Read Time:13 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പന്ത്രണ്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


എന്നെ ഞെട്ടിച്ച ഒരു ചോദ്യം ദീപു അന്‍വര്‍മാഷുടെ നേര്‍ക്ക് തൊടുത്തുവിട്ടു, “മാഷേ, അന്ന് യദു കീചകനെ തട്ടിവീഴ്ത്തിയ ദിവസം മാഷും കളി കാണാന്‍ ഉണ്ടാരുന്നല്ലോ. യദു പറയുന്നത് അവന്‍ ഒന്നും ചെയ്തിട്ടില്ലെന്നാ. ഒന്നും ചെയ്യാണ്ട് ആ തടിമാടന്‍ വീഴ്വോ? അതും രണ്ട് പ്രാവശ്യം.”

മാഷ് പറഞ്ഞു, “എനിക്ക് യദൂനെക്കുറിച്ച് ശരിക്കും അഭിമാനം തോന്നിയ ദിവസാ അത്. വെറും പാവാന്ന് കരുതീരുന്ന ഇവന്‍ ആ തടിയനെ വീഴ്ത്തി പകരം വീട്ടിയപ്പം നല്ല സന്തോഷം തോന്നി. ഇവനിപ്പം ഒന്നും ചെയ്തില്ലാന്ന് പറയുന്നത് പേടിച്ചിട്ടാവും. ആ സമയത്ത് ഗ്രൗണ്ടില്‍ വേറെ ആരു വരാനാ?”

ഞാന്‍ ചങ്കിടിപ്പോടെ അമ്മയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു. അവിടെ ഭയം നിറഞ്ഞുനിന്നു. ഞാന്‍ അക്കാര്യം നേരത്തേ പറയാത്തതിലുള്ള ദേഷ്യവും മുഖത്തുണ്ട്. അമ്മ ഇപ്പം പൊട്ടിത്തെറിക്കും. എല്ലാം കരച്ചിലില്‍ കലാശിക്കും. ജന്മദിനാഘോഷമെല്ലാം വെള്ളത്തിലാകും എന്ന് ഞാന്‍ പേടിച്ചിരിക്കുമ്പോള്‍ തക്കുടുവിന്റെ പൊട്ടിച്ചിരി. ചിരിയുടെ മണികിലുക്കത്തിനിടയിലൂടെ അവന്‍ പറഞ്ഞു, “അതിന്റെ രഹസ്യം മാഷേ ഞാനിപ്പപ്പറയാം. ആദ്യം ഞാന്‍ എന്റെ രണ്ടു സഹായികളെ പരിചയപ്പെടുത്താം.”

ധ്യാനത്തിലെന്നപോലെ രണ്ട് മിനുട്ട് മൗനം. പെട്ടെന്ന് ഒരു പ്രാവും ഒരു കാക്കയും പാറി വന്ന് തക്കുടുവിന്റെ കൈകളില്‍ ഇരുന്നു. തക്കുടു പറഞ്ഞു, “ഇവരാണെന്റെ സഹായികള്‍. ചാരന്മാര്‍, കാവല്‍ക്കാര്‍, പോലീസുകാര്‍ – എന്തു വേണേങ്കിലും വിളിക്കാം.”

പ്രാവിനെ തക്കുടു മാഷിന്റെ മടിയില്‍ വെച്ചുകൊടുത്തു. അത് അവിടെയിരുന്നു കുറുകാന്‍ തുടങ്ങി. മാഷ് അതിനെ തലോടി.

കാക്ക അമ്മയുടെ മടിയിലേക്ക് ചാടിയിരുന്ന് ‘കാ, കാ’ ശബ്ദമുണ്ടാക്കി. കുട്ടികള്‍ പ്രാവിനുവേണ്ടി പിടിവലിയായി. കാക്ക അമ്മയുടെ മടിയില്‍ത്തന്നെ വിശ്രമിച്ചു.

അതിനിടെ ദില്‍ഷ ഒരു രഹസ്യം കണ്ടുപിടിച്ചു. “ഈ പ്രാവിന് ഭയങ്കര വെയ്റ്റ്. ഇത് ഒരു വലിയ ഇരുമ്പുകഷണം വിഴുങ്ങീട്ടുണ്ടെന്നു തോന്നുന്നു. ഇതാ ഇവിടെ ഉണ്ട്”, പ്രാവിന്റെ കൊരളില്‍ വിരലമര്‍ത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

തക്കുടു ചിരിയോടു ചിരി. കുട്ടികള്‍ മാറി മാറി പ്രാവിന്റേം കാക്കേടേം  കഴുത്തിനു കീഴ്‌വശം വിരല്‍കൊണ്ടമര്‍ത്തിനോക്കി. ശരിയാ, രണ്ടും വിഴുങ്ങീട്ടുണ്ട്- എല്ലാരും സമ്മതിച്ചു. ഒരു വലിയ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞയെപ്പോലെ ദില്‍ഷ ഇരുന്നു.

