Read Time:17 Minute

കൊള്ളിയാൻ/ കാട്ടുമൂങ്ങ. (Spot-bellied eagle owl/Forest eagle owl)

ശ്രീലങ്കയിൽ പറഞ്ഞു പഴകിയൊരു നാടോടിക്കഥയുണ്ടത്രേ. വനത്തിനോട് ചേർന്നു താമസിക്കുന്ന ദമ്പതിമാർക്ക് ഒരു കുഞ്ഞുണ്ടായി. സംശയ രോഗിയായ പിതാവ് പക്ഷേ ആ  കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. കൊന്നെന്നു മാത്രമല്ല, അയാൾ മൃതശരീരം ചെറിയ കഷണങ്ങളാക്കി നുറുക്കി ഭാര്യയ്ക്ക് കറിയായി വിളമ്പി. മാംസക്കറിയിൽ കുഞ്ഞിൻ്റെ കൈവിരലുകൾ കണ്ട ആ അമ്മ ഒരാർത്തനാദത്തോടെ കാട്ടിലേക്ക് ഓടിപ്പോയി ജീവനൊടുക്കി. എന്നാൽ ദൈവം അവളെ ഭയാനകമായ, പക്ഷിയുടെ രൂപത്തിലുള്ള, ഒരു പിശാചായി പുനസൃഷ്ടിച്ചു. രണ്ടു കൊമ്പുകളും വലിയ കണ്ണുകളുമൊക്കെയായി ഭീതിദമായ രൂപത്തിൽ കാണായ പിശാചിൻ്റെ  കരച്ചിൽ ആ പാവം അമ്മയുടെ നെഞ്ചു പൊട്ടിയുള്ള നിലവിളി തന്നെയായിരുന്നു. ഉലമ (devil bird/ghost bird) എന്നാണ് അന്നാട്ടുകാർ ദുരൂഹതയുടെ ഇരുട്ടിൽ അധിവസിക്കുന്ന ആ പക്ഷിയെ വിളിച്ചത്.  കാലങ്ങളോളം ശ്രീലങ്കയിലെപക്ഷി നിരീക്ഷകരെ ഇത്രമേൽ കുഴക്കിയ വേറൊരു പക്ഷിയില്ലത്രേ. മനുഷ്യമുഖത്തോടും മനുഷ്യ ശബ്ദത്തോടും സാമ്യമുള്ള, കാഴ്ചയിലും കേൾവിയിലും നിങ്ങളെ ഭയപ്പെടുത്തിയേക്കാവുന്ന ആ മൂങ്ങയെ കുറിച്ചാണ് പറയാൻ പോകുന്നത്.

കൊള്ളിയാന്‍ ഫോട്ടോ അഭിലാഷ് രവീന്ദ്രന്‍

എത്ര ലളിതമായാണ് മനുഷ്യൻ നമുക്ക് പിടിതരാത്ത രഹസ്യ സ്വഭാവമുള്ള കാര്യങ്ങളിൽ അമാനുഷികവും ദിവ്യവും മാന്ത്രികവുമായ സിദ്ധികൾ ആരോപിക്കുന്നതെന്ന് നോക്കുക. ഈ മൂങ്ങയുടെ കാര്യത്തിൽ ഇടതൂർന്ന വനാന്തർഭാഗത്തു നിന്നും വന്നിരുന്ന ഉറക്കെയുള്ള നിലവിളി പോലെയുള്ള ഒരു തരം കരച്ചിലായിരുന്നു വില്ലൻ. എത്ര ശ്രമിച്ചിട്ടും അന്നാട്ടുകാർക്ക് അതിൻ്റെ ഉറവിടം തിരിച്ചറിയാനായില്ല. ആകാംക്ഷ പതിയെ ഭയത്തിനും ഒടുവിൽ പൊടിപ്പും തൊങ്ങലും ചേർത്ത കഥകൾക്കും വഴിമാറിയതാണ് നമ്മളിവിടെ കണ്ടത്.  ഇതിനോട് സാമ്യമുള്ള പ്രേതങ്ങളുടെയും ദുഷ്ട ദുരാത്മാക്കളുടെയും കഥകൾ ഈ മൂങ്ങയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ മസിനഗുഡി/ മോയാർ ഭാഗത്തും പറഞ്ഞു കേട്ടിട്ടുണ്ട്.

