Read Time:12 Minute

കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്

ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ തുടക്കതിന് കാരണമായത് സ്വന്തം കൈത്തണ്ട കീറിമുറിച്ച് പരീക്ഷണത്തിന് തയ്യാറായ ഒരു ഡോക്ടറായിരുന്നു.

എഴുതിയത് : ഡോ. ജയകൃഷ്ണൻ ജനാർദ്ദനൻ അവതരണം : ഡോ. ശ്രീജ കെ.

കേൾക്കാം

1929 ലെ ഒരു വേനൽക്കാലം. ജർമ്മനിയിലെ ഏബേഴ്സ് വാൽഡിലുള്ള അഗസ്റ്റേ- വിക്ടോറിയ ഹെം എന്ന ആശുപത്രിയിലെ സെക്കന്റ് ഡിവിഷൻ സർജറി മുറി.

അവിടെ ഓപ്പറേഷൻ ടേബിളിന് അടുത്തുള്ള ഒരു കസേരയിൽ ഇരിക്കുകയാണ് ജേർഡ ഡിറ്റ് സൺ ( Gerda Ditzen) എന്ന സ്ത്രീ. ആ ഓപ്പറേഷൻ റൂമിലെ മുഴുവൻ സർജിക്കൽ ഉപകരണങ്ങളും സൂപ്പർവൈസ് ചെയ്യുന്നത് സീനിയർ നേഴ്സ് ആയ ജേർഡ ആണ്.

“ വിരോധമില്ലെങ്കിൽ ഓപ്പറേഷൻ ടേബിളിൽ കിടക്കാമോ? ഒരു പക്ഷേ കസേരയിൽ ഇരുന്നാൽ അനസ്തേഷ്യ നൽകുമ്പോൾ ശരിയാകില്ല..”

ആ മുറിയിൽ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞു.

ജേർഡ ടേബിളിൽ കിടന്ന പാടെ ഡോക്ടർ അവരുടെ കൈകളും കാലുകളും സാവധാനം ബന്ധിച്ചു. പക്ഷേ ജേർഡയ്ക്ക് നൽകുന്നതിന് പകരം, അവർ കാണാതെ ആ ഡോക്ടർ അനസ്തേഷ്യ മരുന്ന് സ്വന്തം കൈത്തണ്ടയിൽ കുത്തിവെച്ചു. (Cubical vein, ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാനപ്പെട്ട രക്തക്കുഴലുകളിൽ ഒന്നിൽ.)

അനസ്തേഷ്യ മരുന്ന് ശരീരത്തിൽ പ്രവർത്തിക്കാൻ എടുക്കുന്ന സമയം കൊണ്ട്,  ജേർഡയ്ക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ ആ ഡോക്ടർ അവരുടെ ഇടത് കൈത്തണ്ട ശസ്ത്രക്രിയയ്ക്ക് തയാറെടുപ്പ് നടത്തുന്നത് പോലെ പരിശോധിക്കാൻ തുടങ്ങി.

താൻ സ്വന്തം കയ്യിൽ കുത്തിവെച്ച അനസ്തേഷ്യ പ്രവർത്തിക്കാൻ തുടങ്ങി എന്ന് തിരിച്ചറിഞ്ഞ ഡോക്ടർ, ഒരു സർജിക്കൽ ബ്ലേഡ് എടുത്ത് തന്റെ ഇടത് കൈത്തണ്ടയുടെ മുകൾ ഭാഗം കീറി മുറിച്ച് ( Incision), യൂറീറ്റെറിക് കാത്തീറ്റർ (ureteral catheter) എന്ന നീളമുള്ള ട്യൂബ് തന്റെ മുറിവിലൂടെ ഏകദേശം 30 സെന്റിമീറ്റർ കുത്തിക്കയറ്റി, ആ മുറിവ് വെച്ചുകെട്ടി.

പിന്നെ, ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന ജേർഡയുടെ വലത് കൈ അഴിച്ച് അവരോട് എക്സ്റേ മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന നേഴ്സിനെ വിളിക്കാൻ പറഞ്ഞു. അപ്പോൾ മാത്രമാണ് ജേർഡ ഡിറ്റ്സൺ മനസ്സിലാക്കിയത്, അനസ്തേഷ്യയും സർജിക്കൽ ഇൻസിഷനും കാത്തീറ്റർ ഇൻസേർഷനും ഒക്കെ കഴിഞ്ഞിരിക്കുന്നുവെന്നും, ഒന്നും തന്റെ ശരീരത്തിൽ അല്ല എന്നും, ഡോക്ടർ അദ്ദേഹത്തിന്റെ സ്വന്തം ശരീരത്തിൽ ചെയ്യുകയായിരുന്നു എന്നും..!

