Read Time:29 Minute

ജീവിതത്തിലാദ്യമായി ശരിക്കും തനിക്കിഷ്ടപ്പെട്ട ഒരു മനുഷ്യനെ കാണുന്നുവെന്ന് ടോട്ടോക്ക് തോന്നി. കൊച്ചു ടോട്ടോ ചിലച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും മാസ്റ്റര്‍ കോട്ടുവായിടുകയോ അശ്രദ്ധനായിരിക്കുകയോ ചെയ്തില്ല! അവള്‍ പറഞ്ഞ കാര്യങ്ങളില്‍ അവള്‍ക്കൊപ്പം താല്പര്യമുള്ള ഒരു മാസ്റ്റര്‍! അവളുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ മറ്റാരും ഇത്രയും മിനക്കെട്ടിട്ടില്ലല്ലോ. ടോട്ടോ_ചാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മനുഷ്യനെ കണ്ടുമുട്ടുകയായിരുന്നു.

കഥാകാരി ഇത്രയും പറഞ്ഞു വയ്ക്കുമ്പോള്‍, നമ്മളില്‍ എത്രപേര്‍ കുട്ടികളെ മുഴുവനായും ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറാവാറുണ്ട് എന്ന് ഓര്‍ത്തു പോകും. ഒരുപക്ഷെ ഞാനും നിങ്ങളും ഇഷ്ടപ്പെട്ടത് നമ്മെ കേള്‍ക്കുന്ന അധ്യാപകരെ, ആളുകളെ ആയിരുന്നിരിക്കാം.

‘ടോട്ടോ_ചാന്‍ ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്ന പുസ്തകത്തിലൂടെ ആ കഥ നമ്മളോട് പറഞ്ഞത് ടെത്‌സുക്കോ കുറൊയോനഗി എന്ന പ്രശസ്തയായ ജാപ്പാനീസ് എഴുത്തുകാരിയാണ്. നമ്മുടെ ഭാവനയ്ക്കുള്ളിൽ, ഇടിവെട്ടിമലയിടുക്കുകളിലെ തുറന്ന പാചകശാലയും, വളരുന്ന മതിലും, തീവണ്ടിപ്പള്ളിക്കൂടവും അങ്ങനെയെന്തൊക്കെ വിചിത്രഭാവനകൾ _ അതിനു മുമ്പോ ശേഷമോ ഒരിക്കൽപ്പോലും വന്നു നിറഞ്ഞില്ല. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം; കുട്ടികൾക്കൊപ്പം നിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ അധ്യാപകുകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഈ പുസ്തകത്തിലെ ഓരോ വരികളും ഇന്ന് അവരുടെ ഹൃദയത്തിന്റെ ഭാഗമാണ്. സർഗ്ഗാത്മക വിദ്യാഭ്യാസമെന്നത് സ്വപ്നത്തിലെങ്കിലും കാണാൻ, ‘ടോട്ടോ-ചാന്‍ ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്ന പുസ്തകം അവർക്ക് പ്രേരണയായി തീരുന്നു.

പുസ്തകം അടിസ്ഥാനപരമായി സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളും അനുഭവങ്ങളും വിവരിക്കുന്നുണ്ട്. അത് പുസ്തകത്തിന്റെ പ്രധാന കഥാപാത്രമായ ആറ് വയസ്സുള്ള ടോട്ടോയിലും ടോമോയിലെ പ്രധാന അധ്യാപകൻ കൊബായാഷി മാസ്റ്ററിലും ശാശ്വതമായ ഒരു മതിപ്പ്, വായനക്കാരിൽ വർദ്ധിപ്പികുന്നു. പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ, കുട്ടിക്കാലത്തെ അനുഭവങ്ങൾ മുതിർന്നവരുടെ ലോകത്ത് അതെങ്ങനെ അനുഭവിപ്പിക്കുന്നു എന്നതിൽ, അത് അഗാധമായ സ്വാധീനം ചെലുത്തുന്നുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു പുസ്തകത്തെയും അതിലെ കേന്ദ്ര കഥാപാത്രമായ കുഞ്ഞു ടോട്ടോയെ കുറിച്ചും അത് എഴുതിയ ഗ്രന്ഥകാരിയെ കുറിച്ചുമാണ് ഇവിടെ പരാമർശിക്കുന്നത്.

