2020 ജൂലൈയിലെ ആകാശം

എൻ. സാനു

എന്‍. സാനു

മഴമേഘങ്ങളാണ് ജൂലൈയിലെ ആകാശനിരീക്ഷണം ബുദ്ധിമുട്ടുള്ളതാക്കുന്നത്. ജൂലൈയിലെ തെളിഞ്ഞ ആകാശത്ത് ചിങ്ങം മുതൽ ധനുവരെയുള്ള സൂര്യരാശികളെയും സപ്തര്‍ഷിമണ്ഡലം, അവ്വപുരുഷൻ, തെക്കൻ കുരിശ് മുതലായ പ്രധാന താരാഗണങ്ങളെയും കാണാനാകും. സന്ധ്യകഴിയുന്നതോടെ കിഴക്കായി വ്യാഴവും ശനിയും ഉദിച്ചുയരുന്നതും ഈ വര്‍ഷം ജൂലൈയിൽ കാണാനാകും. പുലര്‍ച്ചെ നിരീക്ഷിക്കുന്നവര്‍ക്കാകട്ടെ, നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും സാധിക്കും.

Skymap 2020 july.svg
2020 ജൂലൈ 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം | ചെയ്തത് ഷാജി  – I സ്വതന്ത്രസോഫ്റ്റ്‌വെയർ ആയ കെസ്റ്റാർസ് ഉപയോഗിച്ച് സൃഷ്ടിച്ചത്.

ജൂലൈയിലെ സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളെ ജൂലൈ മാസം നിരീക്ഷിക്കാം. നേരെ കിഴക്ക്-പടിഞ്ഞാറായല്ല ഈ മാസങ്ങളില്‍ ക്രാന്തിപഥം കാണപ്പെടുന്നത്. സന്ധ്യയ്ക്ക് നിരീക്ഷിക്കുമ്പോൾ വടക്കു-പടിഞ്ഞാറുനിന്നും തെക്ക് കിഴക്ക് ദിശയിലേക്കും പുലര്‍ച്ചെ നിരീക്ഷിക്കുമ്പോൾ തെക്കു പടിഞ്ഞാറുനിന്നും വടക്കു കിഴക്കു ദിശയിലുമാണ് ക്രാന്തിപഥം കാണപ്പെടുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള (സാങ്കല്പിക) വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 താരാഗണങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

ചിങ്ങം (Leo)

Leo Constellation ml

സന്ധ്യയ്ക്ക് ഏഴു മണിയോടെ പടിഞ്ഞാറേ ചക്രവാളത്തിനു മുകളിൽ 30°യ്ക്കും 60°യ്ക്കും ഇടയിലായി ചിങ്ങം രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗ്യുലസ് (Regulus | α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് ദെനെബോല (β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതിൽ തലഭാഗത്തെ നാലു നക്ഷത്രങ്ങളെ ചേര്‍ത്ത് ആയില്യം എന്ന ചാന്ദ്രഗണമായി കണക്കാക്കാറുണ്ട്. റെഗ്യുലസും തൊട്ടടുത്ത്, തോൾ ഭാഗത്തുള്ള നക്ഷത്രവും ചേര്‍ത്ത് മകം എന്ന ചാന്ദ്രഗണമായി പരിഗണിക്കുന്നു. (റഗ്യുലസിനെ മാത്രമായും മകം എന്നു വിളിക്കുന്നുണ്ട്). നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ ചേര്‍ന്ന് പൂരം ചാന്ദ്രഗണം രൂപപ്പെചുന്നു. വാലിന്റെ ഭാഗത്തുള്ള നക്ഷത്രമാണ് ഉത്രം (Denebola).

കന്നി (Virgo)

ചിങ്ങത്തിനുമുകളിലായും, ശിരോച്ചത്തിൽ നിന്നും 30°– 40°തെക്കുപടിഞ്ഞാറായും  ജൂലൈ മാസത്തിൽ സന്ധ്യക്ക് കന്നിരാശികാണാപ്പെടുന്നു. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര.

തുലാം (Libra)

ജൂലൈ മാസത്തിൽ തലക്ക് മുകളിലായി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് തുലാം രാശിയുടെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം (Scorpius)

ജൂലൈ മാസത്തിലെ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം തെക്ക്-കിഴക്കായി വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ്. ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. മറ്റുസഹായമൊന്നുമില്ലാതെ തന്നെ തിരിച്ചറിയാൻ കഴിയുന്ന താരാഗണമാണ് വൃശ്ചികം. ചിത്രത്തിന്റെ സഹായത്തോടെ ഇതിലെ നക്ഷത്രങ്ങളെയും തിരിച്ചറിയാം.