തക്കുടു പറഞ്ഞു, “ദില്‍ഷ ഒരു ശാസ്ത്രജ്ഞയാകാനുള്ള സാധ്യതയുണ്ട്.”

“അപ്പം ശാസ്ത്രജ്ഞയാകാന്‍ ബുദ്ധിയൊന്നും വേണ്ടേ?” ദീപൂന്റെ ചോദ്യവും ദില്‍ഷ അവന്റെ പുറത്തു കൊടുത്ത അടിയും ഒന്നിച്ചായിരുന്നു.

തക്കുടു പറഞ്ഞു, “ശാസ്ത്രജ്ഞയാകാന്‍ നിരീക്ഷണശേഷിയാണ് പ്രധാനം ദീപൂ. ഇത്രേം ഭാരം ഒരു പ്രാവിന് ഉണ്ടാകില്ലെന്ന കാര്യം നീ ശ്രദ്ധിച്ചില്ലല്ലോ.”

ആ, കേള്‍ക്കെടാ കേള്‍ക്ക് എന്നൊക്കെ ദില്‍ഷ ആംഗ്യഭാഷയിലൂടെ ദീപൂനെ ശുണ്ഠിപിടിപ്പിക്കുന്നതിനിടെ തക്കുടു തുടര്‍ന്നു, “ഇത് ഒരു സാധാരണ പ്രാവല്ല, യന്ത്രപ്രാവാണ്. ശരിക്കും ഒരു റോബോട്ട്. ചിറകൊക്കെ വെച്ചുപിടിപ്പിച്ചതാ. സാധാരണ പ്രാവിന്റെ കൊഴിഞ്ഞ തൂവലും വെള്ളപ്പൂടയും ഒക്കെ ഒട്ടിച്ചുപിടിപ്പിച്ചു. രണ്ടു ചുവന്ന കണ്ണില്ലേ, അതു രണ്ട് ക്യാമറക്കണ്ണുകളാ. കാണുന്നതെല്ലാം അതു വീഡിയോയിലാക്കും. കൊക്ക് നോക്ക്. മൂക്കിന്റെ സ്ഥാനത്ത് രണ്ട് ഓട്ടകള്‍ ഇല്ലേ? അത് ശബ്ദം പിടിച്ചെടുത്ത് റിക്കാര്‍ഡ് ചെയ്യാനാ. ഓഡിയോ, വീഡിയോ റിക്കോര്‍ഡിങ്ങിനുള്ള സാമഗ്രികളാണ് നെഞ്ചത്ത്, ദില്‍ഷ തൊട്ടുനോക്കിയ സ്ഥാനത്ത്. ദില്‍ഷയ്ക്ക് ഇത്തരം ഒരു പ്രാവിനെ കിട്ടിയാക്കൊള്ളാന്നുണ്ട് ,ഇല്ലേ ദില്‍ഷേ?”

“എനിക്കും ഉണ്ട്”, മൈഥിലീം പറഞ്ഞു.

“ഇവരു റിക്കോര്‍ഡു ചെയ്തുകൊണ്ടുവരുന്നതൊക്കെ തക്കുടു എല്ലാ ദിവസോം രാത്രി പരിശോധിക്ക്വോ?”, ജോസ് ചോദിച്ചു.

“അതിന്റെ ആവശ്യം ഇല്ല ജോസൂട്ടാ. ഞാന്‍ പറഞ്ഞില്ലേ ഞങ്ങടെ ലോകത്താരും ആരോടും വര്‍ത്താനം പറയില്ല. ചിന്തിക്കുന്ന കാര്യങ്ങള്‍ അപ്പടി മൈക്രോവേവ് ആയി കൈമാറും. ഈ പ്രാവും കാക്കയും അങ്ങനെ തന്നെ. കാണുന്നതും കേള്‍ക്കുന്നതും അപ്പപ്പം അയയ്ക്കും.”

കാക്ക പറഞ്ഞു, “കൂട്ടുകാരേ ഞങ്ങള്‍ക്ക് നിങ്ങളെപ്പോലെ വര്‍ത്താനം പറയാനും പറ്റും.”

“ഉവ്വോ, എന്നാലൊരു പാട്ടുപാട്. കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ടറിയ്യോ?”

“ഇല്ല, പഠിപ്പിച്ചു തന്നാ പാടാം.”

കുട്ടികളൊക്കെ ആഹ്ലാദത്തിമര്‍പ്പിലായി. അമ്മയുടെ മുഖവും പ്രസന്നമായി.

