‘അത് സാമാന്യബോധം വച്ച് മനസിലാക്കാവുന്നതല്ലേ’ എന്നതാണ്. അത്തരത്തിലുള്ള പ്രാമാണ്യം സാമാന്യബോധത്തിന് കല്പിച്ച് നൽകപ്പെടുന്നിടത്താണ് ശാസ്ത്രബോധത്തെ കുറിച്ച് നമുക്ക് ഉറക്കെ പറയേണ്ടിവരുന്നത്.

പലതരം ശാസ്ത്രങ്ങളിലെ ഒരൊറ്റ ശാസ്ത്രം

പലതരം ശാസ്ത്രങ്ങൾ പഠിക്കുന്ന തിരക്കിൽ പലപ്പോഴും ശാസ്ത്രമെന്താണെന്ന് ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, എന്നിങ്ങനെ പല പേരുകളിൽ പഠിക്കുന്ന വിഷയങ്ങളെല്ലാം ശാസ്ത്രം തന്നെയാണ്. എങ്കിൽ ഇവയിലെല്ലാം പൊതുവായി ഉള്ളതെന്തോ അതാകണമല്ലോ ശാസ്ത്രം. എന്താണത്; സസ്യശാസ്ത്രക്ലാസ്സിലും ഭൗതികശാസ്ത്രക്ലാസ്സിലും രസതന്ത്രക്ലാസ്സിലുമൊക്കെ പൊതുവായി പഠിച്ചത്? അത് സ്പഷ്ടമായ ഒരു തലക്കെട്ടിനടിയിൽ പറയാവുന്ന കാര്യമല്ല. ഇപ്പറഞ്ഞ വിഷയങ്ങളിലെ അറിവുകൾ നാം ഏതുരീതിയിലാണോ മനസ്സിലാക്കിയെടുത്തത്, ആ രീതിയാണ് സത്യത്തിൽ ശാസ്ത്രം എന്ന് ലളിതവൽക്കരിച്ച് പറയാം. അഥവാ, ശാസ്ത്രം വസ്തുതകളല്ല, വസ്തുതകൾ മനസ്സിലാക്കുന്നതിനുള്ള മാർഗമാണ് എന്നർത്ഥം. ഒരു രീതിശാസ്ത്രം  (scientific method).. ആധികാരികസ്ഥാനങ്ങൾക്കും ആധികാരിക സ്വരങ്ങൾക്കും പ്രസക്തിയില്ലാത്ത, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാത്ത, വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന അറിവുകൾ മാത്രം ശാസ്ത്രീയമായ അറിവുകളാകുന്നത് അങ്ങനെയാണ്.

