Read Time:34 Minute

ഡോ. കെ.പി.അരവിന്ദൻ

റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം, മെഡിക്കൽ കോളേജ് കോഴിക്കോട്‌

പ്രമുഖ യുക്തിവാദിയായ ശ്രീ.സി രവിചന്ദ്രന്റെ ‘കാൻസറും കീടനാശിനിയും’ എന്ന പ്രഭാഷണത്തെ വിശകലനം ചെയ്യുന്നതിനുള്ള ശ്രമമാണ് ഈ ലേഖനം. കാര്യങ്ങളെ വളരെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്ന രീതിയാണ് പ്രഭാഷണത്തിൽ സി.രവിചന്ദ്രൻ അവലംബിച്ചിട്ടുള്ളത്. അടിസ്ഥാനപരമായ  ധാരണപ്പിശകുകൾ മുഴച്ചുനിൽക്കുകയും ചെയ്യുന്നു.

കേരളം വിഷപ്പേടിയിലാണ്. വായുവിലും വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ആകെ മൊത്തം വിഷം! എങ്ങ് നോക്കിയാലും കാൻസറും വൃക്കരോഗങ്ങളും മൂലം ജനം ചത്തൊടുങ്ങുന്നു. ആകപ്പാടെ ഒരു രക്ഷയുമില്ലാത്ത അവസ്ഥ. ഇതാണ് മലയാളികളിൽ, പ്രത്യേകിച്ചും മധ്യവർഗത്തിനിടയിൽ, ഉള്ള പൊതുബോധം. ഇന്ന് മലയാളിയുടെ ശരാശരി ആയുർദൈർഘ്യം എക്കാലത്തേയും മികച്ചതായ 75 വയസ്സാണെന്നോ, അതിൽ തന്നെ സ്ത്രീകളുടേത് 78 വയസ്സാണെന്നോ, ജനങ്ങൾ വ്യാപകമായി കാൻസറും വൃക്ക രോഗവുമൊക്കെ കാരണം മരിക്കുകയാണെങ്കിൽ ഇത് സംഭാവ്യമല്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം, യുക്തിയേക്കാൾ വിശ്വാസമാണ് അവരെ നയിക്കുന്നത്. പലതരം പ്രകൃതി ജീവനക്കാരും വ്യാജ വൈദ്യന്മാരും താരവൈതാളികരുമൊക്കെ ചേർന്ന് നയിക്കുന്ന ഒരു ആൾക്കൂട്ടം. ഇവരെ തൃപ്തിപ്പെടുത്താൻ പാടുപെടുന്ന രാഷ്ട്രീയ നേതാക്കളും കൂടെയായാൽ ചിത്രം പൂർണ മാവുന്നു. 

ഈ ചിന്താഗതിക്കെതിരെ ബോധവൽക്കരണം നടത്താൻ ഒരു പറ്റം യുവ ഡോക്ടർമാരും കാർഷിക ഗവേഷകരും ജനകീയ ശാസ്ത്രപ്രവർത്തകരും യുക്തിവാദികളുമൊക്കെ ശ്രമിക്കുന്നുണ്ട്. ഇത് ഭാഗികമായി ഫലം കണ്ടിട്ടുമുണ്ട്. ഇത്തരം പ്രവർത്തനം ഇനിയും തുടരേണ്ടിയിരിക്കുന്നു. ശാസ്ത്രീയത മുറുകെപ്പിടിച്ചുകൊണ്ടായിരിക്കണം ഈ പ്രവർത്തനം. ഒരു തെറ്റിന് പകരം മറ്റൊരു തെറ്റ് പ്രതിഷ്ഠിച്ചുകൊണ്ടാവരുത്. കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങി നിന്ന ഒരു പ്രശ്‌നത്തെ, വൈകാരികതയുടേയും അതിശയോക്തിയുടേയും പിൻബലത്തോടെ, ജില്ലയിൽ ജന്മവൈകല്യവുമായി ജനിക്കുന്നവരെല്ലാം എൻഡോസൾഫാൻ ഇരകൾ എന്ന് ലേബൽ ചെയ്യുന്നതിലേക്ക് എത്തിച്ചത് ദൗർഭാഗ്യകരമാണ്. എന്നാൽ, ഇതിനെതിരെയുള്ള പ്രവർത്തനം ജനനിബിഡമായ ഒരു പ്രദേശത്ത് ആകാശമാർഗം കീടനാശിനി തെളിക്കുന്നതിനെ ന്യായീകരിക്കുന്നതിൽ എത്തിച്ചേരരുത്. പ്രമുഖ യുക്തിവാദിയായ ശ്രീ.സി രവിചന്ദ്രന്റെ ‘കാൻസറും കീടനാശിനിയും’ എന്ന പ്രഭാഷണം (കാണുക:https://www.facebook.com/essense.club/videos/495995050771692/) സമാനമായ രീതിയിൽ അധിക വായനയ്ക്ക് ഇടം നൽകുന്നതാണ്.  പ്രസ്തുത പ്രഭാഷണത്തെ വിശകലനം ചെയ്യുന്നതിനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