ദില്‍ഷ ചോദിച്ചു, “ഇവരു വാ തുറക്കുന്നില്ലല്ലോ, പിന്നെങ്ങനയാ വര്‍ത്താനം പറയുന്നെ?”

“ഞാന്‍ പറയും പോലെ തന്നെ. ഞാനും വര്‍ത്താനം പറയാന്‍ വാ തുറക്കാറില്ല.”

“എന്താ ഈ പറയുന്നെ, വാതുറക്കാതെ വര്‍ത്താനം പറയ്യേ?”

“ദില്‍ഷേ, ഞാന്‍ പറഞ്ഞതൊക്കെ നീ മറന്നു. എനിക്ക് എന്റെ നാട്ടുകാരുമായി ചിന്ത കൈമാറാന്‍ കഴിയും; പിന്നെന്തിനാ ഞാന്‍ വര്‍ത്താനം പറയുന്നെ? ഇപ്പം ഞാന്‍ പറയുന്നത് വായിലൂടെയല്ല. എന്റെ കുപ്പായത്തിനുള്ളില്‍, വായയുടെ അടുത്തായി വെച്ചിരിക്കുന്ന ഒരു ഉപകരണത്തിലൂടെയാണ്. ഒരുതരം പരിഭാഷി എന്നു പറയാം. എന്റെ ചിന്തകള്‍ ഞാന്‍ പരിഭാഷിയിലേക്ക് അയയ്ക്കും. എങ്ങനയാ  അയക്ക്യ?”

ഞാന്‍ പറഞ്ഞു, “ചെവി ആന്റിനവഴി, മൈക്രോവേവ് ആയിട്ട്”

“മിടുക്കന്‍. പരിഭാഷി അതിനെ നിങ്ങടെ ഭാഷേലേക്ക് പരിഭാഷപ്പെടുത്തും. ഒരു ഭാഷയില്‍നിന്ന് മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന സോഫ്റ്റ് വേര്‍ നിങ്ങടെ കമ്പ്യൂട്ടറില്‍ത്തന്നെ കാണും. പക്ഷേ ചിന്തയെ പരിഭാഷപ്പെടുത്തുന്നത് കാണില്ല.”

“അപ്പം ഞങ്ങള് തിരിച്ചു പറയുന്നതോ?”

“അതും പരിഭാഷി തന്നെ ഞങ്ങടെ ചിന്താഭാഷയിലേക്ക് ആക്കിത്തരും.”

“അങ്ങനത്തെ ഒരു പരിഭാഷിയാ കാക്കേടേം പ്രാവിന്റേം ചങ്കില് വെച്ചതും, അല്ലേ?”, രഹസ്യം പിടികിട്ടിയ സന്തോഷത്തോടെ മൈഥിലി പറഞ്ഞു.

“ശ്ശോ, എന്തൊക്കെ വിദ്യകളാ!” ദീപു അത്ഭുതപ്പെട്ടു.

“ദീപൂ, ഒരു ചെറിയ പരിഭാഷി ഞാന്‍ യദൂന് ചെവീല് വെക്കാന്‍ കൊടുത്തിരുന്നു. ഞാന്‍ ചിന്തിക്കുന്നത് പരിഭാഷചെയ്ത് അവനു കിട്ടും; തിരിച്ചില്ല.”

“എന്നിട്ട് ആ കള്ളന്‍ ഞങ്ങളോടു പറഞ്ഞില്ല”, ദില്‍ഷ പരിഭവത്തോടെ പറഞ്ഞു.

“അതു ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പിന്നെ കാണിക്കാം.”

തക്കുടു പറഞ്ഞു, “കളയരുത്. അതിന് ഇനി വലിയ ആവശ്യം വരും. ഇനി കീചകന്‍ വീണതിന്റെ രഹസ്യം പറയാം. പണി പറ്റിച്ചത് എന്റെ പോലീസുകാരന്‍ പ്രാവാണ്. ഞാന്‍ ചിന്തിക്കുന്നത് പരിഭാഷപ്പെടുത്താന്‍ മാത്രമല്ല ചെയ്യാനും ഇവര്‍ക്കു പറ്റും. കീചകന്‍ നിന്നെ വീഴ്ത്താനായി  കാലുപൊക്കിയപ്പം ഇവന്‍ മാവിന്റെ മണ്ടേന്ന് പറന്നുവന്ന് മറ്റേ കാലിന്റെ മടക്കിന് ഒരു ഇടികൊടുത്തിട്ട് പറന്നു കളഞ്ഞു. രണ്ടാംവട്ടം കാലുയര്‍ത്തിയപ്പം ഇവന്‍ ആ കാലിന്റെ മടമ്പില്‍ത്തന്നെ നല്ല ഒരു തട്ടുകൊടുത്തു. അതാ കീചകന്‍ ഒന്നു കറങ്ങി കമിഴ്ന്നു വീണത്. പ്രാവിന് വെയ്റ്റ് കൂടിയതിന്റെ ഗുണം മനസ്സിലായോ ദില്‍ഷേ?”

