Read Time:14 Minute

അഭിലാഷ് രവീന്ദ്രൻ

കാലൻ കോഴി / Mottled Wood Owl

കുട്ടിക്കാലത്ത് നിങ്ങൾക്കു പ്രിയതരമായതും ഏറെ പരിചിതമായതുമായ ആ നാട്ടിൻപുറം ഓർമ്മയില്ലേ? നിറയെ നെൽപ്പാടങ്ങളും കുന്നിൻ പുറവും തരിശായി കിടക്കുന്ന പറമ്പുകളും വലിയ മരങ്ങളുമൊക്കെയായി കാട്ടുമുക്കെന്ന് നാഗരിക പരിഷ്കൃതി പേരു ചാർത്തിയ ഒരിടം? അത്തരമൊരു നാട്ടിൻ പുറത്തെ കുട്ടിക്കാലത്തേക്ക് ക്രിസ്തുമസ് വെക്കേഷൻ സമയത്ത് നമുക്കൊരു യാത്ര പോയാലോ?

പകലൊക്കെ പാടത്തും പറമ്പിലും കളിച്ചു തിമർത്ത് ചളിയിലും വിയർപ്പിലും മുങ്ങി കുട്ടിക്കൂട്ടം വീട്ടിൽ വന്നു കയറുന്നു. കുളി കഴിഞ്ഞേ പൂമുഖത്തേക്ക് പ്രവേശനമുണ്ടാകൂ. അവിടെ പ്രായമായ അപ്പൂപ്പൻ / അമ്മൂമ്മ പഴങ്കഥകളുടെ മുറുക്കാൻ ചെല്ലവുമായി ഇരിപ്പുണ്ടാകും. പഴയ കാല വീരസ്യങ്ങളോ നാട്ടിലെ വിചിത്ര സംഭവങ്ങളോ പ്രേതകഥകളോ പൊടിപ്പും തൊങ്ങലും ചേർത്ത് അവർ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇരുട്ടു വീണു തുടങ്ങുമ്പോൾ പൊടുന്നനെ അധികം ദൂരെയല്ലാതെ കൂ -ഹു -ഹ്വ- ഹു-വാ എന്ന് ഉച്ചസ്ഥായിലുള്ള ഒരു ശബ്ദം കേട്ട് നിങ്ങൾ ഞെട്ടിത്തരിച്ച് അമ്മൂമ്മയുടെ കൈകളുടെ സുരക്ഷിതത്വത്തിലേക്ക് അഭയം പ്രാപിക്കുന്നു.

നിങ്ങളെ ഞെട്ടിച്ച ആ ശബ്ദമൊന്ന് കേട്ടു നോക്കാം?

അമ്മൂമ്മയാകട്ടെ ഉച്ചത്തിൽ ദൈവ നാമങ്ങൾ ഉരുവിടുന്നു, പ്രാർത്ഥിക്കുന്നു. നിങ്ങളെയും കൂട്ടി ധൃതിയിൽ അകത്തേക്ക് കയറുമ്പോൾ അവർ നിങ്ങളുടെ ചെവിയിൽ പിറുപിറുക്കുന്നു – കാലന്റെ സന്ദേശവാഹകനായ കാലൻകോഴിയുടെ വിളിയാണത്. ഇന്നാട്ടിലെ മരണാസന്നനായ ഏതോ ഒരാത്മാവിനെ പൂവ്വാ പൂവ്വാ എന്ന് വിളിക്കുകയാണ് അത്. നാളെ പുലരുന്നത് ഒരു മരണവാർത്തയുമായി ആയിരിക്കുമെന്നത് തീർച്ചയാണ്. ജനലും വാതിലുമൊക്കെ ഭേദിച്ച് ആ ശബ്ദം ഒരു പത്തു പതിനഞ്ചു മിനിറ്റോളം ഇടവിട്ട് നിങ്ങൾക്കു കേൾക്കാം. പേടിയുടെ ഇരുട്ടിൽ കമ്പിളി പുതച്ച് ഒന്നും മിണ്ടാനാവാതെ നിങ്ങൾ ഉറക്കം കാത്തു കിടക്കുന്നു. ഇടയിലായി ഒന്നിരുത്തി മൂളും പോലെയുള്ള ആഴമേറിയ മൂളലും കേട്ടുകൊണ്ടിരിക്കുന്നുണ്ട്.