കൊള്ളിയാന്‍ ചിന്നാറില്‍ നിന്നും ഫോട്ടോ അഭിലാഷ് രവീന്ദ്രന്‍

2014 ൽ വയനാട് പക്ഷി സർവ്വേയുടെ ഭാഗമായി മുത്തങ്ങ റേയ്ഞ്ചിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ചീരാടൻകൊല്ലി കാട്ടിലൂടെ പക്ഷികളെ തിരഞ്ഞ് പോവുകയായിരുന്നു ഞങ്ങൾ.  ഇരുണ്ടിടതൂർന്ന നിത്യഹരിത വനങ്ങൾ കടന്ന് ഒരു ചതുപ്പും പുൽമേടും ചേർന്ന തുറസ്സായ സ്ഥലം കണ്ടു. പുൽക്കുരുവികളെയും മറ്റു ചെറിയ പക്ഷികളെയും നോക്കിക്കൊണ്ടിരിക്കുന്നതിൻ്റെ ഇടയിൽ ആകസ്മികമായാണ് നോട്ടം പുൽമേടിനപ്പുറമുള്ള ഉയരമുള്ള മരങ്ങളിൽ ചെന്നുനിന്നത്. ഒരു മരക്കൊമ്പിൽ തൂവെള്ള നിറത്തിൽ എന്തോ ഇരിക്കുന്നതായി തോന്നുന്നു- പക്ഷിയാണോ മൃഗമാണോ എന്ന് വ്യക്തമല്ല. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ ഒരു പക്ഷിയാണെന്ന് ബോധ്യമായി. അതെ, താരതമ്യേന നല്ല വലുപ്പമുള്ളൊരു പക്ഷിയാണത്. ഏതായാലും പുൽമേടിനപ്പുറം ചതുപ്പും കടന്നു ചെന്ന് നോക്കാൻ തന്നെ തീരുമാനിച്ചു. അടുത്തു ചെല്ലുമ്പോൾ നല്ല ഉയരമുള്ളൊരു മരത്തിൻ്റെ തായ്ത്തടിയുടെ ഏതാണ്ട് മധ്യഭാഗത്തായി ഒരു ദ്രവിച്ച പൊത്തുണ്ട്. അതിനു വശത്തേക്ക് നീളുന്ന ഒരു ചില്ലയിൽ ഇരിക്കുന്നു, വെളുത്തു പഞ്ഞിക്കെട്ടു പോലെ ഒരു മൂങ്ങ. രണ്ടു ചെറിയ കൊമ്പുകൾ, ഇരുണ്ട് വലിയ ഉണ്ടക്കണ്ണുകൾ, നെഞ്ചിലും വയറ്റത്തും ബ്രൗൺ നിറത്തിൽ കുറുകെ നേരിയ വരകൾ. ഞങ്ങളെ കണ്ടിട്ടും വലിയ പരിഭ്രമമൊന്നും കണ്ടില്ല, മറിച്ച് അതിനൊരു കൗതുകം തോന്നുകയാണ് ഉണ്ടായതെന്നു തോന്നുന്നു. തല ഇരുവശത്തേക്കും, മുന്നിലേക്കും പിന്നിലേക്കും ആട്ടി അതൊരു നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെയൊരു പക്ഷിയെ ഇതേവരെ നമ്മളാരും കണ്ടിട്ടില്ലല്ലോയെന്ന അദ്ഭുതത്തിൽ  രാവിലത്തെ പക്ഷി നിരീക്ഷണനടത്തം കഴിഞ്ഞും പോയി. കൊളളിയാനെന്നും കാട്ടുമൂങ്ങയെന്നും വിളിപ്പേരുള്ള (Spot -bellied Eagle owl/ Forest eagle owl) മൂങ്ങയുടെ പൂർണ വളർച്ചയെത്താത്ത കുഞ്ഞായിരുന്നു (sub-adult) അത്. ആ പക്ഷിസർവ്വേയുടെ പ്രധാന നിരീക്ഷണങ്ങളിലൊന്നായിത്തീർന്നു ഈ മൂങ്ങക്കുഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ! നിബിഢവനാന്തരങ്ങളിൽ അതീവ രഹസ്യമായി കഴിഞ്ഞു പോരുന്ന ഒരിനം കാട്ടുമൂങ്ങകളാണിവ. പകൽ സമയത്ത് തേടി കണ്ടെത്തുക ഒട്ടും എളുപ്പമല്ല. മനുഷ്യൻ്റെ ഇടപെടൽ തീരെ കുറഞ്ഞ ആ വയനാടൻ വനാന്തർഭാഗത്ത് ഏറെ ആത്മവിശ്വാസത്തോടെ, ഉലൂകരാജ്യത്തെ ആ രാജകുമാരൻ വളർന്നു വലുതായിക്കാണുമെന്ന് വിശ്വസിക്കുന്നു.