ഉപരിപ്ലവ സമീപനം

കാര്യങ്ങളെ വളരെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്ന രീതിയാണ് പ്രഭാഷണത്തിൽ ശ്രീ.രവിചന്ദ്രൻ അവലംബിച്ചിട്ടുള്ളത്. അടിസ്ഥാനപരമായ  ധാരണപ്പിശകുകൾ മുഴച്ചുനിൽക്കുകയും ചെയ്യുന്നു. ‘കാൻസറുകളെ മൂന്നായി തരം തിരിക്കാം. അതിലൊന്ന്, പാരമ്പര്യമായിട്ടുള്ളത്; പതിമൂന്നോളം ഓങ്കോജീനുകളുടെ മ്യൂട്ടേഷൻ കാരണം ഉണ്ടാവുന്നവയാണ് അവ’ എന്നൊക്കെ ആധികാരികതയോടെ പറയുന്നത് ഉദാഹരണം. ഇത് കേൾക്കുമ്പോൾ ഈ വിഷയം പഠിക്കുന്നവർക്ക് വിമ്മിഷ്ടമുണ്ടാവുക സ്വഭാവികമാണ്.  ഓങ്കോജീനുകൾ പതിമൂന്നല്ല, അതിനേക്കാൾ പല മടങ്ങാണ്. ഓങ്കോജീനുകളുടെ മ്യൂട്ടേഷനുകൾ, പാരമ്പര്യമായി ഉണ്ടാവുന്ന കാൻസറുകളിൽ മാത്രമല്ല, എല്ലാ കാൻസറുകളിലുമുണ്ടായിരിക്കും. ഏതെങ്കിലും ഓങ്കോജീൻ മ്യൂട്ടേഷൻ ഇല്ലാത്ത ഒരൊറ്റ കാൻസർ പോലുമുണ്ടാകില്ല. മ്യൂട്ടേഷനുള്ള ഏതെങ്കിലുമൊരു ജീൻ പിതാവിൽ നിന്നോ മാതാവിൽ നിന്നോ ലഭിക്കുന്നു എന്നതാണ് പാരമ്പര്യ കാൻസറുകളിലെ പ്രശ്‌നം. ഇതാകട്ടെ മിക്കപ്പോഴും ഓങ്കോജീനുകളല്ല, ആന്റി-ഓങ്കോജീനുകൾ എന്ന വിഭാഗത്തിൽ പെടുന്നവയുമാണ്. 

ജോൺസ് ഹോപ്കിൻസിൽ നിന്ന് 2015-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പേപ്പറാണ് പ്രഭാഷണത്തിന്റെ കാതൽ.  ഇത് വളരെ പ്രധാനപ്പെട്ട ഒരു പേപ്പറാണെന്നതിൽ സംശയമില്ല. ജോൺസ് ഹോപ്കിൻസിൽ നിന്ന് പ്രസിദ്ധീകരിച്ചതാണ് എന്നതല്ല, മറിച്ച്, ലേഖകരിൽ ഒരാളായ  ബെർട്ട് വോഗൽസ്റ്റീൻ കാൻസർ ഗവേഷണരംഗത്തെ ഒരു അതികായനാണ് എന്നതാണ് കാരണം. നിർഭാഗ്യവ ശാൽ, ഈ പേപ്പറിന്റെ അന്തഃസത്ത മനസ്സിലാക്കാതെയാണ് പല പത്രങ്ങളും മാസികകളും ഇത് റിപ്പോർട്ട് ചെയ്തത്. മൂലകൃതി വായിക്കാതെ ഇത്തരം റിപ്പോർട്ടു കൾ ആശ്രയിച്ചതാണ് ശ്രീ.രവിചന്ദ്രന് പറ്റിയ പിശക്.

©Annual Report to the Nation on the Status of Cancer (USA)

ആകെയുള്ള കാൻസറുകളിൽ 64 ശതമാനവും യാതൊരു കാരണവുമില്ലാതെ ഉണ്ടാവുന്നതാണെന്നാണ് അദ്ദേഹം പ്രഭാഷണത്തിൽ പറയുന്നത്. അതായത് പാരമ്പര്യവും, കീടനാശിനികളും മറ്റുമടങ്ങിയ കാർസിനോജനുകളും എല്ലാംകൂടി മൂന്നിലൊന്ന് കാൻസറുകൾ മാത്രമേ ഉണ്ടാക്കുന്നുള്ളുവത്രേ. ഇനി വോഗൽസ്റ്റീൻ പേപ്പർ യഥാർത്ഥത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം.  വിവിധ അവയവങ്ങളിലുണ്ടാവുന്ന 31 ഇനം കാൻസറുകളാണ് അവർ പഠനവിധേയമാക്കിയത്. ഓരോ അവയവത്തിലും കാൻസർ വരുന്നതിന്റെ തോത് ആ അവയവത്തിലെ തനതായ കോശങ്ങളുടെ സ്വാഭാവിക പെരുകൽ നിരക്കിനനുസൃതമായിരിക്കുമെന്ന് അവർ കണ്ടെത്തി. സ്വഭാവിക പെരുകൽ നിരക്കനുസരിച്ചുള്ള തോതിനേക്കാളുമധികം കാൻസർ വരുന്നുണ്ടെങ്കിൽ അത് ബാഹ്യമായ കാരണങ്ങളാലാണെന്ന് അവർ കരുതുന്നു. ഉദാഹരണത്തിന്,  ശാസകോശത്തിൽ കോശങ്ങളുടെ സ്വാഭാവിക പെരുകൽ നിരക്കനുസരിച്ച് കണക്കാക്കുന്നതിനേക്കാൾ വളരെയധികം കാൻസർ വരുന്നുണ്ട്. പുകവലിയെന്ന ബാഹ്യഘടകത്തിന്റെ സ്വാധീനം മൂലമാണ് അത്. ബാഹ്യകാരണങ്ങളില്ലാതെ അടിസ്ഥാന നിരക്കുകൾ മാത്രമുള്ളവയിൽ കോശ വിഭജന വേളയിൽ സംഭവിക്കുന്ന ആകസ്മികമായ മ്യൂട്ടേഷനുകൾ മാത്രമാണ് കാരണമെന്നും അവയെ പ്രതിരോധിക്കാൻ മാർഗമില്ലാത്തതിനാൽ നേരത്തേ കണ്ടെത്തുകയാണ് വേണ്ടതെന്നുമാണ് ലേഖകൻ പറയുന്നത്. അവർ പഠിച്ച 31 വിവിധയിനം കാൻസറുകളിൽ മൂന്നിൽ രണ്ടിലധികം ഇങ്ങനെയുള്ളവയാണ് എന്നാണ് ഈ പേപ്പർ പറയുന്നത്; അല്ലാതെ ആകെയുള്ള കാൻസർ കേസുകളിൽ മൂന്നിൽ രണ്ട് കേസുകളും ഇത്തരത്തിലുള്ളതാണ് എന്നല്ല. ലോകത്തിൽ ഏറ്റവുമധികം പേരെ ബാധിക്കുന്ന സ്തനാർബുദവും എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള പ്രോസ്‌റ്റേറ്റ് ഗ്രന്ഥി കാൻസറും ഇവർ പഠനത്തിലുൾപ്പെടുത്തിയിട്ടില്ല. ഇവ രണ്ടിലും ബാഹ്യഘടകങ്ങൾക്ക് വലിയ പങ്കുണ്ട് എന്നത് കൃത്യമായി അറിയാവുന്നതത്രേ. എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള  ശ്വാസകോശാർബുദത്തിന്റെയും നാലാം സ്ഥാനത്തുള്ള വൻകുടൽ കാൻസറിന്റെയും സ്ഥിതിയും ഇത് തന്നെ. (വോഗൽസ്റ്റീന്റെ പേപ്പർ വായിക്കാൻ കാണുക)  

