Read Time:7 Minute


ജി.ഗോപിനാഥൻ

ലോകമെമ്പാടുമുള്ള പതിനായിരത്തിലേറെ വ്യത്യസ്ത്രമായ പുല്ലുകളുടെ സാമ്പിൾ ശേഖരിക്കുകയും ആയിരക്കണക്കിന് പുൽവർഗ്ഗങ്ങളെ തിരിച്ചറിയുകയും ചെയ്തയാൾ. പക്ഷേ സ്ത്രീ ആയതിനാൽ യാത്ര ചെയ്യാനുള്ള പണം പോലും അധികാരികൾ കൊടുത്തിരുന്നില്ല. സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള സമരത്തിൽ പങ്കെടുക്കുകയും ജയിലിൽ കിടക്കുകയും ചെയ്തു. അതാണ് ലോകത്തെ ഏറ്റവും വലിയ അഗ്രോസ്റ്റോളജിസ്റ്റായ മേരി ആഗ്നസ് ചേസ്.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്.ഡിക്ക് പഠിക്കുമ്പോൾ ആൺകുട്ടികളിൽ നിന്നുമാറി കർട്ടനുപിറകിലിരുന്ന് പഠിക്കാൻ നിർബന്ധിതയായ ആളാണ് പ്രമുഖ ഭൗമശാസ്ത്രജ്ഞയായി മാറിയ ഫ്ലോറൻസ് ബാകാം. ദീർഘകാലം എക്സ് റേ ഉപയോഗിച്ച് കഠിനാദ്ധ്വാനം ചെയ്ത് ഡിഎൻഎയുടെ ഡബിൾ ഹെലിക്സ് ആകൃതി കണ്ടുപിടിച്ച് ചിത്രങ്ങളെടുത്തെങ്കിലും അതു ചോർത്തിയെടുത്ത് മറ്റുള്ളവർ നോബേൽ സമ്മാനം നേടുന്നത് നോക്കിയിരിക്കേണ്ടി വന്ന ഹതഭാഗ്യയായിരുന്നു റോസലിൻഡ് ഫ്രാങ്ക്ലിൻ. മാത്രമല്ല, എക്സ് റേയുമായുള്ള സുദീർഘമായ സമ്പർക്കം അവരെ കാൻസർ രോഗിയാക്കുകയും മുപ്പത്തേഴാമത്തെ വയസ്സിൽ മരണത്തിനിടയാക്കുകയും ചെയ്തു .  ഇംഗ്ലണ്ടിൽ ജനിച്ച ജെയിൻ ഗുഡാൾ ചിമ്പാൻസികളെക്കുറിച്ചു പഠിക്കണമെന്ന് അദമ്യമായ ആഗ്രഹം നിറവേറ്റാനായി കഷ്ടപ്പെട്ട് യാത്രയ്ക്കുള്ള പണം ശേ ഖരിച്ച് ആഫ്രിക്കയിലെത്തുകയും അവിടത്തെ വനാന്തരങ്ങളിൽ ചിമ്പാൻസികളോട് ഇടപഴകി കഴിയുകയും ചെയ്തു. ചിമ്പാൻസികൾ മനുഷ്യരെപ്പോലെ കമ്പുകളുപയോഗിച്ച് ഉപകരണമുണ്ടാക്കി പ്രയോഗിക്കാൻ സമർത്ഥരാണെന്ന അവരുടെ കണ്ടെത്തൽ ലോകത്തെ അമ്പരപ്പിച്ചു. അതുപോലെ ചിമ്പാൻസികളുടെ ജീവിതത്തെക്കുറിച്ച് ഒട്ടേറെ വിവരങ്ങൾ അവർ ലോകത്തിന് നൽകി. (മഴ പെയ്യുമ്പോൾ തന്റെ വസ്ത്രമെല്ലാം ഒരു പ്ലാസ്റ്റിക് കൂടിലാക്കി ഏറെദൂരം വനാത്രങ്ങളിലൂടെ യാത്രചെയ്യേണ്ടി വരാറുണ്ട് അവർക്ക്.)

