Read Time:46 Minute

പാരിസ്  ഉടമ്പടിയിലെ ഒരു പ്രധാന വ്യവസ്ഥയാണ് ‘ദേശീയമായി നിശ്ചയിച്ച നടപടികൾ (Nationally Determined Contributions, NDCs)ഉടമ്പടിയുടെ ആർട്ടിക്കിൾ 3 പ്രകാരം ഓരോ രാജ്യവും കൈവരിക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾ ദേശീയമായി നിർണ്ണയിച്ച് തയ്യാറാക്കാനും, അറിയിക്കാനും, നടപ്പിലാക്കാനും ആവശ്യപ്പെടുന്നു. ഇങ്ങിനെ നിർണ്ണയിക്കപ്പെട്ട നടപടികൾ ഹരിതഗൃഹ വാതക (GHG) ഉൽസർജനം കുറയ്ക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു പ്രവർത്തന പദ്ധതിയാണ്. NDCകൾ തയ്യാറാക്കുന്നതും നടപ്പിൽ വരുത്തുന്നതും വ്യത്യസ്‌ത ‘ദേശീയ സാഹചര്യങ്ങളുടെ’ വെളിച്ചത്തിൽ ‘പൊതുവായ, എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് ശേഷികളും’(CBDR-RC) പ്രതിഫലിപ്പിച്ചുകൊണ്ടാവണം. ഓരോ പാർട്ടിയും രാജ്യത്തിനു വേണ്ടി NDC കൾ തയ്യാറാക്കുകയും ഓരോ അഞ്ച് വർഷം കൂടുമ്പോൾ അത് പുതുക്കുകയും വേണം (ആർട്ടിക്കിൾ 4.9). മുൻ പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ ഉയർന്ന അഭിലാഷം പ്രതിഫലിപ്പിക്കാനാണ് പുതുക്കുന്ന ഓരോ NDC യും ശ്രമിക്കേണ്ടത്.

ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവർക്ക് കൺവെൻഷന്റെ (UNFCC) 2015ലെ പാരിസ്  ഉച്ചകോടിക്ക് (COP21) മുന്നോടിയായി, ഹരിതഗൃഹവാതക ഉദ്‌വമനം എങ്ങനെ കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുന്ന പദ്ധതികൾ സമർപ്പിക്കാൻ പാർട്ടികളെ  ചുമതലപ്പെടുത്തിയിരുന്നു. ആ പദ്ധതികളെ ‘ഉദ്ദേശിക്കുന്ന ദേശീയ കാലാവസ്ഥാ നടപടികൾ’ (Intended Nationally Determined Contributions, INDCs) എന്ന് വിളിച്ചു. 2015 ഡിസംബർ 10 ഓടെ, 185 രാജ്യങ്ങൾ 2025 അല്ലെങ്കിൽ 2030-നകം ഹരിതഗൃഹ വാതക ഉദ്‌വമനം പരിമിതപ്പെടുത്തുന്നതിനോ കുറയ്ക്കുന്നതിനോ സാധ്യതയുള്ള നടപടികൾ സമർപ്പിച്ചു. ഇന്ത്യ  INDC-കളുടെ സമർപ്പണത്തോടൊപ്പം ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള വെല്ലുവിളികൾ  ശ്രദ്ധയിൽപെടുത്തുന്നതിനും ശ്രമിച്ചു(1).

പൊതുവേ ഉയർന്ന് വന്ന ആവശ്യം 2050 ന് മുമ്പ് എല്ലാ രാജ്യങ്ങളും ഹരിതഗൃഹ വാതക ഉൽസർജനത്തിന്റെ കാര്യത്തിൽ  ‘നെറ്റ് സീറോ’ അഥവാ  ‘അസ്സൽ പൂജ്യം’ ഉൽസർജന പാതയിൽ ഏത്തണമെന്നതായിരുന്നു. പക്ഷേ, വികസ്വര രാജ്യങ്ങളോട്  ഉടൻ അസ്സൽ പൂജ്യത്തിലെത്താൻ നിർബന്ധിക്കുന്നത് ഗുരുതര വികസന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വികസിത സമ്പന്ന രാഷ്ട്രങ്ങളെ  ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യ നേതൃത്വപരമായ പങ്ക് വഹിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള പല വികസ്വര രാജ്യങ്ങളും ദാരിദ്ര്യം ലഘൂകരിക്കുന്നതിനോടൊപ്പം ഊർജത്തിന്റെ സാർവത്രിക ലഭ്യത ഉറപ്പ് വരുത്താൻ പാടുപെടുകയാണ് എന്ന് ഓർക്കണം. ഒരു പ്രധാന ഫോസ്സിൽ ഇന്ധനമായ കൽക്കരിയുടെ  ഉപയോഗം ഉടനെ നിർത്താൻ ഇന്ത്യക്ക് സാധിക്കില്ല.

വികസ്വര രാജ്യങ്ങൾക്ക് അർഹമായ കാർബൺ ഇടത്തിനും സുസ്ഥിര വികസനത്തിനും ന്യായമായ അവകാശമുണ്ടെന്നും അവർക്ക് കാർബൺ ഉദ്‌വമനം പാരമ്യത്തിലെത്താൻ കൂടുതൽ സമയമെടുക്കുമെന്നും പാരീസ് ഉടമ്പടി അംഗീകരിക്കുന്നു. നിശ്ചിത സമയക്രമങ്ങളൊന്നും പരാമർശിക്കാതെ 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വികസ്വര രാജ്യങ്ങൾ ആഗോള ഉദ്‌വമനത്തിന്റെ പാരമ്യത്തിലെത്തുകയും തുടർന്ന് കുറഞ്ഞു വരികയും ചെയ്യുക എന്നത് അംഗീകരിക്കപ്പെട്ടു.  ഇന്ത്യയുടെ കാർബൺ ഉദ്‌വമനം 2040 നും 2045 നും ഇടയിൽ  പരമ്യത്തിലെത്തി പിന്നീട് കുറഞ്ഞു വരും എന്ന അനുമാനത്തിലാണ്  2070 ‘നെറ്റ് സീറോ’ ലക്ഷ്യവർഷമായി സ്വീകരിച്ചിരിക്കുന്നത്. പല വികസിത രാഷ്ട്രങ്ങൾക്കും ഇതത്ര സമ്മതമായിരുന്നില്ല എന്നത് വേറെ കാര്യം.