ധനു (Sagittarius)

Sagittarius Constellation

ജൂലൈ മാസത്തില്‍ രാത്രി 8 മണിയോടെ തെക്കു കിഴക്കേ ചക്രവാളത്തില്‍ ധനു രാശി പൂര്‍ണമായും ഉദിച്ചുയരും. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണിതിലുള്ളത്. അതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രഗണമാണു ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടവും ബാക്കി ഉത്രാടവും ആണ്.

മറ്റു പ്രധാന നക്ഷത്രഗണങ്ങള്‍

സപ്തര്‍ഷിമണ്ഡലം

വടക്കേ ചക്രവാളത്തില്‍ ഈ സമയത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാന നക്ഷത്രഗണമാണ് സപ്തര്‍ഷിമണ്ഡലം. വടക്കന്‍ ചക്രവാളത്തിനുമുകളില്‍ ഏകദേശം 30°-50° മുകളിലായാണ് സന്ധ്യയ്ക്ക് ഇതിന്റെ സ്ഥാനം. ഒരു വലിയ സ്പൂണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണിത്. വലിയ കരടി എന്നും ഇതിനു പേരുണ്ട്.

സപ്തര്‍ഷിമണ്ഡലത്തിലെ ഏഴു പ്രധാന നക്ഷത്രങ്ങൾക്ക് വസിഷ്ഠൻ (Dubhe), അംഗിരസ് (Merak), അത്രി (Phecda), പുലസ്ത്യൻ (Megrez), പുലഹൻ (Alioth), ക്രതു (Mizar), മരീചി (Alkaid) എന്നിങ്ങനെയാണ് പേര്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി. സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചോതിയിലും തുടര്‍ന്ന് ചിത്രയിലുമെത്തും.

അവ്വപുരുഷന്‍ (Bootes)

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക് ,ചിത്രയ്ക്കും അല്പം വടക്ക് മാറി, അവ്വപുരുഷന്‍ എന്ന നക്ഷത്രഗണം കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.

മറ്റുള്ളവ

വടക്കു-കിഴക്ക് ചക്രവാളത്തിന് മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ. ലൈറ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണിത്. ദക്ഷിണ ആകാശത്ത് തെക്കന്‍ ചക്രവാളത്തിന് മുകളിലായി ആറ് പ്രഭയുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കാം. ഏറ്റവും പ്രഭയേറിയ രണ്ടെണ്ണം, കിഴക്ക് പടിഞ്ഞാറായി കാണുന്നത് സെന്റാറസ് നക്ഷത്രസമൂഹത്തിലെ ആല്‍ഫാ സെന്റോറിയും ബീറ്റാ സെന്റോറിയുമാണ്. മറ്റുള്ള നാല് നക്ഷത്രങ്ങള്‍, ഡൈമണ്‍ ആകൃതിയില്‍ കാണുന്നത്, തെക്കന്‍ കുരിശും.

ഗ്രഹങ്ങള്‍

നമുക്കു നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്ന അപൂര്‍വ്വമായ അവസരമാണ് ഈ മാസം നമുക്കു കൈവന്നിരിക്കുന്നത്. പുല‍ർച്ചെ ഏതാണ്ട് 5 മണിയോടെ നീരീക്ഷിക്കുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം വ്യാഴം, ശനി, ചൊവ്വ, ശുക്രൻ, ബുധൻ എന്നിവയെ ഒരു വരിയിലായി കാണാൻ സാധിക്കും.

ശുക്രന്‍ (Venus)

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്. ഇടവം രാശിയിലാണ് ഈ മാസം ശുക്രന്റെ സ്ഥാനം. പുലര്‍ച്ചെയാണ് ഈ മാസം ഇതിനെ നിരീക്ഷിക്കാൻ കഴിയുക. പുലര്‍ച്ചെ നാലരയോടെ നിരീക്ഷിക്കുകയാണെങ്കില്‍ കിഴക്കേ ചക്രവാളത്തിൽ നിന്നും അല്പം വടക്കായി, ഇടവം രാശിയോടൊപ്പം ശുക്രനം കാണാനാകും. ഈ മാസം പുലര്‍ച്ചെ, കിഴക്കേ ചക്രവാളത്തിൽ ഏറ്റവും തിളക്കമാര്‍ന്നു കാണുന്ന നക്ഷത്രസമാനമായ വസ്തു ശുക്രനാണ്.