തെത്സുകൊ കുറോയാനഗി

തെത്സുകൊ കുറോയാനഗിയെ ലോക പ്രശസ്‌തയാക്കിയത്, അവരുടെ ആത്മകഥാപരമായ ‘ടോട്ടോ- ചാന്‍ ജനാലാക്കാരികിലെ വികൃതിക്കുട്ടി (Totto – chan : The Little Girl at the Window)’ എന്ന പുസ്തകമാണ്. ലോകം കീഴടക്കിയ കുഞ്ഞു ടോട്ടോക്ക് തെത്സുകൊ കുറോയാനഗിക്ക് ഇന്ന് 90 വയസ്സ്‌ തികയുന്നു. അതേ, തെത്സുകൊ കുറോയാനഗിയുടെ ജനനം 1933 ഓഗസ്റ്റ് 9 ജപ്പാനിലെ നോഗിസാക്ക എന്ന പ്രദേശത്തായിരുന്നു. വലുതായപ്പോൾ ലോകം മുഴുവൻ അറിയപ്പെട്ട ടെലിവിഷൻ അവതാരക, നടി, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഉപദേശക, യുണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറുമൊക്കെയായി അവർ ഇപ്പോഴും ജീവിക്കുന്നു.

1953-ൽ ജപ്പാനിലെ പ്രസിദ്ധമായ അവിടുത്തെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റിംഗ് തിയേറ്റർ കമ്പനിയിൽ (NHK) ഒരു നടിയായി ചേർന്നു.തെത്സുകൊ 1954-ൽ യാംബോ നിംബോ ടോംബോ എന്ന റേഡിയോ നാടകത്തിലെ പ്രധാന നടിയായി തന്റെ അരങ്ങേറ്റം കുറിച്ചു. 1976-ൽ, ആസാഹി ടെലിവിഷന്റെ തെത്സുകോസ് റൂം എന്ന പരിപാടി (തെത്സുകൊ നോ ഹെയ എന്ന പേരിൽ) സംപ്രേക്ഷണം ചെയ്യാൻ തുടങ്ങി. ഒരേ ഹോസ്റ്റിന്റെ മുൻകൈയ്യിൽ _ ഏറ്റവും കൂടുതൽ തവണ പ്രക്ഷേപണം നടത്തിയ ഒരു പരിപാടിയെന്ന നിലയിൽ 2011-ൽ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഈ പ്രോഗ്രാമിനെ അംഗീകരിച്ചു.

തെത്സുകോസ് റൂം – പരിപാടിയിൽ നിന്നും

എല്ലാ ആഴ്‌ചയും പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് ഇതിന്റെ സംപ്രേക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. 2022-ലെ കണക്കനുസരിച്ച്, അതിന്റെ 46-ാം വർഷത്തിൽ ഇത് 11,000 എപ്പിസോഡുകൾ മറികടന്നു. തെത്സുകൊ കുറോയാനഗിയെ ലോക പ്രശസ്‌തയാക്കിയത് ‘ടോട്ടോചാന്‍ ജനാലക്കാരികിലെ വികൃതിക്കുട്ടി‘ എന്ന അവരുടെ ആത്മകഥാപരമായ പുസ്തകമാണ്. അതവളുടെ ബാല്യകാലം ചിത്രീകരിക്കുന്നു. ഇന്ന് ലോകത്താകെ ഏതാണ്ട് എട്ട് ദശലക്ഷത്തിലധികം കോപ്പികൾ ഈ പുസ്തകം വിറ്റു പോയിരിക്കുന്നു. ലോകത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടിട്ടുള്ളതും ഏറെ സ്വാധീനമുള്ളതുമായ ഒരു പുസ്തകം വേറേയില്ല.

ടോട്ടോ-ചാൻ – ഹിന്ദി, പഞ്ചാബി, കന്നട പരിഭാഷകൾ

1981_ൽ പുറത്തിറങ്ങിയ ഈ പുസ്തകം ലോകത്തെ ഏതാണ്ടെല്ലാ പ്രധാന ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. 1984_ൽ ഇംഗ്ലീഷിലും 1992_ൽ മലയാളത്തിലും ടോട്ടോ_ചാന്‍ വിവർത്തനങ്ങൾ ഇറങ്ങി.

കവി _ അൻവർ അലിയാണ് മലയാളം പരിഭാഷ ചെയ്തിരിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്തിറക്കിയത്. 1997 മുതൽ നാഷണൽ ബുക്ക് ട്രസ്റ്റ് (ഡൽഹി) ഈ പരിഭാഷ പുറത്തിറക്കുന്നു. ലോകത്തെ വിവിധ സർവ്വകലാശാലകളിൽ, വിദ്യാലയങ്ങളിൽ അവരുടെ അധ്യാപക രക്ഷകർതൃ പരിശീലന പരിപാടികൾക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ‘ടൂൾ’ ആണ് ഇന്ന് ഈ പുസ്തകം.