പാരിസ്  ഉടമ്പടി പ്രകാരം രാജ്യങ്ങളോട് അവരുടെ NDC-കൾ 2020 മുതൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും പ്രതിബദ്ധതകൾ മെച്ചപ്പെടുത്തി പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ ആസൂത്രണം ചെയ്ത ഉൽസർജനം വെട്ടിക്കുറയ്ക്കലും യഥാർഥ ഉൽസർജനം കുറയ്ക്കലും തമ്മിലുള്ള വലിയ വിടവ് കണക്കിലെടുത്ത്, 2021 നവംബറിലെ ഗ്ലാസ്‌ഗോ ഉച്ചകോടി (COP26) എല്ലാ രാജ്യങ്ങളോടും 2022-ൽ തന്നെ തങ്ങളുടെ NDC-കളിലെ ലക്ഷ്യങ്ങൾ പുനഃപരിശോധിക്കാനും പുതുക്കാനും ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ  വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ്  (Ministry of Environment, Forest, and Climate Change (MoEFCC). സംസ്ഥാനങ്ങളിലും സമാന്തരമായ  സംവിധാനങ്ങളുണ്ട്. കേരളത്തിൽ പരിസ്ഥിതി വകുപ്പിന്റെ  കീഴിലുള്ള ‘പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്’ (Directorate of Environment and Climate Change, DoECC) ആണ് ഇക്കാര്യങ്ങൾ നോക്കുന്നത്.

ഇന്ത്യയുടെ ദേശീയമായി പുതുക്കി നിർണ്ണയിച്ച നടപടികൾ

ഇന്ത്യ 2015 ഒക്‌ടോബർ 2-ന് ‘ഉദ്ദേശിക്കുന്ന ദേശീയ കാലാവസ്ഥാ നടപടികൾ’ (INDCs) UNFCC ക്ക് സമർപ്പിച്ചിരുന്നു(1). ഇതിൽ എട്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. 2022 ഓഗസ്റ്റിൽ, ഇന്ത്യ NDC കൾ പുതുക്കി നല്കി(2). പ്രധാനമായും മൂന്നു ലക്ഷ്യങ്ങളിലാണ് പുതുക്കൽ  നടന്നത്.  ഒന്നാമത്തെ ലക്ഷ്യത്തോടൊപ്പം വ്യക്തികൾക്കും സമൂഹത്തിനും ബാധകമായ ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി‘ (Lifestyle for Environment, LIFE)(3) കൂട്ടിചേർത്തു. 2021 ൽ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന COP 26 ൽ പ്രധാനമന്ത്രി നേരിട്ട് LIFE അവതരിപ്പിച്ചു. ഇത് പിന്നീട് NDCയുടെ ഭാഗമാക്കുകയായിരുന്നു.

NDC യുടെ മൂന്നാമത്തെ ലക്ഷ്യവും പുതുക്കി; അതനുസരിച്ച് 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ ഉദ്വമന തീവ്രത GDP യുടെ 33 മുതൽ 35 ശതമാനം വരെ കുറയ്ക്കുക എന്നതിന് പകരം 45 ശതമാനം വരെ കുറക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായി. കൂടാതെ ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള സഞ്ചിത  ഇലക്ട്രിക് പവർ സ്ഥാപിത ശേഷിയുടെ ലക്ഷ്യം 2030-ഓടെ 40 ശതമാനം എന്നതിന് പകരം 50 ശതമാനം ആയും  ഉയർത്തി.

ഇന്ത്യയുടെ ദേശീയമായി നിശ്ചയിച്ച കാലാവസ്ഥാ നടപടികൾ പുതുക്കിയ മൂന്ന് ഇനങ്ങൾക്കൊപ്പം (1,3,4) ചുവടെ ചേർത്തിരിക്കുന്നു.

 1. പഴയത്: പാരമ്പര്യങ്ങളെയും,  സംരക്ഷണം, മിതത്വം എന്നീ മൂല്യങ്ങളെയും അടിസ്ഥാനമാക്കി ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതരീതി മുന്നോട്ട് വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

പുതുക്കിയത്: പാരമ്പര്യങ്ങളെയും,  സംരക്ഷണം, മിതത്വം എന്നീ മൂല്യങ്ങളെയും അടിസ്ഥാനമാക്കി ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതരീതി, ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LIFE) എന്ന ബഹുജന പ്രസ്ഥാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ, കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനുള്ള താക്കോലായി  മുന്നോട്ട് വയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക(3).

 1. സാമ്പത്തികവികസന തലത്തിൽ മറ്റുള്ളവർ ഇതുവരെ പിന്തുടരുന്നതിനേക്കാൾ കാലാവസ്ഥാ സൗഹൃദവും ശുദ്ധിയുള്ളതുമായ പാത സ്വീകരിക്കുക.
 2. പഴയത്: 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ ഉദ്വമന തീവ്രത GDP യുടെ 33 മുതൽ 35 ശതമാനം വരെ കുറയ്ക്കുക.

പുതുക്കിയത്:  GDP യുമായി ബന്ധപ്പെടുത്തിയുള്ള ഉദ്വമന തീവ്രത 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ 45 ശതമാനം കണ്ടു കുറയ്ക്കുക.

 1. പഴയത്: 2030-ഓടെ ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 40 ശതമാനം സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷി കൈവരിക്കുക.

പുതുക്കിയത്: സാങ്കേതിക വിദ്യയുടെ കൈമാറ്റം, ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ധനസഹായം എന്നിവ ഉപയോഗിച്ച് 2030-ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 50 ശതമാനം സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷി കൈവരിക്കുക.

