Read Time:33 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം – ഉദ്ഘാടനം – ഡോ.ഗഗൻദീപ് കാങ് 

ഡോ. ഗഗൻദീപ് കാങ്-

റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ ഇൻസ്റ്റീനെൽ വിഭാഗത്തിലെ പ്രൊഫസറും, ശാസ്ത സാങ്കേതിക വകുപ്പിന്റെ കീഴിലെ സ്വയംഭരണാധികാരമുള്ള Translational Health Science and Technology Institute ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. കുട്ടികളെ ബാധിക്കുന്ന വൈറസ് രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും, റോട്ടാ വൈറസ്സിനുള്ള വാക്സിൻ പരീക്ഷങ്ങളുടെയും പഠനത്തിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഗവേഷകയാണ്. 2016-ൽ ഗവേഷണ മികവിനുള്ള ഇൻഫോസിസ് പ്രൈസ് നേടിയിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കാൻ എനിക്ക് അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ഓൺലൈനിൽ നമ്മൾ സംസാരിക്കുന്നു എങ്കിലും അധികം താമസിയാതെ കേരളത്തിൽ വരാനും നിങ്ങളെല്ലാരും ആയി നേരിൽ കാണാൻ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

നമ്മുടെ ജീവിതകാലത്ത് ഇതുവരെ നാം നേരിട്ടിട്ടില്ലാത്ത അസാധാരണമായ ഒരു സമയത്താണ് നാം ജീവിക്കുന്നത്. മുൻപുണ്ടായ ചില മഹാമാരികളെക്കുറിച്ച് ചരിത്രപുസ്തകത്തിൽ നാം വായിക്കാറുണ്ടല്ലോ. എന്നാൽ അക്കാലത്തെ ജീവിതത്തെയും അതിന്റെ സങ്കീര്‍ണതകളെയും വെല്ലുവിളികളെയും പറ്റി നമുക്ക് കൃത്യമായി അറിയാൻ കഴിയില്ലല്ലോ.

ഇന്നു നാം അനുഭവിക്കുന്നതും ഭാവിയിലെ പുസ്തകങ്ങളിൽ വായിക്കപ്പെടും. അതുകൊണ്ട് വ്യക്തമായും കൃത്യമായും വിശദമായും കാര്യങ്ങൾ രേഖപ്പെടുത്തേണ്ടത് പ്രാധാന്യം നാം മനസ്സിലാക്കണം. നമ്മൾ സാഹചര്യങ്ങളെ ശരിയായാണോ കൈകാര്യം ചെയ്യുന്നത് അതോ വെറും ഭാഗ്യം കൊണ്ട് നമ്മൾ രക്ഷപ്പെട്ടു പോകുന്നതാണോ?

ഇന്ത്യയിൽ കേരളത്തിലാണ് ജനുവരി അവസാനം മൂന്ന് രോഗബാധ കണ്ടുപിടിക്കുന്നത്. പ്രശ്നം വഷളാകാൻ കാത്തുനിൽക്കാതെ മുൻകൂട്ടി നടപടിയെടുക്കുന്ന സമീപനം സ്വീകരിച്ചതിലൂടെയാണ് ഇതിനു സാധിച്ചത്. രോഗം ബാധിക്കാതെ ശ്രദ്ധിക്കാൻ അപ്പോൾ നമുക്ക് കഴിഞ്ഞു. പിന്നീട് രോഗബാധ കണ്ടുപിടിക്കാനുള്ള പരിശോധന രാജ്യത്താകെ വ്യാപിപ്പിച്ചത് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. വൈറസിന്റെ വരവ് കണ്ടെത്തുകയായിരുന്നു ഉദ്ദേശം. രോഗബാധിതരുടെ സമ്പർക്കം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങി. 3 ആഴ്ചകൾക്കുള്ളിൽ അഞ്ഞൂറിലധികം കേസ് റിപ്പോർട്ട് ചെയ്തതോടെ സർക്കാർ മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ഏതാനും ആഴ്ചകൾ എന്ന നിലയിൽ പ്രഖ്യാപിച്ച ലോക്ഡൗൺ പലതവണ നീട്ടേണ്ടിവന്നു. ഇപ്പോഴും പല നിയന്ത്രണങ്ങളും നിലനിൽക്കുന്നു. ഈ സമീപനം വിജയകരമായോ, ഇങ്ങനെയാണോ ചെയ്യേണ്ടിയിരുന്നത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. എന്നാൽ എന്തായിരുന്നു ലോക്ക്ഡൗണിലൂടെ നാം നേടാൻ ആഗ്രഹിച്ച ലക്ഷ്യങ്ങൾ അവ എത്രമാത്രം നേടാനായി, ലോക്ഡൗണിന്റെ അവിചാരിതമായ അനന്തരഫലങ്ങൾ എന്തൊക്കെയായിരുന്നുഇതെല്ലാമായിരിക്കണം നാം ചോദിക്കേണ്ട ചോദ്യങ്ങൾ എന്നു തോന്നുന്നു.