ശാസ്ത്രത്തിന്റെ അറിവുൽപ്പാദനരീതി ഘട്ടം ഘട്ടമായി സംഭവിക്കുന്ന ഒന്നാണ്. അത് നിരീക്ഷണങ്ങളിൽ നിന്ന് തുടങ്ങുന്നു. ആ നിരീക്ഷണങ്ങളെപ്പറ്റി ചോദ്യങ്ങൾ ഉണ്ടാകുന്നു. പിന്നെ സംഭവിക്കുന്നത് ചോദ്യങ്ങൾക്ക് ഉത്തരമാകാൻ സാധ്യതയുള്ള ആശയങ്ങൾ കണ്ടെത്തുക എന്നതാണ്.
പരികല്പനകൾ (hypothesis) എന്നറിയപ്പെടുന്ന അവ ഉത്തരങ്ങളല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പരികല്പനകൾ തുടർപരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. പരികല്പനകളുടെ അടിസ്ഥാനത്തിൽ പ്രവചനങ്ങൾ നടത്തി അത് പരീക്ഷിക്കുന്നതുൾപ്പടെ പരികല്പനകളുടെ പരിശോധനകൾക്ക് പല മാർഗങ്ങളുണ്ട്. ഈ ഘട്ടത്തിൽ പരികല്പനകൾ തീർത്തും തെറ്റായിരുന്നുവെന്ന് തിരിച്ചറിയപ്പെടാം, അവ പരിഷ്‌കരിക്കപ്പെടേണ്ടതായി വെളിപ്പെടാം, ചിലപ്പോൾ അവ ഒരു സാമാന്യവൽക്കരിക്കാവുന്ന അറിവായി മാറുകയുമാവാം. ഇന്ന് ശാസ്ത്രപുസ്തകങ്ങളിൽ അടിസ്ഥാനപ്രമാണങ്ങളായി പഠിക്കുന്ന കാര്യങ്ങൾപോലും ഇത്തരം പരികല്പനകളായിട്ടാണ് തുടങ്ങിയത്. നമ്മുടെ നിഗമനങ്ങൾക്കും, വിലയിരുത്തലുകൾക്കും ശാസ്ത്രത്തിന്റെ ഈ ഒരു രീതിയാണ് നാം അവലംബിക്കുന്നത് എങ്കിൽ അവിടെയാണ് ശാസ്ത്രബോധം പ്രവർത്തിക്കുന്നത്. ശാസ്ത്രപുസ്തകങ്ങളിൽനിന്ന് നാം വായിച്ചെടുക്കുന്ന വസ്തുതകൾ അല്ല അത്. ആ വസ്തുതകളുടെ കൂടി അടിസ്ഥാനത്തിൽ നാം ആർജിക്കുന്ന ഒരു ബോധമാണത്. ശാസ്ത്രവസ്തുതകൾ നമുക്ക് പങ്ക് വെയ്ക്കാനാകും, പക്ഷേ ശാസ്ത്രബോധം നാം സ്വയം ആർജിക്കേണ്ടതാകുന്നു.

സാമാന്യബോധവും ശാസ്ത്രബോധവും

സാമാന്യബോധം വെച്ചുള്ള വിലയിരുത്തലുകളുടെ അപാകത എന്താണ് എന്ന തിരിച്ചറിവിൽ നിന്നാണ് ശാസ്ത്രബോധത്തിന്റെ ആവശ്യകതയെ പറ്റിയുള്ള തിരിച്ചറിവ് തുടങ്ങുന്നത്. ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളെ ഗ്രഹിക്കാനും അപഗ്രഥിക്കാനും വിലയിരുത്താനും മനുഷ്യജീവിക്കുള്ള സവിശേഷമായ കഴിവാണ് സാമാന്യബോധം. അത് ഏതൊരു മനുഷ്യന്റേയും ഒരു അടിസ്ഥാനഗുണമായിട്ടാണ് നാം കരുതുന്നതും. കാരണം ദൈനംദിന ജീവിതത്തിലെ നൈമിഷികവും നിരന്തരവുമായ തീരുമാനമെടുപ്പുകൾക്ക് അതിനെയാണ് നാം ആശ്രയിക്കുന്നത്. ഒരു സ്ഥലത്തെത്താൻ എപ്പോൾ വീട്ടിൽനിന്ന് പുറപ്പെടണമെന്നതും, പായസത്തിൽ എത്ര പഞ്ചസാര ചേർക്കണമെന്നതുമുൾപ്പടെ ഓരോ ദിവസവും നാമെടുക്കുന്ന അസംഖ്യം തീരുമാനങ്ങളിൽ സാമാന്യബോധത്തിന് അപ്രമാദിത്വം തന്നെയുണ്ട്. അതുതന്നെയാണ് അതിന്റെ ദോഷവും; അത് നമ്മളോട് പെട്ടെന്ന് ഒരു തീരുമാനത്തിലെത്താനാണ് ആവശ്യപ്പെടുന്നത്. ശരീരഭാരത്തിന്റെ രണ്ട് ശതമാനം മാത്രമായിരുന്നിട്ടും, ശരീരത്തിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിന്റെ ഇരുപത് ശതമാനത്തോളം കൈയാളുന്ന മസ്തിഷ്‌കം എന്ന അവയവത്തെ പരമാവധി കുറച്ച് പ്രവർത്തിപ്പിക്കാനുള്ള ജീവപരിണാമപരമായ ഒരു സമ്മർദ്ദം കൂടി അവിടെ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമാന്യബോധം ഉത്തരത്തിന്റെ കൃത്യതയെക്കാൾ കൂടുതൽ, ഉത്തരം ലഭിക്കുന്ന വേഗത്തിനാണ് ഊന്നൽ കൊടുക്കുന്നത്. ശാസ്ത്രരീതിയിൽ നിന്ന് വ്യത്യസ്തമായി പരികല്പനകൾക്കും, അതിന്റെ പരിശോധനകൾക്കും മുകളിലൂടെ, ചോദ്യത്തിൽനിന്ന് നേരിട്ട് അവസാന ഉത്തരത്തിലേക്ക് ചാടിവീഴലാണ് അതിന്റെ രീതി.