ടോമോ സ്കൂൾ

‘ടോട്ടോ_ചാന്‍ ജനാലക്കരികിലെ വികൃതിക്കുട്ടി’ തെക്ക് പടിഞ്ഞാറൻ ടോക്കിയോയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരമ്പര്യേതര സ്‌കൂളായ റ്റോമോ ഗകുവെൻ’ കേന്ദ്രീകരിച്ചുള്ള ഒരു അനുഭവ വിവരണമാണ്. ടെത്‌സുക്കോ കുറോനായഗി അവിടെ പഠിച്ച രണ്ടോ അതിലധികമോ വർഷങ്ങളിലെ ഈ വിവരണം; അത് ലോകത്തെ ദശലക്ഷക്കണക്കിന് അദ്ധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ആവേശം പകർന്നുനൽകുന്ന പ്രത്യാശയുടെ ഒരു പ്രകാശമാണിന്ന്.

തീർത്തും എളുപ്പമുള്ളതും എന്നാൽ വിജ്ഞാനപ്രദവുമായ ഒന്നാണ് ടോട്ടോ-ചാന്റെ വായന. ലളിതവും മനോഹരവുമായ ഭാഷയിൽ, ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെയും അന്വേഷണാത്മകതയോടെയും _ എല്ലാം ഏറെ രസകരമായി രചയിതാവ് പകർത്തി വെച്ചിരിക്കുന്നു. ഒരു കുട്ടിയുടെ കൗതുകങ്ങളെ തീരെ മനസിലാക്കാക്കാനാവാത്ത, ടോട്ടോ പഠിച്ച ആദ്യ സ്‌കൂളുകളിലെ ‘അധ്യാപകർ’ അവളുടെ ആകാംഷകളെയും കൗതുകങ്ങളെയും വലിയ ‘കുറ്റങ്ങളായി’ ടോട്ടോയുടെ അമ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, അവള്‍ക്കായി വേറെ നല്ലൊരു സ്‌കൂള്‍ കണ്ടു പിടിക്കാന്‍ കുഞ്ഞു ടോട്ടോയുടെ അമ്മ തീരുമാനിക്കുന്നു.

പഴയ തീവണ്ടി കോച്ചുകളിലിരുന്ന് കുട്ടികളും അധ്യാപകരും അവരുടെ പഠന പ്രവർത്തനങ്ങൾ നടത്തുന്ന, പ്രകൃതിയോട് ഏറെ ഇണങ്ങി നില്‍ക്കുന്ന ‘ടോമോ’ എന്ന വിദ്യാലയം തന്റെ മകള്‍ക്കായി ആ അമ്മ കണ്ടെത്തുന്നതോടെ ടോട്ടോയുടെ ജീവിതം മാറി മറിയുന്നു, അത് മനോഹരമാകുന്നു. അവിടെ വെച്ചാണ് അവൾ കൊബായാഷി മാസ്റ്ററെ ആദ്യമായി കാണുന്നത്. അന്നാണ് ഒരാൾ അവളെ മുഴുവനായും കേട്ടത്. ഒടുവിൽ അയാൾ ഇങ്ങനെ അവളോട് പറഞ്ഞു; ‘നേരായിട്ടും നീയൊരു നല്ല കുട്ട്യാ..’

ടോമോയിലെ പ്രധാന അധ്യാപകനായ കൊബായാഷി മാസ്റ്ററുമായുള്ള ആദ്യ കൂടിക്കാഴ്ച അത്യന്തം മനോഹരമായി കഥാകാരി ടോട്ടോ-ചാനിൽ നമ്മോട് വിവരിക്കുന്നുണ്ട്.ടോട്ടോയുടെ ഭാവനക്കനുസരിച്ച്, ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറക്കാനുള്ള സ്വാതന്ത്ര്യം ആ സ്‌കൂള്‍ അവൾക്ക് അനുവദം നല്‍കുന്നു.

ഒരു കുട്ടിയുടെ മനസിലുള്ളതൊക്കെ തുറന്നുപറയാന്‍ അവസരം നല്‍കുകയും അവളുടെ ഓരോ വാക്കുകളും അത്യന്തം ക്ഷമയോടെയും ഉത്സാഹത്തോടെയും കേട്ടിരിക്കുകയും ചെയ്ത കൊബായാഷിമാസ്റ്റര്‍ കുഞ്ഞു ടോട്ടോക്ക് ഒരത്ഭുതം തന്നെയായിരുന്നു.