രോഗവ്യാപനത്തിന്റെ തീവ്രതയും വേഗതയും കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങിനെ കാര്യങ്ങൾ നേരിടാനുള്ള സമയം നേടാനാകും. അതിനു കഴിഞ്ഞോ? പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ആളുകള്‍ പുറത്തിറങ്ങാതിരുന്ന സമയത്ത് സ്വാഭാവികമായും രോഗവ്യാപനം സാവധാനം ആയിരുന്നു എന്ന് തന്നെയാണ്.

എന്നാൽ അതോടൊപ്പം ചില അവിചാരിത ഫലങ്ങൾ കൂടി ഉണ്ടായി. അതിലൊന്നാണ് ജന്മനാട്ടിൽ എത്തിപ്പെടാനായി അതിഥി തൊഴിലാളികൾ അനുഭവിച്ച ദുരന്തം. ലോക്ക് ഡൗണിന്റെ സാമ്പത്തിക ആഘാതം സമീപ വർഷങ്ങളിലും അനുഭവിക്കേണ്ടിവരും. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ വ്യാപകമായ ചർച്ചകൾ ഏതുതരം രോഗപരിശോധനകളാണ് വേണ്ടത് എങ്ങനെ വേണമെന്നൊക്കെയായിരുന്നു. എന്നാൽ പിന്നീട്, രോഗം കണ്ടുപിടിക്കുകയും സമ്പർക്കം മനസ്സിലാക്കുകയും ചെയ്യുക എന്നതിനും രോഗിയെ രണ്ടാഴ്ച സമ്പര്‍ക്കങ്ങളില്ലാതെ ഐസൊലേഷനാക്കി രോഗവ്യാപനം കുറയ്ക്കുക എന്ന രീതിയാണ് സ്വീകരിക്കപ്പെട്ടത്. ഏത് പകർച്ചവ്യാധിയും നേരിടുന്നതിനുള്ള ഏറ്റവും ലളിതമായ രീതിയാണിത്. അതായത് രോഗബാധിതരെ കണ്ടുപിടിക്കുകയും രോഗം കൂടുതൽ പടർത്തുന്നതിൽ നിന്നും അവരെ തടയാനായി ഐസൊലേഷനില്‍ വെയ്ക്കുകയും ചെയ്യുക എന്നത്. ഇതിന്റെ പ്രശ്നം ആരൊക്കെയാണ് രോഗബാധിതര്‍ എന്ന് നമുക്ക് അറിയാൻ ആവില്ല എന്നതാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ രോഗബാധിതർ രോഗം പകര്‍ന്നിട്ടുണ്ടാകും. രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകാത്തവരില്‍ നിന്നും രോഗം പകരുന്നതും പ്രശ്നമാണ്. മൊത്തം രോഗം ബാധിച്ചവരിൽ 40 മുതൽ 60 ശതമാനം വരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാകും എന്നതാണ് കണക്ക്. ഇത്ര പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടും എന്ന് മാത്രം. ഇവരിൽനിന്നെല്ലാം രോഗം പകരും. അതിനാല്‍ പരിശോധന, രോഗികളെ കണ്ടെത്തല്‍, ഐസൊലേഷന്‍ എന്നിവ ഫലപ്രദമാണെങ്കിൽ തന്നെയും മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ കൈകഴുകൽ എന്നിവ വളരെ പ്രധാനമായി തീരുന്നു. എന്താണ് ഈ നിഗമനത്തിന് അടിസ്ഥാനം? പ്രത്യക്ഷ പഠനങ്ങളും മാതൃകകളും പരിശോധനഐസൊലേഷൻ സമ്പ്രദായം ഫലപ്രദമാണെന്ന് കണ്ടെത്തുമ്പോൾ ജനങ്ങൾ മാസ്ക് ധരിക്കുന്നത് രോഗബാധയെ കുറയ്ക്കുന്നതായി പഠനങ്ങൾ കണ്ടെത്തുന്നു. ഇതെല്ലാം പൊതുജനാരോഗ്യ നടപടികളായി ശുപാർശ ചെയ്യപ്പെടുന്നുണ്ട്.

പൂർണ്ണമായല്ലെങ്കിലും രോഗം പിടിച്ചുനിർത്തുന്നതിൽ ഒരു പരിധിവരെ ഫലപ്രദമാണ്. എന്നാൽ ആളുകൾ ചർച്ച ചെയ്യുന്നതും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുമായ മറ്റ് നിരവധി മാർഗ്ഗങ്ങൾ വേറെയുമുണ്ട്. എന്നാല്‍ അവയ്ക്ക് തെളിവുകളുടെ പിൻബലമില്ല. അൾട്രാവയലറ്റ് ലൈറ്റ്, ബ്ലീച്ച് എന്നിവ കൊണ്ടുള്ള ചികിത്സ സംബന്ധിച്ച ചർച്ചകൾ വ്യാപകമാണ്. ഒരാൾ ബ്ലീച്ച് കുടിച്ചു മരിക്കുകയുമുണ്ടായി. ഇതിനൊന്നും യാതൊരു ശാസ്ത്രീയതെളിവുകളും ഇല്ല. ഇവയൊന്നും ചികിത്സകൾ ആയി കണക്കാക്കാനാവില്ല. യു.വി ലൈറ്റ്, ബ്ലീച്ച് എന്നിവ രോഗാണുനാശനത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയൊന്നും ഒരുതരത്തിലുമുള്ള ചികിത്സയല്ല.