ചുരുക്കത്തിൽ, ലോകത്ത് കാൻസർ ബാധിക്കുന്ന ജനങ്ങളിൽ ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളവും അതിന് ബാഹ്യമായ കാരണങ്ങളുണ്ടെന്ന് വ്യക്തം. പുകവലി തന്നെ ഒന്നാം പ്രതി. പ്രതിസ്ഥാനത്ത് റേഡിയേഷൻ, ചില രാസവസ്തുക്കൾ എന്നിവയുമുണ്ട്. ഇന്നുള്ള കാൻസർ നിരക്കുകൾ കുറച്ചുകൊണ്ടുവരിക, പൊതുജനാരോഗ്യരംഗത്തെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. ബാഹ്യകാരണങ്ങൾ കഴിയുന്നത്ര കണ്ടെ ത്തി അവ കുറച്ചുകൊണ്ടുവരിക എന്നതാണ് നമ്മുടെ മുന്നിലുള്ള കടമ. അതുകൊണ്ടുതന്നെ, കാൻസറിന് ഹേതുവാകാവുന്ന ബാഹ്യഘടകങ്ങളെ(കീടനാശിനികളടക്കം) നിസ്സാരവൽക്കരിക്കുന്ന പ്രവണത ഒഴിവാക്കേ ണ്ടതാണ്.  

©Annual Report to the Nation on the Status of Cancer (USA)

കീടനാശിനികളും രാസവളങ്ങളുമൊക്കെ അടങ്ങിയ കാർഷിക രാസപദാർത്ഥങ്ങൾ കാൻസറിന് കാരണമാകുന്നുണ്ടോ എന്ന ചർച്ച ഉത്തരവാദിത്വത്തോടെ നടത്തേണ്ട ഒന്നാണ്. ഇവയുടെ  ആവശ്യകത മനസ്സിലാക്കാതെയും, മുഴുവൻ ചിത്രം കാണാതെയുമുള്ള വിമർശനങ്ങൾ ജനങ്ങളിൽ ഭീതി പരത്താൻ മാത്രമേ സഹായിക്കൂ; പ്രത്യേകിച്ചും, കാൻസർ വരാനുള്ള ചെറിയ സാധ്യതകളെ പർവ്വതീകരിച്ച് വലുതാക്കി അതിശയോക്തി കലർത്തി അവതരിപ്പിക്കുമ്പോൾ.
ഇതാണ് കേരളത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രമുപയോഗിച്ചുള്ള ഭക്ഷ്യോൽപാദനത്തിലൂടെ ഇന്ന് ജീവിക്കുന്ന 760 കോടി ജനങ്ങളിൽ പകുതിയോളം പേരെ മാത്രമേ തീറ്റിപ്പോറ്റാൻ കഴിയൂ. വായുവിലെ നൈട്രജനെ അമോണിയാ വളമാക്കി മാറ്റാമെന്ന് ഫ്രിറ്റ്‌സ് ഹാബർ(Fritz Haber) ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ടുപിടിച്ചതാണ് പട്ടിണി മരണങ്ങളില്ലാതാക്കുന്നതിലേക്ക് നയിച്ച വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, അത്യുൽപാദനശേഷിയുള്ള വിത്തുകളും രാസ കീടനാശിനികളുമൊക്കെ ഉൾക്കൊണ്ട് അരങ്ങേറിയ കാർഷികവിപ്ലവത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവരാണ് നാമെല്ലാം.  എന്നാൽ ഇതിന് മറ്റൊരു വശമുണ്ടെന്നതും മറന്നുകൂടാ. പുതിയ കാർഷിക രീതികൾ വഴി നൈട്രജൻ ബാലൻസിൽ മാറ്റങ്ങൾ വരുന്നതും, ജലശേഖരങ്ങളിൽ നൈട്രജൻ കടന്നുകൂടുന്നതും, കീടനാശിനികളുടെ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെ നാമിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന യഥാർത്ഥ്യങ്ങളാണ്.

കീടനാശിനികൾ കാൻസറിന് കാരണമാകുന്നുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം അത്ര ലളിതമല്ല.