ചിഹിര ഇവാസാക്കിയുടെ ജലച്ഛായചിത്രം

വീട്ടിലെ അന്തരീക്ഷം, മാതാപിതാക്കൾ, പരിചാരകർ, അയൽപക്ക സമൂഹം ഇവയെല്ലാം ഒരു കുട്ടിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നു. എന്നാൽ സ്‌കൂളും അതിന്റെ പരിസരവും അധ്യാപകരും ഒരുപോലെ പ്രാധാന്യമർഹിക്കുന്നുമുണ്ട്. ചില കാര്യങ്ങളിൽ സ്‌കൂൾ അതിൽ വലിയ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. കാരണം, വിദ്യാലയങ്ങൾ; കുട്ടിയുടെ കംഫർട്ട് സോണിന് പുറത്തുള്ള ആദ്യ അനുഭവങ്ങൾ പകർന്ന് നൽകുന്ന ഇടങ്ങളായിരിക്കും.

‘കുട്ടികളെ, എന്ത് ചിന്തിക്കണമെന്നല്ല, എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കണം!’ എന്ന് പറയുമ്പോൾ, അതിനായി ‘ടോമോ ഗകുവെൻ സ്‌കൂൾ’ അവരുടെ കുട്ടികൾക്ക് വലിയ ഇടങ്ങൾ (Space) അവിടെ തുറന്ന് നൽകുന്നുണ്ട്. ഈ പുസ്തകം വായിക്കുമ്പോൾ, കുഞ്ഞു ടോട്ടോയുടെ സ്ഥാനത്ത് ഞാൻ എന്നെത്തന്നെയാണ് കാണുന്നത്. എന്റെ സ്‌കൂൾ അനുഭവങ്ങൾ പലപ്പൊഴും ‘തികട്ടി’ വരുന്നത് ഞാൻ ഇപ്പോൾ അറിയുന്നു. ടോമോ സ്കൂളിന് ഒരു പാഠ്യപദ്ധതിയുണ്ടായിരുന്നു, ആ കരിക്കുലം കുട്ടികൾക്ക് വേണ്ടിയുള്ള ഒന്നായിരുന്നു, അവരെ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്ന്.

ചിഹിര ഇവാസാക്കിയുടെ ജലച്ഛായചിത്രം

കുട്ടികൾക്ക് ഏറെ താൽപ്പര്യമുണ്ടാകാൻ സാധ്യതയുള്ള _ വലിയ തീവണ്ടി മുറികളിൽ സജ്ജീകരിച്ചിരിക്കുന്ന ക്ളാസ്സ് മുറികൾ, ഈ സ്കൂൾ _ വിദ്യാഭ്യാസ സങ്കല്പത്തിന്റെ ഒരു പുന:വായനയാണ്. കുട്ടികൾ അനുരൂപപ്പെടുന്നതിനുപകരം, അവർ ആസ്വദിച്ച പാഠങ്ങളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാനുള്ള ‘സ്വയംഭരണാധികാരം’ ടോമോയിലെ കുട്ടികൾക്ക് നൽകിയിരുന്നു.

ചിഹിര ഇവാസാക്കിയുടെ ജലച്ഛായചിത്രം

കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ബന്ധം, അതിനായി തീർത്തും ദൃഢമായ ഒരു ഘടന ടോമോയിൽ ഉണ്ടായിരുന്നു. അധ്യാപകർ ഒരിക്കലും അധികാരികളായിരുന്നില്ല. അധ്യാപകർ കുട്ടികൾക്ക് മാർഗദർശികളായിയിരുന്നു (Guide), അവർ അവശ്യവേളയിലൊക്കെ കുട്ടികളുടെ സഹായക/കൻ (Facilitator) ആയിരുന്നു. കുഞ്ഞുങ്ങൾക്കൊപ്പം, എപ്പോഴും നിൽക്കുന്ന ഉപദേശകരുടെ (Mentor) റോളായിരുന്നു അവർ നിർവ്വഹിച്ചിരുന്നത്.