ഇന്ത്യയിലാകട്ടെ ചാണക വെള്ളത്തിലുള്ള കുളി, ആയുർവേദ മരുന്നുകൾ എന്നിവയും പ്രതിവിധികൾ ആയി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്കും യാതൊരു അടിത്തറയും ഇല്ല ചില പച്ചമരുന്നുകളും ഔഷധങ്ങളും രോഗപ്രതിരോധശേഷി കൂട്ടുമായിരിക്കാം. എന്നാൽ ഇവ സാര്‍സ് കൊറോണ വൈറസ്-2രോഗബാധ ശമിപ്പിക്കുമെന്നതിന് ഇതുവരെ ശാസ്ത്രീയമായ യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല. നമ്മുടെ ആരോഗ്യത്തെ പോഷിപ്പിക്കുന്ന പലവിധ ചികിത്സാ സമ്പ്രദായങ്ങൾക്കോ പാരമ്പര്യവൈദ്യത്തിനോ ഞാൻ എതിരല്ല. അവ പലവിധം ഗുണപ്രദമാണ്. എന്നാൽ ഒരു പ്രത്യേക പകർച്ചവ്യാധി കാരകമായ വൈറസിന് പ്രതിവിധിയായോ ചികിത്സയായോ അവയെ ഉയർത്തി കാണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഇക്കാര്യത്തിൽ അലോപ്പതി യോടുള്ള സമീപനമായിരിക്കണം ഇന്ത്യൻ ചികിത്സ സമ്പ്രദായങ്ങളോടും നാം സ്വീകരിക്കേണ്ടത്. അലോപ്പതി സമ്പ്രദായത്തിനകത്തു പോലും രണ്ട് വ്യത്യസ്ത സമീപനം കാണാം. ഒന്ന്, എന്തെങ്കിലും ഫലിക്കും എന്ന ചിന്തയോടെയുള്ള ചികിത്സ. രണ്ട്,  ഔഷധം ഫലിക്കുമോ എന്ന് പരിശോധിച്ചു കൊണ്ടുള്ള ചികിത്സ. കോവിഡിന്റെ ആരംഭകാലത്ത് ഒരുപാട് മരുന്നുകൾ പരീക്ഷിക്കപ്പെട്ടു. ചൈനയിൽ തന്നെ രണ്ടു മാസം 120 മരുന്നു പരീക്ഷണങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ അവയിൽ പലതും ആവശ്യത്തിനു പരീക്ഷണങ്ങൾക്ക് മുതിരാതെ അടച്ചുപൂട്ടിയതിനാൽ നമുക്ക് ഈ പരീക്ഷണങ്ങളുടെ ഫലം അറിയാൻ കഴിയില്ല. പക്ഷേ ചൈനയിൽ ആദ്യഘട്ടത്തിൽ നടത്തിയ ചികിത്സാരീതികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആവർത്തിക്കപ്പെട്ടു.

ഇതിൽ സാർസ് കൊറോണ വൈറസ് -1 അടക്കം മറ്റുപല കൊറോണ വൈറസുകള്‍ക്കുമെതിരെ ഉപയോഗിച്ച മരുന്നുകളും ഉൾപ്പെട്ടിരുന്നു പരീക്ഷണശാലയിൽ നല്ല ഫലം നൽകിയ ഒരു മരുന്ന് മനുഷ്യനിൽ അതേ രീതിയിൽ പ്രവർത്തിച്ചു കൊള്ളണം എന്നില്ല. അതുകൊണ്ടാണ് ക്ലിനിക്കല്‍ പരിശോധനകൾ ഏറെ സുപ്രധാനമാണെന്ന് പറയുന്നത്.