എച്ച്. ഐ.വി, AIDS രോഗത്തിന് കാരണമാകുന്നു എന്നോ ക്ഷയരോഗാണു ക്ഷയരോഗത്തിന് കാരണമാകുന്നു എന്നോ ഉള്ള അർത്ഥത്തിൽ കാൻസർ, ഹൃദ്രോഗം മുതലായവയുടെ കാരണത്തെപ്പറ്റി പറയാൻ കഴിയില്ല. Risk അഥവാ അപകടസാധ്യത എന്ന പദമാണ് നാമിവിടെ ഉപയോഗിക്കുന്നത്.
  ഏതെങ്കിലും ഒരു വസ്തുവോ ശീലമോ  ഉദാഹരണത്തിന് പുകവലി രോഗമുള്ളവരിലും ഇല്ലാത്തവരിലും താരതമ്യം ചെയ്താണ് അപകട സാധ്യത കണക്കാക്കുന്നത്. ഉദാഹരണത്തിന്, പുകവലിക്കുന്നവരിൽ ശ്വാസകോശാർബുദം കൂടുതലും വലിക്കാത്തവരിൽ താരതമ്യേന വളരെ കുറവുമാണ്. അപകടസാധ്യതകൾ എപിഡമിയോളജി പഠനങ്ങളിലൂടെ കൃത്യമായി കണക്കാക്കാം. Relative Risk(RR), Odds Ratio(OR) എന്നിത്യാദി  സൂചകങ്ങളിലൂടെയാണ് ഇത് പ്രകടിപ്പിക്കുന്നത്. RR, OR എന്നിവ എത്ര കണ്ട് കൂടുതലാണോ, അപകട സാധ്യത യും അത്ര മടങ്ങ് കൂടുന്നു.  

കീടനാശിനികളുടെ അപകടസാധ്യതകളെപ്പറ്റി പറയുമ്പോൾ രണ്ട് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

  1. അവ പരിസ്ഥിതിയിലേൽപ്പിക്കുന്ന ആഘാതങ്ങൾ.
  2. കാൻസർ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ.

കീടനാശിനികൾ പലതും, അവ ഉൽപാദിപ്പിക്കുമ്പോഴുണ്ടാകുന്ന ചില വസ്തുക്കളും, ദീർഘകാലം നിലനിൽ ക്കുന്നവയാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിയിൽ അവയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

Persistent Organic Pollutants(POP) എന്ന് പേര് വിളിക്കുന്ന, എൻഡോസൾഫാനടക്കമുള്ള, ഇത്തരം പദാർത്ഥങ്ങൾ ക്രമേണ പൂർണ്ണമായും ഇല്ലാതാക്കേണ്ടതാണെന്ന കാര്യത്തിൽ ലോക രാഷ്ട്രങ്ങളിൽ 2001-ലെ സ്‌റ്റോക്‌ഹോം സമ്മേളനത്തിന് ശേഷം ഏറെക്കുറെ സമന്വയമുണ്ടായിട്ടുണ്ട്.

ആരോഗ്യപ്രശ്‌നങ്ങളുടെ, പ്രത്യേകിച്ച് കാൻസറിന്റെ, കാര്യത്തിൽ ലളിതമല്ല ഉത്തരങ്ങൾ. പുകവലിയുടെ അപകടസാധ്യത 25 മുതൽ 30 ഇരട്ടി വരെയാണെങ്കിൽ അപകടമുണ്ടെന്ന് കരുതപ്പെടുന്ന കീടനാശിനികൾ മിക്കതിനും അത് ഒന്നോ രണ്ടോ ഇരട്ടി മാത്രമാണ്. ഇത് അവഗണിക്കാവുന്ന അപകടസാധ്യതയാണ് എന്നല്ല അർ ത്ഥം. അപകടസാധ്യതകളുടെ താരതമ്യ പരിപ്രേക്ഷ്യം നഷ്ടപ്പെടരുത് എന്ന് മാത്രം. കീടനാശിനികളുടെ അപകടങ്ങളെപ്പറ്റി വാചാലരാകുന്നവർ പലരും പുകവലിയെപ്പറ്റി ഒന്നും പറയാറില്ല എന്നത് ശ്രദ്ധേയമാണ്. രാസ കീടനാശിനികളെപ്പോലെ തന്നെ അപകടകാരിയാണ് പുകയില കീടനാശിനി എന്ന് ശ്രീ.രവിചന്ദ്രൻ പറയുമ്പോഴും കാര്യങ്ങൾ വേണ്ടപോലെ മനസ്സിലാക്കാത്തതിന്റെ കുറവ് സ്പഷ്ടമാണ്. പുകയില ഏറ്റവും അപകടകാരിയാവുന്നത് സിഗരറ്റായും ബീഡിയായും കത്തിച്ച് വലിക്കു മ്പോഴാണ്. പിന്നെ അത് വായയ്ക്കുള്ളിൽ വയ്ക്കുമ്പോഴും, ചവയ്ക്കുമ്പോഴും. കീടനാശിനിയായി ഉപയോഗിക്കുന്ന പുകയില കാൻസർ ഉണ്ടാക്കും എന്നതിന് ഒരു തെളിവും ഇല്ല. സിന്തറ്റിക്ക് ആയതെല്ലാം മോശവും സ്വാഭാവികമായതെല്ലാം(Organic)  നല്ലതും എന്ന അഭിപ്രായം അതിശയോക്തിപരമാണ്. എന്നാൽ, കീടനാശിനി പോ ലെയുള്ള ചില സിന്തറ്റിക് പദാർത്ഥങ്ങളെപ്പറ്റിയുള്ള ശരിയായ വിമർശനം ശ്രീ.രവിചന്ദ്രന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. സ്വാഭാവിക പദാർത്ഥങ്ങൾ ഭൂമിയിലെ ജീവജാലങ്ങളുടെ ചയാപചയ പ്രക്രിയകൾക്ക് വഴങ്ങുന്നവയാണ്. ബാക്ടീരിയകൾ, ഫംഗസുകൾ എന്നിങ്ങനെയൊക്കെയുള്ള ജീവജാലങ്ങൾക്ക് അവയെ വിഘടിപ്പിക്കാൻ കഴിയുമെന്നർത്ഥം. എന്നാൽ ചില സിന്തറ്റിക് പദാർത്ഥങ്ങൾ ഇങ്ങനെയല്ല. ചില കീടനാശിനികൾ, ഡയോക്‌സിനുകൾ, പല പ്ലാസ്റ്റിക്കുകൾ എന്നിവയെല്ലാം അതിൽപ്പെടും. അന്തരീക്ഷത്തിലും ജീവികളുടെ ഉള്ളിലുമൊക്കെ അവ ഏറെനാൾ നിലനിൽക്കും. ഇത്തരം സിന്തറ്റിക്കുകളെയാണ് നമ്മൾ ഭയക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് വളരെ കൂടിയ തോതിലാവുമ്പോൾ മാരക വിഷമാകുന്ന ഫോർമാൽഡിഹൈഡിനെ നമ്മൾ അത്ര കണ്ട് ഭയക്കാത്തതും പ്രത്യക്ഷത്തിൽ വലിയ വിഷമൊന്നുമല്ലാത്ത ഡിഡിടിയെ ഭയക്കുന്നതും.

