Read Time:16 Minute

മേരി താർപ്

കേൾക്കാം

എഴുതിയത് : ശ്രീനിധി കെ.എസ്. അവതരണം : ഗീതു എസ് നായർ

2022 നവംബർ 21 ലെ ഗൂഗിൾ ഡൂഡിൽ ആരെല്ലാം ശ്രദ്ധിച്ചു?
അമേരിക്കൻ ശാസ്ത്രജ്ഞയും കാർട്ടോഗ്രാഫറും (cartographer)* ആയിരുന്ന മേരി താർപ്പിനെ (Marie Tharp) കുറിച്ചായിരുന്നു ഇന്നലത്തെ മനോഹരമായ ഡൂഡിൽ.

ആരായിരുന്നു മേരി താർപ്?

എന്തായിരുന്നു മേരി താർപ് ചെയ്ത സംഭാവന? പരിചയപ്പെടാം.

സമുദ്രത്തടത്തിന്റെ ആദ്യത്തെ ഭൂപടം നിർമ്മിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ശാസ്ത്രജ്ഞയാണ് മേരി താർപ്. അക്കാലത്ത് സ്ത്രീകൾ അപൂർവ്വമായി മാത്രം കടന്നുവന്നിരുന്ന ഗവേഷണമേഖലകളായിരുന്ന സമുദ്രശാസ്ത്രത്തിലും (oceanography) ഭൂശാസ്ത്രത്തിലും (geology) ഭൂപടനിർമ്മാണത്തിലും (cartography) ആയിരുന്നു മേരിയുടെ വൈദഗ്ധ്യം.

Marie Tharp (1920–2006), Sci-Illustrate Stories.

1920ഇൽ അമേരിക്കയിലെ മിഷിഗണിൽ ആണ് മേരി താർപ് ജനിച്ചത്. കാർഷികവകുപ്പിൽ ജോലി ചെയ്തിരുന്ന പിതാവിൽ നിന്നും ആണ് മണ്ണിനെ കുറിച്ചും ശിലകളെ കുറിച്ചും മേരി താർപിന് ആദ്യ അറിവുകൾ ലഭിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ മണ്ണ് സർവേകൾ നടത്തുകയും ചാർട്ടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്ന അച്ഛനോടൊപ്പം മേരിയും കൂടി. പക്ഷെ സ്ത്രീകൾ അധ്യാപനം, ആതുരശുശ്രൂഷ തുടങ്ങിയ ഏതാനും ജോലികളിൽ മാത്രം പ്രവേശിച്ചിരുന്നു അക്കാലത്ത് മേരിയും കരുതിയത് താൻ ഒരു അദ്ധ്യാപിക ആയി മാറും എന്നാണു.

അങ്ങനെയിരിക്കെയാണ് ഭൂമിശാസ്ത്രത്തിൽ പഠനം നടത്താനുള്ള അപൂർവ്വ അവസരം മേരിക്ക് ലഭിച്ചത്. ബിരുദാനന്തര ബിരുദത്തിനു ശേഷം 1950കളിൽ കൊളംബിയ സർവ്വകലാശാലയിലെ ലാമന്റ് ജിയോളജിക്കൽ ലബോറട്ടറിയിൽ (Lamont Geological Laboratory) റിസർച്ച് അസിസ്റ്റന്റ് ആയി മേരി പ്രവേശിച്ചു.

ആ കാലത്ത് വൻകരകളുടെ ഭൂപടങ്ങൾ ഏറെക്കുറെ നിർമ്മിക്കപ്പെട്ടിരുന്നു. പക്ഷെ സമുദ്രത്തട്ടിനെ കുറിച്ച് ആർക്കും വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. ഭൂമിയുടെ ഉപരിതലത്തിലെ നല്ലൊരു ഭാഗവും സമുദ്രം ആണെന്നറിയാം. പക്ഷെ ആ ഭീമൻ ജലശേഖരത്തിന്റെ അടിയിൽ എന്താണ്? നിരപ്പായ തട്ടാണോ? അതോ കുന്നുകളും കുഴികളും ഉണ്ടോ?