നിരവധി പഠനങ്ങൾ നടത്തപ്പെട്ടു. എയ്ഡ്സ്, മലേറിയ എന്നീ രോഗങ്ങൾക്കുള്ള മരുന്നുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന തരം ഔഷധങ്ങൾ, മറ്റ് കൊറോണ വൈറസുകളെ നേരിടാനായി വികസിപ്പിച്ച ആന്റി വൈറൽ മരുന്നുകൾ എന്നിവയെല്ലാം പരീക്ഷണങ്ങൾക്കു വിധേയമാക്കി ചൈനയിൽ മുൻപ് നേരിട്ട ഒരു പ്രശ്നം ഇവിടങ്ങളിലെല്ലാം നേരിട്ടു. കൃത്യമായ ഒരു നിഗമനത്തിൽ എത്താൻ കഴിയാത്ത വിധം ചെറിയ പരീക്ഷണങ്ങൾ ആയിരുന്നു അധികവും. എന്നാല്‍ രണ്ടെണ്ണം വലിയ പരീക്ഷണങ്ങളായിരുന്നു. അവ മരുന്നു സംബന്ധിച്ച കൃത്യമായ ഉത്തരങ്ങൾ തരികയും ചെയ്തു. ഇംഗ്ലണ്ടിൽ നടന്ന (റിക്കവറി ട്രയൽ) പഠനത്തിൽ “ഡെക്സാമെത്തസോൺ” എന്ന സ്റ്റീറോയ്ഡ്, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ മരണനിരക്ക് കുറയ്ക്കുന്നതായി കണ്ടെത്തി. എന്നാൽ ഗുരുതരാവസ്ഥയിലുള്ള സാർസ് കൊറോണ ബാധയ്ക്കെതിരെ ചില മരുന്നുകൾ ഫലിക്കുന്നില്ല എന്നും ഈ പഠനം കണ്ടെത്തി. ലോകാരോഗ്യസംഘടന നടത്തിയതാണ് രണ്ടാമത്തെ പഠനം. അതിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ രണ്ട് പഠനങ്ങളുടെയും ആകെത്തുക പരിശോധിക്കുമ്പോൾ “ഡെക്സാമെത്തസോൺ” ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികൾക്ക് ഫലപ്രദമാണെന്ന് കാണാം എന്നാൽ എയ്ഡ്സിന് നൽകുന്ന മരുന്നുകളോ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മലേറിയ മരുന്നൊ കൊറോണ ചികിത്സയിൽ യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും തെളിയിക്കപ്പെട്ടു. അതുപോലെ തന്നെയാണ് ഇന്റർഫിയറോൺ എന്ന മരുന്നിന്റെ കാര്യവും. എബോള മരുന്ന് പരീക്ഷണവേളയിൽ തള്ളപ്പെടുകയും പിന്നീട് മെർസ് വൈറസ് രോഗത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്ത റെൻഡസവീർ ലോകാരോഗ്യസംഘടനയുടെ ‘സോളിഡാരിറ്റി’ പരീക്ഷണത്തിൽ ഫലപ്രദമല്ലെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അമേരിക്കയിലെ എൻ.എച്ച്.എസ് നടത്തിയ പരീക്ഷണത്തിൽ ആശുപത്രി വാസത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതായി കണ്ടെത്തി.

ഈ വസ്തുതകളെല്ലാം തന്നെ നമ്മോട് പറയുന്നത് മരുന്ന്, രോഗികളുടെ എണ്ണം, രോഗത്തിന്റെ ഘട്ടം എന്നിവയെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ പഠനത്തിലൂടെ മാത്രമേ ഈ മരുന്നുകളുടെ ഫലപ്രാപ്തി നിർണയിക്കാനാവൂ എന്നതാണ്. കൃത്യമായ ഡിസൈൻ, കൃത്യമായ സൈസ് എന്നിവയോടുകൂടിയ ശാസ്ത്രീയ പഠനം നടത്തിയാൽ എക്സാമെത്തസോണ്‍ പ്രയോഗം പോലെ ശരിയായ ചികിത്സ കണ്ടെത്താനാകുമെന്ന് മാത്രമല്ല, രോഗികളുടെ രോഗഘട്ടത്തിനനുസൃതമല്ലാത്ത ചികിത്സ നൽകുന്നതിലൂടെ സമയവും പ്രയത്നവും പാഴാക്കുന്നത് ഒഴിവാക്കാനുമാകും. അതുകൊണ്ട് ഇപ്പോൾ ഹൈഡ്രോക്സി ക്ലോറോക്വിൻ, എയ്ഡ്സ് മരുന്നുകൾ എന്നിവയെപ്പറ്റി ചിന്തിക്കേണ്ടതില്ല. ഇത്തരം രീതികളിലൂടെയുള്ള ശാസ്ത്രീയമായ തെളിവ് ശേഖരണം, പകർച്ചവ്യാധിയുടെ കാലത്ത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ അത് നമ്മുടെ ധാർമികമായ കടമയാണ്. ഒരു പുതിയ രോഗം പ്രത്യക്ഷപ്പെടുമ്പോൾ ചികിത്സയെ സംബന്ധിച്ച് കൃത്യമായ തെളിവുകൾ ശേഖരിക്കുക എന്നത് പരമപ്രധാനമാണ്. നാളത്തെ ചികിത്സ എന്നത് ഇന്നത്തെ പരീക്ഷണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മെ നാളെയിലേക്ക് നയിക്കുന്ന ഉപകരണങ്ങളാണ് ശാസ്ത്രവും തെളിവുകളും. മരുന്നുകളെ സംബന്ധിച്ച ഗവേഷണത്തോടൊപ്പം തന്നെ ഈ രോഗത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച ഗവേഷണവും മുന്നോട്ടു നീങ്ങുന്നുണ്ട്, വാക്സിനുകളെ കേന്ദ്രീകരിച്ചാണിത്.