 1. അധിക വനആവരണത്തിലൂടെയും മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിലൂടെയും 2030-ഓടെ 2.5 മുതൽ 3 ശതകോടി ടൺ വരെ CO2 ന്റെ അധിക കാർബൺ സിങ്ക് സൃഷ്ടിക്കുക.
 2. കാലാവസ്ഥാമാറ്റ ദുരിതങ്ങൾക്ക് കൂടുതൽ വിധേയമാവാൻ സാധ്യതയുള്ള മേഖലകളിലെ, പ്രത്യേകിച്ച് കൃഷി, ജലവിഭവങ്ങൾ, ഹിമാലയൻ മേഖല, തീരപ്രദേശങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം എന്നിവ, വികസന പരിപാടികളിൽ നിക്ഷേപം വർധിപ്പിച്ചുകൊണ്ട് കാലാവസ്ഥാ മാറ്റത്തോട് മെച്ചപ്പെട്ട രീതിയിൽ പൊരുത്തപ്പെടുക.
 3. ആവശ്യമായ വിഭവങ്ങളുടെ കുറവ് കണക്കിലെടുത്ത് ആഭ്യന്തര ഫണ്ടുകളോടൊപ്പം വികസിത രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ കൂടി സമാഹരിച്ച് മുകളിൽ പറഞ്ഞ ലഘൂകരണ, പൊരുത്തപ്പെടൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
 4. ഇന്ത്യയിൽ ശേഷിവികസനത്തിനും, അത്യാധുനിക കാലാവസ്ഥാ സാങ്കേതികവിദ്യയുടെ ദ്രുത വ്യാപനത്തിനും, അത്തരം ഭാവി സാങ്കേതികവിദ്യകൾക്കുവേണ്ടിയുള്ള സംയുക്ത സഹകരണ, ഗവേഷണ-വികസനത്തിനുമായി ആഭ്യന്തര ചട്ടക്കൂടും അന്താരാഷ്ട്ര മാതൃകകളും സൃഷ്ടിക്കുക.

പ്രധാനപ്പെട്ട രണ്ട് ലക്ഷ്യങ്ങൾ (3 & 4) ഉദ്ദേശിച്ച സമയത്തിന് മുമ്പേ നേടാനായി.  അതുകൊണ്ടാണ് അവ ധൈര്യപൂർവം പുതുക്കിയതും. 2023 ഒക്ടോബർ 31 വരെയുള്ള ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷി 186.46 മെഗാവാട്ട് ആണ്, ഇത് മൊത്തം സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷിയുടെ 43.81 ശതമാനം വരും. 2023 ഡിസംബറിൽ UNFCC ക്ക് ഇന്ത്യ സമർപ്പിച്ച മൂന്നാമത്തെ ‘ദേശീയ കമ്മ്യൂണിക്കേഷൻ’ അനുസരിച്ച്, 2005-നും 2019-നും ഇടയിൽ ഇന്ത്യയുടെ GDP ഉദ്‌വമന തീവ്രത 33 ശതമാനം കുറഞ്ഞു (4).

ഇന്ത്യയുടെ പഞ്ചാമൃത പ്രവർത്തനങ്ങൾ 

2021 ൽ ഗ്ലാസ്‌ഗോയിൽ നടന്ന COP26 ൽ കാലാവസ്ഥാ പ്രവർത്തനം തീവ്രമാക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത് ലോകത്തിന് മുന്നിൽ ‘പഞ്ചാമൃതം’ എന്ന് പേരിട്ട പ്രവർത്തനങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ്(5). പുതുക്കിയ കാലാവസ്ഥാ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ  ‘പഞ്ചാമൃതം’ സഹായിക്കുമെന്നാണ് ഇന്ത്യ പറഞ്ഞത്. പ്രത്യേക പരിഗണന ലഭിക്കുന്ന അഞ്ചു പ്രവർത്തനങ്ങൾ:

 1. 2030-ഓടെ 500 GW എന്ന നോൺ-ഫോസിൽ ഇന്ധന ഊർജ്ജ ശേഷിയിലെത്തുക;
 2. 2030-ഓടെ പുനരുപയോഗ ഊർജ്ജം വഴി ഊർജ്ജ ആവശ്യകതയുടെ പകുതിയെങ്കിലും നിറവേറ്റുക;
 3. 2030 ഓടെ CO2 ഉദ്‌വമനം 1 ബില്യൺ ടൺ കുറയ്ക്കുക;
 4. 2030 ഓടെ കാർബൺ ഉദ്വമന തീവ്രത 45 ശതമാനത്തിൽ താഴെ കുറയ്ക്കുക; കൂടാതെ
 5. 2070-ഓടെ അസ്സൽപൂജ്യം ഉൽസർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വഴിയൊരുക്കുക.

ഇന്ത്യയുടെ ദീർഘകാല ലഘൂകരണ തന്ത്രങ്ങൾ

പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 4, ഖണ്ഡിക 19 പ്രകാരം എല്ലാ പാർട്ടികൾക്കും അവരുടെ ‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ കണക്കിലെടുത്ത്, ഉടമ്പടിയുടെ ലക്ഷ്യങ്ങൾക്ക് (ആർട്ടിക്കിൾ 2) അനുസൃതമായി ഹരിതഗൃഹ വാതകങ്ങൾ കുറക്കുന്നതിന് ‘ദീർഘകാല ഹരിതഗൃഹവാതക ലഘൂകരണ തന്ത്രങ്ങൾ’ (long-term low greenhouse gas emission development strategies , LT-LEDS) രൂപീകരിക്കുകയും സമർപ്പിക്കുകയും വേണം. ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത്, ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെയോ അതിനടുത്തോ അസ്സൽ പൂജ്യം ഉദ്‌വമനത്തിലേക്ക് (net zero) നീതിപൂർവമായ പരിവർത്തനം (just transition) വിഭാവനം ചെയ്യണം.  ഇന്ത്യ 2022 ആഗസ്റ്റിൽ  തന്നെ LT-LEDS സമർപ്പിച്ചിട്ടുണ്ട്(6) “ഇന്ത്യ ലോക കാലാവസ്ഥാ പ്രശ്നത്തിന്റെ ഭാഗമല്ല; പക്ഷേ, തീർച്ചയായും പരിഹാരത്തിന്റെ ഭാഗമാകും” (India is not part of the climate problem, but will be a part of the solution) എന്നതാണ് നമ്മുടെ പ്രഖ്യാപിത നിലപാട്.

കാർബൺ ലഘൂകരണ വികസനത്തോടുള്ള ഇന്ത്യയുടെ സമീപനം

ദീർഘകാല കാർബൺ ലഘൂകരണ വികസന തന്ത്രത്തിന് ഇന്ത്യയുടെ സമീപനം ഇനിപ്പറയുന്ന നാല് യാഥാർഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് 2022 ൽ UNFCC ക്ക് സമർപ്പിച്ച LT-LEDS ൽ വിശദമാക്കിയിട്ടുണ്ട്(6).

