Read Time:3 Minute


ഡോ.എൻ.ഷാജി

മനുഷ്യൻ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും അകലെയുള്ള ഗാലക്സിയെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ ഉണ്ടായതിനുശേഷം വെറും 30 കോടി വർഷം കഴിഞ്ഞപ്പോൾ യാത്ര ആരംഭിച്ച പ്രകാശത്തിലൂടെയാണ് ഈ ഗാലക്സിയെ കണ്ടെത്തിയിട്ടുള്ളത്.

ഇതിന് ഗ്ലാസ്സ് z13 (GLASS – The Grism Lens-Amplified Survey from Space) എന്നാണ് പേരിട്ടിരിക്കുന്നത്. 1380 കോടി എന്ന പ്രപഞ്ചത്തിന്റെ പ്രായവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഗാലക്സി ഉണ്ടായത് പ്രപഞ്ചം പിച്ച വെച്ച് നടക്കുന്ന പ്രായത്തിൽ ആണെന്നു പറയാം. ഏതാണ്ട് 1350 കോടി വർഷത്തെ യാത്രക്കു ശേഷമാണ് ആ വെളിച്ചം ഇവിടെ എത്തിയത്.
GLASS-z13 എന്ന് വിളിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഗാലക്സിയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ചിത്രം കടപ്പാട്: : Niels Bohr Institute, University of Copenhagen

ആ ഗാലക്സിയിലെ ഹൈഡ്രജൻ വാതക സ്പെക്ട്രത്തിലെ ലൈമാൻ ആൽഫാ എന്നറിയപ്പെടുന്ന അൾട്രാ വയലറ്റ് പ്രകാശം പ്രപഞ്ചവികാസവുമായി ബന്ധപ്പെട്ട ചുവപ്പു നീക്കം കാരണം ഇപ്പോൾ ഇൻഫ്രാറെഡ് ആയിട്ടുണ്ട്. ഈ പ്രകാശത്തെയാണ് ജെയിംസ് വെബ്ബ് ടെലിസ്കോപ്പിലെ ക്യാമറ 2022 ജൂലൈയിൽ പിടിച്ചെടുത്തത്. ഇതിനുമുമ്പ് അറിയപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള ഗാലക്സി ഹബ്ബ്ൾസ്പേസ് ടെലിസ്കോപ്പ് കണ്ടുപിടിച്ചതായിരുന്നു. അത് പ്രപഞ്ചത്തിന് 40 കോടി വർഷം പ്രായമുള്ളപ്പോൾ ഉണ്ടായതാണ് എന്നാണ് കണക്ക്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പത്തു കോടി വർഷവും കൂടി നേരത്തെ പോന്ന പ്രകാശമാണ്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ ആ ഗാലക്സിയിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം ഇപ്പോൾ 3300 കോടി പ്രകാശവർഷത്തിലധികമായിട്ടുണ്ട്. എന്നാൽ അവിടെനിന്ന് പ്രകാശം ഇവിടെയെത്താൻ 1350 കോടി വർഷമേ എടുത്തിട്ടുള്ളൂ. പ്രകാശം കടന്നുപോയ ഇടങ്ങൾ പിന്നീട് വികസിച്ചിട്ടുണ്ട് എന്നതുകൊണ്ടാണ് ഇത്തരം രണ്ട് കണക്കുകൾ വരുന്നത്. രോഹൻ നായിഡു എന്ന ശാസ്ത്രജ്ഞൻ നയിക്കുന്ന സംഘമാണ് ജയിംസ് വെബ്ബ് ടെലിസ്കോപ്പ് ചിത്രങ്ങളിൽ നിന്ന് ഈ വിവരങ്ങൾ കണ്ടെത്തിയത്. നമ്മുടെ ഗാലക്സിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതു വളരെ ചെറുതാണ്. ഇതിന്റെ വ്യാസം ഏകദേശം 3000 പ്രകാശ വർഷമേ വരൂ. നക്ഷത്രങ്ങളുടെ എണ്ണം നൂറുകോടിയോളമെന്നാണ് എന്നാണ് അനുമാനം. ആകാശത്തെ 88 രാശികളിൽ ഒന്നായ ശില്പിരാശിയിൽ (Sculptor Constellation) ആണ് ഇതിനെ കണ്ടെത്തിയിട്ടുള്ളത്.


Happy
Happy
60 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്റെ ഇഷ്ട ക്രോമസോം
Next post കേരളത്തിലും ആഫ്രിക്കൻ പന്നിപ്പനി – മനുഷ്യരിലേക്ക് പകരുമെന്ന പേടിവേണ്ട
Close