കൊറോണക്കെതിരായ പ്രതിരോധ വാക്സിൻ കണ്ടെത്താനായി കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ നടന്ന അത്രയും ഗവേഷണം അത്രയും വേഗതയിലും അത്രയും ആളുകളെ പങ്കെടുപ്പിച്ചും മറ്റൊരു മേഖലയിലും നടന്നിട്ടില്ല. രോഗപ്രതിരോധശേഷിയുടെ കാര്യത്തിൽ വാക്സിനുകളുടെ ഫലപ്രാപ്തിയിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് ഇത് ഗംഭീരം ആണെന്ന് ഞാൻ കരുതുന്നു.

വാക്സിൻ ഗവേഷണരംഗത്ത് അഭൂതപൂർവ്വമായ മുന്നേറ്റമാണ് നമുക്ക് സാധിക്കുന്നത്. എല്ലാതരം വാക്സിനുകളും പരീക്ഷണത്തിന് വിധേയമാക്കപ്പെടുന്നുണ്ട്. പുതിയ വാക്സിനുകൾ വികസിപ്പിച്ചെടുക്കാനുള്ള ഏത് സാങ്കേതികവിദ്യ സമ്പ്രദായത്തെയും നാം ആശ്രയിക്കുകയാണ്. കൊറോണവൈറസ് രോഗത്തിനു മുൻപ് നമുക്കുള്ള വാക്സിനുകളെ എടുത്താൽ അവയധികവും ഏതെങ്കിലുമൊരു രോഗാണുവിനെ മുഴുവനായോ ഭാഗികമായോ ഇഞ്ചക്ഷൻ മുഖേന ശരീരത്തിലേക്ക് കടത്തി വിടുകയായിരുന്നു. രക്തത്തിൽ പ്രത്യക്ഷമാകുന്ന ആന്റിബോഡി പോലെ ഏതെങ്കിലും ഒരു പ്രതികരണം അതിന്റെ ഭാഗമായി രോഗ പ്രതികരണ വ്യവസ്ഥ സൃഷ്ടിച്ചെടുക്കുന്നുണ്ടോയെന്ന് നോക്കിയാണ് വാക്സിനുകളുടെ ഫലപ്രാപ്തി നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ വാക്സിനുള്ളിലെ സൂക്ഷ്മജീവികള്‍ ജീവനുള്ളവയും ദുർബലമാക്കപ്പെട്ടതും, നിർജ്ജീവമായതോ നശിപ്പിക്കപ്പെട്ടതോ ആയ സൂക്ഷ്മജീവികൾ അടങ്ങിയ വാക്സിനുകളും ഇപ്പോൾ നമുക്കുണ്ട്. അതുപോലെ പ്രോട്ടീനുകളോ ‘പാർട്ടിക്കി’ പോലെയുള്ള വൈറസുകളുടെ രൂപത്തിലുള്ള പ്രോട്ടീനുകളോ ഉള്ള വൈറസുകളും ഉണ്ട്.

ആർ.എൻ.എ വാക്സിനുകളും ഡി.എൻ.എ വാക്സിനുകളും വികസിപ്പിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ന്യൂക്ലിക് ആസിഡ് ഭക്ഷണമാക്കുന്ന വൈറസുകളെ മനുഷ്യ കോശങ്ങളിലേക്ക് കടത്തിവിടുകയാണ് ഇവ ചെയ്യുന്നത്. വൈറസുകളെ വന്‍തോതില്‍ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ ആയി അതോടെ ആ കോശങ്ങൾ മാറുകയും ഇതിനോട് നമ്മുടെ പ്രതിരോധ സംവിധാനം പ്രതികരിക്കുകയും ചെയ്യുന്നു. പ്രോട്ടീൻ സീക്വൻസുകളെ മറ്റൊരു വൈറസ് വഴി മനുഷ്യകോശത്തിലേക്ക് കടത്തിവിടുകയും പ്രതിരോധ സംവിധാനത്തെ സജീവമാക്കുകയും ചെയ്യുന്ന സമൃദ്ധമായ മറ്റൊരു രീതിയും നാം അവലംബിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യകൾ എല്ലാം ഉപയോഗിച്ചുകൊണ്ട് വാക്സിനുകൾ വികസിപ്പിക്കാനുള്ള മുന്നൂറിലധികം പദ്ധതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ 40 എണ്ണം മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ ഘട്ടത്തിലെത്തിയിരിക്കുന്നു. കോശത്തിലെ കൾച്ചറിൽ മൃഗങ്ങളിലെ പരീക്ഷണം എന്നീ ഘട്ടങ്ങളെല്ലാം അവ പിന്നിട്ടു എന്നാണർത്ഥം.

പന്ത്രണ്ടോളം വാക്സിനുകൾ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഈ രണ്ടു ഘട്ടങ്ങളിലായി സുരക്ഷിതത്വം പ്രതിരോധശേഷിയുടെ പ്രതികരണം എന്നിവ പരിശോധിച്ചതിനുശേഷം മൂന്നാംഘട്ടത്തിൽ വാക്സിനുകള്‍ കുത്തിവെച്ച വ്യക്തികളിൽ രോഗം പ്രതിരോധിക്കാൻ വാക്സിനു കഴിയുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നുണ്ട്. ഈ വർഷാവസാനത്തോടെ 3 വാക്സിനുകളുടെ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കിൽ അവ വൻതോതിൽ ഉൽപാദിപ്പിക്കേണ്ടിവരും, ആരെയാണ് ആദ്യം വാക്സിനേറ്റ് ചെയ്യേണ്ടത്, എങ്ങനെയാണ് വാക്സിനുകൾ വിതരണം ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ചെല്ലാം വിശദമായ ചർച്ചകൾ നടക്കുന്നുണ്ട്.

ഈ അവസരത്തിൽ ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിൽ കുട്ടികൾക്കും ഗർഭിണികൾക്കും മാത്രമാണ് വാക്സിൻ നൽകുന്നതെന്ന കാര്യം പ്രത്യേകം ഓർക്കണം. അതിൽ നിന്ന് വ്യത്യസ്തമായി വൃദ്ധർക്കും രോഗാതുരത കൂടിയവർക്കുമാണ് വാക്സിൻ നൽകുന്നതെങ്കിൽ അത് ആരൊക്കെയാണെന്ന് നിർണയിക്കുന്നതും അവരിലേക്ക് ചെന്നെത്തുന്നതും വലിയ വെല്ലുവിളിയായിരിക്കും. അതുപോലെ വലിയ വെല്ലുവിളിയാണ് വാക്സിൻ വൻതോതിൽ ഉൽപാദിപ്പിക്കുന്നതും കൃത്യമായി വിതരണം ചെയ്യുന്നതും എന്നാൽ വാക്സിനേഷനിലൂടെ രോഗത്തെ പ്രതിരോധിക്കാനായാൽ ജീവിതം ഏതാണ്ട് 2019ലെതു പോലെ ആക്കി മാറ്റാൻ നമുക്ക് കഴിയും. വാക്സിനുകൾ ലഭ്യമായാൽ രോഗപ്രതിരോധം എന്ന ആശയത്തിലൂന്നി ഏറെ മുന്നേറാൻ നമുക്ക് കഴിയും. വാക്സിനുകൾ അപകടകാരികൾ ആണെന്നും ഉപയോഗശൂന്യമാണെന്നുമൊക്കെയുള്ള ധാരണകൾ ലോകത്തിന്റെ പലഭാഗത്തും പ്രബലമായുണ്ട്. കൊറോണ വാക്സിനുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിൽ ശാസ്ത്രജ്ഞരുടെയും കമ്പനികളുടെയും മേൽ പെട്ടെന്ന് ഫലം കണ്ടെത്താനുള്ള ഒരുപാട് സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാഗ്യവശാൽ അവർ അതിനു വഴങ്ങുകയുണ്ടായില്ല. ഈ വാക്സിനുകള്‍ സുരക്ഷിതവും അങ്ങേയറ്റം ഫലപ്രദവും പ്രവർത്തനക്ഷമവും ആണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വാക്സിനുകൾ ലഭ്യമാക്കു എന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. വാക്സിനുകളില്‍ ജനങ്ങൾക്ക് വിശ്വാസം ഉറപ്പിക്കാനും വാക്സിനേഷന്‍ ആവശ്യമുള്ളവർക്ക് തെറ്റായ വിവരങ്ങൾ കിട്ടാതിരിക്കാനും ഇത്തരം നിലപാടുകൾ അങ്ങേയറ്റം ആവശ്യമാണ്. വാക്സിനുകളുടെ ഗുണനിലവാരം കഴിയുന്നത്ര വർദ്ധിപ്പിക്കാനും പ്രശ്നങ്ങൾ ലഘൂകരിക്കാനും കഴിയുന്ന തരത്തിലുള്ള നിയന്ത്രണസംവിധാനങ്ങള്‍ ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. ശാസ്ത്രജ്ഞര്‍, പൊതുജനാരോഗ്യപ്രവര്‍ത്തകര്‍, സമൂഹത്തിന്റെ ക്ഷേമത്തില്‍ തല്പരരായവര്‍ എന്നെല്ലാമുള്ള നിലയില്‍, വാക്സിനുകള്‍ വരുമ്പോൾ അത് പൊതുജനാരോഗ്യത്തിനു ഗുണകരമായ വിധത്തിലും അത് ഏറ്റവും ആവശ്യമായവര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന തരത്തിലും ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ നാം ഇടപെടേണ്ടത് വളരെ പ്രധാനമാണ്. രോഗികളുമായി ഇടപെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, വൃദ്ധര്,‍ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ എന്നിവരില്‍ നിന്നു തുടങ്ങി മറ്റുള്ളവരിലേക്ക് പിന്നീട് എത്തുന്ന വിധമുള്ള വാക്സിനേഷന്‍ പ്രക്രിയയാണ് ആലോചിക്കേണ്ടത്. മികച്ച വാക്സിന്‍ വ്യവസായം നിലനില്‍ക്കുന്നു എന്നതിനാല്‍ നാം ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്. ഈ രംഗത്തെ സ്വകാര്യകമ്പിനികള്‍ പോലും ഇന്ത്യയിലും പുറത്തും മികച്ച വാക്സിനുകള്‍ കുറഞ്ഞ വിലക്കു ലഭ്യമാക്കുന്ന കാര്യത്തില്‍ കാര്യക്ഷമമായ സേവനം കാഴ്ചവയ്ക്കുന്നവരാണ്. താഴ്ന്നമധ്യവരുമാനക്കാരയ രാജ്യങ്ങളിലെ സാമ്പ്രദായിക ശിശുവാക്സിനുകളിലെ 60% ലഭ്യമാക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. കൊറോണ വൈറസിനെതിരായ വാക്സിന്റെ കാര്യത്തിലും ഇതേ സേവനം ലോകത്തിന് ലഭ്യമാക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. നമ്മുടെ വാക്സിന്‍ കമ്പനികൾ നാല് വാക്സിനുകളുടെ പരീക്ഷണഘട്ടത്തിലാണ്. തദ്ദേശീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണിവ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭാരത് ബയോടെക് വികസിപ്പിക്കുന്ന “കോവാക്സിന്‍” ഇത്തരത്തില്‍പ്പെട്ടതാണ്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടത്തിലുള്ള മറ്റ് ഇന്ത്യന്‍ വാക്സിനുകള്‍ നമ്മുടെ കമ്പനികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാനകമ്പിനികളും ചേര്‍ന്ന സംയുക്തസംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കുന്നവയാണ്. ഇക്കാര്യമൊഴികെ മറ്റെല്ലാ ഘട്ടങ്ങളും ഇന്ത്യക്കകത്തു തന്നെയാണ് നടന്നത് എന്നത് ശ്രദ്ധേയമാണ്. വാക്സിന്‍ പരീക്ഷണഘട്ടത്തില്‍ സുരക്ഷിതത്വം, ഫലപ്രാപ്തി എന്നിവ കൃത്യമായിത്തന്നെ പരിശോധിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു. ഇതുവരെ നമ്മുടെ രാജ്യത്ത് കാര്യങ്ങള്‍ ഒരു വിധം നന്നായി നടന്നു എന്നു പറയാം. ഇതുവരെ 70 ലക്ഷം രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗബാധിതരുടെ എണ്ണത്തിലും വര്‍ധനവിന്റെ നിരക്കിലും കുറവ് കാണുന്നുണ്ട്. എന്നാലും നേരിയ വര്‍ധന കുറേക്കാലും കൂടി തുടരാം. ഇപ്പോള്‍ 60,000 ത്തിലധികം കേസുകള്‍ മാത്രമാണ് ഓരോ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതേ പ്രവണത ലോകത്തില്‍ പലയിടത്തും കണ്ടതാണ്. എന്നാല്‍ അവിടെയെല്ലാം വീണ്ടും സംഖ്യകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നാം ജാഗ്രത തുടര്‍ന്നേ തീരു. ഫലപ്രദമാണെന്ന് ഇതിനകം നാം കണ്ടെത്തിയ മാസ്ക് ധരിക്കുക. ശാരീരിക അലകവും ശുചിത്വവും പാലിക്കുക, അതോടൊപ്പം തന്നെ പരിശോധന, ഉറവിടം കണ്ടുപിടിക്കല്‍, ഐസൊലേഷന് എന്ന രീതിശാസ്ത്രം തുടരുകയും വേണം. കൂടുതല്‍ ഫലപ്രദമായ ഔഷധങ്ങളും വാക്സിനുകളും ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും പ്രതീക്ഷിക്കാം.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ സമൂഹത്തെ സംബന്ധിച്ച് എങ്ങനെയായിരുന്നു എന്നുകൂടി ഈ ഘട്ടത്തില്‍ ആലോചിക്കണം. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ പൊതുവേയും കുട്ടികളും സ്ത്രീകളുമടങ്ങുന്നവര്‍ക്ക് പ്രത്യേകമായും നേരിടേണ്ടിവന്ന കെടുതികളെക്കുറിച്ച് പരാമര്‍ശിച്ചല്ലോ. ലോക്ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ കൂട്ടുകാരില്ലെങ്കിലും കുട്ടികള്‍ അവധി ആഘോഷിച്ചിരുന്നു. പക്ഷെ ആഴ്ചകള്‍ മാസങ്ങള്‍ക്കു വഴി മാറിയതോടെ അതിന്റെ ആഘാതം വ്യക്തമായി തുടങ്ങി. ഓണ്‍ലൈന്‍ പഠനം എത്ര കുറ്റമറ്റതാണെങ്കിലും മറ്റ് സഹപാഠികളോടുള്ള ഇടപഴകല്‍, ഒരുമിച്ചുള്ള പഠനം എന്നിവ സാമൂഹ്യവും ബൗദ്ധികവുമായ വികസനത്തില്‍ അവര്‍ പിന്തള്ളപ്പെടുന്നില്ല എന്ന് ഭാവിയെക്കരുതി ഉറപ്പുവരുത്തേണ്ടത്.
ഇക്കാലത്ത് സ്ത്രീകള്‍ നേരിട്ട പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ചത് സ്ത്രീകളിലാണ്. സംഘടിതഅസംഘടിത മേഖലയിലെ തൊഴില്‍ നഷ്ടവും അധികം ബാധിച്ചത് സ്ത്രീകളെത്തന്നെയാണ്. വീട്ടുജോലികളും മുതിര്‍ന്നവരേയും കുട്ടികളേയും പരിചരണവും അടക്കമുള്ള പ്രവൃത്തികള്‍ സ്ത്രീകളുടെ മാത്രം ചുമതലയാകുന്ന സംസ്കാരിക നിര്‍മ്മിതി കൂടെ ഇതോടൊപ്പം ചേര്‍ത്തുവായിക്കുന്നു. ആരോഗ്യസേവനമടക്കമുള്ള സേവനങ്ങള്‍ ലഭ്യമല്ലാത്ത ലോക്ഡൗണ്‍ കാലം സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ വീടുകളിലുള്ള പ്രസവങ്ങളുടെ നിരക്ക് വലിയതോതില്‍ വര്‍ധിച്ചു.

സ്ത്രീകള്‍ക്ക് അങ്ങേയറ്റം ആവശ്യമായ ഗര്‍ഭകാല ശുശ്രൂഷ അവര്‍ക്ക് ലഭ്യമായില്ല. ഇക്കാലത്ത് ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവര്‍ അധികവും പുരുഷന്മാരാണ്. അങ്ങനെ സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ മേഖലകളിലെല്ലാം സ്ത്രീകള്‍ പിന്തള്ളപ്പെട്ടു.

ഈ നഷ്ടങ്ങള്‍ പരിഹരിച്ച് സ്ത്രീകളുടെ കാര്യത്തില്‍ ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുക എന്ന സമീപനത്തിനുപകരം സാഹചര്യങ്ങളില്‍ ഇടപെട്ട് പരിഹരിക്കുന്ന സജീവസമീപനം ഉണ്ടാകേണ്ടതുണ്ട്. തൊഴില്‍ രംഗങ്ങളിലും ആരോഗ്യരംഗത്തും സമൂഹത്തിലും സ്ത്രീക്ഷേമം പുനഃസ്ഥാപിക്കുന്നതിനുള്ള മുന്‍കൈ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുമുണ്ടാകണം. പൊതുജനരോഗ്യരംഗത്തും ആരോഗ്യശാസ്ത്രത്തിന്റെ രംഗത്തും വൈദഗ്ദ്ധ്യമുള്ള സ്ത്രീകളുടെ കര്‍തൃത്വം മാധ്യമങ്ങളുടെ കാര്യത്തിലോ ജേര്‍ണലുകളുടെ കാര്യത്തിലോ അംഗീകരിക്കപ്പെടുന്നില്ല. അവിടെയെല്ലാം വക്താക്കളും വിദഗ്ധരും പുരുഷന്മാരാണ്. നാം പ്രവര്‍ത്തിക്കുന്ന ഓരോ മണ്ഡലത്തെയും പരിശോധിക്കാനുള്ള ഒരു ലിംഗപദവി ലെന്‍സ് ഉണ്ടാകണം. സമൂഹം, തൊഴില്‍, ശാസ്ത്രരംഗം എന്നി രംഗങ്ങളിലെല്ലാം ഇത്തരത്തിലുള്ള തുടര്‍ച്ചയായ കണക്കെടുപ്പും പരിശോധനയും ഉണ്ടാകണം. കാരണം പൊതുജനാരോഗ്യരംഗത്ത് മാത്രമല്ല സമൂഹത്തിന്റെ സകലജീവിതമേഖലയിലും വ്യക്തികള്‍ക്ക് തങ്ങളുടെ തനത് സംഭാവനകള്‍ നല്‍കാനുള്ള തുല്യവും വൈവിധ്യപൂര്‍ണവുമായ മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ്.

ഇത്രയും നേരം എന്നെ ശ്രദ്ധിച്ചതിനു നന്ദി. ചര്‍ച്ചകള്‍ക്ക് കാതോര്‍ക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈനായും ഭാവിയില്‍ നേരിട്ടും നന്ദി.


പരിഭാഷ : ഡോ.കെ.പ്രദീപ് കുമാർ

വാക്സിൻ ഗവേഷണം എവിടെ വരെ?

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വാക്സിൻ ഗവേഷണം എവിടെ വരെ?
Next post വഴിവെട്ടി മുന്നേറിയ വനിതകൾ
Close