 1. ആഗോളതാപനത്തിൽ ഇന്ത്യക്കു വളരെ ചെറിയ പങ്ക് മാത്രമാണുള്ളത്   

ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC)  ആറാമത്തെ മൂല്യനിർണ്ണയ റിപ്പോർട്ട് (AR6,2022), 1850 നും 2019 നും ഇടയിലുള്ള ചരിത്രപരമായ സഞ്ചിത  ഉദ്‌വമനത്തിന്റെ 4 ശതമാനം  മാത്രമാണ് ആഗോള ജനസംഖ്യയുടെ ഏകദേശം 24 ശതമാനം അധിവസിക്കുന്ന ദക്ഷിണേഷ്യയുടെ സംഭാവനയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇക്കാലയളവിൽ   ലോക ജനസംഖ്യയിൽ വെറും 4 ശതമാനം മാത്രമുള്ള യു.എസ്.എ. 25 ശതമാനം ആഗോള താപനത്തിന് ഉത്തരവാദിയായിരുന്നു. ലോക ജനസംഖ്യയുടെ 6 ശതമാനം അധിവസിക്കുന്ന 27-രാഷ്ട്ര കൂട്ടായ്മയായ  യൂറോപ്യൻ യൂണിയനാണ്, രണ്ടാം സ്ഥാനത്ത്, 17 ശതമാനം (യു.എസ്.എ. യും യൂറോപ്യൻ യൂണിയനും ഒരുമിച്ച് കൂട്ടിയാൽ 41%). അതേസമയം, 18 ശതമാനം ലോക ജനസംഖ്യയുള്ള ഇന്ത്യയുടെ ഇക്കാലത്തെ ഉദ്‌വമനം വെറും 3 ശതമാനം മാത്രമാണ്. 2022 കണക്ക് പ്രകാരം ആഗോള തലത്തിൽ പ്രതിശീർഷ ഹരിതഗൃഹ വാതക പുറന്തള്ളൽ  ശരാശരി 6.8 ടൺ (CO2e)ആണ്. അതേസമയം, ഇന്ത്യയുടേത്  ശരാശരി 2.8 ൺ CO2eഉം ആണ്(7).

Source: a: Population Foundation of India; b: UN World Urbanization Prospects, 2014; c:
Government of India.

ചുരുക്കത്തിൽ,  18 ശതമാനം ലോക ജനസംഖ്യയുള്ള ഇന്ത്യയുടെ കാർബൺ ഉൽസർജനം ഏത് തരത്തിൽ നോക്കിയാലും വളരെ കുറവാണ്. ധർമ്മനീതിയുടെ (equity)  വീക്ഷണകോണിൽ നോക്കിയാൽ, വികസിത സമ്പന്ന രാജ്യങ്ങളോട് എമിഷൻ ന്യൂനപ്രവർത്തികളിൽ വൻതോതിൽ നിക്ഷേപം നടത്തി, 2050 ന് മുമ്പ് അസ്സൽ പൂജ്യം നിലയിലേക്ക് എത്തണമെന്നും, അതോടൊപ്പം   വികസ്വര രാജ്യങ്ങൾക്ക് മതിയായ കാലാവസ്ഥാ ധനസഹായം, സാങ്കേതിക കൈമാറ്റം, ശേഷി വർദ്ധിപ്പിക്കലിന് പിന്തുണ എന്നിവ നൽകണം  എന്ന് അവശ്യപ്പെടുന്നത് തീർച്ചയായും ന്യായമാണ്.

 1. ഇന്ത്യയുടെ വികസനത്തിന് നല്ല അളവിൽ ഊർജത്തിന്റെ  ആവശ്യമുണ്ട്

ഇന്ത്യയിലെ സാധാരണക്കാരന്റെ വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ചിലവ് കുറഞ്ഞ ഊർജം അത്യന്താപേക്ഷിതമാണ്. 2019-ൽ ഇന്ത്യയുടെ പ്രാഥമിക ഊർജ്ജ ഉപഭോഗം, പ്രതിശീർഷ വാർഷിക കണക്കിൽ 28.7 ഗിഗാജൂൾസ് (GJ) ആയിരുന്നു. ഇത് വികസിതവും വികസ്വരവുമായ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. കുറഞ്ഞ കാർബൺ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്നായി ഇന്ത്യ ഊർജ്ജ കാര്യക്ഷമത സജീവമായി പിന്തുടരുന്നു. വളർച്ചയും കാർബൺ എമിഷനും വെവ്വേറെ കാണാൻ ഇന്ത്യ ശ്രമിക്കുകയാണ്.

 1. വികസനത്തിന് കുറഞ്ഞ കാർബൺ തന്ത്രങ്ങൾ പിന്തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ദേശീയ സാഹചര്യങ്ങൾക്കനുസരിച്ച് അവയെ സജീവമായി പിന്തുടരുകയും ചെയ്യുന്നു. 

ഇന്ത്യയുടെ കാർബൺ ലഘൂകരണ ശ്രമങ്ങൾ കാലാവസ്ഥാ നയങ്ങളാൽ മാത്രമല്ല, വികസനവുമായി  ബന്ധപ്പെട്ട  തിരഞ്ഞെടുപ്പുകളാലും നയിക്കപ്പെടുന്നു. ഗാർഹിക ഊർജം, ഊർജ സുരക്ഷ, സമ്പദ്‌വ്യവസ്ഥയുടെ മറ്റ് മേഖലകളുടെ വികസനത്തിന് ഊർജം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം കാർബൺ കുറഞ്ഞ വികസന പാതകളിലേക്ക് മാറാനുള്ള അവസരങ്ങൾ കണ്ടെത്താനും, പര്യവേക്ഷണം ചെയ്യാനും ഇന്ത്യ ശ്രമിക്കുന്നു. 2008 ൽ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതി (National Action Plan on Climate Change, NAPCC) ആവിഷ്കരിച്ച് കാലാവസ്ഥയും വികസനവും തമ്മിലുള്ള കൈമാറ്റങ്ങളും അനുബന്ധ ചെലവുകളും ശ്രദ്ധിക്കുന്നു. കുറഞ്ഞ കാർബൺ പരിവർത്തനത്തിലേക്കുള്ള സാമൂഹികവും സാമ്പത്തികവുമായുള്ള ചെലവും ഗണ്യമായതാണ്. ഇന്ത്യ കുറഞ്ഞ കാർബൺ സാഹര്യത്തിലേക്കുള്ള വളർച്ചയും വികസന തന്ത്രങ്ങളും പിന്തുടരുമെങ്കിലും, ഈ പരിവർത്തനം ദേശീയ സാഹചര്യങ്ങൾക്കനുസൃതമായും വികസന സ്വപ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ദേശീയമായി നിർണ്ണയിക്കപ്പെടുന്ന വേഗതയിലും അളവിലും ആയിരിക്കും.