ആ ഇരുത്തി മൂളൽ ഇതാ ഇങ്ങനെയാണ്. കേട്ടു നോക്കൂ.

നാട്ടിൻപുറ സംസ്കാര / ഭാഷാഭേദങ്ങളനുസരിച്ച് മേൽ പറഞ്ഞ കഥയിൽ മാറ്റങ്ങളുണ്ടാകാമെങ്കിലും വില്ലനു മാറ്റമൊന്നുമുണ്ടാകില്ല. കാലൻകോഴി / കുത്തിച്ചൂലാൻ / നെടിലാൻ / തച്ചൻകോഴി എന്നൊക്കെ അറിയപ്പെടുന്ന ഒരിനം മൂങ്ങയാണത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് ഇണ ചേരാനും പ്രണയിയെ ആകർഷിക്കാനുമുള്ള ടിയാന്റെ വികാരഭരിതമായ പ്രേമഗീതമാണ് നിങ്ങൾ നേരത്തേ കേട്ടത്. ഒരു പക്ഷേ മഞ്ഞുകാലവും കാറ്റും പൊടിയും ചേർന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അധികരിക്കുന്നതിനും പ്രായമായവരിൽ മരണത്തിനു വരെ കാരണമായേക്കാമെന്നല്ലാതെ പാവപ്പെട്ട കാലൻ കോഴിക്ക് നാട്ടിലെ മരണങ്ങളിൽ യാതൊരു പങ്കുമില്ല. നെടിലാൻ കൂവിയാൽ മരണം ഉറപ്പെന്നും നത്ത് ഇക്കരെ മൂളിയാൽ അക്കരെ മരണമെന്നുമൊക്കെയാണ് ഈ പാവം മൂങ്ങയെ ആധാരമാക്കി കേരളത്തിൽ പ്രചാരത്തിലുള്ള പഴഞ്ചൊല്ലുകൾ.

കാലൻകോഴിക്കുഞ്ഞ് (Mottled wood owl chick) ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

നാട്ടിൻ പുറത്ത് പാടങ്ങളുടെ അതിരുകളിലെ മരങ്ങളിലും, കുന്നിൻ ചരിവിലെ മരങ്ങളിലുമൊക്കെയാണ് താമസമെങ്കിലും  ഈ മൂങ്ങയെ വിശദമായി കാണാൻ കഴിഞ്ഞിട്ടുള്ളവർ വിരളമായിരിക്കും. ഇനി കണ്ട ഒന്നോ രണ്ടോ പേരോ, അതിനെക്കുറിച്ച് അതിശയോക്തി കലർന്ന കഥകൾ പടച്ചുവിടാൻ മാത്രം വിചിത്രമായൊരു രൂപമാണ് അതിനുള്ളത്. ആദ്യമായി പറയട്ടെ പേരിൽ മാത്രമേ കോഴിയുള്ളൂ, രൂപത്തിലും സ്വഭാവത്തിലും നല്ലൊരസ്സൽ മൂങ്ങ തന്നെയാണ് നമ്മുടെ നായകൻ. നായകനേക്കാൾ വലുതായിരിക്കും നായിക. 48 സെന്റീമീറ്ററോളം വലുപ്പും, ഉരുണ്ടതല, ചുറ്റും ഓറഞ്ചും തവിട്ടും കലർന്ന പുള്ളികളും ഇരുണ്ട ബ്രൗൺ വരകളും. വലിയ ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ, ചുറ്റും കടുത്ത ഓറഞ്ച് അല്ലെങ്കിൽ ഇരുണ്ട ചുകപ്പ് നിറം. ഇരുണ്ട ചാരനിറത്തിലുള്ള കൊക്ക്, വെള്ള താടി, വെളുത്ത നെഞ്ചും വയറും നിറയെ കുറുകെ കുറിയ കറുപ്പ് വരകൾ. ചിറകിലും ഓറഞ്ചും തവിട്ടും പുള്ളികൾ . മുഷിഞ്ഞ മഞ്ഞക്കാലുകളും കറുത്ത നഖങ്ങളും. ആകെ മൊത്തം രാത്രി കണ്ടു പോയാൽ ഞെട്ടിപ്പോകുന്ന രൂപവും പലപ്പോഴും ഉറവിടമറിയാതെ പേടിപ്പിക്കാവുന്ന ശബ്ദവും കൂടിയാകുമ്പോൾ അസാമാന്യ പരിവേഷങ്ങൾ ഈ പക്ഷിക്ക് ചാർത്തിക്കൊടുക്കാൻ മറ്റെന്തു വേണം?