അത് വരെയും വിശ്വസിച്ചിരുന്നത് സമുദ്രത്തിന്റെ അടിത്തട്ട് സമതലം ആണെന്ന് ആയിരുന്നു. അതായത് എല്ലായിടത്തും ഏതാണ്ട് ഒരേ ആഴം. നിരപ്പായ തടം. മേരിയും കൂടെ ഗവേഷകനായിരുന്ന ബ്രൂസ് ഹീസനും (Bruce Heezen) ഒരു പുതിയ പ്രോജക്ടിന്റെ ഭാഗമായി. കടലുകളുടെ ആഴം തിട്ടപ്പെടുത്തുകയും ആഴമനുസരിച്ചു കടൽത്തറയുടെ ആകൃതി വിശദമാക്കുന്ന ചാർട്ടുകളും ബാതിമെട്രി (bathymetry)* ഭൂപടങ്ങളും എല്ലാം നിർമിക്കുകയും ആയിരുന്നു ആ പ്രോജക്ടിന്റെ ലക്‌ഷ്യം.

സമുദ്രപര്യവേഷണം നടത്തി SONAR* ഉപയോഗിച്ചാണ് കടൽത്തട്ടിന്റെ ആഴം അളക്കുന്നത്. ഹീസൻ അറ്റ്ലാന്റിക് സമുദ്രത്തിൽ പര്യവേഷണത്തിനു പുറപ്പെട്ടു. എന്നാൽ അന്ന് മേരിക്ക് അതിൽ പങ്കെടുക്കാനായില്ല-കാരണം ആ കാലഘട്ടത്തിൽ സ്ത്രീകൾക്ക് പര്യവേഷണക്കപ്പലുകളിൽ അയിത്തമായിരുന്നു! ഹീസൻ പര്യവേഷണങ്ങളിൽ പങ്കെടുത്ത് ഡാറ്റ ശേഖരിച്ചപ്പോൾ മേരി തന്റെ പരീക്ഷണശാലയിൽ ആ വിവരങ്ങൾ ഉപയോഗിച്ച് കണക്കുകൂട്ടലുകളും അപഗ്രഥനങ്ങളും നടത്തി കടൽത്തട്ടിന്റെ ആഴം കണക്കാക്കി. വിവരങ്ങൾ ലഭ്യമല്ലാതിരുന്ന ഇടങ്ങളിലെ ആഴം കണക്കാക്കാൻ മേരി ഗണിതത്തിലെ തന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി.

SONAR-ൽ നിന്നും ലഭ്യമായ സമീപപ്രദേശങ്ങളിലെ വിവരങ്ങളും, താപനില, ലാവണത്വം തുടങ്ങിയവയുടെ കണക്കുകളും എല്ലാം ഉപയോഗിച്ച് മേരി നേരിട്ടുള്ള വിവരം ഇല്ലാത്ത ഇടങ്ങളിലെ ആഴം കണക്കാക്കി. അങ്ങനെ സമുദ്രത്തട്ടിന്റെ വ്യക്തതയുള്ള ചിത്രം മേരി നിർണ്ണയിച്ചു.

താൻ നിർമ്മിച്ച ഭൂപടം കണ്ട് മേരി തന്നെ ആദ്യം അതിശയിച്ചു. സമുദ്രത്തടം സമതലമല്ല. അവിടെ പർവ്വതനിരകൾ ഉണ്ട്, മലയിടുക്കുകൾ ഉണ്ട്!

പക്ഷെ മേരിയെ ഹീസൻ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. മേരിയുടെ കണ്ടെത്തലിനെ ഹീസൻ വെറും പെൺവർത്തമാനം (girl talk) എന്ന് പരിഹസിച്ചുവത്രേ. മേരിയോട് പുതിയ ഭൂപടം നിർമ്മിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

മേരി കണക്കുകൂട്ടലുകൾ വീണ്ടും നടത്തിയെങ്കിലും കിട്ടിയത് അതെ ചിത്രം തന്നെയായിരുന്നു!!!