Venus-real colorആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.

വ്യാഴം (Jupiter)

2020 ജൂലൈമാസം സൂര്യാസ്തമനത്തോടെ തന്നെ തെക്കുകിഴക്ക് ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന തിളക്കമാര്‍ന്ന ആകാശ വസ്തുവാണ് വ്യാഴം. നല്ല പ്രഭയുള്ളതിനാൽ, മറ്റ് ആകാശ ഗോളങ്ങള്‍ ദൃശ്യമാകുന്നതിനും വളരെ മുമ്പേതന്നെ നമുക്ക് വ്യാഴത്തെ കാണാന്‍ കഴിയും. സന്ധ്യാകാശത്ത് തെക്കുകിഴക്ക് ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വസ്തു, അത് വ്യാഴമാണെന്ന് സംശയമില്ലാതെ ഉറപ്പിക്കാം. ധനു രാശിയിലെ ഉത്രാടത്തിനു സമീപത്തായാണ് വ്യാഴത്തെ കാണുക. ചെറിയ ദൂരദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കാണാന്‍ സാധിക്കും. വ്യാഴം 12 വര്‍ഷങ്ങള്‍ കൊണ്ട് ക്രാന്തിവൃത്തത്തിലൂടെ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞവര്‍ഷം വൃശ്ചികം രാശിയിലായിരുന്ന വ്യാഴം 2021ല്‍ മകരം രാശിയിലേക്ക് മാറും.

ശനി (Saturn)

സന്ധ്യയ്ക്ക് തെക്കg കിഴക്കേ ആകാശത്തിൽ ധനു രാശിയുടെ അവസാനമായാണ് ഈ മാസം ശനി കാണപ്പെടുന്നത്. വ്യാഴത്തിനു താഴെയായി കാണുന്ന, പ്രഭയേറിയ നക്ഷത്രസമാനമായ വസ്തു ശനിയാണ്. എട്ടുമണിക്ക് ശേഷം മാത്രമേ ചക്രവാളത്തിൽ നിന്നും ഉയര്‍ന്ന് ദൃശ്യമാകൂ. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. ഡിസംബറോടെ മകരം രാശിയിലേക്ക് ശനി പ്രവേശിക്കും. അപ്പോൾ ശനിയും വ്യാഴവും ഒരേ സ്ഥാനത്ത് എത്തുന്ന അപൂര്‍വ്വ ദൃശ്യം കാണാനാകും.

ചൊവ്വ (Mars)

പുലര്‍ച്ചെ ഏകദേശം നാലരയ്ക്ക് നിരീക്ഷിക്കുന്നയാള്‍ക്ക്, ശിരോച്ചത്തിൽ നിന്നും അല്പം തെക്കുകിഴക്കായി, ഇളം ചുവപ്പു നിറത്തിൽ പ്രകാശിതമായ ചൊവ്വ ഗ്രഹത്തെ കാണാനാകും. മീനം രാശിയിലാണ് സ്ഥാനം.

ബുധൻ (Mercury)

ബുധൻ ഈ മാസം മിഥുനം രാശിയിലാണ്. പുലര്‍ച്ചെ 5 മണിയോടെ ഉദിച്ചുയരും. സൂര്യസമീപമായതിനാല്‍ ബുധനെ നിരീക്ഷിക്കാന്‍ അല്പം പ്രയാസമാണ്. എങ്കിലും തടസ്സമില്ലാതെ വിശാലമായ ചക്രവാളക്കാഴ്ച സാധ്യമാണെങ്കിൽ ബുധനെ കണ്ടെത്താവുന്നതേയുള്ളു.


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല. പ്രത്യേകം കടപ്പാട് രേഖപ്പെടുത്തിയിട്ടില്ലാത്ത ചിത്രങ്ങൾ സ്വതന്ത്ര സോഫ്റ്റുവെയറായ സ്റ്റെല്ലേറിയത്തിന്റെ സഹായത്താൽ ലേഖകൻ തന്നെ തയ്യാറാക്കിയിട്ടുള്ളതാണ്.
  • 2020 ജൂൺ 15 മദ്ധ്യകേരളത്തിൽ സന്ധ്യകഴി‍ഞ്ഞ് 7.30, പുലര്‍ച്ചെ 5.00 എന്നീ സമയങ്ങൾ കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.

Leave a Reply