ഉറക്കം കഴിഞ്ഞ് പുറത്തേക്ക് എത്തിനോക്കുന്ന കൊള്ളിയാന്‍ കുഞ്ഞ് ഫോട്ടോ അഭിലാഷ് രവീന്ദ്രന്‍

ഈ കുഞ്ഞൻ്റെ ഒരു മുതിർന്ന പക്ഷിയെത്തേടി അനവധി തവണ വയനാടും ചിന്നാറും പെരിയാറും മസിനഗുഡി മോയാർ കാടുകളിലും അലഞ്ഞു തിരിഞ്ഞെങ്കിലും പിന്നെയും മൂന്നു വർഷം കഴിഞ്ഞാണ് പൂർണ വളർച്ചയെത്തിയ ഒരു കൊള്ളിയാൻ ദർശനം തന്നത്. മൂന്നാറിനു താഴെയുള്ള മഴനിഴൽ പ്രദേശമായ ചിന്നാറിൽ പുഴക്കരയിൽ ഒരു വന്മരത്തിലിരുന്ന് അത് ഞങ്ങളെ കൗതുകത്തോടെ നോക്കിക്കൊണ്ടേയിരുന്നു. തവിട്ടു കലർന്ന നിറമായതിനാൽ ഉണങ്ങിയ മരപ്പട്ടകളോട് ചേർന്ന കമ്പുകളിൽ അനങ്ങാതെയിരുന്നു കഴിഞ്ഞാൽ പിന്നെയിതിനെ കണ്ടെത്തുക ഏറെക്കുറെ അസാധ്യമാവും. പക്ഷേ വനം വകുപ്പിലെ വിജയനെന്ന വാച്ചറുടെ അനുഭവസമ്പത്തിനെയും സൂക്ഷ്മമമായ കണ്ണുകളെയും വെട്ടിച്ച് ഒളിച്ചിരിക്കാൻ അത്തവണ കാട്ടുമൂങ്ങക്ക് കഴിഞ്ഞില്ലെന്ന് മാത്രം. ആ പുഴയോരത്ത് ഏകദേശം മൂന്നു കിലോമീറ്ററോളം വരുന്ന ഇരുകരകളിലെയും വന്മരങ്ങളിലാണ് ഇവരുടെ ഇരുപ്പും താമസവും പ്രജനനവുമൊക്കെ. മിക്കവാറും പൂതലിച്ചു പൊടിഞ്ഞ മരപ്പൊത്തുകളിലാണ് കൂടുണ്ടാക്കുക പതിവ്. മറ്റു ഇരപിടിയൻ പക്ഷികൾ  ഉപേക്ഷിച്ചു പോയ കൂടുകൾ കയ്യേറുന്നതായും കേട്ടിട്ടുണ്ട്. മിക്കപ്പോഴും ഒരേയൊരു മുട്ടയായിരിക്കും  വിരിയിക്കുന്നത്. ആൺ പെൺ മൂങ്ങകൾ മാറി മാറി അടയിരിക്കും. അടയിരിക്കുന്ന സമയത്തും കുഞ്ഞു വിരിഞ്ഞു വലുതാവുന്നവരേയ്ക്കും അച്ഛനമ്മമാർ വളരെയധികം ശ്രദ്ധാലുക്കളും ആക്രമണകാരികളും ആയേക്കാം. മറ്റു ഇരപിടിയന്മാരിൽ നിന്നും അവനവൻ്റെ പൊന്നോമനയെ രക്ഷപ്പെടുത്താനുള്ള കരുതൽ!