കുട്ടികളെ ‘ബഹുമാനിക്കുന്നവർ’ അല്ലെങ്കിൽ അവരെ ‘അംഗീകരിക്കുന്നവർ’ അവരെ മാത്രമെ നമുക്ക് ‘അധ്യാപകരുടെ’ ഗണത്തിൽ പെടുത്താൻ കഴിയു എന്നതാണ് ആത്യന്തികമായി ശരി! ഈ പുസ്തകത്തിൽ കുഞ്ഞുടോട്ടോക്ക് 6 ഓ 7_ഓ വയസ്സുള്ളപ്പോൾ, നടന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. തന്റെ ‘ടോമോ’ വിദ്യാലയത്തിലെ ഒന്നാംതരം കഴിഞ്ഞുള്ള വേനൽ അവധിക്ക് അച്ഛനുമൊത്ത് മഞ്ഞുമലകളിലൊരിടത്ത് താമസിക്കാൻ ‘ടോട്ടോ’ പോകുന്നുണ്ട്.

Totto-chan’s Square in the Azumino Chihiro Park

പർവ്വത പ്രദേശമായ അവിടുത്തെ മലകളിലുള്ള മഞ്ഞുപാളികളിലൂടെ തെന്നിത്തെന്നി നീങ്ങുന്ന ‘സ്‌കെറ്റിങ്ങ്’ വിനോദം നടക്കുന്ന ഇടത്ത് വിദേശികളടക്കം നുറുക്കണക്കിന്‌ ആളുകൾ വന്നുകൂടിയിട്ടുണ്ട്. അവിടെ, ജിജ്ഞാസയോടെയും കൗതുകത്തോടെയും കറങ്ങിനടക്കുന്ന ടോട്ടോയെ കണ്ട ‘ഒരാൾ’ അച്ഛനോട് അവളെയും കൊണ്ട് ഒരു യാത്ര (സ്‌കെറ്റിങ്ങ്) നടത്താനുള്ള അനുവാദം ചോദിക്കുന്നു; സംസാരത്തിനൊടുവിൽ അച്ഛൻ അതിന് സമ്മതിക്കുന്നു.

അയാൾക്കൊപ്പം, ടോട്ടോ വലിയൊരു റെയ്ഡ് നടത്തി തിരിച്ചുവരുന്നു. തീർത്തും അത്‌ഭുതകരമായ ആ റെയ്ഡിന്റെ അവസാനത്തിൽ, അവിടെയുണ്ടായിരുന്ന എല്ലാവരും കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നു, അഭിനന്ദിക്കുന്നു. ടോട്ടോക്ക് വലിയ അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങൾ. ടോട്ടോയെ തന്റെ ബെൽറ്റിൽനിന്നും വേർപെടുത്തിയ ആ അപരിചിതനായ ‘സ്കെറ്റിങ്ങ് റൈഡർ’ ആദ്യം ചെയ്തത് ചുറ്റുമുള്ള എല്ലാവരെയും, തന്റെ തലയും ശരീരവും കുനിച്ച് (ജപ്പാൻ മാതൃകയിൽ) ‘അഭിവാദ്യം’ ചെയ്യുകയായിരുന്നു.

തുടർന്ന്, തിരിഞ്ഞുനിന്ന് കുഞ്ഞു ടോട്ടോയെ അയാൾ അതേപോലെ അഭിവാദ്യം ചെയ്തു. പുസ്തകത്തിൽ ഗ്രന്ഥകാരി ഇങ്ങനെ ഒന്ന് പറഞ്ഞ് ആ അധ്യായം അവസാനിപ്പിക്കുന്നു; ‘വർഷങ്ങൾക്ക് ശേഷമാണ് ആ അപരിചിതൻ ‘ലോകപ്രസിദ്ധനായ’ ഒരു സ്കൈറ്റിങ്ങ് വിദഗ്ധനായിരുന്നുവെന്നത് ഞാൻ തിരിച്ചറിഞ്ഞത്!’