കീടനാശിനികൾ, കളനാശിനികൾ, അവയുടെ ഉൽപാദനത്തിന്റെ ഭാഗമായി ഉണ്ടാവുന്ന ഡയോക്‌സിനുകൾ മുതലായവയും കാൻസറും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. കൃഷിക്കാർ, കീട നാശിനികൾ തളിക്കുന്നവർ, ഗാർഹികമായും അല്ലാതെയും കീട-കളനാശിനികൾ കൂടുതൽ ഉപയോഗിക്കുന്നവർ തുടങ്ങിയവരിൽ കാൻസർ നിരക്കുകൾ ചെറിയ തോതിൽ കൂടുതലാണെന്ന് മിക്ക പഠനങ്ങളും കാണിക്കുന്നു. കാർഷികമേഖലയിൽ ജീവിക്കുന്നവരെപ്പറ്റി 2009-ൽ പ്ര സിദ്ധീകരിക്കപ്പെട്ട സമഗ്രമായ ഒരു അവലോകനത്തിൽ (Systematic review) ഉൾപ്പെടുത്തിയിട്ടുള്ള 418 പഠനങ്ങളിലെയും, Non hodgkin lymphomaഎന്ന കാൻസറിനെ പറ്റിയുള്ള 30-ലേറെ പഠനങ്ങളിലെയും മിക്ക ഫലങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. രക്താർബുദത്തെ(Leukemia)യും മൾട്ടിപ്പിൾ മൈലോമയെയും പറ്റിയുള്ള 30-ലേറെ പഠനങ്ങളും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ കാൻസർ സംബന്ധമായ 40-ലേറെ പഠനങ്ങളും ഏതാണ്ട് ഇതേ നിഗമനങ്ങളിലാണ് എത്തിച്ചേരുന്നത്. (അവലോകനം വായിക്കാൻ കാണുക)

കാൻസറും അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുന്ന കീടനാശിനികളും തമ്മിലുള്ള ബന്ധം സ്ഥാപിച്ചെടുക്കുക അത്ര എളുപ്പമല്ല. പതിവ് കേസ് കൺട്രോൾ, കൊ ഹോർട്ട്(Cohort ) പഠനരീതികൾ ഇതിന് പര്യാപ്തമാവില്ല. അതേസമയം, ലോകമെങ്ങും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സ്തനാർബുദം പോലുള്ള കാൻസറുകളുടെ കാര്യത്തിൽ കീടനാശിനി, ഡയോക്‌സിനുകൾ തുടങ്ങിയ രാസപദാർത്ഥങ്ങൾക്ക് പങ്കുണ്ടെന്ന് വ്യാപകമായി സംശയിക്കപ്പെടുന്നുണ്ട്. ഹോർമോൺ വ്യവസ്ഥയെ തകിടം മറിക്കുന്ന endocrine dsiruptors ആയി പ്രവർത്തിക്കു ന്നു എന്നതാവാം കാരണം. ഹോർമോണുകളാൽ നിയന്ത്രിക്കപ്പെടുന്ന കോശങ്ങൾ അധികമുള്ള സ്തനം, അ ണ്ഡാശയം, ഗർഭപാത്രം, പ്രോസ്‌റ്റേറ്റ്, വൃഷണങ്ങൾ എന്നിവയിലൊക്കെയുള്ള കാൻസറുകൾക്ക് ഡി.ഡി.ടി മുതൽ എൻഡോസൾഫാൻ വരെയുള്ള നിരവധി ഓർഗാ നോക്‌ളോറീൻ കീടനാശിനികൾ അവയുടെ endocrine disruptor സ്വഭാവം കൊണ്ട് കാരണമായിത്തീരുന്നുണ്ടോ എന്ന സംശയം ബലമായി തന്നെ നിലനിൽക്കുന്നു. (ഇത്തരം കീടനാശിനികളെപ്പറ്റിയുള്ള അവലോകനം ഈ ലിങ്കില്‍ ലഭ്യമാണ്)