 1. ഇന്ത്യ കാലാവസ്ഥാ പ്രതിരോധശേഷി വളർത്തിയെടുക്കേണ്ടതുണ്ട്

കാലാവസ്ഥാ ദുർബ്ബല രാജ്യമായതിനാൽ ഇന്ത്യ കാലാവസ്ഥാ പ്രതിരോധശേഷി വളർത്തിയെടുക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾക്ക് ഇരയാവുന്ന വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ–പർവതങ്ങൾ മുതൽ മരുഭൂമികൾ വരെ, ഉൾനാടൻ പ്രദേശങ്ങൾ മുതൽ തീരപ്രദേശങ്ങൾ വരെ, അല്ലെങ്കിൽ സമതലങ്ങൾ മുതൽ കാടുകൾ വരെ– ഉൾക്കൊള്ളുന്ന അത്യന്തം വൈവിധ്യപൂർണമായ ഭൂപ്രദേശങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ വികസന നേട്ടങ്ങളും മാനവവികസന സൂചികകളും നിലനിർത്താനും, വളർച്ചയും വികാസവും നിലനിർത്തി കൊണ്ട് പോകാനും കാലാവസ്ഥാ ആഘാതങ്ങളോടുള്ള പൊരുത്തപ്പെടൽ നടപടികളും പ്രതിരോധം സൃഷ്ടിക്കലും ആവശ്യമാണ്.

പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി

വ്യക്തിപരവും സമൂഹ്യവുമായ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നത് കൊണ്ട് മാത്രം പാരിസ്ഥിതിക, കാലാവസ്ഥാ പ്രതിസന്ധികളിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിയും. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) പറയുന്നു, 800 കോടിയിൽ അധികം വരുന്ന ആഗോള ജനസംഖ്യയിൽ 100 കോടി ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കുന്നത് കൊണ്ട് മാത്രം ആഗോള കാർബൺ ഉദ്‌വമനം ഏകദേശം 20 ശതമാനം കുറക്കാൻ കഴിയും. ഈയൊരു കണക്കിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പറഞ്ഞ LIFE (Lifestyle for Environment) മാറ്റങ്ങൾ കൊണ്ട് വരുമെന്ന് പ്രത്യാശിക്കുന്നത്(3). പ്രകൃതിയുമായി സമന്വയിക്കുന്നതും അതിനെ ഉപദ്രവിക്കാത്തതുമായ ഒരു ജീവിതശൈലി പരിശീലിക്കാൻ വ്യക്തികളെയും സമൂഹങ്ങളെയും പ്രേരിപ്പിക്കുക എന്നതാണ് LIFE ലക്ഷ്യമിടുന്നത്; അതിന്,    ഓരോരുത്തരുടെയും മേൽ വ്യക്തിപരവും കൂട്ടായതുമായ കടമകൾ വെക്കുന്നു. ‘നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ, സ്വയം തുടങ്ങുക’ എന്ന ആശയമാണ് ഇതിന്റെ പിന്നിൽ.  ഉത്തരവാദിത്തമുള്ള വ്യക്തിഗത കാലാവസ്ഥാ പ്രവർത്തനം നമ്മുടെ പൊതു ഭാവി സംരക്ഷിക്കുന്നതിനുള്ള താക്കോൽ ആണ്. ഭൂമിയോട് കൂറുള്ള ‘പ്രോ-പ്ലാനറ്റ് പീപ്പിൾ‘ ആയി വ്യക്തികളെ അണിനിരത്താനുള്ള ഒരു പൊതു പ്രസ്ഥാനമായി LIFE മാറുമെന്നാണ് അധികൃതർ പറയുന്നത്.

2022-28 കാലയളവിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വ്യക്തിഗതവും കൂട്ടായതുമായ നടപടിയെടുക്കാൻ കുറഞ്ഞത് 100 കോടി ഇന്ത്യക്കാരടക്കമുള്ള ആഗോള പൗരന്മാരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2028 ഓടെ ഇന്ത്യൻ ഗ്രാമങ്ങളിലും നഗര-തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് 80 ശതമാനം പരിസ്ഥിതി സൗഹൃദമാക്കാൻ  ലക്ഷ്യമിടുന്നു.  പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി അഥവാ LIFE ന് മൂന്നു ഘട്ടങ്ങൾ ഉണ്ട്.

ആവശ്യങ്ങളിലെ  മാറ്റം (Change in Demand) (ഘട്ടം I): ലോകമെമ്പാടുമുള്ള വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിൽ ലളിതവും എന്നാൽ ഫലപ്രദവുമായ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. അനാവശ്യങ്ങൾ ഒഴിവാക്കി അവശ്യങ്ങൾക്ക് ഊന്നൽ നല്കുന്നു.

വിതരണത്തിലെ മാറ്റം (Change in Supply) (ഘട്ടം II): വൻതോതിലുള്ള വ്യക്തിഗത ഡിമാൻഡിലെ മാറ്റങ്ങൾ, പരിഷ്കരിച്ച ആവശ്യങ്ങൾക്കനുസരിച്ച് വിതരണവും സംഭരണവും സജജീകരിക്കുന്നതിനും അവ വ്യവസായങ്ങളെയും വിപണികളെയും ക്രമേണ സ്വാധീനിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നയങ്ങളിലെ മാറ്റം (Change in Policy) (ഘട്ടം III): ഇന്ത്യയുടെയും ലോകത്തിന്റെയും ആവശ്യ-വിതരണ  ഗതി-വിഗതികളെ  സ്വാധീനിക്കുന്നതിലൂടെ, സുസ്ഥിര ഉൽപ്പാദനത്തെയും ഉപഭോഗത്തെയും പിന്തുണയ്ക്കാൻ കഴിയുന്ന വൻതോതിലുള്ള സർക്കാർ, വ്യാവസായിക നയങ്ങളിൽ മാറ്റങ്ങൾ വരുത്തുക എന്നത് മിഷൻ ലൈഫിന്റെ ദീർഘകാല കാഴ്ചപ്പാട് ആണ്.