ലോക പ്രസിദ്ധ ഫുട്‌ബോളർമാരായ മെസ്സി, നെയ്മർ, റൊണാൾഡോ, ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഇവരെപ്പോലുള്ള ഒരാളെ കുറിച്ച് നാം ഒന്നു വെറുതെ ചിന്തിക്കുക. തീർത്തും അപരിചിതനെങ്കിലും, അത്രമേൽ പ്രസിദ്ധനായ ഒരാളായിരുന്നു കുഞ്ഞു ടോട്ടോയുമൊത്ത് സ്കൈറ്റിങ്ങ് നടത്തിയതന്നും, അതിന്റെ ഒടുവിൽ ആ കൊച്ചു കുട്ടിയെ അയാൾ അഭിവാദ്യം ചെയ്തതെന്നും ഇപ്പോൾ എത്രപേർക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്?! ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ലോകപ്രസിദ്ധനായ ‘അയാൾ’; തനിക്കൊപ്പം പ്രവർത്തിച്ച തീർത്തും അപരിചിതയായ ഒരു ‘കുട്ടിയെ’ ബഹുമാനത്തോടെ ‘അഭിവാദ്യം ചെയ്തത്’ എന്തുകൊണ്ട്? ഈ ചിന്തയാണ്, ചോദ്യമാണ് _ ഒരു ‘അദ്ധ്യാപകൻ’ എന്ന നിലയിൽ എനിക്ക് മുന്നിൽ എത്തുന്ന കുട്ടികളെ ഞാൻ എത്രത്തോളം അംഗീകരിക്കുന്നുണ്ട് അഥവാ ബഹുമാനിക്കുന്നുണ്ട് എന്ന സ്വയം വിലയിരുത്തലിന് എന്നെ പ്രാപ്തനാക്കുന്നത്.

ചിഹിര ഇവാസാക്കിയുടെ ജലച്ഛായചിത്രം

ജ്ഞാന നിർമിതിയും, സാമൂഹ്യജ്ഞാന നിർമിതിയും, ബുദ്ധിയുടെ ബാഹുമുഖ വികാസവും, സമഗ്ര ഭാഷാദർശനവും എല്ലാം പേർത്തും പേർത്തും ചർച്ച ചെയ്തിട്ടും ഉരുവിട്ടുരുവിട്ട് പഠിച്ചിട്ടും ഇപ്പോഴും എൽ.കെ.ജി./യു.കെ.ജി. മുതൽ ഹയർ സെക്കൻഡറി ക്ലാസ് വരെയുള്ള ‘തന്റെ ഇടം’ ‘തടിയുള്ള ചുരലുകളുമായി’ നിയന്തിക്കാൻ പോകുന്ന അധ്യാപകരെ ഓർത്ത് സഹതാപം മാത്രം രേഖപെടുത്തുന്നു.

കുട്ടികളെ ബഹുമാനിക്കുന്നവർക്ക് തിരിച്ച് ബഹുമാനവും സ്നേഹവും ലഭിക്കും. അവരെ അംഗീകരിക്കുന്നവർ പഠിപ്പിക്കുന്ന വേളയിൽ ആ അധ്യാപകർക്കൊപ്പം കുട്ടികൾ സഞ്ചരിക്കും. അവിടെ അച്ചടക്കം സ്വയം നിയന്ത്രിതമായി ഉണ്ടാവുകതന്നെ ചെയ്യും. ‘അച്ചടക്കം’ _ ഈ വാക്ക് പോലും തീർത്തും ആപേക്ഷികമാണ്. എന്തായാലും കുട്ടികൾക്കൊപ്പം നിൽക്കാൻ മനസ്സുള്ളവരെ മാത്രമേ, നമുക്ക് അധ്യാപകരുടെ ഗണത്തിൽപ്പെടുത്തൻ കഴിയുവെന്ന സത്യം, ചുറ്റിലും നിരന്തരം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ടോമോയിൽ അവർ, പുസ്തകങ്ങളിൽനിന്നും പ്രഭാഷണങ്ങളിൽനിന്നും പഠിച്ചിരുന്നുവെങ്കിലും യഥാർത്ഥ ലോകവുമായി പതിവായി ഇടപഴകിയിരുന്നു. ഉച്ചഭക്ഷണ വേളയിൽ അവർ നല്ല ഭക്ഷണ ശീലങ്ങളെക്കുറിച്ചും വ്യത്യസ്തതരം ഭക്ഷണങ്ങളെക്കുറിച്ചും അവ ആര് ഉണ്ടാകുന്നുവെന്നും എങ്ങനെ തയ്യാറാക്കപ്പെടുന്നുവെന്നും നിരന്തരം മനസ്സിലാക്കികൊണ്ടിരുന്നു.

