Read Time:8 Minute
a pen on an envelope

ലേഖനത്തോടുള്ള പ്രതികരണം

ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള പ്രതികരണം

ലൂക്കയിൽ ഡോ. എം. മുഹമ്മദ് ആസിഫ് എഴുതിയ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ?എന്ന ലേഖനത്തിലെ സൂറത്തിലെ പ്ലേഗിനെ സംബന്ധിച്ച പരാമർശങ്ങളോട് ഡോ.അരുൺ ടി. രമേഷ് ഫേസ്ബുക്കിൽ കുറിച്ചത്..

1994 ൽ സൂറത്തിൽ ആരംഭിച്ച പ്ലേഗ് മഹാമാരിക്ക് കാരണം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നതാണെന്ന കോഴിക്കോട് മേയറുടെ പ്രസ്താവനയും, അതിനെ പിന്തുണയ്ക്കുന്ന ലേഖനങ്ങളും, ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലാത്ത ഒരു അവകാശവാദമാണ് ഉന്നയിക്കുന്നത്. പ്ലേഗ് മഹാമാരിയുടെ ഉത്ഭവം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനങ്ങളിലൊന്നുമില്ലാത്ത ഈ വാദം പിന്നീടാണ് തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെയുള്ള ഒരു പ്രധാന ന്യായമായി മൃഗസ്നേഹികൾ ഉപയോഗിക്കുന്നത്.

1994 ലെ പ്ലേഗ് മഹാമാരിയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത് സെപ്റ്റംബർ 19 ന് സൂറത്തിലെ വടക്കൻ മേഖലയിലുള്ള വേദ് റോഡ് ഏരിയയിലാണ്. തൊട്ടടുത്ത ദിവസങ്ങളിൽ ഇതേ പ്രദേശങ്ങളിൽ എട്ട് പേർ മരണപ്പെട്ടതോടെയാണ് രോഗം ശ്രദ്ധിക്കപ്പെടുന്നത്. സെപ്റ്റംബർ 21 ന് രോഗം പ്ലേഗ് ആണെന്ന വാർത്ത പ്രചരിക്കുകയും വിഭജനത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കൂട്ട പലായനം മറ്റു സംസ്ഥാനങ്ങളിലേക്ക് വരെ രോഗം പടരുന്നതിന് കാരണമാകുകയും ചെയ്തു.

പ്ലേഗിന്റെ ഉദ്ഭവത്തെ കുറിച്ച് വിശദമായി പഠിച്ച NICD യിലേയും ഹെൽത്ത് സർവ്വീസ് ഡയറക്ടറേറ്റിലേയും ശാസ്ത്രജ്ഞർ എഴുതിയ ലേഖനത്തിൽ ആ വർഷം സംഭവിച്ച ശക്തമായ മൺസൂൺ മഴയും തപ്തി നദിയിൽ രണ്ടരപ്പതിറ്റാണ്ടിന് ശേഷം കിഴക്കൻ മേഖലയെ വരെ ബാധിച്ച സെപ്റ്റംബർ 7 മുതൽ 11 വരെ നീണ്ടു നിന്ന വെള്ളപ്പൊക്കവും ഒരു പ്രധാന സാധ്യതയായി മുന്നോട്ടു വെയ്ക്കുന്നുണ്ട്. നദിയിലേക്കുള്ള ചാലുകളിലൂടെ ഒഴുക്കിവിട്ടിരുന്ന മാലിന്യങ്ങളും മൃഗങ്ങളുടെ ജഡവുമൊക്കെ നഗരത്തിൽ തിരിച്ചെത്തുകയും അഞ്ച് ദിവസം അവിടെ നിന്ന് മാറ്റാതിരിക്കുകയും ചെയ്തതായി പറയുന്നുണ്ട്. ചത്ത എലികളുടെ ജഡങ്ങൾ കൈകാര്യം ചെയ്തതോ അവയുടെ ശരീരത്തിൽ നിന്നുള്ള എലിച്ചെള്ളുകൾ കടിച്ചതോ രോഗം പടരാനുള്ള സാധ്യതയായി പറയുന്നെങ്കിലും കൃത്യമായ ഉദ്ഭവം വ്യക്തമല്ല എന്നാണ് പഠനം പറയുന്നത്.

1992, 1993, 1994 വർഷങ്ങളിൽ നഗരസഭ മറവു ചെയ്ത മൃഗങ്ങളുടെ എണ്ണവും ലേഖനം പരിശോധിക്കുന്നുണ്ട്. മൂന്നു വർഷത്തെ ശരാശരിയേക്കാൾ ഉയർന്ന എണ്ണത്തിൽ മറവു ചെയ്യൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ്. വെള്ളപ്പൊക്കത്തിന്റെ ഭാഗമായി നിരവധി മൃഗങ്ങൾ മരണപ്പെട്ടു എന്ന് ലേഖനം പറയുന്നുണ്ട്. ആഗസ്റ്റ് മാസത്തിൽ അധികമായി കാണുന്ന 600 ചെറിയ മൃഗങ്ങൾ തെരുവുനായ്ക്കർ ആണെന്ന് വാദിച്ചാൽ പോലും 470 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നഗരത്തിൽ ഒരു മാസ് കള്ളിങ്ങും നടന്നിട്ടില്ല എന്ന് വ്യക്തമാണ്. 470 ചതുരശ്ര കിലോമീറ്ററുള്ള നഗരത്തിൽ 600 തെരുവുനായ്ക്കൾ ഇല്ലാതായപ്പോൾ, സാധാരണ രണ്ട് മാസം കൊണ്ട് പ്രത്യുൽപാദന ക്ഷമത നേടുന്ന, 3 ആഴ്ച ഗർഭകാലമുള്ള എലികൾ ഒരു മാസം കൊണ്ട് “പെറ്റുപെരുകി” പ്ലേഗുണ്ടാക്കിയെന്ന് കൂടി വാദിക്കേണ്ടി വരും.

2001 ൽ ബോംബെ നഗരസഭ തെരുവുനായ്ക്കളെ കൊല്ലാൻ തീരുമാനിച്ചപ്പോൾ Animal People പ്രസിദ്ധീകരിച്ച ലേഖനത്തിൽ മനേക ഗാന്ധി ഈ പ്ലേഗ് തിയറി പറയുന്നതല്ലാതെ, 1994ലെ പ്ലേഗ് ഹോമാരിയെ സംബന്ധിച്ച ശാസ്ത്രലേഖനങ്ങളിലൊന്നും ഇങ്ങനെ ഒരു വാദം പോലും കാണാൻ കഴിഞ്ഞില്ല.

തെരുവുനായ്ക്കളെ പെട്ടെന്ന് തെരുവുകളിൽ നിന്ന് മാറ്റുകയും, പ്രദേശത്തിന്റെ വഹനശേഷി (ക്യാരിയിങ്ങ് കപ്പാസിറ്റി) കുറയ്ക്കാതിരിക്കുകയും ചെയ്താൽ, നായ്ക്കൾ കഴിച്ചിരുന്ന ഭക്ഷണ മാലിന്യം തേടി എലികളും മറ്റു ജീവികളും വരാനും, അവ പിന്നീട് പെറ്റുപെരുകാനുമുള്ള സാധ്യതയുണ്ടെന്നത് വസ്തുതയാണ്.

തെരുവുനായ്ക്കളെ പൂർണമായി നീക്കം ചെയ്യാൻ സാധിക്കാത്തതു കൊണ്ട്  അടുത്ത ബ്രീഡിങ്ങ് സീസണുകളിൽ ജനിക്കുന്ന നായ്ക്കളുടെ സർവൈവൽ റേറ്റ് കൂടുന്നതു വഴിയും മൈഗ്രേഷൻ വഴിയും പോപ്പുലേഷൻ വീണ്ടും ക്യാരിയിങ്ങ് കപ്പാസിറ്റിയിലേക്ക് എത്തുകയാണ് സാധാരണയായി സംഭവിക്കുന്നത്. ഇക്കാരണം കൊണ്ടാണ് പ്രത്യക്ഷത്തിൽ എളുപ്പമെന്ന് തോന്നുന്ന മാസ്സ് കള്ളിങ്ങ് എന്ന രീതി എല്ലായിടത്തും പരാജയപ്പെട്ടിട്ടുള്ളത്.

തെരുവുനായ്ക്കളെ തുടർച്ചയായി നീക്കം ചെയ്യുകയും ഭക്ഷണ മാലിന്യം തെരുവുകളിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ എലികൾ പെരുകുമെന്നതിനോട് യോജിക്കുന്നുവെങ്കിലും, സൂറത്ത് പ്ലേഗിന്റെ  കാരണം തെരുവുനായ്ക്കൾ ഇല്ലാതായതാണെന്നും കേരളത്തിലും അത് സംഭവിക്കുമെന്നുമുള്ള വാദങ്ങളോട് വിയോജിക്കുന്നു.


Happy
Happy
42 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post കൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ കഴിയുമോ ?
Next post ഓർമകൾക്ക് ആത്മാവിന്റെ നഷ്ടഗന്ധം വന്നതെങ്ങിനെ? 
Close