അങ്ങനെയിരിക്കെയാണ് മറ്റൊരു ഗവേഷകനായിരുന്ന ഹൊവാഡ് ഫോസ്റ്റർ (Howard Foster ) സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂചലനങ്ങളുടെ ചാർട്ട് നിർമ്മിച്ചത്. മേരി നിർമ്മിച്ച ഭൂപടം ഫോസ്‌റ്ററിന്റെ ഭൂചലനചാർട്ടുമായി താരതമ്യം ചെയ്തപ്പോൾ അതാ രണ്ടും തമ്മിൽ ചേരുന്നു. മേരിയുടെ ഭൂപടത്തിലെ നീളൻ പർവ്വതനിരകളുടെ അതെ സ്ഥാനത്ത് ആണ് ഏറ്റവും കൂടുതൽ ഭൂചലനങ്ങളും ഉണ്ടായിരിക്കുന്നത്!

ബ്രൂസ് ഹീസന് അത് തള്ളിക്കളയാൻ സാധിച്ചില്ല. മേരിയുടെ കണ്ടെത്തൽ ശരിയാണ്!!!
അറ്റ്ലാന്റിക് സമുദ്രത്തിന്റെ നടുവിൽ നീളൻ പർവ്വതനിരയും അതിന്റെ മധ്യത്തിൽ ഒരു നീളൻ പിളർപ്പും ഉണ്ട്!!!
മേരിയും ഹീസനും ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. മറ്റ് സമുദ്രങ്ങളുടെയും ബാതിമെട്രി പടങ്ങൾ മേരിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു. അവിടെയും സമാനമായ പർവ്വതനിരകൾ ഉണ്ട്.

സമുദ്രത്തിനടിയിൽ ഏകദേശം 65000 കിലോമീറ്റർ നീളമുള്ള പർവ്വതനിര!!! ശാസ്ത്രലോകം ഞെട്ടി എന്ന് പറഞ്ഞാൽ പോരാ… ഭൂരിഭാഗവും അത് വിശ്വസിച്ചത് പോലും ഇല്ല. തന്റെ കൂടെയുള്ള ഗവേഷകർ ഉൾപ്പെടെ ശാസ്ത്രലോകം ഏതാണ്ട് മുഴുവനായും മേരിയുടെ കണ്ടെത്തലുകളെ തള്ളിപ്പറഞ്ഞു എന്നതാണ് വാസ്തവം. ‘ഒരു കൂട്ടം നുണകൾ’ എന്നാണ് തന്റെ കണ്ടെത്തലിനെ ചിലർ വിമർശിച്ചത് എന്ന് മേരി താർപ് തന്നെ പറഞ്ഞിട്ടുണ്ട്. പല ശാസ്ത്രജ്ഞരും ഹീസന് അയച്ച കത്തുകളിൽ അവർ തങ്ങളുടെ അമർഷം രേഖപ്പെടുത്തുകയും ചെയ്തു.

1957ൽ ആദ്യമായി ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭൂപടം മേരിയുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അതിന് ശേഷം 1961ഇൽ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിന്റെയും 1964ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തടങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. 1977ൽ എല്ലാ സമുദ്രങ്ങളുടെയും ഭൂപടങ്ങൾ ചേർത്ത് ലോകസമുദ്രത്തടത്തിന്റെ മുഴുവനും ഉള്ള ഭൂപടം മേരി പ്രസിദ്ധീകരിച്ചു. 2006ൽ അന്തരിക്കുന്നത് വരെയും മേരി താർപ് തന്റെ ഇഷ്ടവിഷയങ്ങളിൽ പഠനത്തിൽ ഏർപ്പെട്ടു.