മിഷൻ LIFE എന്ന ഈ സംരംഭം വിഭവങ്ങളുടെ ശ്രദ്ധാപൂർവ്വവും ബോധപൂർവവുമായ വിനിയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും നിലവിലെ ‘ഉപയോഗിച്ചു വലിച്ചെറിയുക’ എന്ന ഉപഭോഗ ശീലം മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ മാറ്റത്തിന്  മറുമരുന്നാകാൻ സാധ്യതയുള്ള ലളിതമായ മാറ്റങ്ങൾ ദൈനംദിന ജീവിതത്തിൽ കൊണ്ടുവരാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ആശയം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലാണ് (2022) മിഷൻ ലൈഫ് ആരംഭിച്ചത് എന്നത് പരിഗണിച്ച് 7 വിഭാഗങ്ങളിലായി 75 വ്യക്തിഗത LIFE പ്രവർത്തനങ്ങളുടെ സമഗ്രമായ  ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ ഏഴു വിഭാഗങ്ങൾ താഴെക്കൊടുക്കുന്നു.

 • ഊർജ്ജ സംരക്ഷണം
 • ജല സംരക്ഷണം
 • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക
 • സുസ്ഥിര ഭക്ഷണ സംവിധാനങ്ങൾ സ്വീകരിക്കുക
 • മാലിന്യം കുറയ്ക്കുക
 • ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക.
 • ഇ-മാലിന്യം കുറയ്ക്കുക.

പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി’ എന്ന ആശയം കൊളളാമെങ്കിലും കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനുള്ള ഒരു യഥാർത്ഥ ആയുധം എന്നതിലുപരി, ഇതിലെ ചില നിർദ്ദേശങ്ങൾ വെറും വാചാടോപമായും വീമ്പിളക്കൽ ആയും അവസാനിക്കാൻ സാധ്യതയുണ്ട്. COP 26 ൽ ഇന്ത്യ കൂടുതൽ സമയവും LIFE നെക്കുറിച്ചുള്ള വാചകമടിക്ക് വേണ്ടിയാണ് സമയം കളഞ്ഞത്. ‘പ്രവർത്തനങ്ങളുടെ പട്ടിക’ എന്നതിന് കീഴിൽ പരാമർശിച്ചിരിക്കുന്ന 75 എണ്ണം നോക്കുകയാണെങ്കിൽ, അവയിൽ ഭൂരിഭാഗവും യഥാർത്ഥ പ്രവർത്തനങ്ങളേക്കാൾ വെറും ‘ആഗ്രഹങ്ങൾ’ മാത്രമാണെന്ന് കാണാൻ സാധിക്കും.

ഉദാഹരണത്തിന്, ‘സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗതം ഉപയോഗിക്കുക’, ‘സാധ്യമാകുന്നിടത്തെല്ലാം എലിവേറ്ററിന് പകരം പടികൾ കയറുക’, ‘ട്രെഡ്‌മില്ലിൽ ഓടുന്നതിനുപകരം പുറത്ത് ഓടുക’, ‘ഭക്ഷണം പാഴാക്കുന്നത് തടയാൻ ദിവസേനയുള്ള ഭക്ഷണത്തിന് ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുക’, അല്ലെങ്കിൽ ‘പഴയ വസ്ത്രങ്ങളും പുസ്തകങ്ങളും ദാനം ചെയ്യുക’ തുടങ്ങിയവ ഗൗരവതരമല്ലാത്തതോ വളരെ സാമാന്യവൽക്കരിച്ചതോ ആണ്. അത് പോലെ തന്നെ, ‘ഷോപ്പിംഗിന് പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണി സഞ്ചി ഉപയോഗിക്കുക’, ‘സാധ്യമാകുന്നിടത്തെല്ലാം നിങ്ങളുടെ സ്വന്തം വാട്ടർ ബോട്ടിൽ കൊണ്ടുപോകുക’ എന്നിവ പോലെ അത്ര എളുപ്പല്ല,  ‘സാനിറ്ററി നാപ്കിനുകൾക്കു പകരം മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുക’, ‘മുള ടൂത്ത് ബ്രഷുകളും വേപ്പിൻ ചീപ്പുകളും തിരഞ്ഞെടുക്കുക’ തുടങ്ങിയവ.  ഇവയൊക്കെ കാർബൺ എമിഷൻ കുറക്കുമെന്ന കാര്യത്തിൽ സംശയമില്ല, പക്ഷേ, നടപ്പിലാവണമെങ്കിൽ ബോധവൽക്കരണവും  ഉന്നത നിലവാരവും അതേ സമയം വിലക്കുറവുമുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.

പ്രവർത്തനങ്ങളുടെ പട്ടികയിൽ കൊടുത്തിരിക്കുന്ന 75 ഉം ഒരേ സ്വഭാവമുള്ളവയല്ല.  സ്വാതന്ത്ര്യത്തിന്റെ വജ്ര ജുബിലി പ്രമാണിച്ച് 75 എണ്ണം പെട്ടന്ന് ഒപ്പിച്ചത് പോലെ തോന്നും, ആവർത്തനവും ഉണ്ട്. ആകെ 21 ചുമതലകളുമായി (tasks) 21 ദിവസ  ചലഞ്ച് ഒക്കെ നടത്തിയിരുന്നു. സർട്ടിഫിക്കറ്റുകളും കൊടുത്തിരുന്നു. ആളുകൾ ഗൌരവമായി എടുക്കുന്നില്ല എന്ന് കണ്ടത് കൊണ്ടാകും ചലഞ്ച് നിർത്തി വെച്ചിരിക്കയാണ്.

ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം

ലൈഫ് പ്രസ്ഥാനത്തിനെതിരെയുള്ള വിമർശനങ്ങൾ പരിഗണിച്ചാവും പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ‘പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം’ (MoEFCC)  രണ്ട് പുതിയ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്,  ‘ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം’ (GCP), ‘ഇക്കോമാർക്ക്’ എന്നിവയാണവ. ഇക്കഴിഞ്ഞ 2023 ഒക്‌ടോബറിൽ  ഇവയുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനങ്ങൾ പുറത്തു വന്നു. ഭാരത സർക്കാർ ഈ പദ്ധതികൾ  COP 28 ൽ അവതരിപ്പിക്കുകയും ചെയ്തു.