“അമ്പട കള്ളാ, ഈ പേടിത്തൊണ്ടന്‍ യദു വല്യ ആളായിട്ട് നടക്ക്വേരുന്നു ഇതുവരെ. ഇപ്പഴല്ലേ പിടികിട്ട്യെ”

“ഞാന്‍ പേടിത്തൊണ്ടനൊന്ന്വല്ല, ഈ അമ്മേടെ കരച്ചിലു പേടിച്ചിട്ടാ. ഇനി നോക്കിക്കോ.”

ദീപു പറഞ്ഞു, “ഒരു പ്രാവ് കീചകന്റെ അടുത്തുകൂടി രണ്ടു പ്രാവശ്യം പറന്നുപോകുന്നത് ഞാന്‍ കണ്ടാരുന്നു. ഭയങ്കര സ്പീഡായിരുന്നു അതിന്. അത് ഈ വിദ്വാനായിരുന്നു, അല്ലേ? ഇടിക്കുന്നതൊന്നും ഞാന്‍ കണ്ടില്ല.”

മാഷും അമ്മേം ഇതെല്ലാം അന്തംവിട്ടു കേട്ടിരുന്നു. ഞാന്‍ തക്കുടൂനോടു ചോദിച്ചു, “ജീവനില്ലെങ്കില്‍ പിന്നെ ഇതെങ്ങനയാ പറക്കുന്നെ?”

“വിമാനം പറക്കുന്നത് ജീവനുണ്ടായിട്ടാണോ യദൂ?”, മാഷ് കളിയാക്കി. “ പറക്കാൻ നല്ല രണ്ടു ചിറക്കും ഒരു നല്ല ബാറ്ററീം പോരേ? തക്കുടൂനോട് എനിക്കൊരു സംശയം ചോദിക്കാനുണ്ട്. പ്രാവിനേം കാക്കയേം ഒന്നും നിങ്ങടെ ലോകത്തുള്ളോരു കണ്ടിട്ടില്ലല്ലോ? പിന്നെങ്ങനെ ഇവയെ ഉണ്ടാക്കിക്കൊണ്ടുവന്നു?”

“കുറേ പക്ഷികളുടെ ഫ്രെയിം മാത്രമേ ഞാന്‍ പോരുമ്പോള്‍ കൊണ്ടുവന്നിട്ടുള്ളൂ മാഷേ. അതില്‍ ഇവിടെ ധാരാളമുള്ള, ആളുകള്‍ ശല്യം ചെയ്യാത്ത രണ്ട് ഇടത്തരം പക്ഷികളെ, തൂവലൊക്കെ ഫിറ്റ് ചെയ്ത് ഉണ്ടാക്കുകയാണ് ഞാന്‍ ചെയ്തത്.”‌

“ഇവര് പകലൊക്കെ എന്തു ചെയ്യും?”

“അവര്‍ക്കെന്ത് പകല്, എന്തു രാത്രി. ഒറങ്ങ്വൊന്നും വേണ്ടല്ലോ. അവര്‍ക്ക് ചില ദൗത്യങ്ങളൊക്കെയുണ്ട്. അതു ഞാന്‍ പിന്നെപ്പറയാം.”‌

“ശരി, അങ്ങനെയാവട്ടെ. അപ്പം കുട്ട്യളേ, തക്കുടൂന്റെ രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കണ്ടതിലേറെ കാണാനിരിക്കുന്നതേയുള്ളൂ. അത് ഇപ്പ വേണോ, വല്ലതും കഴിച്ചിട്ടു മതിയോ?”

“ഇപ്പം വേണം. ഭക്ഷണം ഒക്കെ പിന്നെ,” എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു.

“എന്നാ തയ്യാറായിക്കോ. ചോദ്യങ്ങളൊക്കെ മനസ്സില്‍ കുറിച്ചോളൂ. പത്തു മിനുട്ടു വിശ്രമം. കടലിന്റെ നടുക്കിരുന്നിട്ട് കടലിന്റെ സംഗീതം ആസ്വദിക്കാതെ പോകരുത്.”

തുടരും.. എല്ലാ ശനിയാഴ്ച്ചയും



തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
17 %
Sad
Sad
0 %
Excited
Excited
83 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സ്കൂളുകളും കോളേജുകളും തുറക്കുമ്പോൾ പരിഷത്തിന് പറയാനുള്ളത്
Next post മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത – വെബിനാർ രജിസ്റ്റർ ചെയ്യാം
Close