കൊള്ളിയാന്‍ സബ് അഡല്‍റ്റ് – ചീരാടന്‍ കൊല്ലിയില്‍ നിന്നും ഫോട്ടോ അഭിലാഷ് രവീന്ദ്രന്‍

കരുത്തുറ്റ ഇരപിടിയന്മാരായ ഇവർ രാത്രയിലാണ് മിക്കവാറും വേട്ടയ്ക്കിറങ്ങുക (nocturnal). കാട്ടുകോഴി മുതൽ മയിൽ വരെയുള്ള പക്ഷികളും ചുണ്ടെലി മുതൽ പാറാൻ, മലയണ്ണാൻ പോലുള്ള സസ്തനികളും ഉടുമ്പോ പാമ്പോ പോലെയുള്ള ഉരഗങ്ങളും എന്തിന് മീനുകൾ പോലും ഇരയുടെ കാര്യത്തിൽ കൊള്ളിയാനു സമം. ചിലയിടങ്ങളിൽ കുറുക്കനെയും കേഴമാനിൻ്റെയും കുരങ്ങിൻ്റെയും കുഞ്ഞുങ്ങളെയും വലിയ കടവാവലുകളെയും വരെ ആഹാരമാക്കിയ കഥകൾ കേട്ടിട്ടുണ്ട്. നിശ്ശബ്ദമായി ഇരയുടെ മേൽ പൊടുന്നനെ പറന്നിറങ്ങി  കൂർത്തതും മൂർച്ചയേറിയതുമായ നഖങ്ങൾ കൊണ്ടു കീഴടക്കാൻ ഇവയ്ക്കു കഴിയും. ബലിഷ്ഠമായ കാൽവിരലുകൾ കൊണ്ടുള്ള പിടുത്തവും ശക്തിയേറിയതാണ്. നന്നായി തുറക്കാൻ കഴിയുന്ന മൂർച്ചയേറിയ കൊക്കുപയോഗിച്ച് ഇരയെ കീറിയെടുത്ത് ആഹരിക്കുന്നു.

ചിറക് കുടഞ്ഞ് ഉഷാറാവുന്ന കൊള്ളിയാന്‍ കുഞ്ഞ് – മറയൂരില്‍ നിന്നും ഫോട്ടോ അഭിലാഷ് രവീന്ദ്രന്‍

ഏതാണ്ട് 65 സെൻ്റീമീറ്ററോളം ഉയരവും 45 സെൻ്റീമീറ്ററോളം ചിറകുവിരിവും (wing chord length) രണ്ടര കിലോഗ്രാം വരെ ഭാരവും ഉണ്ടാകാവുന്ന ഇന്ത്യയിൽ കാണുന്ന രണ്ടാമത്തെ വലിയ മൂങ്ങയാണിത്. തലക്കു മുകളിൽ ഇരുവശങ്ങളിലേക്കും ചരിവോടെ വളർന്നു നിൽക്കുന്ന തൂവലുകൾ (ear-tufts) 6-7 സെൻറീമീറ്റർ നീളം വരും. ഇതാണ് കൊമ്പുകളായി തെറ്റിദ്ധരിക്കപ്പെടുന്നത്. സ്ട്രൈഗിഡേ (Strigidae) കുടുംബത്തിൽ ബുബോ(Bubo) ജീനസിലാണ് ബുബോ നിപാളൻസിസ് (Bubo Nipalensis) എന്ന നമ്മുടെ കഥാനായകനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമാന്യം ഉരുണ്ട വലിയ തല, വെള്ള നിറത്തിലോ ചാരനിറത്തിലോ ഉള്ളമുഖം,ഇരുണ്ട ബ്രൗൺ നിറത്തിലുള്ള വലിയ കണ്ണുകൾ, മഞ്ഞച്ച കൊക്ക് എന്നിവ ഈ വിഭാഗക്കാരുടെ സവിശേഷതയാണ്. കണ്ണുകളുടെ വശങ്ങളിൽ നിന്നും ആണ് കൊമ്പുപോലെയുള്ള തൂവലുകൾ (ear-tufts) തുടങ്ങുന്നത്. (വലിയ കട്ടിപ്പുരികവും കീഴെ ജ്വലിക്കുന്ന ഉണ്ടക്കണ്ണുകളും നീണ്ടു വളഞ്ഞ മൂക്കുമുള്ള,  കർക്കശക്കാരനും ക്രൂരനുമായ, നിങ്ങളുടെ ആ പഴയ സ്കൂൾ മാഷ്ടെ ചിത്രം ഓർമ്മ വരുന്നില്ലേ? അതാണീ മൂങ്ങയ്ക്ക് ചേരുക.) വെളുത്ത താടിക്കു കീഴെ, വെളുത്ത നെഞ്ചിലായി കുറുകെ ഇരുണ്ട ബ്രൗൺ നിറത്തിൽ വരകൾ കാണാം.ഇത് വയറിലെത്തുന്നതോടെ ഹൃദയാകാരത്തിലുള്ള പുള്ളികളായി രൂപാന്തരപ്പെടുന്നു.  കാലിലും തൂവലുകൾ കാണാം, എന്നാൽ വിരലുകൾ നഗ്നമാണ്. മുതുകും ചിറകുകളും വാലും ഇരുണ്ട ബ്രൗൺ/തവിട്ടു നിറമുള്ള തൂവലുകൾ ഇടകലർന്നു കാണുന്നു.