ജേർഡ ഡിറ്റ്സൺ പൊട്ടിക്കരഞ്ഞു..! ഡോക്ടർ ജേർഡയേയും കൊണ്ട് എക്സ്റേ മുറിയിലേക്ക് നടന്നു. എക്സ്റേ മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന ഈവ, ആ ഡോക്ടറെ ഫ്ലൂറോസ്കോപ്പിന്റെ മുന്നിൽ ഇരുത്തി.

അപ്രതീക്ഷിതമായി ഡോക്ടറുടെ സുഹൃത്ത് പീറ്റർ റോമെയ്സ് ആ മുറിയിലേക്ക് പാഞ്ഞടുത്ത് ട്യൂബിന്റെ അറ്റം പിടിച്ച് വലിച്ചെടുക്കാൻ നോക്കിയെങ്കിലും ആ ഡോക്ടർ പിന്മാറിയില്ല.  ഈവ കാണിച്ചു കൊടുത്ത എക്സ്റേ ചിത്രങ്ങളിൽ നിന്നും, താൻ കടത്തിവിട്ട ട്യൂബ് ഇടത് ചുമലിന്റെ ഭാഗം വരെയേ എത്തിയുള്ളൂ എന്നറിഞ്ഞ ഡോക്ടർ ആ ട്യൂബ് അതിശക്തിയായി വീണ്ടും തള്ളിക്കയറ്റാൻ തുടങ്ങി..

ആ മുറിവിൽ നിന്നും രക്തം പൊടിഞ്ഞു..! ഈവയും ജേർഡയും പീറ്ററും ആകാംഷാഭരിതരായി നോക്കി നിൽക്കുമ്പോൾ ആ മുറിയിലെ ഫ്ലൂറോസ്കോപ്പിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞത് ഡോക്ടറുടെ വലത് വെൻട്രിക്കുലാർ ക്യാവിറ്റിയുടെ ചിത്രമായിരുന്നു..!

ഒപ്പം, കൈത്തണ്ടയിലെ മുറിവിൽ നിന്നും 60 സെന്റിമീറ്റർ ദൂരം സഞ്ചരിച്ച് ആ ഹൃദയ അറയിലേക്ക് എത്തി നോക്കുന്ന കാത്തീറ്റർ ട്യൂബിന്റെ അറ്റവും..! ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ അനിഷേധ്യമായ വിജയമായിരുന്നു അന്നവിടെ സംഭവിച്ചത്..!

ആശുപത്രി ചീഫിന്റെ കയ്യിൽ നിന്നും ഇങ്ങനെയൊരു പരീക്ഷണത്തിന് അനുമതി ലഭിക്കാതെ വന്നപ്പോൾ സ്വന്തം കൈത്തണ്ട കീറി മുറിച്ച് ചരിത്രം സൃഷ്ടിച്ച അന്നത്തെ ഡോക്ടർ ആയിരുന്നു, ഈ കണ്ടുപിടുത്തത്തിന് 1956 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയ സാക്ഷാൽ വെർണർ ഫോസ് മാൻ ( Werner Theodor Otto Forßmann)..!

സംഭവ ബഹുലമായിരുന്നു ഫോസ് മാന്റെ കുട്ടിക്കാലം. 1904 ഓഗസ്റ്റ് 29 ന് ബെർലിനിൽ ജനിച്ച ഫോസ് മാന്റെ അച്ഛൻ ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടു. കുടുംബം നോക്കാൻ ഫോസ് മാന്റെ അമ്മയ്ക്ക് രാപ്പകൽ കഷ്ടപ്പെടേണ്ടി വന്നു. അതുകൊണ്ട് മുത്തശ്ശിയായിരുന്നു ഫോസ്മാനെ കുട്ടിക്കാലത്ത് നോക്കിയിരുന്നത്. വലുതാകുമ്പോൾ ഒരു ഡോക്ടറാകുമെന്ന് പറഞ്ഞ ഫോസ് മാന് ഒരു ലെയ്റ്റ്സ് മൈക്രോസ്കോപ്പ് ( Leitz microscope) സമ്മാനിച്ചാണ് കുടുംബം സന്തോഷം അറിയിച്ചത്.