ചിഹിര ഇവാസാക്കിയുടെ ജലച്ഛായചിത്രം

ഉച്ചകഴിഞ്ഞുള്ള പതിവ് നടത്തത്തിൽ, അവർ പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും പഠിച്ചു. സഹജീവി സ്നേഹത്തെ കുറിച്ച്, പരസ്പരമുള്ള പങ്ക് വെക്കലിനെ കുറിച്ച് ടോമോ സ്‌കൂൾ ആ കുഞ്ഞുങ്ങൾക്ക് വലിയ അനുഭവങ്ങൾ പകർന്ന് നൽകി. അസുഖം വന്ന് കാലിന്റെ സ്വാധീനമില്ലാതിരുന്ന തന്റെ കൂട്ടുകാരൻ യസ്വാക്കി_ചാനെ മരത്തിന്റെ മുകളിൽ കയറ്റി ലോകം കാണിക്കുന്ന ടോട്ടോയും, സ്‌കൂളിലെ ആഴമേറിയ കക്കൂസ് കുഴിയിൽ വീണ് നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ട പേഴ്‌സ് തിരികെ എടുക്കാൻ ശ്രമിക്കുന്ന ടോട്ടോയെ വിലക്കാത്ത (അവളെ മാസ്റ്റർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്!), പുതിയ തീവണ്ടി കോച്ച് കൊണ്ടുവരുന്ന ആ ദിവസം; (ഒരു വേള അപകടങ്ങൾ ഉണ്ടാകാൻ ഏറെ സാധ്യതയുള്ള ഒരു സന്ദർഭം!) രാത്രി _ അത് കാണാൻ ആഗ്രഹിച്ച കുട്ടികൾക്ക് അതിനുള്ള അവസരമൊരുക്കുന്ന കൊബായാഷി മാസ്റ്ററുമെല്ലാം വലിയ വലിയ പഠങ്ങളാണ് നമുക്ക് പകർന്ന് നൽകുന്നത്.

പുസ്തകത്തിന്റെ ഓരൊ വായനയും വ്യത്യസ്തമായ അനുഭവങ്ങളാണ് വായനക്കാർക്ക് പകർന്ന് നൽകുന്നത്. കുട്ടികൾക്ക് അവരുടെ സ്വന്തം അനുഭവങ്ങൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കും മറ്റ് പലതരത്തിലുള്ള ആലോചനകൾ _ ഓരോ അധ്യായവും പുതിയ പാഠങ്ങൾ തന്നെയാണ്. അത് നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യഭ്യാസത്തെ കുറിച്ചുള്ള പുതിയ ചിന്തകൾ നമുക്ക് പകർന്ന് നൽകികൊണ്ടേയിരിക്കും.

ചിഹിര ഇവാസാക്കിയുടെ ജലച്ഛായചിത്രം

വിദ്യാഭ്യാസം എന്ത്? എങ്ങനെ? എന്നതിനെ കുറിച്ച് ഇനിയും മനസ്സിലാകാത്തവർ; പലവട്ടം ടോട്ടോ_ചാൻ വായിക്കാൻ തയ്യാറാവണം, പുസ്തകം വായിച്ചവരുമായി സംവദിക്കണം, തർക്കിക്കണം. വായനയുടെ സന്ദർഭങ്ങളിലെല്ലാം, ടോമോ സ്കൂൾ നിലനിന്നിരുന്ന സ്ഥലത്തെ കുറിച്ചും ടോട്ടോ അവിടെ ഉണ്ടായിരുന്ന കാലഘട്ടത്തെ കുറിച്ചുമെല്ലാം നിരന്തരം അത് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

സ്‌കൂളിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ, കരിക്കുലം, സിലബസ് എന്നിവയുമായെല്ലാം ബന്ധിപ്പിക്കുന്ന സമയത്ത്, ഇന്നത്തെ ഒരു യഥാർത്ഥ ലോകത്ത് _ വിദ്യാഭ്യാസ കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് _ അത് നമ്മോട് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ‘ഒരു കമ്മ്യൂണിറ്റി ലൈബ്രറി എങ്ങനെ പ്രവർത്തിപ്പിക്കണം? അധ്യാപകരില്ലാതെ എങ്ങനെ ഞങ്ങളുടെ ക്ലാസ് റൂം മീറ്റിംഗുകൾ നടത്തണം? ചിലപ്പോൾ അധ്യാപകരെ വിമർശിക്കുക, ഞങ്ങൾക്കിഷ്ടമുള്ള ഒരു ഇക്കോസിസ്റ്റത്തിൽ പ്രവർത്തിക്കുക, നമ്മുടെ ശബ്ദങ്ങൾ മുന്നോട്ട് വയ്ക്കാൻ സുരക്ഷിതമായ ഇടം നേടുക, ജൂനിയർമാരിൽ നിന്നും സീനിയർമാരിൽ നിന്നും എന്തെല്ലാം എങ്ങനെ പഠിക്കാനാവും? എല്ലാം ഞാൻ അനുഭവിച്ചതും എന്നെ അനുഭവിപ്പിച്ചതുമായ കാര്യങ്ങളാണ്. ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാകുന്നതിലൂടെ ഞാൻ ജീവിക്കാൻ പഠിക്കുകയായിരുന്നു.’ ടെത്‌സുക്കോ കുറോയാനഗി പിന്നീട് പറഞ്ഞു വെച്ച കാര്യങ്ങളാണിതെല്ലാം.