ചിത്രം ©rachelignotofskydesign.com

ഇതുപോലെ തങ്ങളുടെ ജീവിതം ശാസ്ത്രത്തിനായി സമർപ്പിച്ച അമ്പതു വനിതകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ് വിമെൻ ഇൻ സയൻസ് -എന്നുപറഞ്ഞാൽ പോരാ, ലോകം മാറ്റിമറിച്ച നിർഭയരായ അമ്പത് അഗ്രഗാമികൾ (Women in Science-50 Fearless Creatives Who Inspired the World) എന്ന പുസ്തകം. അമേരിക്കയിലും യൂറോപ്പിലുമെല്ലാം അടുത്ത കാലം വരെ സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവകാശമില്ലായിരുന്നു. ഗവേഷണത്തിന്റെ കാര്യം പറയാനുമില്ല. സാമൂഹ്യമായ വിലക്കുകൾ, സ്ത്രീവിരുദ്ധ നിയമങ്ങൾ, എതിർപ്പുകൾ, വംശീയ അധിക്ഷേപങ്ങൾ തുടങ്ങി പഠിക്കാനും ഗവേഷണം നടത്താനും പെൺകുട്ടികൾ നേരിടേണ്ടി വന്നിരുന്ന പ്രതിബന്ധങ്ങൾ നിരവധി ആയിരുന്നു. അവയെയെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് ലക്ഷ്യബോധം പകർന്നുനൽകിയ നിശ്ചയദാർഢ്യവും മനശ്ശക്തിയും കൈമുതലാക്കി മുന്നേറുകയും തിളങ്ങുന്ന വിജയവും അംഗീകാരങ്ങളും നേടിയെടുക്കുകയും ചെയ്തവരാണ് അവർ. അവരിൽ പലരും നോബേൽ സമ്മാന ജേതാക്കളായി, വിശിഷ്ഠ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിക്കപ്പെടുന്ന ആദ്യത്തെ വനിതയായി, അവരുടെ പ്രവർത്തനമേഖലയിൽ വിജയം കൊയ്യുന്ന ആദ്യത്തെ ആഫ്രോ അമേരിക്കൻ വനിതയായി. ഇവരിൽ പലരും തങ്ങളുടെ ഇഷ്ടമേഖലയായി തെരഞ്ഞെടുത്തത് അസാധാരണമെന്നു തോന്നിപ്പിക്കുന്നവയാണ്. പുല്ലിന്റെ യും ചിമ്പാൻസിയുടെയും കഥ പറഞ്ഞതുപോലെ പഴഈച്ചകളും ചിതശലഭങ്ങളും ഫോസിലുകളും പഠന വിഷയമാക്കിയവരുണ്ട്. പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്ത് ശക്തമായി തന്റെ വിഷയങ്ങളവതരിപ്പിച്ച, പാന്റും ബ്ലാക്ക് ഷർട്ടും ധരിച്ച് യൂണിവേഴ്സിറ്റിയിൽ പ്രകമ്പനം സൃഷ്ടിച്ചു. ബാർബറ മക്ലിന്റോഫും മേരിക്യൂറിയും വലന്റീന തെരഷ്കോവയുമെല്ലാം അടങ്ങുന്ന അമ്പത് വനിതകളുടെ വിശേഷങ്ങളാണ് ഈ പുസ്തകം വരച്ചുകാണിക്കുന്നത്.

ചിത്രം ©rachelignotofskydesign.com

ഒരു പേജിലൊതുങ്ങുന്ന ഒരാളുടെ ചരിത്രത്തോടൊപ്പം എതിർവശത്ത് ചേർത്തിരിക്കുന്ന ആ വ്യക്തിയുടെ മനോഹരമായ രേഖാചിതവും പുസ്തകത്തെ ആകർഷകമാക്കുന്നു. കൂടാതെ ആളേക്കുറിച്ചുള്ള ചില സവിശേഷകാര്യങ്ങൾ നുറുങ്ങുകളായി മാർജിനിലും കൊടുത്തിരിക്കുന്നു. പുറം ചട്ടയും ഇതേ രീതിയിൽ തന്നെ ആണ് രൂപകൽപന ചെയ്തിരിക്കുന്നത്. മുഴുവൻ പേജുകളും വർണ്ണാഭമാണ്. ഇതെല്ലാം ചെയ്തിരിക്കുന്നത് പുസ്തകം എഴുതിയ ആളുതന്നെ, റേച്ചൽ ഇഗ്നോടോഫ്സ്കി  (Rachel Ignotofsky).

റേച്ചൽ ഇഗ്നോടോഫ്സ്കി  (Rachel Ignotofsky). ചിത്രം ©rachelignotofskydesign.com

യുവതലമുറയിൽപെട്ട ചിത്രകലാ വിദ്ഗ്ദ്ധയാണ് റേച്ചൽ, വിദ്യാഭ്യാസത്തെ ക്കുറിച്ചും ശാസ്ത്രപഠനത്തേക്കുറിച്ചും ശക്തരായ വനിതകളേക്കുറിച്ചും ഉള്ള സന്ദേശം പെൺകുട്ടികളുടെ ഇടയിൽ നൽകുന്നതിനായി അവർ തയ്യാറാക്കിയ ആദ്യത്തെ പുസ്തകമാണിത്. സ്ത്രീകൾ ലോകത്തെ പിടിച്ചുകുലുക്കുന്നു എന്നാണ് അവരുടെ ഭാഷ്യം. (ഈ പുസ്തകത്തിൽ സ്ഥാനം ലഭിച്ച കാതറൈൻ ജോൺസൺ എന്ന പ്രഗൽഭയായ ആഫ്രോഅമേരിക്കൻ ഗണിതശാസ്ത്രജ്ഞയാണ് ആളെ സംവഹിച്ചുകൊണ്ടുള്ള നാസ യുടെ ആദ്യ ചാന്ദ്രദൗത്യയാനത്തിനുള്ള യാത്രാപഥം കണക്കുകൂട്ടിയത്. അവർ 2020 ഫെബ്രുവരി 24-ന് ത ന്റെ 103-ാം വയസ്സിൽ അന്തരിച്ചു.)

 


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിഷത് വാർഷികം – ഉദ്ഘാടന പ്രഭാഷണം – ഗഗൻദീപ് കാങ്
Next post 50 വർഷത്തെ യുറീക്ക സൗജന്യമായി വായിക്കാം
Close