ഗ്രാജുവേഷൻ കഴിഞ്ഞപ്പോൾ തന്റെ മനസ് മാറ്റി കച്ചവടക്കാരനാകണമെന്ന ഫോസ് മാന്റെ ആഗ്രഹത്തെ ഡോക്ടറിലേക്ക് വഴി തിരിച്ച് വിട്ടത് ടീച്ചറായ സെമില്ലർ ആയിരുന്നു. ഹൃദയത്തിൽ ട്യൂബ് കടത്തിയാൽ മരുന്നു നൽകലും രോഗ നിർണ്ണയവും വളരെപ്പെട്ടന്ന് സാധ്യമാകും എന്ന ആലോചനയിലായിരുന്നു ഫോസ് മാൻ കാർഡിയാക് കാത്തീറ്ററൈസേഷൻ എന്ന ആശയം പറഞ്ഞത്. പക്ഷേ രോഗി പെട്ടന്ന് മരിയ്ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രി ചീഫായ ഡോ. റിച്ചാർഡ് സ്നെയിഡർ അത് നിരസിക്കുകയും, മൃഗങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ചാൽ മാത്രം മനുഷ്യരിൽ നടത്തിയാൽ മതി എന്ന് നിർദ്ദേശിക്കുകയുമായിരുന്നു.

ആശുപത്രിയിലെ പലരോടും തന്റെ ആശയം പറഞ്ഞെങ്കിലും ചീഫ് നേഴ്സായ ജേർഡ ഡിറ്റ് സൺ മാത്രമാണ് ആ ആശയങ്ങളെ അംഗീകരിച്ച് ഡോ. ഫോസ് മാന്റെ പരീക്ഷണത്തിന് തയാറായത്.


1956 ഒക്ടോബർ 12 ന് സ്വീഡനിലെ പ്രശസ്തമായ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോ. ഫോസ് മാന് ഒരു കത്ത് വരുന്നു. 13 X 18 സെന്റിമീറ്റർ വലിപ്പമുള്ള ഒരു ഫോട്ടോഗ്രാഫ് അയച്ചു കൊടുക്കാൻ ആയിരുന്നു അത്.

1956 ഒക്ടോബർ 18 ന് മൂന്ന് വൃക്കരോഗികളുടെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഫോസ് മാനെ കാണാൻ ആശുപത്രിയുടെ ഡയറക്ടർ വന്നു. “ മിസ്റ്റർ ഫോസ് മാൻ, അങ്ങേയറ്റം സന്തോഷത്തോടെ പറയട്ടെ, ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ സമ്മാനം താങ്കളും രണ്ട് അമേരിക്കക്കാരും നേടിയിരിക്കുന്നു..!

ഡോ. ഫോസ് മാന്റെ ജീവിതം മാറി മറിഞ്ഞ ദിവസമായിരുന്നു അന്ന് . അദ്ദേഹം ലോകം മുഴുവൻ അറിയപ്പെട്ടു.  ഹൃദയ രോഗ നിർണ്ണയത്തിൽ നിർണ്ണായകമായ കാർഡിയാക് കാത്തീറ്ററൈസേഷൻ വികസിപ്പിച്ചെടുത്ത ഡോ. ഫോസ്മാൻ 1979 ജൂൺ ഒന്നിന് മയോകാർഡിയൽ ഇൻഫാർഷൻ എന്ന ഹൃദ്രോഗം ബാധിച്ച് മരണപ്പെട്ടു.

ഇന്ന് അമേരിക്കയിൽ മാത്രം ഒരു വർഷം പത്ത് ലക്ഷത്തിലധികം കാർഡിയാക് കാത്തീറ്ററൈസേഷൻ എന്ന ശാസ്ത്ര വിദ്യ ഉപയോഗിക്കുന്നു. നിരവധി ഡോക്ടർമാരുടേയും നേഴ്സുമാരുടേയും ശാസ്ത്രജ്‌ഞരുടേയും നിരന്തര പരിശ്രമങ്ങളുടേയും അക്ഷീണ പ്രയത്‌നത്തിന്റെയും ഫലമാണ് ഇന്നീ കാണുന്ന പല വൈദ്യശാസ്ത്ര വിദ്യകളും ആധുനിക രോഗനിർണ്ണയങ്ങളും..!


ചിത്രങ്ങൾക്ക് കടപ്പാട് : Fusion


ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ

500 ലധികം ശാസ്ത്രജ്ഞരുടെ ജീവചരിത്രം വായിക്കാം… അതിലൂടെ ശാസ്ത്രചരിത്രവും

Happy
Happy
59 %
Sad
Sad
5 %
Excited
Excited
14 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
23 %

One thought on “കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്

Leave a Reply

Previous post ഭൂമിയെ വരച്ച സ്ത്രീ : മേരി താർപ്
Next post ഫുട്ബോളും ഫിസിക്സും 
Close