മേരി താർപ്പിന്റെ കണ്ടെത്തലിന്റെ പ്രസക്തി എന്താണ് എന്നറിയണമെങ്കിൽ ആ സമയം ഭൂശാസ്ത്രം എവിടെ എത്തി നിൽക്കുകയായിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഭൂവൽക്കം എങ്ങനെ രൂപപ്പെട്ടു? പർവ്വതനിരകളും സമുദ്രങ്ങളും ദ്വീപുകളും എങ്ങനെ ഉണ്ടായി? ഭൂമിയുടെ ആന്തരികഘടന എങ്ങനെയാണ്? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ ശാസ്ത്രജ്ഞർ ഉഴലുന്ന സമയം. വൻകരകളുടെ രൂപീകരണത്തെക്കുറിച്ച് ഒട്ടും വ്യക്തതയില്ലാത്ത സിദ്ധാന്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾ മുൻപ് തന്നെ അമേരിക്കൻ വൻകരയുടെ കിഴക്കൻ അതിരും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും പടിഞ്ഞാറൻ അതിരും കൃത്യമായി പരസ്പരം ചേർത്ത് വക്കാൻ സാധിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷെ ഒരു ‘വൻ-വൻകര’ എങ്ങനെ പിളരും എന്ന് ആർക്കും ധാരണയില്ല.

ഒരു നാല് പതിറ്റാണ്ട് മുൻപ് (1912ൽ) ആൽഫ്രെഡ് വെഗ്നർ (Alfred Wegener) വൻകരാനീക്കസിദ്ധാന്തം (continental drift theory) മുന്നോട്ട് വച്ചിട്ടുണ്ട്. അമേരിക്കയും ആഫ്രിക്കൻ-യൂറോപ്യൻ വൻകരകളും ഒരൊറ്റ ഭീമൻ വൻകരയിൽ നിന്നും പരസ്പരം തെന്നി നീങ്ങിയതാണെന്നാണ് അദ്ദേഹം പറഞ്ഞു വച്ചിട്ടുള്ളത്. മാത്രമോ, അറ്റ്ലാന്റിക് സമുദ്രം അതിന്റെ ഒത്തനടുക്ക് ഇപ്പോഴും പിളർന്നുകൊണ്ടിരിക്കുകയാണെന്നും അങ്ങനെ ഈ വൻകരകൾ ഇപ്പോഴും പരസ്പരം വിട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു കൂടെ അദ്ദേഹം പറഞ്ഞു. എന്നാൽ അന്നത്തെ മിക്ക ശാസ്ത്രജ്ഞരും വെഗ്നർ മുന്നോട്ടു വച്ച ഈ സിദ്ധാന്തത്തെ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ തള്ളിക്കളഞ്ഞ അവസ്ഥയിലാണ്.

മേരി താർപും ബ്രൂസ് ഹീസനും (Bruce Heezen) കടപ്പാട് : Joe Covello, National Geographic.

വൻകരകൾ പിളർന്ന് പരസ്പരം തെന്നി നീങ്ങുന്നുണ്ടെങ്കിൽ അവയുടെ ഇടയിൽ ഉള്ള സമുദ്രത്തടത്തിലും അതിന്റെ എന്തെങ്കിലും തെളിവുകൾ അവശേഷിക്കില്ലേ? അതിന്റെ ഉത്തരങ്ങളിൽ ഒന്നായിരുന്നു മേരി താർപ്പിന്റെ ഭൂപടങ്ങൾ.

1960 കളുടെ തുടക്കത്തിൽ ആണ് എച് എച് ഹെസ് (H. H. Hess) വളരുന്ന സമുദ്രത്തടങ്ങളെ കുറിച്ചുള്ള തന്റെ ആശയം പ്രസിദ്ധീകരിക്കുന്നത്. രണ്ടു വൻകരകൾ പിളർന്നു പരസ്പരം അകന്നു പോകുന്നത് അവക്കിടയിൽ സമുദ്രം വളരുന്നത് അനുസരിച്ചാണ് എന്നാണു അദ്ദേഹം പറഞ്ഞത്. സമുദ്രങ്ങളുടെ മധ്യത്തിലുള്ള നെടുനീളൻ അഗ്നിപർവ്വതനിരകളിൽ നിന്ന് പുറത്തു വരുന്ന ലാവ തണുത്തുറഞ്ഞ് സമുദ്രത്തടത്തോട് ചേരുന്നു. ഇങ്ങനെ നിരന്തരം പുത്തൻ കടൽത്തടം നിർമ്മിക്കപ്പെടുന്നുഅതിലൂടെയാണ് സമുദ്രങ്ങൾ ഇരു വശത്തേക്കും വ്യാപിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വൻകരകൾ സ്വയം നീങ്ങുന്നതല്ല, മറിച്ചു സമുദ്രത്തടങ്ങളുടെ ഈ വ്യാപനം കാരണം ആണ് വൻകരകൾ ചലിക്കുന്നത് എന്ന മനോഹരമായ ഹൈപോതെസിസ് അങ്ങനെ ശാസ്ത്രലോകത്തിന് മുന്നിൽ എത്തി. അധികം വൈകാതെ തന്നെ ആർ എസ് ഡയറ്റ്സ് (R S Dietz) ഈ ആശയത്തിന് കടൽതടവികാസം (seafloor spreading )എന്ന പേരും ഇട്ടു.