ഗർഭസ്ഥമായിരിക്കുമ്പോഴോ വളരെ ചെറുപ്രായത്തിലോ ഉള്ള എക്‌സ്‌പോഷർ ആകാം ഒരുപക്ഷേ ഒരാളിന് പിന്നീട് കാൻസർ വരാൻ കാരണം. Diethylstilbestrol (DES) എന്ന രാസവസ്തുവിന്റെ കാര്യത്തിൽ ഇത് പണ്ടേ അറിയാമായിരുന്നു ഗർഭകാലത്ത് ഈ മരുന്ന് കഴിച്ച സ്ത്രീ കളുടെ കുട്ടികൾക്ക് വർഷങ്ങൾക്ക് ശേഷം യോനിയി ലെ കാൻസർ വരുന്നതായി കണ്ടെത്തിയിരുന്നു. ഹോർമോൺ വ്യവസ്ഥയെ ബാധിക്കുന്ന രാസവസ്തുക്കളുടെ തോത് അന്തരീക്ഷത്തിൽ വർദ്ധിക്കുമ്പോൾ അത് ഗർഭസ്ഥശിശുക്കളേയും കൊച്ചുകുട്ടികളേയും ബാധിച്ച് സ്ത നാർബുദം പോലുള്ള കാൻസറുകളുടെ നിരക്ക് കൂടാൻ ഇടയാക്കുന്നുണ്ടെന്ന ഊഹം ഏറെക്കാലമായുണ്ടെങ്കി ലും മനുഷ്യരിൽ ഈ ബന്ധം സ്ഥിരീകരിക്കുന്ന നൈതിക പഠനങ്ങൾക്ക് രൂപംനൽകാൻ പല കാരണങ്ങളാൽ ബുദ്ധിമുട്ടാണ്. എന്നാൽ, ഇക്കാര്യം ശരിയെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ആകസ്മിക ചുറ്റുപാടുകളെ പ്രയോ ജനപ്പെടുത്തി നടത്തിയ ഒരു പഠനം വഴി ലഭിച്ചതായി 2015-ൽ പ്രസിദ്ധീകരിച്ച ഒരു പേപ്പർ (ഈ ലിങ്കില്‍ ലഭ്യമാണ്) വ്യക്തമാക്കുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ, കൈസർ ഫൗണ്ടേഷൻ ഹെൽത്ത് പ്ലാൻ എന്ന ഒരു പദ്ധതിയിൽ 1959 മുതൽ 1967 വരെ എൻറോൾ ചെയ്ത സ്ത്രീകൾക്ക് പി റന്ന 9300 പെണ്മക്കളിൽ കാൻസർ വന്നവരും വരാത്തവ രും തമ്മിലുള്ള താരതമ്യം ആയിരുന്നു പഠനം. ഇവരുടെ അമ്മമാരുടെ രക്തം ഗർഭകാലത്ത് ശേഖരിച്ച് വച്ചതിൽ ഡി.ഡി.ടി-യുടെ അളവ് പരിശോധിച്ച് നോക്കി. അളവ് കൂടുതൽ ഉണ്ടായിരുന്നവരുടെ മക്കൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത ഏതാണ്ട് നാലിരട്ടിയോളമാണെന്ന് കണ്ടെത്തി. മറ്റെല്ലാ ഘടകങ്ങളെക്കാളും ശക്തമായിരു ന്നു ഇതിന്റെ പ്രഭാവം. 

 

അപകടസാധ്യതകളും രോഗ നിരക്കുകളും ഒന്നിച്ച് വച്ച് നോക്കി പരിശോധിച്ചാൽ മാത്രമേ ശരിയായ വിലയിരുത്തൽ സാധ്യമാകൂ.
X എന്ന കീടനാശിനിയുടെ Y എന്ന രോഗമുണ്ടാക്കാനുള്ള റിലേറ്റിവ് റിസ്‌ക് (RR) 1.5  ആണെന്നിരിക്കട്ടെ. സാധാരണഗതിയിൽ ഒരു ലക്ഷത്തി ലൊരാൾക്ക് എന്ന നിരക്കിലാണ് Y രോഗം വരുന്നതെ ങ്കിൽ കീടനാശിനിയുടെ ഉപയോഗം കാരണം രണ്ട് ല ക്ഷം പേരിൽ രണ്ടാൾക്ക് പകരം മൂന്നാൾക്ക് രോഗം വ രും. ഇത് വലിയൊരു സംഖ്യയല്ല എന്ന് പറയാം. ഇനി മറ്റൊരു ഉദാഹരണം നോക്കൂ. അമേരിക്കയിൽ ഒരു വർഷം ഒരു ലക്ഷം സ്ത്രീകളിൽ 124 പേർക്ക് സ്തനാർ ബുദം പിടിപെടുന്നു. സ്തനാർബുദമുണ്ടാകാനുള്ള അ പകട സാദ്ധ്യത(RR) 1.5 ആയ ഒരു കീടനാശിനിയുണ്ടെ ന്ന് സങ്കൽപിക്കുക. ഈ കീടനാശിനിയുടെ ഫലം മൂലം ഒരു ലക്ഷത്തിൽ 62 പേർക്ക് അധികമായി സ്തനാർബുദം പിടിപെടുമെന്ന് കണക്കാവുന്നതാണ്. ഇത് അമേരിക്ക മുഴുവനായെടുത്താൽ ഒരു ലക്ഷത്തോളം അധിക കേസുകൾ. എങ്ങിനെ അവഗണിക്കും?