കാലൻകോഴിക്കുഞ്ഞ് (Mottled wood owl chick) ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

തീർത്തും രാത്രിഞ്ചരരായ (Nocturnal) ഈ മൂങ്ങകൾ പകൽ സമയത്ത് വലിയ മരങ്ങളുടെ ഇലച്ചാർത്തിനകത്ത് മറ്റാരുടെയും കണ്ണിൽ പെടാതെ ഒളിച്ചിരിക്കുന്നു. നേരത്തെ പറഞ്ഞ പ്രണയഗീതകങ്ങൾ രാവിലെയും രാത്രിയും കേൾക്കാം. അത് ഓരോ പക്ഷിയുടെയും അധികാര പരിധി (territorial call) വിളിച്ചറിയിക്കൽ കൂടെയാണ്. Strigidae കുടുംബത്തിൽ ഉൾപ്പെട്ട, Strix occellata എന്നു ശാസ്ത്രീയ നാമമുള്ള ഇവയെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമേ കാണാൻ കഴിയൂ. തെന്നിന്ത്യയിൽ കാണുന്ന ഒരു വിഭാഗം കൂടാതെ ഒരൽപം വലുപ്പക്കൂടുതലുള്ള രണ്ട് ഉപവിഭാഗങ്ങൾ കൂടെ വടക്കെ ഇന്ത്യയിൽ കാണപ്പെടുന്നു.

കാലൻകോഴിയെ(Mottled wood owl) കാക്കകൾ ശല്യപ്പെടുത്തുന്നു ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

പകൽ സമയത്ത് കാക്കകളും കാക്കത്തമ്പുരാട്ടികളും മറ്റും ഇവയുടെ ഒളിയിടത്തു ചെന്ന് ശല്യം ചെയ്യുക പതിവാണ്. രാത്രികളുടെ രാജാക്കന്മാരാണെങ്കിലും പകൽ സമയത്ത് ഇത്തരം ശല്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടാനാണ് ഇവ പരിശ്രമിക്കുക. ആണും പെണ്ണുമായോ, അല്ലെങ്കിൽ കുഞ്ഞുങ്ങളുമായിച്ചേർന്നോ ആണ് പകൽ സമയത്ത് ഈ മൂങ്ങകൾ ഒളിച്ചിരിക്കുക പതിവ്. ചാലക്കുടിയിൽ ജോലി ചെയ്യുന്ന കാലത്ത് ടൗണിന്റെ അതിരുകളിലൊരിടത്ത് പകൽ സമയത്ത് കാലൻകോഴി ഇരിപ്പുണ്ടെന്നു കേട്ട് നോക്കാൻ ചെന്നു. പുരയിടങ്ങളുടെ അതിരുകളിലുള്ള മരങ്ങളിലാണ് അവ ഇരുന്നിരുന്നത്. അതിനപ്പുറം ചെറിയൊരു കുന്നും റബ്ബർ എസ്റ്റേറ്റും ആയിരുന്നു. കഷ്ടകാലത്തിന് ഞങ്ങൾ ചെന്നു നോക്കുന്നത് ചില കാക്കകളുടെ കണ്ണിൽ പെട്ടു പോയി. അന്ന് ആ റബ്ബർ എസ്റ്റേറ്റ് മുഴുവനും കാക്കകൾ ആ പാവം മൂങ്ങകളെ പിന്തുടർന്നു കൊത്തിയും മാന്തിയും ശല്യം ചെയ്തു.

ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

പ്രധാനമായും എലികൾ, അണ്ണാൻ, ഓന്ത്, അരണ എന്നിങ്ങനെ ചെറു പക്ഷികളെ വരെ രാത്രി വേട്ടയാടിപ്പിടിച്ച് ആഹരിച്ചുകളയും. മൂങ്ങകൾ ഭക്ഷണം നമ്മെപ്പോലെ ചവച്ചരച്ചല്ല കഴിക്കുന്നത്. അവ തീറ്റ കൊത്തി വിഴുങ്ങുകയാണ് ചെയ്യുക. അവയുടെ ആമാശയത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്. ഗ്രന്ഥികളും ദഹനരസങ്ങളും നിറഞ്ഞ ആദ്യ ഭാഗത്തു (proventriculus) തന്നെ ദഹനം തുടങ്ങുന്നു. ശക്തിയേറിയ മാംസപേശികൾ കൊണ്ടു തീർത്ത രണ്ടാം ഭാഗം (gizzard) ഭക്ഷണത്തെ അരച്ച് കുഴമ്പു പരുവത്തിൽ ആക്കുന്നു. അവിടെ വച്ച് ദഹിക്കാതെ കിടക്കാൻ സാധ്യതയുള്ള നാരുകൾ, തൂവൽ, എല്ല്, പല്ല്, നഖം എന്നിവ വേർതിരിച്ച് ഒരു ഗുളിക(Pellets) രൂപത്തിൽ വായിലൂടെ തുപ്പിക്കളയാനായി മുകളിലേക്കും, ദഹിക്കാനുള്ള ഭക്ഷണം കുടലിലേക്കും അയക്കുന്നു. മൂങ്ങകൾ ഭക്ഷണം കഴിച്ച് ഒരു പത്തു മണിക്കൂറിനടുത്ത് വേണ്ടി വരും ദഹിക്കാത്തവ ഇങ്ങനെ ശർദ്ദിച്ചു കളയാൻ(Regurgitating). ഈ സമയത്ത് ഇവയ്ക്ക് ഉഷാറൽപം കുറവായിരിക്കും – ശല്യം ചെയ്താൽ പോലും പറന്നു പോകണമെന്നില്ല. കണ്ണടച്ച് ഒരൽപം ധ്യാനാവസ്ഥയിൽ മുന്നോട്ടു കുനിഞ്ഞ് ഇരിക്കുന്നത് കണ്ടാൽ ശ്രദ്ധിച്ചു നോക്കിക്കോളൂ, അൽപം കഴിഞ്ഞ് മേൽ പറഞ്ഞ ദഹിക്കാതെ ബാക്കി വന്ന ഭക്ഷണ സാധനങ്ങൾ ഗുളിക രൂപത്തിൽ തുപ്പിക്കളയുന്നത് കാണാം. പാലമരത്തിനു കീഴെ യക്ഷി ചവച്ചു തുപ്പിയിടുന്ന എല്ലും പല്ലും നഖങ്ങളും എങ്ങനെ വരുന്നുവെന്ന് മനസ്സിലായിക്കാണുമല്ലോ !

കാലൻകോഴി (Mottled wood owl) ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

വലിയ മരങ്ങളിലെ പൊത്തുകളിലാണ് കാലൻകോഴികൾ കൂടുവെക്കുക. ഒരു സമയം രണ്ടോ -മൂന്നോ മുട്ടകൾ ഇടാറുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഒരുമിച്ചാണ് ഊട്ടി, സംരക്ഷിച്ചു വളർത്തുക.