അതേ, ടോട്ടോ_ചാൻ നമ്മെ പല പാഠങ്ങളിലൂടെയും അറിയാതെ കടത്തികൊണ്ടുപോകുന്നുണ്ട്. ഇതിനെല്ലാം പുറമേ, ശരിയായ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കിൽ, ഓരോ കുട്ടിക്കും ടോട്ടോയെപ്പോലെതന്നെ ‘വികൃതിയായി’ വളരാനും, വികസിക്കാനും കഴിയുമെന്നത് ഈ കഥ നമുക്ക് തെളിവ് സഹിതം പറഞ്ഞുതരുന്നു.

ജീവിത നൈപുണ്യങ്ങൾ പഠിക്കാനും യഥാർത്ഥ മനുഷ്യനാകാനും വിദ്യാർത്ഥികളെ സഹായിക്കുന്ന ഒരു മാതൃകാ വിദ്യാലയത്തിന്റെയും അതിന്റെ പ്രവർത്തന ഘടനയുടെയും ഒരു ഉദാഹരണമാണ് ‘ടോമോ ഗാകുൻ.

‘നേരായിട്ടും നീയൊരു നല്ല കുട്ട്യാ..’

കൊബായാഷി മാസ്റ്റർ എന്ന പ്രൈമറി സ്കൂൾ അധ്യാപകൻ ഇപ്പറഞ്ഞത്, മാനവരാശിയോട് മുഴുവനായിരുന്നു. അങ്ങ് ജപ്പാനിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്ന, യുദ്ധത്തിന്റെ ആരംഭക്കാലത്താണ് കുഞ്ഞുടോട്ടോ ടോമോ വിദ്യാലയത്തിൽ എത്തുന്നത്. മാനവരാശി കണ്ട ഏറ്റവും വലിയ യുദ്ധങ്ങൾക്കൊന്നിനു മുന്നിൽ നിന്നുകൊണ്ട് ലോകത്തുള്ളവരൊക്കെ നല്ലവരാണെന്ന് പറയാൻ അസാമാന്യമായ ആത്മധൈര്യം ഉണ്ടാവണം. ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും സഹജീവികളോട് ഉപാധികളില്ലാത്ത സ്നേഹവും വേണമായിരുന്നു.

‘ടോട്ടോച്ചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്ന പുസ്തകത്തിലൂടെ ഇതെല്ലാം നമ്മോട് വിളിച്ചു പറഞ്ഞ ടെത്‌സുക്കോ കുറോയാനഗിയുടെ തൊണ്ണൂറാം പിറന്നാൾ നമുക്ക് സമുചിതമായി ആഘോഷിക്കാം.

ആഘോഷിപ്പിൻ…
ആഹ്ലാദിപ്പിൻ…

കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം; കുട്ടികൾക്കൊപ്പം നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ലോകത്താകമാനമുള്ള മുഴുവൻ അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും രക്ഷിതാക്കൾക്കും ഈ ആഘോഷത്തിനൊപ്പം കൂടാം. ‘സകല ലോക ടോട്ടോച്ചാൻ ആരാധകരേ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, കിട്ടാനുള്ളതോ; പുതിയൊരു ലോകം.’ അതിരുകളില്ലാത്ത വലിയൊരു ലോകമായിരിക്കുമത്!’

ഒരു സർഗ്ഗാത്മക വിദ്യാഭ്യാസ സങ്കൽപ്പം സ്വപ്‍നം കാണാനെങ്കിലുമുള്ള വലിയൊരു അവസരമാണ് ടോട്ടോ_ചാനിലൂടെ ടെത്‌സുക്കോ കുറോയാനഗി നമുക്ക് മുന്നിൽ തുറന്നുതരുന്നത്.


ടോട്ടോചാൻ നവതി – ലൂക്ക പ്രത്യേക പേജ് സന്ദർശിക്കാം

Happy
Happy
43 %
Sad
Sad
0 %
Excited
Excited
57 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ടോട്ടോ-ചാൻ ഇപ്പോഴും നമ്മോട് സംസാരിക്കുന്നു…
Next post ടോമോയിൽ പഠിക്കാൻ കൊതിക്കുന്ന കുട്ടികൾക്ക്
Close