കാൻസർ രോഗബാധ സംബന്ധിച്ച് ലോകാരോഗ്യസംഘടന സ്വരൂപിച്ച കണക്കുകൾ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്

ശ്രീ.രവിചന്ദ്രൻ മനസ്സിലാക്കിയതിൽ നിന്ന് വിഭിന്നമായി ഭൂരിഭാഗം കാൻസർ രോഗങ്ങളിലും പരിസരത്തിന് പങ്കുണ്ട്. ലോകത്ത് ഏറ്റവുമധികമുണ്ടാവുന്ന ആദ്യത്തെ പത്ത് കാൻസറുകൾ -അതായത് ശ്വാസകോശം, അന്ന നാളം, ആമാശയം, മൂത്രാശയം, കുടൽ, പ്രോസ്‌റ്റേറ്റ്, കരൾ, സ്തനങ്ങൾ, ഗർഭപാത്ര സർവിക്‌സ്,  ലിംഫോമ എന്നിവയെ ബാധിക്കുന്നവ- എടുത്താൽ ഇവയെല്ലാറ്റിന്റെയുമുത്ഭവത്തിൽ പരിസരത്തിന്റെ സ്വാധീനമുണ്ടെന്ന് കാണാം.
ഇവയെല്ലാം കൂടി നോക്കിയാൽ ആകെയുള്ള കാൻസറിന്റെ മൂന്നിൽ രണ്ട് വരും.(കാൻസർ രോഗബാധ സംബന്ധിച്ച് ലോകാരോഗ്യസംഘടന സ്വരൂപിച്ച കണക്കുകൾ http://www.wcrf.org/int/cancer-facts-figures/worldwide-data-യിൽ ഇന്ന് ലഭ്യമാണ്). ഇവയിൽ ചിലത് കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ മറ്റ് ചിലത് കൂടിക്കൊണ്ടിരിക്കുകയാണ്. ആമാശയം, അന്നനാളം, സെർ വിക്‌സ്, കരൾ എന്നിവയെ ബാധിക്കുന്ന കാൻസറുകൾ പല രാജ്യങ്ങളിലും കുറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സ്തനാർബുദം, പ്രോസ്‌റ്റേറ്റ് കാൻസർ, കുടലിലെ കാൻസർ എന്നിവ മിക്ക രാജ്യങ്ങളിലും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ രണ്ട് പ്രഭാവങ്ങൾക്കും കാരണം പരിസ്ഥിതിയിലെ മാറ്റങ്ങൾ തന്നെയാണ്. ഹെലിക്കോബാക്ടർ, ഹ്യൂമൻ പാപ്പിലോമ വൈറസ് തുടങ്ങിയ കാരണകാരികൾ കുറയുന്നതാണ് ആമാശയം, അന്നനാളം, സെർവിക്‌സ്, കരൾ എന്നിവയെ ബാധിക്കുന്ന കാൻസറുകൾ കുറയാൻ കാരണമെന്ന് ഇന്ന് നമുക്കറിയാം.  എന്നാൽ, സ്തനാർബുദവും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ കാൻസറും മറ്റും കൂടാനുള്ള കാരണങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട്. ശ്രീ.രവിചന്ദ്രൻ വാദിക്കുന്നതുപോലെ ജനസംഖ്യയുടെ പ്രായവർദ്ധനവ് കൊണ്ടുമാത്രം വിശദീകരിക്കാവുന്നതല്ല ഈ മാറ്റം. കീടനാശിനികളടക്കമുള്ള രാസപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ വർദ്ധനവ് ഇതിന് കാരണമായിട്ടുണ്ട് എന്നത് അതിശക്തമായ ഹൈപ്പോതീസിസ് തന്നെയാണ്.

കാർഷികരംഗത്തെ കീടനാശിനികൾ, കളനാശിനികൾ, നൈട്രജൻ-ഫോസ്‌ഫേറ്റ് രാസവളങ്ങൾ എന്നിവയുടെയൊക്കെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനെ പറ്റി ആഗോള വ്യാപകമായിത്തന്നെ ഗൗരവപൂർവമായ ചർച്ചകൾ നടക്കുന്നുണ്ട്. അമേരിക്കയിൽ കാൻസറിനെ പറ്റി പ്രസിഡന്റിനെ ഉപദേശിക്കുന്ന കമ്മിറ്റി കാൻസറിന്റെ പാരിസ്ഥിതിക കാരണങ്ങളെപ്പറ്റി പഠിക്കുകയും കുറേയേറെ നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.(`Reducing Environmental Cancer Risk-What we can do now’2010;)പൊതു മാർഗനിർദേശ രേഖയായി ഉപയോഗിക്കാവുന്നതാണ്  ഇത് .(ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം)

കീടനാശിനികളുടെ ഉപയോഗം പ്രധാനമായും മൂന്ന് മേഖലകളിലാണ് ആവശ്യമായി വരുന്നത്. വൻതോതിൽ ചെയ്യുന്ന കൃഷിയിലാണ് ഏറ്റവും ഉപയോഗം. രോഗം പരത്തുന്ന കൊതുകുകളേയും മറ്റും നിയന്ത്രിക്കാനും കീടനാശിനികൾ പല സ്ഥലങ്ങളിലും വൻതോതിൽ ഉപ യോഗിക്കേണ്ടതായി വരുന്നുണ്ട്. ചെറിയ തോതിലുള്ള കൃഷി, കൊതുക്, പാറ്റ, മൂട്ട പോലുള്ള കീടങ്ങളുടെ നിയന്ത്രണം എന്നിവയടങ്ങുന്ന ഗാർഹിക ഉപയോഗമാണ് മറ്റൊന്ന്. ഇവയിലൊന്നും കീടനാശിനികളുടെ ഉപയോഗം വളരെ പെട്ടെന്ന് പൂർണമായി ഇല്ലാതാക്കാൻ കഴിയില്ല. പക്ഷേ ഇത് ഗണ്യമായ തോതിൽ കുറച്ചു കൊണ്ടുവരാൻ കഴിയേണ്ടതാണ്. ഇതാണ് നാം ലക്ഷ്യമിടേണ്ടത്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളെ എൻഡോസൾഫാൻവാദം എന്നും മറ്റും പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നത് ആശാസ്യമല്ല. 