നാം ജീവിക്കുന്ന ലോകത്തെപ്പറ്റി ഇന്നു ശാസ്ത്രീയമായി നാം സ്വരുക്കൂട്ടിയെടുത്ത അറിവുകളിലൂടെയൊന്ന് കടന്നുപോയാൽ അതിൽ നിർണായകമായ പലതും നമ്മളുടെ സാമാന്യബോധവുമായി ഒത്തുപോകുന്നതല്ല എന്ന് സ്പഷ്ടമായി കാണാനാകും. ഉദാഹരണത്തിന് ഇന്നത്തെ ആധുനിക ഇലക്ട്രോണിക് സാങ്കേതികവിദ്യ തന്നെയെടുക്കുക. ഇലക്ട്രോണിക് യുഗമെന്ന് തന്നെ വർത്തമാനകാലത്തെ വിശേഷിപ്പിക്കാവുന്ന തരത്തിൽ അത് മനുഷ്യജീവിതത്തെ മാറ്റിമറിച്ചുകഴിഞ്ഞു. അതിന്റെ ആധാരം സെമികണ്ടക്ടറുകൾ എന്ന പദാർത്ഥങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവാണ്. അത് സാധ്യമായതോ, ക്വാണ്ടം ഭൗതികമെന്ന സിദ്ധാന്തം വഴിയും. ഒരു കണിക ഒരേസമയം ഒന്നിലധികം സ്ഥാനങ്ങളിൽ കാണപ്പെടുക, ഒരേസമയം കണികാസ്വഭാവവും തരംഗസ്വഭാവവും ഒരുമിച്ച് പ്രകടിപ്പിക്കുക എന്നിങ്ങനെ വിചിത്രമെന്നോ അസംബന്ധമെന്നോ പോലും വിശേഷിപ്പിക്കാവുന്ന പ്രതിഭാസങ്ങളാണ് ക്വാണ്ടം ഭൗതികത്തിന്റെ വ്യവഹാരമേഖല. മനുഷ്യരാശി സാമാന്യബോധത്തെ മാത്രം ആശ്രയിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിൽ ഇലക്ട്രോണിക്‌സ് ഉൾപ്പടെ നമ്മളെ ഇന്നത്തെ നമ്മളാക്കി മാറ്റുന്ന പലതും അസാധ്യമാകുമായിരുന്നു.
നേരത്തേ സൂചിപ്പിച്ചതുപോലെ, സാമാന്യബോധത്തെ മറികടന്ന് ശാസ്ത്രബോധം പ്രയോഗിക്കുക എന്നത് അത്ര എളുപ്പമല്ല. അത് കൂടുതൽ ബൗദ്ധികവിഭവങ്ങൾ ആവശ്യപ്പെടുന്നതാണ്. ഇന്ന് നമ്മൾ ആധുനികശാസ്ത്രം എന്നതുകൊണ്ട് അർത്ഥമാക്കുന്ന ആശയത്തിന് പഴക്കം അന്വേഷിക്കുന്നത് രസകരമായിരിക്കും. പതിനാറാം നൂറ്റാണ്ടിലാണ് ശാസ്ത്രവിപ്ലവം തുടങ്ങിയതായി കണക്കാക്കപ്പെടുന്നത്. എന്നാൽ, ജീവശാസ്ത്രപരമായി മനുഷ്യൻ എന്ന ജീവിയ്ക്ക് രണ്ട് ലക്ഷത്തിലധികം വർഷം പ്രായമുണ്ട് എന്നതും, കൃഷി ചെയ്യാൻ പഠിച്ച നാഗരികമനുഷ്യന് തന്നെ പതിനായിരം വർഷത്തോളം പ്രായമുണ്ട് എന്നതും കൂടി പരിഗണിച്ചാൽ ശാസ്ത്രവിപ്ലവം എത്രമാത്രം വൈകിയാണ് സംഭവിച്ചത് എന്ന് കാണാം. ഇന്ന് ആധുനിക മനുഷ്യജീവിതത്തെ താങ്ങിനിർത്തുന്ന സാങ്കേതികവിദ്യകളും അതിന് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രഅറിവും പരിഗണിക്കുക. അവയ്‌ക്കൊക്കെ എന്ത് പഴക്കം വരുമെന്ന് നോക്കിയാലും ഇത് മനസ്സിലാകും. വൈദ്യുതി, എക്‌സ്-റേ, ക്യാമറ, ട്രെയിൻ, വിമാനം, കംപ്യൂട്ടർ, മൊബൈൽ ഫോൺ, എന്നിങ്ങനെ ഇന്ന് ‘ഇല്ലാതെ ജീവിക്കാനാവില്ല’ എന്ന് നമ്മളെക്കൊണ്ട് തോന്നിപ്പിക്കുന്നതൊക്കെ നൂറോ ഇരുന്നൂറോ വർഷം മുൻപ് മാത്രം ഉണ്ടായതാണ്.