ഫോട്ടോ അഭിലാഷ് രവീന്ദ്രന്‍

തെക്കു കിഴക്കേ ഏഷ്യയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വടക്കു കിഴക്കേ സംസ്ഥാനങ്ങളിലും വടക്കുഭാഗത്തുള്ള സിവാലിക്ക് / ഹിമാലയൻ കുന്നുകളിലും പശ്ചിമഘട്ടത്തിലും  ശ്രീലങ്കയിലും കാണുന്ന ഇടതൂർന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ് (broad leaf tropical evergreen forests) ഇവരുടെ വിഹാര സ്ഥലികൾ. ശ്രീലങ്കയിൽ കാണുന്ന ഉപവിഭാഗം (Bubo Nipalensis blighi) വൻകരയിലെ വിഭാഗക്കാരേക്കാൾ ഒരൽപം ചെറുതാണ്. വനനശീകരണവും മനുഷ്യൻ്റെ ഇടപെടലുകളും നിമിത്തം മനുഷ്യവാസ പ്രദേശങ്ങളോടു ചേർന്ന ചെറിയ വനപ്രദേശങ്ങളിലെ ഉയരമുള്ള മരങ്ങളിലും ഇപ്പോൾ ഇവയെ കാണാൻ കഴിയും. ഉദാഹരണത്തിന്, മധ്യ കേരളത്തിലെ കാവുകളില്‍ മറ്റും ഇവയെ കണ്ടെത്തിയിട്ടുണ്ട്. കാവുകളിൽ നിന്നും രാത്രി കാലങ്ങളിൽ ഭീതിയുടെ ഉപകഥകൾ പടച്ചു വിട്ടു കൊണ്ട് ഉയർന്നിരുന്ന അലർച്ചകളും ആക്രോശങ്ങളും ഒക്കെ കൊള്ളിയാൻ്റെ കരച്ചിലുകളാവാനാണ് (calls) സാധ്യത.

പ്രാണവേദനയോടെ കരയുന്ന ഒരു സ്ത്രീയുടെ ശബ്ദമായാണ് (mournful scream) രാത്രി ഈ വിളി നമുക്ക് അനുഭവപ്പെടുക. കേള്‍ക്കാം

ഇതു കൂടാതെ താഴ്ന്ന സ്ഥായിൽ അധികം നീട്ടിയല്ലാതെ രണ്ടു സെക്കൻ്റ് ഇടവിട്ട കൂവലും (Hooting) ഇവ പുറപ്പെടുവിക്കാറുണ്ട്. കേള്‍ക്കാം