2018-ലാണെന്നു തോന്നുന്നു, ഷൊർണൂർ ഒരിടത്ത്‌ മരപ്പൊത്തിൽ നിന്നും ഒരു കുഞ്ഞൻ മുങ്ങ താഴെ വീണു കിട്ടിയിട്ടുണ്ടെന്ന് സ്നേഹിതൻ രമേഷ് വിളിച്ചറിയിച്ചു. ഫോട്ടോ നോക്കുമ്പോൾ കാലൻകോഴിയുടെ കുഞ്ഞാണ്. അവനെ ശല്യമില്ലാത്തൊരു മൂലയിൽ ഹാർഡ് ബോർഡ് പെട്ടിയിൽ അടച്ചുവെക്കാനും, പരമാവധി കൈകാര്യം ചെയ്യാതിരിക്കാനും നിർദ്ദേശം നൽകി. വെള്ളവും വേവിച്ച മുട്ടയുടെ വെള്ളയും കൊടുക്കാനും പറഞ്ഞിരുന്നു. വൈകുന്നേരം ചെന്നു പെട്ടി തുറന്നു നോക്കുമ്പോൾ കുഞ്ഞൻ ഉഷാറായി ഇരിപ്പുണ്ട്. ടക് ടക് ടക് എന്ന് കുഞ്ഞി കൊക്കു കൊണ്ട് ശബ്ദമുണ്ടാക്കി മുട്ട വെള്ള ഇനിയും ബാക്കിയുണ്ടോയെന്ന് അവൻ അന്വേഷിക്കാൻ മറന്നില്ല. എട്ടു മണിയോടെ സുരക്ഷിതമായ ഉയരത്തിൽ അതേ മരത്തിൽ കയറ്റി വച്ചു ഞങ്ങൾ മാറി നിന്നു. അവന്റെ അച്ഛനമ്മമാർ മൂളിക്കൊണ്ട് അതേ മരത്തിൽ ഇരിപ്പുണ്ടായിരുന്നു. അര മണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ ഉയരെയൊരു കൊമ്പിൽ രണ്ടു സഹോദരങ്ങളുടെ കൂടെ ഉഷാറായി നമ്മുടെ കുഞ്ഞൻ മൂങ്ങ ഇരിക്കുന്നു. തലകൊണ്ട് വൃത്തം വരച്ച്, നൃത്തം ചെയ്ത് അവർ ഞങ്ങളെ നോക്കുകയായിരുന്നു.

കാലൻകോഴി (Mottled wood owl) ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ

നാട്ടിലെ എലി ശല്യം നിയന്ത്രിക്കുന്നതിൽ കാലൻ കോഴിക്ക് പ്രധാന പങ്കുണ്ട്. യാതൊരു വിധത്തിലും മനുഷ്യന് ഉപദ്രവം ഉണ്ടാക്കുകയുമില്ല. എന്നിട്ടും ഇവയുടെ കരച്ചിൽ കേട്ടു പോയാൽ നേരത്തേ പറഞ്ഞ അന്ധവിശ്വാസങ്ങളുടെ ഭാഗമായി വെളിച്ചമടിച്ചോ ശബ്ദമുണ്ടാക്കിയോ അവയെ ഓടിക്കാൻ ശ്രമിക്കുന്നത് എന്തൊരു കഷ്ടമാണ്! ബഷീർ പറഞ്ഞ പോലെ ഈ ലോകത്ത് അതിജീവിക്കാൻ അവകാശമുള്ള മറ്റൊരു ജീവിവർഗ്ഗം തന്നെയാണ് കാലൻകോഴിയെന്ന മൂങ്ങകളും. ഇപ്രകാരം, തനതായ രൂപ വൈചിത്ര്യങ്ങളും കഴിവുകളും സ്വഭാവ സവിശേഷതകളുമുള്ള പക്ഷി ലോകത്തെ മറ്റൊരു അധോലോക നായകൻ തന്നെയാണ് കാലൻകോഴി എന്ന് നമുക്ക് നിസ്സംശയം പറയാനാവും!


ലേഖകന്റെ ശബ്ദത്തിൽ കേൾക്കാം | LUCA PodCast

Happy
Happy
83 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

One thought on “കാലൻ കോഴിയെ കണ്ടിട്ടുണ്ടോ ? കേട്ടിട്ടുണ്ടോ ?

Leave a Reply

Previous post ഓസ്മിയം
Next post SCIENCE IN ACTION മൂന്നൂമാസത്തെ ശാസ്ത്രോത്സവം
Close