ജൈവകൃഷിയെ പറ്റി കേരളത്തിൽ ഇന്ന് രണ്ട് അഭിപ്രായങ്ങളുള്ളതായി കാണാം.

ജൈവകൃഷി എല്ലാത്തിനുമുള്ള പരിഹാരമാണെന്ന് ഒരു കൂട്ടർ പ്രകീർത്തിക്കുമ്പോൾ അത് വലിയൊരു തട്ടിപ്പാണെന്ന് മറുകൂട്ടർ പറയുന്നു. സത്യത്തിൽ ജൈവകൃഷിയുടെ പേരിൽ പ്രകൃതിജീവനവാദങ്ങളടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അതൊരു തട്ടിപ്പായി മാറുന്നത്. ഏതാനും ഹെക്റ്ററുകൾ കൃഷിചെയ്യാൻ ഒരു വെച്ചൂർ പശുവിന്റെ മൂത്രം മതിയെന്നും മരുന്നുകളും വാക്‌സിനുകളും തൊട്ട് പൊറോട്ട വരെ എല്ലാം വിഷമാണെന്നും ഒക്കെ വച്ചുകാച്ചുന്ന പ്രകൃതിജീവന വാദം പരിഹാസ്യം തന്നെയാണ്.
എന്നാൽ വീട്ടുമുറ്റത്തും ചെറു കൃഷിയിടങ്ങളിലുമെല്ലാം രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറച്ചു കൊണ്ടുവരാനും ജൈവവളങ്ങളും ജൈവ കീടനിയന്ത്രണ മാർഗങ്ങളും ഉപയോഗിക്കാനുമുള്ള ശ്രമം നിരുത്സാഹപ്പെടുത്തേണ്ട ഒന്നല്ല. ഇങ്ങനെ ചെയ്യുന്നവർ മിക്കവരും പുതുതായി കൃഷി ചെയ്യുന്നവരായതുകൊണ്ട് തന്നെ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുകയാണത് ചെയ്യുന്നത്. കേരളത്തിലെ പച്ചക്കറി ഉൽപാദനത്തിന്റെ കാര്യത്തിൽ ഇത് പ്രകടമാണ്. ഗാർഹികാന്തരീക്ഷത്തിൽ കുട്ടികളും മറ്റും നേരിടുന്ന വിഷവസ്തുസമ്പർക്കം കുറയ്ക്കാനും ഇത് സഹായകരമാവും.

രാസകീടനാശിനികളുടേയും മറ്റും അമിതോപയോഗം ദൂഷ്യഫലങ്ങളുണ്ടാക്കാമെന്ന തിരിച്ചറിവിന്റെ അടി സ്ഥാനത്തിൽ മറ്റ് പല രാജ്യങ്ങളും ചെയ്യുന്നതുപോലെ പ്രായോഗികമായ നടപടികളിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. 

കീടനാശിനികളുടെ പാക്കറ്റിന് പുറത്ത് വിഷം എന്നെഴുതുന്നത് ചിരിച്ച് തള്ളിക്കളയാനല്ല. വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കേണ്ട വസ്തുക്കളാണ് അവ എന്ന് മനസ്സിലാക്കാനാണ്. കീടനാശിനികൾ തളിക്കുന്നവരും ഗാർഹികമായി അവ ഉപയോഗിക്കുന്നവരുമൊക്കെ കയ്യുറകൾ, മുഖമറകൾ തുടങ്ങിയ എല്ലാ സുരക്ഷാമാർഗങ്ങളും ഉപയോഗിക്കേണ്ടതാണ്.
കീടനാശിനികൾ അന്തരീക്ഷത്തിലേക്ക് പടരാതിരിക്കാൻ കഴിവതും ശ്രദ്ധി ക്കേണ്ടതുണ്ട്. കുട്ടികളും ഗർഭിണികളും മറ്റും കീടനാ ശിനികളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കീടനാശിനികളുടെ പ്രയോഗം പൊതുവിൽ കുറച്ചു കൊണ്ടുവരാൻ വേണ്ടി സംയോജിത കീടനിയന്ത്രണ മാർഗങ്ങൾ അനുവർത്തിക്കണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കാൻ പറ്റു ന്ന രീതിയിൽ ജനിതകമാറ്റം വരുത്തിയ വിളകളുടേത ടക്കമുള്ള മേഖലകളിൽ ഗവേഷണം രൂപപ്പെടുത്തേണ്ട തുണ്ട്. ഇതിനെല്ലാം പുറമേ കീടനാശിനികൾ പോലുള്ള രാസ വസ്തുക്കളുടെ ഉപയോഗം കർശനമായ നിയമ സംവിധാനങ്ങൾക്കും മാർഗനിർദ്ദേശക രേഖകൾക്കും  അനുസൃതവുമായിരിക്കണം. അമിതമായ വിഷപ്പേടിയോ സുരക്ഷയെ അവഗണി ച്ചുകൊണ്ടുള്ള ആത്മവിശ്വാസമോ അല്ല നമുക്ക് വേണ്ടത്; പ്രായോഗിക പരിജ്ഞാനവും പ്രവർത്തനവുമാണ്.


2018 ഫെബ്രുവരി മാസത്തെ ശാസ്ത്രഗതിയിൽ നിന്നും

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തിലെ തുമ്പികളെക്കുറിച്ചറിയാം
Next post സീസിയം – ഒരു ദിവസം ഒരു മൂലകം
Close