ക്യോട്ടോ ഉടമ്പടി കാലഘട്ടത്തിലുണ്ടായിരുന്ന കാർബൺ വിപണി സംവിധാനത്തിന്റെ  ഭാഗമായ കാർബൺ ക്രെഡിറ്റിൽ നിന്ന് വ്യത്യസ്തമാണ് ഗ്രീൻ ക്രെഡിറ്റ്. സ്വമേധയാ പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു വിപണി അധിഷ്‌ഠിത സംവിധാനമാണ് ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം (GCP). പാരിസ്ഥിതിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രീൻ ക്രെഡിറ്റുകൾ സൃഷ്ടിക്കുകയും അത് ആഭ്യന്തര വിപണി പ്ലാറ്റ്‌ഫോമിൽ വ്യാപാരം ചെയ്യാൻ ലഭ്യമാക്കുന്നതുമാണ്. GCP ക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ വെബ്‌സൈറ്റിൽ (https://www.moefcc-gcp.in/ ) രജിസ്റ്റർ ചെയ്തുകൊണ്ട് ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും ഈ പ്രോഗ്രാമിൽ ഏർപ്പെടാം. ഇവയെപ്പറ്റി ധാരാളം വിമാർശങ്ങളും വന്നു കഴിഞ്ഞു (ഗ്രീൻ ക്രെഡിറ്റ്, ഇക്കോമാർക്ക് എന്നിവയെപ്പറ്റിയുള്ള വിശദവിവരങ്ങൾ അടുത്ത ലക്കത്തിൽ).

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതി 

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ദേശീയ ആക്ഷൻ പ്ലാൻ (8 ) (National Action Plan on Climate Change, NAPCC)  2008 ജൂൺ 30-ന് പുറത്തിറങ്ങി. കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടാനും ഇന്ത്യയുടെ വികസന പന്ഥാവിന്റെ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പിച്ച് രാജ്യത്തെ പ്രാപ്തമാക്കാൻ ലക്ഷ്യമിടുന്ന ഒരു ദേശീയ തന്ത്രത്തെ ഇത് വിശദീകരിക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതനിലവാരം വർധിപ്പിക്കുന്നതിനും കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതങ്ങൾ കുറയ്ക്കുന്നതിനും ഉയർന്ന വളർച്ചാ നിരക്ക് നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് NAPCC  ഊന്നിപ്പറയുന്നു. ദേശീയ കർമ്മ പദ്ധതിയുടെ കാതൽ രൂപപ്പെടുത്തുന്ന എട്ട് ദേശീയ ദൗത്യങ്ങളുണ്ട്. പൊരുത്തപ്പെടൽ, ലഘൂകരണം, ഊർജ്ജ കാര്യക്ഷമത, പ്രകൃതിവിഭവ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ധാരണ അവ ഊട്ടിയുറപ്പിക്കുന്നു. ഈ ദൗത്യങ്ങൾ അഥവാ മിഷനുകൾ താഴെക്കൊടുത്തിരിക്കുന്നു.

 1. ദേശീയ സൌരോർജ മിഷൻ (National Solar Mission)
 2. നാഷണൽ മിഷൻ ഫോർ എൻഹാൻസ്ഡ് എനർജി എഫിഷ്യൻസി (National Mission for Enhanced Energy Efficiency)
 3. സുസ്ഥിര ആവാസ വ്യവസ്ഥകൾക്കായുള്ള ദേശീയ മിഷൻ (National Mission for Sustainable Habitats)
 4. ദേശീയ ജല മിഷൻ (National Water Mission)
 5. ഹിമാലയൻ ഇക്കോസിസ്റ്റം സുസ്ഥിരമാക്കുന്നതിനുള്ള ദേശീയ മിഷൻ (National Mission for Sustaining the Himalayan Ecosystem)
 6. നാഷണൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യ (National Mission for Green India)
 7. സുസ്ഥിര കൃഷിക്കുവേണ്ടിയുള്ള ദേശീയ മിഷൻ (National Mission for Sustainable Agriculture)
 8. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തന്ത്രപരമായ അറിവിനുള്ള ദേശീയ ദൗത്യം (National Mission on Strategic Knowledge for Climate Change

മറ്റ് പ്രധാന മിഷനുകളും പദ്ധതികളും

മേൽപ്പറഞ്ഞ ദൗത്യങ്ങൾ 2008 ലെ NAPCC യിൽ പറഞ്ഞിട്ടുള്ളവയാണ്. ഇതിന് ശേഷവും  കേന്ദ്ര സർക്കാർ കുറെയധികം മിഷനുകളും പദ്ധതികളും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന ചില പ്രധാന  ദൌത്യങ്ങൾ താഴെ കൊടുക്കുന്നു.

നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ

കേന്ദ്ര സർക്കാർ 2023 ജനുവരിയിൽ അംഗീകരിച്ച ‘നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ’, ഇന്ത്യയുടെ കാർബൺ ഉൽസർജനം കുറക്കുന്നതിനുള്ള ഒരു സുപ്രധാന നടപടിയാണ്.   ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കേന്ദ്രസർക്കാർ 19,744 കോടി രൂപയുടെ പ്രാരംഭ ചെലവ് അനുവദിച്ചിട്ടുണ്ട്. 2030-ഓടെ പ്രതിവർഷം 5 ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

നാഷണൽ ക്ലീൻ എയർ പ്രോഗ്രാം

പി.എം. പ്രണാം (PM-PRANAM)

ദേശീയ ക്ലീൻ എയർ പ്രോഗ്രാം (NCAP) 24 സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 131 നഗരങ്ങളിൽ എല്ലാ പങ്കാളികളേയും ഉൾപ്പെടുത്തി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2019 ജനുവരിയിൽ ഈ പ്രോഗ്രാം ആരംഭിച്ചത്. വായുവിലെ കണികാ പദാർത്ഥങ്ങളുടെ 10 മൈക്രോമീറ്ററോ അതിൽ കുറവോ വ്യാസമുള്ള കണികകളുടെ (Particulate Matter10, PM10) സാന്ദ്രത 2026-ഓടെ 40 ശതമാനമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്. വായുവിന്റെ   ഗുണനിലവാരം മെച്ചമാണ് എന്നത് കൊണ്ടാവും കേരളത്തിലെ  നഗരങ്ങളൊന്നും ലിസ്റ്റിലില്ല.