ഫോട്ടോ അഭിലാഷ് രവീന്ദ്രന്‍

ഇവയുടെ കുഞ്ഞുങ്ങൾ പൊതുവേ  വെള്ള നിറത്തിലോ ഇളം ചാരനിറത്തിലോ ഉള്ള പഞ്ഞിക്കെട്ടു പോലെയാണ് കാണുക. ശരീരത്തിൽ കുറുകെ ഇരുണ്ട ബ്രൗൺ നിറത്തിൽ വരകൾ കാണാം. 2018ൽ മറയൂർ അടുത്തൊരിടത്ത് റോഡ് സൈഡിൽ ചാഞ്ഞു നിൽക്കുന്ന, പാതി വീണു പോയൊരു മരപ്പൊത്തിൽ കൊള്ളിയാൻ ഒരു കുഞ്ഞിനെ വിരിയിച്ചിരുന്നു. ഒരു നാലഞ്ചു മണിയോടെ പകലുറക്കം കഴിഞ്ഞ് ചിറകൊക്കെ കുടഞ്ഞ് ഉഷാറാവുന്ന കുഞ്ഞ് പരിസര നിരീക്ഷണത്തിനായി പൊത്തിൻ്റെ പുറത്ത് വന്നിരിക്കും. അക്കാലത്ത് ദക്ഷിണേന്ത്യയാകെയുള്ള പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഈ മരത്തിനെതിർവശത്തുള്ള ഹോം സ്റ്റേയുടെ തട്ടിൻപുറത്തു കയറി ഒളിച്ചിരുന്ന് കുഞ്ഞൻ്റെ കുറുമ്പുകൾ കണ്ടും പടമെടുത്തും ആഹ്ലാദത്തോടെ കഴിഞ്ഞു പോന്നു. അവൻ്റെ അച്ഛനമ്മമാർ തൊട്ടപ്പുറത്തു തന്നെ ജാഗരൂകരായി പരിസരം വീക്ഷിച്ചു കൊണ്ട് ഇരിപ്പുണ്ടാകും. ഇരുട്ടു വീഴുന്നതോടെ അച്ഛനും അമ്മയും മാറി മാറി ചെറിയ എലികളെയും കിളികളെയുമൊക്കെ വേട്ടയാടിപ്പിടിച്ച് കുഞ്ഞിനെ ഊട്ടിക്കൊണ്ടിരുന്നു. മാസങ്ങൾക്ക് ശേഷം  മിടുക്കനായി വളർന്ന ആ കൊള്ളിയാൻ കുഞ്ഞ് കൂടുവിട്ട് പറന്നു പോയെന്ന് കാന്തല്ലൂരുള്ള ഒരു പക്ഷി നിരീക്ഷക സുഹൃത്തായ ജോഹിൻ ഫ്രാൻസിസ്  അറിയിച്ചിരുന്നു.

ഫോട്ടോ അഭിലാഷ് രവീന്ദ്രന്‍

പക്ഷികളുടെ അധോലോകത്തെ ഒരു മാഫിയാത്തലവനാണ് കൊളളിയാനെന്ന് നിസ്സംശയം പറയാം. അത്രമാത്രം കഴിവുകളുള്ള മികച്ച ഇരപിടിയനും വ്യത്യസ്തമായ ആകാര സവിശേഷതകളുമുള്ള ഈ സൂപ്പർ മൂങ്ങയുടെ അപ്രമാദിത്വം ആരാണ് ചോദ്യം ചെയ്യാനുള്ളത്? – അതിനി കാട്ടിലാവട്ടെ, നാട്ടിലാവട്ടെ!

(തുടരും)


(മൂങ്ങയുടെ ശബ്ദ ലിങ്കുകൾക്ക് സീനോ -കാൻ്റോയോട് കടപ്പാട്.)

  1. www.xeno-canto.org/212914
  2. www.xeno-canto.org/172340

അഭിലാഷ് രവീന്ദ്രന്‍ എഴുതുന്ന പക്ഷിപരിചയം പംക്തി – ഒന്നാം ഭാഗം

മൂങ്ങകളും രാച്ചുക്കുകളും – പക്ഷി ലോകത്തെ അധോലോകക്കാർ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മഹാമാരികളില്‍ നിന്നും നമ്മെ രക്ഷിച്ച ഹാഫ്കിന്‍
Next post സോളാർ വൈദ്യുതിക്കെതിരെയുള്ള വാദങ്ങൾക്കു മറുപടി
Close