ശാസ്ത്രബോധം ശാസ്ത്രജ്ഞരുടേത് മാത്രമോ?

ശാസ്ത്രപുരോഗതിയുടെ ചരിത്രം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ ജീവചരിത്രവുമായോ അവരുടെ പേരുകളുമായിട്ടെങ്കിലുമോ ഇഴചേർത്താണ് നാം സാധാരണയായി പഠിക്കുന്നത്. ഗുരുത്വാകർഷണത്തെ ഐസക് ന്യൂട്ടനിൽനിന്ന് വേർപെടുത്തുന്നതെങ്ങനെ! അതുകൊണ്ട് തന്നെ ഇപ്പറഞ്ഞ ശാസ്ത്രബോധം ശാസ്ത്രജ്ഞർക്ക് വേണ്ടിവരുന്ന എന്തോ ഗുണമാണ് എന്ന തെറ്റിദ്ധാരണയും പരക്കേയുണ്ട്. രണ്ട് കാര്യങ്ങൾ അതിനോട് ചേർത്ത് വയ്‌ക്കേണ്ടതുണ്ട്. ഒന്ന്, ആര് എന്നതിനേക്കാൾ എങ്ങനെ എന്ന ചോദ്യത്തിനാണ് ശാസ്ത്രത്തിൽ പ്രാധാന്യം. ഗുരുത്വാകർഷണം ന്യൂട്ടനല്ലെങ്കിൽ മറ്റൊരാൾ കണ്ടെത്തുമായിരുന്നു. അത് ന്യൂട്ടന് പകരം മറ്റൊരാൾ കണ്ടെത്തിയിരുന്നെങ്കിലും സിദ്ധാന്തം അത് തന്നെയാകുമായിരുന്നു. കാരണം ശാസ്ത്രീയ അറിവ് എന്ന നിലയിൽ അതിന്റെ അസ്തിത്വം, കണ്ടെത്തിയ ആളിൽ നിന്നും പഠിക്കുന്ന ആളുകളിൽ നിന്നുമൊക്കെ സ്വതന്ത്രമാണ്.