ഭൂമിയിൽ സംഭവിക്കുന്ന ഭൂചലനങ്ങളിൽ നല്ലൊരു ശതമാനവും സംഭവിക്കുന്നത് ഈ കടലിനടിയിലെ ഈ നെടുനീളൻ പിളർപ്പിൽ ആണെന്ന് കണ്ടെത്തി. അധികം വൈകാതെ കടൽത്തട്ടിലെ ശിലകളുടെ കാന്തികത പരിശോധിച്ചപ്പോൾ ഇത് സമുദ്രത്തട വികാസം ശരിയാണെന്നു കൂടുതൽ തെളിഞ്ഞു.

അങ്ങനെ ഫലക വിസ്ഥാപനസിദ്ധാന്തത്തിനു (theory of plate tectonics) മേരിയുടെ ചിത്രങ്ങൾ അടിത്തറ പാകി. ഭൂശാസ്ത്രത്തിന്റെ പുതിയൊരു യുഗം അങ്ങനെ തുടങ്ങി.

ഇന്നലെ മേരി താർപ്പിനെ ഓർക്കാനും ഗൂഗിൾ, മേരി താർപ്പിനെ കുറിച്ചൊരു ഡൂഡിൽ ഉണ്ടാക്കാനും കാരണം എന്താണ്?

ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് 1998 നവംബർ 21നാണ് ലൈബ്രറി ഓഫ് കോൺഗ്രസ് (The Library of Congress-LC) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കാർട്ടോഗ്രാഫർമാരിൽ ഒരാളായി മേരി താർപ്പിനെ തിരഞ്ഞെടുത്ത് ആദരിച്ചത്. മറ്റ് ഒട്ടേറെ വനിതാ ശാസ്ത്രജ്ഞരെ പോലെ പതിറ്റാണ്ടുകളോളം ഓർമ്മിക്കപ്പെടാതെയും ആഘോഷിക്കപ്പെടാതെയും പോയ മേരി താർപ്പിന്റെ പേര് അങ്ങനെ ചരിത്രത്തിൽ കൊത്തിവെക്കപ്പെട്ടു.


WORD LUCA

Cartographer: ഭൂപടങ്ങളും ചാര്‍ട്ടുകളും നിർമ്മിക്കുന്നയാൾ
Bathymetry: അഗാധതാ മാപനം, കടലുകളുടെ ആഴം അളന്നു തിട്ടപ്പെടുത്തുകയും ആഴമനുസരിച്ചു കടൽത്തറയുടെ ആകൃതി വിശദമാക്കുന്ന ചാർട്ടുകളും ഭൂപടങ്ങളും നിർമിക്കുകയും ചെയ്യുന്ന സമുദ്രവിജ്ഞാനീയശാഖ
SONAR (Sound Navigation and Ranging) : ശബ്ദതരംഗങ്ങളുടെ പ്രതിഫലനം ശേഖരിച്ചു ആഴമളക്കുന്ന വിദ്യ

കൂടുതൽ ശാസ്ത്രവാക്കുകൾ പരിചയപ്പെടാൻ Word LUCA സന്ദർശിക്കാം


female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Happy
Happy
30 %
Sad
Sad
0 %
Excited
Excited
45 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

One thought on “ഭൂമിയെ വരച്ച സ്ത്രീ : മേരി താർപ്

Leave a Reply

Previous post Protected: കാലാവസ്ഥാ വ്യതിയാനവും നിയമലംഘനവും
Next post കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്
Close