Read Time:17 Minute


ഡോ എം മുഹമ്മദ് ആസിഫ്

കേരളത്തിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത് ഇന്നലെയാണ് (2022 ജൂലൈ 22). വയനാട് മാനന്തവാടിക്കടുത്ത് കണിയാരം തവിഞ്ഞാലിലെ പന്നിഫാമിലാണു രോഗം കണ്ടെത്തിയത്. ഇവിടെ അഞ്ച് പന്നികൾ രോഗലക്ഷണങ്ങളോടെ ചത്തതിനെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ്  സാംപിൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. മിസോറാം, മണിപ്പൂർ, നാഗാലാന്റ് ഉൾപ്പെടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി പടരുന്നുണ്ട്. ആഫ്രിക്കൻ പന്നിപ്പനിയെ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചുള്ള നിയന്ത്രണ പ്രവർത്തനങ്ങളാണ് മിസോറാമിൽ ഇപ്പോൾ നടക്കുന്നത്.ഇക്കഴിഞ്ഞ വർഷവും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ തോതിൽ രോഗബാധയുണ്ടായിരുന്നു. ബീഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ആഫ്രിക്കൻ പന്നിപ്പനി വ്യപകമായതോടെ കേന്ദ്രമൃഗസംരക്ഷണമന്ത്രാലയം രാജ്യത്താകെ ജാഗ്രത നിർദേശവും മുന്നറിയിപ്പും പുറപ്പെടുവിച്ചതും ഈയിടെയാണ്. രോഗബാധയുടെ സാഹചര്യത്തില്‍ കേരളത്തിലേയ്ക്കും, കേരളത്തില്‍ നിന്ന് പുറത്തേയ്ക്കും പന്നികള്‍, പന്നി മാംസം, പന്നി മാംസ ഉത്പന്നങ്ങള്‍, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്, റെയില്‍, വ്യോമ / കടല്‍ മാര്‍ഗ്ഗം കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ഒരു മാസത്തേയ്ക്ക് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാൽ നിരോധനം മറികടന്ന് മറുനാടൻ പന്നികൾ സംസ്ഥാനത്ത് എത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു രോഗബാധയുള്ള മേഖലകളിൽ നിന്ന് അനധികൃതമായി എത്തിയ പന്നികളിൽ നിന്നാവാം ഇപ്പോൾ കേരളത്തിൽ രോഗബാധയുണ്ടായിരിക്കുന്നത്.രോഗപകർച്ചയുടെ  സാഹചര്യത്തെ കുറിച്ച് മൃഗസംരക്ഷണവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അറിയുക ആഫ്രിക്കൻ പന്നിപ്പനിയെ

അസ്ഫാർവൈറിഡെ എന്ന ഡി.എൻ.എ. വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് രോഗത്തിന് കാരണം. വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും ഈ രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽ പെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്. രോഗകാരിയായ വൈറസിന്റെ സംഭരണികൾ ആയാണ് ആഫ്രിക്കൻ കാട്ടുപന്നികൾ അറിയപ്പെടുന്നത്. വൈറസിന്റെ നിലനില്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയിൽ വൈറസ് സാധാരണ രോഗമുണ്ടാക്കാറില്ല.  രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ആഫ്രിക്കൻ പന്നിപ്പനി പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗാണുമലിനമായ തീറ്റയിലൂടെയും പാദരക്ഷ, വസ്ത്രങ്ങൾ, ഫാം ഉപകരണങ്ങളിലൂടെയും രോഗം വ്യാപനം നടക്കും. പന്നികളുടെ രക്തം ആഹാരമാകുന്ന ബാഹ്യപരാദങ്ങളായ ഓർണിത്തോഡോറസ് ഇനത്തിൽപ്പെട്ട പട്ടുണ്ണികൾക്കും രോഗം പടർത്താൻ ശേഷിയുണ്ട്.

ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് ഘടന ഇലക്ട്രോണ്‍ മൈക്ലോസ്ക്കോപ്പിലൂടെയുള്ള ദൃശ്യം, ഘടന

വൈറസ് ബാധയേറ്റ് 3 – 5 ദിവസത്തിനകം പന്നികൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, ഗർഭിണി പന്നികളിൽ ഗർഭമലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് വൈറസ് കാരണമാവും. അതിവേഗത്തിൽ മറ്റ് പന്നികളിലേക്ക് പടർന്ന് പിടിക്കാൻ വൈറസിന് കഴിയും. തുടർന്ന് രോഗം മൂർച്ഛിച്ച് 1 – 2 ആഴ്ചക്കുള്ളിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങും. രോഗം കണ്ടെത്തിയ ഫാമുകളിൽ പന്നികളെയെല്ലാം കൊന്ന് കുഴിച്ചുമൂടുകയല്ലാതെ (കള്ളിങ്) രോഗനിയന്ത്രണത്തിന് മറ്റൊരു മാർഗമില്ല.

മനുഷ്യരിലേക്ക് പകരില്ല

പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്ത്യജന്യരോഗങ്ങളിൽ ഒന്നല്ല ആഫ്രിക്കൻ പന്നിപ്പനി. എന്നാൽ ഈ പകർച്ചവ്യാധി പന്നിവളർത്തൽ മേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. രോഗബാധയേറ്റ പന്നികളിൽ മരണ സാധ്യത നൂറ് ശതമാനമാണന്ന് മാത്രമല്ല മറ്റ് പന്നികളിലേക്ക് അതിവേഗത്തിൽ രോഗം പടരുകയും ചെയ്യും. കൂടുതൽ മേഖലകളിലേക്ക്  പടർന്ന് പിടിക്കാൻ ഇടവന്നാൽ ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിത്തിനായി ആശ്രയിക്കുന്ന രാജ്യത്തെ പന്നിവളർത്തൽ, അനുബന്ധ മാംസോത്പാദനമേഖല തന്നെ തകരുന്നതിനും കനത്ത സാമ്പത്തികനഷ്ടത്തിനും രോഗം കാരണമാവും.

ആഫ്രിക്കൻ പന്നിപ്പനി വന്ന വഴി

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാലിവസന്ത ബാധിച്ച് (റിൻഡർ പെസ്റ്റ് ) കന്നുകാലികൾ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടർന്ന് കെനിയയിൽ വൻതോതിലുള്ള പന്നിവളർത്തലിന് തുടക്കം കുറിച്ചത് അന്ന് കെനിയയെ തങ്ങളുടെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രീട്ടീഷുകാരായിരുന്നു. അവർ 1903 -1905 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നിന്നും സേഷെൽസിൽ നിന്നുമെല്ലാം വൻതോതിൽ പന്നികളെ കെനിയയിൽ എത്തിച്ച് വളർത്താൻ ആരംഭിച്ചു. കന്നുകാലികളൊഴിഞ്ഞ വിശാലമായ പുൽമേടുകളിൽ വേലികെട്ടി തിരിച്ച് പന്നികളെ അഴിച്ച് വിട്ടായിരുന്നു പന്നിവളർത്തൽ. കാലിവസന്ത കാരണം കന്നുകാലികൃഷിയിൽ നേരിട്ട നഷ്ടം പന്നിവളർത്തലിലൂടെ തിരിച്ച് പിടിക്കാമെന്ന ആഗ്രഹത്തിന് എന്നാൽ അല്പായുസ് മാത്രമേ ഉണ്ടായിരുന്നു. ഇത്തവണ അപകടമെത്തിയത് ആഫ്രിക്കൻ പന്നിപ്പനിയുടെ രൂപത്തിലായിരുന്നു. വൈറസിന്റെ വാഹകരായ ആഫ്രിക്കൻ കാട്ടുപന്നികളിൽ നിന്നും ബാഹ്യപരാദങ്ങളായ പട്ടുണ്ണികൾ വഴിയായിരുന്നു വൈറസുകൾ കെനിയയിലെ വളർത്തുപന്നികളിലെത്തിയത്.