രാസവളങ്ങളുടെയും ബദൽ വളങ്ങളുടെയും സമതുലിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പുനരുൽപ്പാദന കൃഷിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും 2023-24 ലെ കേന്ദ്ര ബജറ്റിൽ PM-PRANAM (PM Programme for Restoration, Awareness, Nourishment and Amelioration of Mother Earth ) ആരംഭിച്ചു.

നമാമി ഗംഗാ പ്രോഗ്രാം

ദേശീയ നദിയായ ഗംഗയുടെ മലിനീകരണം ഫലപ്രദമായി കുറയ്ക്കുക, സംരക്ഷണം, പുനരുജ്ജീവിപ്പിക്കൽ എന്നീ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു സംയോജിത സംരക്ഷണ ദൗത്യമാണ് നമാമി ഗംഗാ പ്രോഗ്രാം അഥവാ ക്ലീൻ ഗംഗ (Namami Gange Programme).

ഗോബർധൻ

2018 ൽ ആരംഭിച്ച ‘ഗോബർധൻ‘ അഥവാ ‘ജൈവ-കാർഷിക അവശിഷ്ടവിഭവങ്ങളുടെ  മൂല്യപരിവർത്തനം’ (Galvanizing Organic Bio-Agro Resources Dhan, GOBARdhan) ജൈവമാലിന്യങ്ങളായ കന്നുകാലികളുടെ ചാണകവും കാർഷിക അവശിഷ്ടങ്ങളും ബയോഗ്യാസ്, കംപ്രസ്ഡ് ബയോ ഗ്യാസ് (സി.ബി.ജി.), ബയോ-സി.എൻ.ജി.  എന്നിവയാക്കി മാറ്റുന്നതിന്  രൂപകൽപ്പന ചെയ്തതാണ്.

നഗര വന പദ്ധതി

നഗരവന പദ്ധതി അഥവാ നഗർ വൻ യോജന (Urban Forest Scheme) പ്രാദേശിക സമൂഹങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ മുതലായവയെ ഉൾപ്പെടുത്തി നഗരപ്രദേശങ്ങളിൽ നഗര വനങ്ങൾ സൃഷ്ടിക്കുന്നതിനായി 2020-ൽ ആരംഭിച്ചു.

ഹരിത നൈപുണ്യ വികസനം

ഹരിത നൈപുണ്യ വികസനം അഥവാ ഗ്രീൻ സ്‌കിൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാം (GSDP) പരിസ്ഥിതി, കാലാവസ്ഥാ മാറ്റം, ജൈവ വൈവിധ്യം, മാലിന്യ നിർമ്മാർജനം, തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക പരിജ്ഞാനവും സുസ്ഥിര വികസനത്തിനായി പ്രതിബദ്ധതയുമുള്ള ഹരിത നൈപുണ്യ പ്രവർത്തകരെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്നു. ഇത് ദേശീയമായി നിർണ്ണയിക്കപ്പെട്ട കാലാവസ്ഥാ നടപടികൾ (NDCs), സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs), ദേശീയ ജൈവവൈവിധ്യ ലക്ഷ്യങ്ങൾ (NBTs), മാലിന്യ സംസ്കരണ നിയമങ്ങൾ 2016) എന്നിവ വേഗത്തിൽ  കൈവരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വച്ഛ് ഭാരത് മിഷൻ

സ്വച്ഛ് ഭാരത് മിഷൻ അല്ലെങ്കിൽ ക്ലീൻ ഇന്ത്യ മിഷൻ 2014 ഒക്ടോബർ 2 ന് തുറസ്സായ മലമൂത്ര വിസർജ്ജനം ഇല്ലാതാക്കുന്നതിനും ഖരമാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനും തുറന്ന മലമൂത്ര വിസർജ്ജന രഹിത (Open Defecation Free , ODF) ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനുമായി രാജ്യവ്യാപകമായി ആരംഭിച്ച ഒരു പ്രസ്ഥാനമാണ്.

മഴ വെള്ള സംഭരണം (Catch The Rain)

ദേശീയ ജല മിഷന്റെ (National Water Mission, NWM) 2019 ൽ ആരംഭിച്ച “എവിടെ  പെയ്താലും, എപ്പോൾ പെയ്താലും മഴയെ സംഭരിക്കുക” (Catch the rain, where it falls, when it falls) എന്ന ടാഗ്‌ലൈനോടുകൂടിയ മഴ വെള്ള സംഭരണ പ്രചാരണം സംസ്ഥാനങ്ങൾക്കും മറ്റ് പങ്കാളികൾക്കും ഉചിതമായ മഴവെള്ള സംഭരണ നിർമ്മിതികൾ (RWHS) സൃഷ്ടിക്കുന്നതിനാണ്.

അധികവായനയ്ക്ക്

 1. GOI 2015. India’s Intended Nationally Determined Contribution: Working Towards Climate Justice, 38p. https://faolex.fao.org/docs/pdf/ind188478.pdf
 2. GOI 2022. India’s Updated First Nationally Determined Contribution Under Paris Agreement, (2021-2030), 4p.   >>>
 3. MoEFCC 2022. Lifestyle for Environment  https://missionlife-moefcc.nic.in/assets/pdf/LIFE-Brochure-20102022.pdf
 4. MoEFCC 2023. India: Third National Communication and Initial Adaptation Communication, 611p.  https://unfccc.int/documents/636235
 5. MoEFCC 2022. India’s Stand at COP-26.  Ministry of Environment, Forest and Climate Change. https://pib.gov.in/PressReleasePage.aspx?PRID=1795071
 6. MoEFCC 2022. India’s long-term low-carbon development strategy. https://moef.gov.in/wp-content/uploads/2022/11/Indias-LT-LEDS.pdf
 7. Crippa et al. 2023. GHG per capita emissions. https://edgar.jrc.ec.europa.eu/report_2023?vis=ghgpop#emissions_table
 8. GOI 2008. NAPCC National Action Plan on Climate Change (NAPCC), 56p.  https://moef.gov.in/wp-content/uploads/2018/04/NAP_E.pdf

CLIMATE DIALOGUE

മുൻവർഷങ്ങളിലെ പരിസ്ഥിതിദിന ടൂൾക്കിറ്റുകൾ സ്വന്തമാക്കാം

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ


SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മഴ ചതിച്ചു; വിട്ടുകൊടുക്കാതെ ജമൈക്കൻ നഗരത്തിലെ കർഷകർ
Next post നമ്മുടെ ഭൂമി, നമ്മുടെ ഭാവി
Close