ചന്ദ്രൻ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദിനം ഇന്ന്


പ്രൊഫ.പി.ശോഭൻ

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ സൗരയൂഥഗ്രഹമായ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദൃശ്യവിരുന്നിന് ഇന്നു വൈകുന്നേരം (17-4-2021) നമ്മുടെ ആകാശം വേദിയാകുന്നു.

നമുക്കു പരിചിതമായ സൂര്യഗ്രഹണത്തിനു സമാനമായ ഒരു സംഭവമാണിത്. ഭൂമിയിൽ നിന്നു കാണുമ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും കോണീയ വലിപ്പം (angular size) ഏകദേശം തുല്യമായതിനാൽ പൂർണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന് സൂര്യനെ മുഴുവനായി മറയ്ക്കാൻ കഴിയും. ഇന്നു നടക്കുന്ന പ്രതിഭാസത്തിലെ കഥാപാത്രങ്ങളായ ചന്ദ്രനും ചൊവ്വയും തമ്മിൽ ആപേക്ഷിക വലിപ്പത്തിൽ വളരെ വ്യത്യാസമുണ്ട്. ആകാശത്ത് നാം കാണുന്ന ചന്ദ്രഗോളത്തിന് ചൊവ്വയുടെ ഏകദേശം 450 ഇരട്ടി വലിപ്പമുണ്ട്. അതുകൊണ്ട് ചന്ദ്രന് ചൊവ്വയെ ശരിക്കും മറയ്ക്കാൻ കഴിയും. നമ്മുടെ കാഴ്ച്ചയിലെ വലിയ ആകാശഗോളങ്ങൾ ചെറിയ ഗോളങ്ങളെ മറയ്ക്കുന്ന ഇത്തരം പ്രതിഭാസങ്ങൾക്ക് ജ്യോതിശ്ശാസ്ത്രജ്ഞർ കൊടുത്തിരിക്കുന്ന പേര് ഉപഗൂഹനം (occultation) എന്നാണ്. ചന്ദ്രൻ ഭൂമിക്കു ചുറ്റുമുള്ള പല നക്ഷത്രങ്ങളെയും ഇങ്ങനെ മറയ്ക്കാറുണ്ട്. ചൊവ്വയെ ചന്ദ്രൻ മറയ്ക്കുന്ന ഒരു ദൃശ്യം നമുക്ക് വീണ്ടും കാണണമെങ്കില്‍ ഇനി ഏകദേശം അരനൂറ്റാണ്ട് കാത്തിരിക്കേണ്ടിവരും. ഇതാണ് ഇന്നത്തെ ഈ പ്രതിഭാസത്തിന് അപൂർവയ്ക്ക് കാരണം.  ചന്ദ്രൻ മാത്രമല്ല ഇത്തരം ഉപഗൂഹനം (occultation) ഉണ്ടാക്കുന്നത്. സൗരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഒക്കെ ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ സന്ധ്യാസമയത്തെ ചന്ദ്രക്കല ഇത്തരം ദൃശ്യം ഉണ്ടാകുന്നത് വളരെ അപൂർവ്വം

ചന്ദ്രന്റെ പിന്നിലേക്ക് ചൊവ്വ പ്രവേശിക്കുന്നത് ഏകദേശം വൈകുന്നേരം 5. 45 നാണ്. ആ സമയത്ത് കേരളത്തിൽ നമുക്ക് പകലാണെന്നതിനാൽ ഇതു കാണാൻ കഴിയില്ല. എന്നാൽ ഈ സംഭവം അവസാനിച്ച് ചൊവ്വ, ചന്ദ്രക്കലയുടെ പിന്നിൽ നിന്നും ഒരു ചുവന്ന പൊട്ടുപോലെ നമ്മുടെ കാഴ്ചയിൽ വീണ്ടും വരുന്നത് രാത്രി 7.28-നും  7.30 നും ഇടയിലാണ്. അത് നഗ്നനേത്രങ്ങൾകൊണ്ട് നമുക്ക് വ്യക്തമായി കാണാൻ കഴിയും. ഇന്നത്തെ ചന്ദ്രക്കലയ്ക്ക്  പൂർണചന്ദ്രന്റെ നാലിൽ ഒന്നു മാത്രം പ്രകാശം ഉള്ളതുകൊണ്ട് ചൊവ്വ വെളിയിൽ വരുന്നത് കൃത്യമായി നിരീക്ഷിക്കാൻ കഴിയും.  ഈ അവസരം പാഴാക്കല്ലേ. ചന്ദ്രൻറെ പടിഞ്ഞാറുഭാഗത്തുകൂടി ആണ് ചൊവ്വ 7.30 ഓടെ ദൃശ്യമാകുക എന്നത് ഓർക്കുക.

കേരളത്തിൽ 17-4 – 21-ന് ചൊവ്വ ചന്ദ്രനുപിന്നിൽ മറയുന്നതിന്റെയും വീണ്ടും പ്രത്യക്ഷമാകുന്നതിന്റെയും സമയങ്ങൾ

ജില്ല തുടക്കം ഒടുക്കം
തിരുവനന്തപുരം   5.53 PM   7.29 PM
കൊല്ലം    5.52 PM    7.29 PM
പത്തനംതിട്ട   5.51 PM  7.29 PM
ആലപ്പുഴ   5.50 PM 7.29 PM
കോട്ടയം 5.50 PM   7.29 PM
ഇടുക്കി     5.51 PM 7.30 PM
എറണാകുളം   5.50 PM 7.29 PM
തൃശൂർ 5.48 PM 7.29 PM
പാലക്കാട്   5.50 PM  7.29 PM
മലപ്പുറം 5.47 PM 7.28 PM
കല്പറ്റ  5.46 PM 7.28 PM
കോഴിക്കോട് 5.45 PM    7.28 PM
കണ്ണൂർ  5.44 PM 7.28 PM
കാസറഗോഡ്  5.44 PM 7.29 PM

തത്സമയം കാണാം- ഇന്ത്യൻ സമയം 5.30 മുതൽ

 ഏപ്രിൽ മാസത്തെ ആകാശം – വായിക്കാം

Leave a Reply