1907- ൽ കെനിയയിൽ ആദ്യ രോഗബാധ കണ്ടെത്തിയതിന് ശേഷം അഞ്ച് പതിറ്റാണ്ടോളം ആഫ്രിക്കൻ വൻകരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം 1957 മുതലാണ് യൂറോപ്പിലേക്ക് വ്യാപിച്ചത്. 1957 – ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ നഗരത്തിൽ ആദ്യമായി രോഗമെത്തിയത് ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത പന്നിമാംസത്തിലൂടെയായിരുന്നു. തുടർന്ന് സ്‌പെയിനിലേക്കും ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും മാൾട്ടയിലേക്കും എല്ലാം രോഗവ്യാപനമുണ്ടായി. വൈകാതെ  അമേരിക്കയിലും ആഫ്രിക്കൻ പന്നിപ്പനിയെത്തി. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ 1978 -ൽ രോഗം പൊട്ടിപുറപ്പെട്ടപ്പോൾ രോഗം തുടച്ചുനീക്കുന്നതിനായി രാജ്യത്തെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയതും ചരിത്രം. 1960- 1990 കാലയളവിൽ അമേരിക്കയിലെയും യൂറോപ്പിലെയും പന്നിവളർത്തൽ വ്യവസായ മേഖലക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ആഫ്രിക്കൻ പന്നിപ്പനി വരുത്തിവെച്ചത്. തുടർന്നും പല ഘട്ടങ്ങളിലായി യൂറോപ്പിലും അമേരിക്കയിലും രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ശക്തമായ ജൈവസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ പന്നിപ്പനി വിമുക്തമാണ്. ആഫ്രിക്കയിൽ പന്നി വളർത്തൽ വ്യവസായ മേഖലയുടെ വികാസം തടസ്സപ്പെടുത്തുന്ന പ്രധാനഘടകം ഈ രോഗമാണന്നാണ് പല പഠനങ്ങളും നിരീക്ഷിക്കുന്നത്.

ലോകത്ത് വളർത്തുമൃഗസമ്പത്തിന് ഇന്നുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ നാശം  

ഏഷ്യാ വൻകരയിൽ രോഗം ആദ്യമായി കണ്ടെത്തിയത് 2018 ഓഗസ്തിൽ ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ലിയോനിങിലെ പന്നിവളർത്തൽ കേന്ദ്രങ്ങളിലായിരുന്നു. തുടർന്ന് ഹോംങ്കോങ്, ഫിലീപ്പൈൻസ്, വിയറ്റ്നാം, തായ്ലൻഡ് , കിഴക്കൻ തിമോർ, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ, മ്യാൻമാർ, ലാവോസ് തുടങ്ങിയ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കെല്ലാം രോഗം വ്യാപകമായി പടർന്നുപിടിച്ചു. ലോകത്ത് വ്യാവസായിക ആവശ്യത്തിനുള്ള പന്നികളില്‍ പകുതിയും വളര്‍ത്തുന്നത് ചൈനയിലെ ഫാമുകളിലാണ്. 128 ബില്യന്‍ ഡോളർ വാർഷിക മൂല്യം കണക്കാക്കുന്നതാണ് ചൈനയിലെ പന്നിമാംസവ്യവസായം. ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് ചത്തതും കൊന്നൊടുക്കിയതുമായ പന്നികളുടെ എണ്ണം വിയറ്റ്നാമിൽ ആറ് ദശലക്ഷം വരെയാണ്. മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. പന്നിവളർത്തലിന് പേര് കേട്ട തെക്ക് കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ പന്നി, അനുബന്ധ വ്യവസായ മേഖലയെ ആഫ്രിക്കൻ പന്നിപ്പനി തകർത്തെന്ന് മാത്രമല്ല ഇവിടെ നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ലോകവിപണിയിൽ പന്നിമാംസോത്പന്നങ്ങളുടെ വില 40 ശതമാനത്തിലധികം കുതിച്ചുയരുകയും ചെയ്തു. ലോകത്ത് വളർത്തുമൃഗസമ്പത്തിന് ഇന്നുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ നാശമായാണ് 2018 – ൽ ചൈനയിൽ നിന്നാരംഭിച്ച് തെക്ക് കിഴക്കൻ ഏഷ്യയാകെ പടർന്ന് പിടിച്ച ആഫ്രിക്കൻ പന്നിപ്പനി മഹാമാരി കാരണമുണ്ടായ ആഘാതത്തെ ശാസ്ത്രസമൂഹം വിലയിരുത്തുന്നത്.

വേണ്ടത് കൂടുതൽ ജാഗ്രത

സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിവളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ കൂടുതൽ ജാഗ്രത പുലർത്തണം. ഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനൊപ്പം ജൈവസുരക്ഷാമാർഗ്ഗങ്ങൾ പൂർണമായും പാലിക്കണം.

രോഗബാധയുടെ സാഹചര്യത്തിൽ മറ്റ് ഫാമുകളിൽ നിന്ന് പന്നികളെയും പന്നികുഞ്ഞുങ്ങളെയും വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കണം. ഫാമിലേക്ക് പുതുതായി പന്നികളെ കൊണ്ടുവരുന്ന സാഹചരുത്താൻ മുഖ്യഷെഡിലെ പന്നികൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ചയെങ്കിലും  പ്രത്യേകം മാറ്റിപാർപ്പിച്ച് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രജനന ആവശ്യത്തിനായി കൊണ്ടുവരുന്ന ആൺപന്നികളെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും എങ്കിലും ക്വാറന്റൈൽ ചെയ്യാതെ ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കരുത്. വിപണത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തിൽ രണ്ടാഴ്ചയെങ്കിലും പ്രത്യേകം മാറ്റിപാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപകർച്ച തടയും. ഫാമിനകത്ത്  ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് നല്ലതാണ്.

ഫാമിൽ അനാവശ്യ സന്ദർശകരുടെയും,വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ  അവരുടെ വാഹനങ്ങളും പാദരക്ഷകളും  മതിയായി അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ.ബ്ലീച്ചിങ് പൗഡർ 3 ശതമാനം ലായനി ഫാമുകളിൽ ഉപയോഗിക്കാവുന്ന ചുരുങ്ങിയ ചിലവിൽ എളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ, സാധനസാമഗ്രികൾ തുടങ്ങിയവ മതിയായി അണുവിമുക്തമാക്കാതെ ഫാമിൽ പ്രവേശിപ്പിക്കരുത്.

പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടി പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ഭക്ഷണ അവശിഷ്ടങ്ങൾ തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ നന്നായി വേവിച്ചുമാത്രം പന്നികൾക്ക് നല്കാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും ചെരിപ്പും മാറാതെയും ശുചിയാക്കതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി  ഇടപഴകരുത്.  ഈ കരുതലുകൾ  ആഫ്രിക്കൻ പന്നിപ്പനിയെ മാത്രമല്ല മറ്റ് രോഗങ്ങളെയും ഫാമിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കും.

വിവരങ്ങൾ അറിയിക്കാം

സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് പന്നികളിൽ സംശയാസ്പതമായ രോഗബാധയുണ്ടായാൽ വിവരങ്ങൾ അറിയിക്കുന്നതിന് തിരുവനന്തപുരം കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കണ്ട്രോൾ പ്രോജെക്ടിൽ കണ്ട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട് (ബന്ധപ്പെടാനുള്ള നമ്പർ ;0471 27 32151 ). രോഗം നിർണ്ണയിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ പാലോട് മുഖ്യ ജന്തു രോഗ നിർണ്ണയ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഏറ്റവും ദൂരെയുള്ള ഗാലക്സികളിൽ ഒന്നിനെ കണ്ടെത്തി ജെയിംസ് വെബ്ബ് ടെലിസ്കോപ്പ്.  
Next post വിദ്യാർത്ഥികൾക്ക് വീഡിയോ നിർമ്മാണ മത്സരം – ഫലപ്രഖ്യാപനം
Close