COP 29 ൽ എന്തൊക്കെ സംഭവിച്ചു ?
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1992 ജൂൺ അഞ്ചാം തീയതി ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ചുനടന്ന ‘ഭൗമഉച്ചകോടി’ യുടെ ഭാഗമായി അംഗീകരിക്കപ്പെട്ട ഉടമ്പടികളിൽ ഒന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ (United Nations Framework Convention on Climate Change, UNFCC). ഈ ഫ്രെയിംവർക്ക് ഉടമ്പടി 27 അംഗ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 198 പാർട്ടികൾ ഒപ്പിട്ട് അംഗീകരിച്ചതോടെ 1994 മാർച്ച് 21-ന് നിലവിൽ വന്നു; ഇതിൽ ഒപ്പുവെച്ച രാജ്യങ്ങളാണ് കൺവെൻഷന്റെ ‘പാർട്ടികൾ’. കാലാവസ്ഥാ സംവിധാനത്തിൽ അപകടകരമായ മനുഷ്യ ഇടപെടൽ തടയുക എന്നതാണ് UNFCC യുടെ ആത്യന്തിക ലക്ഷ്യം. പാർട്ടികളുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് എല്ലാ വർഷവും ബന്ധപ്പെട്ട കക്ഷികളുടെ കോൺഫറൻസ് നടത്താറുണ്ട്, അതാണ് ‘കോൺഫറൻസ് ഓഫ് പാർട്ടീസ്’ അഥവാ COP. ഈ വർഷത്തെ COP 29 അസർബജനിലെ ബാക്കു എന്ന സ്ഥലത്ത് വെച്ചാണ് നടന്നത്.
ആവശ്യമുള്ളത് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി ഡോളർ, കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് മുപ്പതിനായിരം കോടി ഡോളർ!
ഈ വർഷത്തെ കാലാവസ്ഥാ കോൺഫറൻസ് 2024 നവം. 11 മുതൽ 22 വരെയായി ഉദ്ദേശിച്ചിരുന്നത് ഒരു ദിവസം വൈകി നവം.23 രാത്രി അവസാനിച്ചു. വികസ്വര രാഷ്ട്രങ്ങൾക്കുള്ള കാലാവസ്ഥാ ഫണ്ടിന്റെ കാര്യത്തിൽ സമവായം ഉണ്ടാക്കാതെ കോൺഫറൻസ് അവസാനിപ്പിക്കാൻ സാധിക്കില്ലായിരുന്നു. വികസ്വര രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ ഫണ്ട് ‘പുതിയ കൂട്ടായ അളവ് ലക്ഷ്യത്തോടെ’ തീരുമാനിക്കണം (New Collective Quantified Goal on Climate Finance, NCQG). നവം. 23 ലെ ധാരണ പ്രകാരം ഈ കാലാവസ്ഥാ ഫണ്ട് നിലവിലെ പ്രതിവർഷം 10,000 കോടി ഡോളർ എന്നതിൽ നിന്ന് 2035 വരെ NCQG (പുതിയ കൂട്ടായ അളവ് ലക്ഷ്യമായി) ആയി പ്രതിവർഷം 30,000 കോടി ഡോളർ എന്ന നിലയിലേക്ക് ഉയർത്താൻ ധാരണയായിട്ടുണ്ട്. അതോടൊപ്പം ധനസഹായം 2035-ഓടെ പൊതു-സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് പ്രതിവർഷം 1.3 ട്രില്യൺ (1,30,000കോടി) ഡോളറായി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനമായി. എന്തു കൊണ്ട് വികസ്വര രാഷ്ടങ്ങൾ ഈ NCQG യുടെ കാര്യത്തിൽ നിർബന്ധം പിടിച്ചു എന്ന് മനസ്സിലാവണമെങ്കിൽ കാലാവസ്ഥാ ഫണ്ടിങ്ങിന്റെ കുറച്ച് ചരിത്രം അറിയണം. അതോടൊപ്പം, NCD (Nationally Determined Contributions) എന്താണെന്നും അതിന്റെ പ്രാധാന്യവും അറിയണം.
ദേശീയ കാലാവസ്ഥാ നടപടികൾ
ക്യോട്ടോ ഉടമ്പടിയിലെ കാർബൺ കുറയ്ക്കൽ വ്യവസ്ഥകൾ തുടക്കത്തിൽ വികസിത രാഷ്ടങ്ങൾക്ക് മാത്രമായിരുന്നു ബാധകം. പാരിസ് ഉടമ്പടി പ്രകാരം, പക്ഷേ, എല്ലാ രാജ്യങ്ങൾക്കും നെറ്റ് സീറോ ലക്ഷ്യവും അതിലേക്ക് എത്തുന്നതിനുള്ള കാലാവസ്ഥാ നടപടികളും നിർബന്ധമാക്കി. ഈ ‘കാലാവസ്ഥാ നടപടികളുടെ’ ഔദ്യോഗിക നാമം ‘ദേശീയമായി നിശ്ചയിച്ച സംഭാവനകൾ’ (Nationally Determined Contributions, NCD) എന്നാണ്. ഇത് തയ്യാറാക്കേണ്ടത് ‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (Common But Differentiated Responsibilities and Respective Capabilities, in the light of different National Circumstances, CBDR-RCNC) അനുസരിച്ചാണ്.
‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (CBDR-RCNC) എന്ന തത്ത്വം വളരെ പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത കഴിവുകളും, ഉത്തരവാദിത്തങ്ങളും, ദേശീയ സാഹചര്യങ്ങളും, കണക്കിലെടുക്കണം. അതാണ് CBDR-RCNC. ആഗോള പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്, എന്നാൽ തുല്യ ഉത്തരവാദിത്തമല്ല! ഇതിനർത്ഥം ഓരോ രാജ്യത്തിന്റെയും സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങളും അവരുടെ ഭൗതികവും സാമ്പത്തികവുമായ ശേഷികളും കണക്കിലെടുത്തുകൊണ്ട് കാലാവസ്ഥാ വ്യതിയാന ലഘൂകരണ പദ്ധതികളും അഡാപ്റ്റേഷൻ സപ്പോർട്ട് മെക്കാനിസങ്ങളും നിർവചിക്കുന്നു എന്നാണ്. ചുരുക്കത്തിൽ, രാജ്യങ്ങൾ അവരുടെ അവസ്ഥയും കഴിവുമനുസരിച്ച് നെറ്റ് സീറോ ലക്ഷ്യവും അത് കൈവരിക്കുന്നതിനുള്ള കാലാവസ്ഥാ നടപടികളും (NCD) പ്രഖ്യാപിക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും വേണം.
ഇന്ത്യയുടെ കാർബൺ ഉദ്‌വമനം 2040 നും 2045 നും ഇടയിൽ പരമ്യത്തിലെത്തി പിന്നീട് കുറഞ്ഞു വരും എന്ന അനുമാനത്തിലാണ് 2070 ‘നെറ്റ് സീറോ’ ലക്ഷ്യവർഷമായി സ്വീകരിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ, യു.എസ്.എ ന്നിവർ 2050 ആണ് ലക്ഷ്യമാക്കിയിരിക്കുന്നത്, ചൈനയുടേത് 2060.
ഇന്ത്യ 2015 ഒക്‌ടോബർ 2-ന് CBDR-RCNC അനുസരിച്ച് തന്നെ, ‘ദേശീയ കാലാവസ്ഥാ നടപടികൾ’ UNFCC ക്ക് സമർപ്പിച്ചിരുന്നു. ഇതിൽ എട്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. പാരിസ് ഉടമ്പടി പ്രകാരം രാജ്യങ്ങളോട് അവരുടെ NDC-കൾ 2020 മുതൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും പ്രതിബദ്ധതകൾ മെച്ചപ്പെടുത്തി പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ് സാഹചര്യം കൊണ്ട് പല രാജ്യങ്ങൾക്കും 2020 ൽ NCD പുതുക്കി നല്കാൻ സാധിച്ചില്ല. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ ആസൂത്രണം ചെയ്ത ഉദ്ദേശിച്ച ഉൽസർജനം വെട്ടിക്കുറയ്ക്കലും യഥാർഥ ഉൽസർജനം കുറയ്ക്കലും തമ്മിലുള്ള വലിയ വിടവ് കണക്കിലെടുത്ത്, 2021 നവംബറിലെ ഗ്ലാസ്‌ഗോ ഉച്ചകോടി (COP26) എല്ലാ രാജ്യങ്ങളോടും 2022-ൽ തന്നെ തങ്ങളുടെ NDC-കളിലെ ലക്ഷ്യങ്ങൾ പുനഃപരിശോധിക്കാനും പുതുക്കാനും ആഹ്വാനം ചെയ്തു.
2022 ഓഗസ്റ്റിൽ, ഇന്ത്യ NDC കൾ പുതുക്കി നല്കി. പ്രധാനമായും മൂന്നു ലക്ഷ്യങ്ങളിലാണ് പുതുക്കൽ നടന്നത്. ഒന്നാമത്തെ ലക്ഷ്യത്തോടൊപ്പം വ്യക്തികൾക്കും സമൂഹത്തിനും ബാധകമായ ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LIFE) കൂട്ടിചേർത്തു. NDC യുടെ മൂന്നാമത്തെ ലക്ഷ്യവും പുതുക്കി; അതനുസരിച്ച് 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ ഉൽസർജന തീവ്രത GDP യുടെ 33 മുതൽ 35 ശതമാനം വരെ കുറയ്ക്കുക എന്നതിന് പകരം 45 ശതമാനം വരെ കുറക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായി. കൂടാതെ ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷിയുടെ ലക്ഷ്യം 2030-ഓടെ 40 ശതമാനം എന്നതിന് പകരം 50 ശതമാനം ആയും ഉയർത്തി. ഇനി 2025 ൽ, 2035 ലക്ഷ്യം വെച്ച്കൊണ്ട് എല്ലാ ലോക രാജ്യങ്ങളും 2025 ൽ NDC കളുടെ മൂന്നാമത് പുതുക്കൽ നടത്തണം, അതായത് NDC 3.0.
NCQG യുടെ ആവശ്യകത
1992-ൽ ലോകരാഷ്ട്രങ്ങൾ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCCC) ചർച്ച ചെയ്തപ്പോൾ, കാലാവസ്ഥാ മാറ്റത്തെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് വികസിത രാജ്യങ്ങൾ ധനസഹായം നൽകുമെന്ന് സമ്മതിച്ചിരുന്നു. 2009-ൽ (COP 15 കോപ്പെൻഹേഗൻ) വികസിതരാജ്യങ്ങൾ, വികസ്വരരാജ്യങ്ങളെയും കാലാവസ്ഥാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിന് 2020-ഓടെ, പ്രതിവർഷം 10,000 കോടി ഡോളർ സമാഹരിച്ച് നൽകാമെന്ന് സമ്മതിച്ചിരുന്നു.
2015 ലെ പാരീസ് ഉടമ്പടിയിൽ, ആർട്ടിക്കിൾ 9 “വികസിതരാജ്യ പാർട്ടികൾ വികസ്വര രാജ്യ പാർട്ടികളെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകും” എന്ന് വീണ്ടും സ്ഥിരീകരിക്കപ്പെട്ടു. 2025-ന് മുമ്പ്, “വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് പ്രതിവർഷം 10,000 കോടി ഡോളർ എന്ന നിലയിൽ നിന്ന് ഒരു പുതിയ കൂട്ടായ അളവ് ലക്ഷ്യം സ്ഥാപിക്കും” എന്നും തീരുമാനിച്ചു. ഈ “പുതിയ കൂട്ടായ അളവ് ലക്ഷ്യം” (NCQG) ആയിരുന്നു COP29 ലെ ചർച്ചകളുടെ കീറാമുട്ടി!
2025 സമയപരിധി അടുത്തിരിക്കുന്നതിനാൽ, പുതിയ ലക്ഷ്യത്തിൽ സമവായം ഉണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. 2025 ന് മറ്റൊരു പ്രത്യേകതയും ഉണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ, ലോക രാജ്യങ്ങൾ 2025 ൽ NDC 3.0 സമർപ്പിക്കേണ്ട സമയമാണ്. ഈ NDC നടപ്പിലാക്കുന്നതിന് ചെറിയ തോതിലുള്ള പണമൊന്നും പോര! ലോക രാജ്യങ്ങൾ സമർപ്പിച്ചിരിക്കുന്ന NDC കൾ എല്ലാം നടപ്പിലാകണമെങ്കിൽ 5,00,000 കോടി മുതൽ 6,90,000 കോടി (5-6.9 ട്രില്ല്യൺ) വേണ്ടി വരുമെന്നാണ് നിഗമനം. ഇതിന്റെ ഏകദേശം നാലിലൊന്ന്, അതായത്, 1,30,000 കോടി ഡോളർ ആണ് NCQG ആയി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടത്. അതാണിപ്പോൾ 30,000 കോടി ഡോളർ ആയി കുറഞ്ഞു വന്നത്!
ഇന്ത്യ 2022 ൽ പുതുക്കി നല്കിയ, 2030 ലേക്കുള്ള 8 NDC ലക്ഷ്യങ്ങളിൽ വ്യക്തമായി അളക്കാവുന്നത് മൂന്നെണ്ണം മാത്രമാണ് (ലക്ഷ്യങ്ങൾ 3,4,5). ഇവ മൂന്നും നടപ്പിലാക്കുന്നതിന് നല്ല തോതിൽ പണം ചിലവഴിക്കണം. അവ ഏതൊക്കെയെന്ന് കാണാം,
- GDP യുമായി ബന്ധപ്പെടുത്തിയുള്ള കാർബൺ എമിഷൻ തീവ്രത 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ 45 ശതമാനം കണ്ടു കുറയ്ക്കുക.
- സാങ്കേതിക വിദ്യയുടെ കൈമാറ്റം, ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ധനസഹായം ഉപയോഗിച്ച് 2030-ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 50 ശതമാനം സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷി കൈവരിക്കുക.
- അധിക വനആവരണത്തിലൂടെയും മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിലൂടെയും 2030-ഓടെ 2.5 മുതൽ 3 ശതകോടി ടൺ വരെ CO2 ന്റെ അധിക കാർബൺ സിങ്ക് സൃഷ്ടിക്കുക.
മേൽക്കൊടുത്ത NDC ലക്ഷ്യങ്ങളിൽ നാലാമത്തേത് ശ്രദ്ധിക്കുക. ഇതൊരു സോപാധിക NCD ലക്ഷ്യമാണ്, ‘ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം’ ലഭിക്കുന്നില്ലെങ്കിൽ ഇതിൽ പറഞ്ഞ ‘2030-ഓടെ’, ‘50 ശതമാനം’ എന്നിവ എങ്ങിനെ നിറവേറ്റും? പല രാജ്യങ്ങളും ഇത്തരം സോപാധിക ലക്ഷ്യങ്ങൾ NDC ൽ ഉൾപ്പെടുത്തിയിട്ടുണ്ട്!
ആർട്ടിക്കിൾ 6 ന്റെ നടത്തിപ്പ്
ബാക്കുവിൽ തീരുമാനമായ ഒന്നാണ് പാരിസ് ഉടമ്പടിയിലെ ആർട്ടിക്കിൾ 6 ന്റെ കാര്യം. ‘കാർബൺ ഓഫ്സെറ്റിംഗ്’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മൂന്ന് സബ്ആർട്ടിക്കിൾ അടങ്ങിയതാണ് ഇത്. ആർട്ടിക്കിൾ 6 പ്രകാരം രണ്ട് വിപണി സംവിധാനവും (6.2, 6.4 ) ഒരു വിപണിയിതര (6.8) സംവിധാനവുമാണുള്ളത്. പലരും പ്രതീക്ഷയോടെ കാത്തിരുന്ന ആർട്ടിക്കിൾ 6 സംവിധാനം 2025 ൽ തന്നെ പ്രാവർത്തികമാകും എന്ന് കരുതാം. രാജ്യങ്ങൾ അവരുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരിക്കുമ്പോൾ അവർക്ക് വിശ്വസനീയവും സുതാര്യവുമായ കാർബൺ വിപണികൾ ആർട്ടിക്കിൾ 6 ഉറപ്പ് നല്കുന്നു. ഈ സഹകരണം രാജ്യങ്ങളുടെ ദേശീയ കാലാവസ്ഥാ പദ്ധതികൾ (NDCs) നടപ്പിലാക്കുന്നതിനുള്ള ചെലവ് പ്രതിവർഷം 250 ബില്യൺ ഡോളർ വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ കാർബൺ ഓഫ്സെറ്റിംഗുമായി ബന്ധപ്പെട്ട് ചില പദ്ധതികൾ 2023-24 ൽ പ്രഖ്യാപിച്ചിരുന്നു. കാർബൺ ക്രെഡിറ്റിന്റെ ആഭ്യന്തര വിപണിയാണ് (carbon market) ഇതിൽ പ്രധാനപ്പെട്ടത്, പക്ഷേ തുടങ്ങിയിരുന്നില്ല. ആർട്ടിക്കിൾ 6 ന്റെ നടത്തിപ്പ് എങ്ങിനെ എന്ന് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു. ഇതിനോട് കൂട്ടി വായിക്കേണ്ട ഒന്നാണ് ക്യോട്ടോ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞു വന്ന സന്നദ്ധ കാർബൺ മാർക്കറ്റ് (voluntary market). ഇതിന്റെ ഭാവിയും ആർട്ടിക്കിൾ 6 തീരുമാനിക്കും. Verra, Gold Standard എന്നീ അന്താരാഷ്ട്ര കാർബൺ സ്റ്റാൻഡേർഡ് സ്ഥാപനങ്ങൾക്കു താത്പര്യമുള്ള ഒന്നാണിത്.
പാരിസ് ഉടമ്പടിക്ക് മുമ്പുണ്ടായിരുന്ന ക്യോട്ടോ ഉടമ്പടിയിലാണ് കാർബൺ ക്രഡിറ്റ് ആദ്യമായി സ്ഥാനം പിടിക്കുന്നത്. പക്ഷേ, ക്യോട്ടോയിൽ വ്യാവസായിക രാജ്യങ്ങൾക്ക് മാത്രമായിരുന്നു എമിഷൻ കുറയ്ക്കാനുള്ള ബാധ്യസ്ഥത. അവർക്ക് വികസ്വര രാജ്യങ്ങളിലെ കാർബൺ പ്രോജക്റ്റുകൾക്ക് ഫണ്ട് നൽകാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനും ഇത് വഴി ഉദ്ദേശിച്ചിരുന്നു. പകരമായി, വ്യാവസായിക രാജ്യങ്ങൾക്ക് ഈ പദ്ധതികൾവഴി കൈവരിച്ച GHG യിലുള്ള കുറവുകൾ ഉപയോഗിച്ച് അവരുടെ ബാധ്യതകൾ നിറവേറ്റാനും കഴിഞ്ഞിരുന്നു. പക്ഷേ, പാരിസ് ഉടമ്പടി പ്രകാരം എല്ലാ രാജ്യങ്ങൾക്കും, വികസിത, വികസ്വര ഭേദമില്ലാതെ, എമിഷൻ കുറയ്ക്കാൻ ബാധ്യതയുണ്ട്. ഇതിനർത്ഥം, മറ്റ് രാജ്യങ്ങളിൽ നിന്ന് കാർബൺ ക്രഡിറ്റുകൾ വാങ്ങി തട്ടിക്കിഴിക്കാനുള്ള അവസരങ്ങൾ കുറവായിരിക്കുമെന്നാണ്!
ഒരു രാജ്യത്തിന് അതിന്റെ NDC ലക്ഷ്യം കൈവരിക്കുന്നതിന്, കാർബൺ ക്രെഡിറ്റ് യൂണിറ്റുകളിൽ നിക്ഷേപം നടത്താനും, ശേഷിവർദ്ധനക്കുള്ള പിന്തുണയും, ആഭ്യന്തരമായി ലഭ്യമല്ലാത്ത സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനവും ആർട്ടിക്കിൾ 6.2 പ്രാപ്തമാക്കുന്നു. ഇതുപ്രകാരം രാജ്യങ്ങൾ തമ്മിൽ കാർബൺ ക്രെഡിറ്റുകളുടെ ഉഭയകക്ഷി, അല്ലെങ്കിൽ ബഹുമുഖ വ്യാപാരം അനുവദിക്കുന്നു. ഇങ്ങിനെ ക്രയവിക്രയം ചെയ്യുന്ന ക്രെഡിറ്റുകളെ ITMO കൾ (Internationally Transferred Mitigation Outcomes, ITMOs) അഥവാ ‘അന്താരാഷ്ട്രതലത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന ലഘൂകരണ യൂണിറ്റുകൾ’ എന്ന് വിളിക്കുന്നു. ഏതെങ്കിലും രാജ്യം ITMO കൾ വാങ്ങുന്നത് സ്വന്തം ഉൽസർജന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ ഏതെങ്കിലും വിടവുകൾ പരിഹരിക്കാനാണ്.
UNFCCC യുടെ മേൽനോട്ടത്തിൽ ഒരു പുതിയ ആഗോള കാർബൺ വിപണി സൃഷ്ടിക്കുകയാണ് ആർട്ടിക്കിൾ 6.4 ലകശയമിടുന്നത്. ഈ സംവിധാനം വഴി, ഒരു രാജ്യത്തെ ഒരു കമ്പനിക്ക് ആ രാജ്യത്തെ എമിഷൻ കുറയ്ക്കാനും ആ കുറവ് ക്രെഡിറ്റ് ചെയ്യാനും കഴിയും. ഈ ക്രെഡിറ്റുകൾ മറ്റൊരു രാജ്യത്തെ വേറൊരു കമ്പനിക്ക് വാങ്ങി അവരുടെ എമിഷൻ റിഡക്ഷൻ ബാധ്യതകൾ പാലിക്കുന്നതിന് ഉപയോഗിക്കാം. ‘പാരീസ് എഗ്രിമെൻ്റ് ക്രെഡിറ്റിംഗ് മെക്കാനിസം’ (PACM) എന്നറിയപ്പെടുന്ന ഈ സംവിധാനം, ശക്തമായ പരിസ്ഥിതി, മനുഷ്യാവകാശ സംരക്ഷണങ്ങൾക്കെതിരായ പ്രോജക്ടുകൾക്കുള്ള നിർബന്ധിത പരിശോധനകൾ, തദ്ദേശീയ ജനങ്ങളുടെ വ്യക്തമായ അറിവോടെയല്ലാതെ ഒരു പ്രോജക്ടും മുന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കുന്ന സംരക്ഷണങ്ങൾ ഉള്ളവയാണ്. തീരുമാനത്തിനെതിരെ അപ്പീൽ ചെയ്യാനോ പരാതി ഫയൽ ചെയ്യാനോ PACM പ്രോജക്റ്റുകൾ പ്രതികൂലമായി ബാധിക്കുകയോ ബാധിക്കുമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യുന്ന ആരെയും അനുവദിക്കുന്നു.
നിർബന്ധിത പരിശോധനകൾക്ക് ഐക്യരാഷ്ട്ര സഭയുടെ പാരീസ് ഉടമ്പടി ക്രെഡിറ്റിംഗ് മെക്കാനിസത്തിൽ പങ്കെടുക്കുന്നവർ ബാധ്യസ്ഥരാണ്. പ്രോജക്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയാനും വിലയിരുത്താനും ഒഴിവാക്കാനും കുറയ്ക്കാനും ലഘൂകരിക്കാനും ആവശ്യപ്പെടാം. പുതിയ നിയമങ്ങൾ വഴി ഒരു വ്യക്തിയുടേയോ സമൂഹത്തിന്റെയോ പാരിസ്ഥിതികവും സാമൂഹികവുമായ അവകാശങ്ങൾ ഒരു നിർബന്ധിത സംവിധാനത്തിലൂടെ സംരക്ഷിക്കപ്പെടും. സുസ്ഥിര വികസന സംവിധാനം (Sustainable Development Tool) എന്നറിയപ്പെടുന്ന ഇത് പദ്ധതി ആഘാതങ്ങൾ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
ക്യോട്ടോ പ്രോട്ടോക്കോളിന് കീഴിൽ കാർബൺ വ്യാപാരം സാധ്യമാക്കിയ പഴയ സംശുദ്ധ വികസന തന്ത്രത്തിന് (Clean development mechanism, CDM) സമാനമായിട്ടാണ് PACM. ഇവയിൽ നിന്നുള്ള എമിഷൻ റിഡക്ഷൻ യൂനിറ്റുകൾ (ER) രാജ്യങ്ങൾക്കോ കമ്പനികൾക്കോ വ്യക്തികൾക്കോ വാങ്ങാം. രാജ്യങ്ങളെ അവരുടെ NDC-കൾ നേടാൻ സഹായിക്കുന്നതിനൊപ്പം, സുസ്ഥിര വികസനത്തിന് പിന്തുണ നൽകുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമപ്പുറം ലഘൂകരണശ്രമങ്ങളിൽ പങ്കാളികളാകുന്നതിന് സ്വകാര്യ മേഖലയെ അണി നിരത്തുന്നതിനും കൂടിയാണ് PACM. പുതിയ കാർബൺ ക്രെഡിറ്റിംഗ് സംവിധാനം സജ്ജീകരിക്കുന്ന UN ന്റെ സൂപ്പർവൈസറി ബോഡിക്ക് 2025-ൽ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ചെയ്ത് തീർത്ത് പാരീസ് എഗ്രിമെൻ്റ് ക്രെഡിറ്റിംഗ് മെക്കാനിസം എത്രയുംവേഗം, അതായത്, 2025 ൽ തന്നെ പ്രയോഗക്ഷമമാക്കണം.
ആർട്ടിക്കിൾ 6.8 ൽ ‘മാർക്കറ്റ് ഇതര സംവിധാനങ്ങൾ’ (non-market approaches, NMA) ആണുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള കാലാവസ്ഥാ സഹകരണത്തിനായുള്ള മാർക്കറ്റ് ഇതര സമീപനങ്ങൾക്ക് ഒരു ഔപചാരിക ചട്ടക്കൂട് ഈ ആർട്ടിക്കിൾ നൽകുന്നു. പക്ഷേ, ഇതിന്റെ കാര്യം തീരുമാനമായിട്ടില്ല.
മറ്റ് കാര്യങ്ങൾ
ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള COP28 ന്റെ പ്രതിബദ്ധത ബാക്കുവിൽ ശക്തമായി രാജ്യങ്ങൾ ഉയർത്തിയില്ല. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ചർച്ചകളിലെ “ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം” (transition away) ശക്തിപ്പെടുത്താനുള്ള ശ്രമവും കണ്ടില്ല, COP29 ന്റെ അന്തിമ തീരുമാനങ്ങളിൽ ഇത് ആവർത്തിക്കുക മാത്രം ചെയ്തു. നാശ-നഷ്ട നിധി (loss and damage fund) സൃഷ്ടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ അപര്യാപ്തമായി തുടരുന്നു. ഇപ്പോഴുള്ള 70 കോടി ഡോളർ എന്നത് 73.1 കോടി ഡോളർ ആയി ഉയർന്നു എന്ന് മാത്രം.
കാലാവസ്ഥാ കോൺഫറൻസിൽ സാധാരണ മറ്റ് പതിവ് പരിപാടികളും നടക്കും. NDC കളുടെ അവലോകനം, ആഗോള GHG സ്റ്റോക്കെടുപ്പ്, ദ്വിവത്സര സുതാര്യതാ റിപ്പോർട്ടിന്റെ (Biennial Transparency Report, BTR) സ്ഥിതി, REDD+ പദ്ധതികൾ, പൊരുത്തപ്പെടലുമായി (adaptation) ബന്ധപ്പെട്ട കാര്യങ്ങൾ, കാലാവസ്ഥാ പ്രവർത്തനങ്ങളിൽ തദ്ദേശീയരേയും പ്രാദേശിക സമൂഹങ്ങളെയും ഉൾപ്പെടുത്തി മുമ്പോട്ടു പോകുന്നതിനുള്ള ആവശ്യകത, ജൻഡർ ആക്ഷൻ പ്ലാൻ, അങ്ങിനെ പലതും.
പൊതുവായി വിലയിരുത്തുമ്പോൾ COP 29 ഒരു വൻവിജയമെന്നോ, വൻപരാജയമെന്നോ പറയാനാകില്ല. പക്ഷേ, ലോകം ആഗ്രഹിക്കുന്ന രീതിയിൽ താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി പിടിച്ചു നിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ വേഗത നന്നായി വർധിപ്പിക്കേണ്ടിയിരിക്കുന്നു.
CLIMATE DIALOGUE
കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ
SCIENCE OF CLIMATE CHANGE
- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും