Read Time:25 Minute

ഇൻസുലിനും ഗ്ലുക്കഗോണും

അടുത്തകാലത്ത് മെഡിക്കൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വാർത്തയാണ് ജി എൽ പി അഗോണിസ്റ്റുകൾ എന്നറിയപ്പെടുന്ന വിഭാഗം മരുന്നുകളുടെ പുതിയ ഉപയോഗങ്ങൾ. ജി എൽ പി എന്നാൽ ‘ഗ്ലുക്കഗോൺ ലൈക് പെപ്റ്റൈഡുകൾ’ അഥവ ഗ്ലുക്കഗോണിനെപ്പോലെയുള്ള പെപ്റ്റൈഡുകൾ എന്നു പറയാം. ഘടനാപരമായി ലളിതമായ പ്രോട്ടീനുകളെയാണ് പെപ്റ്റൈഡുകൾ എന്നു പറയാറുള്ളത്. ഗ്ലുക്കഗോൺ എന്നത് മനുഷ്യശരീരത്തിൽ സാധാരണ ഉത്പാദിപ്പിക്കുന്ന ഒരു പെപ്റ്റൈഡ് ആണ്. ഇതിന്റെ ധർമ്മം എന്താണെന്നു ചോദിച്ചാൽ, ഇൻസുലിനു നേരെ വിപരീതമായി പ്രവർത്തിക്കുന്നു എന്ന് ചുരുക്കത്തിൽ പറയാം. പലർക്കും അറിയാവുന്നതുപോലെ മനുഷ്യശരീരത്തിലെ ചയാപചയ പ്രക്രിയയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് എന്ന അവയവത്തിനുള്ളിലുള്ള ബീറ്റാ സെല്ലുകൾ എന്ന പ്രത്യേക കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന പ്രധാന ഹോർമോൺ ആണ് ഇൻസുലിൻ. ഗ്ലൂക്കോസ് വർദ്ധിക്കുമ്പോൾ ഇൻസുലിൻ കൂടുതലായി രക്തത്തിലേക്ക് സ്രവിക്കുകയും അതിന്റെ പ്രഭാവത്തിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കപ്പെടുകയും ചെയ്യും. ഇൻസുലിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഗ്ലൂക്കോസ് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പായി മാറുകയും അത് ശരീരകലകളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇതോടൊപ്പം രക്തത്തിലെ കൊഴുപ്പുകളെ ശരീരകലകളിലും ലിവറിലും നിന്ന് പുറത്തുവരാതെ തടയുന്ന ഒരു ആക്ഷനും ഇൻസുലിനു ഉണ്ട്. ഇൻസുലിന്റെ അഭാവത്തിൽ ശരീരം കലകളിലും ലിവറിലും ഉള്ള കൊഴുപ്പുകളെ ഊർജ്ജാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തും. മെറ്റബോളിക് പ്രക്രിയകൾക്കുള്ള ഊർജ്ജം ഗ്ലൂക്കോസിൽനിന്നു തന്നെ ഉപയോഗപ്പെടുത്താൻ ഇൻസുലിൻ സഹായിക്കുന്നു; ഇൻസുലിന്റെ അഭാവത്തിൽ ശരീരം കൊഴുപ്പുകളെ ഗ്ലൂക്കോസാക്കി മാറ്റി ഊർജ്ജം ഉപയോഗപ്പെടുത്തുന്നു. 

എന്നാൽ ഗ്ലുക്കഗോണാകട്ടെ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ചില അവസ്ഥകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി കുറയുകയാണെങ്കിൽ ഗ്ലുക്കഗോൺ അടിയന്തിരമായി അത് ഉയർത്താൻ സഹായിക്കുന്നു; അപകടം ഒഴിവാക്കുന്നു. ഇൻസുലിനും ഗ്ലുക്കഗോണും തമ്മിലുള്ള ബാലൻസ് ആണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത് എന്നു ചുരുക്കി പറയാം. ഗ്ലുക്കഗോണിന്റെ അളവ് രക്തത്തിൽ കൂടുമ്പോൾ ഇൻസുലിൻ ഗ്രന്ഥി പ്രതികരിക്കുകയും, പഞ്ചസാരയുടെ അളവ് കുറക്കാനായി ഇൻസുലിൻ സ്രവിപ്പിക്കുകയും ചെയ്യും

ഗ്ലുക്കഗോൺ ലൈക് പെപ്റ്റൈഡ്

ഗ്ലുക്കഗോൺ ലൈക് പെപ്റ്റൈഡ് എന്ന പദത്തിനർത്ഥം ഗ്ലുക്കഗോൺ പോലെയുള്ള പെപ്ടൈഡ് എന്നാണല്ലോ. പെപ്റ്റൈഡ് എന്നാൽ ഒരു ചെറിയ പ്രോട്ടീൻ എന്നു പറയാം. ശരീരത്തിലെ കലകളുടെ ഘടനയെ നിശ്ചയിക്കുന്നത് പ്രോട്ടീനുകളാണ്. അമൈനോ ആസിഡുകൾ ചേർന്നാണ് പ്രോട്ടീനുകൾ മെനഞ്ഞെടുത്തിരിക്കുന്നത്. നീളം കുറഞ്ഞ നാരുകൾഅമൈനോ ആസിഡ് ശൃംഖലകൾആണ് പെപ്റ്റൈഡുകൾ എന്നു പറയാം. പല ഹോർമോണുകളും പെപ്റ്റൈഡുകളാണ്, ഉദാഹരണം തൈറോയിഡ് ഹോർമോണുകൾ. അതുപോലെ ഇൻസുലിനും ഗ്ലുക്കഗോണും പെപ്ടൈഡ് ഹോർമോണുകൾ ആണ്

ഗ്ലുക്കഗോണിനു സമാനമായ പെപ്റ്റൈഡ് ആണ് ജി എൽ പി (ഗ്ലുക്കഗോൺ ലൈക് പെപ്റ്റൈഡ്) എന്നറിയപ്പെടുന്നത്. ഇവക്ക് ഗ്ലുക്കഗോണിനു സമാനമായ പ്രവർത്തനം മനുഷ്യശരീരത്തിൽ ഉണ്ടാക്കാൻ സാധിക്കും. ഘടനയിലെ സമാനതയാണ് ഇതിനു കാരണം. ഗ്ലുക്കഗോൺ രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) ഉയർത്തുന്നതുപോലെ ജി എൽ പികളും രക്തത്തിലെ പഞ്ചസാര ഉയർത്തും; അതിനു പ്രതിപ്രവർത്തനമായി ഇൻസുലിൻ സ്രവണം ഉണ്ടാവുകയും ചെയ്യും

ജില മോൺസ്റ്റർ (Gila monster)

ഇവയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ച രസകരമായ ഒരു ആകസ്മിക സംഭവം ഉണ്ട്. അമേരിക്കയിലെ മരുഭൂമികളിൽ കാണപ്പെടുന്ന ഒരു ഇഴജീവിയാണ് ‘ജില മോൺസ്റ്റർ’ എന്നറിയപ്പെടുന്നത്. ജില മോൺസ്റ്റർ ചില സന്ദർഭങ്ങളിൽ മറ്റു ജീവികളെ- മനുഷ്യരെയും- കടിക്കാറുണ്ട്. ഇവ ഒരു വിഷവസ്തു കടിക്കുന്ന ജീവിയുടെ രക്തത്തിലേക്ക് പ്രവഹിപ്പിക്കുന്നു എന്ന് അനുഭവം കൊണ്ട് മനസ്സിലായിട്ടുണ്ട്. പാമ്പിന്റെ വിഷം പോലെ അപകടകാരിയല്ലെങ്കിലും, പെട്ടെന്ന് ബോധക്ഷയം വരുത്താനുള്ള കഴിവുള്ളതാണ് ഇതെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷത്തിന്റെ ഘടനയെപ്പറ്റി പഠിച്ചപ്പോഴാണ് ഇതിനു ഗ്ലുക്കഗോണുമായി സാമ്യമുണ്ടെന്നു മനസ്സിലായത്. അതായത്, ഇതും ഒരു ജി എൽ പി ആണ്. ഈ വിഷവസ്തു ശരീരത്തിൽ കടക്കുമ്പോൾ ഇരയുടെ പാങ്ക്രീയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു; രക്തത്തിലെ ഗ്ലൂക്കോസ് താഴുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്നു കൂറക്കുന്നതുവഴിയാണ് ഇരയിൽ ബോധക്ഷയവും മറ്റും വരുത്താൻ ഇതിനു കഴിയുന്നതത്രെ. 

എന്നാൽ കണ്ടുപിടിത്തം വലിയ ശ്രദ്ധയൊന്നും ആകർഷിച്ചില്ല, കാരണം പ്രായോഗികമായി ഇതിനു വലിയ ഉപയോഗമൊന്നും ഇല്ലായിരുന്നു. മാത്രമല്ല, ഇതിന്റെ പ്രവർത്തനം വളരെ ക്ഷണികമായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം തന്നെ രക്തത്തിൽ ഇത് വിഘടിച്ചുപോകും എന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെ കുറേക്കാലം വഴിക്കുള്ള ഗവേഷണങ്ങൾ പുരോഗമിച്ചില്ല.  

ഗ്ലുക്കഗോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുകയാണു ചെയ്യുന്നതെങ്കിൽ, ജി എൽ പി എങ്ങിനെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നു? ചോദ്യമാണ് ഗവേഷണത്തിന്റെ അടുത്ത പടിയിലേക്ക് നയിക്കുന്നത്. ജി എൽ പി രക്തത്തിൽ കടക്കുമ്പോൾതന്നെ, പാങ്ക്രിയാസിലെ ബീറ്റാ സെല്ലുകൾ ഇൻസുലിൻ സ്രവിപ്പിക്കാൻ തുടങ്ങുന്നു. അമിതമായ വർദ്ധന ഗ്ലൂക്കോസിന്റെ അളവിൽ വരാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ഇൻസുലിന്റെ പ്രവർത്തനം മൂലം ഗ്ലൂക്കോസ് നില അമിതമായി താഴുകയും ചെയ്യാംശരിക്കും വിപരീതഫലം

ജി എൽ പി ചികിത്സയിൽ

 ലോകമാസകലം ഒരു വലിയ ശതമാനം ആളുകളെ ബാധിക്കുന്ന ഒരു വ്യാധിയാണ് ടൈപ്-2 പ്രമേഹം. ഇന്ത്യയിൽ തന്നെ പത്തുമുതൽ (ചില പഠനങ്ങളിൽ) ഇരുപതു ശതമാനം വരെ മുതിർന്നവരെ ബാധിക്കുന്ന ഒരു അസുഖമാണ് ഡയബെറ്റീസ് അഥവാ പ്രമേഹം. അമിതമായ ശരീരഭാരം പലപ്പോഴും ഇതിന്റെ അനുബന്ധമായി കാണാറുണ്ട്: അമിതഭാരം ക്രമേണ ഡയബറ്റീസിലേക്ക് നയിക്കുന്നതായാണ് കാണാറ്, എല്ലാവരിലും അങ്ങിനെ വേണമെന്നില്ലെങ്കിലും. അമിതഭാരവും (ഒബീസിറ്റി), ടൈപ്-2 ഡയബറ്റീസും ‘മെറ്റബോളിക് സിൻഡ്രോം’ എന്നറിയപ്പെടുന്ന ഒരു രോഗസമുച്ചയത്തിന്റെ ഭാഗമായി ഉണ്ടാകുന്നവയാണ് പലരിലും. ഇവ കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പുകളുടെ കൂടിയ അളവ് എന്നിവയും സമുച്ചയത്തിന്റെ ഭാഗമാണ്. ഇങ്ങിനെ ഉള്ളവരിൽ ഹൃദയാഘാതം, സ്റ്റ്രോക്ക് എന്നീ അവസ്ഥകൾ വരാനുള്ള സാധ്യത കൂടുതലാണ്; പലപ്പോഴും മദ്ധ്യവയസ്സിലോ, ചെറുപ്പത്തിൽ തന്നെയോ വന്നെന്നും ഇരിക്കും. ഈ കാരണങ്ങളാൽ ലോകത്തിൽ എല്ലാ ജനതകളിലും മരണനിരക്കിന്റെയും രോഗാതുരതയുടെയും ഒരു വലിയ ശതമാനം മെറ്റബോളിക് സിൻഡ്രോമിൽ ആരോപിക്കാം. ഇന്ത്യയിൽ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ടാണ് നാല്പതു ശതമാനത്തോളം മരണങ്ങൾ നടക്കുന്നത് എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 

മെറ്റബോളിക് സിൻഡ്രോമിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ പ്രധാനമായവ വ്യായാമത്തിന്റെ കുറവും ആവശ്യത്തിലധികം ആഹാരം കഴിക്കുന്ന, പ്രത്യേകിച്ച് അന്നജം കൂടുതലായി കഴിക്കുന്നആധുനിക ജനതയുടെ സ്വഭാവവും, ഉറക്കത്തിന്റെ കുറവും, മാനസിക പിരിമുറുക്കങ്ങളും എല്ലാം അടങ്ങും. ചുരുക്കത്തിൽ ആധുനികജീവിതത്തിന്റെ എല്ലാ സവിശേഷതകളും മെറ്റബോളിക് സിൻഡ്രോമിനു തുടക്കം കുറിക്കാം. അതുകൊണ്ടുതന്നെ ജീവിതശൈലീരോഗങ്ങളുടെ ഉത്തമോദാഹരണമാണ് ഇത്. ജനിതകമായ കാരണങ്ങളും പ്രധാനമാണ്, പ്രത്യേകിച്ച് പ്രമേഹത്തിനും മറ്റും

ഏകദേശം ഒരു നൂറ്റാണ്ടു മുൻപു വരെ പ്രമേഹത്തിനു കാര്യമായ പ്രതിവിധി ഒന്നും കണ്ടുപിടിച്ചിരുന്നില്ല. ആഹാരത്തിലെ അന്നജം നിയന്ത്രിക്കുക എന്ന ഒരേ ഒരു സ്വാഭാവിക ചികിത്സ മാത്രമെ ചികിത്സകർ ഉപദേശിച്ചിരുന്നുള്ളു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ കാനഡയിലെ ടൊറൊന്റോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരായ ബാന്റിംഗും, ബെസ്റ്റും പ്രമേഹ നിയന്ത്രണത്തിൽ ഇൻസുലിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കുന്ന പരീക്ഷണങ്ങൾ നടത്തി. നായ്ക്കളിൽ പാൻക്രിയാസ് ഗ്രന്ഥി ശസ്ത്രക്രിയമൂലം നീക്കി കളഞ്ഞ് അവയിൽ കൃത്രിമമായി പ്രമേഹം ഉണ്ടാക്കാൻ സാധിക്കും എന്ന് അവർ കാണിച്ചു. നൊബേൽ പ്രൈസ് കിട്ടിയ ഒരു കണ്ടുപിടിത്തമായിരുന്നു അത്. ഇതിന്റെ സ്വാഭാവിക പരിണാമമായി മനുഷ്യരിൽ പ്രമേഹ ചികിത്സയിൽ ഇൻസുലിൻ എന്ന ഹോർമ്മോൺ കുത്തിവെച്ചാൽ മതി എന്നും കണ്ടുപിടിക്കപ്പെട്ടു. പന്നികളുടെയും കന്നുകാലികളുടെയും പാൻക്രിയാസിൽനിന്ന് എടുക്കുന്ന ഇൻസുലിൻ ആണ് ആദ്യമായി മനുഷ്യരിൽ പരീക്ഷിക്കപ്പെട്ടത്. പന്നികളും പശുക്കളും ഭക്ഷണത്തിനുവേണ്ടി ധാരാളം കശാപ്പുചെയ്യപ്പെടുന്നു എന്നതുകൊണ്ട് ഇവയുടെ പാൻക്രിയാസ് കിട്ടാൻ വിഷമമുണ്ടായിരുന്നില്ല. പക്ഷെ ഇൻസുലിൻ കുത്തിവെച്ച പലർക്കും അതിനോട് അല്ലർജി ഉണ്ടാകുന്നതും പിന്നീട് നാം അറിഞ്ഞു. കാരണം ഇൻസുലിനും ഒരു പെപ്റ്റൈഡ് ഹോർമ്മോൺ ആണ്. പശുവിന്റെയും പന്നിയുടെയും പ്രോട്ടീൻ മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്. വർഷങ്ങൾക്കുശേഷമാണെങ്കിലും, വായിൽക്കൂടി കഴിക്കാൻ പറ്റുന്ന തരത്തിലുള്ള ഫലപ്രദമായ ഡയബറ്റീസ് മരുന്നുകളും കണ്ടെത്തുകയുണ്ടായി. മെറ്റ്ഫോർമിൻ ആണ് രീതിയിൽ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ മരുന്നുകളിൽ ഒന്ന്. പിന്നീട് അനേകം മരുന്നുകൾഓറൽ ആന്റി ഡയബറ്റിക് മരുന്നുകൾഎന്ന ശ്രേണിയിൽ എത്തിപ്പെട്ടു. ബാക്റ്റീരിയകളിൽ ജനിതക ടെക്നോളജി ഉപയോഗിച്ച് ഇൻസുലിൻ ഉണ്ടാക്കാൻ പറ്റുന്ന ജീൻ സന്നിവേശം ചെയ്ത് (റികോംബിനന്റ് ഡി ഏൻ സാങ്കേതികവിദ്യ) മനുഷ്യ ഇൻസുലിൻ കൃത്രിമമായി ഉണ്ടാക്കുക എന്നതായിരുന്നു ഡയബറ്റീസ് ചികിത്സയിലെ അടുത കാൽവെയ്പ്പ്. ഇത്തരത്തിലുള്ള ഇൻസുലിൻ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എങ്കിലും പുതിയ പുതിയ ഡയബറ്റീസ് മരുന്നുകൾക്കുവേണ്ടിയുള്ള പരിശ്രമം അവസാനിച്ചില്ല; കാരണം ഡയബറ്റീസിന്റെ പ്രാചുര്യം ജീവിതശൈലികൾ ആധുനികവൽക്കരിക്കപ്പെടുന്നതോടൊപ്പം ലോകത്തിൽ വർദ്ധിച്ചു വന്നു എന്നതുതന്നെ. അതോടൊപ്പം പലതരം പ്രമേഹങ്ങളുണ്ട് എന്നതും പ്രധാനമാണ്; ഒരേതരം ചികിത്സ എല്ലാ പ്രമേഹത്തിനും പറ്റുന്നതല്ല

തരത്തിലുള്ള ഏറ്റവും പുതിയ ഒരു മരുന്നാണ്സെമാഗ്ലൂട്ടൈഡ്‘. ഇത് പുറത്തിറങ്ങിയിട്ട് പത്തുവർഷത്തിൽ താഴെ മാത്രമെ ആവുന്നുള്ളു. ഒരു ഇൻജെക്ഷൻ ആയതുകൊണ്ടുതന്നെ പലരും ഇത് സ്വീകരിക്കാൻ മടിക്കുന്നു. പക്ഷെ വളരെ വേഗം തന്നെ ഇതിന്റെ ചില പ്രത്യേകതകൾ ശ്രദ്ധയിൽ വരികയുണ്ടായി. ഒന്നാമത് ഡയബറ്റീസിനു മാത്രമല്ല, അമിതമായ ശരീരഭാരം കുറക്കാനും സെമാഗ്ലൂട്ടൈഡ് ഉപയോഗപ്രദമാണെന്നു കണ്ടപ്പോൾ അതിന്റെ വാണിജ്യസാധ്യതകൾ അനന്തമായി വർദ്ധിച്ചു എന്നു പറയേണ്ടതില്ലല്ലോ.

സെമാഗ്ലുട്ടൈഡും അതിനു സമാനമായ മറ്റു മരുന്നുകളും ജി എൽ പി വിഭാഗത്തിൽ പെട്ടവയാണ്. ഗ്ലുക്കഗോണിനെ അനുകരിക്കുന്നതുവഴിയാണ് അവയുടെ പ്രവർത്തനം ഫലപ്രദമാകുന്നത്. ഇവ കുത്തിവെയ്ക്കുമ്പോൾ പ്രതികരണമായി ശരീരം ഇൻസുലിൻ സ്രവിപ്പിക്കുന്നു. മിക്ക ടൈപ്പ്-2 പ്രമേഹത്തിലും ഇൻസുലിന്റെ രക്തത്തിലുള്ള കുറവോ, ഉള്ള ഇൻസുലിൻ ഫലപ്രദാമാകാതെ പോകുന്നതോ ആണ് രോഗത്തിന്റെ ഏറ്റവും കാതലായ പ്രത്യേകത. ഇതിനെ മറികടക്കാൻ ജി എൽ പിക്കു സമാനമായ പ്രവർത്തനം വഴി മരുന്നുകൾക്ക് കഴിയുന്നു

മരുന്നുകൾ ഉപയോഗത്തിൽ വന്നപ്പോൾ തന്നെ ഒരു പ്രത്യേകത ഡോക്ടർമാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു: ഇവ ഉപയോഗിക്കുന്നവരിൽ തൂക്കം പെട്ടെന്നു കുറയുന്നു. പല ഡയബെറ്റീസ് രോഗികൾക്കും അമിതഭാരം ഒരു പ്രശ്നമായതുകൊണ്ട് മരുന്നിന്റെ സ്വഭാവം ഒരു അനുഗ്രഹമായാണ് കരുതപ്പെട്ടിരുന്നത്. തൂക്കം കുറക്കുന്നതിൽ ഇതിനുള്ള അഭൂതപൂർവമായ കഴിവ് വളരെപ്പെട്ടെന്നു തന്നെ അമിതഭാരത്തിനുള്ള ഒരു ചികിത്സയായി ഇത് ഉപയോഗിക്കപ്പെടാൻ കാരണമായി. ഡോക്ടർമാരുടെ ഉപദേശം കൂടാതെതന്നെ ഇത് അമേരിക്കയിലും മറ്റും ലഭ്യമാകാൻ തുടങ്ങി. കുത്തിവെയ്പ് ഉപയോഗിക്കണം എന്ന അസൗകര്യം പോലും അവഗണിച്ച് ജി എൽ പി മരുന്നുകൾ ഉപയോഗിക്കാൻ ആളുകൾ മുന്നോട്ടുവന്നു. പെട്ടെന്നു ശരീരഭാരം കുറക്കാനുള്ള കഴിവായിരുന്നു ഇതിന്റെ മുഖ്യ ആകർഷണം. ഡയബെറ്റീസ് ഇല്ലാത്തവർ പോലും ശരീരഭാരം കുറക്കാൻ ഉപയോഗിക്കുന്ന മരുന്നായി ഇത് മാറാൻ അധികകാലം വേണ്ടിവന്നില്ല. ഭക്ഷണത്തിനോടുള്ള ആസക്തിയും വിശപ്പും ഇല്ലാതാകുന്നതുവഴി ഭക്ഷണത്തിന്റെ അളവ് വളരെ കുറക്കുക എന്നതാണ് മരുന്നിന്റെ പ്രവർത്തനരീതി. ഇങ്ങിനെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ശരീരഭാരം കുറയുന്നു. 

പുതിയ സിദ്ധൗഷധം

എന്നാൽ ഡയബറ്റീസ് നിയന്ത്രണത്തിനും വണ്ണം കുറക്കലിനുമപ്പുറം ജി എൽ പികൾക്ക് മറ്റു പല ഔഷധഗുണങ്ങളുമുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അൽഷീമർ പോലെയുള്ള മറവിരോഗം, കൊറോണറി ഹൃദ്രോഗം, വൃക്കരോഗങ്ങൾ എന്നിവയിൽനിന്നൊക്കെ സംരക്ഷണം നൽകാൻ ജി എൽ പി സമാന മരുന്നുകൾക്ക് കഴിയുമെന്നാണ് ഏറ്റവും പുതിയ കണ്ടുപിടിത്തം. പരീക്ഷണങ്ങളും പഠനങ്ങളും പൂർത്തിയായിട്ടില്ലെങ്കിലും ഇത്തരത്തിലുള്ള സൂചനകൾ നൽകുന്ന പ്രബന്ധങ്ങൾ പുറത്തുവന്നു തുടങ്ങി. ഇവ ശരിയാണെങ്കിൽ ഇന്നു വരെ കാണാത്ത ഒരു പ്രകമ്പനമായിരിക്കും ഇത് മരുന്നുവിപണിയിൽ സൃഷ്ടിക്കാൻ പോകുന്നത്. ആമാശയത്തിലും കുടലിലുമുള്ള അൾസറുകളെ ചികിത്സിക്കുന്ന റാനിറ്റിഡിൻ, കൊളസ്റ്റെറോൾ കുറക്കാനുള്ള സ്റ്റാറ്റിൻ മരുന്നുകൾ എന്നിവയൊക്കെയാണ് കഴിഞ്ഞ അൻപതുവർഷങ്ങളിൽ വിപണിയെ പിടിച്ചു കുലുക്കിയ പുത്തൻ മരുന്നുകൾ. അവയിൽ നിന്നൊക്കെ എത്രയോ മടങ്ങ് വിപണിസാധ്യതയും, അതിലൂടെ ലാഭസാധ്യതയും ഉള്ള മരുന്നുകളാണ് ജി എൽ പി സമാനമരുന്നുകൾ. പ്രതീക്ഷയിൽ തന്നെ ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ഷെയർ വില കുതിച്ചുയരുന്നതും കാണുന്നുണ്ട്

ജീവിതശൈലീരോഗങ്ങളുടെ അന്ത്യം?

മരുന്നുകൾ തികച്ചും യാതൊരു വിരുദ്ധപ്രത്യാഘാതങ്ങളും ഇല്ലാത്തവ എന്നു പറയാനാവില്ല. പലർക്കും മനം പുരട്ടൽ, ഛർദ്ദി എന്നിവയൊക്കെ അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മരുന്നു നിർത്തുകയാണെങ്കിൽ ശരീരഭാരം തിരിച്ച് വരുമെന്നുള്ള പ്രത്യേകതയുമുണ്ട്. ചില പഠനങ്ങൾ കാണിക്കുന്നത് ഇവ ശരീരത്തിലെ കൊഴുപ്പിന്റെയും, ഒപ്പം മസിലിന്റെയും ഭാരം കുറക്കുന്നു എന്നതാണ്. എങ്കിലും വലിയ ശതമാനം ഉപയോക്താക്കളിലും മരുന്ന് ഫലപ്രദമായ ഭാരനിയന്ത്രണത്തിനും ഡയബെറ്റീസ് നിയന്ത്രണത്തിനും വഴിവെക്കുന്നു എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്

അമേരിക്കയിലും  മറ്റു വ്യാവസായിക രാഷ്ട്രങ്ങളിലും ശരീരഭാരം കുറക്കുക എന്നത് ഒരു വലിയ വിപണിയായി മാറിക്കഴിഞ്ഞു. പ്രത്യേകം ഡയറ്റുകൾ, ഡയറ്റീഷ്യന്മാർ, ജിമ്മുകൾ, ട്രെയ്നർമാർ എന്നിവരൊക്കെ അടങ്ങുന്ന സമ്പദ്വ്യവസ്ഥയിൽ കാര്യമായി പങ്കുവഹിക്കുന്ന ഒരു വിഭാഗമാണ് വിപണി. ടി വി, സാമൂഹ്യമാധ്യമങ്ങൾ എന്നിവ വഴിയുള്ള പരസ്യങ്ങളും വിപണിയുടെ ഭാഗമാണ്. (ഒരുപാടുപേർ ജീവിതമാർഗമായി സ്വീകരിച്ചിരിക്കുന്ന ഒരു പ്രവർത്തനമാണ് ഇത് എന്നതും മറന്നുകൂടാ).  ഇന്ത്യയിലും കേരളത്തിലും നഗരപ്രദേശങ്ങൾ വ്യത്യസ്തമല്ല. ഈ വിപണിയിൽ ജി എൽ പി മരുന്നുകൾ ഉണ്ടാക്കുന്ന ആഘാതം കാത്തിരുന്നു കാണാം.

മെറ്റബോളിക് സിൻഡ്രോമും അതിന്റെ ഭാഗമായ ദീർഘസ്ഥായീരോഗങ്ങളുംപ്രമേഹം, കൊറോണറി ഹൃദ്രോഗം, അമിതഭാരം, ഫാറ്റി ലിവർ, രക്തത്തിലെ അമിത കൊളസ്റ്ററോൾ, അമിത രക്തസമ്മർദ്ദം എന്നിവയെല്ലാംമനുഷ്യന്റെ ദൈനംദിനജീവിതത്തിൽ അടുത്തകാലത്ത്നൂറുവർഷങ്ങൾക്കിപ്പുറംജീവിതശൈലിയിൽ വന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും പുകവലി, മദ്യം എന്നിവയുടെ ഉപയോഗം, കായികാദ്ധ്വാനത്തിൽ വന്ന കുറവ്, അമിത കാലറിയുള്ള ഭക്ഷണം എന്നിവയൊക്കെ അതിന്റെ ഭാഗമാണ്. കായികാദ്ധ്വാനം കുറക്കുന്ന യന്ത്രങ്ങളുടെ പ്രചാരം, ഭക്ഷ്യോത്പാദനത്തിലും അതിന്റെ വിപണിയിലും വന്ന വിപ്ലവകരമായ സമൃദ്ധി എന്നിവയൊക്കെ മാറ്റത്തിന്റെ കാരണങ്ങളായി പറയാം. ഇവയൊന്നും തന്നെ തിരിച്ചുപോക്ക് എളുപ്പമാക്കുന്ന കാര്യങ്ങളല്ല. എന്നാൽ സാങ്കേതികതയുടെ അതിപ്രസരം കൊണ്ടുണ്ടായ ജീവിതശൈലീമാറ്റത്തിനു സാങ്കേതികവിദ്യയിൽനിന്നുതന്നെ പ്രതിവിധി കണ്ടുപിടിക്കുകയാണോ നാം?

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post COP 29 ൽ എന്തൊക്കെ സംഭവിച്ചു ?
Next post ലൂക്കമുതൽ ലൂസിവരെ – 2025 ലെ സയൻസ് കലണ്ടർ ഇപ്പോൾ ഓർഡർ ചെയ്യാം
Close