ശാസ്ത്രത്തിന്റെ ആ വസ്തുനിഷ്ഠത ആണ് അതിനെ ഇത്ര വിശ്വസനീയമാക്കുന്നത്. അത് ആര് എപ്പോൾ പരീക്ഷിച്ചാലും ഒരേ ഫലം തന്നെ നൽകും. (ഒരേ പ്രശ്‌നത്തിന് ജ്യോത്സ്യനും വാസ്തുവിദഗ്ദ്ധനും രണ്ട് കാരണങ്ങൾ കണ്ടെത്തുന്നതും, രണ്ട് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതും ഇപ്പറഞ്ഞ വസ്തുനിഷ്ഠത അവിടെ ബാധകമല്ലാത്തതുകൊണ്ടാണ്.) അതുകൊണ്ട് കണ്ടെത്തുന്ന വ്യക്തിയോ ആവർത്തിക്കുന്ന വ്യക്തിയോ അവിടെ വിഷയമല്ല. വ്യക്തിജീവിതത്തിൽ ഒന്നാന്തരം അന്ധവിശ്വാസി ആയിരുന്ന ന്യൂട്ടന്റെ, വസ്തുനിഷ്ഠമായ കണ്ടെത്തലുകൾ കാലത്തെ ജയിച്ചു. എന്നാൽ ആൽക്കെമിയും ലോകാവസാനപ്രവചനവും പോലുള്ള വ്യക്തിനിഷ്ഠവിശ്വാസങ്ങൾ ഇന്ന് അധികമാർക്കും അറിയാത്തവിധം വിസ്മരിക്കപ്പെട്ടും പോയി. ചുരുക്കിപ്പറഞ്ഞാൽ, ശാസ്ത്രബോധം എന്നത് ശാസ്ത്രജ്ഞരുടെ ഒരു പൊതുഗുണമല്ല. ശാസ്ത്രജ്ഞർ എന്നറിയപ്പെടുന്നവർ എല്ലാ കാര്യത്തിലും ശാസ്ത്രബോധം പുലർത്തണമെന്നില്ല. ശാസ്ത്രമേ പഠിച്ചിട്ടില്ലാത്തവർ ജീവിതത്തിൽ മികച്ച ശാസ്ത്രബോധം പുലർത്തിയെന്നും വരാം.
 


ശാസ്ത്രത്തിന്റെ രീതി വിവരിക്കവേ, നിരീക്ഷണങ്ങളിൽ നിന്നുണ്ടാകുന്ന ചോദ്യങ്ങളെപ്പറ്റിയും അവയ്ക്ക് ഉത്തരം കണ്ടെത്താനുള്ള ചിട്ടയായ ഒരു രീതിയെപ്പറ്റിയും നാം പറഞ്ഞു. എന്നാൽ ഇത് ഗുരുത്വാകർഷണത്തിനോ, പ്രപഞ്ചത്തിന്റെ പ്രായത്തിനോ, ഡി.എൻ.ഏ.യുടെ ഘടനയ്‌ക്കോ മാത്രം ബാധകമായ രീതിയല്ല. ഒരു സാധാരണ മനുഷ്യൻ ജീവിക്കുന്നത് പലതരം ചോദ്യങ്ങളുടെ ഉത്തരം തേടിയും കണ്ടെത്തിയുമാണ്. ജീവിതമാർഗത്തിനായി ഒരു കട തുടങ്ങാൻ ഉദ്ദേശിക്കുന്ന ഒരാളിന് മുന്നിൽ പലതരം ചോദ്യങ്ങൾ ഉണ്ടാവില്ലേ? ഐസ് ക്രീം, പലചരക്ക്, ഓട്ടോ സ്‌പെയർപാർട്‌സ്, പെയിന്റ് എന്നിങ്ങനെ എന്തുതരം കടയാണ് തുടങ്ങേണ്ടത് എന്ന ചോദ്യം പ്രസക്തമല്ലേ? ഐസ് ക്രീം കടയാണെങ്കിൽ സ്‌കൂളിന് മുന്നിലാണോ ബീവറേജ് ഷോപ്പിന് മുന്നിലാണോ അത് നടത്തേണ്ടത് എന്നതൊരു പ്രധാന ചോദ്യമല്ലേ? മൂന്നാംനിലയിൽ കാർ വർക്ക്‌ഷോപ്പ് തുടങ്ങിയ ആളിന്റെ തമാശക്കഥയിൽ ഇത്തരം ചോദ്യങ്ങളുടെ ഉത്തരം ശരിയായി കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം കാണാം. അതിലൊക്കെയുപരി, ഒരു അസുഖം വന്നാൽ ഏതുതരം ചികിത്സാരീതി തെരെഞ്ഞെടുക്കണം എന്നതുപോലെ ജീവന്റെ വിലയുള്ള ചോദ്യങ്ങളും നാം അഭിമുഖീകരിക്കാറുണ്ട്. ഇവിടെയെല്ലാം ശാസ്ത്രബോധത്തോടെയുള്ള തെരെഞ്ഞെടുപ്പാണ് നമ്മുടെ ജീവിതവിജയം നിർണയിക്കുന്നത്. അശാസ്ത്രീയ പരിഹാരമാർഗങ്ങൾക്ക് പിന്നാലെ പാഞ്ഞ് ജീവിതസമ്പാദ്യം മൊത്തവും, ജീവൻതന്നെയും നഷ്ടപ്പെടുത്തിയ ആളുകൾ നിരവധിയുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നുകൂടി ഇവിടെ ഓർമിക്കാം.


വ്യക്തിജീവിതത്തിലെ ശാസ്ത്രബോധത്തോടൊപ്പമോ അതിലധികമോ പ്രധാനപ്പെട്ടതാണ് പൊതുജനത്തിന്റെ ശാസ്ത്രബോധം. നൂറുശതമാനം ശാസ്ത്രബോധമുള്ള ശാസ്ത്രജ്ഞരും, ശാസ്ത്രബോധം തീരെ കുറഞ്ഞ ഒരു ജനതയുമാണ് ഒരു സമൂഹത്തിലുള്ളതെങ്കിൽ, അവിടെ ആ ശാസ്ത്രജ്ഞരെക്കൊണ്ട് പ്രയോജനം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കാരണം, പൊതുജനത്തിന്റെ അഭിരുചികളും മനോഭാവങ്ങളുമാകുമല്ലോ ആ സമൂഹത്തിന്റെ ദിശ തീരുമാനിക്കുന്നത്. സ്വാഭാവികവും, അയത്‌നവുമായ സാമാന്യബോധം ചൂണ്ടിക്കാണിക്കുന്ന പരിഹാരമാർഗങ്ങൾക്ക് മുകളിൽ ശാസ്ത്രീയമായി കണ്ടെത്തപ്പെടേണ്ട പരിഹാരമാർഗങ്ങളുടെ പ്രാധാന്യം ഒരു സമൂഹത്തിന് തിരിച്ചറിയാൻ കഴിഞ്ഞാൽ മാത്രമേ അത് ശാസ്ത്രത്തേയോ ശാസ്ത്രജ്ഞരേയോ പ്രോത്സാഹിപ്പിക്കൂ.

അതായത്, ശാസ്ത്രം വസ്തുനിഷ്ഠമാണെങ്കിൽപ്പോലും ശാസ്ത്രം വേണമോ വേണ്ടയോ എന്ന തെരെഞ്ഞെടുപ്പ് സമൂഹമാണ് നടത്തുന്നത്. അതിൽ വ്യക്തിനിഷ്ഠത അടങ്ങിയിട്ടുണ്ട്. സമൂഹത്തിലെ ഓരോ വ്യക്തിയും ശാസ്ത്രബോധത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് അത് വിരൽചൂണ്ടുന്നത്. ശാസ്ത്രപഠനത്തോടൊപ്പം ശാസ്ത്രപ്രചാരണവും പ്രധാനപ്പെട്ടതാകുന്നത് അതുകൊണ്ടാണ്. ആഴത്തിൽ ശാസ്ത്രം പഠിച്ചവരെ പ്രയോജനപ്പെടുത്താൻ കഴിയുന്ന, ശാസ്ത്രപ്രാധാന്യം തിരിച്ചറിയുന്ന ഒരു സമൂഹമാകട്ടേ നമ്മുടെ ലക്ഷ്യം.

2021 ഫെബ്രുവരി ലക്കം ശാസ്ത്രഗതി മാസികയിൽ വന്നത്. ശാസ്ത്രഗതി തപാലിൽ വരുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply